Monday, August 26, 2019 Last Updated 8 Min 57 Sec ago English Edition
Todays E paper
Ads by Google
Monday 11 Jun 2018 07.08 AM

ജയിലിലായതിനു പിന്നില്‍ കണ്ണടച്ചു വിശ്വസിച്ച ചിലരുടെ ചതി ; മോചനം വൈകിച്ചത് പാകിസ്താന്‍കാരന്റെ എതിര്‍പ്പ് ; പിണറായിയും സുഷമയും മുഖം കടുപ്പിച്ചതോടെ ഇന്ത്യാക്കാര്‍ വഴങ്ങി

uploads/news/2018/06/224930/atlas ramachandran.jpg

തൃശൂര്‍: പ്രവാസി വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായതു കടുത്ത ജാമ്യവ്യവസ്ഥകളോടെ. ആസ്തികളില്‍ ഉടന്‍ വിറ്റഴിക്കാന്‍ കഴിയുന്നവ വിറ്റ് 100 കോടി രൂപയോളം ബാങ്കുകളുടെ വായ്പാ തിരിച്ചടവിലേക്കു നല്‍കണമെന്നാണു വ്യവസ്ഥ. ഇതു പാലിച്ചാല്‍ മാത്രമേ അദ്ദേഹത്തിനു യു.എ.ഇ. വിടാന്‍ സാധിക്കൂ. അതുവരെ പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ ദുബായ് പോലീസിന്റെ കസ്റ്റഡിയിലായിരിക്കും.

വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ നിര്‍ദേശപ്രകാരം യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സിങ് സൂരിയുടെ അവസരോചിത നീക്കങ്ങളാണു കര്‍ശന ജാമ്യവ്യവസ്ഥയിലെങ്കിലും മോചനം സാധ്യമാക്കിയത്. സൂരിയുടെ ഇടപെടലിനെത്തുടര്‍ന്നു രാമചന്ദ്രന്റെ മോചനത്തിനു തടസമായി നിന്നിരുന്ന ബാങ്കുകള്‍ കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പിനു വഴങ്ങി.

കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് ഇതുസംബന്ധിച്ച തീരുമാനം ബാങ്കുകള്‍ െകെക്കൊണ്ടത്. എന്നാല്‍, രാമചന്ദ്രനു വായ്പ നല്‍കിയിരുന്ന രണ്ട് ഇന്ത്യക്കാരുടെയും പാകിസ്താനിയുടെയും ധനകാര്യ സ്ഥാപനങ്ങള്‍ കോടതിക്കു പുറത്തുള്ള ഒത്തുതീര്‍പ്പിനെ എതിര്‍ത്തു. സുഷമാ സ്വരാജും മുഖ്യമന്ത്രി പിണറായി വിജയനുമടക്കം നിലപാടു കടുപ്പിച്ചതോടെ ഇന്ത്യക്കാര്‍ വഴങ്ങി. പാകിസ്താന്‍ സ്വദേശിയുടെ എതിര്‍പ്പുമൂലം രാമചന്ദ്രന്റെ മോചനം മൂന്നു മാസത്തിലേറെ വീണ്ടും നീണ്ടു. രാമചന്ദ്രന്റെ ഭാര്യ ഇന്ദിരയും പ്രവാസി സംഘടനകളും നടത്തിയ ഇടപെടല്‍ ഒടുവില്‍ പാകിസ്താന്‍ സ്വദേശിയുടെ മനസുമാറ്റി. ജയില്‍മോചിതനായ രാമചന്ദ്രന്‍ ബാങ്കുകളുടെ കടം വീട്ടാനുള്ള നടപടികള്‍ തുടങ്ങി.

ജയിലിലായതിനു പിന്നില്‍ കണ്ണടച്ചു വിശ്വസിച്ച ചിലരുടെ ചതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിശ്വസിച്ച ചിലര്‍ ചതിച്ചെങ്കിലും ആരോടും വിദ്വേഷമില്ല. ജനങ്ങള്‍ക്കിടെ ജീവിച്ച താന്‍ ജയിലിലായപ്പോള്‍ കരയിലെത്തിച്ച മീനിന്റെ അവസ്ഥയിലായി. ആദ്യകാലത്ത് തുണയായി നിന്നവര്‍പോലും ജയില്‍വാസം നീണ്ടതോടെ തിരിഞ്ഞു നോക്കാതായി. ആരും വരാതിരുന്നപ്പോഴും തന്നെക്കാണാന്‍ പതിവായി ജയിലിലെത്തിയത് ഭാര്യ ഇന്ദിരയായിരുന്നു. മൂന്നു വര്‍ഷം നീണ്ട ജയില്‍ വാസത്തിനിടെ മനസിന്റെ താളം തെറ്റാതിരുന്നതു ഭാര്യ ഇന്ദിരയുടെ സാമീപ്യം കൊണ്ടുമാത്രമെന്നു അറ്റ്‌ലസ് രാമചന്ദ്രന്‍. ജയില്‍ മോചിതനായശേഷം തന്നെ സന്ദര്‍ശിച്ച കുടുംബ സുഹൃത്ത് ശ്യാമയോടാണു രാമചന്ദ്രന്‍ മനസു തുറന്നത്.

സന്ദര്‍ശനാനുമതി ലഭിക്കാത്തതിനാല്‍ പലപ്പോഴും മണിക്കൂറുകള്‍ കാത്തുനിന്നശേഷം നിരാശയോടെ ഇന്ദിരയ്ക്കു മടങ്ങേണ്ടി വന്നിട്ടുണ്ട്. ഫോണ്‍ വിളിക്കും നിയന്ത്രണമുണ്ടായിരുന്നു. അഞ്ചോ പത്തോ മിനിറ്റു മാത്രമേ ഫോണില്‍ സംസാരിക്കാന്‍ അനുമതിയുള്ളൂ. ചില ഉദ്യോഗസ്ഥര്‍ 15 മിനിറ്റ് അനുവദിക്കും. മോചനത്തിന്റെ മുഴുവന്‍ ക്രെഡിറ്റും ഇന്ദിരയെന്ന ഇന്ദുവിനുള്ളതാണ്. രാഷ്ട്രീയ-സാംസ്‌കാരിക-കലാ രംഗത്തെ അനവധി പ്രമുഖര്‍ തന്റെ മോചനത്തിനായി പ്രയത്‌നിച്ചിട്ടുണ്ട്. കടം വീട്ടാന്‍ ഉറപ്പു നല്‍കിയ വ്യവസായ ഗ്രൂപ്പുകളോടും നന്ദിയുണ്ട്. രണ്ടാം ജന്മത്തിനു തുല്യമായ ജയില്‍ മോചനത്തിനു വഴിയൊരുക്കിയത് ഇന്ദിരയാണ്.

ഇന്ദിര ബിസിനസില്‍ കൂടുതല്‍ നിപുണയായിരുന്നെങ്കില്‍ ഒരുപക്ഷേ ഈ തകര്‍ച്ച നേരിടേണ്ടി വരില്ലായിരുന്നു. വീട്ടമ്മയായി ഒതുങ്ങിക്കൂടാനാണ് എന്നും ശ്രമിച്ചത്. ഏറെ നിര്‍ബന്ധിച്ചാല്‍ മാത്രമേ പുതിയ ഷോറൂമുകളുടെ ഉദ്ഘാടന വേളകളില്‍ പോലും പങ്കെടുത്തിരുന്നുള്ളൂ-രാമചന്ദ്രന്‍ പറഞ്ഞു.

തകര്‍ച്ച പുത്തരിയല്ല. കുെവെത്ത് യുദ്ധക്കാലത്ത് ബിസിനസ് സാമ്രാജ്യം മുഴുവന്‍ തകര്‍ന്നടിഞ്ഞതാണ്. അവിടെനിന്നു തിരിച്ചു കയറിയ താന്‍ ഫിനിക്‌സ് പക്ഷിയെപ്പോലെ ഇനിയും ഉയര്‍ത്തെഴുനേല്‍ക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കുറച്ചുകൂടി സമയം ലഭിച്ചിരുന്നെങ്കില്‍ കടങ്ങളെല്ലാം തീര്‍ക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍, ചോദ്യംചെയ്യാന്‍ പോലീസ് സ്‌റ്റേഷനിലേക്കു വിളിപ്പിച്ച തന്നെ ജയിലിലടച്ചതിനാല്‍ അതിനുള്ള സാധ്യതകള്‍ അടഞ്ഞു. ജീവിതത്തിലെ പ്രശ്‌നങ്ങളില്‍നിന്നും ഇന്നു വരെ ഒളിച്ചോടിയിട്ടില്ല, ഇനിയും അങ്ങനെ തന്നെയായിരിക്കും. പ്രശ്‌നങ്ങളില്‍നിന്നും ഒളിച്ചോടുന്നവന്‍ ജീവിക്കാന്‍ കൊള്ളാത്തവനാണ്-രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Ads by Google
Ads by Google
Loading...
TRENDING NOW