Sunday, August 18, 2019 Last Updated 59 Min 18 Sec ago English Edition
Todays E paper
Ads by Google
കഴുമരത്തിന്റെ നിഴലില്‍ / എ.പി. ചന്ദ്രന്‍ (ഡിവൈ.എസ്.പി, വിജിലന്‍സ് സ്‌പെഷല്‍ സെല്‍, കോഴിക്കോട്)
Thursday 13 Sep 2018 01.22 PM

പക്ഷേ... നിലത്ത് രക്തക്കറ, സല്‍വയെ ബലാത്സംഗം ചെയ്തു കൊന്നതിന്റെ പാടുകള്‍... ഓലഷെഡ്ഡില്‍ കൂട്ടിയിട്ട തുണികള്‍ക്കിടയില്‍ മരിച്ചുമരവിച്ചു കിടക്കുന്നുണ്ടായിരുന്നു ആ ഒമ്പതു വയസുകാരി

''എല്ലാ വീടുകളും സെര്‍ച്ച് ചെയ്തുകഴിഞ്ഞിട്ടും ഒരു തുമ്പും കിട്ടിയില്ല. കവളമുക്കട്ട എന്ന ഗ്രാമത്തില്‍ നിന്നു സല്‍വ പുറംലോകത്തേക്കു പോയിട്ടില്ല. വന്നതും പോയതുമായ വാഹനങ്ങളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍നിന്ന് അതാണ് മനസിലായത്. പക്ഷേ, കവളമുക്കട്ടയില്‍ എവിടെയും സല്‍വ ഇല്ല. പിന്നെ എവിടെപ്പോയി?''
uploads/news/2018/09/248307/WeeklyCrimeStory130918.jpg

സല്‍വ കൊലക്കേസ് - 2

വൈകിട്ട് ആറരയാകുമ്പോഴേക്കും ഇരുള്‍ പരക്കുന്ന കാട്ടു പ്രദേശമാണ് ചുള്ളിക്കോട്. അതുകൊണ്ട് തെരച്ചിലിന് വേഗം കൂട്ടി. ടോര്‍ച്ചുകളും എമര്‍ജന്‍സി ലൈറ്റുകളും തെളിഞ്ഞു.

'സല്‍വാ നീ എവിടെ?' എന്ന തേങ്ങല്‍ എല്ലാവരുടെ തൊണ്ടയിലും കുറുകുന്നുണ്ടായിരുന്നു.
പല സംഘങ്ങളായി പിരിഞ്ഞ് തെരച്ചില്‍ നടത്തിയവര്‍ ഒടുവില്‍ ഒന്നായിച്ചേര്‍ന്ന് തെരയാന്‍ തുടങ്ങി. വീടുകളില്‍ സെര്‍ച്ച് തുടര്‍ന്നു. ഒരു വീട്ടില്‍നിന്ന് അടുത്ത വീട്ടിലേക്കുള്ള ദൂരത്തിനിടയിലെ കാട്ടുപൊന്തകളിലും കുണ്ടിലും കുഴിയിലുമൊക്കെ വീണ്ടും വീണ്ടും തെരഞ്ഞു.

പോലീസും നാട്ടുകാരും കൈകോര്‍ത്ത് പിടിച്ചുള്ള ആ തെരച്ചിലിനിടയില്‍ നാട്ടുകാരുടെ ഭാഗത്തുനിന്ന് കരുത്തന്മാരും സാഹസികരുമായ കുറെപേര്‍ മുന്നില്‍ തന്നെയുണ്ടായിരുന്നു.

ആ കരുത്തന്മാരില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് അബ്ദുല്‍ നാസറാണ്. എന്തിനും ഏതിനും അയാള്‍ മുന്നില്‍ത്തന്നെയുണ്ട്. കാട്ടുവള്ളികള്‍ വെട്ടിമാറ്റുന്നതിനോ, കുളത്തിലോ കിണറിലോ മുങ്ങിത്തപ്പുന്നതിനോ പൊന്തക്കാടുകള്‍ അരിച്ചുപെറുക്കുന്നതിനോ അബ്ദുള്‍ നാസറിന് ഒരു മടിയുമില്ല. മൂടിക്കെട്ടിയ ആകാശംപോലെയായിരുന്നു അയാളുടെ മുഖം.

സല്‍വയുടെ പ്രായത്തിലുള്ള ഒരു മകള്‍ അബ്ദുല്‍ നാസറിനുമുണ്ട്. അതാണ് അയാളുടെ അഗാധമായ ദുഃഖത്തിനു കാരണമെന്നു ചിലര്‍ പറയുന്നതു കേട്ടു. സല്‍വ എന്ന കുസൃതിക്കുടുക്കയോട് അബ്ദുള്‍ നാസര്‍ ഉള്‍പ്പെടെ നാട്ടുകാര്‍ക്കുള്ള സ്‌നേഹത്തിന്റെ ആഴം പോലീസ് സംഘത്തെ വല്ലാതെ സ്പര്‍ശിച്ചു.

അന്വേഷണം തുടര്‍ന്ന് ഞങ്ങള്‍ മുന്നോട്ടു പോകുമ്പോള്‍ പൂട്ടിക്കിടക്കുന്ന ഒരു വീടിനു മുന്നിലെത്തി. ഒറ്റനിലയുള്ള ഒരു വാര്‍പ്പ് വീട്. പുറത്തുനിന്ന് സാക്ഷയിട്ട് പൂട്ടിയിരിക്കുന്നു.

ആരുടേതാണ് ആ വീട് എന്നന്വേഷിച്ചപ്പോള്‍ അത് അബ്ദുല്‍ നാസറിന്റേതാണ് എന്നു മറുപടി കിട്ടി. അയാളുടെ ഭാര്യയും മക്കളും അവിടെയില്ല. ഭാര്യ അവരുടെ വീട്ടിലേക്കു പോയിരിക്കുകയാണ്. തലേന്നു രാത്രി മുതല്‍ അബ്ദുല്‍ നാസര്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു.

രാവിലെ എഴുന്നേറ്റ് വീട് പൂട്ടി പുറത്തിറങ്ങിയപ്പോഴാണ് സല്‍വയെ അന്വേഷിച്ചിറങ്ങിയ സംഘത്തെ കണ്ടത്. ചായക്കടയില്‍നിന്ന് ഒരു ചായ വാങ്ങിക്കുടിച്ച് വീടിന്റെ താക്കോല്‍ ആ ചായക്കടയില്‍ തന്നെ ഏല്‍പ്പിച്ച് അബ്ദുല്‍നാസര്‍ തെരച്ചില്‍ സംഘത്തോടൊപ്പം ചേര്‍ന്നു.
ആഹാരം പോലും കഴിക്കാതെ അയാള്‍ സംഘത്തോടൊപ്പമുണ്ട്്. പോലീസ് വന്നതിനുശേഷം പോലീസ് സംഘത്തോടൊപ്പം ചേര്‍ന്നു.

അബ്ദുല്‍ നാസറിന്റെ വീടിനു മുമ്പിലെത്തി ഒരു നിമിഷം പോലീസ് സ്തബ്ധരായി നിന്നു. എല്ലാ വീട്ടിലും സെര്‍ച്ച് ചെയ്യണമെന്നാണ് തീരുമാനം. പക്ഷേ അബ്ദുല്‍ നാസറിന്റെ വീടിന്റെ താക്കോല്‍ അല്പം ദൂരെയുള്ള ചായക്കടയില്‍ ഏല്‍പ്പിച്ചിരിക്കുകയാണ്. എന്തു ചെയ്യും. അയാളെ സംശയിക്കാവുന്ന സാഹചര്യം ഇല്ല. എങ്കിലും വീട് തുറന്നു പരിശോധിച്ചേ പറ്റൂ.

സല്‍വയെ തെരഞ്ഞുനടക്കുമ്പോള്‍ കുളത്തിലും കിണറ്റിലുമൊക്കെ ഇറങ്ങി തപ്പുമ്പോള്‍ താക്കോല്‍ പോക്കറ്റില്‍നിന്ന് വീണുപോകാതിരിക്കാന്‍ വേണ്ടിയാവണം അബ്ദുല്‍ നാസര്‍ താക്കോല്‍ ചായക്കടയില്‍ കൊടുത്തത്.

'അയാള്‍ താക്കോല്‍ എടുത്തിട്ടുവരട്ടെ, അപ്പോഴേക്കും മറ്റു വീടുകളില്‍ സെര്‍ച്ച് ചെയ്യാം' എന്നുപറഞ്ഞ് ഞങ്ങള്‍ മുന്നോട്ടുനീങ്ങി. വാതിലിന്റെ പൂട്ട് വെറുതെ തല്ലിപ്പൊളിച്ചു കളയണ്ട എന്നു തോന്നിയതുകൊണ്ടു കൂടിയാണ് ആ വീട് പിന്നീടു പരിശോധിക്കാമെന്നു തീരുമാനിച്ചത്.

എല്ലാ വീടുകളും സെര്‍ച്ച് ചെയ്തുകഴിഞ്ഞിട്ടും ഒരു തുമ്പും കിട്ടിയില്ല. ചുള്ളിക്കോട് കവളമുക്കട്ട എന്ന പ്രദേശത്തുനിന്നു സല്‍വ പുറംലോകത്തേക്കു പോയിട്ടില്ല. വന്നതും പോയതുമായ വാഹനങ്ങളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍നിന്ന് അതാണ് മനസിലായത്. പക്ഷേ, കവളമുക്കട്ടയില്‍ എവിടെയും സല്‍വ ഇല്ല.

പിന്നെ എങ്ങോട്ടു പോയി?
ഇനി എന്തു ചെയ്യും?
പെട്ടെന്നു മനസ്സിലേക്ക് പിന്‍വിളി പോലെ ഒരു ദൃശ്യം കടന്നുവന്നു.
അബ്ദുല്‍ നാസറിന്റെ വീടിന്റെ പൂട്ടിയിട്ട മുന്‍വാതില്‍. ആ വാതിലിലെ താഴ്.
ആ താഴ് ഒരുനിമിഷം മനസില്‍ കിടന്ന് ആടി.

അബ്ദുല്‍ നാസറിന്റെ പൂട്ടിയിട്ട വീട്ടില്‍ സല്‍വ ഉണ്ടാവുമോ എന്ന കാര്യം ഇപ്പോള്‍ ഉറപ്പില്ല. പക്ഷേ, അബ്ദുല്‍ നാസര്‍ സ്ഥലംവിടാനുള്ള സാഹചര്യം ഉണ്ടാവരുത്.

uploads/news/2018/09/248307/WeeklyCrimeStory130918a.jpg
അബ്ദുല്‍ നാസറിന്റെ വീടിനു മുന്നില്‍ നാട്ടുകാര്‍ കൂടിയപ്പോള്‍

അബ്ദുല്‍ നാസര്‍ എവിടെ? തെരച്ചില്‍ സംഘത്തില്‍ അയാള്‍ ഉണ്ടായിരുന്നില്ല.
സംശയത്തിന്റെ ചൂണ്ടുവിരല്‍ തന്റെ നേരെ നീണ്ട്ുവരും എന്നു മനസ്സിലാക്കി തന്ത്രശാലിയായ അയാള്‍ സ്ഥലം വിട്ടിരിക്കുന്നു!

രണ്ടുകാര്യങ്ങളാണ് ഉടനെ ചെയ്യാനുള്ളത്. ഒന്ന്, അബ്ദുല്‍ നാസറിന്റെ താഴിട്ടു പൂട്ടിയ വീട് ചവിട്ടിത്തുറന്ന് സല്‍വ അവിടെയുണ്ടോ എന്നു പരിശോധിക്കുക.രണ്ടാമത്തേത് അബ്ദുല്‍ നാസര്‍ ചുള്ളിക്കോട് കവളമുക്കട്ട വിട്ട് പുറത്തുപോകുന്നതിനു മുമ്പ് അയാളെ പിടിക്കുക.

ഞങ്ങള്‍ അബ്ദുല്‍ നാസറിന്റെ വീട് ലക്ഷ്യമാക്കി കുതിച്ചു. പോലീസ് വാഹനത്തെ അനുഗമിച്ചുകൊണ്ട് നാട്ടുകാരുമുണ്ട്.അബ്ദുല്‍ നാസറിന്റെ വീടിന്റെ മുന്‍വാതിലിന്റെ താഴ് തകര്‍ത്ത് വാതില്‍ തുറന്ന് ഞങ്ങള്‍ അകത്തുകടന്നു. വീട് മുഴുവന്‍ പരിശോധിച്ചു. പക്ഷേ സല്‍വ ആ വീടിനകത്തില്ല.

വൈകിട്ട് ഏഴരയോടെയാണ് ഞങ്ങള്‍ വീട്ടില്‍ കടന്നത്. പോലീസ് എത്തുന്നതിനു മുമ്പുതന്നെ നാട്ടുകാരില്‍ ചിലര്‍ ആ വീടിനു ചുറ്റും തമ്പടിച്ചിരുന്നു. അടഞ്ഞുകിടക്കുന്ന ആ വീട് എന്തോ ദുരൂഹത വിളിച്ചോതുന്നുണ്ടായിരുന്നു. സല്‍വയെ അബ്ദുല്‍ നാസറിന്റെ വീടിനകത്ത് കാണാന്‍ കഴിഞ്ഞില്ല.

പക്ഷേ...
നിലത്ത് രക്തക്കറയുണ്ടായിരുന്നു. സല്‍വയെ ബലാത്സംഗം ചെയ്തു കൊന്നതിന്റെ പാടുകള്‍.
സല്‍വയെ ആ വീട്ടില്‍വച്ച് ബലാത്സംഗം ചെയ്തതിനു ശേഷം പുറത്തെവിടേക്കോ വലിച്ചിഴച്ചു കൊണ്ടുപോയതായിരിക്കാം.

വീട്ടില്‍ രക്തക്കറ കണ്ടതോടെ ജനം ഇളകി. ജനങ്ങളും പോലീസും വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത് പിറകിലേക്ക് ഓടി. വീടിന്റെ പിന്നില്‍ ഓലകൊണ്ട്് കെട്ടിയുണ്ടാക്കിയ ഒരു ഷെഡ്ഡുണ്ട്. കുളിമുറിയോടു ചേര്‍ന്ന ഓലഷെഡ്ഡ്. ആ ഷെഡ്ഡില്‍ കൂട്ടിയിട്ട തുണികള്‍ക്കിടയില്‍ മരിച്ചുമരവിച്ചു കിടക്കുന്നുണ്ടായിരുന്നു സല്‍വ.

ഒമ്പതു വയസ് മാത്രം പ്രായമുള്ള സല്‍വയെന്ന കുരുന്നുസ്വപ്‌നം ഇനിയില്ല. ജീവിതമെന്തെന്ന് അറിയുന്നതിനു മുമ്പേ ആ പാവം പെണ്‍കുട്ടിയെ അബ്ദുല്‍ നാസറെന്ന നരാധമന്‍ നശിപ്പിച്ച് കൊന്നുകളഞ്ഞിരിക്കുന്നു.

സല്‍വയെ ഞെരിച്ചമര്‍ത്തിയതിനു ശേഷം കഴുത്തില്‍ ഷാള്‍ മുറുക്കിയാണ് കൊന്നത്. അവളുടെ രഹസ്യഭാഗം മുറിപ്പെടുത്തി വികൃതമാക്കിയിരിക്കുന്നു.
സല്‍വയുടെ വികൃതമായ മൃതദേഹം കണ്ട് സ്ത്രീകള്‍ വാവിട്ടു കരയാന്‍ തുടങ്ങി. സല്‍വയുടെ ഉമ്മയ്ക്കും സഹോദരങ്ങള്‍ക്കും താങ്ങാന്‍ കഴിയുന്നതിലും വലിയ ആഘാതമായിരുന്നു അത്.

പോലീസിനെ സംബന്ധിച്ചിടത്തോളം പ്രതി അബ്ദുല്‍ നാസര്‍ തന്നെയാണോ എന്ന് ഉറപ്പുവരുത്തേണ്ട്തുണ്ട്. കൂട്ടുപ്രതികളുണ്ടോ എന്നും പരിശോധിക്കണം. അബ്ദുല്‍ നാസറിനെ കളം വിടുംമുമ്പേ പിടികൂടണം. ജനങ്ങളുടെ തള്ളിക്കയറ്റത്തില്‍ തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ട്. ദൃക്‌സാക്ഷികളില്ലാത്ത കേസാവുമ്പോള്‍ സാഹചര്യത്തെളിവുകള്‍ക്കും ശാസ്ത്രീയ തെളിവുകള്‍ക്കും വളരെയധികം പ്രാധാന്യമുണ്ട്.

തെളിവു നശിപ്പിക്കപ്പെട്ടാല്‍ പ്രതിക്കെതിരെയുള്ള കുറ്റം കോടതിയില്‍ സംശയരഹിതമായി സ്ഥാപിക്കാന്‍ കഴിയാതെ പോകും. അത് പോലീസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയായി മാറും.ഒരേസമയം അബ്ദുല്‍ നാസറിനെ അന്വേഷിച്ചുപോവുക. അതേസമയം തന്നെ സംഭവം നടന്ന വീട് തെളിവുകളൊന്നും നഷ്ടപ്പെടാതെ സൂക്ഷിക്കുക. രണ്ടുകാര്യം പോലീസിന്റെ മുമ്പിലുണ്ട്. രണ്ടു ജോലിയും പോലീസ് നിര്‍വഹിച്ചു. പോലീസുകാരില്‍ ഒരുസംഘം അബ്ദുല്‍ നാസറിനെ അന്വേഷിച്ച് പുറപ്പെട്ടു. ജനങ്ങളും അവരുടേതായ രീതിയില്‍ അബ്ദുല്‍ നാസറിനു വേണ്ടി തെരച്ചില്‍ ആരംഭിച്ചുകഴിഞ്ഞിരുന്നു.

സംഭവസ്ഥലം പോലീസ് സീന്‍ ഗാര്‍ഡ് ചെയ്തു. കയറുകെട്ടി വേര്‍തിരിച്ചു. ജനങ്ങളെ മാറ്റിനിര്‍ത്തി. എല്ലാറ്റിനും ഇന്നത്തെ എടക്കര സി.ഐ. ആയ അന്നത്തെ നിലമ്പൂര്‍ എസ്.ഐ സുനില്‍ പുളിക്കലും പോലീസ് ടീമും എന്നോടൊപ്പമുണ്ടായിരുന്നു.

(തുടരും..)

തയാറാക്കിയത്:
സലിം ഇന്ത്യ

Ads by Google
കഴുമരത്തിന്റെ നിഴലില്‍ / എ.പി. ചന്ദ്രന്‍ (ഡിവൈ.എസ്.പി, വിജിലന്‍സ് സ്‌പെഷല്‍ സെല്‍, കോഴിക്കോട്)
Thursday 13 Sep 2018 01.22 PM
Ads by Google
Loading...
TRENDING NOW