Saturday, August 24, 2019 Last Updated 27 Min 35 Sec ago English Edition
Todays E paper
Ads by Google
ശ്രീ പാര്‍വതി
ശ്രീ പാര്‍വതി
Saturday 28 Jul 2018 09.53 AM

മറഡോണ ഇതാ ഗോളടിച്ചിരിക്കുന്നു

ഇത് പൂർണമായും മറഡോണയുടെ മാത്രം കഥയാണ്. അയാളുടെ ദേഷ്യങ്ങൾ, അസ്വസ്ഥതകൾ, ദുശീലങ്ങൾ, പ്രണയം, വിരഹം, ജീവിതം, അങ്ങനെ നീളുന്ന കഥ. അതിനിടയിൽ വന്നു പെടുന്ന ചില മനുഷ്യർ അവരുടെ വേഷങ്ങൾ ആടി തീർക്കുന്നു. നിസ്സഹായമായ ആ അവസ്ഥയിൽ നിന്നാണ് മറഡോണയെ പ്രേക്ഷകർ കൂടുതൽ മനസിലാക്കുക.
maradona, Tovino

വളരെ ലൈവായി മറഡോണ തന്റെ ജീവിതം കൊണ്ട് ഫുട്‍ബോൾ കളിക്കുകയാണ്, പക്ഷെ ഗോൾ ഏതു പോസ്റ്റിലേക്ക് അടിക്കണമെന്ന് മനസ്സിലാകാത്തപോലെ അയാൾ നിന്ന കുറെ നിമിഷങ്ങളുണ്ട്, ആ സമയത്താണ് മറഡോണയെ മലയാളിയ്ക്ക് നന്നായി മനസ്സിലാക്കാനാകുന്നത്! ലോക ഫുട്‍ബോൾ കളിക്കാരൻ മറഡോണയെ കുറിച്ചല്ല, വിഷ്ണു നാരായണൻ എന്ന നവ സംവിധായകന്റെ മറഡോണ എന്ന കഥാപാത്രത്തെ കുറിച്ചാണ് പറയുന്നത്. ടോവിനോ എന്ന യുവതാരം ഒന്നുകൂടി തെളിഞ്ഞിരിക്കുന്നു, വ്യത്യസ്തമായ വേഷങ്ങളിൽ അയാൾ വീണ്ടും വീണ്ടും ശോഭിച്ചുകൊണ്ടേയിരിക്കുന്നു.

വില്ലനായ നായക കഥാപാത്രങ്ങൾ എത്രയുണ്ടാകും? ഏറ്റവും തെളിച്ചം മംഗലശ്ശേരി നീലകണ്ഠന് തന്നെ, അന്നും ഇന്നും ഓരോ വില്ലത്തരങ്ങൾക്കും ഓരോ കാലമുണ്ട്, ഇക്കാലത്തിൽ അത്യാവശ്യം കൊട്ടേഷൻ പരിപാടികളും വണ്ടി വിൽപ്പനയും ഒക്കെ ആയി നടക്കുന്ന വില്ലനിസമാണ് ഇന്നത്തെ കാലത്തേത്. ടോവിനോയുടെ കഥാപാത്രമായ മറഡോണ ഒന്നാന്തരമൊരു വില്ലനാണ്. വെറും വില്ലനല്ല, ഇയാൾ എന്തൊരു ക്രൂരനാണ് എന്ന് തോന്നിപ്പിക്കുന്ന നിലയിലുള്ള വില്ലൻ, അവനവന്റെകാര്യം നോക്കി, വീട്ടുകാർക്ക് പുല്ലു വില കൊടുത്തു, സ്വന്തം സുഖവും നോക്കി നടക്കുന്നവൻ, സ്ത്രീകളെ നന്നായി ഉപയോഗിക്കാൻ അറിയുന്നവൻ, മനുഷ്യരെ കൊല്ലാൻ മടിയില്ലാത്തവൻ. മറഡോണയുടെ ഏറ്റവും പ്രിയപ്പെട്ട ചങ്ങായി സുധിയുടെ കാര്യവും അങ്ങനെയൊക്കെ തന്നെ. സ്‌കൂളിൽ പഠിച്ചിരുന്ന ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചു അവളിൽ ഒരു കുഞ്ഞുണ്ടായിട്ടു പോലും സുധിയ്ക്ക് ഇന്നും മറഡോണയുടെ നമ്പറില്ലാതെ മറ്റാരുടെയും മൊബൈൽ നമ്പർ പോലും കൃത്യമായി അറിയില്ല. അവർ ഇരുവർ എന്നതിലേക്ക് മാത്രമൊതുങ്ങിയ ലോകത്തിനു പുറത്ത് അവർ ജീവിച്ചിട്ടുമില്ല.

വളരെ യാദൃശ്ചികമായി കയ്യിൽ കിട്ടുന്ന ഒരു കൊട്ടേഷന്റെ മറുപണി കിട്ടിയതോടെയാണ് മറഡോണയും സുധിയും രണ്ടു വഴിയ്ക്ക് യാത്രയാകുന്നത്. അങ്ങനെയല്ല, ഇരുവരും എങ്ങോട്ടെന്നില്ലാതെ രക്ഷപെടുകയായിരുന്നു, മറഡോണ എത്തിപ്പെടുന്ന ലോകം അയാളെ ഏതൊക്കെ വഴികളിലൂടെ നടത്തുന്നു എന്നതാണ് സിനിമ പറയുന്നത്. ഇത് പൂർണമായും മറഡോണയുടെ മാത്രം കഥയാണ്. അയാളുടെ ദേഷ്യങ്ങൾ, അസ്വസ്ഥതകൾ, ദുശീലങ്ങൾ, പ്രണയം, വിരഹം, ജീവിതം, അങ്ങനെ നീളുന്ന കഥ. അതിനിടയിൽ വന്നു പെടുന്ന ചില മനുഷ്യർ അവരുടെ വേഷങ്ങൾ ആടി തീർക്കുന്നു. നിസ്സഹായമായ ആ അവസ്ഥയിൽ നിന്നാണ് മറഡോണയെ പ്രേക്ഷകർ കൂടുതൽ മനസിലാക്കുക. അയാൾ ഒരു പുരുഷന്റെ, അതും അത്തരത്തിൽ ജീവിച്ചു വന്ന ഒരു പുരുഷന്റെ ജീവിതത്തിലെ ഏറ്റവും നിസ്സഹായമായ അവസ്ഥയിലാണുള്ളത്, ഒന്നും ചെയ്യാനില്ലാതെ, ഒന്നും മിണ്ടാനാകാതെ കഴിഞ്ഞു കൂടേണ്ടി വരുന്ന അവസ്ഥ! അവിടെ നിന്നും അയാൾ കണ്ടെത്തുന്ന ചില മുളകൾ... ഓരോ മുളകളും മറഡോണയുടെ ജീവിതത്തെ പുതുക്കാനുള്ളതായിരുന്നു. അപ്പുറത്തെ ഫ്‌ളാറ്റിലുള്ള മുത്തശ്ശനും അയാളുടെ കാമുകി ആശയും മുതൽ തൊട്ടടുത്ത ഫ്ലാറ്റിൽ കൂടു കൂട്ടിയ പ്രാവ് വരെ അയാളെ ജീവിതം പഠിപ്പിക്കുന്നു.

maradona, Tovino

ചെമ്പൻ വിനോദ് ഉൾപ്പെടെയുള്ള കഥാപാത്രം വില്ലനിസം പ്രകടിപ്പിക്കുന്നവരെങ്കിലും ഉള്ളിലെവിടെയൊക്കെയോ ജീവിതത്തിന്റെ നന്മകൾ കണ്ടെത്താൻ കഴിയുന്നവരാണ്, ഒരുപക്ഷെ മലയാള സിനിമകളുടെ ഒരു ട്രെന്ഡുമാണത്, ബാലൻ കെ നായരേ പോലെയുള്ള വില്ലൻ കഥാപാത്രങ്ങൾ ഇന്നത്തെ കാലത്ത് മോരും മുതിരയും പോലെ വേറിട്ട് കിടക്കും. അതെ നന്മയടയാളം തന്നെയാണ് മറഡോണയിലുമുള്ളത്.

മനോഹരമായ ഒരു പ്രണയ കഥയും മറഡോണ പറയുന്നു. അടുത്ത ഫ്ളാറ്റിലെ പെണ്കുട്ടിയുമായുള്ള നായകന്റെ പ്രണയങ്ങൾ പക്കാ ക്ളീഷേ ആണെങ്കിലും ഇവിടെ മറഡോണയും ആശയും തമ്മിലുള്ള പരിചയപ്പെടലിൽ പോലും ഒരു പുതുമയുണ്ട്. അവർ പറയുന്ന ഡയലോഗുകൾ ഇതുവരെ കേട്ടിട്ടുള്ളവയല്ല. തന്നെ അപമാനിക്കുന്ന ഒരുവനെ മറഡോണ അടിച്ചിടുമെന്ന ആഗ്രഹത്തിൽ നിന്നും,
"അവനെ നീ അടിച്ചില്ലേ?" എന്ന മറഡോണയുടെ ചോദ്യത്തിൽ കാര്യങ്ങൾ കീഴ്മേൽ മറിയുന്നുണ്ട്. പെണ്ണിനെതിരെ വരുന്ന അപമാനങ്ങളെ അവൾ ചങ്കൂറ്റത്തോടെ നേരിടുക എന്ന കരുതലാകാം സംവിധായകൻ നൽകുവാൻ ആഗ്രഹിച്ചത്, പക്ഷെ അപ്പോഴും പുറത്ത് തന്നെ കാത്തിരിക്കുന്ന ഒരുവനിൽ പ്രതീക്ഷയർപ്പിക്കുന്ന പെണ്മനസ്സിനെ സംവിധായകൻ നിരാശപ്പെടുത്തുന്നതും ഇല്ല. പക്ഷെ ആശാ എന്ന നായികാ കഥാപാത്രം ശക്തയാണ്. ഇഷ്ടമില്ലാത്തതിനെ ഇഷ്ടമില്ല എന്ന് തന്നെ തുറന്നു പറയാനും പ്രതികരിക്കാനും അവൾക്കാകുന്നുണ്ട്. പക്ഷെ പ്രണയത്തിന്റെ ഏറ്റവും ഉന്മത്തമായ നിമിഷങ്ങൾ സ്വയം മറന്നു പോകുകയും ചെയ്യുന്നവളുമാണ് അവൾ. അവളോട് വെറും മോഹമാണയോ പ്രണയമാണോ എന്ന സംശയം മറഡോണയ്ക്ക് മാറുന്നതുപോലും ആശയെ നന്നായി മനസ്സിലാക്കാൻ അയാൾക്ക് കഴിയുന്നത് കൊണ്ടാണ്, കാരണം മുൻപും നിരവധി സ്ത്രീകളെ കണ്ടിട്ടുള്ളവനാണ് മറഡോണ.

maradona, Tovino

ശരണ്യയുടെ ആശാ , ടിറ്റോ വിത്സൺ, ലിയോണ ,ചെമ്പൻ വിനോദ്, ഇടയ്ക്കിടയ്ക്ക് കടന്നു വരുന്ന അമേരിക്കൻ മുത്തശ്ശൻ, എന്നിവരൊക്കെയും അവരവരുടെ വേഷങ്ങൾ മനോഹരമാക്കി. ഇവർക്ക് പകരം മറ്റാര് എന്ന ചോദ്യത്തിന് പ്രസക്തിയില്ലാതെയായിരുന്നു. ഇടയ്ക്കെപ്പോഴോ മറഡോണയ്ക്ക് മാത്തന്റെ മുഖം വന്നുവോ എന്നൊരു സംശയം തോന്നാതെയിരുന്നില്ല, പക്ഷെ സംശയം ബലപ്പെടും മുൻപ് തന്നെ സംവിധായകൻ കളം മാറ്റി ചവിട്ടി. എന്നിരിക്കിലും മാത്തനോട് അടുപ്പമുള്ള ചിലർക്കെങ്കിലും മറഡോണ മാത്തനായി പലപ്പോഴും അനുഭവപ്പെട്ടേക്കാം. പക്ഷെ മാത്തന്റെ അത്ര നിഷ്കളങ്കനല്ല മറഡോണ.

വില്ലൻ കഥാപാത്രമായി വന്നു നായകനാകുന്ന പതിവ് രീതി തന്നെയാണ് വിഷ്ണു നാരായണൻ തന്റെ ആദ്യ സിനിമയിലും നായകനെ അവതരിപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. ക്ളീഷേ ആണെന്ന് തോന്നിപ്പിക്കും എങ്കിലും അവതരണ രീതിയും സംഭാഷണങ്ങളും സിനിമയ്ക്ക് പുതുമ നൽകുന്നു. പുതിയ തലമുറയിലെ ആണും പെണ്ണും തന്നെയാണ് നായകനും നായികയും. അവരുടെ പ്രണയവും അപൂർണമായ ഒരു ലിപ് ലോക്കും കാഴ്ചയെ മോഹിപ്പിക്കും. അതുകൊണ്ട് തന്നെ മറ്റൊരു ഗണത്തിലും പെടുത്താൻ ആകില്ലെങ്കിലും വ്യത്യസ്തമായി അവതരിപ്പിക്കപ്പെട്ട ഒരു പ്രണയകഥ എന്ന് മറഡോണയെ വിളിക്കാം. നായകൻ ഒടുവിൽ അയാളെ കാത്തിരിക്കുന്നവളുടെ അരികിലേക്ക് യാത്ര പോകുമ്പോൾ ജീപ്പിൽ അയാൾക്കൊപ്പം ഒരാൾ കൂടിയുണ്ടായിരുന്നു, ആ വ്യക്തിയുടെ ജീവിതവുമായി ബന്ധപ്പെട്ടാണ് മറഡോണയുടെ കഥ എന്നുള്ളതുകൊണ്ട് തന്നെ ആ യാത്രയിലെ അയാളുടെ സാന്നിധ്യം പ്രാധാന്യമർഹിക്കുന്നു. അതാരാണെന്നുള്ളതും അതിലേയ്ക്ക് നീളുന്ന കഥ എന്തെന്നുള്ളതും തീയേറ്ററിൽ പോയി തന്നെ കണ്ടാസ്വദിക്കുക. ഫുട്‍ബോളുമായി നമ്മുടെ മറഡോണയ്ക്ക് ആകെയുള്ള ബന്ധം പണ്ട് അയാൾ നാട്ടിൽ ഫുട്‍ബോൾ കളിക്കുമായിരുന്നു എന്നത് മാത്രമാണ് അതിനപ്പുറം മറഡോണ ഒരു ഫുട്‍ബോൾ പ്രേമിയുടെ കഥയല്ല എന്നതുകൂടി ഓർമ്മിപ്പിക്കട്ടെ!

Ads by Google
Ads by Google
Loading...
TRENDING NOW