Sunday, August 18, 2019 Last Updated 58 Min 2 Sec ago English Edition
Todays E paper
Ads by Google
ശ്രീപാര്‍വതി
ശ്രീപാര്‍വതി
Sunday 09 Sep 2018 09.33 PM

നിണം പുരണ്ട രണക്കാഴ്ചകള്‍

രണത്തിന്റെ കഥയും അതിന്റെ ഗതിയും പറഞ്ഞു പഴകിയതാണ്, പക്ഷെ ബന്ധങ്ങളുടെ ഈടും ചില അനിശ്ചിതാവസ്ഥകളും പിടിച്ചുലയ്ക്കും.
Ranam movie review

നിണം പുരണ്ട കാഴ്ചയിലൂടെയാണ് 'രണം' ആരംഭിക്കുന്നത്. തുടര്‍ന്ന് അതേ തലത്തില്‍ തന്നെ സഞ്ചരിക്കുകയും ആദ്യം കണ്ട കാഴ്ചയുടെ കാരണങ്ങളിലേയ്ക്ക് ഒടുവില്‍ എത്തി ചേരുകയും ചെയ്യുന്നു. താളനിബന്ധമായ ജേക്‌സ് ബിജോയുടെ സംഗീതം പോലെ തികച്ചും താളത്തിലുള്ള ഒരു സിനിമ എന്നുതന്നെ പൃഥ്വിരാജിന്റെ രണത്തെ കുറിച്ച് പറയാം. ആദ്യ ഷോട്ടിലെ മുറിവേറ്റു കിടന്ന പൃഥ്വിയുടെ മരിച്ചോ ജീവിച്ചോ എന്നറിയാത്ത അപ്രതീക്ഷിത കാഴ്ച്ചയില്‍ തെല്ലു നേരം നിശബ്ദമായിരുന്ന പ്രേക്ഷകനെ ഉണര്‍ത്തുകയാണ് പിന്നീട് നായകന്റെ കഥ പറച്ചില്‍.

അമേരിക്ക എന്ന വളരെ ഗ്ലാമറുള്ള ഒരു രാജ്യത്തിന്റെ ഒരറ്റത്തെ തെല്ലും ഗ്ലാമറില്ലാത്ത ഒരു നഗരത്തിന്റെ കഥയാണ് രണം. മുഴുവനായി അമേരിക്കയിലെ നഗരങ്ങളില്‍ എടുത്ത സിനിമ. ഡിട്രോയിറ്റ് എന്ന അമേരിക്കന്‍ നഗരത്തിന്റെ അസ്തമനത്തിന്റെയും ക്രിമിനല്‍ പശ്ചാത്തലത്തിന്റെയും കഥ പറയുന്ന സിനിമ, അങ്ങനെ പ്രത്യേകതകള്‍ ഒരുപാടുണ്ട് രണത്തിന്. അതിലുമേറെ ശ്യാമപ്രസാദിന്റെ അസിസ്റ്റന്റ് കൂടിയായിരുന്ന നിര്‍മല്‍ സഹദേവന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന പൃഥ്വിരാജ് ചിത്രം.

Ranam movie review

സംഘര്‍ഷങ്ങളില്‍ പെട്ടുഴലുന്ന മനസ്സുകളെ എന്നും അഭ്രപാളികളില്‍ എത്തിക്കാന്‍ ശ്യാമപ്രസാദിനുള്ള വൈഭവം നിര്‍മല്‍ സഹദേവനും ലഭിച്ചിട്ടുണ്ട്. നായകനായ ആദിയുടെ മാനസിക ഭ്രമങ്ങള്‍ അയാളെ എല്ലായ്‌പ്പോഴും പകുതി കനവിലേയ്ക്ക് ഇടയ്‌ക്കൊക്കെ കൊണ്ട് പോകാറുണ്ട്. ആ സംഘര്‍ഷത്തില്‍ നിന്ന് കൊണ്ട് തന്നെയാണ് അതിലേറെ പ്രശ്‌നങ്ങള്‍ നിറഞ്ഞ ഒരു ക്രിമിനല്‍ ഗാങ്ങിന്റെ ഒപ്പമയാള്‍ നില്‍ക്കുന്നതും. പക്ഷെ ഉള്ളില്‍ ഇടയ്ക്കിടെ മിന്നി മറയുന്ന അമ്മയുടെ ഭീതി പുരണ്ട മുഖവും ആടി തൂങ്ങുന്ന കാലുകളും അയാളെ ഒരു തനി നാട്ടിന്‍പുറത്തുകാരനാക്കുന്നുണ്ട്. അതില്‍ നിന്ന് ഒരിക്കലും പുറത്ത് കടക്കാന്‍ വയ്യാത്തതു കൊണ്ട് തന്നെയാണ് ഭര്‍ത്താവിന്റെ അവഗണിക്കലില്‍ നിന്നും മര്‍ദ്ദനത്തില്‍ നിന്നും എങ്ങോട്ടെങ്കിലും ഓടി ഒളിക്കാന്‍ ഇടം തേടിയ സീമയെ ആദിയ്ക്ക് കയ്യേല്‍ക്കേണ്ടി വരുന്നതും അവളെ തന്റെ ഒപ്പം നിര്‍ത്തുന്നതും.

ഓടിയൊളിക്കാന്‍ ആഗ്രഹിച്ചാലും ചില യാഥാര്‍ഥ്യങ്ങള്‍ വട്ടമിട്ടു പിടിക്കുമെന്ന പോലെ അവള്‍ ആദിയെ പിന്നീട് അടുപ്പിച്ച് നിര്‍ത്തുന്നുണ്ട്. തീയേറ്ററില്‍ ഏറ്റവുമധികം ബഹളമുണ്ടായത് അവരുടെ ആകസ്മികമായുണ്ടായ ബന്ധത്തിലേക്ക് നീണ്ടു പോയ സീനാണ്. ഇപ്പോഴും മധ്യവയസ്‌കയായ ഒരു സ്ത്രീയ്ക്ക് അവളുടെ ജീവിതത്തെ സ്വന്തമായി ഡിസൈന്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം ഇല്ല എന്നത് ചിന്തിക്കേണ്ട വിഷയം തന്നെയാണെന്ന് ആ കൂവി വിളിക്കലുകള്‍ ഓര്‍മ്മിപ്പിക്കുന്നു.

ബ്‌ളാക്ക് വിപ്ലവത്തിന് മുന്‍പ് അമേരിക്കയിലെ ഓട്ടോ മൊബീല്‍ തലസ്ഥാനമായിരുന്നു ഡിട്രോയിഡ്.എന്നാല്‍ സിവില്‍ വാറിന് ശേഷം നഗരം ക്രിമിനല്‍ ഗാങ്ങുകളുടെ കയ്യിലായി. അതിലെ ഒരു കണ്ണിയാണ് റഹ്മാന്‍ അവതരിപ്പിക്കുന്ന ദാമോദര്‍ എന്ന വേഷം. കറ കളഞ്ഞ വില്ലന്‍ വേഷം വര്‍ഷങ്ങള്‍ക്കുശേഷം റഹ്മാന്‍ എന്ന നടനെ തിരികെ കൊണ്ടുവരുന്നുണ്ട്. ദാമോദറിന്റെ ഇടം കയ്യോ വലം കയ്യോ ഒന്നുമല്ലെങ്കിലും അയാള്‍ക്ക് വേണ്ടി പണിയെടുക്കുന്ന വെറുമൊരു വ്യക്തി മാത്രമാണ് ആദി. പക്ഷെ അയാള്‍ക്ക് മടുപ്പാണ്. സ്വന്തം അച്ഛന്റെ അനിയന്റെ ഒപ്പം ഡിട്രോയിഡില്‍ ഒരു ഓട്ടോ മൊബീല്‍ വര്‍ക്ക്‌ഷോപ്പ് നടത്തി സ്വന്തമായി അധ്വാനിച്ച് ജീവിക്കാനാണ് ആദിക്കിഷ്ടം. പക്ഷെ ദാമോദറിന്റെ കുരുക്കുകള്‍ അയാള്‍ക്ക് മുകളില്‍ എല്ലായ്‌പ്പോഴും മുറുകിക്കൊണ്ടേയിരിക്കുന്നു. ആദിയ്ക്ക് വേണ്ടി ദാമോദര്‍ അയാളുടെ ബന്ധങ്ങള്‍ പലതും കരുവാക്കുന്നു, അതില്‍ ഉടഞ്ഞു പോയ ഒരു ജീവിതമാണ് സീമയുടേതും .

Ranam movie review

രണം എന്ന സിനിമ പറയഒന്നത് പറഞ്ഞു പഴകിയ കഥ തന്നെയാണ്. ഓരോ കഥകളും മറ്റാരെങ്കിലും പറഞ്ഞു വച്ച കഥകളുടെ എക്സ്റ്റന്‍ഷന്‍ തന്നെയാകും എന്നതാണ് സത്യം. പക്ഷെ രണം ഉപയോഗിച്ചിരിക്കുന്ന ആ പഴയ ഗാങ് വാറും നായകന്റെ അതിജീവനത്തിനുമപ്പുറം ബന്ധങ്ങളുടെ വല്ലാത്തൊരാഴം സംവിധായകന്‍ അവതരിപ്പിക്കുന്നു. ഒറ്റ ആക്ഷനില്‍ തെറിച്ച് അടുത്ത മതിലും പൊളിച്ച് വീണു പോകുന്ന വില്ലനെ നിങ്ങള്‍ക്കിതില്‍ കാണാന്‍ കഴിയില്ല, ആക്ഷന്‍ രംഗങ്ങള്‍ വളരെ സ്വാഭാവികമെന്നത് പോലെ അവതരിപ്പിച്ചിരിക്കുന്നു, ദാമോദറിന്റെയും ആന്റണിയുടേയുമൊക്കെ മരണം കൃത്യമാണ്. അത് അങ്ങനെയേ പറ്റൂ.

സീമ യഥാര്‍ത്ഥത്തില്‍ ചോദ്യം ചെയ്യാന്‍ ആഗ്രഹിച്ചത് ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധമായിരുന്നില്ല. അവളുടെ ഒറ്റപ്പെടലും അവഗണനയും തന്നെയാണ് അയാള്‍ക്ക് നേരേ അവളെ സംസാരിപ്പിക്കുന്നത്. ഇതുവരെ കണ്ടു മടുത്ത നായികാ കഥാപാത്രങ്ങളില്‍ നിന്ന് സീമ പുറത്താണ്. അവള്‍ കാര്യങ്ങള്‍ സംസാരിക്കാന്‍ തക്ക പ്രാപ്തിയുള്ളവളാണ്, മകളുടെ തെറ്റായ വഴികളില്‍ ഉത്കണ്ഠയുള്ളവളാണ്, കൗമാരക്കാരിയായ മകളുടെ അവഗണനയില്‍ എരിയുന്നവളാണ്. ഇതെല്ലാം തകര്‍ത്തെറിയുന്ന ഒരു നിമിഷത്തിലാണ് ആദിയിലേയ്ക്ക് അവള്‍ ചായുന്നതും. ഒന്നുമില്ലാത്ത ഒരു അവസ്ഥയില്‍ നിന്ന് പുറത്തേയ്ക്ക് വരണമെങ്കില്‍ സീമയ്ക്ക് മറ്റൊരാളായി തീരണമായിരുന്നു.

'ഇനിയൊന്നും പഴയതു പോലെയായിരിക്കില്ല' എന്ന് ആദി അവളുമായി ശാരീരികബന്ധം തുടങ്ങും മുന്‍പ് പറയുന്നു, പക്ഷെ അത് സീമ ആ മാറ്റം ആഗ്രഹിച്ചിരുന്നു, ഇനി ജീവിക്കാനുള്ള ഒരു ഊര്‍ജ്ജമായിരുന്നു അവള്‍ക്കത്. പക്ഷെ പുരുഷ കേന്ദ്രീകൃതമായ ഒരു സമൂഹത്തില്‍ സ്ത്രീയ്ക്ക് രണ്ടാമതൊരു അവസരം നല്‍കപ്പെടുക എന്നത് എത്ര വലിയ തെറ്റാണെന്ന് അവര്‍ ധരിച്ചിരിക്കുന്നു എന്ന് ആ രംഗത്തില്‍ തീയേറ്ററില്‍ ഉയര്‍ന്നു കേട്ട കൂവലുകള്‍ വ്യക്തമാക്കുന്നു.

ആദിയുടെ ചിറ്റപ്പനായി അരങ്ങിലെത്തി നന്ദുവിന്റെ ഭാസ്‌കരേട്ടന്‍ വളരെ നന്നായി. അല്ലെങ്കിലും ഈയിടെയായി നന്ദു അവതരിപ്പിക്കുന്ന വേഷങ്ങളിലെല്ലാം വ്യത്യസ്തത കാണാനുണ്ട്. ഇഷ തല്‍വാര്‍ തെറ്റില്ലാതെ സീമയെ ഭംഗിയാക്കി. അവരുടെ ആകാരത്തെയും യൗവ്വനത്തെയും നിരാശപ്പെടുത്താതെ ഇരിക്കാനാകും ഇടയ്ക്ക് പതിനാറുകാരിയായ മകളുടെ ചേച്ചിയാണോ സീമയെന്ന് നായകനെ കൊണ്ട് സംവിധായകന്‍ ചോദിപ്പിച്ചത്! റഹ്മാന്‍ ദാമോദര്‍ എന്ന ശ്രീലങ്കന്‍ വംശജന്റെ വേഷം ഗംഭീരമാക്കി.

ജേക്‌സ് വിജയിന്റെ സംഗീതവും ജോ പോളിന്റെ വരികളും സിനിമ കണ്ടിറങ്ങി കഴിയുമ്പോഴും വിട്ടു പോകാതെ നാവിന്‍ തുമ്പിലുണ്ട്. പ്രത്യേകിച്ച് ജേക്‌സിന്റെ സംഗീതം .സിനിമയുടെ ഒഴുക്കിനൊപ്പം അതുമിങ്ങനെ സഞ്ചരിച്ചു കൊണ്ടേയിരിക്കും അത്രയും ഇഴുകി ചേര്‍ന്ന്.

രണത്തിന്റെ കഥയും അതിന്റെ ഗതിയും പറഞ്ഞു പഴകിയതാണ്, പക്ഷെ ബന്ധങ്ങളുടെ ഈടും ചില അനിശ്ചിതാവസ്ഥകളും പിടിച്ചുലയ്ക്കും.ഏറ്റവുമൊടുവില്‍ എങ്ങോട്ടെന്നില്ലാതെ പോകുന്ന സീമയ്‌ക്കൊപ്പം ആദിയെ വഴിയിലുപേക്ഷിച്ച് നമ്മളും യാത്രയാകും... ഇനിയും അയാള്‍ അങ്ങനെ ഒറ്റയ്ക്ക് തന്നെ ജീവിക്കട്ടെ!

Ads by Google
ശ്രീപാര്‍വതി
ശ്രീപാര്‍വതി
Sunday 09 Sep 2018 09.33 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW