Monday, August 19, 2019 Last Updated 2 Min 50 Sec ago English Edition
Todays E paper
Ads by Google
Monday 01 Oct 2018 11.49 AM

സംവിധായകനായി ഹരിശ്രീ കുറിക്കുമ്പോള്‍...

''ചിരിയുടെ മാലപ്പടക്കം തീര്‍ത്ത പഞ്ചാബി ഹൗസും രമണനും മലയാളി മനസില്‍ ചേക്കേറിയിട്ട് 20 വര്‍ഷം പിന്നിടുകയാണ്. ഈ അവസരത്തിലാണ് ഹരിശ്രീ അശോകന്‍ സംവിധായകനായി ഹരിശ്രീ കുറിക്കുന്നതും. പഞ്ചാബിഹൗസിന്റെ ആഘോഷങ്ങള്‍ക്കൊപ്പം സംവിധായകന്റെ വേഷമിട്ട് തന്റെ വേഷപകര്‍ച്ചകളെ കുറിച്ച് സംസാരിക്കുകയാണ് ഹരിശ്രീ അശോകന്‍...''
uploads/news/2018/10/253096/harisreeashokan011018.jpg

ജീവിതവഴിയിലെ വേഷപ്പ കര്‍ച്ചകളുടെ അനുഭവവും ആവേശവുമാണ് സംവിധായകന്റെ പുതിയ വേഷമണിയാന്‍ ഹരിശ്രീ അശോകന് പ്രചോദനമേകുന്നത്. കലാഭവനില്‍ നിന്ന് ഹരിശ്രീയിലേക്ക് എത്തിയ അശോകന്‍ എന്ന കലാകാരന്‍ ചിരിയുടെ സിനിമാകാഴ്ചകളൊരുക്കി മലയാളി മനസില്‍ നിറഞ്ഞു നില്‍ക്കുമ്പോഴാണ് സംവിധാനത്തിലേക്ക് ചുവടുവയ്ക്കുന്നത്.

അണിഞ്ഞു കഴിഞ്ഞ ജീവിതവേഷങ്ങളിലൂടെ പുതിയ ചുവടിലേക്കുള്ള സന്തോഷം പങ്കിടുകയാണ് ഹരിശ്രീ അശോകന്‍....ഹരിശ്രീ നിര്‍മ്മിച്ച പപ്പന്‍ പ്രിയപ്പെട്ട പപ്പനില്‍ വേഷം ലഭിക്കുമ്പോള്‍ സംവിധായകന്‍ സിദ്ദിഖാണ് ആദ്യമായി എന്നോട് പേരിനെ കുറിച്ച് സംസാരിക്കുന്നത്.

പെരുവഴിയമ്പലം അശോകനുള്ളതുകൊണ്ട് എന്നെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാകുമെന്നായിരുന്നു സിദ്ദിഖിന്റെ അഭിപ്രായം. ആ ചര്‍ച്ചയ്‌ക്കൊടുവിലാണ് എന്റെ പേരിനൊപ്പം ഹരിശ്രീ കൂടി ചേര്‍ക്കാം എന്ന തീരുമാനമെടുക്കുന്നത്. അങ്ങനെയാണ് അശോകനെന്ന ഞാന്‍ ഹരിശ്രീ അശോകനായി മാറിയത്. പഞ്ചാബിഹൗസ് എന്ന എക്കാലത്തെയും മികച്ച കോമഡി എന്റര്‍ടെയ്‌നര്‍ പുറത്തിറങ്ങിയിട്ട് 20 വര്‍ഷം പിന്നിടുമ്പോള്‍ അഭിനേതാവെന്ന നിലയില്‍ ലഭിച്ച അംഗീകാരം വളരെ വലുതാണ്.

രമണന്‍ ഇന്നും പ്രേക്ഷക ഹൃദയത്തിലുണ്ട്. അതിലെ ഓരോ ഡയലോഗും മലയാളികളുടെ ഹൃദയത്തില്‍ പതിഞ്ഞിരിക്കുന്നു. രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും പഞ്ചാബി ഹൗസും, രമണനും ഇന്നും തിളങ്ങി നില്‍ക്കുന്നു എന്നത് എന്നെ സംബന്ധിച്ച് ഏറ്റവും അഭിമാനമാണ്. തന്റെ ജീവിതത്തിലാകെ ചിരി നിറച്ച ആ ചിത്രത്തിനോടുള്ള അടുപ്പം അശോകന്‍ കാണിച്ചത് തന്റെ വീടിന് അതേ പേര് നല്‍കിക്കൊണ്ടാണ്.

തന്റെ സ്വപ്നമായിരുന്ന പഞ്ചാബിഹൗസിലിരുന്ന് വേഷപ്പകര്‍ച്ചകളെപ്പറ്റി സംസാരിക്കുകയാണ് അദ്ദേഹം...

uploads/news/2018/10/253096/harisreeashokan011018a.jpg
ഹരിശ്രീ അശോകന്‍ മകന്‍ അര്‍ജുന്‍ ഭാര്യ പ്രീത

അഭിനയമില്ലാത്ത ജീവിതവേഷങ്ങള്‍


ഹരിശ്രീയില്‍ ചേര്‍ന്ന് മിമിക്രി കലാകാരനായി അറിയപ്പെട്ട സമയത്താണ് ജീവിതത്തില്‍ ഞാനായിട്ട് ഒരു വേഷം തെരഞ്ഞെടുക്കുന്നത്. ഭര്‍ത്താവ് എന്ന വേഷം. എല്ലാ പേരെയും പോലെ ചെറിയ ചെറിയ പിണക്കങ്ങളും ഇണക്കങ്ങളും ഒക്കെയായി ഇന്നും ആ വേഷം സന്തോഷത്തോടെ തുടരുന്നു. എന്റെ സന്തോഷത്തിലും ദു:ഖത്തിലുമെല്ലാം പിന്തുണയുമായി ഭാര്യ പ്രീതയുണ്ട്.

ജീവിതത്തില്‍ അടുത്ത വേഷം അച്ഛന്റേതായിരുന്നു. മകള്‍ ശ്രീക്കുട്ടിയും മകന്‍ അര്‍ജ്ജുനും. സാധാരണക്കാരനായ ഏതൊരച്ഛനും ആഗ്രഹിക്കുന്ന പോലെ മക്കള്‍ നല്ല നിലയില്‍ വളരുന്നതിന്റെ സന്തോഷം എനിക്കുമുണ്ട്. മകന്‍ സിനിമയില്‍ രണ്ട് വേഷം ചെയ്ത ശേഷം ബിസിനസിലേക്ക് തിരിഞ്ഞതാണ്. പക്ഷേ ബി ടെകിലെ വേഷം അവന് വലിയ പ്രശംസയാണ് നേടിക്കൊടുത്തത്. ഇപ്പോള്‍ നല്ല നല്ല വേഷങ്ങള്‍ അവനും ലഭിക്കുന്നുണ്ട്. പുറത്തിറങ്ങാന്‍ പോകുന്ന മന്ദാരം, വരത്തന്‍ തുടങ്ങിയ ചിത്രങ്ങളിലൊക്കെ അര്‍ജ്ജുന് നല്ല വേഷങ്ങളാണ്.

അഭിനേതാവായ ഒരച്ഛനെന്ന നിലയില്‍ അവന്റെ വളര്‍ച്ച കാണുമ്പോള്‍ വല്ലാത്ത സന്തോഷമുണ്ട്. ഏറ്റെടുക്കുന്ന ജോലി കൃത്യനിഷ്ഠയോടെ ചെയ്യണം. ചെയ്യുന്ന ജോലിയെ ക്കുറിച്ചല്ലാതെ മറ്റ് ചിന്തകളൊന്നുമില്ലാതെ വേണം ഓരോ കാര്യം ചെയ്യേണ്ടത്. നീ കാരണം മറ്റൊരാള്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കരുത് എന്ന ഉപദേശമേ ഞാനവന് നല്‍കിയിട്ടുള്ളൂ. ഇതുവരെയും അവനത് പാലിക്കുന്നതില്‍ അഭിമാനമുണ്ട്.

മകളുടെ കാര്യവും വ്യത്യസ്തമല്ല. ഞാനാഗ്രഹിച്ച പോലെ ശ്രീക്കുട്ടിയുടെ വിവാഹം കഴിഞ്ഞു. സനൂപ് സുനില്‍ എന്നാണ് മരുമകന്റെ പേര്. ജീവിതത്തില്‍ ഏറ്റവും ഒടുവിലായി അണിയേണ്ടി വന്ന മറ്റൊരു വേഷത്തിന്റെ ത്രില്ല് കൂടിയുണ്ട്. മുത്തച്ഛന്റെ വേഷം. മകളുടെ മകന്‍ ദേവദത്തിന് ഇപ്പോള്‍ അഞ്ച് മാസം തികഞ്ഞതേയുള്ളൂ. കുഞ്ഞ് ജനിച്ച് കഴിഞ്ഞ് കുറച്ചു നാളുകള്‍ക്കുള്ളില്‍ തന്നെ അവര്‍ ഖത്തറിലേക്ക് പോയി. അപ്പോള്‍ വലിയ വിഷമം ആയിരുന്നു.

കുഞ്ഞിന്റെ കളിയും ചിരിയും കണ്ട് മതിയായിരുന്നില്ല. അവര്‍ ഈ മാസം മടങ്ങിയെത്തുന്നുണ്ട്. അവര്‍ വരുമ്പോള്‍ ഞാന്‍ ലൊക്കേഷനിലായിരിക്കും. പക്ഷേ കുഞ്ഞുമോനെ കാണാനുള്ള ആഗ്രഹം കാരണം എന്തായാലും വീട്ടിലേക്ക് വരണം. അവരുടെ വരവിനായി കാത്തിരിക്കുകയാണ് ഞാനിപ്പോള്‍.. പേരക്കിടാവ് വീട്ടിലെത്തുന്നതോടെ മുത്തച്ഛന്‍ വേഷം കൂടുതല്‍ ഭംഗിയാക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രിയതാരം.

uploads/news/2018/10/253096/harisreeashokan011018b.jpg
ഹരിശ്രീ അശോകന്‍, മരുമകന്‍ സനൂപ്, മകള്‍ ശ്രീക്കുട്ടി, പേരക്കുട്ടി ദേവ്ദത്ത്, ഭാര്യ പ്രീത, മകന്‍ അര്‍ജുന്‍

ജീവിതം നല്‍കിയ സിനിമാവേഷങ്ങള്‍


മിമിക്രി കലാകാരന്റെ വേഷമണിഞ്ഞാണ് ഞാന്‍ സിനിമയിലെത്തുന്നത്. അതിന് മുന്‍പ് ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. പഞ്ചാബിഹൗസില്‍ നിന്ന് ഒഴിവാക്കിയ ആരും കാണാത്ത സീനിലെ ഒരു ഡയലോഗുണ്ട്. ജീവിതത്തില്‍ എന്ത് ബുദ്ധിമുട്ടുകള്‍ വന്നാലും അതില്‍ ഞാനൊരു സുഖം കണ്ടെത്തും.. എന്ന്. അതുപോലയാണ് എന്റെ കാര്യവും. ഏറ്റക്കുറച്ചിലുകള്‍ സ്വാഭാവികമാണ്.

ഫൈവ് സ്റ്റാര്‍ ജീവിതമൊന്നും ഞാന്‍ ആഗ്രഹിച്ചിട്ടില്ല. പ്രേക്ഷകര്‍ എന്നെ ഇഷ്ടപ്പെടുന്ന തരത്തിലുള്ള വേഷങ്ങള്‍ തുടര്‍ച്ചയായി ലഭിച്ചു. ചിരിപ്പിക്കുക എന്നത് അത്ര എളുപ്പമല്ല. അങ്ങനെ അഭിനേതാവിന്റെ വേഷം തുടര്‍ന്നു. അതില്‍ തന്നെ കൊമേഡിയനായും വില്ലനായും സ്വഭാവനടനായും ഒക്കെ രൂപമാറ്റങ്ങളുണ്ടായി. കൊമേഡിയന്റെ മുഖമായിരുന്നെങ്കിലും ആ മാറ്റങ്ങളെയും പ്രേക്ഷകര്‍ അംഗീകരിച്ചു. ബാവുട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തില്‍ അവതരിപ്പിച്ച വില്ലന്‍ വേഷവും ആകാശത്തിലെ കഥാപാത്രവും എനിക്ക് പ്രശംസ നേടിത്തന്നു.

വരാനിരിക്കുന്ന ഇളയരാജ എന്ന ചിത്രത്തില്‍ 75 വയസ്സുള്ള ഒരു കഥാപാത്രത്തെയാണവതരിപ്പിക്കുന്നത്. അങ്ങനെ സിനിമയില്‍ വ്യത്യസ്തമായ എത്രയോ വേഷങ്ങള്‍ ചെയ്യാന്‍ ഭാഗ്യം കിട്ടി. അപ്പോഴും ചിരിയുടെ വേഷം ഞാന്‍ അഴിച്ചു വയ്ക്കാന്‍ തയ്യാറല്ല. മറ്റുള്ളവരെ ചിരിപ്പിക്കുകയും അതിലൂടെ നമുക്ക് ചിരിക്കാന്‍ കഴിയുകയും ചെയ്യുക എന്നത് ചെറിയ കാര്യമല്ലല്ലോ. സിനിമയില്‍ അഭിനയിച്ച വേഷങ്ങള്‍ക്ക് പ്രേക്ഷകര്‍ നല്‍കിയ പിന്തുണ തന്നെയാണ് സംവിധായകന്റെ വേഷമണിയാനും എനിക്ക് പ്രചോദനം നല്‍കിയത്.

സംവിധായകനാവുക എന്നത് പെട്ടെന്നെടുത്ത തീരുമാനമല്ല. ഏറെ കാലമായി മനസിലുണ്ടായിരുന്ന സ്വപ്നമാണ്. മുന്‍പും ഇങ്ങനെയൊരു ചുവടിന് അവസരങ്ങളുണ്ടായിരുന്നു. പക്ഷേ സംവിധായകനെന്ന വലിയ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള ധൈര്യം എനിക്കില്ലായിരുന്നു. സംവിധാനം എന്നത് ഇത്രയും വര്‍ഷങ്ങളിലായി ഞാന്‍ കണ്ട് പഠിച്ചതാണ്. ടെക്‌നിക്കല്‍ കാര്യങ്ങളെ പറ്റി കൂടുതലായി ഇപ്പോള്‍ പഠിച്ചു.

പിന്നെ നമുക്ക് നമ്മുടേതായ ഭാവനകളും ഉണ്ടല്ലോ. ആ കഴിവില്‍ എനിക്ക് വിശ്വാസമുണ്ട്. ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറിയുടെ കഥ കേട്ടപ്പോള്‍ എനിക്കത് ചെയ്യാന്‍ കഴിയുമെന്ന് തോന്നി. ഇതില്‍ നിറയെ ഹ്യൂമറാണ്. അഞ്ച് സുഹൃത്തുക്കളുടെ കഥയാണിത്. എന്തൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടായാലും സൗഹൃദമാണ് ഏറ്റവും വലുതെന്ന് പറയുന്ന ഒരു കഥ. നാച്ചുറല്‍ കോമഡിയാണ് ഇതിന്റെ പ്രത്യേകത.

കോമഡി റിസ്‌കാണെന്നറിയാം. ഒരു ഷോട്ട് പാളിയാല്‍ പോലും കോമഡി ട്രാജഡിയാകും. പക്ഷേ കോമഡിയിലൂടെ തന്നെ പുതിയ വേഷം ആരംഭിക്കണമെന്നതും ഒരാഗ്രഹമായിരുന്നു. മാത്രമല്ല സിനിമയ്ക്കകത്തും പുറത്തുമുള്ള സുഹൃത്തുക്കളും കോമഡി തന്നെയാണ് നല്ലതെന്ന അഭിപ്രായം പറഞ്ഞു. അങ്ങനെ സംവിധായകന്‍ എന്ന പുതിയൊരു വേഷം കൂടി അണിയുകയാണ്.. ഏറെ തയ്യാറെടുപ്പുകളുമായി സംവിധായകന്റെ വേഷത്തിലും ചിരിക്കാഴ്ചകള്‍ ഒരുക്കാന്‍ ഒരുങ്ങുകയാണ് മലയാളികളുടെ പ്രിയതാരം.

ദീപു ചന്ദ്രന്‍

Ads by Google
Ads by Google
Loading...
TRENDING NOW