Sunday, August 18, 2019 Last Updated 59 Min 19 Sec ago English Edition
Todays E paper
Ads by Google
കഴുമരത്തിന്റെ നിഴലില്‍ / എ.പി. ചന്ദ്രന്‍ (ഡിവൈ.എസ്.പി, വിജിലന്‍സ് സ്‌പെഷല്‍ സെല്‍, കോഴിക്കോട്)
Tuesday 25 Sep 2018 11.24 AM

കഞ്ചാവും കാമവെറിയും കൂടിക്കലര്‍ന്നപ്പോള്‍ അയാള്‍ക്ക് സമനിലതെറ്റി; പ്രായത്തില്‍ കവിഞ്ഞ വളര്‍ച്ചയുള്ള, സ്വന്തം മകളുടെ കൂട്ടുകാരിയെ.... സല്‍വയുടെ ദുരന്തം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്

സല്‍വ കൊലക്കേസ് - 04
uploads/news/2018/09/251416/WeeklyCrimeStory250918.jpg

'' കൊടും വേദനയുടെ തീനദികള്‍ നീന്തിയാണ് ആ പാവം പെണ്‍കുട്ടി മരണത്തിന്റെ ആഴക്കയങ്ങളിലേക്കു പോയതെന്ന് ഇന്‍ക്വസ്റ്റ് തയാറാക്കുമ്പോള്‍ മനസിലായി. ''

നാട്ടുകാരുടെ മര്‍ദ്ദനമേറ്റ് അവശനായ അബ്ദുല്‍ നാസറിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് അഡ്മിറ്റ് ചെയ്തത്. ആള്‍ക്കൂട്ട വിചാരണയില്‍നിന്ന് സാഹസികമായി രക്ഷപ്പെടുത്തുമ്പോള്‍ അയാള്‍ ബോധരഹിതനായിരുന്നു. പക്ഷേ മെഡിക്കല്‍ കോളജിലെ പരിചരണത്തിലൂടെ ബോധം തിരികെ കിട്ടി.

ആശുപത്രിക്കു പുറത്ത് അയ്യായിരത്തിലധികം ആളുകള്‍ തടിച്ചുകൂടിയിട്ടുണ്ട്. ജനം ആശുപത്രിയിലേക്ക് ഇരച്ചുകയറാതിരിക്കാന്‍ പോലീസ് ശക്തമായ കാവല്‍ ഏര്‍പ്പെടുത്തി. തനിക്കിനി രക്ഷയില്ല എന്നു മനസ്സിലായതോടെ അയാള്‍ പോലീസിനോട് കുറ്റസമ്മതം നടത്തി. ബലാത്സംഗം ചെയ്ത ശേഷം സല്‍വയെ കൊന്നുകളയുകയായിരുന്നു എന്ന് അയാള്‍ പറഞ്ഞു.

സല്‍വ മരിച്ചുകിടന്ന അബ്ദുല്‍ നാസറിന്റെ വീടിനും ശക്തമായ കാവല്‍ ഏര്‍പ്പെടുത്തി. വീട് സീന്‍ഗാര്‍ഡ് ചെയ്ത് വേര്‍തിരിച്ച ശേഷം തുടര്‍ നടപടികള്‍ പിറ്റേന്നത്തേക്കു മാറ്റിയതാണ്.

ഒമ്പതു വയസ് മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത് അതീവ ഗൗരവമുള്ള കേസായതിനാല്‍ ഇന്‍ക്വസ്റ്റും മേല്‍നടപടികളും പകല്‍വെളിച്ചത്തില്‍ നടത്തുന്നതാണ് നല്ലതെന്നു തോന്നി. മാത്രമല്ല, ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിന് സയന്റിഫിക് ഓഫീസേഴ്‌സ്, ഫിംഗര്‍പ്രിന്റ് എക്‌സ്പര്‍ട്ട്‌സ്, പോലീസ് ഫോട്ടോഗ്രാഫേഴ്‌സ് തുടങ്ങിയവരുടെ സേവനവും ആവശ്യമാണ്.

പ്രതിയെ കിട്ടിയതുകൊണ്ടു മാത്രം ശിക്ഷിക്കാന്‍ കഴിയില്ലല്ലോ. ദൃക്‌സാക്ഷികള്‍ ഇല്ലാത്ത സംഭവമായതിനാല്‍ ശക്തമായ തെളിവുകള്‍ നിരത്തി കുറ്റവാളിയെ അതിനു നടുവില്‍ നിര്‍ത്താന്‍ കഴിയണം. ഒറ്റയ്ക്കാണ് കൃത്യം നിര്‍വഹിച്ചതെന്ന് അബ്ദുല്‍ നാസര്‍ പറഞ്ഞുവെങ്കിലും കുറ്റകൃത്യത്തില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ നിരീക്ഷണം ഏര്‍പ്പെടുത്തി. രാത്രിയില്‍ സംഭവസ്ഥലത്തേക്ക് പുറത്തുനിന്ന് ഏതെങ്കിലും വാഹനം വന്നുപോകുന്നുണ്ടോ എന്നും ശ്രദ്ധിച്ചു.

പിറ്റേന്നു രാവിലെ ഞാനും അന്നത്തെ നിലമ്പൂര്‍ എസ്.ഐ. സി. പ്രദീപ്കുമാറും ചേര്‍ന്ന് മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്തു. അബ്ദുല്‍ നാസറിന്റെ വീടിനോടു ചേര്‍ന്ന് ഓലകൊണ്ടു മറച്ചുകെട്ടിയ കുളിമുറിയില്‍ തുണി അലക്കാന്‍ വച്ച ഒരു കല്ലുണ്ടായിരുന്നു. അവിടെ കൊണ്ടുപോയി വലിച്ചെറിയുന്നതിനിടയില്‍ മൃതദേഹത്തിന്റെ തലഭാഗത്ത് ക്ഷതമേറ്റിരുന്നു. സല്‍വയുടെതന്നെ ഷാള്‍ കഴുത്തില്‍ കുരുക്കിയിട്ടാണ് അവളെ ശ്വാസംമുട്ടിച്ചു കൊന്നിരിക്കുന്നത്. ആ ഷാള്‍ കഴുത്തില്‍ കുരുങ്ങിക്കിടക്കുന്നുണ്ടായിരുന്നു. അമിതാവേശത്തില്‍ അബ്ദുല്‍ നാസര്‍ എന്ന നരാധമന്‍ സല്‍വയുടെ രഹസ്യഭാഗം മുറിപ്പെടുത്തി വികൃതമാക്കിയതും ദൃശ്യമായിരുന്നു. കൊടുംവേദനയുടെ തീനദികള്‍ നീന്തിയാണ് ആ പാവം പെണ്‍കുട്ടി മരണത്തിന്റെ ആഴക്കയങ്ങളിലേക്കു പോയതെന്ന് ഇന്‍ക്വസ്റ്റ് തയാറാക്കുമ്പോള്‍ ഞങ്ങള്‍ക്കു മനസ്സിലായി.

ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. നിര്‍ണായക തെളിവുകള്‍ ലഭിച്ചത് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍നിന്നാണ്. സല്‍വയുടെ വസ്ത്രത്തില്‍നിന്നും ശരീരത്തില്‍നിന്നും ശേഖരിച്ച സെമന്‍ സ്‌റ്റെയിന്‍ അബ്ദുല്‍ നാസറിന്റേതുതന്നെയാണെന്ന് ഡി.എന്‍.എ. പരിശോധനയിലൂടെ തെളിയിക്കാന്‍ കഴിഞ്ഞു. ബലാത്സംഗം നടന്നുവെന്നതിന്റെ നിര്‍ണായക തെളിവായി പിന്നീടത് കോടതി വിലയിരുത്തി.

uploads/news/2018/09/251416/WeeklyCrimeStory250918a.jpg

പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് സല്‍വയുടെ മൃതദേഹം നേരെ കൊണ്ടുപോയത് ചുള്ളിയോട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലേക്കാണ്. വലിയ ജനക്കൂട്ടത്തിന്റെ സാന്നിദ്ധ്യത്തില്‍ അവിടെയത് മറവുചെയ്തു. മൃതദേഹം വഹിച്ചുകൊണ്ട് 65 കിലോമീറ്റര്‍ ദൂരം പിന്നിടുന്നതിനിടയില്‍ വഴിയരികില്‍ നിന്ന് സ്ത്രീകളും കുട്ടികളും വേദന അടക്കിപ്പിടിച്ച് വിതുമ്പുന്നുണ്ടായിരുന്നു.

മൃതദേഹം മറവു ചെയ്തതിന്റെ പിറ്റേദിവസം രാവിലെ മെഡിക്കല്‍ കോളജില്‍വച്ച് ചോദ്യം ചെയ്ത ശേഷം അബ്ദുള്‍ നാസറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. സര്‍വ്വീസില്‍നിന്നു റിട്ടയര്‍ ചെയ്ത ശേഷം 2018-ല്‍ ഐ.പി.എസ്. നേടിയ കെ.പി. വിജയകുമാര്‍ ആയിരുന്നു അന്ന് പെരിന്തല്‍മണ്ണയിലെ ഡിവൈ.എസ്.പി. അദ്ദേഹം എല്ലാ നിര്‍ദ്ദേശങ്ങളും നല്‍കി പോലീസ് ടീമിന് ആത്മവീര്യം പകര്‍ന്നു. അന്നത്തെ തിരൂര്‍ സി.ഐ. എം.പി. മോഹനചന്ദ്രന്‍ കേസന്വേഷണത്തിന് ധാര്‍മ്മിക പിന്തുണ നല്‍കി ഒപ്പമുണ്ടായിരുന്നു. എല്ലാ തെളിവുകളും ശേഖരിച്ച് പ്രതിയെ ശിക്ഷയ്ക്കു വിധേയനാക്കാനായിരുന്നു പോലീസ് ടീമിന്റെ പരിശ്രമം.

ദുര്‍ഘടമായ വഴിയിലൂടെയേ അതു സാധ്യമാവുകയുള്ളു. സല്‍വ ബലാത്സംഗം ചെയ്യപ്പെട്ട ശേഷം അതിദാരുണമായി കൊല്ലപ്പെട്ടു എന്നത് യാഥാര്‍ത്ഥ്യമാണ്. കൃത്യം ചെയ്തത് അബ്ദുല്‍ നാസറാണെന്ന കാര്യവും എല്ലാവര്‍ക്കും അറിയാവുന്ന പച്ചപ്പരമാര്‍ത്ഥം തന്നെ. പക്ഷേ, അതുകൊണ്ടു മാത്രം കാര്യമില്ലല്ലോ. തെളിവുകള്‍ നിരത്തി കുറ്റം സ്ഥാപിക്കാന്‍ അന്വേഷണസംഘത്തിനു കഴിയണം. അല്ലെങ്കില്‍ സംശയത്തിന്റെ ആനുകൂല്യത്തില്‍ പ്രതി കോടതിയില്‍നിന്ന് രക്ഷപ്പെടും. അതൊരിക്കലും സംഭവിക്കാന്‍ പാടില്ല.

നഷ്ടപ്പെട്ട ജീവന്‍ ഒരിക്കലും തിരിച്ചുകിട്ടില്ല. സല്‍വ തിന്നുതീര്‍ത്ത വേദനകള്‍ക്ക് പരിഹാരവുമില്ല. എങ്കിലും പ്രതിക്കു തക്കതായ ശിക്ഷ ലഭിച്ചാല്‍ ഇരയുടെ ബന്ധുക്കള്‍ക്ക് അല്പം ആശ്വാസം ലഭിക്കും. മറിച്ചായാല്‍ പ്രതി സമൂഹത്തില്‍ സൈ്വരവിഹാരം നടത്തി, ഇരയുടെ ബന്ധുക്കള്‍ക്കും സമൂഹത്തിനും പേടിസ്വപ്‌നമായി മാറും.

ജനം ആഗ്രഹിക്കുന്ന ശിക്ഷ കോടതിയില്‍ നിന്ന് അയാള്‍ക്ക് ലഭിക്കുന്നതിനു വേണ്ടി പോലീസ് അഹോരാത്രം പ്രവര്‍ത്തിക്കുകയായിരുന്നു. അല്ലെങ്കില്‍ പൊതുജനം പോലീസിനെ നോക്കി നാളെ പറയും:
''ഞങ്ങള്‍ക്ക് വിട്ടുതരാമായിരുന്നില്ലേ അവനെ... നിങ്ങള്‍ പോലീസുകാര്‍ അവനെ രക്ഷിച്ചില്ലേ...''
* * *
സംഭവിച്ചത് ഇതാണ്: അബ്ദുല്‍ നാസറിന്റെ മകളും സല്‍വയും മദ്രസയില്‍ പഠിച്ചിരുന്നത് ഒരേ ക്ലാസിലാണ്. സംഭവദിവസം രാവിലെ 6.30-ന് സല്‍വ മദ്രസയില്‍ പോകാനായി വീട്ടില്‍നിന്നിറങ്ങി. പോകുന്ന വഴിക്ക് കൂട്ടുകാരിയുടെ വീട്ടില്‍ കയറി, അവളെയും കൂട്ടി പോകാറാണ് പതിവ്. കൂട്ടുകാരിയെ കൂടെ കൂട്ടാനായി അബ്ദുല്‍ നാസറിന്റെ വീട്ടിലെത്തിയ സല്‍വയ്ക്ക് അബ്ദുല്‍ നാസറിന്റെ ഭാര്യയും കുട്ടികളും അവിടെ ഇല്ല എന്ന വിവരം അറിഞ്ഞുകൂടായിരുന്നു.

അവിടെ എത്തിയ സല്‍വ കൂട്ടുകാരി എവിടെ എന്നും അവള്‍ മദ്രസയില്‍ പോകാന്‍ തയാറായില്ലേ എന്നും അബ്ദുല്‍ നാസറിനോട് ആരാഞ്ഞു. തിണ്ണയിലെ കസേരയില്‍ കഞ്ചാവിന്റെ ലഹരിയില്‍ മയങ്ങി ചടഞ്ഞിരിക്കുകയായിരുന്ന അയാളിലെ ഹ്രിംസജന്തു ഉണര്‍ന്നു.

ഒമ്പതു വയസേ ആയിട്ടുള്ളൂ എങ്കിലും പ്രായത്തില്‍ കവിഞ്ഞ വളര്‍ച്ചയുള്ള സല്‍വയുടെ ശരീരത്തിലൂടെ അയാളുടെ ആര്‍ത്തിപുരണ്ട കണ്ണുകള്‍ രണ്ടു തേരട്ടകളെപ്പോലെ ഇഴഞ്ഞുനടന്നു. കഞ്ചാവും കാമവെറിയും കൂടിക്കലര്‍ന്നപ്പോള്‍ അയാള്‍ക്ക് സമനിലതെറ്റി.

ഭാര്യ കുട്ടികളെയും കൂട്ടി അവരുടെ വീട്ടിലേക്കു പോയിരിക്കുകയാണെന്നും താന്‍ ഒറ്റയ്ക്കാണെന്നും പറയേണ്ടതിനു പകരം സല്‍വയുടെ കൂട്ടുകാരിയായ തന്റെ മകള്‍ അകത്തുണ്ടെന്നും അവള്‍ മദ്രസയിലേക്കു പോകാന്‍ ഒരുങ്ങുകയാണെന്നും അകത്തേക്ക് കയറിക്കൊള്ളാനുമാണ് അബ്ദുല്‍ നാസര്‍, സല്‍വയോടു പറഞ്ഞത്.

രാവിലെ ആറര, ഏഴുമണിക്കാണ് കുട്ടികള്‍ മദ്രസയിലേക്കും മറ്റും പോകുന്നത്. ആ സമയത്ത് പലപ്പോഴും പലരും ഉണര്‍ന്നിട്ടു പോലുമുണ്ടാവില്ല. പുലര്‍കാലങ്ങളില്‍ കുട്ടികളെ ഒറ്റയ്ക്കു വിടുന്നത് എത്രമാത്രം അപകടകരമാണെന്ന് സല്‍വയുടെ ദുരന്തം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അബ്ദുല്‍ നാസര്‍ ഇപ്പോള്‍ വധശിക്ഷയും കാത്ത് കണ്ണൂര്‍ ജയിലിലുണ്ട്.

തയാറാക്കിയത്:
സലിം ഇന്ത്യ

Ads by Google
കഴുമരത്തിന്റെ നിഴലില്‍ / എ.പി. ചന്ദ്രന്‍ (ഡിവൈ.എസ്.പി, വിജിലന്‍സ് സ്‌പെഷല്‍ സെല്‍, കോഴിക്കോട്)
Tuesday 25 Sep 2018 11.24 AM
Ads by Google
Loading...
TRENDING NOW