Monday, August 26, 2019 Last Updated 26 Min 12 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Jul 2018 04.43 PM

20,000 രൂപയ്ക്കുവേണ്ടി ഒരു തെറ്റും ചെയ്യാത്ത സ്ത്രീയെ മൂന്നു വട്ടം കഴുത്തറുത്തു ക്രൂരമായി കൊന്നു; ഷീല വധക്കേസില്‍ പ്രതികള്‍ക്ക് പോലീസ് കൊലക്കയര്‍ വാങ്ങിക്കൊടുത്തതെങ്ങനെ ?

'' ഒരു തെറ്റും ചെയ്യാത്ത സ്ത്രീയെ ധനമോഹം മാത്രം മനസില്‍ കണ്ട് അവര്‍ കൊലപ്പെടുത്തി. മൂര്‍ച്ചയേറിയ ആയുധംകൊണ്ട് മൂന്നു വട്ടമായിട്ടാണ് കഴുത്തറുത്തതെന്ന് പിന്നീടു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി.''
Sheela Murder case

**** ഷീല വധക്കേസ് 04 ******

''നാന്‍ കൊല പണ്ണിട്ടേന്‍.''
കനകരാജിന്റെ വായില്‍നിന്ന് ആത്മഗതംപോലെ വന്ന ആ കുറ്റസമ്മതത്തെ യാഥാര്‍ത്ഥ്യവുമായി ബന്ധിപ്പിക്കുന്ന തരത്തിലുള്ള തെളിവുകള്‍ പോലീസിന് ആവശ്യമായിരുന്നു. കുറ്റം സമ്മതിച്ചതുകൊണ്ടു മാത്രം ഒരാള്‍ പ്രതിയാകുന്നില്ല. കുറ്റസമ്മതമൊഴിയെ സാധൂകരിക്കു ന്ന ശക്തമായ തെളിവുകളും വേണം.

പോലീസിനോടു കുറ്റം സമ്മതിക്കുന്ന പ്രതി താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നുമായിരിക്കും കോടതിയില്‍ പറയുക. ഡിഫന്റ് ചെയ്യു ക എന്നത് പ്രതിയുടെ അ വകാശമാണ്. കുറ്റം ചെയ്തിട്ടില്ലെന്നു പറയാനും നിരപരാധിയാണെന്നു വാദിക്കാനും കോടതിയില്‍ പ്രതിക്ക് അവകാശമുണ്ട്.
ശക്തമായ തെളിവുകളുടെ അഭാവത്തില്‍ സംശയത്തിന്റെ ആനുകൂല്യം ലഭിച്ച് രക്ഷപ്പെട്ട പ്രതികള്‍ എത്രയോ...

ഷീല വധക്കേസില്‍ പ്രതികള്‍ ഒരിക്കലും രക്ഷപ്പെടരുതെന്ന് പോലീസിനു നിര്‍ബന്ധമുണ്ടായിരുന്നു. അത്രയ്ക്കു നീചവും നിന്ദ്യവുമായിരുന്നു അവരുടെ ചെയ്തികള്‍. യാതൊരു തെറ്റും ചെയ്യാത്ത ഒരു വീട്ടമ്മയെ പണത്തിനും സ്വര്‍ണത്തിനുംവേണ്ടി ക്രൂരമായി കഴുത്തറത്തു കൊന്നവര്‍ ഒരു വിധത്തിലുള്ള ദയയും അര്‍ഹിക്കുന്നില്ല. അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഈ കേസിലെ മുഴുവന്‍ പ്രതികളെയും നിയമത്തിനു മുമ്പില്‍ കൊണ്ടുവരാന്‍ പോലീസ് പ്രതിജ്ഞാബദ്ധമായിരുന്നു.

വിശദമായ ചോദ്യം ചെയ്യലില്‍, കസ്റ്റഡിയിലെടുത്ത കനകരാജ് കുറ്റക്കാരനാണെന്നു പോലീസിനു ബോദ്ധ്യപ്പെട്ടു. പ്രതികള്‍ മൂന്നുപേരാണെന്നും കനകരാജ് സമ്മതിച്ചു.

കനകരാജും സമ്പത്തും കൂടിയാണ് ഷീലയുടെ ഭവനത്തിനകത്തു കടന്ന് അക്രമം ചെയ്തത്. മണികണ്ഠന്‍ കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കാളിയാവാതെ വീടിനു പുറത്തു നിന്ന് ആരെങ്കിലും വരുന്നുണ്ടോ എന്നു നിരീക്ഷിക്കുകയായിരുന്നു.കനകരാജും മണികണ്ഠനും കോയമ്പത്തൂരെ കവുണ്ടന്‍ പാളയം നിവാസികളാണ്. മണിമണികണ്ഠന്റെ ഭാര്യാസഹോദരനായ സമ്പത്ത് പാലക്കാട്ടുകാരനും.

മണികണ്ഠനു നേരിട്ട സാമ്പത്തികമായ ഒരാവശ്യമാണ് പ്രതികളെ ഈ കുറ്റകൃത്യത്തിലേക്കു നയിച്ചത്. ഓട്ടോഡ്രൈവറാണ് മണികണ്ഠന്‍. ഓട്ടോറിക്ഷയ്ക്കുവേണ്ടി പണം കടമെടുത്തതിന്റെ തവണകള്‍ മുടങ്ങി. കുറേ പണം വേണമെന്ന് അളിയന്‍ സമ്പത്തിനോടയാള്‍ പറഞ്ഞു. രണ്ടായിരം രൂപ പലിശയ്‌ക്കെടുത്തു തരാമെന്ന് സമ്പത്ത് പറഞ്ഞു. എന്നാല്‍ മണികണ്ഠന് വേണ്ടത് 20,000 രൂപയായിരുന്നു.

പെട്ടെന്ന് സമ്പത്തിന് ഒരാശയം തോന്നി. കുറച്ചുനാള്‍ പാലക്കാട്ടെ ജയകൃഷ്ണന്‍-ഷീല ദമ്പതികളുടെ മൊബൈല്‍ഷോപ്പില്‍ അയാള്‍ ജോലിക്കു നിന്നിട്ടുണ്ട്.

ഒന്നുരണ്ടുവട്ടം അവരുടെ വീടായ പു ത്തൂരെ സായൂജ്യത്തിലും പോയിട്ടുണ്ട്. ആ വീട്ടില്‍ കയറിയാല്‍ ചുരുങ്ങിയത് അഞ്ചുലക്ഷമെങ്കിലും കൈക്കലാക്കാം എന്ന് മണികണ്ഠനും സമ്പത്തും കണക്കുകൂട്ടി. പക്ഷേ കരുത്തനായ ഒരാളുടെ സഹായംകൂടി വേണം. ആ 'കരുത്തനു' വേണ്ടിയുള്ള അന്വേഷണമാണ് മണികണ്ഠനെയും സമ്പത്തിനെയും കനകരാജിലേക്ക് എത്തിച്ചത്. കനകരാജ് ശരിക്കും ഒരു ക്രിമിനലായിരുന്നു.

കാര്യമറിഞ്ഞ കനകരാജ് ഒട്ടുമാലോചിക്കാതെ ആ ദൗത്യം ഏറ്റെടുത്തു.

ഒമ്പതുമണിക്ക് ജയകൃഷ്ണന്‍ പെട്രോള്‍ പമ്പിലേക്കും അരമണിക്കൂര്‍ കഴിഞ്ഞ് ഷീല മൊബൈല്‍ ഷോപ്പിലേക്കും പോകാറുള്ളത് അവര്‍ നിരീക്ഷിച്ചു മനസി ലാക്കിയിരുന്നു. അതുപ്രകാരം കനകരാജും സമ്പത്തും പത്തുമണിക്കുതന്നെ വീട്ടിലെത്തി. കോളിങ് ബെല്ലടിച്ചപ്പോള്‍ ഷീലയാണു വാതില്‍ തുറന്നത്. പക്ഷേ ഇരുവരും പതറിയില്ല.

''ജോലിക്കൊരാളെ വേണോന്ന് പറഞ്ഞിരുന്നില്ലേ... ആളെ കൊണ്ടുവന്നിട്ടുണ്ട് ''
കനകരാജിനെ ചൂണ്ടി സമ്പത്ത് പറഞ്ഞു.

സമ്പത്തിനെ ഷീലയ്ക്കു പരിചയമുണ്ട്. പറമ്പിലെ പണിക്ക് ഒരാളെ വേണമെന്ന് അയാളോട് ഒരിക്കല്‍ പറയുകയും ചെയ്തിരുന്നതാണ്. പക്ഷേ ഇപ്പോള്‍ സമ്പത്തിനൊപ്പം വന്ന കനകരാജിനെ കണ്ടതും ഷീല ഒന്നു ഞെട്ടി. അസ്വാഭാവികത തോന്നിയ ഷീല ജോലിയുടെ കാര്യം 'പിന്നെ ആലോചിക്കാം' എന്നു പറഞ്ഞ് അധികം സംസാരിക്കാന്‍ മെനക്കെടാതെ വാതില്‍ അടച്ചു. കനകരാജിന്റെ ഉറച്ച ശരീര പ്രകൃതവും ഘനഗംഭീരമായ ശബ്ദവും കണ്ണുകളിലെ ക്രൗര്യവും ഷീലയെ പേടിപ്പെടുത്തിയിരുന്നു.

ഒരിക്കല്‍ക്കൂടി കൂടിയാലോചന നടത്തി യശേഷം കനകരാജും സമ്പത്തും വീണ്ടും കോളിങ് ബെല്‍ അമര്‍ത്തി. ഷീല വാതില്‍ തുറന്നതും അകത്തേക്കു കയറിയ പ്രതികള്‍ അവര്‍ക്കു നേരെ പാഞ്ഞടുത്തു. ഡോര്‍ കര്‍ട്ടനില്‍ പിടിച്ചുകൊണ്ടു നിന്ന ഷീല കര്‍ട്ടനോടുകൂടി താഴെവീണു.

അവരോടൊപ്പം വന്ന മണികണ്ഠന്‍ ഈ സമയത്ത് റോഡില്‍ത്തന്നെ നില്‍ക്കുകയായിരുന്നു. ജയകൃഷ്ണന്റെ കാര്‍ ഏതു സമയത്തും വരാം. അതു മുന്നില്‍ക്കണ്ടാണ് മണികണ്ഠനെ പുറത്തുനിര്‍ത്തിയത്.

വേലക്കാരി വീട്ടിലുണ്ടാകാനുള്ള സാദ്ധ്യത പ്രതികള്‍ മുന്‍കൂട്ടി കാണാതിരുന്നില്ല. കോളിംങ് ബെല്ലടിച്ചു കാത്തുനിന്നാല്‍ അവര്‍ വന്ന് വാതില്‍ തുറക്കുമെന്നും, അക ത്തുകടന്ന് വേലക്കാരിയെ കൈകാര്യം ചെയ്തശേഷം പണവും സ്വര്‍ണവുമെടുത്തു സ്ഥലം വിടാമെന്നുമാണ് വിചാരിച്ചത്.
എന്നാല്‍ ദിവസവും വന്നുപോകാറുള്ള വീട്ടുവേലക്കാരി ആ ദിവസം വന്നില്ല. അതുകൊണ്ടാവാം, ഷീല അന്ന് പതിവുസമയത്ത് മൊബൈല്‍ ഷോപ്പില്‍ പോയില്ല.

ഷീലയുടെ അമ്മ കാര്‍ത്യായനി ബോധരഹിതയായി വീണുകിടക്കുമ്പോള്‍ കനകരാജും സമ്പത്തും ചേര്‍ന്ന് ഷീലയുടെ കഴുത്തറുക്കുകയായിരുന്നു. സത്യത്തില്‍ കാര്‍ത്ത്യായനിയെ പ്രതികള്‍ അവിടെ പ്രതീക്ഷിച്ചിരുന്നില്ല. നീരുവന്ന കാല്‍ ഡോക്ടറെ കാണിക്കാന്‍ കാര്‍ത്ത്യായനി തലേന്നു രാത്രിയാണ് അവിടെ എത്തിയത്.

ഒരു തെറ്റും ചെയ്യാത്ത സ്ത്രീയെ ധനമോഹം മാത്രം മനസില്‍ കണ്ട് അവര്‍ കൊലപ്പെടുത്തി. മൂര്‍ച്ചയേറിയ ആയുധംകൊണ്ട് മൂന്നു വട്ടമായിട്ടാണ് കഴുത്തറുത്തതെന്ന് പിന്നീടു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി.

കസ്റ്റഡിയിലെടുത്ത കനകരാജിനെ ചോദ്യംചെയ്ത് പ്രാഥമിക തെളിവുകള്‍ ശേഖരിച്ചു. പ്രതിയാണെന്നു ബോധ്യപ്പെട്ടശേഷം അറസ്റ്റു രേഖപ്പെടുത്തി.

അയാളില്‍നിന്നു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കോയമ്പത്തൂരിലെത്തിയ അന്വേഷണസംഘം മണികണ്ഠന്റെ വീട്ടില്‍നിന്ന് മണികണ്ഠനോടൊപ്പം സമ്പത്തിനേയും കസ്റ്റഡിയിലെടുത്തു.

തുടര്‍ന്ന് കോയമ്പത്തൂര്‍ കമ്മീഷണര്‍ ഡോ. ശൈലേന്ദ്ര ബാബു, പാലക്കാട് എസ്.പി. വിജയ് സാഖറെ എന്നിവരുടെ നേതൃത്വത്തില്‍ പ്രതികളെ ചോദ്യം ചയ്തു. പിന്നീട് പാലക്കാട് ടൗണ്‍ ഡിവൈ.എസ്.പി. സി.കെ. രാമചന്ദ്രന്റെ നേതൃത്വത്തില്‍ പഴുതടച്ച അന്വേഷണമാണു നടത്തിയത്.

സമ്പത്തിന്റെയും മണികണ്ഠന്റെയും പങ്ക് വ്യക്തമായതിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് സി.ഐ. രണ്ടും മൂന്നും പ്രതികളായ ഇവരുടെ അറസറ്റ് രേഖപ്പെടുത്തി. മോഷണമുതലായ സ്വര്‍ണം, പ്രതികള്‍ ബാങ്കില്‍ പണയംവച്ചിരുന്നു. അവ പിന്നീട് ബന്തവസിലെടുത്തു.

എല്ലാ തരത്തിലുമുള്ള ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് കുറ്റം തെളിയിച്ച കേസ് എന്ന പ്രത്യേകതയും ഷീല മര്‍ഡര്‍ കേസിനുണ്ട്. ഒന്നാം പ്രതിയായ കനരാജിലേക്കെത്താന്‍ പോലീസിന്റെ സൈബര്‍ സെല്‍ വിഭാഗം നല്‍കിയ സംഭാവന വളരെ വലുതാണ്.

പ്രതികള്‍ മോഷ്ടിച്ച 'നോക്കിയ 93' മൊബൈല്‍ ഫോണില്‍ ഇന്‍സെര്‍ട്ട് ചെയ്ത കനകരാജിന്റെ സിംകാഡ് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം കേസില്‍ നിര്‍ണായകമായി.

ജയകൃഷ്ണന്‍ - ഷീല ദമ്പതികളുടെ വീട്ടിലെ വേലക്കാരിക്ക് കുറ്റകൃത്യവുമായി യാതൊരു ബന്ധവുമില്ലെങ്കിലും കൃത്യം നടന്ന ദിവസം അവര്‍ എന്തുകൊണ്ടു വന്നില്ല എന്ന ചോദ്യത്തിന് പോലീസിന് ഉത്തരം കിട്ടേണ്ടതുണ്ടായിരുന്നു.

പ്രതികള്‍ക്കു സൗകര്യമൊരുക്കിക്കൊടുക്കാന്‍ ആ സ്ത്രീ മനപ്പൂര്‍വം വരാതിരുന്നതല്ലെന്ന് അവരുടെ മൊഴിയില്‍നിന്നു വ്യക്തമാണ്. എന്നാല്‍ ആ മൊഴിക്ക് കൂടുതല്‍ വ്യക്തതയുണ്ടാക്കാന്‍ ഡിവൈ.എസ്.പി രാമചന്ദ്രന്‍ ശ്രദ്ധിച്ചു. മാസമുറ വന്നതുകൊണ്ടാണ് അന്നു ജോലിക്ക് വരാതിരുന്നതെന്നായിരുന്നു വേലക്കാരിയുടെ മൊഴി. അതു ശരിയാണെന്ന് അവരെ ഹോസ്പിറ്റലില്‍ കൊണ്ടുപോയി പരിശോധന നടത്തി സ്ഥിരീകരിച്ചു.

കേസന്വേഷണത്തിന്റെ നാള്‍വഴികളില്‍ രണ്ടാം പ്രതിയായ സമ്പത്ത് പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചു. ഒന്നാം പ്രതിയായ കനകരാജിനെ പാലക്കാട് സെഷന്‍സ് കോടതി ജസ്റ്റിസ് ഹനീഫ വധശിക്ഷയ്ക്കു വിധിച്ചു. 2011-ലായിരുന്നു വിധി. അപ്പീല്‍ പോയതിനെത്തുടര്‍ന്ന് ഹൈക്കോടതി കനകരാജിന്റെ ശിക്ഷ ജീവപര്യന്തമാക്കി കുറവുചെയ്തു. അയാളിപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.
തെളിവുകളുടെ അഭാവത്തില്‍ മണികണ്ഠനെ കോടതി വെറുതെ വിട്ടു.

കുറ്റകൃത്യത്തിലും ഗൂഢാലോചനയിലും പങ്കാളിയാണെങ്കിലും കൊലനടന്ന വീട്ടില്‍ കയറാതിരുന്നതുകൊണ്ടും ദൃക്‌സാക്ഷിയായ ചായപ്പീടികക്കാരന്‍ അയാളെത്തന്നെയാണു പുറത്തു കണ്ടതെന്ന് ഉറപ്പിച്ചു പറയാത്തതുകൊണ്ടുമാണ് സംശയത്തിന്റെ ആനുകൂല്യത്തില്‍ മണികണ്ഠനെ വെറുതെവിട്ടത്.
കുറ്റകൃത്യത്തില്‍ കനകരാജിന്റെയും സമ്പത്തിന്റെയും പങ്ക് സംശയാതീതമായി തെളിഞ്ഞതുകൊണ്ട് ജീവിച്ചിരുന്നെങ്കില്‍ സമ്പത്തിനും കനകരാജിന്റെ ശിക്ഷതന്നെ ലഭിക്കുമായിരുന്നെന്ന് വിധിപ്രസ്താവത്തില്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്.

തയ്യാറാക്കിയത്: സലിം ഇന്ത്യ

Ads by Google
Tuesday 24 Jul 2018 04.43 PM
Ads by Google
Loading...
TRENDING NOW