Wednesday, August 21, 2019 Last Updated 2 Min 53 Sec ago English Edition
Todays E paper
Ads by Google
കാസ്റ്റിങ്ങോ ചീറ്റിങ്ങോ ? / വിശ്വജിത്ത്
Tuesday 14 Aug 2018 11.20 AM

‘സര്‍ പ്ലീസ്, ഞാന്‍ ഒറ്റയ്ക്ക് വരാം. എവിടെയാണെന്ന് പറഞ്ഞാല്‍ മതി’; മാനം പോയാലെന്ത് വരുമാനമുണ്ടല്ലോ.. !

''ചില അമ്മമാര്‍ വിളിച്ചിട്ട്, വേണമെങ്കില്‍ മകളെ ഒറ്റയ്ക്ക് വിടാം, അല്ല ഞാനും വരണമെങ്കില്‍ കൂടെ വരാം. ഞാന്‍ വന്നതുകൊണ്ട് സാറിന് ലാഭമേ ഉണ്ടാകൂ. ഞങ്ങള്‍ അവിടെ താമസിച്ച് ടെസ്റ്റ് ഒക്കെ കഴിഞ്ഞ് പതിയെ തിരികെ പൊയ്‌ക്കോളാം എന്നൊക്കെയാണ് പറയാറ്.''
uploads/news/2018/08/241268/CiniStoryCastingCouch04.jpg

കാസ്റ്റിങ്ങോ ചീറ്റിങ്ങോ ?- 4

ഹലോ സര്‍, നമസ്‌കാരം

നമസ്‌കാരം, ആരാണ്?

സാറിന്റെ സിനിമയിലേക്ക് അഭിനേതാക്കളെ വേണമെന്ന് കാണിച്ച് ഫെയ്‌സ് ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നില്ലേ, അത് കണ്ടിട്ട് വിളിച്ചതാണ്. എന്റെ പേര് കാവ്യ (യഥാര്‍ത്ഥ പേരല്ല). കണ്ണൂരാണ് വീട്.

ശരി. കുട്ടിക്ക് എത്ര വയസായി

18 വയസാകുന്നു സര്‍ .

കുട്ടി പരസ്യം കണ്ടിട്ട് തന്നെയാണോ വിളിച്ചത്. എന്റെ സിനിമയില്‍ 25നും 35നും ഇടയില്‍ പ്രായമുള്ള ഒരു പെണ്‍കുട്ടിയെയാണ് വേണ്ടത്. അത് പരസ്യത്തില്‍ കൃത്യമായി പറഞ്ഞിരുന്നതാണല്ലോ. ശ്രദ്ധിച്ചില്ലേ?

കണ്ടായിരുന്നു. എന്നാലും സാറിനെ ഒന്ന് വിളിച്ച് സംസാരിക്കാമെന്ന് കരുതി.

എങ്കില്‍ പിന്നെ അങ്ങനെയാവട്ടെ, കുട്ടിക്ക് പറ്റിയ റോള്‍ വരുമ്പോള്‍ അറിയിക്കാം. പരസ്യത്തിലുള്ള ഇ-മെയിലിലേക്ക് ബയോഡാറ്റ അയച്ചേക്കൂ.

അയ്യോ, സര്‍ അതൊക്കെ അയച്ചതാ. റെസ്‌പോണ്‍സ് കാണാത്തോണ്ടാ വളരെ കഷ്ടപ്പെട്ട് സാറിന്റെ നമ്പര്‍ സംഘടിപ്പിച്ചത്. വേണമെങ്കില്‍ ഞാന്‍ ഒറ്റയ്ക്ക് സാറിനെ വന്ന് കാണാം സര്‍.

അറിയിക്കാമെന്ന് പറഞ്ഞില്ലേ.

സര്‍ പ്ലീസ്, ഞാന്‍ ഒറ്റയ്ക്ക് വരാം. എവിടെയാണെന്ന് പറഞ്ഞാല്‍ മതി.

ഒറ്റയ്ക്കുള്ള വരവൊന്നും തല്ക്കാലം വേണ്ട. ആവശ്യമുണ്ടെങ്കില്‍ വിളിക്കാം. എന്നാല്‍ ശരി...
അടുത്തിടെ തന്റെ സിനിമയ്ക്കായി പരസ്യം ചെയ്ത തിരുവനന്തപുരം സ്വദേശിയായ തിരക്കഥാകൃത്തും സംവിധായകനുമായ വ്യക്തിക്ക് വന്ന ഫോണ്‍കോളിലെ സംഭാഷണമാണ് മുകളില്‍ വായിച്ചത്.

ഒറ്റയ്ക്ക് വരാം എന്നു പറയുന്നതിന്റെ അര്‍ത്ഥം എന്തിനും തയ്യാറാണ് എന്നാണ്. ഒരാളല്ല, എത്രയോ കോളുകളാണ് ഇങ്ങനെ വരുന്നത്. പെട്ടെന്ന് പണമുണ്ടാക്കാന്‍ എന്തും ചെയ്യാന്‍ തയ്യാറായിട്ടാണ് ഇവരുടെയൊക്കെ വിളി. മാനത്തിനൊന്നും ഇപ്പോള്‍ ഒരു വിലയുമില്ല എന്ന് തോന്നിപ്പോകും. പെണ്‍കുട്ടികള്‍ മാത്രമല്ല ആണ്‍കുട്ടികളുടെ വിളിക്കും ഒരു കുറവുമില്ല.

പക്ഷേ അവര്‍ക്ക് വാ ഗ്ദാനം ചെയ്യാന്‍ വലിയ സാധ്യതകളില്ല. മറ്റൊരു കൂട്ടര്‍ അമ്മമാരാണ്. ചില അമ്മമാര്‍ വിളിച്ചിട്ട്, വേണമെങ്കില്‍ മകളെ ഒറ്റയ്ക്ക് വിടാം, അല്ല ഞാനും വരണമെങ്കില്‍ കൂടെ വരാം. ഞാന്‍ വന്നതുകൊണ്ട് സാറിന് ലാഭമേ ഉണ്ടാകൂ. ഞങ്ങള്‍ അവിടെ താമസിച്ച് ടെസ്റ്റ് ഒക്കെ കഴിഞ്ഞ് പതിയെ തിരികെ പൊയ്‌ക്കോളാം എന്നൊക്കെയാണ് പറയാറ്.

അവരുടെ പറച്ചില്‍ കേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് കാര്യം പിടികിട്ടും. കുടുംബമായി കഴിയുന്ന എനിക്ക് അങ്ങനൊരു താല്പര്യം ഇല്ലാത്തതു കൊണ്ട് നോ പറഞ്ഞ് ഒഴിവായി. പക്ഷേ ഇത്തരം ആളുകളെ വിളിച്ചു വരുത്തി ടെസ്റ്റിംഗും ടേസ്റ്റിംഗും ഒക്കെ നടത്തിയ ശേഷം ഒഴിവാക്കുന്നവരാണ് സിനിമയില്‍ ഭൂരിഭാഗവും. സിനിമയില്‍ ഏറെ പരിചയ സമ്പത്തുള്ള സംവിധായകന്റെ വാക്കുകള്‍.

മറ്റൊരു സംവിധായകനെ കുറിച്ച് സഹപ്രവര്‍ത്തകന് പറയാന്‍ മറ്റൊരു കാര്യമു ണ്ടായിരുന്നു. അമ്മയും മകളും ഒന്നിച്ച് ആക്ടിംഗ് ടെസ്റ്റിന് വരുന്ന സാഹചര്യങ്ങളാണ് കൂടുതലും. സംവിധായകന്‍ ഇരുവരേയും ഒന്നിച്ചാണ് റൂമിലേക്ക് വിളിപ്പിക്കുക. എന്നിട്ട് അമ്മയെ ബാത്ത്‌റൂമില്‍ പൂട്ടിയിട്ടിട്ട് മകളെ ദേഹപരിശോധന നടത്തുകയും കഴിയുമെങ്കില്‍ കൂടെ കടിത്തുകയും ചെയ്യും. അവസരം കിട്ടിയാലും ഇല്ലെങ്കിലും ഇതൊന്നും ആരും പുറത്ത് പറയില്ല. സാക്ഷിയുടെ വാക്കുകള്‍.

uploads/news/2018/08/241268/CiniStoryCastingCouch04a.jpg

മലയാളത്തില്‍ പില്‍ക്കാലത്ത് പേരെടുത്ത സംവിധായകന്‍ തിരക്കഥാകൃത്തായി തിളങ്ങി നിന്ന സമയത്ത് നടന്ന മറ്റൊരു അനുഭവം ഇങ്ങനെ. വര്‍ക്കലയിലാണ് സിനിമയുടെ ലൊക്കേഷന്‍.

വര്‍ക്കലയിലെ ഒരു റിസോര്‍ട്ടില്‍ സംവിധായകനും നിര്‍മ്മാതാവും തിരക്കഥാകൃത്തും ചേര്‍ന്ന് തിരക്കഥ എഴുതുന്നതേയുള്ളൂ. ഷൂട്ടിംഗ് ആരംഭിക്കാന്‍ ഒരാഴ്ച സമയമുണ്ട്. സംവിധായകന്റെ ഗുരുവാണ് നമ്മുടെ സാക്ഷി. സിനിമയുടെ കാസ്റ്റിംഗ് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ മേല്‍നോട്ടമാണ് സാക്ഷിയുടെ ഉത്തരവാദിത്തം.

മൂന്ന് പെണ്‍കുട്ടികള്‍ പ്രധാന കഥാപാത്രങ്ങളാകുന്ന കഥയാണ്. അഭിനയിക്കേണ്ടവര്‍ ആരൊക്കെ എന്ന് നേരത്തേ തീരുമാനിച്ചതായി സംവിധായകന്‍ പറഞ്ഞു. ആദ്യത്തെ രണ്ട് പേരുകള്‍ പറഞ്ഞ ശേഷം പ്രധാന കഥാപാത്രമായി അഭിനയിക്കാന്‍ പോകുന്ന പെണ്‍കുട്ടിയുടെ പേര് കേട്ടതും സാക്ഷി ഞെട്ടി.

അയ്യേ, ആ കുട്ടിയോ. അവള്‍ക്ക് അഭിനയിക്കാനൊന്നും അറിയില്ല.. ആ പെണ്‍കുട്ടിയെ മാറ്റണമെന്ന് സാക്ഷിയും, പറ്റില്ലെന്ന് സംവിധായകനും. ഒടുവില്‍ സംവിധായകന്‍ സാക്ഷിയെ മാറ്റി നിര്‍ത്തി കാര്യം പറഞ്ഞു.

വേഷം കൊടുക്കാം എന്നും പറഞ്ഞ് ആ പെണ്ണിനെ ഒരാഴ്ചയായി ഇവിടെ താമസിപ്പിച്ചിരിക്കുകയാണ്. അതല്ലേ ഞങ്ങളും ഇവിടെ തങ്ങുന്നത്. ഇനി വേഷം കൊടുത്തില്ലെങ്കില്‍ പ്രശ്‌നമാകും. ഇനി അഭിനയിക്കാന്‍ കൂടിയേ ബാക്കിയുള്ളൂ.

ഓ, അപ്പൊ സിനിമയുടെ പേരും പറഞ്ഞ് ഇതാണ് പരിപാടി. ഈ പണിക്ക് എന്തായാലും ഞാനില്ല. ഇതും പറഞ്ഞ് സാക്ഷി റൂമിലേക്ക് പോയി. ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞതും റൂമിന്റെ കോളിംഗ് ബെല്‍ ശബ്ദിച്ചു.

ശ്രുതിയാണ്.

എനിക്കറിയാം, എന്തിനാണ് ഇങ്ങോട്ട് വന്നത് ?

സര്‍, എന്റെ വേഷം വെട്ടിയെന്ന് പറഞ്ഞു. അതാ നേരില്‍ കാണാന്‍ വന്നത്.

ആ വേഷം കുട്ടിക്ക് പറ്റില്ല. അതു കൊണ്ടാണ്. അല്ലാതെ വിരോധമുണ്ടായിട്ടല്ല.

വിരോധം ഉണ്ടെങ്കിലും സാരമില്ല. എല്ലാം മാറ്റാനാണ് ഞാന്‍ ഇങ്ങോട്ട് വന്നത്. ഇനി സാറ് മാത്രമായി മാറി നില്‍ക്കണ്ട. എനിക്കെന്തായാലും നഷ്ടപ്പെടാനുള്ളതൊക്കെ നഷ്ടപ്പെട്ടു. ഇനി എന്ത് വില കൊടുത്തും എനിക്കിവിടെ പിടിച്ചു നിന്നേ പറ്റൂ. സാറിനും ഇഷ്ടമുള്ളത് ചെയ്യാം. പക്ഷേ എന്റെ റോള്‍ വെട്ടരുത്.

തനിക്ക് ഒന്നും വേണ്ടെന്ന് പറഞ്ഞ് ശ്രുതിയെ മടക്കി അയച്ച ശേഷം സാക്ഷി സംവിധായകനെ കണ്ടു. ഒടുവില്‍ അവളെ അഭിനയിപ്പിക്കാന്‍ തീരുമാനിച്ചു. ഷൂട്ടിംഗ് തുടങ്ങി. ഓരോ സീനിലും അവളുടെ ക്ലോസപ്പ് വേണമെന്ന് 'ഗുരു'വിനോട് തുടക്കക്കാരനായ സംവിധായകന്റെ ശുപാര്‍ശ. പറ്റില്ലെന്ന് സാക്ഷിയായ ഗുരു.

ഒടുവില്‍ സംഭവബഹുലമായ ഷെഡ്യൂള്‍ കഴിഞ്ഞു. യാത്ര പറഞ്ഞ് സാക്ഷി സ്ഥലം വിടുമ്പോള്‍ ചിലര്‍ അടക്കം പറഞ്ഞത് അയാള്‍ ഇന്നും ഓര്‍ക്കുന്നു. ഇങ്ങേര് ചോദിച്ചിട്ട് അവള് കൊടുത്തില്ല. അതാണ് ക്ലോസപ്പ് വയ്ക്കാന്‍ പറഞ്ഞപ്പോള്‍ ഇയാള്‍ക്ക് ഇത്ര ദേഷ്യം!

(തുടരും....പൂജയുടെ മറവിലെ പെണ്‍ വിശേഷങ്ങള്‍.... )

***(യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി, പ്രമുഖരുടെ സിനിമാനുഭവങ്ങളുടെ പശ്ചത്തലത്തില്‍ ഒരുക്കുന്ന ഈ അന്വേഷണാത്മക പരമ്പരയില്‍ ഉപയോഗിച്ചിരിക്കുന്നത് യഥാര്‍ത്ഥ പേരുകളല്ല. )'

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW