Tuesday, August 20, 2019 Last Updated 8 Min 9 Sec ago English Edition
Todays E paper
Ads by Google
Friday 20 Jul 2018 02.11 PM

കുട്ടി ചിരിക്കുമ്പോള്‍ ചുണ്ട് കോടിപ്പോകുന്നു ; ഞരമ്പിന്റെ തകരാറുകള്‍ മരുന്നുകൊണ്ടു മാറില്ലേ?

കുട്ടികളുടെ ആരോഗ്യം
uploads/news/2018/07/234804/asdrkidscar200718.jpg

ചിരിക്കുമ്പോള്‍ ചുണ്ട് കോടിപ്പോകുന്നു


എന്റെ മകന് 10 വയസ്. കുട്ടി ചിരിക്കുമ്പോള്‍ ചുണ്ട് ഒരു വശത്തേക്ക് കോടിപ്പോകുന്നു. എട്ടുവയസു മുതലാണ് ഇത് പ്രകടമായത്. കുട്ടികളുടെ ഡോക്ടറെ കാണിച്ചു. ഞരമ്പിന്റെ തകരാറാണ് ഇതെന്ന് ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ മരുന്നുകൊണ്ട് മാറ്റിയെടുക്കുക ബുദ്ധിമുട്ടാണെന്നും പറഞ്ഞു. ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത്. ഞരമ്പിന്റെ തകരാറുകള്‍ മരുന്നുകൊണ്ടു മാറില്ലേ?
---- പ്രിയാ റാണി , കോഴിക്കോട്

മുഖത്തെ പേശികളെ നിയന്ത്രിക്കുന്നത് തലച്ചോറില്‍ നിന്നുള്ള ഫേഷ്യല്‍ ഞരമ്പുകളാണ്. മുഖത്തിന്റെ അതിസൂക്ഷ്മ ചലനങ്ങള്‍ക്കും ഭാവങ്ങള്‍ക്കും പിന്നില്‍ ഈ ഞരമ്പുകളാണ്. അതിലോലമായ ഈ ഞരമ്പുകള്‍ക്കുണ്ടാകുന്ന തകരാര്‍ മൂലം സംഭവിക്കുന്ന ബെല്‍സ് പാള്‍സി എന്ന രോഗാവസ്ഥയാവാം കുട്ടിക്ക്.

ഈ രോഗമുള്ളവരുടെ ചുണ്ടുകള്‍ ഉള്‍പ്പെടെയുള്ള മുഖപേശികള്‍ ഒരു വശത്തേക്ക് കോടിപ്പോകാന്‍ സാധ്യതയുണ്ട്. മരുന്നും ഫിസിയോ തെറാപ്പിയും വഴി ഞരമ്പുകളുടെ തകരാര്‍ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കും. എന്തായാലും കുട്ടിയെ ഒരു ന്യുറോളജിസ്റ്റിനെ കാണിച്ച് പരിശോധന നടത്തണം. അദ്ദേഹത്തിന്റെ നിര്‍ദേശമനുസരിച്ചുള്ള ചികിത്സകള്‍ വേണം സ്വീകരിക്കാന്‍.

അമിതവണ്ണം


മോള്‍ക്ക് മൂന്ന് വയസായി ജനിക്കുമ്പോള്‍ സാധാരണ ഗതിയിലുള്ള തൂക്കമായിരുന്നു. ഇപ്പോള്‍ അമിതവണ്ണമുണ്ട്. സാധാരണയിലധികം തൂക്കമാണ് കാണപ്പെടുന്നത്. ഭക്ഷണം അമിതമായി കൊടുക്കാറില്ല. കൊഴുപ്പുകുറഞ്ഞ ആഹാരം കൊടുക്കാന്‍ ശ്രദ്ധിക്കാറുമുണ്ട്. പക്ഷെ നാലുമാസത്തോളമായി അസാധാരണമാം വിധം വണ്ണം വച്ച് വരികയാണ്. വണ്ണക്കൂടുതല്‍ കൊണ്ടുണ്ടാകുന്ന മറ്റ് ശാരീരിക അസ്വാസ്ഥ്യങ്ങളുമുണ്ട്.
----- സിന്ദു ശിവറാം , കണ്ണൂര്‍

അമിതവണ്ണം ഭക്ഷണക്രമംകൊണ്ടു മാത്രം ഉണ്ടാകുന്നതല്ല. പലരും ഇത് തെറ്റിദ്ധരിക്കാറുണ്ട്. ചില രോഗങ്ങള്‍ അമിത വണ്ണത്തിന് കാരണമാകാറുണ്ട്. മിക്കവാറും ഈ രോഗങ്ങള്‍ ഹോര്‍മോണ്‍ സംബന്ധമായിരിക്കും. കുട്ടിയെ ഒരു ശിശുരോഗവിദഗ്ധനെ കാണിക്കണം. ഹോര്‍മോണിന്റെ തകരാര്‍ ഉണ്ടോ എന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.

ദഹനത്തകരാര്‍ പരിഹരിക്കാം


ദഹനക്കേടാണ് എട്ട് വയസുകാരിയായ മകളെ അലട്ടുന്ന പ്രശ്‌നം എന്ത് ഭക്ഷണം കഴിച്ചാലും അല്‍പ്പസമയം കഴിഞ്ഞ് ഛര്‍ദിച്ച് കളയുകയാണ് പതിവ്. ഇതു മൂലം കുട്ടി വല്ലാതെ ക്ഷീണിച്ചാണിരിക്കുന്നത്. ദിവസം ചെല്ലുന്തോറും ആരോഗ്യം നഷ്ടപ്പെട്ട് വരികയും ചെയ്യുന്നു, ഡോക്ടറെ കാണിച്ച ശേഷം അതിനുള്ള മരുന്നുകള്‍ കൊടുത്തശേഷമാണ് ഭക്ഷണം കൊടുക്കുന്നത്. എപ്പോഴും മരുന്ന് കൊടുക്കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തിന് കേടുവരുകയില്ലേ. ? നിരന്തരമായി മരുന്നുകൊടുക്കുകയല്ലാതെ ഇത് തടയാന്‍ എന്താണ് പോംവഴി.
------- ജസ്റ്റിന്‍ ജോസഫ് , തൃപ്പൂണിത്തുറ

എന്തു ഭക്ഷണം കഴിച്ചാലും കുട്ടി ഛര്‍ദിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും പരിശോധന ആവശ്യമാണ്. ഓരോ നേരം ആഹാരം കഴിക്കുന്നതിനു മുമ്പ് ഛര്‍ദിക്കാതിരിക്കാനുള്ള മരുന്ന് കൊടുക്കുന്നത് ശരിയായ പരിഹാര മാര്‍ഗമല്ല. കുട്ടിയുടെ കുടലില്‍ ഏതെങ്കിലും വിധത്തിലുള്ള തകരാര്‍ ഉണ്ടോ എന്ന് പരിശോധനയിലൂടെ കണ്ടെത്തണം.

ഛര്‍ദിക്കുമാത്രം മരുന്നു കൊടുത്താല്‍ ലക്ഷണത്തെ മാത്രമേ ചികിത്സിക്കുന്നുള്ളു. രോഗത്തെ വെറുതേ വിടുന്നതിന് തുല്യമാണ്. ശിശുരോഗവിദഗ്ധനെ കണ്ട് പരിശോധന നടത്തണം. എന്നിട്ടും അസുഖം മാറുന്നില്ലെങ്കില്‍ ഗാസ്‌ട്രോഎന്ററോളജിസ്റ്റിനെ കാണിക്കണം.

കൂടുതല്‍ സമയം ഉറങ്ങുന്നു


മകന് 10 വയസ്. അവന് ഉറക്കം കൂടുതലാണ്. വൈകിട്ട് എട്ടു മണിക്ക് കിടക്കും. രാവിലെ എട്ടു മണിക്ക് ഉണരും. ഇതുമൂലം പഠനം ശരിയാവുന്നില്ല. ക്ലാസില്‍ ചെന്നാലും ഉറക്കം തന്നെ. അധ്യാപകര്‍ പലതവണ വിളിപ്പിച്ചു. ക്ഷീണമാണെന്നാണ് അവന്‍ പറയുന്നത്. സദാ ക്ഷീണിതനായാണ് അവനെ കാണുന്നത്. ഡോക്ടറെ കണ്ട് പരിശോധിച്ചിരുന്നു. രക്തക്കുറവുണ്ടെന്ന് പറഞ്ഞു. രക്തമുണ്ടാകാനുള്ള ടോണിക് തന്നു. എന്നിട്ടും മാറ്റമൊന്നുമില്ല. എന്തുകൊണ്ടാണ് ഇങ്ങനെ ക്ഷീണവും ഉറക്കവും അനുഭവപ്പെടുന്നത്. ഞങ്ങള്‍ എന്തുചെയ്യണം? ഇത് രോഗലക്ഷണമാണോ?
----- പ്രവീണ്‍ കുമാര്‍, തലശേരി

കത്തില്‍ നിന്നും മനസിലാകുന്ന വിവരങ്ങള്‍ അനുസരിച്ച് കുട്ടിക്ക് ഒപ്‌സ്ട്രക്ടീവ് സ്ലീപ് അപ്നിയ എന്ന അവസ്ഥയാവാനാണ് സാധ്യത. അഡിനോഡ് ഗ്രന്ഥിയുടെയോ ടോന്‍സിലിന്റെയോ തകരാര്‍ മൂലം ശ്വാസതടസം അനുഭവപ്പെടുകയും ഇതിന്റെ ഫലമായി ഉറക്കത്തിന് തടസം നേരിടുകയോ ചെയ്യുന്ന അവസ്ഥയാണിത്.

ഇത്തരം പ്രശ്‌നമുള്ള കുട്ടികള്‍ കൂര്‍ക്കംവലിക്കുന്നരായിരിക്കും. ശ്വാസോച്ഛ്വാസത്തിന് തടസം നേരിടുന്നതുകൊണ്ടാണിത്. ഇതുമൂലം ഉറക്കത്തില്‍ പലതവണ കുട്ടി അറിയാതെ ഉണരുന്നു. ഓരോ തവണ ഉണരുമ്പോഴും ഉറക്കം മുറിയുന്നു. ശരിയായ ഉറക്കം നഷ്ടമാവുന്നു.

ക്ലാസില്‍ ഉറക്കംതൂങ്ങുന്നതും ക്ഷീണവും അനുഭവപ്പെടുന്നതും ഇതുകൊണ്ടാകണം. പത്തുവയസുള്ള കുട്ടി ശരാശരി 8 മുതല്‍ 9 മണിക്കൂര്‍ വരെ ഉറങ്ങണം. ഡോക്ടറെ കാണിക്കണം. കൂര്‍ക്കംവലിയുണ്ടെങ്കില്‍ അക്കാര്യവും ഡോക്ടറുടെ ശ്രദ്ധയില്‍ പെടുത്തണം.

ചുമയും ഛര്‍ദിയും


15 വയസു പ്രായമുള്ള മകള്‍ക്ക് പനിയും ചുമയും ഉണ്ടായി. മരുന്ന് കഴിച്ച് പനി മാറിയെങ്കിലും ഇതുവരെ ചുമയ്ക്ക് ഒരു കുറവുമില്ല. പല മരുന്നുകളും കഴിച്ചുനോക്കി. കുറവില്ലെന്നു മാത്രമല്ല കഫക്കെട്ടും ഉണ്ട്. ആന്റിബയോട്ടിക്‌സ് രണ്ട് കോഴ്‌സ് കഴിച്ചിരുന്നു. കഫം വെളിയില്‍ പോകാത്തതുകൊണ്ട് കുട്ടി ഇടയ്ക്കിടെ ഛര്‍ദിക്കുകയും ചെയ്യുന്നുണ്ട്. കഫക്കെട്ടും ചുമയും മാറുന്നതിന് പ്രതിവിധികള്‍ ഉണ്ടോ?
---- ആതിര , തിരുവനന്തപുരം

ഡോക്ടറുടെ നിര്‍ദേശപ്രകാരം രണ്ടുകോഴ്‌സ് ആന്റിബയോട്ടിക്‌സ് നല്‍കിയതായി കത്തില്‍ പറഞ്ഞിട്ടുണ്ട്. ആന്റിബയോട്ടിക്‌സ് കഴിച്ചതിനുശേഷം പനി മാറിയെങ്കിലും ചുമ കുറവില്ലാത്തതാണ് ഇവിടെ കുട്ടിയെ അലട്ടുന്നത്. അണുബാധമൂലമാണെന്ന് കണ്ടെത്തിയതുകൊണ്ടാണ് ഡോക്ടര്‍ ആന്റിബയോട്ടിക്‌സ് കഴിക്കാന്‍ നല്‍കിയത്. എന്നാല്‍ ചുമ കുറവില്ലാത്തതിനാല്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ ഉള്ളില്‍ കടന്ന അന്യവസ്തുക്കള്‍ ഇത്തരത്തില്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാറുണ്ട്. ഇതിനെ ഫോറിന്‍ ബോഡി ആസ്പിരേഷന്‍ എന്നാണ് പറയുന്നത്. ഇങ്ങനെയെന്തെങ്കിലും തകരാര്‍ ഉണ്ടോ എന്നറിയാന്‍ എക്‌സ്‌റേ എടുത്തു പരിശോധിച്ചു നോക്കുന്നത് നന്നായിരിക്കും. തുടര്‍ന്നും ചുമയ്ക്ക് മാറ്റമില്ലെങ്കില്‍ ആസ്ത്മയാണോ കാരണമെന്ന് കണ്ടെത്തണം.

എന്തായാലും ഒരു ശിശുരോഗവിദഗ്ധനെ കാണിക്കുന്നത് നന്നായിരിക്കും. പതിനഞ്ചു വയസിനു താഴെ മാത്രം പ്രായമുള്ള കുട്ടികള്‍ ചുമച്ച് കഫം തുപ്പിക്കളയാറില്ല. പകരം അവര്‍ അത് വിഴുങ്ങിക്കളയുകയാണ് ചെയ്യുന്നത്. കുട്ടി അധികനേരം ചുമയ്ക്കുകയാണെങ്കില്‍ ഛര്‍ദിച്ച് കഫം പുറത്തുപോകുന്നതായാണ് കാണുന്നത്. ഇത് കുട്ടികളില്‍ സാധാരണ കണ്ടുവരുന്നു. ഇതിന് പ്രത്യേകിച്ച് ചികിത്സകളൊന്നും ആവശ്യമില്ല. പക്ഷേ, ചുമ രണ്ടാഴ്ചയായി നില്‍ക്കുന്ന സാഹചര്യത്തില്‍ മറ്റെന്തെങ്കിലും തകരാര്‍ ഉണ്ടോ എന്ന് പരിശോധിക്കണം.

ഡോ. സുരേഷ് എസ്. വടക്കേടം
അസിസ്റ്റന്റ് പ്രൊഫസര്‍,
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്ത്,
മെഡിക്കല്‍ കോളജ്, കോട്ടയം

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW