Sunday, August 25, 2019 Last Updated 15 Min 8 Sec ago English Edition
Todays E paper
Ads by Google
Friday 03 Aug 2018 03.52 PM

മോഡലിംഗ് സിനിമയിലേക്കുള്ള കുറുക്കുവഴിയല്ല - പാര്‍വതി നായര്‍

നീരാളിയില്‍ മോഹന്‍ലാലിന്റെ നായികയായാ പാര്‍വതി നായരുടെ വിശേഷങ്ങള്‍.....
uploads/news/2018/08/238563/CiniINWparvathinair030818c.jpg

ചുരുങ്ങിയ കാലംകൊണ്ടുതന്നെ തെന്നിന്ത്യന്‍ ഭാഷകളില്‍ പ്രശസ്തയായ യുവനടിയാണ് പാര്‍വതി നായര്‍. അബുദാബിയില്‍ ജനിച്ചുവളര്‍ന്ന പാര്‍വതി പരസ്യചിത്രങ്ങളിലൂടെയാണ് സിനിമാരംഗത്തെത്തിയത്. നീരാളിയില്‍ മോഹന്‍ലാലിന്റെ നായികയാവുന്ന പാര്‍വതി നായരുടെ വിശേഷങ്ങള്‍.

മോഡലിംഗില്‍ നിന്നാണല്ലോ സിനിമയിലെത്തിയത്. ഇത് എത്രമാത്രം ഗുണം ചെയ്തു?


ഞാന്‍ സിനിമയെക്കുറിച്ചു മനസ്സിലാക്കിയത് മോഡലിംഗ് രംഗത്തു നിന്നാണ്. പക്ഷേ അതുവഴിയല്ല സിനിമയിലെത്തിയത്. മോഡലിംഗ് ചെയ്ത കാരണം സിനിമയില്‍ എടുക്കാതിരിക്കുകയാണ് ഉണ്ടായിട്ടുള്ളത്. മോഡലല്ലേ, ഭയങ്കര പോഷായിരിക്കും എന്നു കരുതി നാടന്‍ ടൈപ് റോള്‍ വരുമ്പോള്‍ പരിഗണിക്കാറില്ല. ബോഡി ലാംഗ്വേജ്, ആറ്റിറ്റിയൂഡ് വേറെയായിരിക്കും എന്ന തോന്നലാണ്. അത് തെറ്റായ ധാരണയാണ്. അത്തരക്കാര്‍ക്ക് നാടന്‍ കഥാപാത്രവും ചെയ്യാന്‍ പറ്റും എന്നാണെന്റെ വിശ്വാസം.

മോഡലിംഗില്‍ ഹൈ ലെവലില്‍ എത്താത്തവരാണ് കൂടുതലും സിനിമയിലേക്കെത്തുന്നത്. റാമ്പ് വാക്ക് ഒക്കെ ചെയ്യുന്ന മോഡല്‍സിന് സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടുന്ന പതിവില്ല. ഇത് മലയാളം ഇന്‍ഡസ്ട്രിയിലെ മാത്രം കാര്യമല്ല. ടോപ്പ് മോഡല്‍സ് സിനിമയില്‍ അധികം വരാറില്ല. അവരെ അതിന് പരിഗണിക്കാറുമില്ല. ആക്ടിംഗിന് പ്രാധാന്യമുള്ള പരസ്യത്തില്‍ അഭിനയിക്കുന്നവര്‍ക്ക് സിനിമയിലേക്കുള്ള സാദ്ധ്യത കൂടുതലാണ്. ഞാന്‍ റാമ്പും പരസ്യചിത്രങ്ങളും ചെയ്ത ആളാണ്.

മിസ് കര്‍ണാടക, മിസ് നേവി ക്വീന്‍ മത്സരങ്ങളില്‍ പങ്കെടുത്തത് സിനിമയിലെത്തണമെന്ന് കരുതിയാണോ?


ഞാന്‍ ഈ മത്സരങ്ങളില്‍ വന്നത് സിനിമയില്‍ വരണമെന്ന് ആഗ്രഹിച്ചല്ല. ഈ ടൈറ്റിലുകള്‍ കിട്ടിയതുകൊണ്ട് എനിക്ക് സിനിമയില്‍ നിന്ന് ഓഫറും വന്നിട്ടില്ല. അച്ഛനും അമ്മയ്ക്കും ഞാന്‍ മോഡലിംഗിന് പോകുന്നതുപോലും ഇഷ്ടമല്ലായിരുന്നു. അവരറിയാതെയാണ് മത്സരങ്ങളില്‍ പങ്കെടുത്തത്. മിസ് നേവി ക്വീന്‍ മത്സരത്തില്‍ ഞാന്‍ ഫ്രണ്ടിനെ എന്‍കറേജ് ചെയ്യാന്‍ പോയതാണ്.

തികച്ചും അവിചാരിതമായിട്ടാണ് അതില്‍ പങ്കെടുത്തത്. മത്സരങ്ങളില്‍ പങ്കെടുക്കുക എന്നത് എനിക്ക് ചെറുപ്പം മുതലേ ഇഷ്ടമുള്ള കാര്യമാണ്. മിസ് ഇന്ത്യ ആകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അതില്‍ ഞാന്‍ പങ്കെടുത്തിട്ടില്ല. എന്റെ ഹൈറ്റ് വച്ച് അതില്‍ പരിഗണിക്കില്ലെന്നാണ് കരുതിയിരുന്നത്. അതുകൊണ്ട് ഞാന്‍ ശ്രമിച്ചുപോലുമില്ല. ക്വിസ് മത്സരങ്ങള്‍ ഇഷ്ടമായിരുന്നു.

ജീവിതത്തില്‍ സ്‌ട്രോംഗ് പേഴ്‌സണാലിറ്റി ആകണമെന്ന് ആഗ്രഹിച്ചിരുന്നു. നല്ല രീതിയില്‍ എന്തെങ്കിലും ചെയ്ത് സൊസൈറ്റിയില്‍ ഇന്‍ഫ്‌ളുവന്‍സ് ചെയ്യാന്‍ പറ്റുന്ന വ്യക്തിയായി മാറണമെന്നുണ്ടായിരുന്നു. ആ തോന്നല്‍ കാരണം ചെറുപ്പം മുതലേ മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു. അങ്ങനെ മാസ്റ്റര്‍ മൈന്‍ഡ് ഞാന്‍ ജയിച്ചു. വേറൊരു മത്സരത്തില്‍ ഫസ്റ്റ് റണ്ണറപ്പായി.

അങ്ങനെ എത്തിയതാണ് മിസ് കര്‍ണാടക. അത് ജയിച്ചു. പിന്നീട് മിസ് നേവി ക്വീന്‍ ജയിച്ചു. ഞാനിപ്പോഴും പണ്ടത്തെ മിസ് വേള്‍ഡ് കോംപിറ്റീഷനൊക്കെ കാണാറുണ്ട്. അത് ഏറെ ഇഷ്ടമാണ്. സൊസൈറ്റിക്കുവേണ്ടി പിന്നീട് അവര്‍ ചെയ്യുന്ന കോണ്‍ട്രിബ്യൂഷന്‍സ് കാണുമ്പോള്‍ എനിക്കും അതുപോലെ ചെയ്യാനാകും എന്നു തോന്നിയിട്ടുണ്ട്.

ധാരാളം പരസ്യങ്ങളില്‍ അഭിനയിച്ചല്ലോ?


വി.കെ. പ്രകാശ് എന്നെ ഐഡന്റിഫൈ ചെയ്തു എന്നതല്ലാതെ പരസ്യങ്ങളില്‍ അഭിനയിച്ചതുകൊണ്ട് എനിക്ക് മുവീസില്‍ അവസരം ലഭിച്ചിട്ടില്ല. സിനിമയിലെത്താന്‍ വേണ്ടിയല്ല ഞാന്‍ പരസ്യങ്ങളില്‍ അഭിനയിച്ചതും. സിനിമയില്‍ അഭിനയിക്കുന്നതിനു മുന്‍പുതന്നെ യാത്രയിലും മറ്റും പലരും ആക്ട്രസാണോ എന്നു ചോദിച്ചിട്ടുണ്ട്. ഞാന്‍ അഭിനയിച്ച മലബാര്‍ ഗോള്‍ഡ്, ഏഷ്യന്‍ പെയിന്റ്‌സ്, മാസ പരസ്യങ്ങള്‍ കുറെ നാള്‍ ടി.വിയില്‍ വന്നു. അവ വളരെ പോപ്പുലറായി.
uploads/news/2018/08/238563/CiniINWparvathinair030818.jpg

പക്ഷേ, വി.കെ. പ്രകാശിന്റെ ബ്യൂട്ടിഫുളിലേക്കുള്ള ക്ഷണം നിരസിച്ചില്ലേ?


വി.കെ. പ്രകാശ് ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തില്‍ റോള്‍ ഓഫര്‍ ചെയ്തിരുന്നു. അത് സ്വീകരിച്ചില്ല. അന്ന് സിനിമയില്‍ വരാന്‍ താത്പര്യമില്ലായിരുന്നു. തെരഞ്ഞെടുക്കുന്ന കരിയറില്‍ 100% സക്‌സസ് ആവണമെന്ന് ആഗ്രഹമുണ്ടായിരുന്നു. സിനിമയില്‍ എല്ലാവര്‍ക്കും സക്സസ്ഫുള്‍ ആവാന്‍ പറ്റില്ല എന്നു കരുതിയിരുന്നു. അതുകൊണ്ടാണ് ആ സിനിമ വേണ്ടെന്നുവച്ചത്.

തുടക്കത്തില്‍ എന്റെ പരസ്യം ചെയ്ത ഡയറക്ടറാണ് വി.കെ.പി. മലബാര്‍ ഗോള്‍ഡിന്റെ പരസ്യത്തിലെ ഒരു സീനില്‍ ഞാന്‍ ഗ്ലിസറിന്‍ ഉപയോഗിക്കാതെതന്നെ കരഞ്ഞിരുന്നു. ഗ്ലിസറിന്‍ കൊണ്ടുവരാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു ആവശ്യമില്ലെന്ന്. അതില്‍ എന്റെ അഭിനയം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു.

ഭാവിയില്‍ ഫാഷന്‍ ഡിസൈനറോ മറ്റോ ആകണമെന്നായിരുന്നു ഉദ്ദേശിച്ചിരുന്നത്. മോഡലിംഗ് ടൈംപാസായി ചെയ്തതാണ്. ഒരു ഫുള്‍ടൈം കരിയറായി ആലോചിച്ചിരുന്നില്ല.

പിന്നീട് സിനിമയിലെത്തിയത്്?


ഒരു സിനിമ ചെയ്തുനോക്കാം എന്നു കരുതി. കന്നഡ മൂവിയിലായിരുന്നു. വെക്കേഷന്‍ ടൈമിലായിരുന്നു ഷൂട്ടിംഗ്. തുടക്കക്കാരുടെ സിനിമ. അതിന്റെ കുഴപ്പം അതിനുണ്ടായിരുന്നു. ഫസ്റ്റ് മൂവി എപ്പോഴും നന്നായിരിക്കണം. അത് നന്നായി ചൂസ് ചെയ്യാന്‍ എനിക്കു പറ്റിയില്ല. കന്നഡയില്‍ ആദ്യം വന്ന അവസരം ഗ്ലാമറസായതു കൊണ്ടു സ്വീകരിച്ചില്ല. അന്ന് പഠനത്തിന് കൂടുതല്‍ പ്രാധാന്യം കൊടുത്തു. ബ്യൂട്ടിഫുളിലൂടെ അരങ്ങേറ്റം കുറിച്ചിരുന്നെങ്കില്‍ സിനിമയില്‍ എനിക്ക് കൂടുതല്‍ ശ്രദ്ധ കിട്ടിയേനേ എന്ന് ഇപ്പോള്‍ തോന്നുന്നു.

സ്േറ്റാറി കഥെയിലെ അഭിനയത്തിന് അവാര്‍ഡ് കിട്ടിയിരുന്നല്ലോ. ആ കഥാപാത്രത്തെക്കുറിച്ച്?


സ്‌റ്റോറി കഥെ ആര്‍ട് ഹൗസ് സിനിമയാണ്. അതിനാണ് എനിക്ക് ബെസ്റ്റ് ഫീമെയില്‍ ഡെബ്യൂട്ടന്റ് അവാര്‍ഡ് കിട്ടിയത്. അതൊരു പവര്‍ഫുള്‍ റോളായിരുന്നു. ജേര്‍ണലിസ്റ്റിന്റെ വേഷം. നായികയ്ക്ക് പ്രാധാന്യമുള്ള ഒരു സൈക്കോ ത്രില്ലറായിരുന്നു അത്.

അഭിനയിച്ചതില്‍ സ്വന്തം ജീവിതത്തോട് അടുത്തു നില്‍ക്കുന്ന കഥാപാത്രം?


ഒരു തെലുങ്ക് ചിത്രം പാതിവഴി കിടക്കുകയാണ്. ഒരു ഷെഡ്യൂളേ കഴിഞ്ഞിട്ടുള്ളൂ. അതില്‍ ഒരു മെഡിക്കല്‍ സ്റ്റുഡന്റിന്റെ റോളാണ്. എന്റെ ലൈഫുമായി കുറച്ചെങ്കിലും കണക്ടഡ് ആയ കഥാപാത്രം അതാണ്.

മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് റീമേക്കില്‍ നായികയായിരുന്നല്ലോ?


പ്രിയദര്‍ശന്‍ സാര്‍ ലെജണ്ടറി ഡയറക്ടറാണ്. അദ്ദേഹത്തെപ്പോലൊരു വലിയ ഡയറക്ടറുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ അവസരം കിട്ടി. അതായിരുന്നു ബിഗ് സ്‌പെഷ്യാലിറ്റി. മഹേഷിന്റെ പ്രതികാരം ഡിഫറന്റായാണ് തമിഴില്‍ എടുത്തത്. കെമേഴ്‌സ്യലൈസ്ഡ് വേര്‍ഷനായിരുന്നു.

പാട്ടിനൊക്കെ പ്രാധാന്യം കൊടുത്താണ് ചിത്രീകരിച്ചത്. നിമിര്‍ എന്നായിരുന്നു സിനിമയുടെ പേര്. നമിതാ പ്രമോദുമുണ്ടായിരുന്നു കൂടെ. ഉദയിധി സ്റ്റാലിനായിരുന്നു നായകന്‍.

പ്രിയദര്‍ശന്‍ സാറിന്റെ കുറെ ചിത്രങ്ങള്‍ എന്റെ ഫേവറേറ്റാണ്. ചൈല്‍ഡ്ഹുഡ് മുതലേ ഞാന്‍ അദ്ദേഹത്തിന്റെ ഫാനാണ്. അദ്ദേഹത്തിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. വളരെ ഫാസ്റ്റായ ഡയറക്ടറാണ് അദ്ദേഹം. സീനുകള്‍ വേഗത്തില്‍ ചിത്രീകരിക്കും. സെറ്റില്‍ കൂടുതല്‍ ആലോചിച്ച് സമയം കളയില്ല. എല്ലാം പ്രിപ്പയേഡ് ആയിരിക്കും.

നല്ല ടാക്‌സ് മാസ്റ്ററാണ്. മാത്രമല്ല അദ്ദേഹത്തിന്റെ സെറ്റില്‍ അച്ചടക്കം നിര്‍ബന്ധമാണ്. അവിടെ എനിക്ക് മറ്റുള്ളവരുമായി അധികം ഇന്ററാക്ട് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ആരും കൂടുതല്‍ സംസാരിക്കില്ല. അത്രയും ഡിസിപ്ലിന്‍ഡ് ആയ സെറ്റ് ഞാന്‍ വേറെ കണ്ടിട്ടില്ല.

uploads/news/2018/08/238563/CiniINWparvathinair030818b.jpg

നീരാളിയില്‍ എത്തിയത്?


നീരാളിയുടെ ഡയറക്ടര്‍ അജോയ് വര്‍മ സാര്‍ നിമിറിന്റെ സെറ്റില്‍ വന്നിരുന്നു. അവിടെ വച്ചാണ് ഞങ്ങള്‍ തമ്മില്‍ കാണുന്നതും ഈ പ്രൊജക്ടിനെപ്പറ്റി സംസാരിക്കുന്നതും ഒടുവില്‍ അതിന്റെ ഭാഗമാകുന്നതും.

നീരാളിയില്‍ മോഹന്‍ലാലിന്റെ നായികയായപ്പോള്‍?


നീരാളിയില്‍ ലാലേട്ടന്റെ കൂടെ അഭിനയിച്ചുതുടങ്ങുമ്പോള്‍ ശരിക്കും പേടിയുണ്ടായിരുന്നു. എന്നാല്‍ ലാലേട്ടന്റെ പ്രോത്സാഹനത്തില്‍ അതെല്ലാം മാറി, നന്നായി അഭിനയിക്കാന്‍ കഴിഞ്ഞു. നിമിര്‍ കണ്ടെന്നും എന്റെ അഭിനയം ഇഷ്ടമായിയെന്നും ലാലേട്ടന്‍ പറഞ്ഞു.

ലാലേട്ടന്‍ വളരെ ഫണ്ണിയാണ്. സെറ്റില്‍ എപ്പോഴും എന്തെങ്കിലും ജോക്‌സൊക്കെ പറ ഞ്ഞ് എല്ലാവരെയും ജോളിയാക്കി വയ്ക്കും. എന്റെ അമ്മയെ ഫോണില്‍ വിളിച്ച് ആരാണെന്നു പറയാതെ ലാലേട്ടന്‍ സംസാരിക്കുകയുണ്ടായി. അമ്മ ഒരിക്കലും അത്തരമൊരു കോള്‍ പ്രതീക്ഷിച്ചിട്ടില്ലായിരുന്നു. അമ്മയ്ക്ക ത് വലിയ സര്‍പ്രൈസായി. ലാലേട്ടന്‍ വളരെ സിപിംളാണ്. സെറ്റില്‍ എല്ലാവരെയും ഈക്വലായി കരുതുന്ന ആളാണ്. സഹപ്രവര്‍ത്തകര്‍ക്ക് നല്ല പിന്തുണ നല്‍കും. അതിന്റെ ഊര്‍ജവും രസവും എപ്പോഴും സെറ്റിലുണ്ടാകും.

നീരാളിയില്‍ മോഹന്‍ലാലിനെയും നദിയയെയും വര്‍ഷങ്ങള്‍ക്കുശേഷം നായികാനായകന്മാരായി കണ്ടപ്പോള്‍ എന്തു തോന്നി?

നദിയ മാഡം എന്റെ ഫേവറേറ്റ് ആക്ട്രസാണ്. ടി.വി.യില്‍ സിനിമകള്‍ കാണുമ്പോള്‍ പണ്ടേ നോട്ട് ചെയ്ത ആക്ട്രസാണ്. അമ്മയോട് ചോദിക്കാറുണ്ട് അവരെപ്പറ്റി. ഞാനൊക്കെ ജനിക്കുന്നതിനു മുമ്പ് മാഡത്തിന്റെ സ്‌റ്റൈല്‍ അന്നത്തെ പെണ്‍കുട്ടികള്‍ അനുകരിച്ചിട്ടുള്ളതാണ്.

ലാലേട്ടനും നദിയ മാഡവും വളരെ എനര്‍ജറ്റിക്കാണ്. രണ്ടുപേരും നന്നായി തമാശ പറയുന്നവരും ആസ്വദിക്കുന്നവരുമാണ്. അതുകൊണ്ട് യാതൊരു പിരിമുറുക്കവുമില്ലാതെ വര്‍ക്ക് ചെയ്യുന്നു. അവരുടെ കൂടെ ഇടപഴകുമ്പോള്‍ നമ്മളില്‍ ഊര്‍ജം വന്നു നിറയും.

വിദ്യാഭ്യാസം?


സയന്‍സ് സ്റ്റുഡന്റായിരുന്നു. സ്‌കൂളില്‍ ഹെഡ് ഗേളും ടെന്‍തില്‍ ടോപ്പറുമായിരുന്നു. ബേസിക്കലി ഒരു പഠിപ്പിസ്റ്റായിരുന്നുവെന്നു പറയാം. കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിംഗ് കഴിഞ്ഞു. പക്ഷേ എന്‍ജിനീയറായി ജോലി ചെയ്യാന്‍ അവസരമുണ്ടായില്ല.

ഒരു പെയിന്റിംഗ് മത്സരത്തില്‍ ഗിന്നസ് റെക്കാര്‍ഡ് നേടിയിരുന്നല്ലോ. അതേക്കുറിച്ച്?


പെയിന്റിംഗില്‍ താത്പര്യമുണ്ടായിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ലോങസ്റ്റ് പെയിന്റിംഗ് ഇന്‍ ദി വേള്‍ഡ് എന്ന പ്രൊജക്ടില്‍ ഭാഗഭാക്കായി. ആയിരത്തോളം കുട്ടികള്‍ പങ്കെടുത്ത അതില്‍ ഞാന്‍ യങ്ങസ്റ്റ് ആയിരുന്നു. എന്റെ സ്‌കൂളിനെ പ്രതിനിധീകരിച്ച്, അതില്‍ ഒരു രാജ്യത്തെ ചിത്രീകരിച്ചത് ഞാനാണ്. ഘാന എന്ന ആഫ്രിക്കന്‍ കണ്‍ട്രിയാണ് ഞാന്‍ തെരഞ്ഞെടുത്തത്.

എന്താണ് മറ്റു ഹോബീസ്?


പെയിന്റിംഗ് തന്നെയാണ് പ്രധാന ഹോ ബി. ഗ്ലാസ് പെയിന്റിംഗും ചെയ്യുമായിരുന്നു. ഫാഷന്‍ ഡിസൈനര്‍ ആകണമെന്നായിരുന്നു ആഗ്രഹം. കവിതയെഴുതുമായിരുന്നു. ഇപ്പോള്‍ സിനിമ കാണലും ഷോപ്പിംഗുമൊക്കെയാണ് ഹോബിയെന്നു പറയാം. രണ്ടുമൂന്നു വര്‍ഷമായി പെയിന്റിംഗ്‌സ് ഒന്നും ചെയ്തിട്ടില്ല.
uploads/news/2018/08/238563/CiniINWparvathinair030818a.jpg

കുടുംബം?


ഒരു ചേട്ടനുണ്ട്. മുംബൈയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ ജോലി ചെയ്യുന്നു. അച്ഛന്‍ ഓയില്‍ റിഗ് എക്വിപ്‌മെന്റ് മാനുഫാക്ചറിംഗിലാണ്. അമ്മ ടീച്ചറായിരുന്നു. ഇപ്പോള്‍ ഹൗസ് വൈഫാണ്.

ഭക്ഷണരീതി?


എല്ലാം കഴിക്കും. ജീവിതത്തില്‍ ഇതുവരെ ഡയറ്റിംഗ് ചെയ്തിട്ടില്ല. എന്റെ ശരീരപ്രകൃതം സ്ലിമ്മാണ്. തടി വയ്ക്കാത്ത ടൈപ്പാണ്. നീരാളിക്ക് വേണ്ടി ഭാരം കൂട്ടാന്‍ നോക്കിയിരുന്നു. ഹോംലി ഹെല്‍തി ഫുഡാണ് കൂടുതലിഷ്ടം. കേരള ഫുഡാണ് ഫേവറേറ്റ്. സീഫുഡും ഇഷ്ടമാണ്.

മലയാളി പ്രേക്ഷകരോട് എന്താണ് പറയാനുള്ളത്?


ഞാന്‍ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയല്ല. സോഷ്യല്‍ മീഡിയയില്‍ എനിക്ക് നല്ല ഫോളോവേഴ്‌സുണ്ട്. തമിഴിലും കന്നഡയിലുമാണ് കൂടുതല്‍. മലയാളത്തില്‍ ആകെ ഒരു ഫാന്‍ക്ലബാണുള്ളത്. തെലുങ്ക് സിനിമ ചെയ്യാതെതന്നെ അവിടെയും ഫാന്‍സുണ്ട്. തമിഴ് സിനിമകളുടെ ഡബ്ഡ് വേര്‍ഷന്‍ ഇറങ്ങുന്നതുകൊണ്ടാവും. നന്നായി വിമര്‍ശിക്കുന്നവരാണ് മലയാളികള്‍. അത് കരിയറിന്റെ വളര്‍ച്ചയ്ക്ക് നല്ലതാണ്.

ആക്ടിംഗ്, എക്‌സ്പ്രഷന്‍സ്, ഡ്രസ് എല്ലാറ്റിനെയും പറ്റി അവര്‍ അഭിപ്രായം പറയും. സോപ്പിടാതെ, സത്യം പറയുന്നവരാണ്. എന്നെപ്പോലുള്ള ഒരു നവാഗതയെ സംബന്ധിച്ചിടത്തോളം അതൊരു നല്ല കാര്യമാണ്. നല്ല സപ്പോര്‍ട്ട് നല്‍കണമെന്ന് പ്രേക്ഷകരോട് അഭ്യര്‍ത്ഥിക്കുന്നു. നീരാളി റിലീസ് ചെയ്യുന്നതോടെ മലയാളത്തില്‍ ഞാന്‍ കൂടുതല്‍ സുപരിചിതയാകുമെന്നു കരുതുന്നു.

ടി. സുരേഷ്‌കുമാര്‍

Ads by Google
Friday 03 Aug 2018 03.52 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW