Tuesday, August 20, 2019 Last Updated 0 Min 44 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 09.14 PM

സ്‌കൂളില്‍ തോറ്റത് 2 തവണ, കോളേജിലേയ്കുള്ള പ്രവേശന പരീക്ഷ 3 പ്രാവശ്യം തോറ്റു; 30 ജോലികള്‍ക്ക് അപേക്ഷിച്ചതില്‍ ഒന്നുപോലും കിട്ടിയില്ല; ആലിബാബയുടെ പടിയിറങ്ങു​മ്പോള്‍ ജാക്ക് മായുടെ സമ്പാദ്യം 2.87 ലക്ഷം കോടി രൂപ

uploads/news/2018/09/247489/jack-ma.jpg

ഇന്റര്‍നെറ്റ് പരിചിതമല്ലാത്ത കാലത്ത് അതിന്റെ അനന്തസാധ്യതകള്‍ മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞ വ്യക്തിയാണ് അധ്യാപകനായിരുന്ന ജാക്ക് മാ. പറഞ്ഞു വരുന്നത് ചൈനയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ആലിബാബയുടെ സഹസ്ഥാപകനായ ജാക്ക് മായെ കുറിച്ചാണ്. ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നരില്‍ ഒരാളാണ് ഇന്ന് ഇദ്ദേഹം. 1999-ല്‍ ജാക്കും സുഹൃത്തുക്കളും ചേര്‍ന്ന് ഓണ്‍ലൈന്‍ വ്യാപാരസ്ഥാപനം തുടങ്ങുമ്പോള്‍ മനക്കരുത്ത് മാത്രമേ കൂട്ടിനുണ്ടായിരുന്നുള്ളു.

1995 ല്‍ ആരംഭിച്ച ചൈന പേജസില്‍ നിന്നാരംഭിച്ച ഐടി പ്രണയമാണ് ആലിബാബ എന്ന സംരംഭത്തിലേക്ക് എത്തിച്ചത്. അങ്ങനെ ഒരു വരി കമ്പ്യൂട്ടര്‍ കോഡ് പോലും എഴുതാനറിയാത്ത ജാക്ക് മാ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരിലൊരാളായി. അന്ന് വെറും അധ്യാപകന്‍ മാത്രമായിരുന്ന ജാക്ക് മായുടെ ഇന്നത്തെ സമ്പാദ്യം 4000 കോടി ഡോളറാണ്. അതായത്, ഏതാണ്ട് 2.87 ലക്ഷം കോടി രൂപ. സുഹൃത്തുക്കള്‍ നല്‍കിയ 2000 ഡോളര്‍ കൊണ്ടാണ് ബിസിനസ് ആരംഭം. ലൈസന്‍സ് ലഭിക്കാന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയ കാലം. ഒരു വ്യാപാരിയോ ഉപഭോക്താവോ ഇല്ലാതെ ആലിബാബ വെറുമൊരു വെബ്സൈറ്റ് മാത്രമായിരുന്ന വര്‍ഷങ്ങള്‍. ആനമണ്ടത്തരമെന്ന പുച്ഛിച്ചു തള്ളിയ ആലിപേ ഇന്നുപയോഗിക്കുന്നത് 800 ദശലക്ഷധികം ആളുകള്‍. ചെറുകിട ബിസിനസുകാര്‍ ഒരു കോടി. ഓണ്‍ലൈന്‍ വ്യാപാരങ്ങള്‍ക്കായി ആലിബാബയില്‍ വന്നുപോവുന്നത് ദിനം പ്രതി പത്ത് കോടിയിലധികം ആള്‍ക്കാര്‍.

ജന്മദേശമായ ഹാങ്ഷുവില്‍ ടൂറിസ്റ്റ് ഗൈഡായി തുടങ്ങിയതാണ് ജീവിതം. അവിടെ വന്ന വിനോദസഞ്ചാരികളാണ് ജാക്ക് മായെ ഇംഗ്ലീഷ് പഠിപ്പിച്ചത്. അങ്ങനെ ചൈനയ്ക്ക് പുറത്ത് ഒരിക്കല്‍ പോലും പോവാതിരുന്ന ജാക്ക് മാ ഇംഗ്ലീഷ് നന്നായി സംസാരിക്കാന്‍ പഠിച്ചു. ജോലിക്കായി അമേരിക്കയിലെത്തിയതോടെ ജാക്ക് മായുടെ ജീവിതം മാറിമറിഞ്ഞു. അവിടെ സുഹൃത്തിന്റെ കടയിലാണ് ആദ്യമായി ഇന്റര്‍നെറ്റ് കാണുന്നത്. ഇഷ്ടമുള്ളത് സെര്‍ച്ച് ചെയ്താല്‍ കാണാന്‍ സാധിക്കുന്ന ആ വിദ്യയില്‍ ജാക്ക് ചൈനയെന്ന് സെര്‍ച്ച് ചെയ്തെങ്കിലും ചൈനയെക്കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. അന്ന് തന്നെ ജാക്ക് സുഹൃത്തിന്റെ സഹായത്തോടെ ചൈനയെക്കുറിച്ച് ഒരു വെബ് പേജ് ആരംഭിച്ചു. ലോകത്തിലെ തന്നെ വലിയൊരു ഓണ്‍ലൈന്‍ വ്യവസായത്തിന്റെ ആദ്യ പടി അവിടെ നിന്നായിരുന്നു. ചൈനയിലെ അത്രയൊന്നും അറിയപ്പെടാത്ത ഒരു നാട്ടില്‍ ഒരു ഓണ്‍ലൈന്‍ വ്യാപാരസ്ഥാപനത്തിന് എന്ത് പ്രസക്തി എന്ന് ചോദിച്ചവരോട് ജാക്ക് മായ്ക്ക് ചൂണ്ടിക്കാണിക്കാന്‍ മുന്നിലൊരു ഉദാഹരണമുണ്ടായിരുന്നു. നോക്കിയ. ഫിന്‍ലാന്റിലെ ഒരു കുഞ്ഞു ദ്വീപിലാണ് നോക്കിയ ആദ്യമാരംഭിച്ചത്.

പ്രതീക്ഷ കൈവിടുന്ന, പരാതി മാത്രം പറയുന്ന യുവത്വത്തോട് ജാക്ക് മാ പറയുന്നു, 'എന്നെ ഞാന്‍ കാണുന്നത് തന്നെ മൈനസ് നിലവാരത്തിലാണ്. കോളേജില്‍ ചേരാനുള്ള പ്രവേശന പരീക്ഷ മൂന്നു പ്രാവശ്യം തോറ്റവനാണ് ഞാന്‍. സ്‌കൂളില്‍ തോറ്റത് രണ്ട് തവണ. മിഡില്‍ സ്‌കൂളിലും തോറ്റു രണ്ട് തവണ. പിന്നെ ജോലിക്ക് ശ്രമിച്ചു. 30 ജോലികള്‍ക്ക് അപേക്ഷിച്ചതില്‍ ഒന്നുപോലും ലഭിച്ചില്ല. പോലീസില്‍ ചേരാനാഗ്രഹിച്ചു. അതും പഠന നിലവാരം കാരണം സാധിച്ചില്ല. കെ.എഫ്.സി ചൈനയില്‍ ആരംഭിച്ചപ്പോള്‍ അവിടെയും ജോലിയന്വേഷിച്ച് പോയി. 24 പേരുണ്ടായിരുന്നതില്‍ 23 പേരെയും അവര്‍ ജോലിക്കെടുത്തു. പുറത്താക്കപ്പെട്ട ആ ഇരുപത്തിനാലാമന്‍ ഞാനായിരുന്നു. ഓര്‍ക്കുക. നിങ്ങള്‍ പരാതി പറയാന്‍ ആരംഭിക്കുന്നത് മുതല്‍ നിങ്ങളുടെ പതനം ആരംഭിക്കും.'

ജാക്ക് മാ തന്റെ 54-ാം പിറന്നാള്‍ ദിനത്തില്‍ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് വിരമിക്കുകയാണ്. വെറുതെ ഇരിക്കാനല്ല, പതിനെട്ട് വര്‍ഷം മുന്‍പ് അഴിച്ചു വെച്ച അധ്യാപകന്റെ കുപ്പായം വീണ്ടും അണിയാന്‍. പടിയിറങ്ങുന്നത് കേവലമൊരു ബിസിനസുകാരനല്ല. ചൈനീസ് ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ നെടുംതൂണാണ്. അന്ത്യം കുറിയ്ക്കുന്നത് ഒരു വ്യവസായയുഗത്തിന് തന്നെയാണ്. ജാക്ക് വിരമിക്കുന്ന ദിനം ചൈനയിലെ അധ്യാപക ദിനം കൂടിയാണ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW