Wednesday, August 21, 2019 Last Updated 1 Min 14 Sec ago English Edition
Todays E paper
Ads by Google
Saturday 04 Aug 2018 01.29 PM

ആരാണ് കോടീശ്വരി ബിന്ദു? ജീവനോടെയുണ്ടോ...അതോ? ഇരുട്ടില്‍ തപ്പി പോലീസ് ; ആദ്യന്തം സസ്‌പെന്‍സ് നിറഞ്ഞ സംഭവം ചേര്‍ത്തലയില്‍

''നാലേക്കറോളം വരുന്ന ഭൂസ്വത്തിന്റെ ഉടമയായിരുന്നു ബിന്ദു. സമ്പത്ത് ആവോളമുള്ളതിനാല്‍ ജീവിതം പൂര്‍ണമായും ആസ്വദിച്ചു. ബന്ധുക്കളുമായും നാട്ടുകാരുമായും ബിന്ദുവിനും കുടുംബത്തിനും അടുപ്പമുണ്ടായിരുന്നില്ല.''
uploads/news/2018/08/238859/WeeklyCrimstory040818a.jpg

""ആരാണ് ബിന്ദു പത്മനാഭന്‍...?
കോടീശ്വരി... എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന പത്മാലയത്തില്‍ പത്മനാഭന്റെയും അംബികയുടെയും മകള്‍. ഏക സഹോദരന്‍ പ്രവീണ്‍ 1999 മുതല്‍ ഇറ്റലിയില്‍. ""

*****

ചേര്‍ത്തല നിവാസികളുടെ ചര്‍ച്ചകള്‍ മുഴുവന്‍ ഒരു വ്യക്തിയെക്കുറിച്ചാണ്.
ബിന്ദു പത്മനാഭന്‍ എന്ന സ്ത്രീയെക്കുറിച്ച്.
പത്മാലയം
കടക്കരപ്പള്ളി
ചേര്‍ത്തല.

ഈ വിലാസത്തില്‍ പറയുന്ന, താഴെക്കൊടുത്തിരിക്കുന്ന ഫോട്ടോയില്‍ കാണുന്ന അമ്പതു വയസുള്ള സ്ത്രീയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായിരിക്കുന്നു.

ഇവരിപ്പോള്‍ ജീവനോടെയുണ്ടോ... അതോ...?
ഈ ചോദ്യത്തിന് ഉത്തരം കിട്ടാതെ ഇരുട്ടില്‍ തപ്പുകയാണു പോലീസ്.
പക്ഷേ കഥയില്‍ യാഥാര്‍ത്ഥ്യമേതെന്നറിയാതെ മുന്നേറുന്ന മുഹൂര്‍ത്തങ്ങളുമായി കുറെ കഥാപാത്രങ്ങള്‍...
ആദ്യന്തം സസ്‌പെന്‍സ് നിറഞ്ഞുനില്‍ക്കുന്ന രംഗങ്ങള്‍ ചേര്‍ത്തലയില്‍ അരങ്ങേറുന്നു.
അതിലേക്കു കടക്കുംമുമ്പ് ഒന്നറിയണം.

ആരാണ് ബിന്ദു പത്മനാഭന്‍...?
കോടീശ്വരി... എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന പത്മാലയത്തില്‍ പത്മനാഭന്റെയും അംബികയുടെയും മകള്‍. ഏക സഹോദരന്‍ പ്രവീണ്‍ 1999 മുതല്‍ ഇറ്റലിയില്‍.

നാലേക്കറോളം വരുന്ന ഭൂസ്വത്തിന്റെ ഉടമയായിരുന്നു ബിന്ദു. സമ്പത്ത് ആവോളമുള്ളതിനാല്‍ ജീവിതം പൂര്‍ണമായും ആസ്വദിച്ചു. ബന്ധുക്കളുമായും നാട്ടുകാരുമായും ബിന്ദുവിനും കുടുംബത്തിനും അടുപ്പമുണ്ടായിരുന്നില്ല.

നഗരത്തിലെ സ്‌കൂളില്‍ പത്താംക്ലാസ് പഠനം പൂര്‍ത്തിയാക്കിയശേഷം ചേര്‍ത്തലയിലെ കോളജില്‍നിന്നു പ്രീഡിഗ്രി പാസായി. എറണാകുളത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിച്ച് ബിരുദവും കരസ്ഥമാക്കി.

പിന്നീടു നേരേ ചെന്നൈയിലെത്തി എം.ബി.എയ്ക്കു ചേര്‍ന്നു. അതോടെ നാട്ടിലേക്കുള്ള വരവു കുറഞ്ഞു. പതിയെ വീടുമായുള്ള ബന്ധവും ഇല്ലാതായി.
2001 സെപ്റ്റംബറില്‍ ബിന്ദുവിന്റെ മാതാവ് അംബികയും നവംബറില്‍ പിതാവ് പത്മനാഭനും മരണമടഞ്ഞു.
ഇവരുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ ബിന്ദു എത്തി.

കുറേനാള്‍ വീടുമായി ബന്ധമില്ലാതിരുന്ന ഇവര്‍ മരണവിവരം എങ്ങനെയറിഞ്ഞു എന്നതിനു വ്യക്തതയില്ല.
ഇതിനിടെ തറവാടു വീടും വസ്തുക്കളും വിറ്റു.

തിരുവല്ലയിലെ ബന്ധുവീട്ടിലേക്കെന്നു പറഞ്ഞുപോയ ബിന്ദുവിനെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല.
ബിന്ദു പത്മനാഭനെ പിന്നെ ആരും കണ്ടിട്ടില്ല.

ഒരു ഫ്‌ളാഷ്ബാക്ക്...
2003-ല്‍ സഹോദരനില്‍നിന്നു സംരക്ഷണം ആവശ്യപ്പെട്ട് ബിന്ദു കോടതിയെ സമീപിച്ചിരുന്നു.
ഇതിനു പിന്നില്‍ പുറമേനിന്നുള്ളവരുടെ ഇടപെടലുകള്‍ ഉണ്ടോ...?
പ്രവീണിനെ ബിന്ദുവില്‍ നിന്നകറ്റി സ്വതന്ത്രയാക്കുന്നതിനുള്ള നീക്കവുമാകാം...!

കാരണം ഇതിനു ശേഷമാണ് കടക്കരപ്പള്ളി ആലുങ്കലുള്ള കുടുംബവീടും സ്ഥലവും വില്പന നടത്തിയത്. വീട്ടിലുണ്ടായിരുന്ന വിലപിടിപ്പുള്ള സാധനസാമഗ്രികള്‍ വിറ്റശേഷമായിരുന്നു വസ്തുവിന്റെ കച്ചവടം. ഇതൊക്കെ പിന്നില്‍ പ്രവര്‍ത്തിച്ച ലാഭക്കൊതിയന്മാരുടെ കൂര്‍മ്മബുദ്ധിയാകാം.
അങ്ങനെയൊരാളുണ്ടോ...? ഉണ്ടെങ്കില്‍ അതാര്...?

2013 ഓഗസ്റ്റ്.
ചേര്‍ത്തല പോലീസ് സ്‌റ്റേഷനില്‍ ഒരു പരാതി എത്തുന്നു. പരാതിയില്‍ പറയുന്നത് ഇങ്ങനെ:
''ബിന്ദു പത്മനാഭന്‍ എന്ന എന്റെ സഹോദരിയെ കഴിഞ്ഞ കുറച്ചുനാളുകളായി കാണാനില്ല. സഹോദരിയുടെ പേരിലുള്ള വസ്തുവകകള്‍ നഷ്ടപ്പെട്ടിരിക്കുന്നു. സ്വത്തുക്കള്‍ തട്ടിയെടുത്ത ശേഷം ബിന്ദുവിനെ ആരെങ്കിലും അപായപ്പെടുത്തിയതാണോയെന്ന് സംശയിക്കുന്നു. സത്യം അന്വേഷിച്ചു കണ്ടെത്തണമെന്ന് അപേക്ഷിക്കുന്നു.''

വിശ്വസ്തതയോടെ,
ബിന്ദു പത്മനാഭന്റെ സഹോദരന്‍
പ്രവീണ്‍
പരാതി സ്വീകരിച്ച പോലീസ് അന്വേഷണം ആരംഭിച്ചു. നിരവധി പേരുടെ മൊഴികളെടുത്തു... ചോദ്യം ചെയ്തു.
നാട്ടില്‍ പല കഥകളും പ്രചരിച്ചു.

ബിന്ദു എവിടെപ്പോയ് മറഞ്ഞു...
തരിമ്പും തുമ്പു കിട്ടാതെ പോലീസ് വലഞ്ഞു.
കുത്തിയതോട് പോലീസ് സ്‌റ്റേഷന്‍.

2018 മെയ്.
സി.ഐ.യ്ക്കു മുന്നില്‍ ചേര്‍ത്തല മറ്റവന സ്വദേശി ടി. മിനി (ജയ) എന്ന സ്ത്രീ ഒരു മൊഴിയുമായി എത്തുന്നു.
''ചേര്‍ത്തല പള്ളിപ്പുറം സ്വദേശിയായ സെബാസ്റ്റിയന്‍ എന്നയാള്‍ ബിന്ദു പത്മനാഭന്‍ എന്ന സ്ത്രീയുടെ പേരില്‍ വ്യാജ മുക്ത്യാര്‍ ചമച്ച് ബിന്ദുവെന്ന പേരില്‍ തന്നെക്കൊണ്ട് ഒപ്പിട്ടുവാങ്ങി. ബിന്ദുവിന്റെ ചിത്രത്തിനു പകരം എന്റെ ഫോട്ടോയാണ് ഉപയോഗിച്ചിരിക്കുന്നത്.

ഈ മുക്ത്യാര്‍ ഉപയോഗിച്ച് സെബാസ്റ്റിയന്‍ കോടികള്‍ വിലയുള്ള ഇടപ്പള്ളിയിലുള്ള ബിന്ദുവിന്റെ സ്ഥലം വില്പന നടത്തി. ബിന്ദുവിന്റെ പേരില്‍ തന്റെ ചിത്രമുപയോഗിച്ച് സേലത്തെ ആര്‍.ടി. ഓഫീസില്‍നിന്നും വ്യാജ ഡ്രൈവിംഗ് ലൈസന്‍സും എസ്.എസ്.എല്‍.സി. ബുക്കും നിര്‍മ്മിച്ചു.''

സെബാസ്റ്റിയനുമായി പല ഇടപാടുകളുമുണ്ടായിരുന്ന മിനി അയാളുമായി തെറ്റിപ്പിരിഞ്ഞതിനെ തുടര്‍ന്നാണ് സ്‌റ്റേഷനിലെത്തി വിവരങ്ങള്‍ കൈമാറിയത്.

uploads/news/2018/08/238859/WeeklyCrimstory040818b.jpg

കേസില്‍ മാപ്പുസാക്ഷിയാവുകയായിരുന്നു മിനിയുടെ ലക്ഷ്യം.
വിശദമായി മൊഴികേട്ട പോലീസ് എപ്പോള്‍ വിളിച്ചാലും ഹാജരാകണമെന്ന നിര്‍ദ്ദേശത്തില്‍ മിനിയെ വിട്ടയച്ചു.
പക്ഷേ അന്നുതന്നെ മിനി ഒളിവില്‍ പോയി.

സെബാസ്റ്റിയനെ തിരഞ്ഞ് പോലീസിറങ്ങി. അയാളുടെ വീട്ടിലെത്തിയ പോലീസുദ്യോഗസ്ഥര്‍ പിറ്റേന്ന് സ്‌റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു.
മെയ്, ജൂണ്‍ മാസങ്ങളിലായി മൂന്നു പ്രാവശ്യം സെബാസ്റ്റിയന്‍ സ്‌റ്റേഷനിലെത്തി.
വിശദമായ ചോദ്യം ചെയ്യല്‍ കഴിഞ്ഞ് ഓരോ തവണയും വിട്ടയച്ചു.

മൂന്നാംതവണ ചോദ്യം ചെയ്യല്‍ കഴിഞ്ഞ് സ്‌റ്റേഷനില്‍നിന്ന് ഇറങ്ങിയ സെബാസ്റ്റിയനും മുങ്ങി.
പോലീസ് ശരിക്കും വെട്ടിലായി.
രണ്ടു പ്രതികള്‍... മിനിയും സെബാസ്റ്റിയനും... രണ്ടുപേരും പോലീസിന്റെ കണ്‍വെട്ടത്തുണ്ടായിരുന്നവര്‍...
ഇപ്പോള്‍ രണ്ടുപേരും ഒളിവില്‍...
പോലീസ് അലര്‍ട്ടായി...

കുറ്റാന്വേഷണത്തില്‍ സമര്‍ത്ഥരായ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി രണ്ടു സംഘങ്ങ ളായി വിഭജിച്ച് അന്വേഷണം തുടങ്ങി.
മിനിയുടെ ഒളിത്താവളങ്ങള്‍ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ മിനിയുടെ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. മകന്‍ വഴി വൈക്കത്ത് ബന്ധുവിന്റെ വീട്ടില്‍ മിനിയുണ്ടെന്ന് പോലീസ് മനസ്സിലാക്കി. മഫ്ടിയില്‍ പോലീസ് സംഘം എത്തും മുമ്പ് അവിടെനിന്നും രക്ഷപ്പെട്ട മിനി പോലീസിനു പിടിനല്‍കാതെ അഭിഭാഷകര്‍ക്കൊപ്പം ചേര്‍ത്തല കോടതിയിലെത്തി കീഴടങ്ങി.

ഇതിനിടെ ഒളിവിലിരുന്ന് സെബാസ്റ്റിയന്‍ ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി.
കേസിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച കോടതി ജാമ്യഹര്‍ജി തള്ളി.

ഇതോടെ സെബാസ്റ്റിയന് കീഴടങ്ങാതെ ഗത്യന്തരമില്ലാതായി. വലവിരിച്ച് പോലീസ് കാത്തിരുന്നു.
ഈ സമയത്താണ് പാലാ കിടങ്ങൂരിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ സെബാസ്റ്റിയന്റെ കാര്‍ കണ്ടെത്തിയത്.
വീണ്ടും ദുരൂഹത. കാര്‍ ഉപേക്ഷിച്ച് സെബാസ്റ്റിയന്‍ എങ്ങോട്ടു പോയി...?

പിറ്റേദിവസം, ജൂലൈ 9...
സെബാസ്റ്റിയന്‍ കീഴടങ്ങാന്‍ സാധ്യതയുണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശിന് രഹസ്യവിവരം ലഭിച്ചു.
നിരീക്ഷണം ശക്തമാക്കി പോലീസ് കാത്തിരുന്നു.

രാവിലെ ബോട്ട്ജട്ടിക്കു സമീപത്തെ ബസ് സ്‌റ്റോപ്പില്‍ വന്നിറങ്ങിയ സെബാസ്റ്റിയന്‍ ഷാഡോ പോലീസിന്റെ പിടിയിലായി. തുടര്‍ന്ന് ചേര്‍ത്തലയില്‍നിന്നുള്ള അന്വേഷണ സംഘത്തിനു കൈമാറി. ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ സെബാസ്റ്റിയനെ വിശദമായി ചോദ്യം ചെയ്തു.

ബാക്കിപത്രം:
24 മണിക്കൂറിലേറെ ചോദ്യം ചെയ്‌തെങ്കിലും ബിന്ദുവിന്റെ തിരോധാനവുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് സെബാസ്റ്റിയന്‍ ആവര്‍ത്തിച്ചു പറഞ്ഞു. അതേസമയം വ്യാജ മുക്ത്യാര്‍ ചമച്ച് ബിന്ദുവിന്റെ വസ്തുവില്പന നടത്തിയത് താനാണെന്ന് കുറ്റസമ്മതം നടത്തി. ചോദ്യം ചെയ്യലില്‍ ബിന്ദുവുമായുള്ള അടുപ്പവും ഇടപാടുകളും തുറന്നുസമ്മതിച്ചു.

ഇടപ്പള്ളിയിലെ 11 സെന്റ് വസ്തു ബിന്ദുവും സെബാസ്റ്റിയനും പങ്കാളികളായാണ് 2007-ല്‍ 14 ലക്ഷം രൂപയ്ക്കു വാങ്ങിയത്. ഇരുവരും ഏഴുലക്ഷം രൂപ വീതമാണ് മുടക്കിയത്. എന്നാല്‍ ബിന്ദുവിന്റെ പേരിലാണ് പ്രമാണം ചെയ്തത്. പിന്നീട് വില്പന നടത്താനായി പലതവണ സെബാസ്റ്റിയന്‍ ആവശ്യപ്പെട്ടിട്ടും ബിന്ദു തയാറാകാതെയിരുന്നതോടെയാണ് ആധാരം നഷ്ടപ്പെട്ടതായി കാണിച്ച് പത്രപ്പരസ്യം നല്‍കിയ ശേഷം വ്യാജമുക്ത്യാര്‍ ചമച്ച് മറ്റൊരാള്‍ക്ക് വില്പന നടത്തിയതെന്നാണ് പോലീസിനോട് പറഞ്ഞിരിക്കുന്നത്.

സെന്റിന് 13 ലക്ഷം രൂപ പ്രകാരം 1.43 കോടി രൂപയ്ക്കാണ് വിറ്റത്. ഇതില്‍ ബിന്ദുവിന് 44 ലക്ഷം രൂപ കൊടുത്തു. തുകയുടെ പകുതി വേണമെന്ന് ബിന്ദു തര്‍ക്കം ഉന്നയിച്ചെങ്കിലും സെബാസ്റ്റിയന്‍ ബാക്കി പണം നല്‍കിയില്ല.

2017 സെപ്റ്റംബര്‍ വരെ ബിന്ദു ഈ ആവശ്യത്തിനു വീട്ടില്‍ വന്നതായും സെബാസ്റ്റിയന്‍ പറയുന്നു.
കാണാതായി എന്ന പരാതിയില്‍ അന്വേഷണം നടക്കുമ്പോഴും ബിന്ദു ചേര്‍ത്തലയിലും പരിസരത്തും ഉണ്ടായിരുന്നോ...?
ബിന്ദുവിനെ കാണാനില്ല എന്ന പരാതി നല്‍കിയ സഹോദരന്‍ പ്രവീണിനോട് അന്വേഷണത്തിന്റെ ഭാഗമായി നാട്ടിലെത്താന്‍ പോലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്
ക്ലൈമാക്‌സായി...

അവസാന സീനിലും ബാക്കിയാകുന്നത് ഒരു ചോദ്യം... ബിന്ദു പത്മനാഭന്‍ എവിടെയാണ് മറഞ്ഞിരിക്കുന്നത്....? എന്തിനു വേണ്ടി...?
കണ്ടെത്താനുള്ള തീവ്രശ്രമത്തില്‍ പോലീസ്...

ഉത്തരം വൈകാതെ കിട്ടും എന്ന പ്രതീക്ഷയില്‍ നമുക്ക് കാത്തിരിക്കാം...

Ads by Google
Ads by Google
Loading...
TRENDING NOW