Tuesday, August 20, 2019 Last Updated 0 Min 26 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 03.22 PM

മഹാബലിയും തിരുവോണവും

''മഹാബലി കേരളം ഭരിച്ച നാട്ടുരാജാവായിരുന്നില്ല. മറിച്ച് മൂന്നു ലോകങ്ങളും അടക്കിഭരിച്ച ചക്രവര്‍ത്തിയായിരുന്നു. സ്വര്‍ണ്മലോകത്തെ ആസ്ഥാനമാക്കിയായിരുന്നു അദ്ദേഹം ഭരണം നടത്തിയിരുന്നത്. ''
uploads/news/2018/08/243204/joythi240818a.jpg

വര്‍ത്തമാനകാല മലയാളിയുടെ ജീവിതത്തിലും മറ്റു സമസ്ത മേഖലകളിലും വ്യാപിച്ചിരിക്കുന്ന മൂല്യച്യുതിയില്‍നിന്ന് ക്ഷണിക നേരമെങ്കിലും മനസ്സിനെ പലായനം ചെയ്യിക്കാന്‍ സമ്പത് സമൃദ്ധിയുടെയും സമത്വത്തിന്റെയും സാമൂഹിക നീതിയുടേയും അഴിമതി രഹിത ഭരണത്തിന്റെയും പ്രതീകമായി മഹാബലിയുടെ ഓര്‍മ്മകള്‍ക്ക് കഴിയുന്നുവെന്നതാണ് ഓണത്തിന്റെ പ്രസക്തി. മനുഷ്യനും, മറ്റു ജീവജാലങ്ങളും എന്തിന് പ്രകൃതിപോലും പൂത്ത് നില്‍ക്കുന്ന ഭേദചിന്തയില്ലാത്ത കാലമാണ് ഓണക്കാലം.

ഭാഗവതത്തില്‍ എട്ടാം സ്‌കന്ദത്തിലാണ് വാമനന്‍ തന്റെ പാദസ്പര്‍ശത്താല്‍ മഹാബലിയെ അഹങ്കാരത്തില്‍നിന്ന് മോചിതനാക്കി 'സുതല'ത്തിലേക്ക് ഉയര്‍ത്തിയ കഥ പറയുന്നത്. മഹാബലിയുടെ അച്ഛന്റെ പേര് 'വിരോചനന്‍' എന്നാണ്. മഹാബലി 'വിശ്വജിത്ത്' എന്ന യാഗം ചെയ്യവേയാണ് മഹാവിഷ്ണു വാമനാവതാരമെടുത്ത് മഹാബലിയോട് ഭിക്ഷയായി മൂന്നടി മണ്ണ് ആവശ്യപ്പെട്ടത്.

'വാമനാവതാരം' സംഭവിച്ചത് 'ത്രേതായുഗ'ത്തിലാണ്. വാമനന്റെ മാതാവ് 'അദിതി'യാണ്.
വിഷ്ണുവിന്റെ അവതാരമായ വാമനന്റെ പിതാവ് കശ്യപന്‍. മഹാബലിയുടെ യഥാര്‍ത്ഥ പേര്‍ 'ഇന്ദ്രസേനന്‍' എന്നാണ്. ഇന്ദ്രസേനന്റെ പത്‌നി വിന്ധാവലിയും പുത്രന്‍ ബാണാസുരനുമാണ്. മഹാബലി 'നര്‍മ്മദാ' നദിയുടെ വടക്കേക്കരയില്‍ 'ഭൃഗുകചം' എന്ന സ്ഥലത്താണ് യാഗം നടത്തിയിരുന്നത്.

അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയ്ക്കായി '3' അടി ആവശ്യപ്പെട്ടപ്പോള്‍ അതു നല്‍കുന്നതില്‍നിന്ന് മഹാബലിയെ പിന്‍തിരിപ്പിച്ചത് അസുരഗുരു ശുക്രാചാര്യനാണ്.

അത്തം മുതല്‍ ഉത്രാടം വരെയുള്ള പൂക്കളങ്ങളില്‍ ഒരു ദിവസം- മൂലം നാളില്‍ ചതുരത്തിലാണ് പൂക്കളമിടുന്നത്. പൂക്കളത്തിന് പരമാവധി വലിപ്പം കൊടുക്കുന്നത് തിരുവോണനാളിലാണ്. തൃക്കാക്കര അപ്പന് 'അട'യാണ് നിവേദിക്കുന്നത്.

28-ാം ഓണം കന്നുകാലിക്കായി നടത്തുന്ന ചടങ്ങാണ്. ഓച്ചിറ 'പരബ്രഹ്മ' ക്ഷേത്രത്തിലെ പ്രധാന ദിവസമാണിത്. വളരെ ആഘോഷവുമാണ്.
മഹാബലി എന്ന വാക്കിന്റെ അര്‍ത്ഥം വലിയ ത്യാഗം ചെയ്തവന്‍ എന്നാണ്.മഹാവിഷ്ണുവിന്റെ 'ദശാവതാര'ങ്ങളില്‍ 5-ാമത്തെ അവതാരമായിരുന്നു 'വാമനന്‍.'

ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതല്‍ തുടങ്ങുന്ന ഓണാഘോഷം തിരുവോണനാളില്‍ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാള്‍ വരെ നീണ്ടു നില്‍ക്കുകയും ചെയ്യുന്നു.

മഹാബലി കേരളം ഭരിച്ച നാട്ടുരാജാവായിരുന്നില്ല. മറിച്ച് മൂന്നു ലോകങ്ങളും അടക്കിഭരിച്ച ചക്രവര്‍ത്തിയായിരുന്നു. സ്വര്‍ഗ്ഗലോകത്തെ ആസ്ഥാനമാക്കിയായിരുന്നു അദ്ദേഹം ഭരണം നടത്തിയിരുന്നത്. ഇന്നത്തെ ഗുജറാത്തില്‍ 'നര്‍മ്മദാ' നദിയുടെ തീരത്ത് ഭൃഗുകച്ഛ (ബറൂച്ച്) മായിരുന്നു മഹാബലിയുടെ യാഗഭൂമി.

മഹാബലിയുടെ സല്‍ഭരണത്തില്‍ അസൂയപൂണ്ട ദേവന്മാര്‍ക്ക് വേണ്ടിയാണ് വാമനന്‍ വന്നത്. മഹാബലി സ്വര്‍ഗ്ഗലോകം ആക്രമിക്കുവാനായി ചെന്നു. ഇന്ദ്രാദി ദേവന്മാര്‍ ദേവലോകം നഷ്ടപ്പെട്ട് വേഷ പ്രച്ഛന്നരായി സഞ്ചരിച്ചു. ദേവന്മാരുടെ ദുഃസ്ഥിതി കണ്ട ദേവമാതാ 'അദിതി' ഭഗവാന്‍ വിഷ്ണുവിനെ കഠിന തപസ്സു ചെയ്ത് ഭക്തനായ മഹാബലിയുടെ അഹങ്കാരം ശമിപ്പിക്കാനപേക്ഷിച്ചു.

'അദിതി' അമ്മയുടെ ദുഃഖമകറ്റുന്നതിനുമായി ഭഗവാന്‍ ചിങ്ങമാസത്തിലെ തിരുവോണനാളില്‍ വാമനാവതാരം കൈക്കൊണ്ടുവെന്നാണ് പുരാണകഥ. ഈ പുണ്യദിനമാണ് നാം തിരുവോണമായി കൊണ്ടാടുന്നത്.

വിഷ്ണു വിരോധിയായിരുന്നു മഹാബലി. 'കശ്യപ പ്രജാപതി'യുടെ വംശത്തില്‍ പരമഭാഗവതനായ പ്രഹ്‌ളാദന്റെ പൗത്രനായിട്ടാണ് മഹാബലി പിറന്നത്. തന്റെ മുമ്പില്‍ നില്‍ക്കുന്നത് സാക്ഷാല്‍ വിഷ്ണു ഭഗവാനാണെന്നറിഞ്ഞപ്പോള്‍ ഭക്തിയോടും, ആനന്ദത്തോടും കൂടി നമസ്‌ക്കരിക്കയാണ് മഹാബലി ചെയ്തത്.

തന്റെ സര്‍വ്വവും അളന്നെടുത്തപ്പോഴും ഭഗവാന്റെ അനുഗ്രഹമായിട്ടാണ് മഹാബലിയും പത്‌നി വിന്ധാവലിയും കണ്ടത്. തന്റെ മുത്തച്ഛനായ പ്രഹ്‌ളാദനെ ദുരിതങ്ങളിലൊന്നും കൈവിടാതിരുന്ന ഭഗവാനില്‍ മഹാബലിക്ക് ഉത്തമ ഭക്തിയുണ്ടായിരുന്നു. മാത്രമല്ല; ഭഗവാന്റെ മഹത്വം അല്പമെങ്കിലും മനസ്സിലാക്കിയ മഹാഭക്തന്മാരുടെ കൂട്ടത്തില്‍ യമധര്‍മ്മന്‍ മഹാബലിയേയും പറയുന്നുണ്ട്. ദ്രാവിഡ രാജാവായിരുന്നു മഹാബലി.

മഹാബലി ദൈവികമായ ധര്‍മ്മങ്ങളെ പരിപാലിച്ചിരുന്നു. യാഗങ്ങളും യജ്ഞങ്ങളും നടത്തിയിരുന്നു. ഈശ്വരനിലും ഉത്തമമായ ഭക്തി പുലര്‍ത്തിയിരുന്നു.ഗുരുവായ ശുക്രാചാര്യരുടെ നിര്‍ദ്ദേശപ്രകാരം നൂറു അശ്വമേഥ യാഗങ്ങള്‍ മഹാബലി നടത്തിയിട്ടുള്ളതായി പുരാണങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

കെ.വി. ശ്രീനിവാസന്‍
(ജ്യോതിഷാചാര്യ രത്‌നം)
(റിട്ട: എഞ്ചിനീയര്‍ ഐ.എസ്.ആര്‍.ഒ)
മൊ: 9447343273

Ads by Google
Friday 24 Aug 2018 03.22 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW