Tuesday, August 20, 2019 Last Updated 20 Min 35 Sec ago English Edition
Todays E paper
Ads by Google
ബീന സെബാസ്റ്റിയന്‍
Thursday 06 Sep 2018 12.12 PM

ബിഷപ്പ് ഫ്രാങ്കോ വത്തിക്കാനിലേക്ക്?; നീക്കം പോലീസിന്റെ മൗനസമ്മതത്തോടെ; കന്യാസ്ത്രീയുടെ മൊഴിയില്‍ വൈരുദ്ധ്യം കണ്ടെത്താനുള്ള വ്യഗ്രതയില്‍ അന്വേഷണസംഘവും

സംസ്ഥാന സര്‍ക്കാരും ആഭ്യന്തര വകുപ്പും പോലീസ് ഉന്നതരും ഇവരുടെ സമ്മര്‍ദ്ദത്തില്‍ വീണുപോയ അന്വേഷണ സംഘവും അറിഞ്ഞുകൊണ്ടുള്ള 'കച്ചവട'മാണ് ഫ്രാങ്കോയുടെ യാത്രയ്ക്ക് പിന്നിലെന്നും ആരോപണമുണ്ട്. ഇന്ത്യയിലെ എല്ലാ ബിഷപ്പുമാരുടെ പിന്തുണയുമുണ്ട്.
 Franco Mulaykkal

കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീ നല്‍കിയ പീഡന പരാതിയില്‍ പോലീസിന്റെ അന്വേഷണം കുറവിലങ്ങാട് മഠത്തെ ചുറ്റിപ്പറ്റി ഇഴയുമ്പോള്‍ പ്രതിസ്ഥാനത്തുള്ള ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ വത്തിക്കാനിലേക്ക് കടക്കാന്‍ പദ്ധതിയിടുന്നതായി സൂചന. ഡല്‍ഹി വഴി ഈ മാസം 13നോ അതിനടുത്ത ദിവസങ്ങളിലോ ബിഷപ്പ് ഫ്രാങ്കോ വത്തിക്കാനിലേക്ക് പോയേക്കുമെന്നാണ് വിവരം.

ഒക്‌ടോബര്‍ മൂന്നു മുതല്‍ 28 വരെ വത്തിക്കാനില്‍ ബിഷപ്പുമാരുടെ സിനഡ് ചേരുന്നുണ്ട്. പനാമയില്‍ അടുത്തവര്‍ഷം ആദ്യം നടക്കുന്ന ലോക യുവജന സമ്മേളനത്തിനു മുന്നോടിയായാണ് ഈ വിഷയത്തില്‍ വത്തിക്കാനില്‍ സിനഡ് ചേരുന്നത്. ഇന്ത്യയിലെ കത്തോലിക്കാ ബിഷപ്പുമാരുടെ കോണ്‍ഫറന്‍സ് (സിബിസിഐ) യുവജന കമ്മീഷന്‍ ചെയര്‍മാന്‍ ആണ് ബിഷപ്പ് ഫ്രാങ്കോ. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ബിഷപ്പുമാര്‍ക്കൊപ്പം ഫ്രാങ്കോ വത്തിക്കാനില്‍ എത്തേണ്ടതാണ്.

എന്നാല്‍ കന്യാസ്ത്രീയുടെ പരാതിയില്‍ പോലീസ് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ബിഷപ്പ് ഫ്രാങ്കോയ്ക്ക് രാജ്യംവിട്ടുപോകാനാവില്ലെന്നാണ് അന്വേഷണസംഘം പറയുന്നതെങ്കിലും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയും ആഭ്യന്തരവകുപ്പിന്റെ ആശിര്‍വാദത്തോടെയും ബിഷപ്പ് ഫ്രാങ്കോ യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചുവെന്നാണ് സൂചന. സംസ്ഥാന സര്‍ക്കാരും ആഭ്യന്തര വകുപ്പും പോലീസ് ഉന്നതരും ഇവരുടെ സമ്മര്‍ദ്ദത്തില്‍ വീണുപോയ അന്വേഷണ സംഘവും അറിഞ്ഞുകൊണ്ടുള്ള 'കച്ചവട'മാണ് ഫ്രാങ്കോയുടെ യാത്രയ്ക്ക് പിന്നിലെന്നും ആരോപണമുണ്ട്.

ഫ്രാങ്കോയുടെ പാസ്‌പോര്‍ട്ട് അന്വേഷണ സംഘം പിടിച്ചെടുത്തുവെന്നും രാജ്യം വിട്ടുപോകാതിരിക്കാന്‍ വിമാനത്താവളങ്ങളില്‍ അറിയിപ്പ് നല്‍കിയിട്ടുണ്ടെന്നുമാണ് പോലീസുമായി അടുത്തവൃത്തങ്ങളില്‍ നിന്നു ലഭിക്കുന്ന വിവരം. എന്നാല്‍ ''പച്ചവെള്ളത്തെ വീഞ്ഞാക്കിയതിലും വലിയ അത്ഭുതം പ്രവൃത്തിക്കുന്ന ഫ്രാങ്കോയ്ക്ക് ഒരു പാസ്‌പോര്‍ട്ട് തട്ടിക്കൂട്ടാനൊന്നും വലിയ പ്രയാസമില്ല'' എന്നാണ് ഫ്രാങ്കോയുടേയും അദ്ദേഹത്തിന്റെ അടുപ്പക്കാരുടെയും ക്രിമിനല്‍ സ്വഭാവം അറിയാവുന്നവര്‍ പറയുന്നത്.

 Franco Mulaykkal

ബിഷപ്പുമാരുടെ സിനഡില്‍ പങ്കെടുക്കാന്‍ ഈ മാസം അവസാനത്തോടെ ഇന്ത്യയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ബിഷപ്പുമാര്‍ വത്തിക്കാനിലേക്ക് പോകുന്നുണ്ട്. യുവജന കമ്മീഷന്‍ ചെയര്‍മാന്‍ കൂടിയായ ബിഷപ്പ് ഫ്രാങ്കോ ആകട്ടെ ഈ മാസംപകുതിയോടെ പോകാനാണ് തയ്യാറെടുക്കുന്നത്. അതിനു മറ്റൊരു കാരണം കൂടിയുണ്ട്. ഫ്രാങ്കോയുടെ അറസ്റ്റു വൈകുന്നതില്‍ ആശങ്ക അറിയിച്ച് കന്യാസ്ത്രീയുടെ കുടുംബം ഈ ദിവസങ്ങളില്‍ ഹൈക്കോടതിയെ സമീപിച്ചേക്കുമെന്ന് സൂചനയുണ്ട്. കോടതിയില്‍ നിന്ന് ഒരു തിരിച്ചടി വന്നാല്‍ പോലീസിനു മുന്നില്‍ അറസ്റ്റ് അല്ലാതെ മറ്റു മാര്‍ഗമില്ലാതാകും. നേരത്തെ കോടതിയില്‍ എത്തിയ ഹര്‍ജിക്കാരന്‍ അപ്പീല്‍ നല്‍കുന്നതിനുള്ള സാധ്യതയും ബിഷപ്പ് ഫ്രാങ്കോ മുന്നില്‍ കാണുന്നു. കോടതിയില്‍ നിന്നും തനിക്കെതിരായ എന്തെങ്കിലും പരാമര്‍ശം വരുന്നതിനു മുന്‍പ് രാജ്യം വിടാനാണ് ഫ്രാങ്കോയുടെ പദ്ധതി. ഇതിന് ഇന്ത്യയിലെ എല്ലാ ബിഷപ്പുമാരുടെ പിന്തുണയുമുണ്ട്.

ഫ്രാങ്കോയ്ക്ക് രാജ്യം വിടുന്നതിന് പരമാവധി സാവകാശം നല്‍കുന്നതിനാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഒത്തുകളിക്കുന്നതെന്നും സംശയം ബലപ്പെടുന്നു. ഫ്രാങ്കോയെ അറസ്റ്റു ചെയ്യാന്‍ എല്ലാ തെളിവുകളും ലഭിച്ചുകഴിഞ്ഞുവെന്നും കന്യാസ്ത്രീയുടെ മൊഴിയും സാക്ഷി മൊഴികളും മറ്റ് അനുബന്ധ തെളിവുകളും എല്ലാം ശക്തമാണെന്നും കഴിഞ്ഞയാഴ്ചവരെ ആവര്‍ത്തിച്ച് പറഞ്ഞിരുന്ന കോട്ടയം എസ്.പി ഹരിശങ്കറും അന്വേഷണസംഘതലവന്‍ ഡി.വൈ.എസ്.പി കെ.സുഭാഷും മുന്‍ നിലപാടില്‍ നിന്നും പിന്നോട്ടുപോയതും ഇതിന്റെ സൂചനയാണെന്ന് കരുതേണ്ടിവരുന്നു. ഐ.ജി വിജയ് സാക്കറെയുമായി കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടത്തിയ അവലോകനയോഗത്തിനു ശേഷം അന്വേഷണസംഘം ഏറെ സമ്മര്‍ദ്ദത്തിലാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. 2000 പേജുള്ള റിപ്പോര്‍ട്ടുമായി ഐ.ജിയെ കണ്ട അന്വേഷണസംഘം നിരാശരായാണ് മടങ്ങിയത്.

ഐ.ജി വിജയ് സാക്കറെയും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് വിശദമായ പരിശോധനയ്ക്ക് ഒരാഴ്ച കൂടി സാവകാശം നല്‍കിയത്. ബിഷപ്പിന്റെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നാണ് അന്വേഷണ സംഘം അതുവരെ പറഞ്ഞത്. എന്നല്‍ യോഗത്തിനു ശേഷം കന്യാസ്ത്രീയുടെ മൊഴികളിലും പൊരുത്തക്കേട് കണ്ടെത്തിയ അന്വേഷണ സംഘം അത് പരിശോധിക്കുന്ന തിരക്കിലാണ്. അന്വേഷണ സംഘത്തിനുള്ള സമയം നീട്ടിനല്‍കി ഫ്രാങ്കോ രാജ്യംവിടുന്നത് വരെ കാത്തിരിക്കാനാണ് പോലീസ് തലപ്പത്തുള്ളവരുടെ നീക്കമെന്നും ആരോപണമുണ്ട്.

പ്രതിസ്ഥാനത്തുള്ള ബിഷപ്പ് ഫ്രാങ്കോയില്‍ നിന്ന് ഒരിക്കല്‍ മാത്രം 'ഔദാര്യത്തോടെ' മൊഴിയെടുത്ത അന്വേഷണസംഘം ഇതിനകം പല തവണ കന്യാസ്ത്രീയില്‍ നിന്നും മൊഴിയെടുത്തുകഴിഞ്ഞു. മിക്കദിവസങ്ങളിലും കുറവിലങ്ങാട് മഠത്തില്‍ എത്തുന്ന പോലീസിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി എത്ര തവണ വ്യക്തവും കൃത്യവുമായി ആവര്‍ത്തിച്ചിട്ടും പലതും വീണ്ടും വീണ്ടും ഉന്നയിച്ച് കന്യാസ്ത്രീയെ വട്ടംചുറ്റിക്കുകയാണെന്നാണ് കിട്ടുന്ന വിവരം. കന്യാസ്ത്രീയുടെ മൊഴിയില്‍ പൊരുത്തക്കേടുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള വ്യഗ്രതയാണോ പോലീസിനെന്നും സംശയം ഉയരുന്നുണ്ട്. അന്വേഷണസംഘത്തിന് ധൈര്യമായി മുന്നോട്ടുപോകാന്‍ ഹൈക്കോടതിയില്‍ നിന്നും ലഭിച്ച ആനുകൂല്യവും പോലീസ് ദുരുപയോഗിക്കുന്നുണ്ടോ എന്ന് ചില നിയമവിദഗ്ധരും സംശയം പ്രകടിപ്പിക്കുന്നുണ്ട്.

-ബീന സെബാസ്റ്റിയന്‍

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW