Tuesday, August 20, 2019 Last Updated 1 Min 0 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 03.19 PM

മണ്ണാണ് ജീവന്‍... മണ്ണിലാണ് ജീവന്‍...

നടനും മികച്ച കര്‍ഷകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡിന് അര്‍ഹനുമായ കൃഷ്ണപ്രസാദിന്റെ വിജയഗാഥ
uploads/news/2018/09/245577/krishnaprasad030918a.jpg

നടന്‍ കൃഷ്ണപ്രസാദിനേക്കാള്‍ ചങ്ങനാശ്ശേരിക്കാര്‍ക്കിഷ്ടം ഉണ്ണിപ്പിള്ള മാഷിന്റെ കര്‍ഷകനായ മകന്‍ കൃഷ്ണപ്രസാദിനെയാണ്. സിനിമക്കാര്‍ക്കിടയില്‍ പോലും കര്‍ഷകനടനെന്ന് വിളിക്കപ്പെടുന്ന കൃഷ്ണപ്രസാദിന്റെ ജീവിതത്തില്‍ വലിയൊരു ഉത്തരവാദിത്വം ഏല്‍പ്പിച്ചാണ് അധ്യാപകനും കര്‍ഷകനും കൂടിയായ അേദ്ദഹത്തിന്റെ അച്ഛന്‍ ഈ ലോകത്തോട് വിടപറഞ്ഞത്.

ഉണ്ണിപ്പിള്ളയെന്ന ആ മനുഷ്യനോടും അയാളെ വിശ്വസിച്ച് ജീവിച്ച ഒരുകൂട്ടം തൊഴിലാളികളോടുമുള്ള സ്നേഹവും കരുതലുമാണ് കൃഷ്ണപ്രസാദിനേയും മികച്ച കര്‍ഷകനാക്കി മാറ്റിയത്. മണ്ണില്‍ പൊന്നുവിളയിക്കുന്ന ഈ താരത്തിന്റെ വിശേഷങ്ങളിലേക്ക്...

കാര്‍ഷിക രംഗത്തേക്ക് വരുന്നത്?


വളരെ അവിചാരിതമായിട്ടാണ്. അതിന് കാരണമായത് എന്റെ അച്ഛന്‍ ഉണ്ണിപ്പിള്ളയായിരുന്നു. പന്ത്രണ്ടാം വയസുമുതല്‍ കൃഷിചെയ്തുതുടങ്ങിയ ആളാണ് അച്ഛന്‍. വലിയ ലാഭമൊന്നുമില്ലെങ്കിലും കൃഷിയെ അച്ഛന്‍ അത്രയ്ക്ക് ഇഷ്ടപ്പെട്ടിരുന്നു. ചങ്ങനാശ്ശേരി എന്‍. എസ്. എസ് സ്‌കൂളില്‍ പ്രധാനാധ്യാപകനായിരുന്നു.

ചങ്ങനാശ്ശേരിയില്‍ ളായിക്കാടും പെരുന്നയിലുമായി രണ്ട് പാടശേഖരങ്ങളാണ് ഞങ്ങള്‍ക്ക് ഉണ്ടായിരുന്നത്. രണ്ടും കൂടി പത്തേക്കര്‍. ആറര പതിറ്റാണ്ട് കൃഷിയായിരുന്നു അച്ഛന്റെ ജീവവായൂ. ധാരാളം തൊഴിലാളികളും അച്ഛനെ ആശ്രയിച്ചുണ്ടായിരുന്നു. വീട്ടിലേയും സ്‌കൂളിലേയും കാര്യങ്ങള്‍ക്കൊപ്പം അതേ പ്രാധാന്യം നല്‍കിയാണ് കൃഷിയും മുന്നോട്ടുകൊണ്ടുപോയത്.

ഇങ്ങനെയൊക്കെയുള്ള അച്ഛനോട് ലാഭമില്ലെന്നറിഞ്ഞപ്പോള്‍ കൃഷി നിര്‍ത്തിക്കൂടെ എന്നുവരെ ചോദിച്ച മകനാണ് ഞാന്‍. എനിക്കും സഹോദരങ്ങളായ കൃഷ്ണകുമാറിനും കൃഷ്ണകുമാരിക്കും കൃഷി ഒട്ടും താല്‍പര്യമല്ലായിരുന്നു. ആരോഗ്യം ക്ഷയിച്ച സമയത്തുകൂടി അച്ഛന്‍ അസുഖങ്ങള്‍ മറന്ന് പാടത്തിറങ്ങിയിട്ടുണ്ട്. 79-ാം വയസിലാണ് മരിക്കുന്നത്.

കൊയ്ത്തുകഴിഞ്ഞകാലമായിരുന്നു അത്. അതിനുശേഷം ഒരുദിവസം അച്ഛന്റെ കൂടെയുണ്ടായിരുന്ന ജോലിക്കാരെല്ലാം എന്നെ കാണാന്‍ വന്നു. അച്ഛന്‍ ചെയ്തിരുന്ന കര്‍മ്മം തുടരണം. അത്തവണ ഞാന്‍ കൃഷിയിറക്കണമെന്നും പറഞ്ഞു. അച്ഛനോടുള്ള സ്നേഹം കൊണ്ടും അവരോട് പറ്റില്ല എന്ന് പറയാന്‍ കഴിയാത്തതുകൊണ്ടും ഞാന്‍ ഈ രംഗത്തേക്കിറങ്ങുകയായിരുന്നു.

ആ വര്‍ഷത്തെ കൃഷി ഞങ്ങള്‍ക്ക് നൂറ് മേനി വിളവാണ് സമ്മാനിച്ചത്. പിന്നീടുള്ള വര്‍ഷങ്ങളിലും ആ വിജയം ആവര്‍ത്തിച്ചു. അപ്പോളെനിക്ക് മനസിലായി മണ്ണിനെ സ്നേഹിക്കുന്നതിലും വലിയ പുണ്യം മറ്റൊന്നില്ലെന്ന്..

uploads/news/2018/09/245577/krishnaprasad030918d.jpg

ഏറ്റവും ശ്രദ്ധ വേണ്ട കാര്യമാണ് കൃഷി. ജോലിത്തിരക്കിനിടയില്‍ എങ്ങനെയാണ് അതിന് സമയം കണ്ടെത്തുന്നത്.?


മനസുണ്ടെങ്കില്‍ ഏത് കാര്യത്തിനും നമുക്ക് ശ്രദ്ധ കൊടുക്കാന്‍ സാധിക്കും. സാമ്പത്തികം മുന്നില്‍കണ്ടാണ് കാര്യങ്ങള്‍ ചെയ്യുന്നതെങ്കില്‍ ഒന്നും വിജയിക്കില്ല. കൃഷിയെ ഇഷ്ടപ്പെടാനും മണ്ണിനേയും ചെടിയേയും സ്നേഹത്തോടെ പരിലാളിക്കാനുമുള്ള മനസുമുണ്ടെങ്കില്‍ തീര്‍ച്ചയായും ഈ രംഗത്ത് വിജയിക്കും.

ഇതിലൂടെ സാമ്പത്തികമുണ്ടാക്കി കോടീശ്വരനാകാം എന്ന് ചിന്തിച്ചാല്‍ മനസുമടുക്കും. ഞാന്‍ സിനിമയിലടക്കം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കൃഷിക്കുതന്നെയാണ് കൂടുതല്‍ പ്രാധാന്യം. ഷൂട്ടിംഗ് തിരക്കിനിടയിലും അല്‍പ്പസമയം കിട്ടിയാല്‍ ചങ്ങനാശ്ശേരിയിലെ വീട്ടിലേക്കും കൃഷിയിടത്തിലേക്കും ഓടിയെത്താനാണ് ശ്രമിക്കാറ്.
.

വീട്ടിലുള്ളപ്പോള്‍ മുഴുവന്‍സമയം കര്‍ഷകനാണോ?


എനിക്ക് നെല്‍കൃഷിയാണധികം. വീട്ടിലുള്ളപ്പോള്‍ പറമ്പിലെ ചെറിയ ചെറിയ കാര്യങ്ങള്‍ നോക്കിയിട്ടേ മറ്റു ജോലികളിലേക്ക് കടക്കൂ. വ്യായാമത്തിനുവേണ്ടി നടക്കാന്‍ പോകുന്ന ശീലമൊന്നുമില്ല. പാടത്തിറങ്ങിയുള്ള ജോലികളും മറ്റുമാണ് എന്റെ വ്യായാമം.

മികച്ച കര്‍ഷകനുള്ള സംസ്ഥാനസര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചിരുന്നല്ലോ?


അവാര്‍ഡിനുവേണ്ടിയല്ല ഇതൊന്നും ചെയ്തത്. അച്ഛനോടും അച്ഛനെ വിശ്വസിച്ചിരുന്ന കുറച്ചാളുകളോടുമുള്ള സ്നേഹമാണ് കൃഷിയിലേക്ക് എന്നെ അടുപ്പിച്ചത്. എന്നെ കാണുമ്പോള്‍ വിശേഷം തിരക്കുന്നവര്‍ സിനിമയെക്കാള്‍ കൂടുതല്‍ കൃഷി എങ്ങനുണ്ടെന്നാണ് ചോദിക്കാറ്.

ആ ചോദ്യം എനിക്ക് കൂടുതല്‍ ഉത്തരവാദിത്തം ഉള്ളതായി തോന്നിപ്പിക്കാറുണ്ട്. ആ ചോദ്യത്തില്‍നിന്നുണ്ടാകുന്ന മാനസികസന്തോഷവും ഒന്നുവേറെയാണ്.

തനി കര്‍ഷകനായി നാട്ടിന്‍പുറത്തുള്ള ജീവിതം ഒരുപാട് ആസ്വദിക്കുന്നുണ്ടല്ലോ?


സിനിമക്കാരനായാലും കര്‍ഷകനായാലും ഞാന്‍ ഞാന്‍ തന്നെയാണ്. തനി നാട്ടിന്‍പുറത്തുകാരനായി ജീവിക്കാന്‍ തന്നെയാണ് എപ്പോഴും ഇഷ്ടം. അതുകൊണ്ടുതന്നെയാണ് നാട്ടില്‍ത്തന്നെ വീടുവച്ച് താമസിക്കുന്നതും ഇവിടുത്തുകാരനായി ജീവിക്കുന്നതും.
uploads/news/2018/09/245577/krishnaprasad030918b.jpg

ചങ്ങനാശ്ശേരിയിലെ പെരുന്നയിലാണ് എന്റെ തറവാട്. താമസിക്കുന്നതും അവിടെത്തന്നെ.കൃഷിക്കാരനാവും മുന്‍പ് സിനിമക്കാരനായി മദ്രാസിലായിരുന്നപ്പോഴും മനസ് എപ്പോഴും ഇങ്ങോട്ട് ചാഞ്ഞ് നില്‍ക്കും. എനിക്കിവിടെ നാടന്‍ രീതിയില്‍ ജീവിക്കാനും മണ്ണില്‍ പണിയെടുക്കാനുമാണ് ഇഷ്ടം. സിനിമയില്ലെങ്കിലും നല്ലൊരു കര്‍ഷകനായി ജീവിക്കാനാവുമെന്ന് ആത്മവിശ്വാസമുണ്ട്.

സിനിമയിലെ സുഹൃത്തുക്കളും കൃഷി വിശേഷങ്ങള്‍ തിരക്കാറില്ലേ?


എം. ജി യൂണിവേഴ്സിറ്റിയില്‍ രണ്ട് വര്‍ഷം ബെസ്റ്റ് ആക്ടറായിരുന്നു. അങ്ങനെയാണ് സിനിമയിലേക്ക് വരുന്നത്. പത്മരാജന്‍ സാറിന്റെ മൂന്നാംപക്കമായിരുന്നു ആദ്യ ചിത്രം. പിന്നീട് അയലത്തെ അദ്ദേഹം, ഒരു യാത്രാമൊഴി, കമലദളം, തുടങ്ങി ധാരാളം നല്ല ചിത്രങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞു.

സലീമേട്ടനൊക്കെ കൃഷിയിലേക്ക് കടക്കുന്നതിനുമുന്‍പ് ഞാന്‍ ആ രംഗത്തുണ്ട്. 2010 ല്‍ മികച്ച കര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചപ്പോള്‍ അമ്മ അനുമോദിച്ചിരുന്നു. അതിന് ശേഷമാണ് എന്റെ സഹപ്രവര്‍ത്തകര്‍ പലരും കൃഷിയിലേക്ക് തിരിയുന്നത്.

സഹപ്രവര്‍ത്തകരെ ആരെയെങ്കിലും കാണാനിടയായാല്‍ കൃഷിയെക്കുറിച്ചാണ് അവരും ചോദിക്കുക. മമ്മൂക്കയും ലാലേട്ടനും ശ്രീനിയേട്ടനും സലീമേട്ടനും ജയറാമും ബിജുമേനോനും ഒക്കെ വളരെ താല്‍പര്യത്തോടെ ഇതേക്കുറിച്ച് ചോദിക്കാറുണ്ട്. കര്‍ഷക നടന്‍ എന്നാണ് അവരെല്ലാവരും എന്നെ വിളിക്കുന്നതുതന്നെ.

കൃഷിരീതികള്‍?


പ്രത്യേകിച്ചൊന്നുമില്ല. കൃഷിയും വളപ്രയോഗവുമെല്ലാം മറ്റെല്ലാ കര്‍ഷകരും ചെയ്യുന്നതുപോലെതന്നെയാണ്. പാടശേഖര സമിതിയുടേയും മറ്റും ഇടപെടലിലൂടെയാണ് കാര്യങ്ങള്‍ നടക്കുന്നത്. ഡി1, ജ്യോതി ഇവയൊക്കെയാണ് കൂടുതലായും ഉപയോഗിക്കുന്ന വിത്തുകള്‍.
uploads/news/2018/09/245577/krishnaprasad030918c.jpg

മഴ കൃഷിയെ ബാധിച്ചില്ലേ?


ശരിക്കും ബാധിച്ചു. വെള്ളപ്പൊക്കത്തില്‍ തോട്ടില്‍ കിടന്ന ആഫ്രിക്കന്‍ പായലെല്ലാം പാടത്ത് കയറി . പിന്നെ ഞങ്ങളെല്ലാവരും ചേര്‍ന്ന് കിലോമീറ്ററുകളോളം വ്യാപ്തിയുള്ള പാടശേഖരം മുഴുവന്‍ വലകെട്ടുകയായിരുന്നു. കൃഷിചെയ്യാന്‍ തൊഴിലാളിയെ കിട്ടാത്തതാണ് ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ ബുദ്ധിമുട്ട്.

കുടുംബത്തിന്റെ പിന്തുണ ?


ഭാര്യ രശ്മി. പ്രാര്‍ഥന കൃഷ്ണ, പ്രപഞ്ച കൃഷ്ണ. രശ്മിയുടെ സപ്പോര്‍ട്ട് ഇല്ലെങ്കില്‍ ഒരിക്കലും എനിക്ക് ഒരു കാര്യങ്ങളും ഇത്രയും നന്നായി മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കില്ല. കുടുംബമാണ് എന്റെ ഏറ്റവും വലിയ സപ്പോര്‍ട്ട്.

പുതിയ ചിത്രങ്ങള്‍?


വരാന്‍ പോകുന്ന സിനിമകള്‍ ആസിഫലിയുടെ മന്ദാരം, മമ്മൂക്കയുടെ ഒരു കുട്ടനാടന്‍ ബ്ലോഗ്, അപര്‍ണ്ണ ഗോപിനാഥ് ആകാശത്തില്‍ ഒരു നക്ഷത്രം. സായാഹ്‌ന വാര്‍ത്തകള്‍. പ്രണവിന്റെ 21ാം നൂറ്റാണ്ടിലാണ് ഇനി അഭിനയിക്കാന്‍ പോകുന്നത്.

ഷെറിങ്ങ് പവിത്രന്‍

Ads by Google
Monday 03 Sep 2018 03.19 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW