Sunday, August 18, 2019 Last Updated 54 Min 12 Sec ago English Edition
Todays E paper
Ads by Google
നീതു വര്‍ഗ്ഗീസ്‌
Thursday 20 Sep 2018 02.15 PM

മൊട്ടക്കുന്നുകളും പൈന്‍മരക്കൂട്ടവും അവിടെ തന്നെയുണ്ട്: പ്രളയത്തിനുശേഷം വാഗമണ്ണിനെ തേടിയൊരു യാത്ര..

Vagamon

മനസിന്റെ പിടി വിടുമ്പോള്‍ ഒന്ന് കുളിര്‍പ്പിക്കുന്നത് ഇടുക്കിയാണ്.. കൃത്യമായ ഇടവേളകളില്‍ മനസിനെ കുളിരണിയിച്ചുകൊണ്ടിരുന്ന, കൈവിട്ടു പോകുന്ന മനസിനെ തിരിച്ചു തരുന്ന ആ ഇടുക്കിയെ പ്രളയത്തിനു ശേഷം ആദ്യമായി കാണാന്‍ വീണ്ടും യാത്ര തിരിക്കുമ്പോള്‍ ആകെ ഒരു സുഖമില്ലായ്മ.. യാത്ര എങ്ങനെയാകും, റോഡ് ഗതാഗതയോഗ്യമായിരിക്കുമോ? ഭൂമി ആര്‍ത്തലച്ചതിന്റെ ബാക്കിപത്രങ്ങള്‍ ഒരു വിങ്ങലാകുമോ?.. അങ്ങനെ ആശങ്കകള്‍ പരാമ്യത്തിലെത്തിച്ച് പതിവുകള്‍ തെറ്റിച്ച് രാവിലത്തെ കാപ്പികുടിയും കഴിഞ്ഞാണ് യാത്ര തുടങ്ങിയത്... വാഗമണ്‍.. എന്റെ പതിവു ഡെസ്റ്റിനേഷന്‍.. ഇടുക്കിക്കും കോട്ടയത്തിനും ഇടയിലായി കിടക്കുന്ന ഹില്‍ സ്‌റ്റേഷന്‍. എത്ര കണ്ടാലും മതിവരാത്ത, ഒരു യാത്ര കഴിഞ്ഞ് അടുത്തതിനു പ്ലാന്‍ ഇടുമ്പോഴും വീണ്ടും ആദ്യ സ്ഥാനത്ത് മനസിന്റ ഒരു കോണില്‍ ഇടംപിടിക്കുന്ന പ്രണയിനി..!

ചില കുസൃതികള്‍ ഒളിപ്പിച്ചിരിക്കുന്ന യാത്രയില്‍ വളഞ്ഞവഴി തന്നെയാണ് പിടിച്ചത്.. കോട്ടയത്തു നിന്ന് നേരെ പാലായിലേക്ക്, പാലായില്‍ നിന്ന് ഈരാറ്റുപേട്ട... പേട്ടയില്‍ നിന്ന് 24 കിലോമീറ്റര്‍ ദൂരത്ത് കൈയത്തും അകലെ മാടിവിളിക്കുന്ന ഒരു പ്രകൃതി വിസ്മയം..എനിക്ക് അതാണ് വാഗമണ്‍! ഉള്ളറിഞ്ഞ് യാത്ര ചെയ്യണമെങ്കില്‍ അത് ഇരുചക്രവാഹനം തന്നെയാവണം. പ്രകൃതിയുടെ ഏതു അവസ്ഥയേയും അതേപടി ആസ്വാദിച്ചുകൊണ്ട് ഞാനും എന്റെ അടുത്ത സുഹൃത്തും ഈരാറ്റുപേട്ടയില്‍ നിന്ന് 11 മണിയോടു കൂടി തിരിച്ചു. കനത്ത മഴ മാറി വന്ന കനത്ത വെയില്‍ പൊള്ളിക്കുന്നുണ്ടായിരുന്നു. തീക്കോയും കടന്ന് അടിവാരത്തേക്ക് എത്തിയപ്പോള്‍ പതിവുപോലെ നിരനിരയായി പോകുന്ന ടൂറിസ്റ്റ് വാഹനങ്ങള്‍ കാഴ്ചയില്‍ പതിഞ്ഞതേയില്ല. ഇടയ്ക്ക് ചില വാഹനങ്ങള്‍ മാത്രം. പ്രളയം വിനോദ സഞ്ചാരത്തേയും സാരമായി ബാധിച്ചതിന്റെ ലക്ഷണങ്ങള്‍ ഒന്നൊന്നായി തെളിഞ്ഞു. വഴിയോരക്കച്ചവടങ്ങള്‍ ഉഷാറായിട്ടില്ല. പേട്ട വാഗമണ്‍ റൂട്ടില്‍ വഴിയോരക്കച്ചവടങ്ങളും, കടകളും കുറവാണ്. അടിവാരം പിന്നിട്ടാല്‍ വിരലില്‍ എണ്ണാവുന്ന ചെറിയ കടകള്‍ മാത്രമാണുള്ളത്. ഒരു തിരക്കും ബഹളുമില്ലാതെ പ്രകൃതിയെ അറിഞ്ഞ് യാത്ര ചെയ്യാന്‍ പറ്റിയ കുറച്ച് സാഹസികതകള്‍ നിറഞ്ഞ ഒരു റൂട്ടാണിത്. വളഞ്ഞുപുളഞ്ഞു പോകുന്ന റോഡിലൂടെയുള്ള യാത്ര പ്രളയത്തിനു ശേഷം ശെരിക്കും സാഹസികമായി.. മലഞ്ചെരിവുകളില്‍ നിന്നുള്ള മലവെള്ളപ്പാച്ചില്‍ റോഡിനെയും തകര്‍ത്തു കളഞ്ഞിരിക്കുന്നു. പ്രളയം അവശേഷിപ്പിച്ചതിന്റെ ഭീകരത മനസിലാക്കാമെന്നവണ്ണം ഉരുള്‍പൊട്ടി ഒലിച്ചതിന്റെ പാതകള്‍ പലയിടങ്ങളിലായി തെളിഞ്ഞു കിടപ്പുണ്ട്. പല ഭാഗങ്ങളിലും ഉരുള്‍പൊട്ടി റോഡും കടന്നാണ് പോയത്. കണ്ടു നിന്നപ്പോള്‍ പ്രളയദൃശ്യങ്ങള്‍ വീണ്ടും ഉള്ളില്‍ നിറഞ്ഞപോലെ..

Vagamon

ഇവിടുത്തെ കാറ്റാണ് കാറ്റ്...

അടിവാരം പിന്നിട്ടപ്പോള്‍ ആ ചുട്ടുപൊള്ളിക്കുന്ന ചൂടിനെ കുറച്ച് സുഖമുള്ള കാറ്റ് എത്തി. പ്രകൃതിയെ ആസ്വദിക്കാന്‍, അറിയാന്‍ എത്തുന്നവര്‍ക്കു മുന്നില്‍ ഉഗ്രഭാവം എടുക്കാന്‍ സൂര്യനും ഒരു മടിയുള്ളപോലെ.. വാഗമണ്‍ എന്ന സുന്ദരിയെ തേടിയുള്ള യാത്ര വണ്ടി നിര്‍ത്തി നിര്‍ത്തി കുന്നുകയറി.. ഒരു ഐസ്‌ക്രീം കഴിച്ച് ഉള്ളു തണുപ്പിക്കണമെന്നുള്ളവര്‍ക്കോ, കടുംചായ കുടിച്ച് ഉള്ളിലൊരു ചെറുചൂടാവാം എന്നുള്ളവര്‍ക്കോ വേണ്ടി ഒരു സെന്‍ട്രല്‍ സ്‌റ്റേഷന്‍ ഉണ്ട്. ഒന്നുരണ്ട് കടകള്‍ മാത്രമാണുള്ളത്. നമ്മള്‍ പിന്നിട്ട താഴ്‌വാരം, റോഡ് മാപ്പ് പോലെ നമ്മുക്ക് അവിടെ നിന്ന് കാണാം. അവിടിറങ്ങി ഒന്നു സൊറ പറഞ്ഞശേഷം യാത്ര തുടരാം. ഇടയ്ക്കുള്ള വിശ്രമകേന്ദ്രം കഴിഞ്ഞ് കുറച്ചു ദൂരം കൂടി മാത്രമേ വാഗമണ്ണിനുള്ളു.

മൊട്ടക്കുന്ന് മാടിവിളിക്കുന്നു..

ആദ്യം മൊട്ടക്കുന്ന്.., 11 മണിക്ക് തിരിച്ച യാത്ര 12 മണി ആയപ്പോള്‍ മൊട്ടക്കുന്നിനു മുന്നിലെത്തി. മൊട്ടക്കുന്നിലേക്ക് കയറാനുള്ള പ്രവേശനകവാടത്തിലെത്തിയപ്പോള്‍ വളരെ കുറച്ച് പേര്‍ മാത്രം.. പാര്‍ക്കിംഗ് പ്രദേശത്ത് വാഹനങ്ങള്‍ ഒന്നും തന്നെയില്ല, തിരക്ക് ഇല്ലാത്തതിനാല്‍ പലരും റോഡിനു ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്കു ചെയ്ത് മൊട്ടക്കുന്നിലേക്ക് കയറുന്നു. വഴിയോരക്കച്ചവടക്കാര്‍ നിരനിരയായി ഇല്ല. കടകള്‍ പകുതിയും തുറക്കാതെ കിടക്കുകയാണ്. ഒരു ദു:സ്വപ്നത്തിനു ശേഷം വീണ്ടും സജീവമാകുന്നതേയുള്ളു കച്ചവടക്കാരും. സഞ്ചാരികള്‍ എത്താത്തതിനാല്‍ ആര്‍ക്കുവേണ്ടി പ്രതീക്ഷയോടെ കട തുറക്കുമെന്ന് ഇവര്‍ ചോദിക്കുന്നു. മൊട്ടക്കുന്നിലേക്ക് പ്രവേശന ഫീസ് 10 രൂപയാണ്. കുട്ടികള്‍ക്ക് അഞ്ചു രൂപയും. പ്രളയത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം 17 ദിവസത്തോളം അടച്ചിട്ടതിനു ശേഷം ഈ മാസം ഒന്നാം തിയതിയാണ് സഞ്ചാരികള്‍ക്കായി പ്രവേശനം അനുവദിച്ചു തുടങ്ങിയത്. മൊട്ടക്കുന്നിന്റെ സൗന്ദര്യത്തിന് ഒരു ഉലച്ചിലും തട്ടാതെ അതേപടി അവിടെ തന്നെയുണ്ട്.. തിരക്കുകളില്ലാതെ, ബഹളമയത്തില്‍ അല്ലാതെ ആദ്യമായി മൊട്ടക്കുന്നിനെ അടുത്തറിഞ്ഞത് ഈ യാത്രയിലാണ്.

Vagamon

ഞങ്ങള്‍ എത്തുമ്പോള്‍ ഒന്നു രണ്ടു കുടുംബങ്ങള്‍ മാത്രമാണ് അവിടെയുണ്ടായിരുന്നത്. മൂന്നു പേര്‍ അടങ്ങിയ ഒരു ഉത്തരേന്ത്യന്‍ കുടുംബവും നിശ്ശബ്ദമായി പ്രകൃതി വിസ്മയം ആസ്വദിക്കുകയാണ്. ഇതാദ്യമായി രണ്ടു മണിക്കൂറോളം മൊട്ടക്കുന്നിന്റെ സൗന്ദര്യത്തില്‍ മതിമറന്ന്, തിരിച്ചിറങ്ങാന്‍ മനസില്ലാതെ തിരികെ നടന്നു. മനസിനെ കുളിര്‍പ്പിക്കാന്‍ വാഗമണ്‍ സുന്ദരി നിനക്കേ കഴിയൂ.. വാഗമണ്‍ ടോപ്പില്‍ നിന്ന് ഒരു പാല്‍ചായയും സുഹൃത്ത് ഒരു കട്ടന്‍ ചായയും കുടിച്ചു. തേയിലയും തേനും.. ഹോംമേയ്ഡ് ചോറ്റേും വാങ്ങാം എന്നവര്‍ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു.. ഇവര്‍ക്കൊപ്പം മൊട്ടക്കുന്ന് എന്ന ആ മാന്ത്രിക വിസ്മയവും കാത്തിരിക്കുകയാണ് സഞ്ചാരികളെ..

Vagamon

Vagamon
മൊട്ടക്കുന്നിലേയ്ക്കുള്ള പ്രവേശന കവാടത്തിനു സമീപമുള്ള വഴിയോരക്കച്ചവടങ്ങള്‍ പലതും തുറക്കാത്ത നിലയില്‍

പൈന്‍മരത്തണലില്‍..

Vagamon

മരങ്ങങ്ങള്‍ തമ്മില്‍ കഥ പറയുന്നത് കേട്ടിട്ടുണ്ടോ? കാറ്റത്ത് തൊട്ടുയുരുമ്മിയുള്ള ആ കഥപറച്ചില്‍ കേള്‍ക്കണമെങ്കില്‍ പൈന്‍മരത്തണലില്‍ ഒന്ന് ചെവിയോര്‍ക്കണം. നമ്മുടെ പ്രണയത്തിന്റെയും മൂഡ് മാറ്റുന്ന ഒരു മാന്ത്രിക വിദ്യ ഈ പൈന്‍മരക്കൂട്ടങ്ങള്‍ക്കുണ്ട്. അതുകൊണ്ടാവണം അവിടെ സഞ്ചാരികളായി എത്തുന്നവരില്‍ അധികവും പ്രണയിനികളുണ്ട്. മൊട്ടക്കുന്നിന്റെ അവിടെ നിന്ന് ഏകദേശം 10 മിനിറ്റ് ദൂരം മാത്രമേ പൈന്‍കാട്ടിലേക്ക് ഉള്ളു. ഇതിനിടയിലെ ആത്മഹത്യാ മുനമ്പിനെ ഞങ്ങള്‍ മനപൂര്‍വം ഉപേക്ഷിച്ചു. പൈന്‍മരക്കാട്ടിലേക്കും സഞ്ചാരികള്‍ വളരെ കുറച്ച് മാത്രമേ എത്തിത്തുടങ്ങിയിട്ടുള്ളു.

Vagamon

അതുകൊണ്ടു തന്നെ വഴിയോരക്കച്ചവടവും ഉഷാറായിട്ടില്ല. ഇവിടെയും പ്രവേശനഫീസ് 10 രൂപയാണ്. പൈന്‍കാടിന്റെ ടോപ്പില്‍ കയറി താഴേയ്ക്ക് ഊര്‍ന്നിറങ്ങാന്‍ മനസു കൊതിച്ചു. കാടിനുള്ളില്‍ കയറിയാല്‍ നമ്മുടെ മനസും പല മൂഡിലേക്കും മാറും ഒരേ സമയം പ്രണയവും കുട്ടിത്തവും കൂടിക്കലരുന്നപോലെ.. ഈ യാത്രയില്‍ വിശപ്പിനേയും മറന്നേ മറന്നുപോയി!

ഒരു ഓഫ് എടുത്ത് ഇറങ്ങിയതാണേ.. രാത്രി ആകും മുമ്പ് തിരികെ മുണ്ടക്കയത്തെ വീട്ടില്‍ എത്തണം. അല്ലേല്‍ മമ്മി ചെവിക്കു പിടിക്കും.. മടക്കയാത്ര കുട്ടിക്കാനത്തുകൂടി തന്നെയാകാമെന്ന് വെച്ചു.. വാഗമണ്ണില്‍ നിന്ന് ഏകദേശം 16 കിലോമീറ്റര്‍ ദൂരമുണ്ട് ഏലപ്പാറയിലേക്ക് അവിടെയെത്തിയാണ് ഉച്ചയ്ക്കത്തെ ഭക്ഷണം പോലും കഴിക്കുന്നത്. ഏലപ്പാറയില്‍ നിന്ന് നേരെ കുട്ടിക്കാനത്തേക്ക്., കുട്ടിക്കാനത്തു നിന്ന് മുക്കാല്‍മണിക്കൂര്‍ യാത്രകൊണ്ട് മുണ്ടക്കയം പിടിക്കാം. പക്ഷെ ‍യാത്രയിലുടനീളം മിസ് ചെയ്തത് ആ കോടമഞ്ഞിനെയാണ്..!

Ads by Google
നീതു വര്‍ഗ്ഗീസ്‌
Thursday 20 Sep 2018 02.15 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW