Monday, August 19, 2019 Last Updated 7 Min 53 Sec ago English Edition
Todays E paper
Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Friday 24 Aug 2018 01.33 AM

തിന്മകളെ കഴുകിക്കളയാന്‍ ഓണക്കാലത്തെത്തിയ പ്രളയം

uploads/news/2018/08/243117/bft1.jpg

മാലോകരെല്ലാം ഒന്നുപോലെ കഴിഞ്ഞിരുന്ന നല്ലകാലത്തിന്റെ ഓര്‍മയുമായാണ്‌ ഓണം കേരളത്തില്‍ വര്‍ഷത്തിലൊരിക്കല്‍ വന്നുപോകുന്നത്‌. എന്നാല്‍ ഇത്തവണ ഓണം വന്നത്‌ അതിന്റെ ഏകഭാവത്തെ അടിവരയിട്ട്‌ കാട്ടികൊണ്ടാണ്‌. പ്രളയത്തിനു മുകളില്‍ ഉയര്‍ന്നുനിന്ന സഹായഹസ്‌തങ്ങള്‍ക്കു ജാതിയുടേയോ മതത്തിന്റേയോ അടയാളങ്ങള്‍ ഇല്ലായിരുന്നു. നമ്മുടെ രാഷ്‌്രടീയ, ജാതിമത നിര്‍ബന്ധങ്ങളില്‍ പലതിനും പ്രസക്‌തിയില്ലെന്നുള്ള ഒരു പുതിയ പാഠം നാം പഠിച്ചത്‌ ഈ ഓണക്കാലത്തിന്റെ പ്രത്യേകത. പണത്തിന്റെ ഹുങ്കില്‍ അയല്‍പക്കസഹകരണത്തെ പുച്‌ഛിച്ചവരും ഞാനെന്നഭാവത്തില്‍ മതിമറന്നവരും ഒന്നുമല്ലെന്ന്‌ ഈ ഓണക്കാലം കാണിച്ചുതന്നു. ഇത്തവണ കേരളത്തിനു പ്രളയത്തില്‍മുങ്ങി കണ്ണീരണിഞ്ഞ ഓണമാണ്‌. ഒരു കുടന്ന പൂ വാങ്ങാന്‍ പോലും വകയില്ലാത്തവര്‍ക്ക്‌ എന്ത്‌ ഓണം?

മലയാളികളുടെ ഇത്തവണത്തെ ഓണത്തിനു നിറമോ മണമോ ഒന്നുമില്ല. ഓണത്തിനായി കരുതിവച്ചതൊക്കെ മഴ കൊണ്ടുപോയി പകരം ബാക്കിവച്ചതൊക്കെ നഷ്‌ടങ്ങളുടെ കണ്ണീര്‍ മാത്രം. എന്നും ഓണം പോലുള്ള ആഘോഷവേളകളിലാണു നാടെങ്ങും ഒരുമയോടെ ഉത്സാഹത്തോടെ ഒരേ മനസോടെ നില്‍ക്കുന്നത്‌. ഇത്തരം കാഴ്‌ചകള്‍ അസാധാരണമാണ്‌. പ്രളയത്തിലും മുറിയാതെ പെയ്യുന്ന മഴയിലും എല്ലാം ദുരിത ബാധിതര്‍ക്കായി കേരളം ഒന്നടങ്കം ഒരേ മനസോടെ നില്‍ക്കുന്ന കാഴ്‌ചയാണ്‌ ഇന്നു കേരളത്തിലുടനീളം കാണുന്നത്‌. ഓണമെന്നു കേള്‍ക്കുമ്പോള്‍ ആഘോഷം, ഐശ്വര്യം, പ്രതീക്ഷ എന്നിങ്ങനെകേട്ട്‌ ശീലിച്ചവരാണു നമ്മള്‍ മലയാളികള്‍.

ആമോദത്തോടെ മാനുഷരെല്ലാം ഒന്നുപോലെകഴിഞ്ഞ ഒരു കാലത്തിന്റെ സ്‌മൃതികള്‍ പകരുന്ന ഐതിഹ്യം ഓണത്തിനു നല്‍കുന്ന മഹാത്മ്യം ഏറെയാണ്‌. വിഭവ സമൃദ്ധമായ സദ്യയ്‌ക്കൊപ്പം ജാതിമതചിന്തകളെ അപ്രസക്‌തമാക്കുന്ന സാഹോദര്യവും മലയാളിയില്‍ കാണാം. നാടിന്റെ മഹോത്സവമായ ഓണം ആഘോഷിക്കാന്‍ നാടും നഗരവും ഉത്സാഹപ്രഹര്‍ഷത്തോടെ ഒരുങ്ങേണ്ട സമയമാണിപ്പോള്‍. സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും കാലത്തെ ആരാണു കൊതിച്ചു പോകാത്തത്‌? എന്നാല്‍, കേരളത്തിലെ ജനങ്ങളുടെ ജീവിതം അത്രമേല്‍ ദുസഹമായിരിക്കുകയാണ്‌. പ്രളയ ദുരന്തത്തില്‍ വിറങ്ങലടിച്ചു നില്‍ക്കുകയാണ്‌ ഓരോ മലയാളിയും. മഹാബലി കേരളം വാണിരുന്ന സമയത്ത്‌ ഐക്യത്തോടെയും കള്ളമില്ലാതെയും സന്തോഷത്തോടെയുമാണു ജനങ്ങള്‍ വസിച്ചിരുന്നത്‌. പാതാളത്തിലേക്ക്‌ ചവിട്ടി താഴ്‌ത്തുമ്പോള്‍. പ്രജാക്ഷേമ തല്‍പരനായ മഹാബലി വര്‍ഷത്തിലൊരിക്കല്‍ തന്റെ പ്രജകളെ കാണാനായി വാമനനോട്‌ അനുവാദം ചോദിച്ചു. വാമനന്‍ അത്‌ അംഗീകരിക്കുകയും ചെയ്‌തു. എന്നാല്‍ ഇന്നു ജനങ്ങള്‍ക്ക്‌ പ്രളയം പോലെ ദുഃഖം അനുഭവിക്കുന്നുണ്ടെങ്കിലും അവരെ കരകയറ്റികൊണ്ടുവരാന്‍ ഒരുമയോടെ ഒരേ മനസോടെയാണു പ്രവര്‍ത്തിക്കുന്നത്‌ കണ്ട്‌ ഇത്തവണ മഹാബലി തൃപ്‌തിപ്പെടേണ്ടിവരും. അസൂയയുടെയും പകയുടെയും ലോകത്തുനിന്നുമാറി തികച്ചും സഹായത്തിന്റെയും സൗഹൃദത്തിന്റെയും ലോകത്ത്‌ മാത്രമാണു മലയാളികള്‍. ഒന്നിച്ചു നിന്നാല്‍ ഏത്‌ വിഷമവും മറി കടക്കാമെന്ന സന്ദേശം തന്നെയാണ്‌ ഈ ഓണക്കാലത്ത്‌ നമുക്കു മുന്നില്‍ കാണിച്ചു തരുന്നത്‌.

ചരിത്രത്തിലെ ഏറ്റവും വലിയ കാലവര്‍ഷക്കെടുതി

ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള മഴയാണു കേരളമണ്ണിലേക്ക്‌ ഇത്തവണ പൊയ്‌തിറങ്ങിയത്‌. വെള്ളപൊക്കം, ഉരുള്‍ പൊട്ടല്‍, മണ്ണിടിച്ചില്‍, കൃഷിനാശം, ഗതാഗത സ്‌തംഭനം, വീട്‌ തകര്‍ന്നത്‌ തുടങ്ങിയവയൊക്കെ ജീവിതം ദുരിതപൂര്‍ണമാക്കി മാറ്റി. പ്രളയം മൂലം കുടിവെള്ളലഭ്യതപോലും ഇല്ലാതായി. നൂറുകണക്കിന്‌ ആളുകളുടെ വീടും സ്‌ഥലവും വിലപ്പെട്ട രേഖകളും നഷ്‌ടപ്പെട്ടു.
ഉടുതുണിക്ക്‌ മറുതുണിയില്ലാതെ ജീവന്‍ മാത്രമാണു പലര്‍ക്കും തിരിച്ചുകിട്ടിയത്‌. സ്വന്തം വീടുവിട്ട്‌ സര്‍ക്കാര്‍ ഒരുക്കിയ സുരക്ഷിതമായ ഇടങ്ങളില്‍ വസിക്കുന്നത്‌ ആയിരങ്ങളാണ്‌. ഇവര്‍ക്കു പുതുജീവിതം കരുപിടിപ്പിക്കാന്‍ താങ്ങായി തണലായി കേരള സര്‍ക്കാര്‍ നില്‍ക്കുമെന്നാണു മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്‌. ജീവിതം മുഴുവന്‍ അധ്വാനിച്ച്‌ ഉണ്ടാക്കിയതെല്ലാം കൈവിട്ടുപോകുന്നതു കണ്ടുകൊണ്ടാണു പലരും വീടു വിട്ടിറങ്ങിയത്‌.

വളര്‍ത്തുമൃഗങ്ങളും കൃഷിയും ഭൂമിയും എല്ലാം നഷ്‌ടമായവരുണ്ട്‌. ഉരുള്‍പൊട്ടലുകളിലും മലവെള്ളപ്പാച്ചിലുകളിലും വീട്‌ ഉള്‍പ്പെടെ പലതും മുഴുവനായി നശിച്ചവരുണ്ട്‌. ഉടുതുണിയല്ലാതെ ഒന്നും കൈയിലെടുക്കാന്‍ കഴിയാത്തവര്‍ നിരവധിയാണ്‌. ജീവന്‍ മാത്രം തിരികെ കിട്ടിയവര്‍ക്ക്‌ ഇനിയുള്ള ദിവസങ്ങളെക്കുറിച്ച്‌ ആധിയുണ്ട്‌. എന്നാല്‍ ആശങ്കയുടെ ആവശ്യമില്ലെന്നാണു ഭരണകൂടം ഉറപ്പുനല്‍കുന്നത്‌. തകര്‍ന്നടിഞ്ഞ പ്രദേശങ്ങളിലാകെ പുനരുദ്ധാരണവും നടപ്പാകണം. ലക്ഷക്കണക്കിനാളുകള്‍ക്കു വീടും വീട്ടിലെ സകല ഉപകരണങ്ങളും ഫര്‍ണിച്ചറുകളും വെള്ളം കയറിനശിച്ചു. വീടും കെട്ടിടങ്ങളും കൃഷിയും കൃഷിഭൂമിയും പക്ഷി, മൃഗാദികള്‍ തുടങ്ങിയവയുടെ നഷ്‌ടം അതിഭീമമാകും. തകര്‍ന്ന റോഡുകളും പാലങ്ങളും അടക്കമുള്ള അടിസ്‌ഥാന സൗകര്യവികസനം ശാസ്‌ത്രീയമായ രൂപരേഖയോടെ അതിവേഗം പുനര്‍സൃഷ്‌ടിക്കുക എന്നത്‌ ഭരണനേതൃത്വം നേരിടാന്‍ പോകുന്ന വെല്ലുവിളി. പ്രളയം ശേഷിക്കുന്ന മാലിന്യങ്ങള്‍, ചത്ത അഴുകിയ മൃഗങ്ങളുടേയും പക്ഷികളുടേയും ശരീരങ്ങളും ഉയര്‍ത്തുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഏറെയാണ്‌. സാക്രമികരോഗങ്ങള്‍ പടരാന്‍ സാധ്യതയുണ്ട്‌. പ്രളയത്തെത്തുടര്‍ന്നുണ്ടാകുന്ന മഹാമാരികളെ ഫലപ്രദമായി ചെറുക്കാനുള്ള സംവിധാനമാണ്‌ അടിയന്തരമായി ഒരുക്കേണ്ടിവരുക.

സര്‍ട്ടിഫിക്കറ്റിന്‌ മൂല്യമുണ്ടാകണം

മത്സ്യത്തൊഴിലാളികള്‍ക്കു സര്‍ക്കാര്‍ നല്‍കാന്‍ നിശ്‌ചയിച്ചിരിക്കുന്ന സര്‍ട്ടിഫിക്കറ്റിനു മൂല്യമുണ്ടാകണം. കൈമെയ്‌ അര്‍പ്പിച്ച്‌ സേവനരംഗത്തുണ്ടായിരുന്നവരെ ആദരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്‌ അഭിനന്ദനീയം. ഇവര്‍ക്ക്‌ നല്‍കാന്‍പോകുന്ന സര്‍ട്ടിഫിക്കറ്റ്‌ അലമാരയില്‍ വെറും പ്രദര്‍ശന വസ്‌തുവായി വയ്‌ക്കാനുള്ളതാകരുത്‌. അതിനു മൂല്യമുണ്ടാകണം.
ഭാവിയില്‍ ഇവര്‍ അനുഭവിക്കാവുന്ന ജീവിതപ്രയാസം തരണം ചെയ്യാന്‍ സര്‍ക്കാര്‍ മുന്‍ഗണന ഈ സര്‍ട്ടിഫിക്കറ്റ്‌ കൈവശമുള്ളവര്‍ക്ക്‌ ലഭിക്കാനുള്ള സംവിധാനംകൂടി ആസൂത്രണം ചെയ്യണം. ജീവന്‍ കൈയില്‍ പിടിച്ചുകൊണ്ട്‌ പ്രളയനടുവില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സജ്‌ജീവമായിരുന്ന സൈനികരുടേയും മത്സ്യതൊഴിലാളികളുടേയും മുന്നിലും എല്ലായിടത്തും രക്ഷാപ്രവര്‍ത്തനത്തില്‍ കൈകോര്‍ത്ത യുവജനങ്ങള്‍ക്കു മുന്നിലും കേരളം കൈകൂപ്പുന്നു. സൈനികര്‍ക്ക്‌ എത്തിപ്പെടാന്‍ കഴിയാത്തിടത്തുപോലും മത്സ്യതൊഴിലാളികള്‍ സധൈര്യം കടന്നുചെന്നു നിരവധി ജീവനുകളാണു കരയ്‌ക്കെത്തിച്ചത്‌.
ഏറെ സാങ്കേതിക സഹായങ്ങളുടെ പിന്തുണയില്ലാതെ തങ്ങളുടെ അനുഭവവും ചങ്കൂറ്റവും മനുഷ്യസ്‌നേഹവും മാത്രം കൈമുതലാക്കിയാണ്‌ ഇവര്‍ കര്‍മ്മനിരതരായത്‌. അവസരത്തിനൊത്തുയര്‍ന്ന്‌, ദുരിതമുഖത്തും ക്യാമ്പുകളിലും കളക്ഷന്‍ സെന്ററുകളിലും പ്രവര്‍ത്തിച്ച നമ്മുടെ ന്യൂജനറേഷന്‍ കുട്ടികളേയും സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കി ആദരിക്കണം. അവരുടെ സ്വാതന്ത്ര്യത്തെ കുറ്റപ്പെടുത്തികൊണ്ടിരുന്ന മുതിര്‍ന്ന സമൂഹത്തിന്‌ അവരോട്‌ ചെയ്യാനാകുന്ന ഏറ്റവും വലിയ പശ്‌ചാത്താപമായിരിക്കുമത്‌.

ആഘോഷമല്ല,വിവേകമാണ്‌ ഉയരേണ്ടത്‌

ഓണക്കാലമാണിപ്പോള്‍. ഈ വേളയില്‍ ആഘോഷപരിപാടികളെല്ലാം വേണ്ടെന്നു വയ്‌ക്കാം. പകരം വിവേകമാണ്‌ നമ്മെ നയിക്കേണ്ടത്‌. നാടിനേറ്റ നഷ്‌ടത്തിന്റെ ആഴം മനസിലാക്കണം. അസാധാരണ സാഹചര്യങ്ങളില്‍ ഏതു കോണില്‍നിന്നുമുള്ള സഹായം സ്വീകരിക്കാനും മടികാട്ടരുത്‌.
വരുംതലമുറയ്‌ക്കുള്ള വലിയ സമ്മാനമാകണം പ്രകൃതിയുടെ സംരക്ഷണവും പാരിസ്‌ഥിതിക സന്തുലിതാവസ്‌ഥയും. മാലിന്യമുക്‌തമായ വായുവും വെള്ളവും ഭക്ഷണവുമെല്ലാം എല്ലാവരുടെയും കടമയും അവകാശവുമാണ്‌. ഇല്ലായ്‌മയില്‍ പെട്ട്‌ പൊറുതിമുട്ടുന്ന നമ്മുടെ സഹോദരങ്ങളെ, ദുരിതമനുഭവിക്കുന്നവരെ കയ്യുംമെയ്യും കൊടുത്ത്‌ സഹായിക്കാന്‍, അവര്‍ക്ക്‌ ഭക്ഷണം നല്‍കാന്‍, വസ്‌ത്രം നല്‍കാന്‍ ഔഷധം നല്‍കാന്‍ നാം ഒന്നായി ഒറ്റകെട്ടായി ഇറങ്ങുകതന്നെവേണം. അതിനായി ഇപ്പോള്‍ തന്നെയിറങ്ങാം. ഒന്നായി ഒറ്റകെട്ടായി പരിശ്രമിച്ചാല്‍, തീര്‍ച്ച നമുക്കീ ദുരിതക്കയം താണ്ടാനാകും.

Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Friday 24 Aug 2018 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW