Tuesday, August 20, 2019 Last Updated 12 Min 13 Sec ago English Edition
Todays E paper
Ads by Google
Monday 01 Oct 2018 07.51 AM

കുറവിലങ്ങാട്ട് മഠത്തില്‍ എത്തിയത് പ്രമാദമായ കൊലക്കേസ് പ്രതിക്കൊപ്പം; കന്യാസ്ത്രീയുടെ കേസില്‍ കൂറുമാറിയ ഫാ.നിക്കോളാസ് മണിപ്പറമ്പില്‍ വീണ്ടും വിവാദത്തില്‍

uploads/news/2018/10/253068/franco.jpg

കോട്ടയം: കന്യാസ്ത്രീയെ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ ഇടപെടലുകള്‍ നടത്തിയെന്ന ആരോപണത്തിന് പിന്നാലെ ഫാ. നിക്കോളാസ് മണിപ്പറമ്പില്‍ വീണ്ടും വിവാദത്തില്‍. ഇത്തവണ കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട്ടെ മഠത്തില്‍ കൊലക്കേസ് പ്രതിക്കൊപ്പം എത്തിയെന്ന ആരോപണമാണ് വിനയായിരിക്കുന്നത്. കഴിഞ്ഞദിവസം മഠത്തില്‍ നി​ക്കോളാസ് മണിപ്പറമ്പില്‍ എത്തിയത് തൊമ്മിക്കൊലക്കേസ് പ്രതി സജിക്കൊപ്പമായിരുന്നു. ഇദ്ദേഹവും വൈദികനും മഠത്തിനകത്തു നില്‍ക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീയെ ആദ്യ ഘട്ടത്തില്‍ അനുകൂലിക്കുകയും പിന്നീട് കൂറു മാറുകയും ചെയ്തയാളാണ് ഫാ. നിക്കോളാസ്. ആദ്യം ബിഷപ്പിനെതിരേ രംഗത്ത് വന്ന നിക്കോളാസ് മണിപ്പറമ്പില്‍ പിന്നീട് കന്യാസ്ത്രീ തന്നെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ച് മറുകണ്ടം ചാടുകയായിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം കോളിളക്കം സൃഷ്ടിച്ച തൊമ്മി വധക്കേസിലെ പ്രതി സജി മൂക്കന്നൂരുമായി മഠത്തിലെത്തിയത്. വൈദികന്‍ മഠത്തിലെത്തിയപ്പോള്‍ വാഹനം ഓടിച്ചിരുന്നത് സജി ആയിരുന്നു എന്നാണ് ആരോപണം.

പരാതിക്കാരിയായ കന്യാസ്ത്രീയുടെ വീട് ഉള്‍പ്പെട്ട പ്രദേശത്തെ ഇടവകാംഗം കൂടിയായ വൈദികനൊപ്പം സജി മഠത്തിനകത്തും പ്രവേശിക്കുകയും ചെയ്തു. തന്റെ മുന്‍ ഇടവകാംഗമാണെന്ന് പറഞ്ഞാണ് വൈദികന്‍ മഠത്തില്‍ സജിയെ പരിചയപ്പെടുത്തിയത്. കോഴിയിറച്ചി വ്യാപാരവുമായി ബന്ധപ്പെട്ട വ്യക്തി വൈരാഗ്യത്തെ തുടര്‍ന്ന് 2011 ല്‍ കര്‍ഷക നേതാവ് തോമസ് എന്ന തൊമ്മിയെ റബ്ബര്‍ തോട്ടത്തില്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സജി. ഏറെ മാധ്യമശ്രദ്ധ ലഭിച്ച കൊലക്കേസായിരുന്നു തൊമ്മിവധക്കേസ്.

തമിഴ്നാട്ടിലെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചായിരുന്നു കൊലപാതകം. വധ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് അറസ്റ്റിലായ സജി അറുപത് ദിവസം റിമാന്‍ഡിലായിരുന്നു. കേസില്‍ വിചാരണ നേരിടുന്നതിനിടെയാണ് സജി വൈദികനൊപ്പം മഠത്തിലെത്തിയത്.

എന്നാല്‍ സജി കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് ഫാ.നിക്കോളാസ് മണിപ്പറമ്പില്‍ പ്രതികരണം. ഇടവക വികാരി ഫാ. നിക്കോളാസ് മണിപ്പറമ്പില്‍ കുറവിലങ്ങാട് മഠത്തിലെത്തിയത് കന്യാസ്ത്രീകളെ സ്വാധീനിക്കാനാണെന്ന് സിസ്റ്റര്‍ അനുപമ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വൈദികനൊപ്പം എത്തിയത് കൊലക്കേസ് പ്രതിയാണെന്ന വിവരവും പുറത്തുവന്നിട്ടുള്ളത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW