Tuesday, August 20, 2019 Last Updated 0 Min 18 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Sep 2018 04.14 PM

ശ്വാസകോശച്ചുരുക്കം വര്‍ധിക്കുന്നു

''ശ്വാസകോശ ചുരുക്കം ബാധിച്ചവരുടെ എണ്ണം കേരളത്തില്‍ വര്‍ധിച്ചുവരുന്നു. അന്തരീക്ഷ മലിനീകരണവും തൊഴിലിടങ്ങളും രോഗം വ്യാപിക്കാന്‍ കാരണമാകുന്നു. ശ്വാസകോശവുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളും ചികിത്സകളും പങ്കുവയ്ക്കുകയാണ് ഡോ. പി.എസ്. ഷാജഹാന്‍''
uploads/news/2018/09/251472/swsakoshamcare250918.jpg

വിശ്രമമില്ലാതെ, ഇടവേളകളില്ലാതെ പ്രവര്‍ത്തിക്കുന്നവയാണ് ശ്വാസകോശങ്ങള്‍. ഊണിലും ഉറക്കത്തിലും മിനിട്ടില്‍ ഏകദേശം 12 മുതല്‍ 16 തവണ വരെ ശ്വാസം ഉള്ളിലേക്ക് എടുക്കുകയും പുറത്തേക്ക് വിടുകയും ചെയ്യുന്നു. ശ്വാസകോശങ്ങളുടെ സ്വാഭാവികമായുള്ള സങ്കോച വികാസശേഷി വഴിയാണ് ഇത് സാധ്യമാകുന്നത്. ശ്വാസം ഉള്ളിലേക്കെടുക്കുമ്പോള്‍ ശ്വാസകോശങ്ങള്‍ വികസിക്കുന്നു. പുറത്തേക്ക് വിടുമ്പോള്‍ അവ സങ്കോചിക്കുന്നു, തികച്ചും ആയാസരഹിതമായി.

എന്നാല്‍ ശ്വാസകോശങ്ങള്‍ ചുരുങ്ങിത്തുടങ്ങിയാലോ? ഈ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റും. ശ്വാസോച്ഛ്വാസം പ്രയാസമാകും. ഇങ്ങനെ ശ്വാസകോശങ്ങള്‍ ചുരുങ്ങുന്ന അവസ്ഥയാണ് പൊതുവേ ഇന്റര്‍സ്റ്റിഷ്യല്‍ ശ്വാസകോശരോഗങ്ങള്‍ അഥവാ ഐ.എല്‍.ഡി (ഇന്റര്‍സ്റ്റിഷ്യല്‍ ലങ് ഡിസീസ്) എന്നു വിളിക്കുന്നത്.

വര്‍ധിക്കുന്ന രോഗികള്‍


രണ്ടു ദശകങ്ങള്‍ക്കു മുമ്പുവരെ അത്യപൂര്‍വമെന്ന് കരുതപ്പെട്ടിരുന്നതാണ് ഈ രോഗാവസ്ഥ. ഈ ലേഖകന്റെ ബിരുദാനന്തര പഠനകാലത്ത് മാസത്തില്‍ ഒന്ന് എന്ന നിരക്കില്‍ കണ്ടുവന്നിരുന്ന ശ്വാസകോശ ചുരുക്കം ഇപ്പോള്‍ ആഴ്ചയില്‍ നാലു മുതല്‍ അഞ്ചുവരെ രോഗികളികളില്‍ കണ്ടുവരുന്നു.

ഈ വര്‍ധനവ് രോഗാവസ്ഥയുടെ നിരക്ക് കൂടുന്നതുകൊണ്ട് മാത്രമല്ല. രോഗനിര്‍ണയത്തിലുണ്ടായ വിപ്ലവകരമായ പുരോഗതി ഇത്തരം രോഗാവസ്ഥകള്‍ നിര്‍ണയിക്കുന്നതിന് ഇന്ന് നമുക്ക് ഏറെ സഹായകരമായിട്ടുണ്ട്.

പണ്ടൊക്കെ മറ്റു ചില അസുഖങ്ങളെന്നു തെറ്റിദ്ധരിച്ചിരുന്നതും രോഗനിര്‍ണയം തീരെ നടക്കാതിരിന്നിട്ടുള്ള പല ശ്വാസകോശ പ്രശ്‌നങ്ങളും ഇന്ന് കൂടുതല്‍ വ്യക്തതയോടെ തിരിച്ചറിയാനാകുന്നതുമൂലം അസുഖം കൂടുതല്‍ കണ്ടെത്തപ്പെടുന്നതും ഈ നിരക്കു വര്‍ധനവിന് പിന്നിലുണ്ട്.

രോഗലക്ഷണങ്ങള്‍


ശ്വാസകോശ ചുരുക്കത്തിന്റെ ആദ്യ ഘട്ടത്തില്‍ എടുത്തു പറയത്തക്ക ലക്ഷണങ്ങളൊന്നും കണ്ടെന്നു വരില്ല. വരണ്ട ചുമ, ആയാസപ്പെടുമ്പോഴുള്ള കിതപ്പും ശ്വാസംമുട്ടലുമാണ് ആദ്യ ഘട്ടത്തില്‍ കണ്ടുവരുന്ന ലക്ഷണങ്ങള്‍.

ഇവയൊക്കെ തന്നെ മിക്ക ശ്വാസകോശ രോഗങ്ങളുടെയും ആദ്യ ലക്ഷണങ്ങള്‍ ആയതിനാല്‍ ഈ ഘട്ടത്തില്‍ ഇത്തരം ലക്ഷണങ്ങളെ അവഗണിക്കാനും രോഗനിര്‍ണയം നടക്കാതിരിക്കാനും സാധ്യത ഏറെയാണ്. പലരും വൈദ്യസഹായം തന്നെ തേടിയെന്ന് വരില്ല.

ചുമ മരുന്നുകളോ മറ്റോ കഴിച്ച് സ്വയം ചികിത്സ നടത്തി സംതൃപ്തി അടഞ്ഞെന്നുവരാം. വൈദ്യസഹായം തേടിയാല്‍ പോലും ആദ്യ ഘട്ടങ്ങളില്‍ ഇത് ആസ്ത്മയോ ദീര്‍ഘകാല ശ്വാസതടസ രോഗമോ ആയി തെറ്റിദ്ധരിക്കപ്പെട്ട് രോഗനിര്‍ണയം വൈകിയേക്കാം.

ശ്വാസകോശങ്ങള്‍ നല്ലൊരു വ്യാപ്തി ചുരുങ്ങി വിട്ടുമാറാത്ത ചുമ, തീവ്രമായ ശ്വാസം മുട്ടല്‍ എന്നീ ലക്ഷണങ്ങളിലെത്തുമ്പോഴായിരിക്കും പലരും വിദഗ്ധ പരിശോധനയ്ക്ക് തയാറാകുന്നത്. പലപ്പോഴും ശ്വാസകോശങ്ങള്‍ മൃദുവായ അവസ്ഥയില്‍ നിന്ന് മാറി തീവ്രമായ 'ഫൈബ്രോസിസ്' എന്ന അവസ്ഥയിലെത്തി ശ്വാസകോശ പരാജയത്തിലെത്തുമ്പോഴായിരിക്കും രോഗികള്‍ ആശുപത്രികളില്‍ എത്തുന്നത്.

uploads/news/2018/09/251472/swsakoshamcare250918a.jpg

രോഗകാരണങ്ങള്‍


ഇന്റര്‍സ്റ്റിഷ്യല്‍ ശ്വാസകോശ രോഗമെന്നത് ഒരു പ്രത്യേക രോഗത്തിന്റെ പേരല്ല. ഒട്ടനവധി കാരണങ്ങളാല്‍ - നമുക്കറിവുള്ളതും അറിയാത്തതും ശ്വാസകോശങ്ങള്‍ ചുരുങ്ങിവരുന്ന രോഗാവസ്ഥകള്‍ക്കുള്ള പൊതുവായ പേരാണിത്. ഇരുന്നൂറിലേറെ രോഗങ്ങള്‍ ഈ അവസ്ഥയുണ്ടാക്കുന്നു. അവയില്‍ പ്രധാനപ്പെട്ടവയെ താഴെ നല്‍കിയിരിക്കുന്ന വിധം തരംതിരിക്കാം.

1. ഹൈപ്പര്‍ സെന്‍സിറ്റിവിറ്റി ന്യൂമോണൈറ്റിസ്
ജൈവ വസ്തുക്കളോടുള്ള അമിത പ്രതികരണം മൂലമുള്ള അസുഖങ്ങള്‍, പക്ഷിമൃഗാദികളുമായുള്ള സമ്പര്‍ക്കം, കോഴിവളര്‍ത്തല്‍, അലങ്കാര പക്ഷിവളര്‍ത്തല്‍, ചിലയിനം പൂപ്പലുകള്‍ മൂലം ഉണ്ടാകുന്നവ.

2. സാര്‍ക്കോയി ഡോസിസ്
ഇത് ഏത് അവയവത്തെയും ബാധിക്കാം. ശ്വാസകോശ കലകള്‍ ചുരുങ്ങിക്കൂടി ശ്വാസകോശത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നു. രണ്ടു ശ്വാസകോശങ്ങള്‍ക്കും ഇടയില്‍ കാണുന്ന ലസികാഗ്രന്ഥികള്‍ ഇരു ഭാഗത്തും ഒരേപോലെ വീര്‍ത്തു തടിച്ചു കാണുന്ന അവസ്ഥയാണ് സാധാരണം.

3. ഇയോസിനോഫിലിക് ന്യൂമോണിയ
ശ്വാസകോശ കലകളില്‍ ഇയോസിനോഫില്‍ അണുക്കള്‍ അടിഞ്ഞു കൂടുന്ന അവസ്ഥയാണിത്.

4. വാതരോഗാനുബന്ധ ശ്വാസകോശ ചുരുക്കം
ആമവാതം, സിസ്റ്റമിക് ലൂപ്പസ് എറിത്തിമാറ്റോസിസ് (എസ്.എല്‍.ഇ), സ്‌ക്ലീറോഡെര്‍മ, സിസ്റ്റമിക് സ്‌ക്ലീറോസിസ് തുടങ്ങിയ വാതരോഗങ്ങളോടനുബന്ധിച്ചുള്ള ശ്വാസകോശ ചുരുക്കങ്ങള്‍. ശരീരനിര്‍മിതിയിലെ അനിവാര്യ ഘടകങ്ങളായ കൊളാജനുകളുടെ ഉല്‍പാദനത്തിലും ഘടനയിലും ഉണ്ടാകുന്ന അപാകതകളാണ് ഇത്തരം രോഗങ്ങള്‍ക്ക് കാരണമാകുന്നത്.

5. തൊഴില്‍ജന്യ ശ്വാസകോശ ചുരുക്കം
ധാതുകണികകള്‍ ശ്വാസകോശത്തിലെത്തി അടിഞ്ഞുകൂടി ഉണ്ടാകുന്ന ശ്വാസകോശ ചുരുക്കമാണ് ന്യൂമോകോണിയോസിസ് എന്നറിയപ്പെടുന്ന തൊഴില്‍ജന്യ ശ്വാസകോശ ചുരുക്കം. സിലിക്ക, ആസ്ബറ്റോസ് നാരുകള്‍, കല്‍ക്കരി പൊടി തുടങ്ങിയവയൊക്കെ ഇത്തരം രോഗാവസ്ഥകള്‍ക്കു കാണമാകും. നമ്മുടെ നാട്ടിലെ പാറമടതൊഴിലാളികള്‍, കെട്ടിട നിര്‍മ്മാണം, ഗ്രാനൈറ്റ് - മാര്‍ബിള്‍ പോളിഷിംഗ് തൊഴിലാളികള്‍ എന്നിവരുടെ ഇടയില്‍ ഈ രോഗസാന്നിധ്യം കൂടുതലായി കണ്ടുവരുന്നു.

6. ഔഷധ ജന്യ ശ്വാസകോശ ചുരുക്കം
ദീര്‍ഘകാലം ഉപയോഗിക്കേണ്ടി വരുന്ന ചിലയിനം മരുന്നുകള്‍, അര്‍ബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ചില മരുന്നുകള്‍ തുടങ്ങിയവയൊക്കെ ശ്വാസകോശ ചുരുക്കത്തിനു കാരണമായേക്കാം.

7. ചിലയിനം അണുബാധകളെ തുടര്‍ന്നുണ്ടാകുന്ന ശ്വാസകോശ ചുരുക്കം
8. പാരമ്പര്യമായി കാണപ്പെടുന്ന ശ്വാസകോശ ചുരുക്കം
9. ഇഡിയോപതിക് ശ്വാസകോശ ചുരുക്കം
ശ്വാസകോശ ചുരുക്കത്തിന് ഇന്ന് ലഭ്യമായ എല്ലാ പരിശോധനകള്‍ക്കും ശേഷം രോഗകാരണം കണ്ടെത്താനാകാത്ത അവസ്ഥകള്‍ക്കുള്ള പേരാണിത്. പേര് സൂചിപ്പിക്കുന്നതുപോലെ - ഇഡിയോപതിക് - കാരണം വ്യക്തമല്ല എന്നര്‍ഥം. നിര്‍ഭാഗ്യകരം എന്നുപറയാം ശ്വാസകോശ ചുരുക്കങ്ങളുടെ കൂട്ടത്തില്‍ കൂടുതലായി കണ്ടുവരുന്ന പല രോഗാവസ്ഥകളും ഈ ഗണത്തില്‍ പെടുന്നു.

രോഗങ്ങളുടെ വൈവിധ്യം കൊണ്ടും വ്യാപ്തി കൊണ്ടും വിഭിന്ന സ്വഭാവം പ്രകടിപ്പിക്കുന്നവയാണ് ഇത്തരം രോഗാവസ്ഥകള്‍. അതുകൊണ്ടുതന്നെ ഈ രോഗാവസ്ഥകളെ നിരവധി ത
രത്തില്‍ വര്‍ഗീകരിക്കാനാകും. അത്തരത്തിലൊന്ന് മാത്രമാണ് മേല്‍പ്പറഞ്ഞതരം തരംതിരിക്കല്‍.

uploads/news/2018/09/251472/swsakoshamcare250918b.jpg

രോഗനിര്‍ണയം എങ്ങനെ


ഏതുരോഗത്തിന്റെയും കാര്യത്തിലെന്നപോലെ ഇന്റര്‍സ്റ്റിഷ്യല്‍ ശ്വാസകോശ രോഗങ്ങളിലും ആദ്യഘട്ടത്തിലുള്ള രോഗനിര്‍ണയം ഏറെ പ്രധാനമാണ്. എന്നാല്‍ ഇതു സാധിക്കുക പതിവില്ല. പലപ്പോഴും മറ്റ് രോഗനിര്‍ണയത്തിന്റെ ഭാഗമായി നെഞ്ചിന്റെ എക്‌സ് റേ പരിശോധന നടത്തുമ്പോഴായിരിക്കും രോഗസാധ്യത സംശയിക്കപ്പെടുക.

ദീര്‍ഘകാലമുള്ള വരണ്ട ചുമയും കിതപ്പും വിശദമായ പരിശോധന വേണ്ട ലക്ഷണങ്ങളാണ് വരണ്ട ചുമയെ മരണത്തിന്റെ 'കാഹളദൂത'നായാണ് ഇംഗ്ലീഷ് പഴമൊഴി വിശേഷിപ്പിക്കുന്നത്.

നെഞ്ചിന്റെ എക്‌സ്‌റേ പരിശോധനയാണ് സാധാരണഗതിയില്‍ ആദ്യം ചെയ്യുക. ശ്വാസകോശത്തിന്റെ വലിപ്പക്കുറവ് കൊച്ചുകൊച്ചു കുത്തുകളും പാടുകളും തുടങ്ങിയ വ ഇതുവഴി കണ്ടെത്താനാവും. എന്നാല്‍ എക്‌സ്‌റേയില്‍ കുഴപ്പമൊന്നുമില്ല എന്നു കരുതി രോഗം ഇല്ലെന്ന് പറയുകവയ്യ. പ്രത്യേകിച്ചും ആദ്യ ഘട്ടങ്ങളില്‍. 20 - 25 ശതമാനം എക്‌സ് റേ പരിശോധന ഇത്തരം രോഗാവസ്ഥകളില്‍ 'നോര്‍മല്‍' എന്നു റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്.

നെഞ്ചിന്റെ സി.ടി സ്‌കാന്‍ പരിശോധന വഴിയാണ് ഇന്റര്‍സ്റ്റിഷ്യല്‍ ശ്വാസകോശ രോഗം സ്ഥിരീകരിക്കുന്നത്. രോഗത്തിന്റെ ഘട്ടവും തീവ്രതയും നിര്‍ണയിക്കാനും ഈ പരിശോധന സഹായിക്കും. രോഗം കൃത്യമായി നിര്‍ണയിക്കാനാവില്ലെങ്കിലും ശ്വാസകോശങ്ങളുടെ സങ്കോച വികാസശേഷി അറിയാനുപയോഗിക്കുന്ന സ്‌പൈറോമെട്രി പരിശോധന വഴി രോഗസാധ്യത സംശയിക്കാനിടയാകും. വളരെ സാധാരണമായി നടത്തിവരുന്ന ഈ പരിശോധന ഇത്തരം സാധ്യതകള്‍ ഉള്ളവരില്‍ മറ്റ് പരിശോധനകള്‍ നടത്താന്‍ ചികിത്സകനെ വഴികാട്ടുന്ന ഒന്നാണ്.

ശ്വാസകോശങ്ങളുടെ പ്രധാന പ്രവര്‍ത്തനമായ ഓക്‌സിജന്‍ - കാര്‍ബണ്‍ഡൈ ഓക്‌സൈഡ് വാതക കൈമാറ്റം സുഗമമായി നടക്കുന്നില്ല എന്നതാണ് ഇത്തരം രോഗാവസ്ഥകളുടെ അടിസ്ഥാന പ്രശ്‌നം. ഇത് പരിശോധിക്കാന്‍ കാര്‍ബണ്‍ മോണേക്‌സൈഡ് ഉപയോഗിച്ചുള്ള വാതക വിനിമയ പഠനങ്ങള്‍ ഉപകരിക്കും. ശ്വാസകോശങ്ങളില്‍ പ്രകടമായ കേടുപാടുകള്‍ വരുത്തുന്നതിനു മുമ്പേതന്നെ വാതക വിനിമയത്തിന്റെ അളവില്‍ കാര്യമായ കുറവ് കണ്ടുവരാറുണ്ട്. രോഗം ആദ്യഘട്ടത്തില്‍ കണ്ടുപിടിക്കാന്‍ ഈ പരിശോധന പലപ്പോഴും സഹായകരമാകാറുണ്ട്.

രോഗാവസ്ഥ തീര്‍ച്ചപ്പെടുത്തുന്നതിനും രോഗകാരണമെന്തെന്ന് കണ്ടുപിടിക്കുന്നതിനും ശ്വാസകോശ കലകളുടെ ബയോപ്‌സി പരിശോധന സഹായകരമാണ്. ശ്വാസകോശ നാളികളില്‍ ചെറുകുഴലിറക്കി (ബ്രോങ്കോസ്‌കോപ്പി) പ്രത്യേകതരം സൂചികൊണ്ട് ശ്വാസകോശ കലകള്‍ കുത്തിയെടുത്തോ, മുറിച്ചെടുത്തോ ബയോപ്‌സി നടത്താനാവും. ചിലപ്പോള്‍ ശസ്ത്രക്രിയ വഴി കോശകലകള്‍ എടുക്കേണ്ടതായി വരും.

നിരവധി കാരണങ്ങളാല്‍ ഈ രോഗാവസ്ഥ വരാമെന്നതിനാല്‍ പരിശോധനകളുടെ നീണ്ട നിരതന്നെ കൃത്യതയാര്‍ന്ന രോഗനിര്‍ണയത്തിന് വേണ്ടിവന്നേക്കാം. രോഗത്തിനു കാരണമാകാവുന്ന വാതസംബന്ധിയായ രോഗങ്ങള്‍, അലര്‍ജി, അണുബാധകള്‍, പാരമ്പര്യ ഘടകങ്ങള്‍, തൊഴില്‍ സാഹചര്യങ്ങള്‍, തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള പരിശോധനകളും ശ്വാസകോശചുരുക്കത്തില്‍ ആവശ്യമായി വരും.

എന്താണ് ഇന്റര്‍സ്റ്റിഷ്യല്‍


ശ്വാസകോശത്തിന്റെ ആകൃതിയും പ്രകൃതിയും സംരക്ഷിപ്പു നിര്‍ത്തുന്ന കോശകലകളുടെ സമുച്ചയമാണ് ശ്വാസകോശ ഇന്റര്‍സ്റ്റിഷ്യമെന്ന് പറയാം. ഓക്‌സിജന്‍ - കാര്‍ബണ്‍ ഡൈഓക്‌സൈഡ് വാതക കൈമാറ്റം നടക്കുന്ന വായു അറകളുടെ അതിംലോല ഭിത്തി, അനുബന്ധ കോശകലകള്‍, ചെറു രക്തക്കുഴലുകളുടെ പടലങ്ങള്‍, രക്തക്കുഴലുകളുടെയും ലസികാഗ്രന്ഥികളുടെയും അനുബന്ധ കോശകലകള്‍ എന്നിവ ചേര്‍ന്നതാണ് ഇന്റര്‍സ്റ്റിഷ്യം.

ഇതിന് ഘടനാപരമായോ ധര്‍മ്മപരമായോ കേട്പാട് സംഭവിച്ച് മൃദുലമായ ശ്വാസകോശങ്ങള്‍ ദ്രവിച്ച് കട്ടിയേറിയ (ഫൈബ്രോഡിഡ്) അവസ്ഥയിലെത്തി ശ്വാസകോശങ്ങളുടെ സ്വാഭാവിക പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്ന ശ്വാസകോശങ്ങള്‍ ദ്രവിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ശ്വാസകോശ ചുരുക്കം എന്നതാണ് ഇന്റര്‍സ്റ്റിഷ്യല്‍ ശ്വാസകോശരോഗങ്ങള്‍ എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. കയര്‍, ചെമ്മീന്‍ മേഖലകളില്‍ പണിയെടുക്കുന്ന തൊഴിലാളികളില്‍ ചിലയിനം ഇന്റര്‍സ്റ്റിഷ്യല്‍ ശ്വാസകോശ രോഗങ്ങള്‍ കൂടുതലായി കാണപ്പെടുന്നതായി പഠനങ്ങള്‍
പറയുന്നു.

uploads/news/2018/09/251472/swsakoshamcare250918c.jpg

ചികിത്സ എന്ത്?


രോഗം ആദ്യ ഘട്ടത്തില്‍ തന്നെ ശരിയായി നിര്‍ണയിക്കപ്പെടുക എന്നത് ഏറെ പ്രധാനമാണ്. ശ്വാസകോശങ്ങള്‍ ചുരുങ്ങി ദ്രവിച്ച് കേടുപാട് ബാധിച്ച അവസ്ഥയില്‍ എത്തിയാല്‍ മിക്ക മരുന്നുകളും കാര്യമായി ഫലം ചെയ്യില്ല. രോഗകാരണം കണ്ടെത്താന്‍ കഴിഞ്ഞാല്‍ ചികിത്സ താരതമ്യേന എളുപ്പമാണ്. രോഗം ഉണ്ടാകാനിടയാകുന്ന സാഹചര്യങ്ങള്‍ തൊഴിലിടങ്ങളിലോ വീട്ടിലോ ഉണ്ടെങ്കില്‍ അത് ഒഴിവാക്കേണ്ടതുണ്ട്. വാതരോഗികളില്‍ അതിനനുസൃതമായ മരുന്നുകള്‍ നല്‍കുന്നത് ശ്വാസകോശത്തെ ബാധിച്ച രോഗാവസ്ഥയ്ക്ക് ശമനം നല്‍കുന്നതായി കാണാറുണ്ട്.

പൊതുവേ പറഞ്ഞാല്‍ സ്റ്റിറോയിഡ് വിഭാഗത്തില്‍പ്പെട്ട മരുന്നുകളാണ് ഈ രോഗാവസ്ഥകളില്‍ ഏറ്റവും കൂടുതലായി നല്‍കപ്പെടുന്നത്. ഇന്ന് നിലവിലുള്ള ഏറ്റവും ഫലപ്രദമായ ഔഷധങ്ങളും ഇവതന്നെ. എന്നാല്‍ സ്റ്റിറോയിഡ് വിഭാഗത്തില്‍പ്പെട്ട മരുന്നുകളോട് എല്ലാത്തരം ഇന്റര്‍സ്റ്റിഷ്യല്‍ ശ്വാസകോശരോഗങ്ങളും ഒരേപോലെയല്ല പ്രതികരിക്കുന്നത്.

ചിലയിനം രോഗങ്ങളില്‍ വളരെ നല്ല ഫലം നല്‍കുമ്പോള്‍ ചിലതില്‍ ചെറിയ മെച്ചം ലഭിക്കുന്നു. എന്നാല്‍ ചിലതിലാകട്ടെ ഒട്ടും പ്രയോജനം ചെയ്യുന്നുമില്ല. അതുകൊണ്ടുതന്നെ ഇത്തരം രോഗാവസ്ഥകള്‍ക്കുള്ള ഒറ്റമൂലിയല്ല സ്റ്റിറോയിഡുകള്‍. ഇത്തരം മരുന്നുകള്‍ ഫലം ചെയ്യുന്ന സാഹചര്യങ്ങളില്‍ അവ ദീര്‍ഘകാലം ഉപയോഗിക്കേണ്ടിവന്നേക്കാം. അതിനാല്‍ ഇവമൂലമുള്ള ദൂഷ്യഫലങ്ങളും ഉണ്ടാകാം. മരുന്നിന്റെ അളവ്, കാലദൈര്‍ഘ്യം എന്നിവയൊക്കെ ഇടയ്ക്കിടെയുള്ള പരിശോധനയിലൂടെ വേണം തീര്‍ച്ചപ്പെടുത്താന്‍.

രോഗകാരണമെന്തെന്ന് കൃത്യമായി കണ്ടെത്താന്‍ കഴിയാത്ത 'ഇഡിയോപ്പതിക്' വിഭാഗത്തില്‍പ്പെടുന്ന ശ്വാസകോശ ചുരുക്കങ്ങള്‍ക്ക് ആദ്യകാലങ്ങളില്‍ സ്റ്റിറോയിഡുകള്‍ വ്യാപകമായി നല്‍കിവന്നിരുന്നു. ഇവയൊരു ഗുണവും ചെയ്യുന്നില്ല എന്നുമാത്രമല്ല, സ്റ്റിറോയിഡുകള്‍ മൂലമുള്ള ദൂഷ്യഫലങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. അതുകൊണ്ട് ഇന്ന് ഇത്തരം സാഹചര്യങ്ങളില്‍ സ്റ്റിറോയിഡുകള്‍ ഉപയോഗിക്കാറില്ല.

ശ്വാസകോശങ്ങള്‍ ദ്രവിക്കുന്നതിനെ തടയുകയും നിലവിലെ അവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്ന 'പിര്‍ഫെനിഡോണ്‍' എന്ന മരുന്ന് ഒരു പരിധിവരെ ഗുണം ചെയ്യും. നിന്റിഡാനിബ് എന്ന മരുന്നും ഇത്തരം അവസ്ഥകളില്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ വിലയേറിയ ഇത്തരം മരുന്നുകള്‍ മിക്ക സാധാരണക്കാര്‍ക്കും അപ്രാപ്യമാണെന്നുള്ളതാണ് വസ്തുത.

രോഗാവസ്ഥ മൂര്‍ച്ഛിച്ച് ശ്വാസകോശ പരാജയത്തിലേക്കെത്തുന്ന രോഗികള്‍ക്ക് സ്ഥിരമായി ഓക്‌സിജന്‍ ചികിത്സ നല്‍കുന്നത് ക്ലേശങ്ങള്‍ ഒരുപരിധിവരെ കുറയ്ക്കാന്‍ സഹായിക്കും. ശ്വാസകോശങ്ങള്‍ മാറ്റിവയ്ക്കുന്ന ചികിത്സാ രീതിയും നമ്മുടെ നാട്ടില്‍ പ്രചാരത്തിലായിട്ടില്ലെങ്കിലും വിദേശരാജ്യങ്ങളില്‍ നിലവിലുണ്ട്.

സ്റ്റിറോയിഡുകള്‍ നല്ല ഫലം ചെയ്ത പല ഇന്റര്‍സ്റ്റിഷ്യല്‍ ശ്വാസകോശ രോഗങ്ങളും പൂര്‍ണമായി സുഖപ്പെടുന്നതായി കണ്ടുവരുന്നു. ഉദാഹരമായി സാര്‍ക്കോയിഡോസിസ്, ഇയോസിനോഫിലിക് ന്യൂമോണിയ, ക്രിപ്‌റ്റോജനിക് ഓര്‍ഗനൈസിംഗ് ന്യൂമോണിയ തുടങ്ങിയവ.

ചുരുക്കത്തില്‍ നിരവധി രോഗാവസ്ഥകളുടെ പൊതുവായ പേരാണ് ഇന്റര്‍സ്റ്റിഷ്യല്‍ ശ്വാസകോശ രോഗങ്ങള്‍ എന്നത്. ചിലതിന് ചികിത്സ വളരെ എളുപ്പം. ചിലത് താരതമ്യേന എളുപ്പം. മറ്റുചിലതാകട്ടെ ഏറെ പ്രയാസവും. എന്നിരുന്നാലും ആദ്യഘട്ടത്തില്‍ തന്നെ കണ്ടെത്താനായാല്‍ രോഗം തീവ്രമാകുന്നതിനെ തടയാനാവും. അതുകൊണ്ടുതന്നെ രോഗലക്ഷണങ്ങ ള്‍ അവഗണിക്കാതിരിക്കുക.

ഡോ. പി.എസ്. ഷാജഹാന്‍
അഡീഷണല്‍ പ്രൊഫസര്‍
ശ്വാസകോശ വിഭാഗം
ഗവ. ടി.ഡി.മെഡിക്കല്‍ കോളജ്, ആലപ്പുഴ

Ads by Google
Tuesday 25 Sep 2018 04.14 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW