Sunday, August 18, 2019 Last Updated 57 Min 33 Sec ago English Edition
Todays E paper
Ads by Google
ലക്ഷ്‌മി വാസുദേവന്‍
Tuesday 02 Oct 2018 09.03 PM

മാസ്‌മരം ഈ ഇന്ദ്രജാലം

കാഞ്ഞിരപ്പള്ളിയിലെ തറവാട്ടില്‍ നിന്ന്‌ കോടമ്പാക്കത്തേക്ക്‌ വണ്ടി കയറിയ ഇരുപത്തഞ്ചുകാരന്റെ മനസ്സു നിറയെ സിനിമയുടെ നിറപകിട്ടായിരുന്നു. സഹസംവിധായകനായി അന്‍പതോളം സിനിമകളില്‍ പ്രവര്‍ത്തിച്ച ശേഷമാണയാള്‍ സ്വതന്ത്ര സിനിമാസംവിധായകനായത്‌. ആദ്യ രണ്ടു സിനിമകളുടെ പരാജയം മനോവിഷമമുണ്ടാക്കിയെങ്കിലും രാജാവിന്റെ മകനിലൂടെ മലയാളത്തിന്റെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ്‌ സിനിമ നല്‍കാന്‍ തമ്പി കണ്ണന്താനമെന്ന സംവിധായകനു കഴിഞ്ഞു.
Thampi Kannathanam

അന്തരിച്ച ചലചിത്ര സംവിധായകനുമായി കന്യക നടത്തിയ അഭിമുഖത്തിന്റെ പുന:പ്രസിദ്ധീകരണം

മലയാളത്തില്‍ സൂപ്പര്‍ഹിറ്റ്‌ സിനിമകള്‍ സമ്മാനിച്ച സംവിധായകന്‍ തമ്പി കണ്ണന്താനം ഒരു ഇടവേളയെടുത്തിട്ട്‌ കുറച്ചു കാലങ്ങളായി. മനസ്സിലിപ്പോഴും പുതിയ സിനിമകളുടെ വര്‍ണ്ണങ്ങള്‍ ചാലിച്ചെടുക്കുന്ന തമ്പിയ്‌ക്കും കുടുംബത്തിനുമൊപ്പം അല്‍പ്പനേരം...

കാഞ്ഞിരപ്പള്ളിയിലെ തറവാട്ടില്‍ നിന്ന്‌ കോടമ്പാക്കത്തേക്ക്‌ വണ്ടി കയറിയ ഇരുപത്തഞ്ചുകാരന്റെ മനസ്സു നിറയെ സിനിമയുടെ നിറപകിട്ടായിരുന്നു.

സഹസംവിധായകനായി അന്‍പതോളം സിനിമകളില്‍ പ്രവര്‍ത്തിച്ച ശേഷമാണയാള്‍ സ്വതന്ത്ര സിനിമാസംവിധായകനായത്‌.

ആദ്യ രണ്ടു സിനിമകളുടെ പരാജയം മനോവിഷമമുണ്ടാക്കിയെങ്കിലും രാജാവിന്റെ മകനിലൂടെ മലയാളത്തിന്റെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ്‌ സിനിമ നല്‍കാന്‍ തമ്പി കണ്ണന്താനമെന്ന സംവിധായകനു കഴിഞ്ഞു.

വെള്ളിത്തിരയില്‍ പിന്നീടിങ്ങോട്ട്‌ വിസ്‌മയങ്ങളാണ്‌ മിന്നിത്തെളിഞ്ഞത്‌. സംവിധാനം തമ്പി കണ്ണന്താനമെന്ന്‌ കണ്ടാല്‍ തിയേറ്ററുകള്‍ പ്രേക്ഷകസമുദ്രങ്ങളായി.

ചെറിയൊരു ഇടവേളയെടുത്തെങ്കിലും സിനിമാചരിത്രത്തില്‍ പൊന്‍നൂലിഴകളിലാണ്‌ തമ്പി കണ്ണന്താനമെന്ന പേര്‌ തുന്നിയിരിക്കുന്നത്‌. ഇപ്പോഴും സിനിമയെ സ്‌നേഹിക്കുന്ന സംവിധായകന്‍ ക്ലാപ്പ്‌ബോര്‍ഡില്ലാതെ ഓര്‍മ്മകള്‍ പങ്കിടുന്നു.

എണ്‍പതുകളിലെ സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന്‍ എവിടെയെന്ന്‌ പലരും തിരക്കുന്നു?


ഞാനിവിടെത്തന്നെയുണ്ട്‌. എവിടെയും പോയിട്ടില്ല. അതറിയുന്നതു കൊണ്ടാണല്ലോ പലരും നമ്മളെ തിരക്കുന്നത്‌. 2004 നു ശേഷം സിനിമ ചെയ്‌തില്ലെന്നു കരുതി സിനിമ എടുക്കില്ല എന്ന തീരുമാനമൊന്നുമെടുത്തിട്ടില്ല.

വന്ന വഴികളെക്കുറിച്ച്‌ ഓര്‍ത്തെടുക്കാമോ?


ഇതിന്‌ ഉത്തരം പറയാന്‍ കുറച്ചു പ്രയാസമാണ്‌. നേരത്തെ കരുതിവച്ച വഴികളിലൂടെ സിനിമയിലെത്തുന്നവര്‍ അപൂര്‍വ്വം. അല്ലാത്തവര്‍ക്കത്‌ നിയോഗവും.

സിനിമയെ ഇഷ്‌ടപ്പെട്ട്‌, അറിയാനുള്ള വ്യഗ്രതയും ഡെഡിക്കേഷനും, ഏതു കഷ്‌ടപ്പാടും നേരിടാനുള്ള മനഃസ്‌ഥിതിയും, ഒന്നുമായില്ലെങ്കിലും പരിഭവമില്ല എന്ന ചിന്താഗതിയുമുണ്ടെങ്കിലേ സിനിമയില്‍ എന്തെങ്കിലും ആകാന്‍ കഴിയൂ.

മെഡിസിന്‍ പഠിച്ചാല്‍ ഡോക്‌ടാറാകാം, എന്‍ജിനീറയിംഗ്‌ പഠിച്ചാല്‍ എന്‍ജിനീയറും. പക്ഷേ സിനിമ പഠിച്ചാല്‍ ഒരിക്കലും സിനിമാക്കാരനാകില്ല.

സിനിമയെ ഇഷ്‌ടപ്പെട്ടു തുടങ്ങിയത്‌?


കാഞ്ഞിരപ്പള്ളിയിലെ എസ്‌റ്റേറ്റില്‍ ഗ്രാന്‍ഡ്‌ പേരന്റ്‌സിനൊപ്പമായിരുന്നു എന്റെ കുട്ടിക്കാലം. ഞാന്‍ വളരെ ചെറുപ്പത്തില്‍ തന്നെ മലയാളം നന്നായി വായിച്ചു തുടങ്ങി. അഞ്ചു വയസ്സു മുതല്‍ പത്രം വായിക്കും. കളിപ്പാട്ടങ്ങളെക്കാള്‍ അക്ഷരങ്ങളായിരുന്നു ഇഷ്‌ടം.

എസ്‌റ്റേറ്റില്‍ ഷൂട്ടിംഗ്‌ ഉള്ളതു കൊണ്ട്‌ സിനിമാവണ്ടിയും വിവിധ നിറങ്ങളിലുള്ള സിനിമാ നോട്ടീസുകളും സ്‌ഥിരം കാഴ്‌ചയായിരുന്നു. വായനയും സിനിമയും അതിലുള്ളതു കൊണ്ട്‌ നോട്ടീസുകള്‍ ഞാന്‍ സൂക്ഷിച്ചു വച്ചു.

വ്യത്യസ്‌ത സിനിമാക്കഥകള്‍ കാര്യമായിത്തന്നെ വായിക്കും. പക്ഷേ കഥ ഇഷ്‌ടമായി വരുമ്പോള്‍ ശേഷം വെള്ളിത്തിരയില്‍ എന്നെഴുതി നോട്ടീസ്‌ അവസാനിക്കും. വെള്ളിത്തിരയിലെന്ത്‌ എന്ന ചിന്ത വന്നത്‌ അങ്ങനെയാണ്‌.

ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആദ്യ സിനിമ ശകുന്തള കണ്ടു. കാണാനുള്ള കാരണം നോട്ടീസാണെങ്കിലും കണ്ടപ്പോള്‍ നോട്ടീസും കഥയുമൊക്കെ മറന്നു. മനസ്സ്‌ വേറൊരു ലോകത്തായി. അതോടെ സിനിമ ജീവിതത്തിന്റെ ഭാഗമായി മാറി.

എന്തായിരുന്നു അതിലേക്ക്‌ ആകര്‍ഷിച്ചത്‌?


വലിയ സ്‌ക്രീനില്‍ കാണുന്ന താരങ്ങളെ അടുത്തറിയണം എന്ന ആകാംക്ഷ. നാട്ടില്‍ ഷൂട്ടിംഗ്‌ ഉള്ളതു കൊണ്ട്‌ നസീര്‍ സാര്‍, മധു സാര്‍, സത്യന്‍ മാഷ്‌, ദിലീപ്‌ കുമാര്‍, എം.ജി ആര്‍, സുനില്‍ ദത്ത്‌, നര്‍ഗിസ്‌ എന്നിവരടക്കം പലരെയും കാണാനുള്ള ഭാഗ്യമുണ്ടായി.

കാഞ്ഞിരപ്പള്ളിയില്‍ വെള്ളച്ചാട്ടത്തിനിടയില്‍ ഒരു പാറയുണ്ട്‌. മിക്ക സിനിമകളിലെയും ഗാനരംഗത്ത്‌ കാണിച്ച ആ പാറയുടെ പേര്‌ നസീര്‍ ഷീല പാറയെന്നാണ്‌. സിനിമ എനിക്കൊരിക്കലും പുതുമയായിരുന്നില്ല. സിനിമാക്കാഴ്‌ച സ്‌ഥിരമായപ്പോള്‍ സിനിമാക്കാരനാകണം എന്നുറപ്പിച്ചു. എന്താവണമെന്ന്‌ പക്ഷേ തീരുമാനിച്ചില്ല.

സിനിമാമോഹം തലയ്‌ക്കു പിടിച്ചപ്പോള്‍ വീട്ടുകാരുടെ പ്രതികരണം?


മക്കളെല്ലാം പഠിക്കണമെന്ന ആഗ്രഹമായിരുന്നു അച്‌ഛനുണ്ടായിരുന്നത്‌. സിനിമയിലേക്ക്‌ തിരിഞ്ഞാല്‍ പഠനം നഷ്‌ടപ്പെടുമോ എന്ന സംശയം ഉണ്ടായിരുന്നു. ഞാനൊളിച്ചു വയ്‌ക്കുന്ന സിനിമാ മാഗസിനുകളും പാട്ടുപുസ്‌തകങ്ങളും കത്തിച്ചു കളയുക എന്നതായിരുന്നു അച്‌ഛന്റെ ജോലി.

പൂനെ ഫിലിം ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ പഠിച്ച ഒരുപാട്‌ സിനിമാക്കാര്‍ അന്ന്‌ സിനിമയിലുണ്ട്‌. പക്ഷേ ഉള്‍നാടന്‍ഗ്രാമത്തില്‍ നിന്നുള്ളവര്‍ക്ക്‌ അത്‌ അംഗീകരിക്കാനാവില്ല. സിനിമയ്‌ക്കായി ചെന്നൈയിലേക്ക്‌ വണ്ടി കയറിയപ്പോള്‍ വീട്ടില്‍ വലിയ വിപ്ലവങ്ങളൊക്കെയുണ്ടായി.

എങ്കിലും എന്റെ ആദ്യ സിനിമ നിര്‍മ്മിക്കാനുള്ള പണം തരുന്നത്‌ അച്‌ഛനാണ്‌. ഇഷ്‌ടപ്പെട്ട മേഖലയില്‍ ഞാനെന്തങ്കിലും ആയതിന്‌ ഏറ്റവും സന്തോഷിച്ചത്‌ അവരാണ്‌.

സിനിമസ്വപ്‌നം സാക്ഷാത്‌കരിച്ചത്‌ ?


ചെന്നൈയില്‍ പോയത്‌ സിനിമ പഠിക്കാനാണ്‌. സംവിധായകന്‍ ശശികുമാര്‍ സാറിനെ പരിചയപ്പെട്ടു. സെറ്റുകളില്‍ നിന്ന്‌ പലതും പഠിച്ചു. പിന്നീട്‌ മിനിമോള്‍ വത്തിക്കാനില്‍ എന്ന സിനിമ ജോഷിയ്‌ക്കൊപ്പം ക്ലാപ്പ്‌ ബോര്‍ഡില്ലാതെ ചെയ്യാമെന്ന ധൈര്യം വന്നത്‌ ആ എക്‌സ്പീരിയന്‍സില്‍ നിന്നാണ്‌.

അന്‍പതിലധികം സിനിമകളില്‍ അസിസ്‌റ്റന്റായി. അങ്ങനെ ആദ്യസംവിധാനത്തി ല്‍ താവളം എന്ന സിനിമ ചെയ്‌തു. പരാജയപ്പെട്ടപ്പോള്‍ അതെങ്ങനെ തകര്‍ന്നെന്നും, പ്രേക്ഷകരുടെ മനസ്സറിഞ്ഞില്ലല്ലോ എന്നും സങ്കടപ്പെട്ടു.

പിന്നീട്‌ ചെയ്‌ത പാസ്‌പോര്‍ട്ട്‌, ആ നേരം അല്‍പ്പ ദൂരം എന്നീ സിനിമകള്‍ വിജയിച്ചിരുന്നെങ്കില്‍ എന്റെ സിനിമയുടെ പാറ്റേണ്‍ തന്നെ മാറിയേനേ. എല്ലാമുണ്ട്‌ കഥയില്ലാത്തതാണ്‌ പ്രശ്‌നമെന്ന്‌ തോന്നിയപ്പോള്‍ ജോഷി വഴി പരിചയപ്പെട്ട ഡെന്നീസ്‌ ജോസഫിനൊപ്പം രാജാവിന്റെ മകന്‍ ജനിച്ചു.

ആ വിജയം പ്രതീക്ഷിച്ചിരുന്നോ ?


അറിവില്ലായ്‌മയില്‍ നിന്നേ അത്ഭുതമുണ്ടാകൂ. സിനിമയുടെ അവസാനം ഹീറോ മരിക്കുകയാണ്‌, നായകന്‍ വില്ലനാണ്‌ എന്നൊക്കെ പറഞ്ഞാല്‍ നിര്‍മ്മാതാവ്‌ ഇറക്കിവിടും.

ഞാന്‍ നിര്‍മ്മിച്ചതു കൊണ്ട്‌ ആ പ്രശ്‌നമുണ്ടായില്ല. ആ സിനിമയെക്കുറിച്ച്‌ കോഴിക്കോടന്‍ പറഞ്ഞത്‌ 'കഴുകി വൃത്തിയാക്കിയ പ്ലേറ്റില്‍ ഭംഗിയായി വിളമ്പി വച്ച രുചികരമായ ബിരിയാണി' എന്നാണ്‌. ഒരിക്കലും പ്രായമാകാത്ത സിനിമയാണത്‌.

പിന്നീടുള്ള വിജയപരാജയങ്ങള്‍ ?


രാജാവിന്റെ മകന്‍ സൂപ്പര്‍ഹിറ്റായപ്പോള്‍ ഒരു കാര്യം മനസ്സിലാക്കി. ജയം, ഒന്നും തരില്ല. പക്ഷേ സ്‌നേഹിതര്‍, ബന്ധുക്കള്‍ എന്നിങ്ങനെ പലതും നഷ്‌ടപ്പെടുത്തും. ആ വിജയം എന്നെ ഇപ്പോഴും ഹോണ്ട്‌ ചെയ്യുന്നുണ്ട്‌. ഇതു ഞാനാരോടും പറഞ്ഞിട്ടില്ല.

മാസ്‌മരം ഒരു പരാജയമായിരുന്നു. അതിലെ പല തെരഞ്ഞെടുപ്പുകളും തെറ്റായിപ്പോയി. എല്ലാവര്‍ക്കും അഭിപ്രായസ്വാതന്ത്ര്യമുണ്ടായിട്ടും ആരും ആ സിനിമയുടെ മോശവശങ്ങളെക്കുറിച്ച്‌ നേരത്തെ പറഞ്ഞില്ല. സിനിമ ഒരു ടെക്‌സ്റ്റ്‌ബുക്കാണ്‌.

ഏതൊരു കലാകാരന്റെയും അസാനത്തെ ആഗ്രഹം ഒരു സിനിമയില്‍ അഭിനയിക്കണമെന്നുള്ളതാണ്‌. സിനിമയില്‍ വന്നു പെട്ടു എന്നതു തന്നെ വലിയ ഭാഗ്യമാണ്‌. ഇതൊന്നുമല്ലാതെ വിലപിച്ചു വിടപറഞ്ഞവര്‍ എത്രയോ പേരുണ്ട്‌.

ആക്ഷന്‍ സിനിമകളായിരുന്നോ പ്രിയം?


ദുര്‍ഗ്ഗാപ്രസാദ്‌ എം.ടി എന്നിവരുടെ കഥകള്‍ക്കൊപ്പം ബാറ്റണ്‍ ബോസ്‌ കഥകകളും വായിച്ചിട്ടുണ്ട്‌. പക്ഷേ എന്റെ സിനിമകളെ ആക്ഷന്‍ സിനിമകള്‍ എന്നു വിളിക്കുന്നത്‌ എന്തിനാണെന്ന്‌ എനിക്കറിയില്ല.

മനുഷ്യജീവിതത്തില്‍ ചെയ്യുന്നതെല്ലാം ആക്ഷനല്ലേ? എന്റെ സിനിമകളില്‍ ചടുലത കൂടുതലാണെന്ന്‌ തോന്നിയിട്ടുണ്ട്‌. പ്രായവും വേഗവും അല്‍പ്പം കൂടുതലുള്ള എന്റര്‍ടെയ്‌ന്‍മെന്റ്‌ സിനിമകളാണ്‌ എനിക്കെന്നുമിഷ്‌ടം.

പണ്ട്‌ ചന്ദനക്കുടം നേര്‍ച്ചയ്‌ക്കു പോയപ്പോള്‍ ഗാബ്ലിംഗ്‌ വഴി പത്തു പൈസ കൊടുത്ത്‌ ഞാനാദ്യം വാങ്ങിയ ഒരു കലണ്ടര്‍ ഉണ്ടായിരുന്നു. മുറിയില്‍ തൂക്കിയിട്ട കലണ്ടറില്‍ ചുവന്ന കോട്ടും തൊപ്പിയും മഫ്‌ളറും ധരിച്ച്‌ കൈയില്‍ തോക്കുമായി നിന്ന ആ മനുഷ്യനെ ഞാന്‍ ആരാധനയോടെ നോക്കിയിട്ടുണ്ട്‌.

മൂന്നു ഇംഗ്ലീഷ്‌ അക്ഷരം പേരായുള്ള ആ മനുഷ്യനെ, എം.ജി.ആറിനെ അന്നുമിന്നും ആരാധനയാണ്‌. സെന്റിമെന്റ്‌സിലൂടെ കണ്ണുനിറയ്‌ക്കുന്ന പ്രണയത്തിന്റെ ഭാഷയായ രാജ്‌ കപൂറിനോടും, സാധാരണക്കാരനു നീതി വാങ്ങികൊടുക്കാന്‍ ഏതറ്റം വരെയും പോകാന്‍ തയാറായി നില്‍ക്കുന്ന എം.ജി. ആറിനോടുമാണ്‌ സിനിമയില്‍ ഏറ്റവും അടുപ്പം തോന്നിയിട്ടുള്ളത്‌.

എന്റെ എല്ലാ സിനിമകളിലും ഇവരുടെ പ്രതിരൂപങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. സാധാരണക്കാരനെ രക്ഷിക്കാന്‍ മനസ്സുറപ്പുള്ള എല്ലാം നഷ്‌ടപ്പെടാന്‍ തയാറാകുന്ന പ്രണയനായകന്‍ എന്റെ സിനിമകളില്‍ വന്നതും അതുകൊണ്ടാണ്‌.

സിനിമ തന്ന സൗഭാഗ്യങ്ങള്‍?


സിനിമ എനിക്ക്‌ പ്രത്യേകിച്ച്‌ സൗഭാഗ്യങ്ങളൊന്നും തന്നിട്ടില്ല. ഇതു കേള്‍ക്കുമ്പോള്‍ സൗഭാഗ്യങ്ങള്‍ തന്നിട്ടില്ലെങ്കില്‍ പിന്നെ എന്തിനിവിടെ നിന്നു എന്ന ചോദ്യം ഭാര്യയുടെ മനസ്സില്‍ തോന്നാം.

അന്നുമിന്നും സാമ്പത്തികം വലിയൊരു പ്രശ്‌നമാകാതിരുന്നതു കൊണ്ട്‌ സിനിമയില്‍ നിന്ന്‌ അങ്ങനെയൊരു സൗഭാഗ്യം ഞാന്‍ പ്രതീക്ഷിച്ചിട്ടില്ല. ഒരു പത്രമാസികകളും എന്നെപ്പറ്റി എഴുതി കണ്ടിട്ടില്ല.

സിനിമയില്‍ നിന്ന്‌ ഒരംഗീകാരമോ ഷീല്‍ഡോ കിട്ടിയിട്ടില്ല. പക്ഷേ മലയാള സിനിമയുടെ ചരിത്രം എഴുതുമ്പോള്‍ എന്നെ ഒഴിവാക്കി എഴുതാനാകില്ല എന്നുള്ളത്‌ ഒരു സത്യമാണ്‌. പ്രേക്ഷകര്‍ ഇഷ്‌ടപ്പെടുന്നു എന്നതാണ്‌ വലിയ അംഗീകാരം.

സിനിമ വേദനിപ്പിച്ചിട്ടുണ്ടോ?


സിനിമയുടെ പരാജയങ്ങളോ സിനിമയോ അല്ല, അതുമായി ബന്ധപ്പെട്ട്‌ നിന്ന ചിലരുടെ പെരുമാറ്റങ്ങളാണ്‌ വേദനിപ്പിച്ചിട്ടുള്ളത്‌. തിരിച്ചറിയപ്പെടാത്ത, ഒഴിവാക്കിയെന്നറിയുന്ന വേദനയാണ്‌ സഹിക്കാനാകാത്തത്‌.

മലയാള സിനിമ എന്നെ ഒഴിവാക്കിയിരിക്കുന്നു എന്നു ഞാനറിഞ്ഞത്‌ ഒരുപാട്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌. അപ്പോഴേക്കും എന്നെ എല്ലാവരും മറന്നു കഴിഞ്ഞിരുന്നു. ആ മറവിയാണ്‌ ഏറ്റവും വലിയ വേദന.

സിനിമാബഹളങ്ങള്‍ക്കിടയില്‍ ജനിച്ചു വളര്‍ന്ന എന്റെ മക്കള്‍ വലിയൊരു നിശബ്‌ദ ലോകത്തേയ്‌ക്ക് ഒതുങ്ങിക്കൂടിയപ്പോള്‍ എനിക്കതൊരു വലിയ വേദനയായി.

സിനിമയില്‍ നിന്ന്‌ അകന്നു നിന്നപ്പോള്‍ വേദനിപ്പിച്ച ഒരുപാട്‌ വ്യക്‌തികളുണ്ട്‌. പക്ഷേ അതൊന്നും ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. കാലത്തിന്‌ മായ്‌ക്കാനാകാത്ത മുറിവുകളാണതെല്ലാം.

അങ്ങനെ പേരെടുത്തു പറയാന്‍ ആരെങ്കിലുമുണ്ടോ ?


വേദനിപ്പിച്ചു എന്നത്‌ സത്യം, പക്ഷേഅത്‌ സ്വകാര്യമാണ്‌. തള്ളിപ്പറയുമ്പോഴോ ഒഴിവാക്കുമ്പോഴോ കിട്ടുന്ന വേദന ചെറുതല്ല. ലക്ഷമോ കോടിയോ ആണത്‌. എന്റെ മക്കള്‍ അതറിഞ്ഞത്‌ അവര്‍ വളര്‍ന്ന വരുന്ന പ്രായത്തിലാണ്‌.

മൂത്ത മകള്‍ ഐശ്വര്യ സിനിമാ മേഖല തെരഞ്ഞെടുത്തപ്പോള്‍ ഞാനറിഞ്ഞ നോവുകള്‍ അവളും അറിയണമല്ലോ എന്നോര്‍ത്ത്‌ സങ്കടം തോന്നി. എങ്കിലും അവള്‍ക്കു വേണ്ടി ഫോണിന്റെ അങ്ങേത്തലക്കല്‍ ഞാനുണ്ടാകുമെന്ന്‌ പറഞ്ഞിട്ടുണ്ട്‌.

കാരണം സിനിമ തരുന്ന നൊമ്പരങ്ങള്‍ വളരെ വലുതാണ്‌. പിന്നെ എല്ലാവര്‍ക്കും സിനിമയിലെത്തിപ്പെടാന്‍ കഴിയില്ലല്ലോ എന്നു ചിന്തിക്കുമ്പോള്‍ വേദന മറക്കും. മലയാളികള്‍ അറിയുന്ന വ്യക്‌തിയായത്‌ സിനിമ കാരണമാണ്‌.

പുതുതലമുറയ്‌ക്ക് സിനിമ അപ്രാപ്യമല്ലല്ലോ?


സിനിമ മാറിയതില്‍ നന്മയും തിന്മയുമുണ്ട്‌. അന്നത്തെ നല്ലതും, ഇന്നത്തെ ചീത്തയും എന്നല്ല. കാലത്തിനനുസരിച്ച്‌ മാറണം. എന്നു കരുതി പഴയതിനെ മറക്കരുത്‌.

അന്നൊക്കെ ദാസേട്ടനും ജയചന്ദ്രനും മൈക്കിന്റെ മുന്നിലെത്തിയത്‌ മുപ്പതാമത്തെ വയസ്സിലാണ്‌. ഇന്നിപ്പോള്‍ പാട്ടുവണ്ടി ഗായകരെ തേടി അവരുടെ നാട്ടിലെത്തും. ഈ ഗായകര്‍ക്ക്‌ ആയുസ്സും കുറവാണ്‌.

പണ്ട്‌ റേഡിയോയിലെ പാട്ടുകള്‍ക്ക്‌ മുമ്പ്‌ ആര്‌ പാടി, ഏതു സിനിമ, ആരുടെ രചന എന്നിങ്ങനെ എല്ലാം പറയും. ഇന്നത്തെ പാട്ടുകള്‍ക്ക്‌ അച്‌ഛനും അമ്മയുമില്ലല്ലോ.

ചിത്ര, സുജാത, വിനീത്‌ ശ്രീനിവാസന്‍, വിജയ്‌ യേശുദാസ്‌ എന്നിവരുടെയല്ലാതെ എല്ലാ ശബ്‌ദങ്ങളും ഒരുപോലെയല്ലേ. സിനിമയും അങ്ങനെതന്നെ.

Thampi Kannathanam

സൂപ്പര്‍സ്‌റ്റാറുകളുടെ പ്രതിഫലമാണ്‌ സിനിമാത്തകര്‍ച്ചയ്‌ക്കു കാരണമെന്ന്‌ കേള്‍ക്കുന്നു ?


പണമാണ്‌ കാരണമെന്ന്‌ പറയാനാവില്ല. ഓരോരുത്തരും അവനവനെ മാര്‍ക്കറ്റു ചെയ്യണമെന്ന്‌ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ മമ്മൂട്ടി പറഞ്ഞിട്ടുണ്ട്‌. ആ പദവിക്ക്‌ വേണ്ടി എത്ര പേരാണ്‌ ഗുസ്‌തി പിടിക്കുന്നത്‌. ലക്ഷ്യത്തിലെത്തിയാല്‍ പിന്നീട്‌ ഇറക്കമാണ്‌.

ലക്ഷ്യബോധത്തിലേക്കുള്ള അന്വേഷണം അവസാനിക്കുമ്പോള്‍ അവിടെ പണി നിര്‍ത്താം. നമുക്ക്‌ മുന്നേ നടന്നു പോയവരുടെ കാല്‍പ്പാദങ്ങള്‍ നോക്കി, വീഴാതെ പുതിയ വഴിത്താരകള്‍ കണ്ടെത്തുക.

ലൊക്കേഷനും സാഹചര്യങ്ങളും പറഞ്ഞാല്‍ അതിനനുസരിച്ച്‌ ക്യാമറ ചെയ്‌തു കൊടുക്കുന്ന കാലത്തു നിന്ന്‌ സിനിമ ഒരുപാട്‌ മാറി. കാലത്തിനനുസരിച്ച്‌ എല്ലാം മാറി. പ്രതിഫലവും മാറിയിട്ടുണ്ടാകും. സിനിമയില്‍ നിന്നു കിട്ടുന്ന ലാഭങ്ങള്‍ക്കും മാറ്റം വന്നിട്ടില്ലേ.

സൂപ്പര്‍സ്‌റ്റാര്‍ താരപദവിയോ ?


ഒരു കോടി ആളുകള്‍ക്കിടയില്‍ നിന്നാണ്‌ ഒരു സൂപ്പര്‍സ്‌റ്റാര്‍ ജനിക്കുന്നത്‌. കേരളത്തിലെ മൂന്നരക്കോടി ആളുകള്‍ക്കിടയില്‍ എത്ര സൂപ്പര്‍സ്‌റ്റാറുണ്ട്‌.

മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ സാങ്കേതികത്തികവില്ലാതിരുന്ന കാലത്ത്‌ നല്ല സിനിമകള്‍ ജനിക്കാനായി അവരുടെ ശരീരങ്ങള്‍ ഒരുപാട്‌ ക്ഷതങ്ങള്‍ ഏറ്റു വാങ്ങിയിട്ടുണ്ട്‌.

ഫിസിക്കലി നന്നായി ദണ്ണിപ്പിച്ചിട്ടാണ്‌ ഇവരൊക്കെ ഇവിടെ വരെയെത്തിയത്‌. ശശികുമാര്‍ സാറിന്റെ ഏഴു മുതല്‍ ഒന്‍പതു വരെ എന്ന സിനിമയില്‍ മോഹന്‍ലാലും രതീഷും ഒരു തടിപ്പാലത്തില്‍ രണ്ടു വശങ്ങളിലുമായി ഒരു റോപ്പില്‍ തൂങ്ങിക്കിടക്കുന്ന സീനുണ്ട്‌.

ലാലിന്റെ ഭാഗം സ്ലിപ്പായി പൊങ്ങിപ്പോയി പാലത്തിലിടിച്ചു. ഞങ്ങളൊക്കെ ഒരുപാട്‌ വിഷമിച്ചിട്ടും ലാല്‍ ആ സിനിമ നന്നായി ചെയ്‌തു. ഒരിക്കല്‍ ലാലിന്റെ വീട്ടിലിരിക്കുമ്പോള്‍ അമ്മ വന്ന്‌ ചോദിച്ചത്‌ ഇന്നുമോര്‍മ്മയുണ്ട്‌.

"നിന്റെ സിനിമ ഞാനിന്നലെയാണ്‌ കണ്ടത്‌. അതില്‍ തല്ലുകൊള്ളുന്ന സീനില്‍ നിനക്ക്‌ ശരിക്ക്‌ വേദനിച്ചോടാ." എന്ന്‌. ലാല്‍ പറഞ്ഞത്‌ "എന്താ അമ്മ, അത്‌ സിനിമയല്ലേ?" എന്നാണ്‌. വേദനിച്ചു എന്നതാണ്‌ സത്യം.

സ്വന്തം ശരീരവും മനസും സമയവും സിനിമയ്‌ക്കായി നിക്ഷേപിച്ച്‌ ജീവിക്കുന്ന അവര്‍ സാധാരണക്കാരന്റെ ജീവിതം ആസ്വദിക്കുന്നേയില്ല.

പണവും പ്രശസ്‌തിയുമുണ്ടെങ്കിലും സാധാരണ ജീവിതം കിട്ടുന്നില്ലല്ലോ. ത്യാഗത്തിലൂടെ അവര്‍ നേടിയതാണ്‌ ഈ പദവി. അതിന്‌ കുറ്റം പറയേണ്ട കാര്യമില്ല.

പുതിയ താരങ്ങള്‍ അങ്ങനെയല്ലേ ?


ബുദ്ധിയില്ലായ്‌മയാണെന്നു കരുതി ഇന്ന്‌ ്റിസ്‌കെടുക്കാന്‍ ആരും തയാറാകില്ല. സിനിമയും സാങ്കേതികമായി മാറി. എനിക്കങ്ങനെ എല്ലാവരുമായി അടുപ്പമില്ല.

മമ്മൂട്ടിയുടെ മകനെ, സുകുമാരന്റെ മക്കളെ, ശ്രീനിവാസന്റെ മകനെ ഒക്കെയറിയാം. സിനിമയില്‍ വിനീത്‌ ശ്രീനിവാസനെപ്പോലെയെങ്കിലും ആവണം. ഡെഡിക്കേഷന്‍,ആത്മാര്‍ത്ഥത, ബഹുമാനം, അടുപ്പം ഒക്കെയുള്ള ഒരു കലാകാരനാണത്‌.

മമ്മൂട്ടിയുടെ മകന്‍ ആ തണലിലാണല്ലോ വളരുന്നത്‌. മലയാളസിനിമയിലെ ഏറ്റവും ബുദ്ധിമാനായ മനുഷ്യനാണ്‌ മമ്മൂട്ടി. എന്റെ വ്യക്‌തി ജീവിതത്തതില്‍ മമ്മൂട്ടി പറഞ്ഞ കുറെ കാര്യങ്ങള്‍ സ്വാധീനിച്ചിട്ടുണ്ട്‌.

പൃഥ്‌വിരാജാണെങ്കിലും കഷ്‌ടപ്പെടാന്‍ തയാറാണ്‌. പൃഥ്‌വിക്ക്‌ സമഎതിരാളിയില്ല എന്നുള്ളത്‌ ഒരു പ്രശ്‌നമാണ്‌. ഉണ്ടെങ്കില്‍ കുറച്ചു കൂടി മത്സരം കാണാം. അന്നൊക്കെ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ്‌ഗോപി, ജയറാം, ദിലീപ്‌ എന്നിവര്‍ക്കിടയില്‍ കോമ്പറ്റീഷനുണ്ട്‌.

ഇന്നത്തെ സിനിമകള്‍ പരാജയപ്പെടുന്നതിന്റെ കാരണമായി തോന്നുന്നത്‌ ?


ബുദ്ധിമോശം കാണിക്കില്ല എന്ന പ്രേക്ഷകരുടെ വിശ്വാസത്തിന്‌ കോട്ടം തട്ടുമ്പോഴാണ്‌ സിനിമകള്‍ പരാജയപ്പെടുന്നത്‌. കരുത്തുള്ള എഴുത്തുകാര്‍, നല്ല അഭിനേതാക്കള്‍ ഇവയുടെയൊക്കെ അഭാവമുണ്ട്‌. നല്ല കഥകളുണ്ടെങ്കിലും ശങ്കരാടി, പപ്പു, മാള എന്നീ അഭിനയപ്രതിഭകളെ നഷ്‌ടമായി.

ഇന്നത്തെ പ്രേക്ഷനാണെങ്കിലും സിനിമ കണ്ടില്ലെങ്കില്‍ കുറ്റബോധമില്ല. "ശ്ശൊ, ആ സിനിമ, അതു കണ്ടില്ലേ, കഷ്‌ടമായിപ്പോയി" എന്നു പറയുന്ന പ്രേക്ഷകരാണ്‌ പണ്ടുള്ളത്‌. ഇന്നിപ്പോള്‍ ഫേസ്‌ബുക്കിലെ കമന്റ്‌ുകളാണ്‌ സിനിമയുടെ വിജയം തീരുമാനിക്കുന്നത്‌.

കാണിക്കേണ്ടാത്ത കാര്യങ്ങള്‍ കാണിക്കുന്നതാണ്‌ പുതുമയെന്ന്‌ പറയുന്നതാണ്‌ ഇന്നത്തെ സിനിമ. ആരെയും ഒന്നിനെയും വേദനിപ്പിക്കാത്തതാണ്‌ പണ്ടത്തെ സിനിമ.

''എനിക്കതിനുള്ള സ്വാതന്ത്ര്യമില്ലേ?''എന്നു ചോദിക്കുന്ന പുതുതലമുറയോട്‌ ഒന്നും പറയാനാവില്ല. ഞാനതിനെ വിമര്‍ശിക്കുന്നില്ല. എല്ലാവര്‍ക്കും അവരുടേതായ സ്വാതന്ത്ര്യമുണ്ടല്ലോ.

സിനിമാസൗഹൃദങ്ങള്‍ ?


സിനിമാസൗഹൃദത്തിന്റെ ഫോര്‍മുലയില്‍ ഒരിക്കലും പിരിയാത്ത സുഹൃത്തുക്കളോ, ചേരാത്ത ശത്രുക്കളോ ഇല്ല. അന്വേഷിക്കേണ്ടവര്‍ തിരക്കാത്തപ്പോള്‍ പ്രതീക്ഷിക്കാത്തവര്‍ വിളിക്കും.

സ്വയം തിരിച്ചറിഞ്ഞ്‌ ഊര്‍ജ്‌ജം ഇല്ലാതാകുമ്പോള്‍ സിനിമ വിടാം. ഇതൊരു വെള്ളച്ചാട്ടമാണ്‌. ചാടാം, നോക്കി നില്‍ക്കാം, മടങ്ങാം. സിനിമാസൗഹൃദങ്ങള്‍ ഇങ്ങനെയാണ്‌.

സിനിമയും കുടുംബജീവിതം?


(ഉത്തരം പറഞ്ഞത്‌ ഭാര്യ മരിയയാണ്‌) അദ്ദേഹം ഞങ്ങള്‍ക്ക്‌ സമയം തന്നിട്ടില്ല എന്നത്‌ സത്യം. പക്ഷേ അത്‌ കുടുംബജീവിതത്തെ ബാധിക്കാതിരിക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്‌.

വിവാഹത്തിനു മുന്‍പ്‌ ഗാന്ധി നഗര്‍ സെക്കന്‍ഡ്‌ സ്‌ട്രീറ്റും രാജാവിന്റെ മകനും ഒരുമിച്ച്‌ തിയേറ്ററില്‍ വന്നപ്പോള്‍ ഞാന്‍ ഗാന്ധി നഗറാണ്‌ കണ്ടത്‌. വിവാഹശേഷം എന്നെ അതു പറഞ്ഞ്‌ കളിയാക്കിയിട്ടുണ്ട്‌.

പിന്നീട്‌ ആക്ഷന്‍ സിനിമകള്‍ ഇഷ്‌ടമായി. ഐശ്വര്യയ്‌ക്കും ഇളയവള്‍ എയ്‌ഞ്ചലയ്‌ക്കും സിനിമ ഇഷ്‌ടമാണ്‌. എയ്‌ഞ്ചലയ്‌ക്ക് കൂടുതലിഷ്‌ടമായിരുന്നെങ്കിലും അവള്‍ എന്‍ജിനീയറിംഗ്‌ എടുത്തു. ഇപ്പോഴവള്‍ അമേരിക്കയിലാണ്‌. ഐശ്വര്യ സിനിമാ നിര്‍മ്മാണം പഠിക്കുന്നു.

സിനിമയിലെ നന്മതിന്മകള്‍ കുട്ടികള്‍ അറിഞ്ഞിട്ടുണ്ട്‌. സിനിമകളുടെ കലോത്സവമായിരുന്ന ചെന്നൈയിലെ വീട്‌ പെട്ടെന്ന്‌ നിശബ്‌ദമായത്‌ മക്കള്‍ കണ്ടതാണ്‌. സിനിമ ഞങ്ങള്‍ക്കിഷ്‌ടമാണ്‌. അതുകൊണ്ട്‌ അദ്ദേഹത്തിന്റെ പുതിയ സിനിമയ്‌ക്കായി ഞങ്ങളും കാത്തിരിക്കുന്നു.

തമ്പി കണ്ണന്താനമെന്ന പേര്‌ വെള്ളിത്തിരയില്‍ കാണാനാവുന്നത്‌ ?


നാളെ എന്നു പറയാനാണ്‌ എനിക്കിഷ്‌ടം. ഞാനും അത്‌ പ്രതീക്ഷിക്കുന്നു. 2004 നു ശേഷം സിനിമ ചെയ്‌തില്ല. നല്ല കഥകളില്ലാത്തതു കൊണ്ടാണ്‌ നല്ല സിനിമകള്‍ ജനിക്കാത്തതെന്ന്‌ പലരും പറയുന്നു. എനിക്കങ്ങനെ തോന്നുന്നില്ല.

കഥയില്ലാത്ത സിനിമകള്‍ ഇറങ്ങുമ്പോള്‍ നന്മയുടെ നനവുള്ള, കഥയുള്ള സിനിമകള്‍ പ്രേക്ഷകര്‍ കാണാനാഗ്രഹിക്കുന്നു. അത്തരം കഥകള്‍ തെരഞ്ഞെടുക്കപ്പെടാത്തതാണ്‌ പ്രശ്‌നം. അതു പരിഹരിക്കപ്പെട്ടാല്‍ ഉടനെ ഒരു സിനിമ ഉണ്ടാകും. എല്ലാവരും പ്രാര്‍ത്ഥിക്കുക...പ്രതീക്ഷിക്കുക...

ലക്ഷ്‌മി വാസുദേവന്‍

Ads by Google
ലക്ഷ്‌മി വാസുദേവന്‍
Tuesday 02 Oct 2018 09.03 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW