Tuesday, August 20, 2019 Last Updated 2 Min 42 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 10.04 AM

രാവിലെ ഹിന്ദു ആചാരപ്രകാരവും വൈകിട്ട് ക്രിസ്ത്യന്‍ ആചാരപ്രകാരവുമായിരുന്നു എന്റെ വിവാഹം; സിജു വിത്സന്‍ തുറന്നു പറയുന്നു

uploads/news/2018/09/247681/CiniINWsijunelson110918.jpg

സിജു വിത്സന്‍ സെലക്ടീവാണ്. സിനിമയിലെത്തിയശേഷം ഒരുപാടു കഥകള്‍ സിജുവിത്സന്‍ കേട്ടു. പക്ഷേ, കഥ പറയാനിരിക്കുന്നവര്‍ എത്ര പ്രഗത്ഭരായാലും വിനയത്തോടെ തനിക്ക് ഇഷ്ടപ്പെട്ടില്ലെന്ന് തുറന്നുപറയാനുള്ള ആര്‍ജവമാണ് സിജുവിത്സനെ വേറിട്ടു നിര്‍ത്തുന്നത്.

അഭിനയിച്ച സിനിമകളുടെ എണ്ണം കൂട്ടുന്നതിനേക്കാള്‍ വിരലിലെണ്ണാവുന്ന നല്ല സിനിമ ചെയ്താല്‍ മതിയെന്നുറച്ച തീരുമാനമാണ് സിജുവിത്സനെ മുന്നോട്ട് നയിക്കുന്നത്.

സ്‌കൂള്‍ കാലംമുതല്‍ ചങ്ങാതിമാരായിരുന്ന നിവിന്‍പോളിയും സിജുവിത്സനും മറ്റൊരു ചങ്ങാതി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ നിര്‍ദ്ദേശംപ്രകാരമാണ് മലര്‍വാടി ആര്‍ട്‌സ് ക്ലബിലേക്ക് ഓഡിഷന് അപേക്ഷ അയച്ചത്.

വിനീത് ശ്രീനിവാസന്‍ തന്റെ പ്രഥമ ചിത്രമായ മലര്‍വാടി ആര്‍ട്‌സ് ക്ലബിലേക്ക് ഇരുവരെയും തെരഞ്ഞെടുക്കുകയും ചെയ്തു. മലര്‍വാടിയില്‍നിന്ന് തുടങ്ങിയ സിജുവിന്റെ അഭിനയയാത്ര നായകനായി അഭിനയിക്കുന്ന വാര്‍ത്തകള്‍ ഇതുവരെയുടെ ചിത്രത്തില്‍ എത്തിനില്‍ക്കുന്നു.

- സിജുവിത്സന്‍ ആദ്യമായി പോലീസ്‌വേഷം ചെയ്യുന്ന വാര്‍ത്തകള്‍ ഇതുവരെയെന്ന ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച്...?


ഠ ആദ്യമായാണ് പോലീസ് വേഷം ചെയ്യുന്നത്. മറ്റു സിനിമകളില്‍ ലഭിച്ച കഥാപാത്രങ്ങള്‍ ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായിരുന്നു. ഈ ചിത്രത്തിന്റെ കഥയിലുടനീളം നര്‍മമാണെങ്കിലും പോലീസ് വേഷം ചെയ്യുമ്പോള്‍ അതിനൊരു പ്രത്യേകതയുണ്ട്. പോലീസുകാരനായി ഇഴുകിച്ചേരാന്‍ അല്പം സമയമെടുത്തു.

വിനയചന്ദ്രനെന്ന കഥാപാത്രത്തെക്കുറിച്ച് നല്ല പ്രതീക്ഷയുണ്ട്. മാല മോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലെ പോലീസുകാരന്റെ മനസും, ഫോണ്‍ വിളിക്കാന്‍ കഴിയാത്ത, പ്രണയലേഖനങ്ങള്‍ കൈമാറിയുള്ള തൊണ്ണൂറുകളിലെ പ്രണയനായകന്റെ ഭാവവും ഉള്‍ക്കൊണ്ടാണ് വിനയചന്ദ്രനായി ഞാന്‍ ക്യാമറയുടെ മുമ്പിലെത്തുന്നത്.

- സിജുവിത്സന്‍ സെലക്ടീവാണോ...?


ഠ അതെ, തുടക്കം മുതല്‍ക്കേ ഞാന്‍ സെലക്ടീവായാണ് മുമ്പോട്ടു പോവുന്നത്. ധാരാളം ഓഫറുകള്‍ വരാറുണ്ട്. പക്ഷേ, എല്ലാം സ്വീകരിക്കാറില്ല. കഥ ഇഷ്ടമായാല്‍ മാത്രമേ ഞാന്‍ അഭിനയിക്കുകയുള്ളൂ.
uploads/news/2018/09/247681/CiniINWsijunelson110918a.jpg

- കഥ കേള്‍ക്കണമെന്ന് പറയുന്ന താരങ്ങള്‍ അഹങ്കാരികളാണെന്ന് മുദ്രകുത്തപ്പെടാറുണ്ട്. ?


ഠ അതെനിക്ക് പ്രശ്‌നമല്ല. കാരണം, എനിക്ക് എന്റേതായ നിലപാടുണ്ട്. ധാരാളം സംവിധായകര്‍ എന്നോട് കഥ പറഞ്ഞിട്ടുണ്ട്. ഇഷ്ടമായില്ലെങ്കില്‍ അവരോടത് തുറന്നുപറയാറുണ്ട്. അതല്ലാതെ കഥ കേട്ടശേഷം പിന്നീട് പറയാമെന്നുപറഞ്ഞ് പ്രതീക്ഷ നല്‍കി വട്ടം കറക്കാറില്ല.

കഥ കേള്‍ക്കാതെയും കഥാപാത്രത്തെ മനസിലാക്കാതെയും ക്യാമറയുടെ മുമ്പിലെത്തി അഭിനയിക്കാന്‍ എനിക്ക് കഴിയില്ല. അഭിനയിക്കാന്‍ പോകുന്ന സിനിമയുടെ കഥ ചോദിച്ചതിന്റെ പേരില്‍ അഹങ്കാരിയാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ത്തന്നെ ഞാനത് കാര്യമാക്കുന്നില്ല.

- ചങ്ങാതിയായ നിവിന്‍പോളിയോടൊത്തുള്ള ചലച്ചിത്രയാത്രയെ വിലയിരുത്തുമ്പോള്‍...?


ഠ നിവിന്‍പോളിയുടെ വളര്‍ച്ചയില്‍ ഒരുപാട് സന്തോഷിക്കുന്നയാളാണ് ഞാന്‍. ആലുവ ഹൈസ്‌കൂളില്‍ ഒരുമിച്ച് പഠിച്ചവരാണ് ഞങ്ങള്‍. സ്‌കൂള്‍ കഴിഞ്ഞു ഞാന്‍ ബംഗളൂരു ശ്രീലക്ഷ്മി കോളജില്‍ ബി.എസ്‌സിക്ക് ചേര്‍ന്നു. പിന്നെ, തമിഴ്‌നാട്ടിലെത്തി. ആലുവ സെന്റ്.

ഡൊമിനിക്ക് പള്ളിയിലായിരുന്നു ഞാനും നിവിനും അല്‍ഫോണ്‍സ് പുത്രനും ഒന്നിച്ചിരുന്നത്. അല്‍ഫോണ്‍സാണ് ആദ്യം സിനിമ പഠിക്കാന്‍ പോയത്. മലര്‍വാടി ആര്‍ട്‌സ് ക്ലബിലേക്ക് ഓഡീഷനില്‍ പങ്കെടുക്കാന്‍ എന്നെയും നിവിനെയും പ്രോത്സാഹിപ്പിച്ചത് അല്‍ഫോണ്‍സായിരുന്നു.

മലര്‍വാടിയില്‍ ഒരു സീനിലാണ് ഞാന്‍ അഭിനയിച്ചത്. മോഹന്‍ലാല്‍ ഫാന്‍സിന്റെ പ്രതിനിധിയായ കഥാപാത്രം. ഒരു സീനാണെങ്കിലും ശ്രദ്ധിക്കപ്പെട്ടു. പിന്നെ, നേരത്തില്‍ നിവിന്റെ ചങ്ങാതിയായ ജോണെന്ന കഥാപാത്രമായി. എന്റെ പേരിലുള്ള ബൈക്ക് പോലീസ് പിടിക്കുമ്പോള്‍ അതിവിദഗ്ദ്ധമായി രക്ഷപ്പെടുന്ന നിവിന്റെ സീന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.

തേര്‍ഡ് വേള്‍ഡ് വാര്‍, ബിവെയര്‍ ഓഫ് ഡോഗ്‌സ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷമാണ് പ്രേമത്തിലെത്തിയത്. പ്രേമത്തിലെ ജോജോ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രമായിരുന്നു. ഹാപ്പി വെഡ്ഡിങ്ങിലെ ഹരികൃഷ്ണനും കട്ടപ്പനയിലെ ഋതിക്‌റോഷനിലെ ജിയോയും നടനെന്ന നിലയില്‍ ഒരുപാട് ഗുണം ചെയ്ത കഥാപാത്രങ്ങളായിരുന്നു.

- കോമഡി ടച്ചുള്ള കഥാപാത്രങ്ങളിലൂടെ സഞ്ചരിച്ച സിജു ആദിയിലെത്തിയപ്പോള്‍ നെഗറ്റീവ് കഥാപാത്രത്തെ ബോധപൂര്‍വം സ്വീകരിക്കുകയായിരുന്നോ...?


ഠ അതെ. ലാലേട്ടന്റെ മകന്‍ പ്രണവ് ആദ്യമായി നായകനാവുന്ന ആദിയില്‍ നെഗറ്റീവ് ഷെയ്ഡുള്ള ജയകൃഷ്ണന്നെ കഥാപാത്രത്തെ ബോധപൂര്‍വം തെരഞ്ഞെടുത്തതാണ്. ഒരുദിവസം ജിത്തുച്ചേട്ടന്‍ വിളിച്ചിട്ട് ഇഷ്ടമുള്ള കഥാപാത്രമാണ,് അഭിനയിക്കാന്‍ പറ്റുമോ എന്നുചോദിച്ചു. ഒരു നടനെന്ന നിലയില്‍ വ്യത്യസ്തമായ റോളുകള്‍ക്കുവേണ്ടി കാത്തിരിക്കുന്ന തന്നെ സംബന്ധിച്ച് നല്ലൊരു ഓഫറായിരുന്നു. ജിത്തുച്ചേട്ടനോട് ഞാന്‍ ഓക്കെ പറഞ്ഞു.

ആദിയുടെ സെറ്റില്‍ പ്രണവിന്റെ കൂടെയുള്ള നിമിഷങ്ങള്‍ മറക്കാനാവില്ല. വല്ലാത്തൊരു പോസിറ്റീവ് എനര്‍ജിയാണ് പ്രണവില്‍ നിന്ന് ലഭിച്ചത്. എന്നെ അറിയുന്നവര്‍ ആദി കാണാന്‍ പോയപ്പോള്‍ സ്വാഭാവികമായും തമാശ ക്യാരക്ടറാണെന്നാണ് വിചാരിച്ചത്. പക്ഷേ, ചിത്രം കണ്ടപ്പോള്‍ ജയകൃഷ്ണനെ അവതരിപ്പിച്ചതിന് ഒരുപാട് പേര്‍ അഭിനന്ദിച്ചു.

uploads/news/2018/09/247681/CiniINWsijunelson110918b.jpg

- മോഹന്‍ലാലിന്റെ കടുത്ത ആരാധകനായ സിജുവിത്സന്റെ ആദിയിലെ പെര്‍ഫോമന്‍സിനെക്കുറിച്ച് ലാലിന്റെ പ്രതികരണം അറിഞ്ഞിരുന്നോ?


ഠ ലാലേട്ടന്റെ ഡയലോഗ് പറഞ്ഞാണ് ഫാന്‍സ് അസോസിയേഷന്റെ ആളായി ഞാന്‍ മലര്‍വാടിയിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഹാപ്പി വെഡ്ഡിംഗിലെ എന്റെ പെര്‍ഫോമന്‍സ് ലാലേട്ടന് ഇഷ്ടപ്പെട്ടതായി ഞാനറിഞ്ഞിരുന്നു.

ആദിയുടെ നൂറാംദിവസം ആഘോഷിച്ചപ്പോള്‍ ലാലേട്ടന്റെ കൈയില്‍നിന്നാണ് ഞാന്‍ മെമന്റോ ഏറ്റുവാങ്ങിയത്. ഇത് ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമായി ഞാന്‍ സൂക്ഷിക്കും.

- സിജുവിന്റെ ആഗ്രഹം...?


ഠ ഞാനിപ്പോള്‍ സിനിമയില്‍ യാത്ര തുടങ്ങിയിട്ടേയുള്ളൂ. ഇതിനകം 12 സിനിമകളിലാണ് അഭിനയിച്ചത്. കിട്ടുന്ന സിനിമകളിലെല്ലാം അഭിനയിക്കാന്‍ താല്‍പ്പര്യമില്ല. കഥയും കഥാപാത്രവും ഇഷ്ടമായെങ്കില്‍ മാത്രമേ അഭിനയിക്കുകയുള്ളൂ. എത്ര സമയമെടുത്താലും പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

-കുടുംബത്തിന്റെ പിന്തുണ..?


ഠ ആലുവയിലാണ് വീട്. അച്ഛന്‍ എന്‍.ജെ. വിത്സന്‍. അമ്മ- ചിന്നമ്മ വിത്സന്‍. എന്റെ മാതാപിതാക്കള്‍ക്ക് സിനിമാമേഖലയെന്തെന്ന് അറിയില്ല. എന്നിലൂടെയാണ് അവരത് അറിയുന്നത്. ഇരുവരും നല്ല പിന്തുണയാണ് തുടക്കംമുതല്‍ നല്‍കുന്നത്. ഭാര്യ ശ്രുതിവിജയനും നല്ല സപ്പോര്‍ട്ടാണ്.

നാലുവര്‍ഷത്തെ പ്രണയത്തിനുശേഷം ഞങ്ങള്‍ വീട്ടുകാരുടെ സമ്മതപ്രകാരം കഴിഞ്ഞവര്‍ഷമാണ് വിവാഹിതരായത്. രാവിലെ ഹിന്ദു ആചാരപ്രകാരവും, വൈകിട്ട് ക്രിസ്ത്യന്‍ ആചാരപ്രകാരവുമായിരുന്നു വിവാഹം. എന്റെ കഥാപാത്രങ്ങളെക്കുറിച്ച് ശ്രുതി ശരിക്കും വിമര്‍ശനാത്മകമായ അഭിപ്രായമാണ് പ്രകടിപ്പിക്കാറുള്ളത്.

ദാസ് മാട്ടുമന്ത
സുരേഷ് കുനിശ്ശേരി

Ads by Google
Ads by Google
Loading...
TRENDING NOW