Monday, August 19, 2019 Last Updated 9 Min 16 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 04.27 PM

ഉറക്കം കെടുത്തുന്ന ഡിജിറ്റല്‍ സ്‌ക്രീന്‍

''പുലര്‍ച്ചെ ബെഡ്‌കോഫിയും പത്രവും കിട്ടിയിലെങ്കില്‍ അസ്വസ്ഥനാകുന്ന മലയാളിക്ക് ഇന്ന് മൊബൈല്‍ ഫോണ്‍ തന്റെ ശരീരത്തിന്റെ ഒരു ഭാഗം എന്നപോലെ തന്നെ മാറിക്കഴിഞ്ഞു. ദീര്‍ഘനേരം ഡിജിറ്റല്‍ സ്‌ക്രീനുകള്‍ക്കു മുന്നില്‍ ചെലവിടുന്നത് ഉറക്കത്തെയുള്‍പ്പെടെ ഗുരുതരമായി ബാധിക്കാം''
uploads/news/2018/08/244564/mobilmaind300818.jpg

ഉറങ്ങാന്‍ കിടക്കുമ്പോഴും ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോഴും ഇന്ന് ആദ്യമന്വേഷിക്കുന്നത് മൊബൈല്‍ ഫോണ്‍ ആണ്. കണ്ണ് അടച്ചുപിടിച്ച് ഫോണ്‍ തപ്പിയെടുത്ത്, നെറ്റ് ഓണ്‍ ചെയ്ത് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെ പിന്നെ യാത്ര ആരംഭിക്കും.

ആധുനിക ലോകത്ത് ജീവിക്കുന്ന ഒരു ശരാശരി മലയാളിയുടെ പ്രഭാതം ആരംഭിക്കുന്നത് ഇങ്ങനെയാണ്. പുലര്‍ച്ചെ ബെഡ്‌കോഫിയും പത്രവും കിട്ടിയിലെങ്കില്‍ അസ്വസ്ഥനാകുന്ന മലയാളിക്ക് ഇന്ന് മൊബൈല്‍ ഫോണ്‍ തന്റെ ശരീരത്തിന്റെ ഒരു ഭാഗം എന്നപോലെ തന്നെ മാറിക്കഴിഞ്ഞു. ദീര്‍ഘനേരം ഡിജിറ്റല്‍ സ്‌ക്രീനുകള്‍ക്കു മുന്നില്‍ ചെലവിടുന്നത് ഉറക്കത്തെയുള്‍പ്പെടെ ഗുരുതരമായി ബാധിക്കാം.

ഉറക്കത്തെ ബാധിക്കും


ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്ലീപ് മെഡിസിന്‍ വിഭാഗത്തിലെ ഡോ. ചാള്‍സ് സീസിയറിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ മൊബൈലോ, അതുപോലെയുള്ള ഇലക്‌ട്രോണിക് വസ്തുക്കളുമായി അധികനേരം ചിലവഴിക്കുന്നത് നമ്മുടെ ഉറക്കത്തെ പ്രതികൂലമായി ബാധിക്കുന്നതിനു കാരണമാകാമെന്നു പറയുന്നു.

ഉറങ്ങാന്‍ കിടക്കുന്ന നേരം മൊബൈലില്‍ നിന്നു വരുന്ന പ്രകാശം ശാരീരികവും മാനസികവുമായി നമ്മളെ ഉദ്ദീപിപ്പിക്കുകയും മസ്തിഷ്‌കത്തെ കബിളിപ്പിച്ച് ഇപ്പോള്‍ രാത്രിയല്ല പകലാണ് എന്ന തോന്നല്‍ ഉണ്ടാക്കുകയും ചെയ്യാം. ഇത് ഉറക്കത്തിനു സഹായിക്കുന്ന മെലാടോണിന്‍ എന്ന ഹോര്‍മോണിന്റെ സ്വാഭാവികമായ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുകയും ഹോര്‍മോണിന്റെ പ്രവര്‍ത്തനം കുറയുന്നതിനു കാരണമാകുകയും ചെയ്യുന്നു.

ടെലിവിഷന്‍, കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പ്, ടാബ്‌ലറ്റ്, സ്മാര്‍ട്ട് ഫോണ്‍ എന്നിവ ഉറങ്ങാന്‍ കിടക്കുന്ന സ്ഥലത്തുനിന്നും ഒഴിവാക്കുന്നത് നല്ല ഉറക്കം ലഭിക്കുന്നതിനു സഹായകരമാകും. ഉറക്കത്തിനും ലൈംഗികകാര്യങ്ങള്‍ക്കും മാത്രം ബെഡ്‌റൂം ഉപയോഗിക്കുകയും ഉറങ്ങുന്നതിനു ഒരു മണിക്കൂര്‍ മുന്‍പെങ്കിലും മൊബൈല്‍ ഫോ ണ്‍ പോലുള്ള ഇലക്‌ട്രോണിക് ഗാഡ്ജറ്റ്‌സ് ഉപയോഗിക്കാതെ ശ്രദ്ധിക്കേണ്ടതുമുണ്ട്. ഇല്ലെങ്കില്‍ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിക്കേണ്ടി വന്നേക്കാം.

uploads/news/2018/08/244564/mobilmaind300818a.jpg

ഉപയോഗം നിയന്ത്രിക്കാം


ദിവസങ്ങളോളം തുടര്‍ച്ചയായി ഉറക്കം ലഭിക്കാതെ വന്നാല്‍ പല തരത്തിലുള്ള ശാരീരികവും മാനസികവുമായ രോഗങ്ങള്‍ പിടിപെടുന്നതിനു കാരണമാകും. ഉത്കണ്ഠ, വിഷാദം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയ മനോവിഭ്രമങ്ങളിലേക്ക് വ്യക്തി എത്തിച്ചേരുന്നതിനും കാരണമാകാം.

ഉറങ്ങാന്‍ പോകുന്നതിനു മുമ്പും ഉറക്കമുണര്‍ന്ന് കഴിഞ്ഞുള്ള ആദ്യത്തെ അരമണിക്കൂര്‍ സമയവും ഫോണ്‍ ഉപയോഗിക്കാതിരിക്കുക. കിടക്കയില്‍ നിന്നും എഴുന്നേറ്റയുടനുള്ള ആദ്യത്തെ അരമണിക്കൂര്‍ അന്നത്തെ ദിവസം ചെയ്യേണ്ട കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനു ഉപയോഗിക്കുക.

ചെറിയ ഒരു മെഡിറ്റേഷന്‍ വളരെയധികം ഗുണം ചെയ്യും. പ്രശാന്തമായ മനസോടെയും പ്രസരിപ്പോടെയും ഓരോ ദിവസത്തെയും കാണുവാനും ജോലി ചെയ്യുവാനും ഇതു സഹായിക്കും.

മൊബൈല്‍ ഫോണിന്റെ ഉപയോഗം പരമാവധി കുറയ്ക്കാന്‍ ശ്രമിക്കണം. കൈയെത്തുന്ന ദൂരത്ത് ഫോണ്‍ വയ്ക്കുന്നത് ഫോണ്‍ എപ്പോഴും എടുത്തു നോക്കുന്നതിനുള്ള പ്രേരണയുണ്ടാക്കും. വാഹനം ഓടിക്കുന്ന സമയത്ത് ഫോണ്‍ ഉപയോഗിക്കുന്നത് പൂര്‍ണമായും ഒഴിവാക്കുക.

രാവിലെയോ വൈകുന്നേരമോ വ്യായാമത്തിനായി നടക്കാന്‍ പോകുമ്പോഴും, വീട്ടില്‍ നിന്നും അധിക ദൂരെയല്ലാത്ത കടകളിലോ മാര്‍ക്കറ്റിലോ പോകുമ്പോഴും ഫോണ്‍ കൈയില്‍ എടുക്കാതിരിക്കുന്നതാണ് നല്ലത്.

സ്‌ക്രീനില്‍ നോക്കി ഭക്ഷണം കഴിക്കരുത്


വീട്ടിലാകട്ടെ പുറത്ത് ഹോട്ടലിലോ റസ്‌റ്റോററ്റിലോ ആകട്ടെ ഭക്ഷണം കഴിക്കുന്ന സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുക. വീട്ടുകാരോടോ, സുഹൃത്തുക്കളോടോ ഒപ്പമിരുന്നു ഭക്ഷണം കഴിക്കുന്ന സമയം മറ്റുള്ളവരെ പരിചയപ്പെടാനും, സൗഹൃദം പുതുക്കാനും സന്തോഷം പങ്കിടാനുമൊക്കെ ശ്രമിക്കുക.
uploads/news/2018/08/244564/mobilmaind300818b.jpg

എന്നാല്‍ ഭക്ഷണത്തിന്റെ സമയത്ത് മൊബൈല്‍ ഫോണില്‍ മുഴുകിയിരിക്കുന്നത് ബന്ധങ്ങളുടെ ഊഷ്മളതയെ കെടുത്തുകയും വ്യക്തികള്‍ തമ്മിലുള്ള മാനസികവും വൈകാരികവുമായ അടുപ്പം കുറയുന്നതിനു കാരണമാകുകയും ചെയ്യാം. മൊബൈല്‍ സ്‌ക്രീനില്‍ നോക്കിയിരുന്നു ഭക്ഷണം കഴിക്കുന്ന ശീലം അമിതവണ്ണവും ശരീരത്തിനു ആവശ്യത്തിനു പോഷണം ലഭിക്കാത്ത അവസ്ഥയ്ക്കും ഇടയാക്കും. സമയം കൂടുതല്‍ കളയുന്ന മൊബൈല്‍ ആപ്പുകള്‍ ഡിലീറ്റ് ചെയ്യുക.

അല്ലെങ്കില്‍ അവയുടെ ഉപയോഗം പരമാവധി കുറയ്ക്കാന്‍ ശ്രമിക്കുക. സോഷ്യല്‍ നെറ്റുവര്‍ക്കുകളില്‍ നിന്നും താല്‍കാലികമായി വിട്ടു നില്‍ക്കുകയും ആ സമയം സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും വേണ്ടി മാറ്റിവയ്ക്കുകയും ചെയ്യുന്നത് മാനസിക ഉല്ലാസത്തിനു വളരെ നല്ലതാണ്.

ഇടയ്ക്കിടെ ഫോണില്‍ നോക്കേണ്ടതില്ല


ഉണര്‍ന്നിരിക്കുന്ന സമയത്ത് എല്ലാ മൂന്നു മിനിറ്റ് ഇടവേളകളില്‍ ഒരു പ്രാവശ്യമെങ്കിലും ഫോണ്‍ വെറുതെയെങ്കിലും എടുത്തുനോക്കുന്നവരാണ് ഒട്ടുമിക്കവരും. കോളുകളോ മെസേജോ വന്നിട്ടില്ലെങ്കില്‍ ലഭിച്ചില്ലെങ്കില്‍ ഫോണ്‍ എടുത്ത് നോക്കുന്ന ശീലം പൂര്‍ണായും നിര്‍ത്തുക. ചില സ്ഥലങ്ങളില്‍ ഫോണ്‍ ഉപയോഗിക്കില്ല എന്നു മുന്‍കൂട്ടി തീരുമാനിക്കുക. ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ ഇതു പ്രാവര്‍ത്തികമാക്കാവുന്നതാണ്.

ആവശ്യസന്ദര്‍ഭങ്ങളില്‍ ഓഫീസിലെ ലാന്‍ഡ്‌ഫോണ്‍ നമ്പര്‍ നല്‍കുന്നതായിരിക്കും കൂടുതല്‍ ഉചിതം. ഇന്റര്‍നെറ്റില്‍ അമിതമായി സമയം ചെലവിടുന്നവര്‍ ചെറിയ ഓഫറുകള്‍ നോക്കി റീച്ചാര്‍ജ്് ചെയ്യുന്നതായിരിക്കും നല്ലത്. അത്യാവശ്യ കാര്യങ്ങള്‍ക്ക് വേണ്ടി ഡേറ്റാ ഉപയോഗിക്കേണ്ടി വരുമെന്നതിനാല്‍ അനാവശ്യമായി ഇന്റര്‍നെറ്റില്‍ കൂടുതല്‍ സമയം ചെലവിടുന്നത് കുറയ്ക്കാന്‍ ഇതു സഹായിക്കും.

സ്മാര്‍ട്ട് ഫോണ്‍ കുട്ടികള്‍ക്ക് കളിക്കാനായി കൊടുക്കാതിരിക്കുക. ഇന്റര്‍നെറ്റ് ഗെയിമുകള്‍ പോലുള്ളവ കുട്ടികളെ അതിന്റെ അടിമകളാക്കിത്തീര്‍ക്കുകയും സാമൂഹിക വളര്‍ച്ച, പഠനപ്രവര്‍ത്തനങ്ങളോടുള്ള താല്‍പര്യം എന്നിവയെ ബാധിക്കുന്നതിനും കാരണമാകും.

uploads/news/2018/08/244564/mobilmaind300818c.jpg

അമിത ഉപയോഗം രോഗങ്ങളിലേക്ക്


മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം മൂലം പലവിധ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. രാത്രിയില്‍ തുടര്‍ച്ചയായ മൊബൈല്‍ ഉപയോഗം കാഴ്ച, കേള്‍വി, ഉറക്കം എന്നിവയെ പ്രതികൂലമായി ബാധിക്കും.

ഹൃദയസംബന്ധമായ അസുഖങ്ങള്‍, കാന്‍സര്‍, പുരുഷന്മാരില്‍ വന്ധ്യത, ഉത്കണ്ഠ, വിഷാദം, ഓര്‍മക്കുറവ്, അമിതവണ്ണം എന്നിവയ്ക്ക് കാരണമാകാമെന്നു പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ദീര്‍ഘനേരമുള്ള മൊബൈലിന്റെ ഉപയോഗം കൈകള്‍ക്കും വിരലുകള്‍ക്കും തരിപ്പും വേദനയും ഉണ്ടാകുന്നതിനു കാരണമാകാം. ടെനോ സെനോവിറ്റിസ്, കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം എന്നിവ സെല്‍ഫോണ്‍ അഡിക്ഷനുള്ളവരില്‍ കാണാറുണ്ട്. ബാത്ത്‌റൂമില്‍ പോകുന്ന നേരത്ത് മൊബൈല്‍ ഉപയോഗിക്കുന്നവരുണ്ട്. ഈ ശീലം നിയന്ത്രിക്കേണ്ടതുണ്ട്. വീടിനുള്ളിലോ, പുറത്തോ ഉള്ള അന്തരീക്ഷമല്ല ബാത്ത്‌റൂമിലേത്.

ടോയിലറ്റ് ഫ്‌ളഷ് ചെയ്യുമ്പോള്‍ കീടാണുക്കള്‍ വായുവില്‍ കലരുകയും പല തരത്തിലുള്ള ശാരീരിക രോഗങ്ങള്‍ പിടിപെടുന്നതിനു ഇതു കാരണമാകുകയും ചെയ്യുന്നു. അതുകൊണ്ട് ദീര്‍ഘനേരം ബാത്ത്‌റൂമില്‍ ചെലവഴിക്കുന്നത് ഒഴിവാക്കണം.

സമയം നോക്കാതെ ഏറെനേരം മൊബൈല്‍ ഫോണുമായി ബാത്ത്‌റൂമില്‍ ചെലവിടുന്നവര്‍ ഓര്‍ക്കുക രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയേറെയാണ്. സ്മാര്‍ട്ട് ഫോണിന്റെ ഉപയോഗം ഒട്ടും നിയന്ത്രിക്കാന്‍ കഴിയാത്തവര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയാത്ത കോളുകളും ടെക്‌സ്റ്റ് മെസേജും മാത്രം ചെയ്യാന്‍ കഴിയുന്ന ഒരു സാധാരണ ഫോണ്‍ വാങ്ങുകയാകും നല്ലത്. മൊബൈല്‍ അഡിക്ഷന്‍ ഒരു തരത്തിലും നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഒരു സൈക്കോളജിസ്റ്റിന്റെ സഹായം തേടേണ്ടതാണ്.

ഡോ. ബോബന്‍ ഇറാനിമോസ്
കണ്‍സള്‍ട്ടന്റ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
ആക്ടീവ് മൈന്‍ഡ്‌സ്്
മൈന്‍ഡ്് ക്ലിനിക്ക് ഫോര്‍ ചില്‍ഡ്രന്‍ ആന്‍ഡ് അഡല്‍റ്റ്‌സ്,
കോട്ടയം

തയാറാക്കിയത് :
നീതു സാറാ ഫിലിപ്പ്

Ads by Google
Thursday 30 Aug 2018 04.27 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW