Monday, August 26, 2019 Last Updated 42 Min 38 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Jul 2018 04.21 PM

ഇന്ദു വീണ്ടെടുത്ത ജീവിതം

"" ഒറ്റവാക്കില്‍ പറഞ്ഞാല്‍ മേലേത്തട്ടിലെ ചില ജീവനക്കാരാല്‍ ഞാന്‍ വഞ്ചിക്കപ്പെടുകയായിരുന്നു."" "" ഇന്ദു വിളമ്പിത്തന്ന ഭക്ഷണം അതില്‍ കുഴച്ചുണ്ണുമ്പോള്‍ എന്റെ ഹൃദയം തുളുമ്പി. എനിക്ക് എന്റെ ജീവിതം തിരിച്ചുകിട്ടിയിരിക്കുന്നു.""
uploads/news/2018/07/232285/atlesraman100718a1.jpg

ജയിലും ജീവിതവും - 2

വലിയൊരു ആപത്തുവരുമ്പോഴാണ് മനുഷ്യന്‍ അവനവനിലേക്ക് കണ്ണുവിടര്‍ത്തിനോക്കുന്നതും സമൂഹമധ്യത്തില്‍ താന്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത് എങ്ങനെയെന്ന് അറിയുന്നതും.

അറസ്റ്റ് ചെയ്യപ്പെട്ടശേഷമുളള എന്റെ അനുഭവങ്ങളെ മുന്‍നിര്‍ത്തിയാണ് ഞാനിതുപറയുന്നത്. സവിശേഷമായ സ്വഭാവത്തിന് ഉടമയാണല്ലോ വലിയൊരു വിഭാഗം മലയാളിയും. തന്നേക്കാള്‍ ഉയരെയെന്നു കാണുന്ന ഒരാളുടെ വീഴ്ചയില്‍ ഈ വിഭാഗത്തില്‍ പെട്ടവര്‍ വലിയ രീതിയില്‍ സന്തോഷിക്കും. തന്നെക്കൊണ്ട് കഴിയാത്തതൊന്നും മറ്റൊരാള്‍ ചെയ്യരുത്.

അല്ലെങ്കില്‍ തനിക്ക് എത്തിച്ചേരാന്‍ കഴിയാത്ത വലിയ ഇടങ്ങളിലൊന്നും മറ്റൊരാള്‍ എത്തിച്ചേരരുത്. ഈ വിചാരങ്ങളാണ് മേല്‍പറഞ്ഞവരുടെ അടിസ്ഥാന സ്വഭാവം.

അത്ഭുതമെന്നു പറയട്ടെ, ഞാന്‍ വീണുപോയപ്പോള്‍ സംഭവിച്ചത് നേരെ മറിച്ചാണ്. അവരാരും കൈകൊട്ടിച്ചിരിച്ചില്ല എന്നുമാത്രമല്ല വല്ലാത്തൊരു സങ്കടമാണ് പ്രകടിപ്പിച്ചത്. കോര്‍പറേറ്റ് കൊത്തളങ്ങളില്‍ മാത്രം ഉണ്ടുറങ്ങാതെ ജീവിച്ചതിന്റെ ഫലം. കൂട്ടത്തിലൊരാള്‍ക്ക് ആപത്തുവരും പോലെയാണ് എല്ലാവരും ആധിപിടിച്ചതും സഹതാപം ചൊരിഞ്ഞതും.

എത്രയും വേഗം ഞാന്‍ ജയില്‍മോചിതനാകാനും തിരികെ ബിസിനസ്സില്‍ പ്രവേശിക്കാനും പ്രാര്‍ത്ഥിച്ചു എന്നുപറഞ്ഞാല്‍ അതില്‍ അതിശയോക്തിയേയില്ല.

ഞാന്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത, പരിചയമില്ലാത്ത ആളുകള്‍ പോലും ആ കൂട്ടത്തില്‍പെടും. പക്ഷേ അവര്‍ എന്നെ അറിയുന്നുണ്ടായിരുന്നു. എന്റെ സ്വര്‍ണ്ണാഭരണ ശാലകളിലെ ഇടപാടുകാരായും നല്ല സിനിമകളുടെ നിര്‍മ്മാതാവായും ഒരു പിടി സിനിമകളിലെ അഭിനേതാവായും സാഹിത്യപുരസ്‌കാരങ്ങള്‍ നല്‍കുന്ന ആളായും ഒക്കെ.

അതുപോലെ ആയിരത്തോളം വരുന്ന എന്റെ തൊഴിലാളികള്‍ക്കിടയിലും ഞാന്‍ എക്കാലവും അവരില്‍ ഒരാളായാണു ജീവിച്ചത്. എല്ലാവരെയും ഞാന്‍ വിശ്വാസത്തിലെടുത്തു. വിശ്വാസം കുറെ കൂടുതലായിരുന്നു എന്ന് ഇവിടെ എടുത്തു പറയണമെന്നു തോന്നുന്നു. കാരണം എനിക്കുണ്ടായ വന്‍വീഴ്ചയില്‍ അമിതമായ ഈ വിശ്വാസത്തിനുമുണ്ട് വലിയൊരു പങ്ക്.

മാനേജര്‍ തലത്തില്‍ ഉളളവരൊക്കെയും ബിസിനസ്സിനെ സംബന്ധിച്ച് എന്നെ ധരിപ്പിച്ചുപോന്ന വിവരങ്ങളൊക്കെയും കണ്ണടച്ചു ഞാന്‍ വിശ്വസിച്ചു. ബിസിനസ്സ് നല്ലരീതിയില്‍ നടക്കുന്നൊരു കാലത്ത് ഞാന്‍ എങ്ങനെ അവര്‍ പറയുന്നതിനെ സംശയിക്കും? ഒരു മില്യണ്‍ഡോളര്‍ (68000 കോടി രൂപ) ടേണ്‍ ഓവര്‍ ഉളള ഒരു കമ്പനിയായിരുന്നു അറ്റ്‌ലസ് എന്നോര്‍ക്കണം. പബ്ലിഷ് ചെയ്ത ബാലന്‍സ് ഷീറ്റിലെ കണക്കാണിത്.

48 ജ്വല്ലറികളിലും മറ്റുമായി അത്രക്കായിരുന്നു ബിസിനസ്സ്. പക്ഷേ അതില്‍ ലാഭം എത്രയെന്നു മാത്രം ആരും അറിയിച്ചില്ല. ഞാനത് ആവശ്യപ്പെടുകയോ കണക്കുകള്‍ പരിശോധിക്കുകയോ ചെയ്തില്ല.

uploads/news/2018/07/232285/atlesraman100718a.jpg

ഓഡിറ്റിംഗ്, ഫൈനാന്‍സിങ് തുടങ്ങിയ കണക്കിന്റെ ലോകത്ത് ഡോക്ടറേറ്റ് എടുത്ത പ്രഗത്ഭര്‍ വരെയുളള എന്റെ ടീം എല്ലാം ഭദ്രമായാണ് കൊണ്ടുനടക്കുന്നതെന്ന പൂര്‍ണ്ണവിശ്വാസത്താല്‍ ബിസിനസ്സില്‍ ചെലുത്തേണ്ട ശ്രദ്ധയത്രയും ഞാന്‍ മറ്റ് മേഖലകളിലേക്ക് തിരിച്ചുവിട്ടതാണ് ഇപ്പോള്‍ നേരിട്ട ദുരിതങ്ങള്‍ക്കെല്ലാം മൂലകാരണമായതെന്ന് തടവറയിലെ ഏകാന്തതയില്‍ ഒരു നടുക്കത്തോടെ ഞാന്‍ തിരിച്ചറിഞ്ഞു.

ഒറ്റവാക്കില്‍ പറഞ്ഞാല്‍ മേലേത്തട്ടിലെ ചില ജീവനക്കാരാല്‍ ഞാന്‍ വഞ്ചിക്കപ്പെടുകയായിരുന്നു. ഒടുവിലത്തെ കുറെക്കാലം ലാഭമില്ലാതെയാണ് കമ്പനി ഓടിക്കൊണ്ടിരുന്നതെന്ന് അറിഞ്ഞപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. ഇനിയൊന്നും ചെയ്യാനില്ലാത്ത അവസ്ഥയില്‍ ഞാന്‍ ബന്ധനസ്ഥനായി തീര്‍ന്നിരുന്നു.

ഞാന്‍ എന്നോട് ചെയ്ത അനീതികള്‍


ഞാന്‍ തുറന്നുപറയട്ടെ, ഈ ദുരിതപര്‍വ്വം എന്നെ സ്വയം വിചാരണക്ക് വിധേയമാക്കി. ഞാന്‍ എന്നോട് ചെയ്തു കൂട്ടിയ അനീതികള്‍ ഉളളില്‍ തെളിഞ്ഞു വന്ന് ഭൂതം കണക്കെ എന്നെ തുറിച്ചുനോക്കി.

ഒരു ബിസിനസ്സുകാരനായ ഞാന്‍ അതില്‍ ജാഗ്രതയും ഏകാഗ്രതയും കാണിക്കാതെ മറ്റുപല രംഗത്തും സമയം കളഞ്ഞില്ലേ? ഞാന്‍ അഭിനയിച്ച 15 ഓളം സിനിമകള്‍ക്കായി എത്ര ദിവസങ്ങളാണ്, ആഴ്ചകളാണ് ബിസിനസ്സില്‍ നിന്നു വിട്ടുനിന്നത്.

സിനിമയില്‍ 10 മിനിട്ട് പ്രത്യക്ഷപ്പെടുന്നതിനായി ഷൂട്ടിങ് ലൊക്കേഷനിലും ഹോട്ടല്‍ മുറിയിലുമായി ചിലവഴിക്കേണ്ടത് പത്തുദിവസമാണ്. സെറ്റിലേക്കും പിന്നെ തിരികെയുളള യാത്രയ്ക്കും വേണം കുറെ ദിവസങ്ങള്‍. ഇക്കണക്കിന് 15 സിനിമകളില്‍ അഭിനയിക്കുകയും ഒരു സിനിമ സംവിധാനം ചെയ്യുകയും ചെയ്ത ഞാന്‍ അതിനായി ചിലവഴിച്ച നാളുകള്‍ എത്രവരും? ഇതിനുപുറമേ ചലച്ചിത്രനിര്‍മ്മാണത്തിനായി ചിലവഴിച്ച നാളുകള്‍ വേറെയുമുണ്ട്.

ബിസിനസ്സില്‍ ശ്രദ്ധചെലുത്തേണ്ട വിലപ്പെട്ട സമയം വഴിമാറ്റിച്ചിലവഴിച്ച ഈ നാളുകള്‍ക്കുളള വിലയാണ് ഞാനിപ്പോള്‍ നല്‍കുന്നതെന്നൊരു കുറ്റബോധമാണ് എന്നെ ഇപ്പോള്‍ സദാ ഭരിക്കുന്നത്.

എന്നിലെ കലാകാരന്റെ സംതൃപ്തിക്കുവേണ്ടിയാണ് ഞാനിതൊക്കെയും ചെയ്തതെന്ന സത്യം മറുവശത്ത് നില്‍ക്കുന്നുണ്ട്. പക്ഷേ ഒരു ബിസിനസുകാരന്‍ ആത്യന്തികമായി നില്‍ക്കേണ്ടത് ബിസിനസ്സ് പക്ഷത്തുതന്നെയാണെന്ന് ഇപ്പോള്‍ ജീവിതം നേരിടുന്ന തിരിച്ചടികള്‍ എന്നോട് വിളിച്ചു പറയുന്നു.

ഞാനത് മാലോകരോടും പറയുന്നു. പ്രത്യേകിച്ച് ബിസിനസ്സിലെ പുതുതലമുറയോട്. ഏറ്റവും സംഘര്‍ഷഭരിതമായ ഒരു പ്രവര്‍ത്തനമേഖലയാണ് ബിസിനസ്സ്.

അവിടെ വിജയിക്കാന്‍ ഏറ്റവും ആവശ്യം അതിന്‍മേലുള്ള നിതാന്ത ജാഗ്രതയാണ്. ഫോക്കസ് നഷ്ടമായാല്‍ ക്രമേണ എല്ലാം താറുമാറാകും. കടക്കെണിയില്‍ കുടുങ്ങും. ജീവിതം തന്നെ കൈവിട്ടുപോകും. കലയുടെ ഉപാസകനായ അറ്റ്‌ലസ് രാമചന്ദ്രനു സംഭവിച്ചത് നിങ്ങള്‍ക്കു സംഭവിക്കാതിരിക്കട്ടെ. കല ആവോളം ആസ്വദിക്കാം.

പക്ഷേ അതില്‍ ഇറങ്ങി പ്രവര്‍ത്തിച്ച് ശ്രദ്ധ മുവന്‍ അതിനു നല്‍കേണ്ടതില്ല. പകരം ബിസിനസിനെ കലയായി കാണൂ. ജീവിതത്തെ സൗന്ദര്യാത്മകമാക്കൂ. വിജയം ഒരു കലാസൃ ഷ്ടി പോലെ തിളക്കമുള്ളതാകൂ.

എന്റെ വീഴ്ചകള്‍ക്ക് എല്ലാം കാരണം എന്റെ കലാപ്രവര്‍ത്തനമായിരുന്നു എന്നല്ല ഈ പറഞ്ഞതിനൊക്കെ അര്‍ത്ഥം. അത് പല കാരണങ്ങളില്‍ ഒന്നുമാത്രമാണ്. അതെല്ലാം വിശദീകരിക്കാന്‍ തുടങ്ങിയാല്‍ എന്നോട് നീതികേട് കാട്ടിയ പലരുടെയും പേര് എനിക്കു പറയേണ്ടിവരും. ഞാനതു ചെയ്യുന്നില്ല. കാരണം അങ്ങനെ ചെയ്യുന്നതുകൊണ്ട് നഷ്ടപ്പെട്ടതൊന്നും എനിക്ക് തിരിച്ചുകിട്ടില്ല.

എന്റെ വിധിയില്‍ പങ്കുപറ്റാന്‍ മറ്റാരെയും കിട്ടുകയുമില്ല. എന്റെ ദുരവസ്ഥകളെ ഞാന്‍ തനിയെ നേരിട്ടുകൊള്ളാം. അതിനുള്ള കരുത്തും ക്ഷമയും ആരോഗ്യവും ദൈവം എനിക്കു തന്നിട്ടുണ്ട് മുമ്പും ഞാന്‍ വീണിട്ടുണ്ട്. അപ്പോഴെല്ലാം എന്നെ കൈപിടിച്ചു നടത്തിയ ദൈവം ഇവിടെയും എന്നെ തുണയ്ക്കും.

ഇനിയൊരു അങ്കത്തിനു ബാല്യമുണ്ടോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ അഭ്യുദയകാംക്ഷികളില്‍നിന്നും മാധ്യമസുഹൃത്തുക്കളില്‍നിന്നും ഞാന്‍ കേള്‍ക്കുന്നുണ്ട്. അവരോടെല്ലാം 'ഉണ്ട്' എന്നുതന്നെയാണ് നിശ്ചയദാര്‍ഢ്യത്തോടെ ഞാന്‍ പറഞ്ഞത്.

കഴിഞ്ഞകാല അനുഭവങ്ങളാണ് എനിക്ക് അതിനുള്ള ആര്‍ജ്ജവവും തുടര്‍ന്നു പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജവും തരുന്നത്.

uploads/news/2018/07/232285/atlesraman100718a2.jpg

കുവൈറ്റില്‍ ജ്വല്ലറി ബിസനസ്സ് തുടങ്ങുമ്പോള്‍ എന്റെ മൂലധനം വെറും രണ്ടുകിലോഗ്രാം സ്വര്‍ണമാണ്. ദുബായില്‍ തുടങ്ങുമ്പോഴാകട്ടെ അത് എട്ടുകിലോഗ്രാമായി വര്‍ദ്ധിച്ചിരുന്നു. 90 ലെ കുവൈറ്റ് യുദ്ധത്തില്‍ വന്‍തകര്‍ച്ച നേരിട്ടടത്തുനിന്നാണ് 48 ബ്രാഞ്ചുകള്‍ അറ്റ്‌ലസിന്റെ പേരില്‍ പിന്നീട് പടുത്തുയര്‍ത്തിയത്. ന്യൂയോര്‍ക്കില്‍ പോലും അറ്റ്‌ലസിന്റെ ബ്രാഞ്ച് തുറക്കാനായി.

ഇതൊന്നും തനിയെ മുളച്ചുവന്നതല്ല. കഠിനാധ്വാനം കൊണ്ടും അര്‍പ്പണബോധം കൊണ്ടും ഉണ്ടായതാണ്. അതിനുളള മനസ്സ് കൈമോശം വരാത്തിടത്തോളം ചാരത്തില്‍ നിന്നെനിക്ക് ഉയരാനാകുമെന്നതിന് ലവലേശമില്ല സംശയം.

അനുഭവങ്ങള്‍... അതെത്ര സുഖകരവും വിഷമകരവും ആയിക്കോട്ടെ അതില്‍ കുടുങ്ങിക്കിടക്കുന്നൊരു ശീലം എനിക്കില്ല. ഇവിടെയും എന്റെ ഫിലോസഫി അതുതന്നെ. മുന്നോട്ടു പോവുക. കൂടുതല്‍ നല്ല അനുഭവങ്ങള്‍ക്കായി പണിയെടുക്കുക.

നഷ്ടപ്പെട്ട ഭൂമിയില്‍ നിന്നുതന്നെയാകും എന്റെ പുതിയ തുടക്കം. അതായത് ദുബായില്‍ അറ്റ്‌ലസ് ജ്വലറി. ഈ പ്രതിജ്ഞനിറവേറ്റാന്‍ എന്നെ സ്‌നേഹിക്കുന്നവരുടെയെല്ലാം നിസ്സീമമായ സഹായസഹകരണങ്ങള്‍ ഉണ്ടാകുമെന്നാണ് വിശ്വാസം.

എന്റെ മോചനത്തിനു വഴിയൊരുക്കാന്‍ ഒരുപിടി സുമനസ്സുകള്‍ എത്തിയിട്ടുണ്ട്. കൂട്ടത്തില്‍ പറയട്ടെ, അതിനായി പടപൊരുതിയ ഒരാള്‍ എന്റെ സഹധര്‍മ്മിണിയാണ്. ഇന്ദു എന്നു ഞാന്‍ വിളിക്കുന്ന ഇന്ദിര.

ബിസിനസ്സ് എന്തെന്നറിയാത്ത, ഒരു ചെക്കില്‍ ഒപ്പിട്ടു പോലും ശീലമില്ലാത്ത ഭാര്യ ഇന്ദിരയാണ് ബാങ്ക് അധികൃതരെ നിരന്തരം കണ്ടതും എന്നെ വിശ്വാസത്തിലെടുക്കാന്‍ ആവശ്യമായതെല്ലാം ചെയ്തതും. അതൊരു ഒറ്റയാള്‍ പോരാട്ടമായിരുന്നു. എന്റെ ശിഷ്ടകാലജീവിതം മുഴുവനും ഞാന്‍ ഇന്ദുവിനു കടപ്പെട്ടിരിക്കും എന്നു നിറഞ്ഞമനസ്സോടെ പറയാന്‍ ഞാനാഗ്രഹിക്കുന്നു.

വിമോചിതനായി ദുബായിലെ വീട്ടില്‍വന്നു കയറിയ ആദ്യദിവസം ഭക്ഷണം കഴിക്കാനിരിക്കെ തീന്‍മേശയില്‍ ഇന്ദു കൊണ്ടുവച്ച ഒരു സ്റ്റീല്‍ പാത്രത്തെപ്പറ്റി പറഞ്ഞേ സുദീര്‍ഘമായ ഈ കുറിപ്പ് അവസാനിപ്പിക്കാന്‍ കഴിയൂ.

'ഒരു സ്റ്റീല്‍ പാത്രമോ?' എന്ന് വായനക്കാര്‍ കൗതുകം കൊള്ളാന്‍ വരട്ടെ. അതൊരു കാരുണ്യമായി പരിഗണിക്കുകയാണിവിടെ.

സംഗതിയെന്തെന്നാല്‍ ഒരു സസ്യാഹാരിയായ ഞാന്‍, അറിയാതെ ചില ശീലങ്ങള്‍ അതോടൊപ്പം കൈക്കൊണ്ടിരുന്നു. വീട്ടില്‍ വെള്ളം കുടിക്കുന്നതും ആഹാരം കഴിക്കുന്നതും പണ്ടേ ഞാന്‍ ചില്ലുപാത്രങ്ങളിലല്ല, സ്റ്റീല്‍ പാത്രങ്ങളിലാണ്. ദുബായിലെ വീട്ടിലും ആ ശീലം ഞാന്‍ കൊണ്ടുനടന്നിരുന്നു. എന്നാല്‍ ജയിലിലെ സാഹചര്യങ്ങള്‍ വേറെയാണല്ലോ. അതിനാല്‍ അത് എനിക്ക് എന്തെന്നില്ലാത്തൊരു വൈകാരികാനുഭവമായി.

ഇന്ദു വിളമ്പിത്തന്ന ഭക്ഷണം അതില്‍ കുഴച്ചുണ്ണുമ്പോള്‍ എന്റെ ഹൃദയം തുളുമ്പി. എനിക്ക് എന്റെ ജീവിതം തിരിച്ചുകിട്ടിയിരിക്കുന്നു. അല്ല, ഭാര്യ കരുതലോടെ എനിക്കു തിരിക്കെത്തന്നിരിക്കുന്നു. മൂന്നുവര്‍ഷത്തെ കാരാഗൃഹവാസത്തിന്റെ വിഷമതകള്‍ അവിടെ അവസാനിക്കുകയായിരുന്നു; മനസുകൊണ്ട്.

മറ്റൊരു തുടര്‍ച്ച അവിടെ ആരംഭിക്കുന്നതായും എനിക്കു തോന്നി. നിസാരമെന്നു കരുതുന്ന ചിലതൊക്കെയാണ് ജീവിതത്തെ വീണ്ടും മോഹന തീഷ്ണമാക്കുന്നതെന്ന സത്യം ഞാനവിടെ അറിയിക്കുകയായിരുന്നു.

തയ്യാറാക്കിയത്: എന്‍.എം. നവാസ്

Ads by Google
Tuesday 10 Jul 2018 04.21 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW