Sunday, August 18, 2019 Last Updated 57 Min 3 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 04.13 PM

പൊറോട്ടയെക്കുറിച്ച് വീണ്ടും ചിലത് പറയാനുണ്ട്

''മൈദ കൊണ്ടുണ്ടാക്കുന്ന ഈ ആഹാരപദാര്‍ഥം അത്ര ഭീകരനാണ് എന്ന രീതിയില്‍ ചിത്രീകരിക്കണോ എന്നു സംശയിക്കണം. വല്ലപ്പോഴും ഒരിക്കല്‍ കഴിച്ചാല്‍ പൊറോട്ടഅത്രയ്ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്നു കരുതാനും വയ്യ''
uploads/news/2018/08/244840/poratta310818.jpg

പൊറോട്ടയെക്കുറിച്ചുള്ള വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും പൊറോട്ടയുടെ ആവിര്‍ഭാവത്തോളം തന്നെ പഴക്കമുണ്ടെന്നു വേണം കരുതാന്‍. അവയില്‍ കൂടുതലും മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നത് ഇപ്പോഴത്തെ ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, കാലഘട്ടത്തിനു മുന്‍പായിരുന്നു.

അമ്മയെ തല്ലിയാലും രണ്ടുപക്ഷം എന്ന രീതിയില്‍ പൊറോട്ടയെ ശക്തമായി പിന്താങ്ങികൊണ്ടും എതിര്‍ത്തുകൊണ്ടും നിരവധി ലേഖനങ്ങള്‍ ഇതിനോടകം നാം വായിച്ചു കഴിഞ്ഞു. എന്നിരുന്നാലും പൊറോട്ട നല്ലതോ ചീത്തയോ എന്ന കാര്യത്തില്‍ അരിയാണോ മാവാണോ ആദ്യം ഉണ്ടായത് എന്ന രീതിയിലുള്ള ഒരു സന്ദേഹം ഇന്നും നിലനില്‍ക്കുന്നുണ്ട്.

വില്ലനാണോ ഈ പൊറോട്ട?


മൈദ കൊണ്ടുണ്ടാക്കുന്ന ഈ ആഹാരപദാര്‍ഥം അത്ര ഭീകരനാണ് എന്ന രീതിയില്‍ ചിത്രീകരിക്കണോ എന്നു സംശയിക്കണം. വല്ലപ്പോഴും ഒരിക്കല്‍ കഴിച്ചാല്‍ പൊറോട്ട അത്രയ്ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്നു കരുതാനും വയ്യ.

പൊറോട്ട കഴിച്ചു എന്ന കാരണം കൊണ്ടുമാത്രം ഏതെങ്കിലും പ്രത്യേക രോഗങ്ങള്‍ ഉണ്ടായതായി ഗവേഷണ പഠനങ്ങളൊന്നും കണ്ടതായി ഓര്‍ക്കുന്നില്ല. അങ്ങനെ സ്ഥാപിക്കണമെങ്കില്‍ ഒരു ഭാഗത്ത് പൊറോട്ട മാത്രം കഴിക്കുന്നവരും മറുഭാഗത്ത് ഇതര ഭക്ഷ്യവസ്തുക്കള്‍ കഴിക്കുന്നവരും ഉള്‍പ്പെടുന്ന കേസ് കണ്‍ട്രോള്‍ പഠനങ്ങള്‍ ഉണ്ടാവണം.

പശയായി ഉപയോഗിക്കുന്ന മൈദ ഭക്ഷ്യയോഗ്യമാണോ എന്നും കടയില്‍ ഒട്ടിയിരിക്കില്ലേ എന്നുമുള്ള സംശയങ്ങളും പൊറോട്ടയുടെ കാര്യത്തില്‍ തുടക്കം മുതലേയുള്ളതാണ്. പൊറോട്ടയുടെ പ്രധാന ചേരുവയായ മൈദ അത്രയൊന്നും ആരോഗ്യകരമായ ഒന്നല്ല എന്ന വസ്തുത അംഗീകരിക്കാതെ വയ്യ.

എന്നാല്‍ അങ്ങനെ വരുമ്പോള്‍ മൈദ കൊണ്ടുണ്ടാക്കുന്ന ബ്രഡ്, ബണ്‍, നാന്‍ പലതരം ബിസ്‌ക്കറ്റുകള്‍ എന്നിവയൊക്കെ ഭക്ഷിക്കുമ്പോഴും മൈദ കൊണ്ടുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ തന്നെയാണ് ഉണ്ടാകുകയെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ ഇവയുടെ കാര്യം മറന്ന് പ്രതിസ്ഥാനത്ത് എല്ലായ്‌പ്പോഴും പൊറോട്ട ഒറ്റയ്ക്കാവുന്ന കാഴ്ചയാണ് മിക്കപ്പോഴും കാണാന്‍ കഴിയുക.

uploads/news/2018/08/244840/poratta310818a.jpg

തെറ്റിദ്ധരിക്കരുത് പ്ലീസ്...


ഇത്രയും പറഞ്ഞതില്‍ നിന്നു പൊറോട്ട തീറ്റി ഒരു പതിവു ശീലമാകുന്നതില്‍ തെറ്റില്ല എന്ന് ആരെങ്കിലും ധരിച്ചുവച്ചാലോ എന്നു കരുതി ചില കാര്യങ്ങള്‍ താഴെ പറയുന്നു. റിഫൈന്‍ഡ് ഫ്‌ളവര്‍ വിഭാഗത്തില്‍പ്പെട്ട മൈദ കൊണ്ടു നിര്‍മിക്കുന്ന വിഭവമായതിനാല്‍ നാരുകളുടെ (ഫൈബര്‍) അംശം തീരെ കുറഞ്ഞ ഒരു ഭക്ഷണമാണിത.്

അതുകൊണ്ട് തന്നെ നാരുകള്‍ അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങള്‍ കൂടുതലായി കഴിക്കുന്നവരെ അപേക്ഷിച്ച് പൊറോട്ട പതിവായി കഴിക്കുന്നവരില്‍ മലബന്ധത്തിനുള്ള സാധ്യത കൂടുതലാണ്. ഈ പ്രശ്‌നം പൊറോട്ടയ്ക്ക് മാത്രമല്ല.

മൈദ കൊണ്ടുണ്ടാക്കുന്ന നാന്‍, ബ്രഡ്, ബട്ടര്‍, ജാം സംസ്‌ക്കാരവും നാന്‍ മുതലായ ഭക്ഷ്യവസ്തുക്കളുടെ ഉപയോഗവും ഉപരിവര്‍ഗത്തില്‍പ്പെട്ടവരിലാണ് കൂടുതല്‍ എന്നതിനാലും പൊറോട്ട സാധാരണക്കാരന്റെയും അധ്വാനിക്കുന്നവന്റെയും ഇഷ്ടഭക്ഷണമായതിനാലും മറ്റുള്ളവ ചര്‍ച്ചയില്‍ വരാറില്ല എന്നതാണ് സത്യം.

നാം കഴിക്കുന്ന ദോശയും മറ്റും സാമ്പാര്‍, ചട്‌നി മുതലായ സസ്യവിഭവങ്ങളുടെ അകമ്പടിയോടു കൂടി ഭക്ഷിക്കപ്പെടുന്നവയാണ്. ചപ്പാത്തിയാകട്ടെ ചിക്കന്‍ മുതലായ സസ്യേതര ഭക്ഷ്യവസ്തുക്കളുടെ കൂടെ ഭക്ഷിക്കാമെങ്കില്‍ തന്നെയും വെജിറ്റബിള്‍ കറി, കിഴങ്ങുകറി, പരിപ്പുകറി എന്നിവയുടെ കൂടെയാണ് നാം കൂടുതലായി ഭക്ഷിക്കാറ്.

പൊറോട്ടയുടെ കൂട്ടുകാര്‍


ഗോതമ്പു വാങ്ങി കഴുകിപ്പൊടിച്ചെടുത്ത് ഉപയോഗിച്ചാല്‍ ഒരു ഫൈബര്‍ റിച്ച് വിഭവമാണ് ചപ്പാത്തി. എന്നാല്‍ ഇതല്ല പൊറോട്ടയുടെ സ്ഥിതി. പച്ചക്കറി വിഭവങ്ങളെക്കാള്‍ മിക്കപ്പോഴും നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ കൂടിയാണ് നാം പൊറോട്ട കഴിക്കാറുള്ളത്.

അക്കൂട്ടത്തില്‍ ജനപ്രിയ കോംബിനേഷന്‍ പൊറോട്ടയും ബീഫും തന്നെ. ദോശയും ചപ്പാത്തിയുമൊക്കെ സാധാരണ നാം വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണങ്ങളാണ്. എന്നാല്‍ പൊറോട്ട നാം സാധാരണ വീട്ടില്‍ ഉണ്ടാക്കാതെ ഹോട്ടലില്‍ പോയി കഴിക്കുകയോ പാഴ്‌സല്‍ വാങ്ങി ഭക്ഷിക്കുകയോ ചെയ്യുന്ന സാധനമാണ്.

വൃത്തിയും വെടിപ്പും നിലനിര്‍ത്തി നന്നായി ഭക്ഷണമുണ്ടാക്കി വില്‍ക്കുന്ന ഹോട്ടലുകള്‍ മാറ്റി നിര്‍ത്തിയാല്‍, ആവര്‍ത്തിച്ചു ചൂടാക്കുന്ന, മായം ചേര്‍ത്ത തരംതാണ ഭക്ഷ്യ എണ്ണകള്‍ ഉപയോഗിച്ച് ഫ്രീസറില്‍ ദിവസങ്ങളോ ആഴ്ചകളോ കിടക്കുന്ന ഇറച്ചി ശരീരത്തിനു ഹാനികരമായ രുചിവര്‍ധക വസ്തുക്കളും നിറങ്ങളും ചേര്‍ത്ത് ഉണ്ടാക്കുന്ന വിഭവങ്ങളാണ് പൊറോട്ടയ്ക്ക് കൂട്ട്.

അങ്ങനെ വരുമ്പോള്‍ കൊളസ്‌ട്രോള്‍ സാധ്യതയും ആവര്‍ത്തിച്ചു ചൂടാക്കുന്ന എണ്ണ മൂലം കാന്‍സര്‍ സാധ്യതയും ഉണ്ടാകാം. ഇതു പൊറോട്ടയുടെ കുറ്റമല്ലെങ്കില്‍ തന്നെയും പൊറോട്ട ഇതില്‍ കൂട്ടുപ്രതിയാണ്.

uploads/news/2018/08/244840/poratta310818b.jpg

വൃത്തിവേണം... വൃത്തി...


വൃത്തിയാണ് മറ്റൊരു പ്രശ്‌നം. നിര്‍മാണപ്രക്രിയയില്‍ കൈകള്‍ കൊണ്ടുള്ള പ്രയോഗങ്ങള്‍ ഏറ്റവും കൂടുതല്‍ വേണ്ടി വരുന്ന ഒന്നാണ് പൊറോട്ട. മാവുകുഴച്ച് വീശിയടിച്ച് കത്തികൊണ്ട് വരഞ്ഞ്, ഉരുളകളാക്കി വിയര്‍ത്തു കുളിക്കുന്ന പാചകക്കാരന്‍ പൊറോട്ട ഉണ്ടായി കഴിഞ്ഞ് ചുട്ടെടുത്ത ശേഷം അട്ടിയായി വച്ച് കൈകൊണ്ട് ഇടിച്ചു പരുവപ്പെടുത്തുക കൂടി ചെയ്യുന്നുണ്ട്.

അതിനു മീതെ മുഷിഞ്ഞ തോര്‍ത്ത് കൂടി ഇടുമ്പോള്‍ പൂര്‍ത്തിയായി. വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് പൊറോട്ട ഉണ്ടാക്കുന്നതെങ്കില്‍ അത്തരം ഹോട്ടലുകളില്‍ നിന്ന് കഴിക്കുന്നവനു കിട്ടുന്ന രോഗങ്ങളുടെ പട്ടിക നീണ്ടതാണ്.

രുചി കൂടുതലുള്ള എന്തും കൂടുതല്‍ അകത്താക്കാനുള്ള പ്രവണത നമുക്കേവര്‍ക്കും ഉണ്ട്. എണ്ണയും ഉപ്പും മധുരവും മസാലയും നെയ്യുമൊക്കെ നന്നായി ചേര്‍ക്കുമ്പോള്‍ തന്നെയാണ് രുചികരമായ ഭക്ഷണം ഉണ്ടാകുന്നത്. പൊറോട്ടയും ബീഫുമൊക്കെ കൊതിമൂത്ത് പതിവായി ഭക്ഷിച്ച് അതിനു മുകളില്‍ നല്ല ദഹനം കിട്ടാനായി കോള കൂടി കുടിക്കുമ്പോള്‍ ജീവിതശൈലി രോഗങ്ങള്‍ നാം വിലയ്ക്ക് വാങ്ങുകയാണ് ചെയ്യുന്നത്.

പക്ഷേ, ശീലമാക്കരുത്!


ചുരുക്കത്തില്‍ നാക്കില്‍ കപ്പലോടിക്കാന്‍ തക്കവണ്ണം വെള്ളം നിറയ്ക്കുന്ന ഈ മൈദ വിഭവം വല്ലപ്പോഴുമൊരിക്കല്‍ കഴിക്കുന്നതില്‍ തെറ്റില്ലെങ്കിലും പതിവായി ഇത്തരം ഭക്ഷ്യവസ്തുക്കള്‍ കഴിക്കുന്നത് ഒട്ടും ആശാസ്യമല്ല.

പകരം നാരുകളും ജീവകങ്ങളും അടങ്ങിയ പഴങ്ങളും പച്ചക്കറികളും പയറുവര്‍ഗങ്ങളും ചെറുമീനുകളും ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. പൊറോട്ട പോലുള്ള ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ ധാരാളം വെള്ളം കുടിക്കുക. നിര്‍ജലീകരണം തടയാനും എളുപ്പത്തില്‍ ദഹിക്കാനും മലബന്ധം പോലുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും ഇതു സഹായിക്കും.

ഡോ. സുനില്‍ മൂത്തേടത്ത്
സ്‌കൂള്‍ ഓഫ് നഴ്‌സിംഗ്
അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്
ഇടപ്പള്ളി, കൊച്ചി

Ads by Google
Friday 31 Aug 2018 04.13 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW