Monday, August 19, 2019 Last Updated 54 Min 36 Sec ago English Edition
Todays E paper
Ads by Google
Monday 30 Jul 2018 01.58 AM

പ്രളയജലം ഏറ്റുവാങ്ങാതെ കടല്‍, കുട്ടനാട്‌ മുങ്ങി

uploads/news/2018/07/237339/bft1.jpg

കണ്ണീര്‍തോണിയില്‍ കുട്ടനാട്‌ കരകാണാതുഴലുമ്പോള്‍ പ്രളയജലം സ്വീകരിക്കാന്‍ കടല്‍ വിമുഖത കാട്ടി. കുട്ടനാട്ടില്‍ വെള്ളപ്പൊക്കമുണ്ടായപ്പോഴൊക്കെ അധികജലത്തെ അറേബ്യന്‍ കടല്‍ സ്വീകരിച്ചിരുന്നതുകൊണ്ടാണ്‌ ദുരന്തം ദിവസങ്ങള്‍ക്കുള്ളില്‍ ഒഴിഞ്ഞത്‌. എന്നാല്‍ ഇക്കുറി പ്രളയം കുട്ടനാട്ടില്‍ രണ്ടാഴ്‌ച്ചയോളം താണ്ഡവമാടി. കടലിലെ ശക്‌തമായ തിരമാലയും വേലിയേറ്റവും പ്രളയജലത്തെ തടുത്തുനിര്‍ത്തിയതാണ്‌ ഇതിനുകാരണം. കിഴക്കുനിന്നും നദികളിലൂടെ ജലം ശക്‌തമായി എത്തുകയും വേമ്പനാട്ടുകായലിലെ അധികജലം കടല്‍ ഏറ്റെടുക്കാന്‍ വൈകുകയും ചെയ്‌തു.

ഒടിച്ചുകുത്തല്‍ ഒരു പ്രതിഭാസം

ഈ മാസം 14ന്‌ വൈകിട്ട്‌ കടലില്‍നിന്നു തിരമാല ഉയര്‍ന്നത്‌ 3.25 അടി ഉയരത്തിലാണ്‌. കടലില്‍ തിര ശക്‌തിപ്രാപിക്കുന്നത്‌ ഒടിച്ചുകുത്തെന്ന പ്രതിഭാസത്തിനു കാരണമാകുമെന്നു വിദഗ്‌ധര്‍ പറയുന്നു. ഉയര്‍ന്ന ആവൃത്തിയില്‍ തിര പൊങ്ങുന്നതുമൂലം കായലില്‍നിന്നും ജലം കടലിലേക്ക്‌ ഒഴുകുന്നത്‌ തടസപ്പെടും. തിര ഇവിടെ ഒരു താല്‍കാലിക തടയണപോലെയാണു പ്രവര്‍ത്തിക്കുന്നതെന്നു പരിസ്‌ഥിതി പ്രവര്‍ത്തകനായ എന്‍.കെ.സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടുന്നു.ഇക്കുറി മഴ തുടങ്ങിയപ്പോള്‍ മുതല്‍ കടലില്‍ തിരയിളക്കം തുടങ്ങിയിരുന്നു. ജൂലൈ 14 മുതല്‍ 20 വരെ ശക്‌തമായ തിരമാലയാണുണ്ടായത്‌. പുലര്‍ച്ചെയുള്ള തിരയും വൈകിട്ടുള്ള തിരയും തമ്മില്‍ വ്യത്യാസം പ്രകടമായിരുന്നു. ഏറ്റവും ഉയര്‍ന്ന രീതിയില്‍ തിര അടിച്ചത്‌ വൈകുന്നേരങ്ങളിലാണ്‌. 14ന്‌ പുലര്‍ച്ചെ 2.46 അടി ഉയരത്തിലാണ്‌ തിര ഉയര്‍ന്നതെങ്കില്‍ വൈകിട്ട്‌ അത്‌ 3.25 ആയി മാറി. 15ന്‌ രാവിലെ 2.43 അടിയായി തിര ഉയര്‍ന്നപ്പോള്‍ വൈകിട്ട്‌ 3.21 അടിയായി. തിരമാലയുടെ ശക്‌തി കുറഞ്ഞതിനാലാണ്‌ കഴിഞ്ഞ 20 മുതല്‍ കടലിലേക്കുള്ള ജലപ്രവാഹം വര്‍ധിച്ചതെന്ന്‌ കുട്ടനാട്ടിലെ രാജ്യാന്തര കായല്‍ കൃഷി ഗവേഷണകേന്ദ്രം ഡയറക്‌ടര്‍ ഡോ.കെ.ജി.പത്മകുമാര്‍ പറഞ്ഞു.

കുട്ടനാട്‌ പാക്കേജ്‌ നോക്കുകുത്തിയായി

ഡോ.എം.എസ്‌.സ്വാമിനാഥന്‍ നേതൃത്വം നല്‍കിയ കുട്ടനാട്‌ പാക്കേജ്‌, ശാസ്‌ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ ഡോ. പ്രഭാത്‌ പട്‌നായിക്‌ ചെയര്‍മാനായ വേമ്പനാട്‌ കമ്മിഷന്‍ നടത്തിയ പഠന റിപ്പോര്‍ട്ട്‌ എന്നിവയൊന്നും പൂര്‍ണമായി നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല.
കുട്ടനാട്ടില്‍ പ്രളയകെടുതി വര്‍ധിക്കാനുണ്ടായ കാരണങ്ങളിലൊന്ന്‌ എം.എസ്‌. സ്വാമിനാഥന്‍ വിഭാവന ചെയ്‌ത കുട്ടനാട്‌ പാക്കേജിനോട്‌ അധികൃതര്‍ കാട്ടിയ അവഗണനയാണ്‌. കുട്ടനാട്‌ നെല്‍വയലുകള്‍ക്കിടയിലൂടെ 700 കിലോമീറ്റര്‍ കനാലാണ്‌ ചെളിമൂടികിടക്കുന്നത്‌. 55 പൊതു കുളങ്ങള്‍ക്കും ഇതാണ്‌ ഗതി. എക്കല്‍ മണ്ണ്‌ നീക്കി ഇവ പൂര്‍വ സ്‌ഥിതിയിലാക്കണമെന്ന്‌ കുട്ടനാട്‌ പാക്കേജില്‍ നിര്‍ദേശമുണ്ടായിരുന്നെങ്കിലും നടന്നില്ല. പദ്ധതി നടത്തിപ്പിലെ മെല്ലെപ്പോക്കും ഉദ്യോഗസ്‌ഥര്‍ - ഭരണക്കാര്‍ - കരാറുകാര്‍ എന്നീ ത്രികക്ഷി സംഖ്യത്തിന്റെ പ്രവര്‍ത്തനവും കാര്യങ്ങളെ കുടുതല്‍ കുഴപ്പത്തിലാക്കി.
ഡോ. പ്രഭാത്‌ പട്‌നായിക്‌
റിപ്പോര്‍ട്ട്‌

ഡോ. പ്രഭാത്‌ പട്‌നായിക്‌ നടത്തിയ പഠനത്തിന്‌ ശേഷം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിരവധി കാര്യങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഒന്നുപോലും സര്‍ക്കാര്‍ പരിഗണിച്ചില്ല. റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍ ഇങ്ങനെ: 12 ക്യുബിക്‌ കിലോമീറ്ററോളം കായല്‍ കൈയേറി. ആഴം മൂന്നരമീറ്ററായി കുറഞ്ഞു. വിസ്‌തൃതി 40 ശതമാനത്തോളം കുറഞ്ഞു. രണ്ടായിരത്തിന്‌ ശേഷം കൈയേറ്റം ക്രമാതീതമായി വര്‍ധിച്ചു. കായലിനോടു ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളുടെ നഗരവല്‍കരണം കൈയേറ്റത്തിന്റെ വ്യാപ്‌തി വര്‍ധിപ്പിച്ചു. മത്സ്യസമ്പത്തില്‍ വന്‍ ശോഷണമുണ്ടായി. കായല്‍ പരിസ്‌ഥിതിയും ജൈവവൈവിധ്യവും തകര്‍ന്നു. നീരൊഴുക്കില്‍ വ്യതിയാനം വന്നതിനാല്‍ കായലിന്റെ ഘടനയില്‍ വലിയ മാറ്റമുണ്ടായി. ഖരദ്രവ്യ മാലിന്യങ്ങളുടെ അളവ്‌ ക്രമാതീതമായി വര്‍ധിച്ചു.
കമ്മിഷന്റെ നിര്‍ദേശങ്ങള്‍

1. ജനപങ്കാളിത്തത്തോടെ പ്രത്യേക അതോറിറ്റി രൂപീകരിക്കണം.
2. കായലിന്റെ പരിസ്‌ഥിതി പുനഃസ്‌ഥാപനത്തിനായുള്ള ദശവത്സര പദ്ധതി സാമൂഹിക പങ്കാളിത്തത്തോടെ നടപ്പാക്കുക.
3. നിയമവിരുദ്ധകൈയേറ്റങ്ങളും മറ്റും അതത്‌ സമയത്ത്‌ തന്നെ കണ്ടെത്തി നടപടിയെടുക്കണം.
4. വിവിധവകുപ്പുകളുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനുള്ള ചുമതല അതോറിറ്റി ഏറ്റെടുക്കണം.
5. കായലിലെ ജലം, ഭൂമി, ജൈവ വൈവിദ്ധ്യം എന്നിവയിലുള്ള സമൂഹിക നിയന്ത്രണം ഉറപ്പുവരുത്തണം.
സര്‍ക്കാര്‍തലത്തില്‍ ചെയ്യേണ്ടത്‌

1. വയല്‍മേഖലയിലൂടെ കടന്നുപോകുന്ന റോഡുകള്‍ ജലമൊഴുക്കിനു തടസമാകുന്നു. അനുയോജ്യമായ പാലങ്ങള്‍, കലുങ്കുകള്‍ തുടങ്ങിയ ജല നിര്‍ഗമന മാര്‍ഗങ്ങളുണ്ടാക്കണം.
2.വേമ്പനാട്ടുകായലിലേയും തോടുകളിലേയും എക്കല്‍ മണ്ണ്‌ നീക്കാനുള്ള നടപടി സ്വീകരിക്കുക.
3. ശാസ്‌ത്രീയ ഭവന നിര്‍മ്മാണ രീതി ആവിഷ്‌ക്കരിക്കണം.
4. ശാസ്‌ത്രീയമായ ശൗചാലയ നിര്‍മാണം ആവശ്യമാണ്‌.
5. വേമ്പനാട്ടുകായലില്‍ എത്തിച്ചേരുന്ന നദികളുടെ ശുചീകരിക്കുക
6. കായല്‍ കൈയേറ്റം ഒഴിപ്പിച്ച്‌ വിസ്‌തൃതി കൂട്ടുക.
7. നദിയുടെ അടിത്തട്ട്‌ ഉയര്‍ത്തുക. ഇതിനുള്ള ശാസ്‌ത്രീയ മാര്‍ഗങ്ങള്‍ കണ്ടെത്തണം.
8. സഹ്യമേഖലയില്‍ വനവല്‍കരണം കാര്യക്ഷമാക്കണം. അടിക്കാടുകള്‍ വളരാനുള്ള സാഹചര്യം ഒരുക്കണം.

തണ്ണീര്‍മുക്കം ബണ്ട്‌ വില്ലനോ?

കടലില്‍നിന്നും കായലിലേക്ക്‌ ഉപ്പുവെളളം കയറുന്നത്‌ തടയാനാണ്‌ തണ്ണീര്‍മുക്കം പദ്ധതിയെപ്പറ്റി ആലോചിച്ചത്‌. കുട്ടനാടിന്റെ പ്രകൃതിയെ സ്‌നേഹിച്ചവരുടെ എതിര്‍പ്പ്‌ വകവയ്‌ക്കാതെയാണ്‌ 1951-ല്‍ വേമ്പനാട്‌ കായലിനെ മുറിച്ചുകൊണ്ട്‌ പദ്ധതിക്കുള്ള നടപടി ആരംഭിച്ചത്‌.
ജലസേചന രംഗത്ത്‌ വൈദഗ്‌ധ്യം തെളിയിച്ച പി.എച്ച്‌.വൈദ്യനാഥന്റെ ആശയമായിരുന്നു ഇത്‌. കായലിന്റെ ഏറ്റവും വീതികുറഞ്ഞ ഭാഗത്ത്‌ റെഗുലേറ്റര്‍ നിര്‍മിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശിപാര്‍ശ. വര്‍ഷം മുഴുവന്‍ റെഗുലേറ്റര്‍ തുറന്നിടണമെന്നും വേലിയേറ്റ സമയത്ത്‌ മാത്രം അടയ്‌ക്കണമെന്നുമായിരുന്നു നിര്‍ദേശം. എന്നാല്‍ ഈ റെഗുലേറ്റര്‍ പിന്നീട്‌ ബണ്ടായി മാറി. അങ്ങനെ ഒരുഭാഗത്ത്‌ ശുദ്ധജലവും മറുഭാഗത്ത്‌ ഉപ്പുവെള്ളവുമായി വേമ്പനാട്ടുകായല്‍ രണ്ടായി വിഭജിക്കപ്പെട്ടു.
ബണ്ട്‌ പ്രവര്‍ത്തന ക്ഷമമായതിനുശേഷമുള്ള ആദ്യ 14 വര്‍ഷം (1975-89)ബണ്ട്‌ തുറന്നുവച്ചത്‌ ശരാശരി 14 ദിവസം മാത്രം. പിന്നീടുള്ള ആറുവര്‍ഷം 44 ദിവസം ശരാശരി തുറന്നുവച്ചു. അതിനുശേഷമുള്ള ഏഴുവര്‍ഷം 24 ദിവസമാണ്‌ ബണ്ട്‌ തുറന്നത്‌. ഇതോടെ ബണ്ടിന്റെ തെക്ക്‌ കായല്‍ വെറും തടാകമായി മാറി. കായലിലെ ഉപ്പുരസം കുറഞ്ഞുവന്നു. 1974-ല്‍ കായലിലെ ഉപ്പുരസം 22 പി.പി.ടി ആയിരുന്നു. 1986 ആയപ്പോള്‍ അത്‌ 11 ആയി കുറഞ്ഞു. 1999-ല്‍ അഞ്ചു 2011-ല്‍ 2.5 പി.പി.ടിയുമായി. ഇപ്പോള്‍ കായലിന്റെ ലവണജലാവസ്‌ഥ തീരെ ഇല്ലാതായി.

നെല്‍ കൃഷി വര്‍ധിച്ചില്ല

തണ്ണീര്‍മുക്കം ബണ്ട്‌ യാഥാര്‍ഥ്യമായിട്ടും നെല്‍കൃഷി വിസ്‌തീര്‍ണം കൂടിയില്ല. ബണ്ടിന്‌ തെക്ക്‌ മത്സ്യസമ്പത്ത്‌ കുറയുകയും ചെയ്‌തു. ഓര്‌ കയറ്റം കുട്ടനാടിന്റെ പ്രകൃത്യായുള്ള കള, കീട നിയന്ത്രണ സംവിധാനമായിരുന്നു. ഓര്‌ കയറാതെ, കളകളും, കീടങ്ങളും പെരുകി, രോഗവാഹികളായ ഓവ്‌ ചാലുകളായി കുട്ടനാടന്‍ ജലാശയങ്ങള്‍ മാറി. തണ്ണീര്‍ മുക്കത്തിന്‌ തെക്കും വടക്കും വ്യത്യസ്‌ത കാരണങ്ങളാല്‍ കായല്‍ മലിനപ്പെട്ടുകൊണ്ടിരുന്നു. കുട്ടനാട്ടിലെ നെല്‍കൃഷി പുറന്തള്ളുന്ന രാസവളവും കീടനാശിനി അവശിഷ്‌ടങ്ങളും കൊച്ചി വ്യവസായ മേഖലയില്‍നിന്ന്‌ ഒഴുകിയെത്തുന്ന രാസമാലിന്യങ്ങളും കായലിന്റെ ആരോഗ്യത്തെ തകര്‍ത്തു.
252 കോടി രൂപ ചെലവ്‌ വരുന്ന ബണ്ടിന്റെ മൂന്നാംഘട്ട പ്രവൃത്തി പുരോഗമിക്കുകയാണ്‌. പുതിയ ഷട്ടറുകള്‍കൂടി തുറക്കുമ്പോള്‍ ബണ്ടിലൂടെയുള്ള നീരൊഴുക്ക്‌ ശക്‌തമാകുമെന്നാണ്‌ കരുതുന്നത്‌. ഇത്‌ വെള്ളപ്പൊക്ക ഭീതിക്ക്‌ തെല്ല്‌ പരിഹാരമാകുമെന്ന്‌ വിലയിരുത്തുന്നവരുമുണ്ട്‌.

(അവസാനിച്ചു)

സജിത്ത്‌ പരമേശ്വരന്‍

Ads by Google
Monday 30 Jul 2018 01.58 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW