Wednesday, August 21, 2019 Last Updated 33 Min 16 Sec ago English Edition
Todays E paper
Ads by Google
Saturday 04 Aug 2018 02.23 AM

പ്രണയികള്‍ക്കു പിന്നാലെ സൈബര്‍ ആങ്ങളമാര്‍

uploads/news/2018/08/238786/bft1.jpg

സമൂഹത്തിലെ സദാചാരഗുണ്ടകളുടെ സോഷ്യല്‍ മീഡിയ വകഭേദമാണു "സൈബര്‍ ആങ്ങളമാര്‍". സദാചാരഗുണ്ടകള്‍ക്ക്‌ ആണിനെയും പെണ്ണിനെയും ഒന്നിച്ചുകണ്ടാലേ കലിയിളകും. എന്നാല്‍, സൈബര്‍ ആങ്ങളമാര്‍ അത്തരക്കാരല്ല, സ്വന്തം മതത്തില്‍പ്പെട്ട പെണ്‍കുട്ടികളെ ഇതരമതസ്‌ഥര്‍ "വളയ്‌ക്കുന്നുണ്ടോ" എന്നു മാത്രമാണ്‌ ഇവര്‍ക്ക്‌ ആവലാതി. സബ്‌ രജിസ്‌ട്രാര്‍ ഓഫീസുകളിലെ നോട്ടീസ്‌ ബോര്‍ഡ്‌ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുന്നതു കണ്ടാല്‍ ഉറപ്പിക്കാം; അതൊരു സൈബര്‍ ആങ്ങളയാകും!
സാമൂഹികമാധ്യമങ്ങളിലെ അപവാദ ഗ്രൂപ്പുകളുടെ അഡ്‌മിന്‍മാര്‍ മിക്കവാറും വിദേശത്തായിരിക്കും. അഥവാ, അറസ്‌റ്റിലായാലും ജാമ്യത്തിറങ്ങി അടുത്ത ഗ്രൂപ്പ്‌ രൂപീകരിക്കുകയാണു സൈബര്‍ ചാവേറുകളുടെ പൊതുരീതി. പുതിയ കുപ്പിയായാലും വീഞ്ഞ്‌ പഴയതുതന്നെ! അഭിഭാഷകര്‍, പോലീസുകാര്‍ എന്നൊന്നും സൈബര്‍ ഗുണ്ടകള്‍ക്കു നോട്ടമില്ല. സൈബര്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിനു വിധേയരായ പ്രമുഖരില്‍ മലയാളത്തിന്റെ അഭിമാനമായ സാക്ഷാല്‍ എം.ടി. വാസുദേവന്‍ നായരുമുണ്ട്‌്.

മുസ്ലിം അല്ലെങ്കിലും വെറുമൊരു കൗതുകത്തിനായാണു പത്തനംതിട്ട കോഴഞ്ചേരി സ്വദേശിയായ യുവതി മഫ്‌തയണിഞ്ഞ സ്വന്തം ഫോട്ടോ ഫെയ്‌സ്‌ബുക്കില്‍ പോസ്‌റ്റ്‌ ചെയ്‌തത്‌. തുടര്‍ന്ന്‌ സൈബര്‍ സംഘികള്‍ നടത്തിയ കുപ്രചാരണം പെണ്‍കുട്ടിയുടെ ജീവിതവും സമൂഹത്തിലെ മതസൗഹാര്‍ദവും തകര്‍ക്കുന്ന ഘട്ടംവരെയെത്തി.
ഒരു ഫെയ്‌സ്‌ബുക്‌ സുഹൃത്തിന്റെ ചിത്രവും ചേര്‍ത്താണു മഫ്‌തയണിഞ്ഞ പെണ്‍കുട്ടിയുടെ ഫോട്ടോ പ്രചരിപ്പിച്ചത്‌. "അടുത്ത ലൗ ജിഹാദ്‌. എറണാകുളം സ്വദേശിനിയായ ഈ കുട്ടി വടകരയില്‍ നഴ്‌സായി ജോലിചെയ്യുന്നു. കുട്ടി അപകടത്തില്‍. അറിയുന്നവരുണ്ടെങ്കില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ അറിയിക്കുക..." എന്ന അടിക്കുറിപ്പോടെയായിരുന്നു പ്രചാരണം. സാമൂഹികമാധ്യമങ്ങളില്‍ ചിത്രം പ്രചരിപ്പിച്ച തൃശൂര്‍ സ്വദേശിയും പ്രവാസിയുമായ ലെനിന്‍ എന്നയാള്‍ക്കെതിരേ പെണ്‍കുട്ടി പോലീസില്‍ പരാതിപ്പെട്ടതോടെയാണു കുപ്രചാരണത്തിന്‌ അറുതിയായത്‌.
സ്വസമുദായത്തിലെ പെണ്‍കുട്ടിയെ ഇതരമതസ്‌ഥന്‍ റാഞ്ചുന്നുണ്ടോയെന്ന ആശങ്കയില്‍ സബ്‌ രജിസ്‌ട്രാര്‍ ഓഫീസുകളുടെ വരാന്ത കയറിയിറങ്ങുന്ന "സൈബര്‍ ആങ്ങളമാരും" സാമൂഹികമാധ്യമങ്ങളില്‍ ധാരാളം. സ്‌പെഷല്‍ മാര്യേജ്‌ നിയമപ്രകാരം വിവാഹം രജിസ്‌റ്റര്‍ ചെയ്യുന്നവരുടെ പേരുവിവരങ്ങള്‍ ഓഫീസ്‌ ബോര്‍ഡിലുണ്ടാകും. ഇതു മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തുകയാണ്‌ ആദ്യനടപടി. അടുത്തതായി, "ഈ കുട്ടിയുടെ കുടുംബത്തെ രക്ഷിക്കൂ, മാതാപിതാക്കളുടെ അഭിമാനം രക്ഷിക്കൂ, വേഗം ഷെയര്‍ ചെയ്യൂ" തുടങ്ങിയ അടിക്കുറിപ്പുകളോടെ വധൂവരന്‍മാരുടെ ചിത്രം സഹിതം നേരേ വാട്‌സ്‌ആപ്‌ ഗ്രൂപ്പുകളിലേക്ക്‌. ഇത്തരം സൈബര്‍ ആങ്ങളമാര്‍ ഫെയ്‌സ്‌ബുക്കിനെക്കാള്‍ വാട്‌സ്‌ആപ്പിനെയാണ്‌ ആശ്രയിക്കുന്നത്‌. അതാകുമ്പോള്‍ സ്വന്തം പേരില്‍ ഒരുതവണ "പോസ്‌റ്റി"യാല്‍ മതി. ഷെയറിങ്‌ മറ്റുള്ളവരുടെ ചെലവില്‍ നടക്കും. ഒരേ നിലപാടുള്ളവരുടെ ഗ്രൂപ്പുകളില്‍ മാത്രം പ്രചരിക്കുന്നതിനാല്‍ വാട്‌സ്‌ആപ്‌ സുരക്ഷിതമാണെന്നും ഇക്കൂട്ടര്‍ കരുതുന്നു. പച്ചയ്‌ക്കു മതം പറഞ്ഞ്‌, ഹിന്ദു, മുസ്ലിം, ക്രിസ്‌ത്യന്‍ വൈവാഹിക ഏജന്‍സികളുടെ പരസ്യം ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്ന നാടുകൂടിയാണല്ലോ പ്രബുദ്ധകേരളം!

അറസ്‌റ്റിലായാല്‍ അടുത്ത അവതാരം

വീട്ടമ്മമാര്‍ക്കും അഭിനേത്രികള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും വനിതാ കമ്മിഷനും മാത്രമല്ല, പോലീസുകാര്‍ക്കും സൈബര്‍ ആക്രമണത്തില്‍നിന്നു രക്ഷയില്ല. അപകടകാരികളായ ഓണ്‍ലൈന്‍ ഗ്രൂപ്പുകളെക്കുറിച്ചു കഴിഞ്ഞ ജൂണ്‍ 25-ന്‌ ഒരു പോലീസ്‌ ഉദ്യോഗസ്‌ഥന്‍ ഇട്ട പോസ്‌റ്റില്‍ കൊച്ചി മെട്രോയിലെ സഹപ്രവര്‍ത്തകയായ പോലീസുകാരി അജിതയേയും ടാഗ്‌ ചെയ്‌തിരുന്നു. ഇതോടെ സാമൂഹികമാധ്യമങ്ങളില്‍ അജിത നേരിട്ട അസഭ്യവര്‍ഷത്തിനു കൈയുംകണക്കുമില്ല. അശ്ലീല കമന്റുകള്‍ക്കു പുറമേ, ഫെയ്‌സ്‌ബുക്കില്‍ അജിതയുടെ ചിത്രങ്ങള്‍ മോര്‍ഫ്‌ ചെയ്‌ത്‌ പ്രചരിപ്പിക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ അജിത ആലുവ റൂറല്‍ എസ്‌.പിക്കു നല്‍കിയ പരാതിപ്രകാരം തിരുവനന്തപുരം വെള്ളനാട്‌ സ്വദേശി സിദ്ദിഖിനെ അറസ്‌റ്റ്‌ ചെയ്‌ത്‌ ജാമ്യത്തില്‍ വിട്ടു. എന്നിട്ടും ഇയാള്‍ അടങ്ങിയില്ല. എഴുത്തുകാരിയായ അപര്‍ണ പ്രശാന്തിക്കെതിരേ സൈബര്‍ ആക്രമണം നടത്തിയതിനു വീണ്ടും അറസ്‌റ്റിലായ സിദ്ദിഖ്‌ ഇപ്പോള്‍ റിമാന്‍ഡിലാണ്‌.
"കിംഗ്‌സ്‌ ഓഫ്‌ ഫൈറ്റേഴ്‌സ്‌" എന്ന ഫെയ്‌സ്‌ബുക്‌ കൂട്ടായ്‌മയിലെ അംഗമാണു സിദ്ദിഖ്‌. ഇതേ ഗ്രൂപ്പിലെ മറ്റൊരംഗമായ മലപ്പുറം വേങ്ങര സ്വദേശി ജല്‍ജാസും പിടിയിലായെങ്കിലും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്റെ ഇടപെടലിനേത്തുടര്‍ന്നു വിട്ടയച്ചു. പിന്നീട്‌ അരൂരുള്ള വീട്ടമ്മയുടെ പരാതിയില്‍ ഇയാളെ അറസ്‌റ്റ്‌ ചെയ്‌തു. ദുബായിലുള്ള എബി മാത്യുവായിരുന്നു ഈ ഗ്രൂപ്പിന്റെ അഡ്‌മിന്‍. കിംഗേഴ്‌സ്‌, അനോനിമസ്‌ കേരള സൈബര്‍ ഹാക്കേഴ്‌സ്‌ തുടങ്ങി നിരവധി പേരുകളില്‍ സൈബര്‍ ക്വട്ടേഷന്‍ ഫെയ്‌സ്‌ബുക്‌ പേജുകളുണ്ട്‌. പ്രതികള്‍ക്കെതിരേനടപടി തുടങ്ങിയതോടെ ചില ഗ്രൂപ്പുകള്‍ "ഡിലീറ്റാ"യി. മറ്റു ചിലതു പുതിയ അവതാരമെടുത്തു. അറസ്‌റ്റിലായാലും ഇവരെ ജാമ്യത്തിലിറക്കാനും നിയമസഹായം നല്‍കാനും ആളുകളുണ്ട്‌. പുറത്തിറങ്ങി, പുതിയ ഓണ്‍ലൈന്‍ ഗ്രൂപ്പുകളുണ്ടാക്കി പ്രവര്‍ത്തനം തുടരുകയാണു പതിവ്‌.

തട്ടിപ്പിന്റെ 'വിപ്ലവസൂര'

കഴിഞ്ഞദിവസം കൊല്ലത്തു തട്ടിപ്പുകേസില്‍ പിടിയിലായ ജയസൂര്യ പ്രകാശ്‌ എന്ന യുവതി ഒരു വിപ്ലവപാര്‍ട്ടിയുടെ സൈബര്‍ ചാവേറായിരുന്നു. എന്നാല്‍ ഭരണകക്ഷിയുടെ ആളെന്ന ഫെയ്‌സ്‌ബുക്‌ പ്രതിഛായ മറയാക്കി, ജോലിവാഗ്‌ദാനത്തിലൂടെ പലരില്‍നിന്നു ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ഇവര്‍ പോലീസ്‌ കസ്‌റ്റഡിയിലായി. തട്ടിപ്പുപണം കൊണ്ടു സ്വന്തമാക്കിയ മൂന്നു സെന്റ്‌ ഭൂമി പാര്‍ട്ടി ഓഫീസ്‌ നിര്‍മിക്കാന്‍ സംഭാവന ചെയ്‌തതോടെ സൈബര്‍ തട്ടിപ്പുകാരിക്കെതിരായ കേസ്‌ ഒതുങ്ങിയതാണ്‌ ആന്റിക്ലൈമാക്‌സ്‌.

എം.ടിക്കെതിരെയും 'അസുരവിത്തു'കള്‍

മലയാളത്തിന്റെ അഭിമാനമായ എം.ടി. വാസുദേവന്‍ നായരെപ്പോലും സാമൂഹികമാധ്യമങ്ങള്‍ വേട്ടയാടിയിട്ടുണ്ട്‌. എം.ടിയെ വീട്ടില്‍ ചെന്നുകണ്ടപ്പോള്‍ വിദ്വേഷപരാമര്‍ശം നടത്തിയെന്നു തൃശൂര്‍ ചാമക്കാല നഹ്‌ജുര്‍ റഷാദ്‌ ഇസ്ലാമിക്‌ കോളജ്‌ വിദ്യാര്‍ഥി സലീം മണ്ണാര്‍ക്കാട്‌ ഫെയ്‌സ്‌ബുക്‌ പോസ്‌റ്റ്‌ ഇട്ടതായിരുന്നു തുടക്കം. ഇതോടെ കഥാകാരനെതിരേ രൂക്ഷവിമര്‍ശനം അഴിച്ചുവിട്ടവര്‍ കെട്ടുകഥകളും മെനഞ്ഞു. മതേതരനിലപാടുകള്‍ എക്കാലവും ഉയര്‍ത്തിപ്പിടിക്കുന്ന എം.ടി. അത്തരമൊരു വിദ്വേഷപരാമര്‍ശം നടത്തില്ലെന്ന്‌ അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ സഭ്യമായ ഭാഷയില്‍ പ്രതികരിച്ചു. മന്ത്രി ടി.എം. തോമസ്‌ ഐസക്കും എം.ടിക്കു പിന്തുണയുമായെത്തി.

നടനെ വിമര്‍ശിച്ചാല്‍ 'ഒടിച്ചു'കൊല്ലും

"ഒടിയന്‍" എന്ന സിനിമയ്‌ക്കുവേണ്ടി തടികുറച്ച്‌, ക്ലീന്‍ഷേവ്‌ ചെയ്‌ത മോഹന്‍ലാലിന്റെ ലുക്ക്‌ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍, നടന്റെ പുതിയരൂപം ഇഷ്‌ടമായില്ലെന്നു തുറന്നടിച്ചവരുമുണ്ട്‌. അത്തരമൊരു വിമര്‍ശനം നടത്തിയ അഡ്വ. സംഗീത ലക്ഷ്‌മണയെ സൈബര്‍ ഫാന്‍സുകാര്‍ വളഞ്ഞിട്ട്‌ ആക്രമിച്ചു. കേട്ടാലറയ്‌ക്കുന്ന അസഭ്യവര്‍ഷവുമുണ്ടായി. "ദാസാ ഏതാടാ ഈ അലവലാതി..." എന്നു തുടങ്ങി മോഹന്‍ലാല്‍ സിനിമയിലെ ഡയലോഗുകളും വിമര്‍ശകര്‍ക്കെതിരേ സൈബര്‍ ഫാന്‍സ്‌ തൊടുത്തുവിട്ടു.
(അവസാനിച്ചു)

തയാറാക്കിയത്‌: ജി. അരുണ്‍, അനിത മേരി ഐപ്‌, കെ. കൃഷ്‌ണകുമാര്‍, ഷൈനി ജോണ്‍
സങ്കലനം: എസ്‌. ശ്രീകുമാര്‍

Ads by Google
Saturday 04 Aug 2018 02.23 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW