Tuesday, August 20, 2019 Last Updated 11 Min 46 Sec ago English Edition
Todays E paper
Ads by Google
Thursday 21 Jun 2018 04.07 PM

ഈ പാവം പയ്യന്‍ ഒരു മസില്‍ മാന്‍

'' വിവേക് ഗോപന്‍ ' എന്ന പേരിനേക്കാള്‍ മലയാളികള്‍ക്ക് സുപരിചിതം ' സൂരജ് ' ആണ്. ഫിറ്റ്‌നസിനും കായിക വിനോദങ്ങള്‍ക്കും ഏറെ ശ്രദ്ധ നല്‍കുന്ന വിവേക് ഗോപന്റെ ഫിറ്റ്‌നസ് വിശേഷങ്ങള്‍...''
uploads/news/2018/06/227393/StarHealthvivakgopan210618.jpg

'പരസ്പരം' സീരിയലിലെ സൂരജ് എന്ന കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മകനും ചേട്ടനും അനുജനുമൊക്കെയാണ് വിവേക് ഗോപന്‍. എന്നാല്‍ 'വിവേക് ഗോപന്‍' എന്ന പേരിനേക്കാള്‍ മലയാളികള്‍ക്ക് സുപരിചിതം 'സൂരജ്' ആണ്. ഫിറ്റ്‌നസിനും കായിക വിനോദങ്ങള്‍ക്കും ഏറെ ശ്രദ്ധ നല്‍കുന്ന വിവേക് ഗോപന്റെ ഫിറ്റ്‌നസ് വിശേഷങ്ങള്‍.

ജോഗിങ് മുടക്കാറില്ല.


ദിവസവും ജോഗിങ് ചെയ്യാറുണ്ട്. ജോഗിങ് ഒരു കാരണവശാലും മുടക്കാറില്ല. ജോഗിങും വര്‍ക്കൗട്ടുമാണ് എന്റെ വ്യായാമങ്ങളില്‍ പ്രധാനം. രാവിലെ ജോഗിങിനൊപ്പം മറ്റ് വ്യായാമങ്ങളും ചെയ്യാറുണ്ട്. എല്ലാ ദിവസവും ജോഗിങ് മാത്രമായാല്‍ എനിക്ക് ബോറടിക്കും. പതിനഞ്ച് മിനിറ്റ് ജോഗിങ് ചെയ്യും. അതിനുശേഷം മറ്റ് വ്യായാമങ്ങള്‍ ചെയ്യും.

ഷട്ടില്‍ റണ്‍, യോയോ റണ്‍ ഇവയൊക്കെ ചെയ്യാറുണ്ട്. കൃത്യമായി സമയം നിശ്ചയിച്ചാണ് ഓരോ വ്യായാമവും ചെയ്യാറുള്ളത്. ഓരോ ദിവസവും വ്യായാമത്തില്‍ ചില മാറ്റങ്ങള്‍ പരീക്ഷിക്കാറുണ്ട്. മുന്‍പ് ക്രിക്കറ്റ് ടീമില്‍ ഉണ്ടായിരുന്നതു കൊണ്ട് അത്‌ലറ്റ്‌സിന്റെ ഡ്രില്‍സ് പരിശീലിച്ചിട്ടുണ്ട്.

അതെല്ലാം ഇപ്പോഴും ചെയ്യാറുണ്ട്. ഓരോ ദിവസവും ഓരോ ഡ്രില്‍സ് ചെയ്യും. രാവിലെ അഞ്ച് മണിക്ക് ജോഗിംങ് ആരംഭിക്കും. ആറര വരെ ജോഗിങും മറ്റ് വ്യായാമങ്ങള്‍ക്കുമുള്ള സമയമാണ്. ജിമ്മില്‍ വൈകുന്നേരമാണ് പോകുന്നത്.

ഷൂട്ടിങിനു ശേഷം വൈകിട്ട് രണ്ടുമണിക്കൂര്‍ ജിമ്മില്‍ ചെലവഴിക്കും. നാട്ടിലുള്ളപ്പോള്‍ ഇവിടുത്തെ ജിമ്മില്‍ പോകും. ഷൂട്ടിങ് മറ്റെവിടെയെങ്കിലുമാണെങ്കില്‍ അടുത്തുള്ള ജിം കണ്ടെത്തി വര്‍ക്കൗട്ട് ചെയ്യും. വര്‍ക്കൗട്ടുകള്‍ ഒരു ദിവസം പോലും ഒഴിവാക്കില്ല.

ലൊക്കേഷനിലാണെങ്കില്‍ ഷൂട്ടിന്റെ സമയം ക്രമീകരിച്ച് ചിലപ്പോള്‍ രാവിലെയോ വൈകുന്നേരമോ ജിമ്മില്‍ പോകാറുണ്ട്. ഏതുസമയത്ത് പോയാലും രണ്ടു മണിക്കൂര്‍ വര്‍ക്കൗട്ട് ചെയ്യും. നാട്ടിലുണ്ടെങ്കില്‍ ഷൂട്ടിങ് കഴിഞ്ഞ് വൈകിട്ടാണ് ജിമ്മില്‍ പോകാറുള്ളത്.

ശരീരം മെലിയാതിരിക്കാന്‍ ശ്രദ്ധിക്കും


ചില ഭക്ഷണങ്ങളില്‍ അല്‍പം നിയന്ത്രണങ്ങളൊക്കെ പാലിക്കാറുണ്ട്. മയൊണൈസും ജംങ്ക് ഫുഡ്‌സും കഴിക്കാറില്ല. എണ്ണയില്‍ വറുത്തെടുത്ത ഭക്ഷണ പദാര്‍ഥങ്ങളെല്ലാം ഒഴിവാക്കും. പെപ്‌സി, കോള അങ്ങനെയുള്ള ശീതളപാനീയങ്ങള്‍ ഏഴ് വര്‍ഷമായി ഉപയോഗിക്കുന്നില്ല. ജംങ്ക് ഫുഡ്‌സ് തീരെ ഒഴിവാക്കാന്‍ പറ്റാതെ വന്നാല്‍ മാത്രമേ കഴിക്കൂ.
uploads/news/2018/06/227393/StarHealthvivakgopan210618a.jpg

അഥവാ കഴിച്ചാലും നന്നായി വര്‍ക്കൗട്ട് ചെയ്യാറുണ്ട്. ഡയറ്റ് അമിതമായി നോക്കാറില്ല. മലയാളം ഇന്‍ഡസ്ട്രിയില്‍ പൊതുവേ അല്‍പം തടിച്ച പ്രകൃതക്കാരെയാണ് താല്‍പര്യം. തീരെ മെലിഞ്ഞിരുന്നാല്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടില്ല. അതുകൊണ്ട് ഡയറ്റ് ചെയ്താലും ഒരു പരിധിയില്‍ കൂടുതല്‍ ശരീരം മെലിയാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ട്.

അതുകൊണ്ട് ഹെവി ഡയറ്റ് പിന്തുടരാനാകില്ല. എങ്കിലും കഴിയുന്ന രീതിയില്‍ ഡയറ്റ് കൊണ്ടുപോകാറുണ്ട്. നോണ്‍വെജ് കഴിക്കാറുണ്ടെങ്കിലും ബീഫ് ഒഴിവാക്കും. ഞാന്‍ ശിവ ഭക്തനാണ്. എന്റെ ദേഹത്ത് 'ഓം നമ ശിവായ' എന്ന് ടാറ്റു ചെയ്തിട്ടുണ്ട്.

ടാറ്റു ചെയ്തതിനു ശേഷം ബീഫ് കഴിച്ചിട്ടില്ല. ചിക്കനും ഫിഷും കഴിക്കും. ഡയറ്റില്ലെങ്കില്‍ നെയ് ചോറ് കഴിക്കാനാണ് കൂടുതല്‍ ഇഷ്ടം. ഡയറ്റുള്ളപ്പോള്‍ ചപ്പാത്തി കഴിക്കും. പ്രോട്ടീന്‍ കൂടുതലടങ്ങിയ ഭക്ഷണങ്ങളാണ് തിരഞ്ഞെടുക്കുന്നത്. രാവിലെ എഴുന്നേറ്റാലുടന്‍ രണ്ടു ഗ്ലാസ് വെള്ളം കുടിക്കും. അതിനു ശേഷമാണ് വ്യായാമങ്ങള്‍ ആരംഭിക്കുന്നത്. കാപ്പിയും ചായയും കുടിക്കാറില്ല. വല്ലപ്പോഴും കട്ടന്‍ ചായ കുടിക്കാറുണ്ട്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ചായ വേണമെന്ന് നിര്‍ബന്ധമില്ല.

നന്നായി ഉറങ്ങും


വീട്ടിലാണെങ്കില്‍ എന്റെ പ്രധാന വിനോദം ഉറക്കമാണ്. ഷൂട്ടില്ലെങ്കില്‍ കൂടുതല്‍ സമയം ഉറങ്ങാറുണ്ട്. കൃത്യം എട്ടു മണിക്കൂര്‍ ഉറങ്ങും. വര്‍ക്കൗട്ടുകള്‍ ചെയ്യുന്നതുകൊണ്ട് നല്ല ഉറക്കം കിട്ടും. ഉറങ്ങുമ്പോള്‍ ശരീരത്തിന് റെസ്റ്റ് കിട്ടും.

വര്‍ക്കൗട്ട് ചെയ്യുന്ന ഒരാള്‍ക്ക് എട്ട് മണിക്കൂര്‍ നിര്‍ബന്ധമായും ഉറക്കം കിട്ടണം. പിന്നെ ഇടയ്ക്ക് പത്ത് മിനിറ്റാണെങ്കിലും ഉറങ്ങിയാല്‍ റിലാക്‌സാകും. അതു രോഗപ്രതിരോധശേഷി കൂടാന്‍ സഹായിക്കുമെന്ന് കേട്ടിട്ടുണ്ട്. അതുകൊണ്ട് പകല്‍ കുറച്ചു സമയം ഉറങ്ങാറുണ്ട്.

ലൊക്കേഷനിലായാലും സമയം കിട്ടുമ്പോള്‍ പത്ത് മിനിറ്റ് ഉറങ്ങും. ഒരുപാട് സമയം ഉറങ്ങണമെന്ന നിര്‍ബന്ധങ്ങളൊന്നുമില്ല. എന്നാലും ബ്രേക്ക് കിട്ടുമ്പോള്‍ ഉറങ്ങിയാല്‍ ഫ്രഷാകാറുണ്ട്. വീട്ടിലാണെങ്കിലും രാവിലെ ഭക്ഷണം കഴിച്ചതിനു ശേഷം ഇടയ്ക്ക് കുറച്ചുനേരം കിടക്കാറുണ്ട്. ഉച്ചയ്ക്ക് ഉറങ്ങാറില്ല. വൈകിട്ട് കൃത്യസമയത്ത് ഉറങ്ങും.

uploads/news/2018/06/227393/StarHealthvivakgopan210618b.jpg

വര്‍ക്കൗട്ടിനനുസരിച്ച് ഭക്ഷണം ക്രമീകരിക്കും


വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കുന്നതാണ് എനിക്ക് തൃപ്തി. സീരിയലിന്റെ ഷൂട്ടുള്ളപ്പോള്‍ വീട്ടില്‍ നിന്നുതന്നെയാണ് കഴിക്കാറുള്ളത്. രാവിലെ ഗോതമ്പ് അല്ലെങ്കില്‍ റാഗി കൊണ്ടുണ്ടാക്കുന്ന ഭക്ഷണങ്ങളാണ് കൂടുതലും കഴിക്കുക. പുട്ടാണെങ്കിലും പഴവും പഞ്ചസാരയും ചേര്‍ത്ത് കഴിക്കുന്നത് ഇഷ്ടമല്ല.

പുട്ടിനൊപ്പം ഉരുളക്കിഴങ്ങ് കറിയാണ് ഇഷ്ടം. ഉച്ചയ്ക്ക് ചിലപ്പോള്‍ ഭക്ഷണം കൊണ്ടുപോകും. അല്ലെങ്കില്‍ വീട്ടില്‍ പോയി കഴിക്കും. ഉച്ചയ്ക്ക് ചപ്പാത്തി, സാലഡ്, എണ്ണ അധികം ചേര്‍ക്കാതെ വറുത്തെടുത്ത മീനും കഴിക്കാറുണ്ട്. ഉച്ചയ്ക്ക് കഴിവതും ചോറ് ഒഴിവാക്കും. വര്‍ക്കൗട്ടിനനുസരിച്ചാണ് ഭക്ഷണം ക്രമീകരിക്കുന്നത്. കാലുകള്‍ക്കുള്ള വര്‍ക്കൗട്ടുകള്‍ ചെയ്യുന്ന ദിവസം ഡയറ്റ് നോക്കാറില്ല. അല്‍പം ചോറ് കഴിക്കും.

കാലുകള്‍ക്കുള്ള വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ കൂടുതല്‍ എനര്‍ജി വേണം. ചോറില്‍ കാര്‍ബോഹൈഡ്രേറ്റ്്‌സ് കൂടുതല്‍ ഉണ്ടല്ലോ. മറ്റ് ദിവസങ്ങളില്‍ ചോറ് കഴിക്കാറില്ല. ഡയറ്റിന്റെ ഭാഗമായിട്ട് കഴിക്കണമെന്ന് ആഗ്രഹമുള്ള ഭക്ഷണങ്ങള്‍ പലതും വേണ്ടന്നു വയ്ക്കാറുണ്ട്.

ആഴ്ചയില്‍ ഒരു ദിവസം അല്ലെങ്കില്‍ രണ്ടാഴ്ച കൂടുമ്പോള്‍ ഒരു ദിവസം ഇഷ്ടമുള്ള ഭക്ഷണങ്ങള്‍ കഴിക്കാനായി മാറ്റി വയ്ക്കാറുണ്ട്. അതു ചിലപ്പോള്‍ ഐസ്‌ക്രീം, ചോക്‌ലേറ്റ് അങ്ങനെ എന്തെങ്കിലുമായിരിക്കും.

ആ ദിവസം ഇഷ്ടമുള്ള ഭക്ഷണങ്ങളൊക്കെ കഴിക്കും. ഒരുപാടൊന്നും കഴിക്കില്ല. ആഗ്രഹം മാറാന്‍ വേണ്ടി ഒരല്‍പം കഴിക്കും. വൈകിട്ട് ഓട്‌സാണ് പതിവ്. മുട്ടയുടെ വെള്ള ഇടയ്‌ക്കൊക്കെ കഴിക്കാറുണ്ട്. പഞ്ചസാര കഴിവതും കുറച്ചേ ഉപയോഗിക്കാറുള്ളൂ.

uploads/news/2018/06/227393/StarHealthvivakgopan210618c.jpg

വര്‍ക്കൗട്ട് രീതികള്‍


ഓരോ ദിവസവും ഓരോ ബോഡി പാര്‍ട്‌സിനുള്ള വര്‍ക്കൗട്ടുകളാണ് ചെയ്യുന്നത്. ചെസ്റ്റിനുള്ള വര്‍ക്കൗട്ടുകള്‍, തോളുകള്‍ക്കും കാലുകള്‍ക്കുമുള്ള വര്‍ക്കൗട്ടുകളും ചെയ്യാറുണ്ട്. കാലിനുള്ള വര്‍ക്കൗട്ട് അല്‍പം ഹെവിയായിട്ടുള്ള വര്‍ക്കൗട്ടായിരിക്കും. ശരീരം മുഴുവന്‍ വര്‍ക്കൗട്ട് ചെയ്യുന്നതു പോലെയാണ്. കാലുകള്‍ക്ക് വര്‍ക്കൗട്ട് ചെയ്യുന്ന ദിവസം ഡയറ്റ് നോക്കില്ല.

ഹെവി വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ ഡയറ്റ് നോക്കിയാല്‍ ക്ഷീണിക്കും. സൗന്ദര്യ സംരക്ഷണത്തിനായി പ്രത്യേകിച്ച് ശ്രദ്ധിക്കാറില്ല. വെള്ളം നന്നായി കുടിച്ചാല്‍ മുടികൊഴിച്ചില്‍ കുറയുമെന്ന് കേട്ടിട്ടുണ്ട്.

നന്നായി വെള്ളം കുടിക്കാറുമുണ്ട്. മുടികൊഴിച്ചിലിനു പ്രത്യേകിച്ച് ട്രീറ്റ്‌മെന്റ് ഒന്നും ചെയ്യാറില്ല. പിന്നെ മുടികൊഴിയുന്നല്ലോ എന്നോര്‍ത്ത് കൂടുതല്‍ ടെന്‍ഷനാകുമ്പോഴാണ് പ്രശ്‌നം. കെയര്‍ ചെയ്യും അത്രേയുള്ളൂ. ടെന്‍ഷനായാല്‍ അതു ശരീരത്തെ മുഴുവന്‍ ബാധിക്കും. ഒരു കാര്യത്തിലും അനാവശ്യമായി ടെന്‍ഷനാകാതെ നോക്കാറുണ്ട്.

ശരീരം വൃത്തിയായി സൂക്ഷിക്കാന്‍ ശ്രമിക്കാറുമുണ്ട്. വര്‍ക്കൗട്ടൊക്കെ ചെയ്യുന്നതുകൊണ്ട് ശരീരം എപ്പോഴും ചൂടായിക്കൊണ്ടിരിക്കുകയല്ലേ. അതുകൊണ്ട്് വൃത്തിയായിരിക്കാനും ശരീരം ചൂടാകുന്നതു കുറയ്ക്കാനും രണ്ടുനേരം കുളിക്കാറുണ്ട്. അതു ശരീരത്തിനു വളരെയധികം ഗുണം ചെയ്യും.

uploads/news/2018/06/227393/StarHealthvivakgopan210618d.jpg

ക്രിക്കറ്റ് ഇഷ്ട വിനോദം


ഔട്ട്‌ഡോര്‍ ഗെയിംസ് എല്ലാം തന്നെ എനിക്ക് ഇഷ്ടമാണ്. പ്രത്യേകിച്ചും ഫുട്‌ബോളും ക്രിക്കറ്റും. വിവാഹത്തിനു ശേഷവും ആദ്യ ഭാര്യ ക്രിക്കറ്റാണ്. സമയം കിട്ടാത്തതുകൊണ്ട് ക്രിക്കറ്റ് കളിക്കുന്നത് വളരെ കുറവാണ്.

മോനെ കോച്ചിംഗിനു വിടുന്നുണ്ട്. ആ സമയത്ത് അവിടെ കുറച്ച് സമയം കളി കണ്ടിരിക്കും. കോച്ചിംഗിനു വരുന്ന കുട്ടികള്‍ക്ക് ടിപ്‌സൊക്കെ പറഞ്ഞു കൊടുക്കാറുണ്ട്. ഫുട്‌ബോള്‍ ഇടയ്ക്ക് കളിക്കാറുണ്ട്. കുട്ടിക്കാലം മുതല്‍ ക്രിക്കറ്റ് ഇഷ്ടവിനോദമാണ്..

അച്ഛനു ക്രിക്കറ്റ് താല്‍പര്യമായിരുന്നു. അച്ഛന്‍ ക്രിക്കറ്റ് കളിക്കാരനായിരുന്നു. ചെറുപ്പത്തില്‍ ചേട്ടന്മാര്‍ക്കൊപ്പവും കൂട്ടുകാര്‍ക്കൊപ്പവും കളിച്ചുനടന്നാണ് ക്രിക്കറ്റിനോട് താല്‍പര്യം തോന്നിയത്. ഒന്നാം ക്ലാസ് മുതല്‍ വെക്കേഷന്‍ സമയത്ത് പ്രാക്ടീസിനു പോകുമായിരുന്നു.

അമ്മാവന്‍ ക്രിക്കറ്റ് കോച്ചായിരുന്നു. അവിടെയാണ് പ്രാക്ടീസിനു പോയി തുടങ്ങിയത്. ക്രിക്കറ്റ് പൂര്‍ണമായിട്ടും ഉപേക്ഷിച്ചിട്ടില്ല. സമയവും അവസരവും ഒത്തുവന്നാല്‍ ഉറപ്പായും ക്രിക്കറ്റിലേക്ക് തിരികെ വരും.

തയാറാക്കിയത്: നീതു സാറാ ഫിലിപ്പ്

Ads by Google
Ads by Google
Loading...
TRENDING NOW