Sunday, August 18, 2019 Last Updated 54 Min 12 Sec ago English Edition
Todays E paper
Ads by Google
Saturday 22 Sep 2018 03.42 PM

കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുമ്പോള്‍ അമ്മമാര്‍ ഓര്‍മിക്കാന്‍

uploads/news/2018/09/250619/kidsfod220918a.jpg

കുട്ടികള്‍ ശരിയായ ഭക്ഷണം ശരിയായ സമയത്താണ് കഴിക്കുന്നത് എന്ന് ഉറപ്പുവരുത്തുവാന്‍ അമ്മമാര്‍ക്ക് കഴിയണം

കുട്ടികളുടെ ഭക്ഷണകാര്യത്തില്‍ അമ്മമാര്‍ പ്രത്യേകം ശ്രദ്ധപതിപ്പിക്കണം. ഭക്ഷണം തയാറാക്കുമ്പോഴും ഭക്ഷണവിഭവങ്ങള്‍ തെരഞ്ഞെടുക്കുമ്പോഴും ആ ശ്രദ്ധയും പരിഗണനയും ഉണ്ടാകണം. കുട്ടികള്‍ ശരിയായ ഭക്ഷണം ശരിയായ സമയത്താണ് കഴിക്കുന്നത് എന്ന് ഉറപ്പുവരുത്തുവാന്‍ അമ്മമാര്‍ക്ക് കഴിയണം.

1. ഭക്ഷണകാര്യത്തില്‍ റോള്‍മോഡല്‍ ആവുക. എല്ലാത്തരം ഭക്ഷണവും കഴിക്കുകയും അവ കഴിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്യുക.
2. ഭക്ഷണകാര്യത്തിലെ കുട്ടികളുടെ ദുര്‍വാശിക്കു ചെറുപ്പം മുതലേ കൂട്ടുനില്‍ക്കാതിരിക്കുക. (കുട്ടികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ അവ ആരോഗ്യപരമാണെങ്കില്‍ പരിഗണിക്കുന്നതു നല്ലതാണ്).
3. കഴിവതും കുടുംബാംഗങ്ങള്‍ എല്ലാവരുംകൂടി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുക.
4. കുട്ടികളുടെ ഭക്ഷണം കഴിക്കാനുള്ള കപ്പാസിറ്റിയെക്കുറിച്ചു മാതാപിതാക്കള്‍ക്ക് ഒരു ധാരണ ഉണ്ടായിരിക്കണം. അതില്‍ കൂടുതല്‍ ഭക്ഷണം അവരെക്കൊണ്ടു നിര്‍ബന്ധിച്ചു കഴിപ്പിക്കരുത്.

5. ഒരുപാടു ഭക്ഷണം ഒറ്റയടിക്കു കഴിച്ചെന്നു കരുതി അവര്‍ സ്‌പോര്‍ട്‌സ് താരങ്ങളൊന്നും ആവില്ലെന്നു മാത്രമല്ല ഇതു വിപരീത ഫലമാണു ചെയ്യുക എന്നും ഓര്‍മിക്കുക.
6. ഭക്ഷണം കഴിക്കാന്‍ മടികാണിക്കുന്ന കുട്ടിയെ ഒരിക്കലും തല്ലിയും ഭീഷണിപ്പെടുത്തിയും ഭക്ഷണം കഴിപ്പിക്കാന്‍ ശ്രമിക്കരുത്. അനുനയത്തിന്റെ ഭാഷയാണ് എപ്പോഴും അഭികാമ്യം. ഭക്ഷണത്തോടുള്ള വിരക്തിയുടെ കാരണമാണ് ആദ്യം കണ്ടുപിടിക്കേണ്ടത്.
7. കുട്ടികള്‍ക്കുവേണ്ടി തയാറാക്കുന്ന ഭക്ഷണം അളവിലും ഗുണത്തിലും വേണ്ടത്ര നിലവാരം പുലര്‍ത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.
8. ഭക്ഷണത്തില്‍ എല്ലായ്‌പ്പോഴും വൈവിധ്യം വരുത്താന്‍ ശ്രദ്ധിക്കുക.
9. എന്നും കൃത്യസമയത്തു ഭക്ഷണം കൊടുക്കാന്‍ ശ്രമിക്കുക. അതുപോലെ ഭക്ഷണം ശരിയായി ചവച്ചരച്ചു കഴിക്കാനാവശ്യമായ സമയം ഉണ്ടെന്ന് ഉറപ്പാക്കണം (പ്രത്യേകിച്ചും പ്രഭാത ഭക്ഷണത്തിന്റെ കാര്യത്തില്‍).
10. സ്‌കൂള്‍ ബസ് വരുന്നതിനു തൊട്ടുമുമ്പു നിന്നും നടന്നും ഭക്ഷണം വെട്ടിവിഴുങ്ങുന്ന രീതി ഉപേക്ഷിക്കണം.

11. ഭക്ഷണം കൂടുതല്‍ ആസ്വാദ്യകരവും ആകര്‍ഷകവുമാക്കാന്‍ ശ്രദ്ധിക്കുക.
12. ചപ്പാത്തിയും മറ്റും ഉണ്ടാക്കുമ്പോള്‍ വ്യത്യസ്തമായ ആകൃതിയിലും അളവിലും ഉണ്ടാക്കി നോക്കുക. പുട്ടുണ്ടാക്കുമ്പോള്‍ തേങ്ങാ ചിരവിയിട്ടതിന്റെ കൂടെയോ പകരമോ കാരറ്റ് കൊത്തിയരിഞ്ഞതോ ചീര കൊത്തിയരിഞ്ഞതോ ഒക്കെ ചേര്‍ക്കാവുന്നതാണ്. രുചിയും ഗുണവും വര്‍ണവൈവിധ്യവും ഒക്കെയുണ്ടാവും.
13. പഴങ്ങളിലെയും പച്ചക്കറികളിലെയും നിറങ്ങളിലെ വൈവിധ്യം ഉപയോഗപ്പെടുത്തുക.

uploads/news/2018/09/250619/kidsfod220918b.jpg

14. പാലിന്റെ രുചിയോടും മണത്തോടും ചില കുട്ടികള്‍ക്കെങ്കിലും ഉള്ള മടുപ്പു മാറ്റാന്‍ മാര്‍ക്കറ്റില്‍ കിട്ടുന്ന കൊക്കോയും മാള്‍ട്ടുമൊക്കെ ചേര്‍ന്ന ഏതെങ്കിലും നല്ല ഹെല്‍ത്ത് ഡ്രിങ്കിന്റെ പൊടി അല്‍പം ചേര്‍ത്തു മണവും രുചിയും മെച്ചപ്പെടുത്തുന്നതില്‍ തെറ്റില്ല.
15. പരസ്യങ്ങളുടെയും ഇത്തരം കമ്പനികളുടെ അവകാശവാദങ്ങളുടെയും സ്വാധീനവലയത്തില്‍പ്പെട്ട് ഉയര്‍ന്ന വില കൊടുത്ത് ഇവയൊന്നും വാങ്ങി കഴിക്കുന്നതുകൊണ്ടു നല്ല സമീകൃതാഹാരം കഴിക്കുന്നതില്‍ കൂടുതല്‍ മെച്ചമൊന്നും കിട്ടാനില്ലെന്നും മനസിലാക്കുക.

16. കുട്ടികള്‍ക്കു ഭക്ഷണം കൊടുക്കുന്ന ആള്‍ക്ക് ഏതെങ്കിലും ഭക്ഷണത്തോടു മടുപ്പുണ്ടെങ്കില്‍ അതു കുട്ടിയുടെ മുന്നില്‍വച്ചു കാണിക്കരുത്.
17. വ്യത്യസ്തങ്ങളായ പാചകരീതികള്‍ ഭക്ഷണത്തിനു വൈവിധ്യം നല്‍കുമെന്നോര്‍ക്കുക.
18. ചൂട് നിലനിര്‍ത്താന്‍ കഴിവുള്ളതരം ലഞ്ച് ബോക്‌സുകളില്‍ ഭക്ഷണം കൊടുത്തയയ്ക്കാന്‍ ശ്രദ്ധിക്കുക. തണുത്തു മരവിച്ച ഉച്ചഭക്ഷണം കുട്ടികളില്‍ വിരക്തി ഉണ്ടാക്കും.
19. ചായ, കാപ്പി എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുക.
20. ഭക്ഷണത്തോടൊപ്പം തിളപ്പിച്ചാറ്റിയ വെള്ളം, ചുക്കുവെള്ളം, ജീരകവെള്ളം, പതിമുകം ചേര്‍ത്ത ദാഹശമനി ഇവയിലേതെങ്കിലും വൃത്തിയായി കഴുകിയ കുപ്പിയില്‍ കൊടുത്തയയ്ക്കുക. മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, വയറിളക്കം മുതലായ രോഗങ്ങളുടെ പ്രധാന കാരണം മലിനജലമാണെന്നറിയുക.

21. രാവിലെ കഴിച്ച അതേ ബ്രേക്ക് ഫാസ്റ്റ് തന്നെ ഉച്ചയ്ക്കും കൊടുത്തയയ്ക്കുന്നതു കുട്ടിയില്‍ ഭക്ഷണത്തോടു മടുപ്പുണ്ടാക്കും.
22. പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍, പാല്‍ എന്നിവ ദിവസേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
23 കഴിവതും പുതിയ ഭക്ഷണസാധനങ്ങള്‍ മാത്രം കൊടുക്കുക. ഫ്രിഡ്ജില്‍ വച്ചു പഴകിയതും വീണ്ടും വീണ്ടും ചൂടാക്കിയെടുക്കുന്നതുമായ ഭക്ഷ്യവസ്തുക്കള്‍ മുതിര്‍ന്നവര്‍ക്കു പോലും നല്ലതല്ല.
24. പപ്പടം, അച്ചാറുകള്‍, കൊണ്ടാട്ടങ്ങള്‍ എന്നിവയുടെയൊക്കെ ഉപയോഗം വളരെയധികം പരിമിതപ്പെടുത്തുക.
25. കുട്ടികള്‍ക്കു ഭക്ഷണത്തോടുള്ള താല്‍പര്യം വര്‍ധിപ്പിക്കാന്‍ ഏതൊരു ഭക്ഷ്യവസ്തുവിന്റെയും കൂടെ പഞ്ചസാര, ജാം, സോസ്, കൊച്ച് അപ്പ് മുതലായവ കൊടുക്കുന്ന ശീലം ചില അമ്മമാര്‍ക്കെങ്കിലും ഉണ്ട്. ഇതു പ്രോത്സാഹിപ്പിക്കാവുന്നതല്ല.

26. നാലുമണിപ്പലഹാരമായി ബേക്കറി സാധനങ്ങള്‍ കൊടുക്കുന്നതു പരമാവധി ഒഴിവാക്കുക. ബിസ്‌ക്കറ്റ്, വറവുപലഹാരങ്ങള്‍ എന്നിവയിലൊക്കെ എണ്ണ, കൊഴുപ്പ്, പഞ്ചസാര, നിറവും മണവും നല്‍കാനുള്ള കൃതിമ വസ്തുക്കള്‍, ഉയര്‍ന്ന കലോറി എന്നിവ അടങ്ങിയിരിക്കുന്നു.
27. ഭക്ഷണകാര്യങ്ങളിലെ അനാരോഗ്യകരമായ പ്രവണതകളെക്കുറിച്ച് അല്‍പം മുതിര്‍ന്ന കുട്ടികളില്‍ ശരിയായ രീതിയിലുള്ള ബോധവത്കരണം നടത്തേണ്ടതു മാതാപിതാക്കളുടെയും സ്‌കൂള്‍ അധികൃതരുടെയും കടമയാണ്.

വിവരങ്ങള്‍ക്ക് കടപ്പാട്:
സുനില്‍ മൂത്തേടത്ത്

Ads by Google
Saturday 22 Sep 2018 03.42 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW