Tuesday, August 20, 2019 Last Updated 0 Min 16 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Sep 2018 03.55 PM

ഭക്ഷണക്രമീകരണത്തിലൂടെ മൈഗ്രേയ്ന്‍ ചികിത്സ

''ഹോ! എന്തൊരു തലവേദന. തലവേദന വല്ലാത്ത പൊല്ലാപ്പാണ് സൃഷ്ടിക്കുന്നത്. മൈഗ്രേയ്ന്‍ മൂലമുള്ള തലവേദന ഒഴിവാക്കാന്‍ ഭക്ഷണക്രമീകരണത്തിലൂടെ സാധിക്കും. ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും ശ്രദ്ധിച്ചാല്‍ മൈഗ്രേയ്ന്‍ തലവേദന മാറ്റാനാകും. ഇതേക്കുറിച്ച് ഡോ. ശുഭ ജോര്‍ജ് തയ്യില്‍''
uploads/news/2018/09/249961/migriantretmnts190918.jpg

ഭൂമുഖത്ത് 14.7 ശതമാനം ആളുകളെ ബാധിക്കുന്ന രോഗാവസ്ഥയാണ് മൈഗ്രേയ്ന്‍. പ്രമേഹം, ആസ്ത്മ, അപസ്മാരം, തുടങ്ങിയ രോഗങ്ങളുള്ളവരേക്കാള്‍ അധികമായി സ്ഥിരമായ തലവേദനയുള്ളവരെ സമൂഹത്തില്‍ കാണുന്നു. മനോസ്വസ്ഥതയെ തകിടം മറിക്കുന്ന ഈ രോഗം പുരുഷന്മാരെക്കാള്‍ മൂന്നിരട്ടിയായി സ്ത്രീകളില്‍ കാണുന്നു.

ആര്‍ത്തവവിരാമത്തോടെ സാധാരണയായി തുടങ്ങുന്ന മൈഗ്രേയ്ന്‍ 35 നും 55 നും വയസിനിടയിലുള്ളവരെ കൂടുതലായി ബാധിക്കുന്നു. മതിഭ്രമം, മറവിരോഗം, പക്ഷാഘാതം, തുടങ്ങിയ ഭീതിതമായ രോഗാവസ്ഥകളോട് താരത്മ്യപ്പെടുത്താവുന്ന രീതിയിലാണ് ശക്തമായ മൈഗ്രേയ്ന്‍ പ്രകടമാകുന്നത്.

വിഷാദരോഗം, മനോവിഭ്രാന്തി തുടങ്ങിയ സ്ഥിതിവിശേഷങ്ങളിലേക്കും വലിച്ചിഴയ്ക്കുന്ന മൈഗ്രേയ്ന്‍, അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ആളുകളെ ജോലിസ്ഥലത്തുനിന്നും അവധിയെടുക്കാന്‍ നിര്‍ബന്ധിക്കുന്ന രോഗാവസ്ഥയായി മാറി.

കേരളത്തില്‍ ഏകദേശം 4 ശതമാനം പേര്‍ക്കും മൈഗ്രേയ്ന്‍ തലവേദനയുണ്ടെന്ന് പഠനങ്ങള്‍ സ്ഥിരീകരിക്കുന്നു. ഏറ്റവും കൂടുതല്‍ കാലം മാനസിക - ശാരീരിക ബലഹീനതകളോടുകൂടി ജീവിക്കുന്ന ആളുകളെ അടിസ്ഥാനമാക്കി ഐ.സി.എം.ആര്‍ കേരളത്തില്‍ 2016- ല്‍ നടത്തിയ പഠനത്തില്‍ പതിനഞ്ചു രോഗാവസ്ഥകളില്‍ മൂന്നാം സ്ഥാനത്തെത്തി മൈഗ്രേയ്ന്‍.

തലവേദന അകറ്റിനിര്‍ത്താം


ജീവിതത്തില്‍ ഒരിക്കലും തലവേദന അനുഭവപ്പെട്ടിട്ടില്ലാത്തവര്‍ ചുരുക്കമായിരിക്കും. മനുഷ്യരാശിയോളം പഴക്കമുള്ള തലവേദനയെ സംബന്ധിച്ച ബൃഹത്തായ ഗവേഷണപഠനങ്ങള്‍ നടന്നിട്ടുള്ളതും കഴിഞ്ഞ 30 വര്‍ഷങ്ങളിലാണെന്നു പറയാം.

'ഇന്റര്‍നാഷണല്‍ ഹെഡെയ്ക് സൊസൈറ്റിയും' 'നാഷണല്‍ ഹെഡെയ്ക് ഫൗണ്ടേഷനും' ചുക്കാന്‍ പിടിച്ച ഗവേഷണങ്ങള്‍ അടുത്ത കാലത്തായി തലവേദനയെ സംബന്ധിച്ച നിരവധി ദുരൂഹതകള്‍ തിരുത്തിയെഴുതി.

ജീവിതശൈലിയിലെ വൈകല്യങ്ങളാണ് പലപ്പോഴും തലവേദനയ്ക്കു കാരണമാകുന്നതെന്ന് പറഞ്ഞാല്‍ അത്ഭുതപ്പെടേണ്ട. അതുകൊണ്ട് തന്നെ മൈഗ്രേയ്ന്‍ ചികിത്സയിലെ പ്രധാന ചുവടുവയ്പുകള്‍ ജീവിതക്രമങ്ങളുടെ സന്തുലിതാവസ്ഥയ്ക്കും ഉദീപനഘടകങ്ങളുടെ ഉന്മൂലനവുമാണ്.

uploads/news/2018/09/249961/migriantretmnts190918a.jpg

ജീവിതചര്യയിലെ കൃത്യനിഷ്ഠയും ഉചിതമായ ഡയറ്റും നല്ലൊരു പരിധിവരെ രോഗാവസ്ഥയില്‍ നിന്നും അകറ്റി നിര്‍ത്തും. പൊതുവേ പറഞ്ഞാല്‍ മൈഗ്രേയ്ന്‍ ചികിത്സയില്‍ ഔഷധങ്ങേളക്കാളുപരി ദൈനംദിന ജീവിതചര്യയില്‍ വരുത്തുന്ന ക്രിയാത്മക മാറ്റങ്ങള്‍ക്കാണ് പ്രാധാന്യം.

മൈഗ്രേയ്ന്‍ ഉണ്ടാക്കുന്ന കൃത്യമായ ഉദ്ദീപന ഘടകങ്ങളുടെ അഥവാ ട്രിഗറുകള്‍ ആദ്യം മനസിലാക്കണം. അവയുടെ പ്രകോപനമാണ് മിക്ക അവസരങ്ങളിലും തലവേദനയുണ്ടാക്കുന്നതും. ട്രിഗറുകളില്‍ ഏറ്റവും പ്രധാനം ഭക്ഷണശൈലിയില്‍ പുലര്‍ത്തുന്ന സവിശേഷതകള്‍ തന്നെ.

വിവിധ ഭക്ഷണവിഭവങ്ങളും ഭക്ഷണം കഴിക്കുന്ന നേരങ്ങളും എല്ലാം മൈഗ്രേയ്ന്‍ ഉണ്ടാകുന്നതിനു കാരണങ്ങളാകുന്നുവെന്ന് പല പഠനങ്ങളും തെളിയിക്കുന്നു. ചുരുക്കത്തില്‍ ഭക്ഷണക്രമത്തിലെ സമൂലമായ കൃത്യനിഷ്ഠയാണ് ഇവയുടെ കാതല്‍.

1983 - ല്‍ ലണ്ടനിലെ 'ഹോസ്പിറ്റല്‍ ഫോര്‍ സിക് ചില്‍ഡ്രന്‍' ല്‍ പ്രവേശിപ്പിക്കപ്പെട്ട മൈഗ്രേയ്‌നുള്ള 88 കുട്ടികളില്‍ നടത്തിയ പഠനത്തില്‍ സമുചിതമായ ഭക്ഷണ നിയന്ത്രണം കൊണ്ടും 78 പേര്‍ക്ക് പൂര്‍ണമായും ബാക്കിയുള്ളവര്‍ക്ക് ഭാഗികമായും തലവേദന തടയുവാന്‍ സാധിച്ചു. ഒരു മൈഗ്രേയ്ന്‍ ഡയറ്റ് തന്നെ ഇന്നു പ്രാബല്യത്തിലുണ്ട്.

ഭക്ഷണത്തില്‍ ശ്രദ്ധിക്കാന്‍


മൈഗ്രേയ്ന്‍ സ്ഥിരമായി ശല്യം ചെയ്യുന്നവര്‍ക്കും രോഗത്തെ പ്രതിരോധിക്കാന്‍ ഭക്ഷണശൈലിയില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ആഹാരപദാര്‍ഥങ്ങളെക്കുറിച്ച് അറിയാം:
1. തവിടുകളയാത്ത ചോറ്
2. വേവിച്ച പച്ചക്കറികള്‍ (ബ്രൊക്കൊളി, സ്പാനിച്ച് തുടങ്ങിയവ)

3. വേവിച്ച കാരറ്റ്, മധുരക്കിഴങ്ങ്
4. ജീവകങ്ങള്‍ (റൈബോഫ്‌ളാവിന്‍ - വിറ്റാമിന്‍ ബി ദിവസേന 400 മി.ഗ്രാം, ഒമേഗ 3 ഫാറ്റി ആസിഡ്, കൊ ക്യൂ പത്ത് (ങ്കഗ്ന 10)

5. ധാതുലവണങ്ങള്‍: മൈഗ്രേയ്‌നുള്ള 40 ശതമാനം രോഗികള്‍ക്കും മഗ്നീഷ്യത്തിന്റെ അപര്യാപ്തതയുണ്ട്. അതുകൊണ്ട് മഗ്നീഷ്യം 400 മിഗ്രാം ദിവസേന ഭക്ഷണത്തോടൊപ്പം കഴിക്കണം. - ധാന്യങ്ങള്‍, ഇലക്കറികള്‍ എന്നിവയിലെല്ലാം മഗ്നീഷ്യം സുലഭമായുണ്ട്. കാത്സ്യം അടങ്ങുന്ന ഭക്ഷണവിഭവങ്ങളും നല്ലതാണ്.
6. ധാരാളം വെള്ളം കുടിക്കുക(കുറഞ്ഞത് 12 ഗ്ലാസ് വെള്ളം). നിര്‍ജലീകരണം തലവേദനയുണ്ടാക്കും. ഹെര്‍ബല്‍ ചായ, കൊഴുപ്പുകളഞ്ഞ പാല്‍ എന്നിവ കുടിക്കാം.
7. കടല്‍ മത്സ്യം (മത്തി), ഒലിവെണ്ണ

മൈഗ്രേയ്ന്‍ പ്രതിരോധിക്കാന്‍ ഭക്ഷണക്രമം


1. ഇഞ്ചി മൈഗ്രേയ്ന്‍ പ്രതിരോധിക്കാന്‍ ഉത്തമമാണ്. വെറുതെ ഇഞ്ചി കഴിക്കുന്നതിലും നല്ലത് ഇതുകൊണ്ടുള്ള കട്ടന്‍ചായ കുടിക്കുന്നതാണ്. ഇഞ്ചിയുടെ ചെറിയ കഷ്ണങ്ങള്‍ ഇട്ട് വെള്ളം തിളപ്പിച്ച് അതില്‍ തേയില ഇടാം. ആവശ്യമുള്ളവര്‍ക്ക് മധുരം ചേര്‍ക്കാം. ഇതു ദിവസവും രാവിലെ കുടിക്കുക. വേദനയ്ക്കും കാരണമാകുന്ന ഹോര്‍മോണ്‍ സമാന പദാര്‍ഥങ്ങളായ പ്രോസ്റ്റഗ്ലാന്‍ഡിനുകളെ തടഞ്ഞാണ് ഇഞ്ചി തലവേദന കുറയ്ക്കുന്നത്. ദിവസവും ഒരു സ്പൂണ്‍ ഇഞ്ചിനീര് കുടിക്കുന്നതും നന്ന്.

2. മഗ്നീഷ്യം 400 - 700 മില്ലി ഗ്രാം ദിവസേന സേവിക്കണം. ഇപ്പോള്‍ മഗ്നീഷ്യം ഗുളികകള്‍ സുലഭമാണ്.

3. കാത്സ്യം കൂടുതലടങ്ങുന്ന പഴം - പച്ചക്കറികള്‍ കഴിക്കുക. 1000 - 2000 മില്ലി ഗ്രാം കാത്സ്യം ഗുളികകളും സേവിക്കാം. ഒപ്പം വിറ്റാമിന്‍ ഡി 5 മൈക്രോഗ്രാം.
4. കരിക്കിന്‍ വെള്ളം: പഴച്ചാറുകള്‍ എല്ലാവര്‍ക്കും ചേരണമെന്നില്ല. ഈ സാഹചര്യത്തില്‍ ഏറ്റവും സുരക്ഷിതമായ പാനീയമാണ് കരിക്കിന്‍ വെള്ളം.

5. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങുന്ന കടല്‍ മത്സ്യങ്ങള്‍ കഴിക്കുക.
6. കൊ എന്‍സൈം -ക്യൂ- പത്ത് അഥവാ ക്യൂബിക്യുനോണ്‍ ജീവകങ്ങളോട് സാദൃശ്യമുള്ള കൊ എന്‍സൈമാണ്. മൈഗ്രേയ്‌നുള്ള 35 ശതമാനം രോഗികളിലും ഇതിന്റെ അപര്യാപ്തതയുണ്ട്. ദിവസേന 200 മിഗ്രാം ക്യൂബിക്യുനോണ്‍ മൈഗ്രെയ്ന്‍ തടയും.
7. ഫീവര്‍ഫ്യു (പനിക്കൂര്‍ക്കയുടെ ഇനത്തില്‍പ്പെട്ട ഔഷധച്ചെടി) 250 മിഗ്രാം ദിവസവും അല്ലെങ്കില്‍ അതിന്റെ രണ്ടോ മൂന്നോ ഇലകള്‍ കഴിക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


തലവേദന വരുന്നതിനു മണിക്കൂറുകള്‍ക്ക് മുമ്പ് 60 ശതമാനം പേര്‍ക്കും വിഷാദം, വിഭ്രാന്തി, ഉത്കണ്ഠ, ഭക്ഷണത്തോടുള്ള ആര്‍ത്തി, തളര്‍ച്ച, മലബന്ധം, അമിതദാഹം, മൂത്രശങ്ക എന്നിവ ഉണ്ടാകാം. മറ്റൊരു ലക്ഷണമാണ് ഓറ. തലവേദനയ്ക്ക് 5-20 മിനിറ്റില്‍ തുടങ്ങി ഒരു മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന പ്രകാശവലയം, കറുത്തപൊട്ട്, മങ്ങുന്ന കാഴ്ച, തരിപ്പ്, ഒരു വശത്ത് ശക്തി കുറയുക തുടങ്ങിയ പ്രതിഭാസങ്ങള്‍.
uploads/news/2018/09/249961/migriantretmnts190918b.jpg

തലവേദനയുടെ ഉദ്ദീപനഘടകങ്ങള്‍ ഏറെയുണ്ട്. ഇവയുടെ ഉപയോഗം മൈഗ്രേയ്ന്‍ ഉണ്ടാകുന്നതിനു കാരണമാകുന്നു.

1. ടൈറമീനും ഫിനൈല്‍ ഈതെല്‍ അമീനും അടങ്ങുന്നവ (ചോക്കലേറ്റ്, ചീസ്, കടലകള്‍, വിനാഗിരി, നാരങ്ങ, പ്ലം പഴങ്ങള്‍, പ്രോസസ് ചെയ്ത ഭക്ഷണ ഉത്പന്നങ്ങള്‍, ബേക്കണ്‍, ഹോട്ട് ഡോഗ്, ബീയര്‍, ചുവന്ന വീഞ്ഞ്).
2. കഫീന്‍ അടങ്ങുന്നവ (കാപ്പി, ചായ, ഗ്രീന്‍ ടീ, കോള).

3. അസ്പാര്‍ട്ടം അടങ്ങുന്നവ (കൃത്രിമ മധുരമുണ്ടാക്കുന്ന സ്വീറ്റ്‌സുകള്‍, യോഗര്‍ട്ട്, ചില മധുരപലഹാരങ്ങള്‍).
4. മോണോ സോഡിയം ഗ്ലൂട്ടമേറ്റ് അടങ്ങുന്ന ചൈനീസ് ഭക്ഷണവിഭവങ്ങള്‍.

5. സള്‍ഫേറ്റുകള്‍ അടങ്ങുന്നവ (ഉണങ്ങിയ വിവിധ പഴങ്ങളിലും വീഞ്ഞിലും മറ്റു പ്രോസസ്ഡ് ആഹാരപദാര്‍ഥങ്ങളിലും കാണുന്ന പ്രിസര്‍വേറ്റീവാണ് സള്‍ഫേറ്റുകള്‍.
6. റ്റാനിന്‍സ് അടങ്ങുന്നവ (ചായ, ആപ്പിള്‍, പിയര്‍പഴം, ആപ്പിള്‍ ജ്യൂസ്, ചുവന്ന വീഞ്ഞ്, പയറുവര്‍ഗങ്ങള്‍). നൈട്രേറ്റുകള്‍ അടങ്ങുന്നവ ഹോട്ട് ഡോഗ് വിവിധ സോസെയ്ജുകള്‍, അച്ചാറുകള്‍, കാപ്‌സികം).

7. മദ്യം (ബിയര്‍, ചുവന്ന വീഞ്ഞ്, ഷെറി കൂടാതെ മദ്യപാനത്തോടനുബന്ധിച്ച് ശരീരത്തിലെ നിര്‍ജലീകരണം മൂലവും തലവേദനയുണ്ടാകാം).
8. കൊമാറിന്‍ അടങ്ങുന്നവ (യീസ്റ്റ് ഇതടുങ്ങുന്ന റൊട്ടികള്‍ കഴിക്കുന്നതും തലവേദന ഉണ്ടാക്കും. അതുപോലെ പിസ്സയിലെ യീസ്റ്റും മൈഗ്രേയ്‌നു കാരണമാകാം.

9. കോളിനും കെയ്‌സിനും അടങ്ങുന്നവ (പാലില്‍ അടങ്ങിയിട്ടുള്ള ഈ പദാര്‍ഥങ്ങള്‍ തലവേദനയെ ഉദ്ദീപിപ്പിക്കുന്നു.)
10. ഐസ്‌ക്രീം തണുത്ത ഐസ്‌ക്രീം കഴിക്കുന്നതുകൊണ്ട് ചിലര്‍ക്ക് തലവേദനയുണ്ടാകും. കഴിച്ചു 30-60 സെക്കന്‍ഡുകള്‍ക്കകം തലവേദനയുണ്ടാകുന്നു. ഇതു ഐസ്‌ക്രീം കൊണ്ടല്ല. അതുകഴിക്കുമ്പോള്‍ വായില്‍ പെട്ടെന്നുണ്ടാകുന്ന തണുപ്പു തന്നെ കാരണം. ഐസ്‌ക്രീം എപ്പോഴും സാവധാനം കഴിക്കുക.

ഡേര്‍ട്ടി ഡസണ്‍' എന്നു വിളിക്കുന്ന മൈഗ്രേയ്ന്‍ ട്രിഗറുകള്‍


1. പാലുല്‍പന്നങ്ങള്‍
2. ചോക്കലേറ്റ്
3. മുട്ട
4. നാരങ്ങ
5. ചില ഇറച്ചി വിഭവങ്ങള്‍ (പ്രോസസ്ഡ്)
6. ഗോതമ്പ് ഉല്‍പന്നങ്ങള്‍ (റൊട്ടി)
7. ചില കടലകള്‍
8. തക്കാളി
9. ഉള്ളി
10. ചോളം
11. ആപ്പിള്‍
12. ബനാന
ഇവയെല്ലാം പ്രിസേര്‍വ്ഡ് ആകുമ്പോഴാണ് കൂടുതല്‍ ഹാനികരം.

ഡോ. ശുഭ ജോര്‍ജ് തയ്യില്‍
ഹെഡെയ്ക് സപെഷ്യലിസ്റ്റ്, ഹെഡെയ്ക് കെയര്‍ സെന്റര്‍
വെണ്ണല, എറണാകുളം

Ads by Google
Ads by Google
Loading...
TRENDING NOW