Tuesday, August 20, 2019 Last Updated 0 Min 30 Sec ago English Edition
Todays E paper
Ads by Google
Saturday 29 Sep 2018 11.37 AM

ഓരോ ഹൃദയദിനവും ഓര്‍മ്മപ്പെടുത്തുന്നത്.. 'എന്റെ ഹൃദയം, നിങ്ങളുടെ ഹൃദയം'

''ഹൃദയത്തെ കൂടുതല്‍ കരുതലോടെ സ്‌നേഹിക്കാനാണ് ഓരോ ഹൃദയദിനവും ഓര്‍മ്മപ്പെടുത്തുന്നത്. ഹൃദയാരോഗ്യത്തിന് നല്‍കുന്ന ശ്രദ്ധയും പരിഗണനയും ഹൃദ്രോഗം മൂലമുള്ള മരണനിരക്ക് കുറച്ചിട്ടുണ്ട്‌.''
uploads/news/2018/09/252594/WorldHeartday290918a.jpg

സെപ്തംബര്‍ 29 ലോക ഹൃദയദിനം.....

അസാംക്രമിക രോഗങ്ങള്‍ മൂലം ഭൂമുഖത്ത് പ്രതിവര്‍ഷം 36 ദശലക്ഷം ആളുകള്‍ മരണത്തിന് കീഴടങ്ങുന്നു. ഹൃദയധമനീ രോഗങ്ങള്‍, പ്രമേഹം, അര്‍ബുദം, പഴകിയ ശ്വാസകോശരോഗങ്ങള്‍ തുടങ്ങിയവയാണ് പ്രധാന അസാംക്രമിക രോഗങ്ങള്‍. ലോകത്ത് മൂന്നില്‍ രണ്ടു മരണവും ഇവകൊണ്ടുതന്നെ. ഇപ്പോഴുള്ള സാഹചര്യം തുടര്‍ന്നാല്‍ വരും ദശകങ്ങളില്‍ അസാംക്രമിക രോഗങ്ങള്‍ മൂലമുള്ള മരണസംഖ്യ 15 ശതമാനമായി ഉയര്‍ന്ന് പ്രതിവര്‍ഷം 44 ദശലക്ഷം പേര്‍ മരണപ്പെടുന്ന അവസ്ഥ വരും.

ഈ അപകടാവസ്ഥ തരണം ചെയ്യാനുള്ള ദൃഢനിശ്ചയവുമായാണ് ജനീവയില്‍ നടന്ന 65 -ാം 'വേള്‍ഡ് ഹെല്‍ത്ത് അസംബ്ലി' അടിയന്തരതീരുമാനവുമായി മുന്നോട്ട് വരുന്നത്. 2025 ഓടെ അസാംക്രമിക രോഗങ്ങള്‍ മൂലമുള്ള മരണസംഖ്യം 25 ശതമാനം കുറയ്ക്കണം.

ആകെയുള്ള അസാംക്രമിക രോഗങ്ങളുടെ പകുതിയും (175 ദശലക്ഷം) ഹൃദയധമനീ രോഗങ്ങള്‍ മൂലമാണ്. ഇതില്‍ 82 ശതമാനം പേരും സാമ്പത്തികമായി താഴെക്കിടയിലുള്ള വികസ്വര രാജ്യങ്ങളിലുള്ളവരാണ്. 2030 ആകുന്നതോടെ ഹൃദ്രോഗാനന്തര മരണനിരക്ക് 24 ദശലക്ഷമായി വര്‍ധിക്കും.

താങ്ങാനാവാത്ത ചികിത്സാച്ചെലവ്


തികച്ചും അപകടകരമായ ഈ കണക്കുകളുടെ പശ്ചാത്തലത്തില്‍ വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്‍, ഹൃദയധമനീ രോഗങ്ങളെ സര്‍വശക്തിയുമെടുത്ത് പിടിയിലൊതുക്കാനുള്ള നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ്. ഹൃദ്രോഗ പരിശോധകളുടെയും ചികിത്സകളുടെയും ഭാരിച്ച സാമ്പത്തിക ബാധ്യത താങ്ങാന്‍ പാവപ്പെട്ട രാജ്യങ്ങള്‍ക്ക് കഴിയില്ല. ഇന്ത്യയിലെ സാധാരണക്കാരന്റെ കാര്യമെടുത്താല്‍ ഹൃദ്രോഗത്തിനടിമപ്പെടുന്നതോടെ 20 ശതമാനം അധികചെലവാണ് കുടുംബത്തിലുണ്ടാകുന്നത്. ഇത് ചിലപ്പോള്‍ 40 ശതമാനം വരെയായെന്നും വരും.

സാധാരണക്കാരന് ഇത് താങ്ങാനാവാത്ത ഭാരം തന്നെ. ഈ സാഹചര്യത്തില്‍ ചികിത്സിച്ചു നശിക്കുന്നതിനേക്കാള്‍ ഭേദം രോഗം വരാതെ നോക്കുന്നതുതന്നെ. കൃത്യമായ പ്രതിരോധനടപടികളിലൂടെ ഹൃദ്രോഗത്തെ 85 ശതമാനം വരെ തടയാന്‍ സാധിക്കുമെന്ന് ഗവേഷങ്ങള്‍ അസന്ദിഗ്ധം തെളിയിച്ചിട്ടുണ്ട്.

കേരളവും ഭീതിയില്‍


ഇന്ത്യ ഹൃദ്രോഗത്തിന്റെ ലോകതലസ്ഥാനമായി മാറുകയാണ്. ഹാര്‍ട്ടറ്റാക്കിനെത്തുടര്‍ന്ന് എല്ലാ 33 സെക്കന്റിലും ഒരാള്‍ മരണമടയുകയാണ്. പ്രതിവര്‍ഷം രണ്ടു ദശലക്ഷത്തിലേറെ ആളുകളാണ് ഹൃദ്രോഗാനന്തരം രാജ്യത്ത് മരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഹൃദ്രോഗബാധ കാണപ്പെടുന്നത് കേരളത്തില്‍ത്തന്നെ. വികസിത രാജ്യങ്ങളേക്കാള്‍ 3 - 6 മടങ്ങ് വലുതാണ് ഇവിടുത്തെ ഹൃദ്രോഗസാധ്യത.
uploads/news/2018/09/252594/WorldHeartday290918b.jpg

കേരളത്തില്‍ ആകെയുള്ള മരണസംഖ്യയില്‍ 14 ശതമാനത്തിലേറെ ഹൃദ്രോഗത്തെത്തുടര്‍ന്നാണ്. 1960 നെ അപേക്ഷിച്ച് ഹാര്‍ട്ടറ്റാക്കുണ്ടാകുന്നവരുടെ എണ്ണം 1990 ആയപ്പോള്‍ 40 മടങ്ങായി വര്‍ധിച്ചു. സാക്ഷരതയിലും ബുദ്ധിവൈഭവങ്ങളിലും മികച്ചു നില്‍ക്കുന്ന കേരളീയര്‍ ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന ആപത്ഘടകങ്ങള്‍ നിയന്ത്രിക്കുന്ന കാര്യത്തില്‍ ഏറെ പിന്നോക്കമാണ്. അങ്ങനെ കേരളം ഇന്ത്യയുടെ ഹൃദ്രോഗതലസ്ഥാനമാകുന്നു. എന്നാല്‍ ഇവിടെയുള്ളവരുടെ ആയുസ് ദീര്‍ഘിപ്പിച്ചുകിട്ടുന്നത് കേരളത്തിലെ മികച്ച ചികിത്സാസംവിധാനങ്ങള്‍ മൂലമാണ്.

ഹൃദയദിനം ഓര്‍മ്മപ്പെടുത്തുന്നത്


ലോകഹൃദയദിനം ആരംഭിച്ച് ഒന്നര ദശകം കഴിഞ്ഞു. ഓരോ വര്‍ഷവും ഓരോ പ്രതിരോധവിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. ഹൃദ്രോഗ പരിപാലനരംഗത്ത് മേന്മയേറിയ സാങ്കേതിക മികവുള്ള പരിശോധനാ സംവിധാനങ്ങള്‍ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയ്‌ക്കൊന്നും ലോകഹൃദയദിനത്തില്‍ സ്ഥാനമില്ലെന്നോര്‍ക്കണം. ചികിത്സയ്ക്ക് പിന്നാലെ പോകുന്നതിനേക്കാള്‍ പ്രാധാന്യം നല്‍കേണ്ടത് ഹൃദ്രോഗത്തെ തടയുന്ന പ്രതിരോധമാര്‍ഗങ്ങള്‍ക്കുണ്ട്.ഈ വര്‍ഷത്തെ ഹൃദയദിന സന്ദേശം 'എന്റെ ഹൃദയം, നിങ്ങളുടെ ഹൃദയം' എന്നതാണ്.

നിങ്ങളുടെയും മറ്റുള്ളവരുടെയും ഹൃദയാരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്ന സത്വര നടപടികള്‍ സംയുക്തമായി കൈക്കൊള്ളുക. ഈ ലളിതമായ പ്രതിജ്ഞ നിങ്ങളെടുക്കണം. ഹൃദയസൗഹൃദ ഭക്ഷണവും വ്യായാമവും നിങ്ങളുടെ ജീവിതശൈലിയില്‍ ഉള്‍ക്കൊള്ളിക്കണം. പുകവലി കര്‍ശനമായി സമൂഹത്തില്‍ നിന്ന് തുടച്ചുമാറ്റണം. അതാണ് ഈ വര്‍ഷത്തെ ഹൃദയദിനസന്ദേശം.

സ്ത്രീകള്‍ അവഗണിക്കപ്പെടുന്നു


ചികിത്സയും ശുശ്രൂഷയും ലഭിക്കുന്നതില്‍ സ്ത്രീകള്‍ പുരുഷന്മാരെ അപേക്ഷിച്ച് എന്നും അവഗണിക്കപ്പെടുകയാണ്. നിസാരമായ അസ്വാസ്ഥ്യങ്ങള്‍ക്കു പോലും പുരുഷന്മാര്‍ വൈദ്യസഹായം തേടിയെത്തുമ്പോള്‍ മാരകമായ രോഗങ്ങള്‍ക്ക് അടിമപ്പെട്ട് സ്ത്രീകള്‍ പലരും വേണ്ട ചികിത്സ തക്കസമയത്ത് കിട്ടാതെ അകാലത്തില്‍ മരിക്കുന്നു.
uploads/news/2018/09/252594/WorldHeartday290918c.jpg

സ്ത്രീകളുടെ ചികിത്സാകാര്യത്തില്‍ കേരളം അത്ര പിന്നാക്കമല്ല. എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ സ്ത്രീപരിരക്ഷ പരിതാപകരമെന്ന് പറയേണ്ടിയിരിക്കുന്നു.ലോകത്താകമാനമുള്ള 35 ശതമാനം സ്ത്രീകളും ഹൃദ്രോഗാനന്തരമാണ് മരിക്കുന്നത്. ഹൃദയാഘാതം മൂലം ഒരു മിനിട്ടില്‍ ഒരു സ്ത്രീ മരിക്കുന്നു എന്നതാണ് കണക്ക്.

കുട്ടികളിലെ ഹൃദ്രോഗം


കുട്ടികളുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനുള്ള പല നൂതന മാര്‍ഗനിര്‍ദേശങ്ങളും ഹൃദയദിനം മുന്നോട്ടുവയ്ക്കുന്നു. കുട്ടികളിലെ ഹൃദ്രോഗസാധ്യത ഗര്‍ഭാവസ്ഥയില്‍ വച്ചുതന്നെ തുടങ്ങുകയാണ്. അമ്മയുടെ അശാസ്ത്രിയമായ ഭക്ഷണശൈലിയും പോഷകദാരിദ്ര്യവും ഗര്‍ഭസ്ഥ ശിശുവിന്റെ ഭാരക്കുറവും ഭാരവര്‍ധനവിന്റെ രീതിയ്ക്കുമെല്ലാം ഭാവിയിലുണ്ടാകാന്‍പോകുന്ന ഹൃദ്രോഗം, പ്രമേഹം, രക്താദി സമ്മര്‍ദം, ദുര്‍മേദസ് എന്നീ രോഗാവസ്‌കളുടെ ഹേതുവായി പരിണമിക്കുന്നു.

ജനിച്ചു കഴിഞ്ഞാല്‍ പെട്ടെന്ന് വളര്‍ത്തിവലുതാക്കാനുള്ള ധൃതി മൂലം അച്ഛനമ്മമാര്‍ കുട്ടികള്‍ക്ക് കിട്ടുന്നതെല്ലാം വാങ്ങിച്ച് കൊടുക്കും. ഇത് കുട്ടികളെ പൊണ്ണത്തടിയിലേക്ക് നയിക്കും. രോഗാതുരതയെ ഉദ്ദീപിപ്പിക്കാനായി ജനിതകമായ പ്രവണതയും പ്രധാന പങ്ക് വഹിക്കുന്നു.

വികലമായ ഭക്ഷണക്രമം കുട്ടികളുടെ ഹൃദയധമനികളില്‍ അകാലത്തില്‍ ജരിതാവസ്ഥയുണ്ടാക്കുന്നതിന് കാരണാകുന്നു. അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ച കുട്ടിയുടെ ഹൃദയധമനി ഛേദിച്ച് പരിശോധിച്ചപ്പോള്‍ പിന്നീട് ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന ബ്ലോക്ക് കുട്ടിക്കാലത്തുതന്നെ ആരംഭിച്ചതായി കണ്ടെത്തി.

ചെറുപ്പം മുതല്‍ ശ്രദ്ധ


ഹൃദ്രോഗത്തെ പടിക്കുപുറത്തു നിര്‍ത്താന്‍ വേള്‍ഡ് ഹാര്‍ട്ട് ഫൗണ്ടേഷനും ലോകാരോഗ്യ സംഘടനയും കുട്ടികളുടെ ആരോഗ്യപരിചരണത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്നു. പ്രതിരോധ നടപടികള്‍ കുട്ടികളില്‍തന്നെ കര്‍ശനമായി തുടങ്ങണം. 2020 ആകുമ്പോള്‍ ഏതാണ്ട് അഞ്ചുകോടി ആളുകള്‍ക്ക് കേരളത്തില്‍ ജീവിതശൈലി രോഗങ്ങള്‍ ബാധിക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. ഇതിന് ഒരു വഴിയേയുള്ളൂ.
uploads/news/2018/09/252594/WorldHeartday290918d.jpg

കുട്ടികളുടെ ഭക്ഷണ ശൈലിയില്‍ കാതലായ വ്യതിയാനം വരുത്തുവാന്‍ മാതാപിതാക്കളും സ്‌കൂള്‍ അധികൃതരും പ്രതിജ്ഞാബദ്ധരാകണം. മുതിര്‍ന്നവരില്‍ ഇനി അത്ര വലിയ പരിവര്‍ത്തനങ്ങള്‍ വരുത്താന്‍ സാധിച്ചെന്നുവരില്ല. എന്നാല്‍ കുട്ടികളെ എളുപ്പത്തില്‍ മാറ്റിയെടുക്കാം. വികലവും അപഥ്യവുമായ 'ജങ്ക് ഫുഡ്' നിത്യേന കഴിക്കുന്നതില്‍ നിന്ന് അവരെ പിന്തിരിപ്പിക്കണം. ഭരണതലത്തില്‍ ഭക്ഷണവിപണത്തിന്മേലുള്ള കര്‍ശനമായ നിയമപരിഷ്‌കാരങ്ങളുമുണ്ടാകണം.

ചങ്കാണ് മറക്കരുത്


ശരീരത്തിലെ മറ്റേത് അവയവത്തിനേല്‍ക്കുന്ന രോഗങ്ങളേക്കാളും ജീവന് ഭീഷണിയുണ്ടാക്കുന്ന രോഗാവസ്ഥയാണ് ഹൃദ്രോഗം. വന്നുപെട്ടാല്‍ പിന്നെ പരിശോധനകളും ചികിത്സകളും ഒക്കെക്കൊണ്ട് ആയുസിന്റെ നല്ലൊരു ഭാഗം നഷ്ടപ്പെടുകയാണ്. എത്രയൊക്കെ ചികിത്സിച്ചാലും വീണ്ടും പത്തിവിടര്‍ത്തി വരുന്ന ഒരു രോഗാതുരതയാണ് ഹൃദ്രോഗം. താത്ക്കാലിക രോഗശമനത്തിനായി ആന്‍ജിയോപ്ലാസ്റ്റിയും ബൈപ്പാസ് സര്‍ജറിയുമൊക്കെ ആണെന്നു പറഞ്ഞാലും അവ ഇന്നും ഇന്ത്യയിലെ 80 ശതമാനം പേര്‍ക്കും തികച്ചും അപ്രാപ്യമാണ്.

ഹൃദ്രോഗ പരിശോധനയ്ക്കും ചികിത്സയ്ക്കും അത്രമാത്രം ചെലവേറിക്കഴിഞ്ഞു. അപ്പോള്‍ എല്ലാവര്‍ക്കും പ്രത്യേകിച്ച് സാധാരണക്കാര്‍ക്കും അഭയമായി ഒന്നുമാത്രമാണുള്ളത്, പ്രതിരോധം. ഹൃദ്രോഗത്തെ പടിക്കുപുറത്ത് നിര്‍ത്താനുള്ള വഴികളേറെയുണ്ട്.

നിസാര പരിശോധനകളിലൂടെ തങ്ങള്‍ക്കും ആപത്ഘടകങ്ങളുണ്ടോയെന്ന് കണ്ടെത്തുക. ഉണ്ടെങ്കില്‍ അവയെ നിയന്ത്രണവിധേയമാക്കാനുള്ള നടപടികള്‍ കാലേക്കൂട്ടി ആവിഷ്‌കരിക്കുക. നിങ്ങളുടെ ആരോഗ്യം നിങ്ങള്‍ക്ക് വളരെയേറെ വിലപ്പെട്ടതാണ്.

ഡോ. ജോര്‍ജ് തയ്യില്‍
സീനിയര്‍ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ്
ലൂര്‍ദ് ആശുപത്രി , എറണാകുളം

Ads by Google
Saturday 29 Sep 2018 11.37 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW