Saturday, August 24, 2019 Last Updated 11 Min 15 Sec ago English Edition
Todays E paper
Ads by Google
Friday 13 Jul 2018 12.44 PM

ഡാഡിച്ചന്റെ സ്വന്തം...

''വില്ലന്‍വേഷങ്ങള്‍ക്ക് പുതിയ പരിവേഷം നല്‍കി വെള്ളിത്തിരയില്‍ സജീവസാന്നിധ്യമായിരുന്ന രാജന്‍.പി.ദേവിന്റെ ഓര്‍മ്മകള്‍ പങ്കു വയ്ക്കുകയാണ് മകന്‍ ജുബില്‍ രാജ്...''
uploads/news/2018/07/233018/rajanpdevINW1.jpg

അങ്കമാലിയില്‍ തലയെടുപ്പോടു കൂടി നില്‍ക്കുന്ന രാജകല. അതിനു മുന്നില്‍ പഴയകാലത്തിന്റെ പ്രൗഢി ഓര്‍മ്മപ്പെടുത്തുന്ന മോറിസ്സ് മൈനര്‍. ഓര്‍മ്മകളുടെ ഫ്രെയിമിലേക്ക് കാലം കൂട്ടിക്കൊണ്ട് പോയ അനശ്വര നടന്‍ രാജന്‍ പി.ദേവിന്റെ വീടാണിത്. നാടകത്തില്‍ നിന്ന് ഭാവാഭിനയം കൊണ്ട് പ്രേക്ഷകമനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ കലാകാരന്റെ വീടിനുള്ളിലേക്ക് കടക്കുമ്പോള്‍ തന്നെ കൊച്ചുവാവയുടെയും കാര്‍ലോസിന്റെയും അനിയന്‍ബാവയുടെയും തൊമ്മന്റെയുമൊക്കെ ഓര്‍മ്മകള്‍ മനസ്സിലെത്തും. നാടകനടനായ എസ്.ജെ. ദേവിന്റെയും കുട്ടിയമ്മയുടെയും മകനായി ജനിച്ച രാജന്‍ അച്ഛനെ പിന്തുടര്‍ന്നാണ് അരങ്ങി ലെത്തിയത്.

മുത്തച്ഛനില്‍ നിന്ന് അച്ഛനിലേക്കും പിന്നീട് അച്ഛനില്‍ നിന്ന് മക്കളിലേക്കും ഈ അഭിനയപാരമ്പര്യം വന്നെത്തിനില്‍ക്കുന്നു. രാജന്‍ പി.യുടെ മക്കളായ ജുബിലും ഉണ്ണിയും വെള്ളിത്തിരയില്‍ സജീവമാണ്. അച്ഛനെപ്പോലെ തന്നെ അഭിനയം ജീവാംശമായി കരുതുന്ന ജുബില്‍രാജ് ഓര്‍മ്മകള്‍ പങ്കുവയ്ക്കുമ്പോള്‍ ഉണ്ണിയും രാജന്‍ പി.യുടെ പ്രിയപത്‌നി ശാന്തമ്മയും ചേരുന്നു...

ജുബില്‍- ഡാഡിച്ചന്‍ എന്നുമെനിക്കൊരു പാഠപുസ്തകമായിരുന്നു. ഉപദേശിച്ചല്ല ഡാഡിച്ചന്‍ ജീവിതം പഠിപ്പിച്ചത്. സംസാരത്തിനിടെ വന്നു പോകുന്ന ചിലതൊക്കെ എനിക്ക് മറക്കാനാവാത്ത പാഠങ്ങളായിട്ടുണ്ട്. ചേട്ടച്ചന്‍ ശരിക്കും വീട്ടിലെ മൂത്തമകന്‍ തന്നെയാണ്. ചേച്ചിയമ്മയുടെ വിവാഹസമയത്ത് ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുകയാണ്, ഉണ്ണിയ്ക്കാണെങ്കില്‍ മൂന്നു വയസ്സും. അന്നുമുതല്‍ ചേട്ടച്ചന് ഞങ്ങള്‍ മക്കളെ പ്പോലെയാണ്.

ശാന്തമ്മ- മക്കള്‍ മൂന്നാളും രാജേട്ടനെ ഡാഡിച്ചന്‍ എന്നാ വിളിച്ചത്. ശരിക്കുമത് രാജേട്ടന്‍ തന്നെ കൊഞ്ചിച്ച് വിളിപ്പിച്ചതാണ്. മക്കളുടെ ഓരോ വിളികളിലും വലിയ പ്രത്യേകതകളായിരുന്നു. ആദ്യം ജനിച്ചത് ഒരു പെണ്‍കുട്ടിയാണ്, പിന്നീടുള്ളതാണ് ജുബിലും ഉണ്ണിയും. ആഷയും ജൂബിലും തമ്മില്‍ 8 വയസ്സിന്റെ വ്യത്യാസമുണ്ട്. അവളെ ഇവര്‍ വിളിക്കുന്നത് ചേച്ചിയമ്മയെന്നാണ്, മരുമകന്‍ ബിനോയിയെ ചേട്ടച്ചനെന്നും. ബിനോയ്ക്ക് ഈ വീട്ടിലെന്നും മൂത്തമകന്റെ സ്ഥാനമാണ് രാജേട്ടന്‍ കൊടുത്തത്. ബിസിനസ്സ് പ്രൊപ്പോസലുമായി വന്നയാളെ ഇഷ്ടമായി ആഷയെ കെട്ടിച്ചു കൊടുക്കുകയായിരുന്നു.

ജുബില്‍- ചേട്ടച്ചനെ റോള്‍ മോഡലാക്കണമെന്ന് ഡാഡിച്ചന്‍ പറയുമായിരുന്നു. എന്താകണം, ആകണ്ട എന്നതൊക്കെ ബിനോയിയെ നോക്കി പഠിച്ചാല്‍ മതിിയെന്നാണ് ഡാഡിച്ചന്‍ പറഞ്ഞിട്ടുള്ളത്. ഞങ്ങള്‍ ഡാഡിച്ചന്റെ ലൈഫ് ഉദാഹരണമാക്കരുതെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഒട്ടും ഡിസിപ്ലിനില്ലാത്ത ലൈഫായിരുന്നതെന്ന് സ്വയം തോന്നിയിട്ടുണ്ടാകും. ഭക്ഷണത്തില്‍ പോലും നിയന്ത്രണം കുറവായിരുന്നു. ഷുഗറും പ്രഷറുമൊക്കെ നിസ്സാരമാക്കിയത് കൊണ്ട് ഡോക്ടര്‍മാര്‍ വിലക്കിയ ആഹാരമാണ് കൂടുതലിഷ്ടത്തില്‍ കഴിച്ചത്. ഷുഗര്‍ കൂടി നില്‍ക്കുമ്പോള്‍ മധുരം ഒഴിവാക്കി ചായ കുടിക്കും, എന്നിട്ട് ലഡുവും ജിലേബിയുമൊക്കെ ആവോളം കഴിക്കും. മമ്മി പറഞ്ഞാലും കേള്‍ക്കില്ല.

ശാന്തമ്മ- ഞാനങ്ങനെ ഒന്നിലും വാശിയോ ശാഠ്യമോ കാണിച്ചിട്ടില്ല. പ്രീഡിഗ്രിക്കാലത്താണ് വിവാഹം. അന്ന് നാടകത്തില്‍ അഭിനയിക്കുന്നതൊന്നുമെനിക്കറിയില്ല. വിവാഹം കഴിഞ്ഞ ദിവസം എന്നോടത് പറഞ്ഞു. നാടകം അഭിനയിക്കാന്‍ പോകുന്നുണ്ട്, നിനക്ക് ബുദ്ധിമുട്ടുണ്ടെങ്കില്‍ ഞാന്‍ നിര്‍ത്താം. പക്ഷേ ഞാനത് സമ്മതിച്ചില്ല. കലാപരമായ കഴിവ് ദൈവത്തിന്റെ അനുഗ്രഹമാണ്. സ്‌കൂള്‍കാലത്ത് ഞാനും നൃത്തവും പാട്ടും അവതരിപ്പിച്ചിട്ടുണ്ട്.

ജുബില്‍- ഡാഡിച്ചന്റെയും മമ്മിയുടെയും ജീവിതം ശരിക്കുമൊരു സംഭവമായിരുന്നു. ലൊക്കേഷനില്‍ നിന്ന് ദിവസവും അഞ്ചാറു പ്രാവശ്യം മമ്മിയെ വിളിക്കും. ശരിക്കും ഇണക്കുരുവികളായിരുന്നു. എന്റെ ശാന്തമ്മ എന്നല്ലാതെ പറയാറില്ല. വീട്ടില്‍ എത്ര ജോലിക്കാരുണ്ടെങ്കിലും ഡാഡിച്ചനുള്ള ആഹാരം മമ്മി തയാറാക്കണം, വിളമ്പിക്കൊടുക്കുകയും വേണം. ഹോം സിക്ക്‌നെസ്സ് ഭയങ്കരമായിരുന്നു ഡാഡിച്ചന്. ഹൈദരാബാദില്‍ ഷൂട്ടിന് പോകുമ്പോള്‍ ഒറ്റ ദിവസം ബ്രേക്കുണ്ടെങ്കില്‍ വീട്ടില്‍ വരും. പിറ്റേന്ന് വെളുപ്പിനെ എഴുന്നേറ്റാണ് പോകുന്നത്. മാറി നില്‍ക്കാനാവാത്തപ്പോള്‍ ഞങ്ങളെ സെറ്റിലേക്ക് വിളിപ്പിക്കും. ചേര്‍ത്തലയില്‍ നിന്ന് അങ്കമാലിക്ക് മാറിയത് എലഗന്‍സ് ഹോട്ടല്‍ തുടങ്ങിയ ശേഷമാണ്. കാരണം മിക്കപ്പോഴും വീട്ടില്‍ നിന്ന് മടങ്ങിപ്പോകുമ്പോള്‍ ഫ്‌ളൈറ്റ് മിസ്സാകും. സിനിമയിലേതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ആളായിരുന്നു ഡാഡിച്ചന്‍.

uploads/news/2018/07/233018/rajanpdevINW3.jpg

ശാന്തമ്മ- രാജേട്ടനെ വിവാഹം കഴിച്ച നാള്‍ മുതല്‍ ഞാനായിരുന്നു അദ്ദേഹത്തിന്റെ ലോകം. സീരിയസ്സേയല്ല രാജേട്ടന്‍. സിനിമാത്തിരക്ക് ഒരിക്കലും ജീവിതത്തെ ബാധിച്ചില്ല. വീട്ടിലെയും നാടകട്രൂപ്പിന്റെയും ഉത്തരവാദിത്തമെല്ലാം എനിക്കായിരുന്നു. വല്ലപ്പോഴും വീട്ടിലെത്തുന്ന രാജേട്ടനെ ഞാനൊരു കാര്യത്തിലും ബുദ്ധിമുട്ടിച്ചിട്ടില്ല. ഒരു രൂപ പോലും രാജേട്ടന്‍ സൂക്ഷിച്ചിരുന്നില്ല. സിനിമയില്‍ കിട്ടുന്ന പണം മുഴുവന്‍ എന്നെ ഏല്‍പ്പിക്കും. അദ്ദേഹത്തിന്റെ അദ്ധ്വാനവും ദൈവാനുഗ്രഹവും കൊണ്ടാണ് ഞങ്ങള്‍ ഒരു കുറവുമില്ലാതെ ജീവിക്കുന്നത്.

ജുബില്‍- ഡാഡിച്ചന്റെ ലൈഫ് എനിക്കെന്നും പാഠമാണ്. ആരാധകരെ ഒരിക്കലും നിരാശപ്പെടുത്തില്ല ഡാഡിച്ചന്‍. അവരുടെ പിന്തുണയില്ലെങ്കില്‍ സെലിബ്രിറ്റികളില്ല എന്ന നിലപാടായിരുന്നു. ശരിക്കുമതൊക്കെ ആസ്വദിച്ച ആളാണ്. ആരാധകര്‍ വരുമ്പോള്‍ ഡാഡിച്ചന്‍ മറ്റെല്ലാം മറന്ന് അവര്‍ക്കൊപ്പം കൂടും. അന്ന് സെല്‍ഫിയൊന്നുമില്ലല്ലോ. ഞാന്‍ പലര്‍ക്കും വേണ്ടി അവരുടെ ക്യാമറയില്‍ ഫോട്ടോയെടുത്ത് കൊടുത്തിട്ടുണ്ട്.

ശാന്തമ്മ- ഒരിക്കല്‍ ഒരു സംഭവമുണ്ടായി. എല്ലാവരും കൂടി ഷോപ്പിംഗിനിറങ്ങാന്‍ തീരുമാനിച്ചു. ഞങ്ങള്‍ റെഡിയാകുന്ന സമയത്ത് ആരൊക്കെയോ രാജേട്ടനെ കാണാന്‍ വന്നു. അതുകഴിഞ്ഞപ്പോള്‍ അടുത്ത കൂട്ടര്‍ വന്നു. എല്ലാം കഴിഞ്ഞപ്പോള്‍ സന്ധ്യയായി. വീടിനുള്ളിലേക്ക് വന്നപ്പോള്‍ ഞങ്ങളൊരുങ്ങി നില്‍ക്കുന്നു. ആഹ്, എല്ലാരും കൂടി ഈ രാത്രി എങ്ങോട്ട് പോകുവാ?? രാജേട്ടന്‍ ചോദിച്ചു. ഞങ്ങളോട് പറഞ്ഞതൊക്കെ പുള്ളി മറന്നു. കൗണ്ടറടിക്കുന്ന ശീലമുണ്ടായിരുന്നതുകൊണ്ട് ഓ, വീട്ടിലിരിക്കുവല്ലേ, ഒന്നൊരുങ്ങിയേക്കാമെന്ന് ഞങ്ങളും കരുതിഎന്ന് ഞാനും പറഞ്ഞു. അപ്പോഴാണ് ഞങ്ങളോട് പറഞ്ഞ കാര്യം രാജേട്ടനോര്‍ത്തത്!

ജുബില്‍- ഡാഡിച്ചന് പോലീസിനോട് വലിയ ബഹുമാനമായിരുന്നു. എന്നെക്കൊണ്ട് സിവില്‍ സര്‍വീസ് എടുപ്പിക്കണമെന്നൊക്കെ ആഗ്രഹമായിരുന്നു. ഞാനതില്‍ നിന്ന് രക്ഷപെട്ടതാണ്. പിന്നെ ഇഷ്ടമുള്ള കോഴ്‌സ് ഇഷ്ടമുള്ള പോലെ പഠിച്ചോളാനാണു പറഞ്ഞത്. ഞാനതു കൊണ്ട് പ്ലസ് ടൂവിന് കൊമേഴ്‌സും, ഡിപ്ലോമയ്ക്ക് ഓട്ടോമൊബൈല്‍ എന്‍ജിനീയറിങും, ഡിഗ്രിക്ക് സോഷ്യോളജിയുമെടുത്തു. എം. ബി.എ മാര്‍ക്കറ്റിംഗിലാണ് ചെയ്തത്. അവസാനം സിനിമയിലുമെത്തി!

ശാന്തമ്മ- രണ്ടുമക്കള്‍ക്കും സിനിമ തന്നെയാണ് ജീവന്‍. അതിനു കാരണവും രാജേട്ടനാണ്. ഡൈനിംഗ് ടേബിളായിരുന്നു എല്ലാ ചര്‍ച്ചകള്‍ക്കുമിടം. ഏറ്റവും കൂടുതല്‍ സംസാരിക്കുന്നത് വണ്ടിയെക്കുറിച്ചും സിനിമയെക്കുറിച്ചുമാണ്. ജുബിലാണെങ്കില്‍ പഠനം പൂര്‍ത്തിയാക്കിയാണ് സിനിമയിലെത്തിയത്. ഉണ്ണി അങ്ങനെ പോലുമല്ല.

ജുബില്‍- അനിയന്‍ ഊണിലും ഉറക്കത്തിലും സിനിമ തന്നെ ചിന്തിക്കുന്നയാളാണ്. സിനിമ മാത്രമാണ് ജീവിതം. ഒരു കോഴ്‌സ് കൂടി പഠിച്ചിട്ട് പഠനം നിര്‍ത്താന്‍ ഞാനവനോട് പറഞ്ഞതാണ്. പക്ഷേ അവന്‍ ചോദിച്ചത്, എന്തായാലും ഞാന്‍ സിനിമയാണ് പ്രൊഫഷനാക്കുന്നത്. പിന്നെയെന്തിനാ കൂടുതല്‍ പഠിക്കുന്നത്?? എന്നാണ്.

ഉണ്ണി- ഡാഡിച്ചനുമായി സീരിയസ് വിഷയങ്ങള്‍ സംസാരിക്കാനുള്ള ഭാഗ്യമൊന്നും എനിക്ക് കിട്ടിയിട്ടില്ല. എങ്കിലും ആ രക്തം എന്നിലുണ്ടല്ലോ. ഞാനിപ്പോള്‍ ഇടി, ആട്, രക്ഷാധികാരി ബൈജു, കാറ്റ്, മോഹന്‍ലാല്‍ എന്നിങ്ങനെ കുറെ സിനിമകളുടെ ഭാഗമായിട്ടുണ്ട്.

ജുബില്‍- ക്ഷിപ്രകോപിയാണേലും ഡാഡിച്ചന്‍ പെട്ടെന്ന് തണുക്കുമായിരുന്നു. ഞങ്ങളുടെ കാര്യത്തില്‍ വലിയ നിര്‍ബന്ധമൊന്നും എടുത്തിട്ടില്ല. എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്, ബാബു ആന്റണിയുടെ ഒരു സിനിമ കണ്ട് ഞാന്‍ കാതുകുത്തി കുരിശിന്റെ കമ്മലിടണമെന്ന് പറഞ്ഞു. ചീത്തവിളിയാണു പ്രതീക്ഷിച്ചത്. പക്ഷേ ഡാഡിച്ചന്‍ ചോദിച്ചു, നിര്‍ബന്ധമുണ്ടോ? അതെയെന്നു പറഞ്ഞപ്പോള്‍ വണ്ടിയെടുത്ത് ചേര്‍ത്തലയിലെ സുഹൃത്തിന്റെ കടയില്‍ കൊണ്ടുപോയി കാത്തുകുത്തിച്ച്, കുരിശുകമ്മല്‍ ഇടിപ്പിച്ചു. രണ്ടുവര്‍ഷം അതെന്റെ കാതിലുണ്ടായിരുന്നു. പിന്നീടൊരിക്കല്‍ ടാറ്റൂ അടിക്കണമെന്ന് പറഞ്ഞു, അന്നും ചില രാജ്യത്തെ വിസയ്ക്ക് പ്രശ്‌നമാണ്. ആലോചിച്ചു ചെയ്യണംം എന്നായിരുന്നു മറുപടി. സരസനും രസികനുമായിരുന്നു ഡാഡിച്ചന്‍.
പഠനത്തിലും മമ്മിയ്ക്കായിരുന്നു നിര്‍ബന്ധം. ഒരിക്കല്‍ ഡാഡിച്ചന്‍ വീട്ടിലുള്ളപ്പോള്‍ എനിക്ക് പരീക്ഷയാണ്. മമ്മി രാവിലെ എന്നെ കുത്തിപ്പൊക്കി പഠിപ്പിക്കാന്‍ ശ്രമിച്ചു. അപ്പോഴാണ് പുള്ളി എഴുന്നേറ്റത്. എന്താ രാവിലെ?? ഞാന്‍ കാര്യം പറഞ്ഞപ്പോള്‍ അവള്‍ക്കു വേറെ പണിയൊന്നുമില്ല. നീ പോയി കിടക്ക്. ഒരു ദിവസം പഠിച്ചതു കൊണ്ട് ഒന്നും കിട്ടാനില്ല. ഒരു കൊല്ലമെടുത്ത് പഠിച്ചില്ലെങ്കില്‍ അവസാന ഒരാഴ്ച കൊണ്ട് ഒന്നും നേടില്ല. എന്നു പറഞ്ഞു. ആ വാക്കുകള്‍ പിന്നീടെനിക്ക് വലിയ സഹായമായിട്ടുണ്ട്.

ശാന്തമ്മ- രാജേട്ടന്‍ അങ്ങനെയായിരുന്നു. വീടിനോട് വല്ലാത്ത ആത്മബന്ധമായിരുന്നു. ഷൂട്ടിംഗകലെയാണെങ്കില്‍ ഒറ്റയ്ക്കാ, സൂക്ഷിക്കണം, തനിച്ച് പുറത്ത് പോകരുത് എന്നെല്ലാം പറയും. രണ്ടാഴ്ചയി ലേറെ വീട്ടില്‍ നിന്ന് മാറി നില്‍ക്കില്ല. മരുന്നു കഴിക്കും പോലെയാണ് ഫോണ്‍വിളി. വീട്ടിലിരിക്കുന്നവര്‍ക്കതിന്റെ വിഷമം അറിയില്ലെന്ന് പറയും. അദ്ദേഹം ഒരു നേരം വിളിച്ചില്ലെങ്കില്‍ അതിന്റെ സങ്കടം വേറെയാണ്. മക്കളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം എനിക്കായിരുന്നു. മക്കള്‍ക്ക് സിനിമയോട് താത്പര്യമാണെന്ന് രാജേട്ടനറിയാമായിരുന്നു. ജുബില്‍ ആദ്യമഭിനയിച്ചതും രാജേട്ടന്റെ ടെലിഫിലിമിലാണ്.

uploads/news/2018/07/233018/rajanpdevINW.jpg

ജുബില്‍- 10-11 വയസ്സുള്ളപ്പോള്‍ ഡാഡിച്ചന്‍ സംവിധാനം ചെയ്ത പാപികള്‍ക്ക് മോചനം എന്ന ടെലിഫിലിമാണ് എന്റെ തുടക്കം. ഞാനാണു നായകന്‍. ചേര്‍ത്തലയിലെ ക്രൗഡിന്റെ മുമ്പിലാണ് ഷൂട്ടിംഗെന്ന് ആലോചിച്ചപ്പോള്‍ ഡാഡിച്ചന് പേടി വന്നെന്നു തോന്നി. ഷൂട്ടിന്റെ തലേന്ന് രംഗം അഭിനയിച്ചു കാണിക്കാന്‍ പറഞ്ഞു. ഞാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ട് കഴിഞ്ഞില്ല. പക്ഷേ പിറ്റേന്നത് ശരിയാക്കി. എനിക്കാദ്യം സഭാകമ്പമായിരുന്നു.
ആദ്യ സിനിമ എന്റെ പ്രിയപ്പെട്ട മുത്തുവിന് ആണ്. ഡാഡിച്ചന്‍ പറഞ്ഞു, സിനിമ മാത്രം കണ്ട് മുന്നോട്ടു പോകരുത്. ഉഴപ്പരുത്. പ്രൊഫഷന്‍ കഴിഞ്ഞ് മതി സിനിമ.പഠനം കഴിഞ്ഞ സമയത്ത് വിനയന്‍സാര്‍ എന്നെക്കുറിച്ച് സംസാരിച്ചതും ഡാഡിച്ചനോടാണ്. വിനയന്‍ വിളിച്ചിട്ടുണ്ട്, ഒന്നു പോയി കണ്ടേക്ക്.. എന്നെന്നോട് പറഞ്ഞു. പക്ഷേ അന്ന് സാറിന്റെ മനസ്സിലെ പ്രൊജക്ടിന് (രഘുവിന്റെ സ്വന്തം റസിയ) ഞാന്‍ പറ്റില്ലായിരുന്നു. അങ്ങനെയത് മുടങ്ങി. ഡാഡിച്ചന്‍ വഴി ചെറുപ്പം മുതല്‍ സിനിമാലോകമറിയാം, അഡ്വാന്‍സ് വാങ്ങിയതും ഷെഡ്യൂള്‍ ചെയ്തതുമൊക്കെ പിന്നീട് മാറിപ്പോയിട്ടുണ്ട്. അതുകൊണ്ട് ആദ്യ സിനിമ പോയപ്പോള്‍ സങ്കടപ്പെട്ടില്ല. പിന്നീട് വിനയന്‍ സാറിന്റെ തന്നെ അടുത്ത പ്രൊജക്ടില്‍ ഞാന്‍ വന്നു, അതാണ് യക്ഷിയും ഞാനും. അതോടെ സിനിമ മതിയെന്ന് തീരുമാനിച്ചു. അറബിപ്പൊന്ന്, കുന്ദാപുര, താപ്പാന, രക്തരക്ഷസ്സ് എന്നിങ്ങനെ 17 സിനിമകള്‍ ചെയ്തു, ഒപ്പം ബിസിനസ്സുമുണ്ട്.

ശാന്തമ്മ- സിനിമയിലെ ഉയര്‍ച്ചയും താഴ്ചയുമൊക്കെ രാജേട്ടന് ശരിക്കറിയാം. മലയാള നാടകശാല ട്രൂപ്പ് തുടങ്ങിയ ശേഷമാണ് നഷ്ടങ്ങളൊക്കെ. വസ്തുക്കള്‍ മുഴുവന്‍ വിറ്റു. അവസാനം വലിയ സാമ്പത്തിക ബുദ്ധിമുട്ടിലായി. എന്റെ സ്വര്‍ണ്ണം വരെ വിറ്റ് നാടകം നടത്തി. രാജേട്ടന്റെ സഹോദരിയുടെ വിവാഹം നടത്തിയതൊക്കെ എന്റെ സ്വര്‍ണ്ണം വച്ചാണ്.പിന്നെ വാടകവീട്ടിലായി. എനിക്കതിനും പരിഭവമില്ലായിരുന്നു. രാജേട്ടന്റെ സ്‌നേഹത്തിലെന്നും എന്നോടുള്ള കടപ്പാടുണ്ടായിരുന്നു.

ജുബില്‍- ചേര്‍ത്തലയിലെ വലിയ ജന്മികളായിരുന്നു ഡാഡിച്ചന്റെ കുടുംബം. മമ്മിയുടേതും നല്ല കുടുംബമായിരുന്നു. പെങ്ങള്‍ ജനിച്ചു കഴിഞ്ഞ് അവര്‍ വലിയ കഷ്ടതകളനുഭവിച്ചിട്ടുണ്ട്..നല്ല വീട്ടിലെ പെങ്കാച്ചിനെ കഷ്ടപ്പെടുത്തിയിട്ടുണ്ടെന്ന് പറയുമായിരുന്നു. പിന്നീട് സാമ്പത്തികം നന്നായപ്പോള്‍ ചേര്‍ത്തല എവിടെ പ്രോപ്പര്‍ട്ടി ഉണ്ടെങ്കിലും ഡാഡിച്ചനത് മമ്മിയുടെ പേരില്‍ വാങ്ങുമായിരുന്നു. മമ്മിക്ക് ആവശ്യത്തിലധികം സ്വര്‍ണ്ണവും വാങ്ങിക്കൊടുത്തു. ബെന്‍സ് വാങ്ങിയതും അങ്ങനൊരു സങ്കടത്തിന്റെ പേരിലാണ്. ഒരിക്കല്‍ ഡാഡിച്ചന്റെ കസിന്റെ ബെന്‍സില്‍ കയറിയിരുന്നപ്പോള്‍ ബെന്‍സില്‍ ഇരിക്കാറായിട്ടില്ല എന്നു പറഞ്ഞു. ഡാഡിച്ചന് സങ്കടമായി. അതിനാണ് പിന്നീട് ബെന്‍സ് വാങ്ങിയത്. അത്തരം സ്വീറ്റ് റിവഞ്ചുകള്‍ ഡാഡിച്ചന് എന്നുമുണ്ടായിരുന്നു. പിന്നീട് സാമ്പത്തിക ഞെരുക്കം വരാതിരിക്കാന്‍ ചേട്ടച്ചന്‍ പറഞ്ഞിട്ടാണ് ഡാഡിച്ചന്‍ ബിസിനസ്സില്‍ നിക്ഷേപിച്ചത്.

ശാന്തമ്മ- കാട്ടുകുതിരയിലെ വേഷമാണ് വഴിത്തിരിവായത്. പരുക്കന്‍ വേഷങ്ങള്‍ ചെയ്തതു കൊണ്ട് ഗൗരവക്കാരന്റെ ഇമേജായിരുന്നു അദ്ദേഹത്തിന്. എന്നാല്‍ പൊട്ടിച്ചിരികളും സന്തോഷങ്ങളുമായി മറ്റൊരു രാജേട്ടനായിരുന്നു വീട്ടില്‍.

ജുബില്‍- മാന്നാര്‍ മത്തായി കണ്ട് ചിരിച്ച് ശ്വാസമെടുക്കാന്‍ പറ്റാതായ ഡാഡിച്ചനെ ഓര്‍മ്മയുണ്ട്. സിനിമയില്‍ സെന്റിമെന്റ്‌സ് കണ്ടാല്‍ ഡാഡിച്ചന്‍ കരയും. ആകാശദൂത് കണ്ട് കരഞ്ഞ് ഒരു പരുവമായിട്ടുണ്ട്. ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ ഞങ്ങള്‍ യു.എസിലായിരുന്നപ്പോഴാണ് കണ്ടത്.കരഞ്ഞു നിലവിളിച്ച് പാച്ചിക്കയെ വിളിച്ചിട്ട് പടം ഇപ്പഴാ കണ്ടത്. നല്ല സിനിമയാണ്. എന്നു പറഞ്ഞു. സ്വന്തം സിനിമകളിലെ തമാശ കണ്ടാലും ഡാഡിച്ചന്‍ ചിരിക്കും.

ശാന്തമ്മ- കാട്ടുകുതിര സിനിമയില്‍ അഭിനയിക്കാന്‍ കഴിയാഞ്ഞതില്‍ സങ്കടമുണ്ടെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. അതല്ലാതെ വലിയ സങ്കടങ്ങളൊന്നും തോന്നിയിട്ടേയില്ല. ഇടയ്ക്ക് സിനിമാമേഖല സ്തംഭിച്ചപ്പോള്‍ വലിയ സങ്കടമായിരുന്നു.

ജുബില്‍- കാട്ടുകുതിര ഡാഡിച്ചന്‍ ചെയ്യാതിരുന്നത് നന്നായെന്നാണെന്റെ പക്ഷം. രാജന്‍ പി.ദേവ് എന്ന നടന്റെ മാക്‌സിമം ആ നാടകത്തിലുണ്ട്. എന്നാല്‍ ഇന്ദ്രജാലത്തിലെ കാര്‍ലോസ് വില്ലന്‍ സങ്കല്‍പ്പങ്ങളെല്ലാം മാറ്റിയെഴുതിയ കഥാപാത്രമായി. പ്രേക്ഷക പ്രതീക്ഷക്കപ്പുറം ചെയ്യാനായതു കൊണ്ടാണ് കാര്‍ലോസ് ട്രെന്‍ഡായത്. അപ്രതീക്ഷിതമായ വരവായിരുന്നു അത്. മുമ്പ് സഞ്ചാരി, പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍, മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്നീ സിനിമകളൊക്കെ ചെയതെങ്കിലും ഇന്ദ്രജാലമാണ് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് 250ല്‍പ്പരം സിനിമകള്‍. വില്ലനും സഹനടനും കൊമേഡിയനുമടക്കം ശ്രദ്ധിക്കപ്പെട്ട വേഷങ്ങള്‍. ഡാഡിച്ചന്റെ ഫാനാണ് ഞാന്‍. ഒട്ടുമിക്ക സിനിമകളും എനിക്കിഷ്ടമാണ്. എങ്കിലും പേഴ്‌സണല്‍ ഫേവറൈറ്റ് കരുമാടിക്കുട്ടന്‍, തൊമ്മനും മക്കളും, ഇന്ദ്രജാലം എന്നിവയാണ്.

uploads/news/2018/07/233018/rajanpdevINW2.jpg

ഉണ്ണി- തൊമ്മനും മക്കളുമിലെ അച്ഛനായിരുന്നു ഡാഡിച്ചന്‍. ക്യാമറഭയം ഇല്ലാതാക്കിയത് ഡാഡിച്ചനാണ്. ഡാഡിച്ചനെപ്പോലാകാനല്ല, എന്റെ ശൈലിയിലുള്ള വില്ലന്‍ കഥാപാത്രങ്ങളവതരിപ്പിക്കാനാണാഗ്രഹം. ഞാനും ജൂബിലും ഒരു സിനിമയില്‍ ഒന്നിച്ചഭിനയിക്കുന്നുണ്ട്. ഞങ്ങള്‍ സിനിമയില്‍ സജീവമായത് കാണാന്‍ ഡാഡിച്ചന്‍ ഇല്ലല്ലോ എന്ന സങ്കടം മാത്രമേയുള്ളൂ.

ജുബില്‍- ഡാഡിച്ചന്റെ അമ്മച്ചിക്കു ലിവര്‍ സിറോസിസ് ആയിരുന്നു. ഡാഡിച്ചനും അതേ അസുഖം തന്നെ. മദ്യപിക്കുമായിരുന്നെങ്കിലും ഏഴുകൊല്ലം മുമ്പ് നിര്‍ത്തിയതാണ്. ഒരിക്കല്‍ മദ്യപിച്ചിരുന്നത് കൊണ്ട് അത് നിര്‍ത്തിയതാരും അറിഞ്ഞില്ല. അതുകൊണ്ടു തന്നെ വേര്‍പാട് അതുകൊണ്ടാണെന്ന് എല്ലാവരും കരുതി.

ശാന്തമ്മ- അസുഖങ്ങളുണ്ടായിരുന്നെങ്കിലും രാജേട്ടന്‍ ഭക്ഷണത്തില്‍ ഒട്ടും ശ്രദ്ധിക്കില്ലായിരുന്നു. ഞാനുണ്ടാക്കിക്കൊടുക്കുന്നതെല്ലാം കഴിക്കും. മേശ നിറയെ വിഭവങ്ങള്‍ വേണം. ഒരിക്കല്‍ സുരേഷ്‌കൃഷ്ണ വീട്ടില്‍ വന്നപ്പോള്‍ രാജേട്ടന്‍ ഭക്ഷണം കഴിക്കുകയാണ്. ഡൈനിംഗ് ടേബിള്‍ നിറയെ വിഭവങ്ങള്‍. ചേച്ചിയെന്തിനാ ഇത്രയും ഫുഡ് ഉണ്ടാക്കുന്നേ, അസുഖമുള്ളപ്പോള്‍ കുറച്ചൊക്കെ നിയന്ത്രിക്കണ്ടേ?? സുരേഷ് ചോദിച്ചു. ഇതൊന്നും കേള്‍ക്കാതെ കൊച്ചു കുഞ്ഞുങ്ങളെപ്പോലെയാണ് രാജേട്ടനന്ന് ഭക്ഷണം കഴിച്ചത്.
ഒന്‍പതു വര്‍ഷം മുമ്പത്തെ ജൂലൈ. രാജേട്ടന്‍ എന്നെ കുട്ടികളെ ഏല്‍പ്പിച്ച് അകന്നു പോയി. ഒരു ശനിയാഴ്ചയായിരുന്നു. പതിവില്ലാത്ത സന്തോഷമായിരുന്നു. ചിരിയും സംസാരവുമൊക്കെയായി ഒരു ദിവസം. രാത്രിയായപ്പോള്‍ നീ നേരത്തെ കിടന്നോ, പള്ളിയില്‍ പോകേണ്ടതല്ലേ?? എന്നു പറഞ്ഞു. ആഷയുടെ കുട്ടികള്‍ എനിക്കൊപ്പമുണ്ട്. ഞാനതു കൊണ്ട് മറ്റൊരു മുറിയിലാണ്. രാജേട്ടന്‍ അതിരാവിലെ ഉണരുമ്പോള്‍ ചൂടു കാപ്പി വേണം, അത് ഞാന്‍ തന്നെ കൊടുക്കണം. കാപ്പിയുമായി ചെന്നപ്പോള്‍ ആള്‍ വീണ്ടും കിടക്കുന്നത് കണ്ടു. കാപ്പി ചൂടോടെ വേണമെന്നതു കൊണ്ട് പണിയെല്ലാം തീര്‍ത്ത് ഞാന്‍ ചെന്നു. രക്തം ഛര്‍ദ്ദിക്കുന്നതാണ് കണ്ടത്. എഴുന്നേല്‍പ്പിച്ച് കട്ടിലില്‍ കിടത്തി മക്കളെ വിളിക്കാന്‍ നോക്കിയിട്ട് എനിക്കൊരു നമ്പറും ഓര്‍മ്മയില്ല. ആകപ്പാടെ വല്ലാത്തൊരു അവസ്ഥ. അവസാനം കടയിലെ ആളുകളാണ് ആശുപത്രിയില്‍ കൊണ്ടു പോയത്. അവിടെച്ചെന്ന് മൂന്നാം നാള്‍ രാജേട്ടന്‍...

ജുബില്‍- ഡാഡിച്ചന്‍ ഒരു വര്‍ഷം 32 സിനിമകള്‍ വരെ ചെയ്തിട്ടുണ്ട്. അത്രയ്ക്കു തിരക്കായിരുന്നു. സിനിമയില്ലാത്ത ജീവിതം ഡാഡിച്ചന് ചിന്തിക്കാനേ പറ്റുമായിരുന്നില്ല. വയ്യാതെ കിടക്കാത്തത് നന്നായി. അവസാന കാലത്ത് കണ്ണിന് പ്രശ്‌നമായി. പട്ടണത്തില്‍ ഭൂതമൊക്കെ ചെയ്യുമ്പോ ള്‍ ജോണി ആന്റണി ചേട്ടനോട് ക്യാമറ എവിടെയാണെന്ന് ചോദിച്ചിട്ടുണ്ട്. ക്യാമറയ്ക്കു മുമ്പില്‍ വൈറ്റ് പേപ്പര്‍ വീശിക്കാണിച്ചാല്‍ മതി, ഞാനഭിനയിക്കാംം എന്ന് ഡാഡിച്ചന്‍ പറഞ്ഞു. ലോലിപ്പോപ്പിന്റെ സമയത്ത് ഡാഡിച്ചന്റെയടുത്ത് പൃഥ്വിരാജും കുഞ്ചാക്കോ ബോബനുമൊക്കെ വന്ന് രാജുവാണേ, ചാക്കോച്ചനാണേണ എന്നൊക്കെ പറഞ്ഞാണ് മനസ്സിലാക്കിയിരുന്നത്. എന്തിനധികം ഞാന്‍ പോലും ഡാഡിച്ചാ എന്നു വിളിച്ചാണ് പോയിരുന്നത്. ലൊക്കേഷനില്‍ പലരും ഡാഡിച്ചന് ജാഡയാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. കാണാന്‍ പറ്റാതാകുക എന്നത് ഡാഡിച്ചന് വലിയ സങ്കടമായിരുന്നു. അങ്ങനൊരു നീണ്ടജീവിതം ഡാഡിച്ചന്റെ ആംഗിളില്‍ ചിന്തിക്കാനാവില്ല.

ശാന്തമ്മ- രാജേട്ടന്‍ പോയ ശേഷവും എല്ലാവരുമായി നല്ലയടുപ്പമുണ്ട്. സൗഹൃദങ്ങള്‍ ഒരുപാടുണ്ടായിരുന്നു രാജേട്ടന്. മമ്മുട്ടിയുമായി നല്ലയടുപ്പമായിരുന്നു. ഇച്ചാക്ക ഗള്‍ഫ് പ്രോഗ്രാം കഴിഞ്ഞു വരുമ്പോള്‍ എനിക്കെന്താടാ കൊണ്ടു വന്നത??എന്ന് ചോദിക്കുമായിരുന്നു.വില്ലന്‍വേഷങ്ങളെക്കുറിച്ച് ഞാന്‍ ചോദിച്ചാല്‍, എന്റെയീ മുഖവും രൂപവും വച്ച് പിന്നെ മമ്മൂട്ടിയുടെ വേഷം കിട്ടുമോ?? എന്റെ സൗന്ദര്യം വച്ച് നായകനായി വെറുതെ ഞാനെന്തിനാണ് മമ്മൂട്ടിയുടെ കഞ്ഞികുടി ഇല്ലാതാക്കുന്നത്. എന്ന് ചോദിക്കും. എല്ലായ്‌പ്പോഴും മമ്മൂക്കയുടെ പേര് സംസാരത്തിനിടയില്‍ വരുമായിരുന്നു. രാജേട്ടന്‍ പോയ ശേഷം മമ്മുക്കയ്ക്ക് ആ അടുപ്പം മക്കളോടുമുണ്ട്. രാജേട്ടന്‍ ബാക്കി വച്ച സ്വപ്നങ്ങളാണ് ഇനിയെനിക്കെല്ലാം. ജുബിലിന്റെ വിവാഹം കഴിഞ്ഞു. അവന്‍ സിനിമയും ബിസിനസ്സും ഒക്കെയായി മുന്നോട്ടു പോകുന്നു. ഉണ്ണിയാണെങ്കിലും സിനിമയിലുണ്ട്. രാജേട്ടന്‍ തുടങ്ങിയ ചേര്‍ത്തലയിലെ ജൂബിലി എന്ന നാടകട്രൂപ്പും ഞാനും മക്കളും ചേര്‍ന്ന് നടത്തുന്നു... അങ്ങനെ എല്ലാം പതിയെ സാധിക്കുകയാണ്...

ജുബില്‍- എന്റെ വിവാഹത്തിനും മമ്മുക്ക വന്നിരുന്നു. കേരളത്തില്‍ പൊതുവേ അബ്കാരിയും സിനിമാക്കാരനും പെണ്ണ് കിട്ടില്ല. ഞാനത് രണ്ടുമാണ്. എന്നിട്ടും പെണ്ണു കിട്ടി. റിയ എന്റെ ജീവിതപങ്കാളിയായപ്പോള്‍ മമ്മൂക്കയടക്കം പല അഭിനേതാക്കളും എത്തി. എല്ലാം ഡാഡിച്ചനോടുള്ള സ്‌നേഹം കൊണ്ടാണ്. റിയ അഹമ്മദാബാദില്‍ ജനിച്ചു വളര്‍ന്നതാണ്. മലയാളം പറയാനറിയില്ല. എന്നാലും സിനിമ കാണും. ഡാഡിച്ചന്റെ സിനിമ കണ്ടിട്ടുണ്ട്.
ഞാനിപ്പോള്‍ ചെയ്യുന്നത് ഒരു ഗസറ്റഡ് യക്ഷി എന്ന സിനിമയാണ്. അതില്‍ ആന്റിഹീറോയാണ് ഞാന്‍. ഹ്യൂമറും, സെന്റിമെന്റ്‌സുമടങ്ങുന്ന സിനിമ. അയാള്‍ കഥയെഴുതുകയാണ് സിനിമയിലെ ലാലേട്ടന്റെ ഗസറ്റഡ് യക്ഷിയുമായി ബന്ധമില്ല. പക്ഷേ ആ പേരുമായി നല്ല ബന്ധമുണ്ട്. ഈ സിനിമയില്‍ ഉണ്ണിയുമുണ്ട്. കുടുംബം പോലെ വളരെ അടുപ്പം തോന്നിയ ക്രൂവാണ്. സംവിധാനവും ഇഷ്ടമാണ്. ഡാഡിച്ചന്‍ ബാക്കിവച്ച ഒരു പ്രൊജക്ടുണ്ട്. മമ്മുക്കയാണു നായകന്‍. അത് ചെയ്യണം.ലാല്‍ സാറിനെ അസിസ്റ്റ് ചെയ്യുന്നുണ്ട്, വര്‍ഷങ്ങളായി പോസ്റ്റ് പ്രൊഡക്ഷനിലുമുണ്ട്. എന്റെ സിനിമാസങ്കല്പം തൊണ്ണൂറുകളിലേതാണ്. അതുപോലെയൊരു ടിപ്പിക്കല്‍ മലയാളസിനിമ ചെയ്യണം. രണ്ടു മണിക്കൂര്‍ സിനിമയല്ല. പക്കാ കൊമേഴ്ഷ്യല്‍, സിനിമാറ്റിക്ക്, എന്റര്‍ടെയ്‌നര്‍, ഫെസ്റ്റിവല്‍ മൂവി. അതാണ് മനസ്സില്‍... എല്ലാത്തിനും ഡാഡിച്ചന്റെ അനുഗ്രഹം ഉണ്ടാവട്ടെ...

ലക്ഷ്മി ബിനീഷ്

Ads by Google
Friday 13 Jul 2018 12.44 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW