Friday, August 16, 2019 Last Updated 13 Min 30 Sec ago English Edition
Todays E paper
Ads by Google
ജോര്‍ജ്ജ് ജോസഫ് (റിട്ട. എസ്.പി.)
Tuesday 29 May 2018 10.46 AM

ആറുപേര്‍ കൊല്ലപ്പെട്ട സംഭവം; പാലാക്കാരി ചേട്ടത്തിയുടെ മൊഴി പോലീസിന്റെ അന്വേഷണത്തെ തകിടം മറിക്കുന്നു

മാധ്യമങ്ങള്‍ 'കൂട്ടക്കൊലയില്‍ സഹോദരങ്ങള്‍ക്കു പങ്ക്' എന്നയര്‍ഥത്തില്‍ വാര്‍ത്തകള്‍ നല്‍കി. ജോസിന്റെയും ജോര്‍ജിന്റെയും നേര്‍ക്കു പോലീസ് അന്വേഷണവും തിരിഞ്ഞു. പക്ഷേ, അതിന് അധികം ആയുസുണ്ടായില്ല. അഗസ്റ്റിന്റെ വീട്ടിലെ തമിഴ് വീട്ടുവേലക്കാരിയായ അമൃതയുടെയും പാലാക്കാരി ചേട്ടത്തിയുടെയും മൊഴിയിലൂടെ അന്വേഷണം തകിടം മറിഞ്ഞു...
uploads/news/2018/05/221114/Weeklycrimestory290518.jpg

ജനുവരി ഒന്ന് 2001...

പുതുവര്‍ഷപ്പുലരിയുടെ സുഖസുഷുപ്തിയില്‍ ലയിച്ചുകിടന്ന എന്നെ ഉണ ര്‍ത്തിയത് നിലയ്ക്കാത്ത ഫോണ്‍ബെല്ലാണ്. എസ്.പി, പി.സി ജോര്‍ജാണു വിളിച്ചത്.

''ആലുവയില്‍ ഒരു കുടുംബത്തിലെ ആറുപേര്‍ കൊല്ലപ്പെട്ടിരിക്കുന്നു. ഉടനെ അങ്ങോട്ടു പോകണം.''
കൊല ചെയ്യപ്പെട്ട കുടുംബമേതാണെന്നറിഞ്ഞപ്പോള്‍ ഞാന്‍ അമ്പരന്നു- മാഞ്ഞൂരാന്‍ കുടുംബം.

എന്നെ വിളിച്ച പി.സി ജോര്‍ജിന്റെ സഹോദരി ക്ലാരയുടെ കുടുംബ മാണത്. ഞാനന്ന് ക്രൈംബ്രാഞ്ചിലെ സ്‌പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ ഗ്രൂപ്പിന്റെ ഡിവൈ.എസ്.പിയാണ്. എന്റെ മേലധികാരി ജോര്‍ജും.

സിനിമാനടന്‍ കൂടിയായ ജോര്‍ജിനെ മലയാളികള്‍ മുഴുവന്‍ അറിയും. ജോഷി സംവിധാനം ചെയ്ത് മമ്മൂട്ടി അഭിനയിച്ച 'സംഘ'ത്തിലെ 'പ്രായിക്കര അപ്പ'യാണ് അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ ഒരു നാഴികക്കല്ല്. റാംജിറാവു സ്പീക്കിംഗ്, ചാണക്യന്‍ തുടങ്ങിയ സിനിമകളിലും അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്

എണ്‍പതുകാരിയായ ക്ലാര, അവരുടെ നാല്‍പത്തിയൊമ്പതു വയസുള്ള മകന്‍ അഗസ്റ്റിന്‍, നാല്‍പത്തിയഞ്ചുകാരിയായ ഭാര്യ മേരി, മക്കളായ ദിവ്യ, ജസ്‌മോന്‍ എന്നിവരേക്കൂടാതെ അഗസ്റ്റിന്റെ സഹോദരി കൊച്ചുറാണിയും കൊല്ലപ്പെട്ടിരിക്കുന്നു. ദിവ്യയ്ക്കു പതിനേഴും ജസ്‌മോനു പതിമൂന്നുമാണു പ്രായം. ഒരു കുടുംബമൊന്നാകെ ഈ ഭൂമുഖത്തുനിന്ന് ഇല്ലാതായിരിക്കുന്നു.

തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട പ്പോഴേ വയര്‍ലെസില്‍ ഞങ്ങള്‍ ലോക്കല്‍ പോലീസിലേക്ക് ഒരു സന്ദേശം നല്‍കി.
''വീടിന്റെ വാതില്‍ സീല്‍ ചെയ്തു സൂക്ഷിക്കണം. ഞങ്ങള്‍ എത്തുന്നതുവരെ ആരെയും പ്രവേശിപ്പിക്കരുത്.''
രാവിലെ പത്തു മണിയോടെ ഞങ്ങള്‍ സ്ഥലത്തെത്തി. ആലുവ റൂറല്‍ എസ്.പി, എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ എന്നിവരടക്കം വന്‍ പോലീസ് സംഘവും മാധ്യമപ്പടയും നേരത്തെ തന്നെ സ്ഥലത്തെത്തിയിട്ടുണ്ട്

ഞങ്ങള്‍ അകത്തേക്കു കയറി. ഔദ്യോഗിക ജീവിതത്തിനിടയില്‍ കൊല ചെയ്യപ്പെട്ടതും ആത്മഹത്യ ചെയ്തതും അപകടത്തില്‍ ഛിന്നഭിന്നമായതുമൊക്കെയായി ഒട്ടേറെ മൃതദേഹങ്ങള്‍ നേരില്‍ കാണേണ്ടി വന്നപ്പോഴൊന്നും ഞാന്‍ പതറിയിട്ടില്ല. പക്ഷേ, കണ്‍മുന്നില്‍ കണ്ട ആ ദൃശ്യം എന്നെ വല്ലാതെയുലച്ചു കളഞ്ഞു.

ക്ലാരയും കൊച്ചുറാണിയും തലയ്ക്കടിയേറ്റ് അടുക്കളയിലാണ് മരിച്ചു കിടക്കുന്നത്. മേരിയും അഗസ്റ്റിനും ഡൈനിംഗ് റൂമിലും ദിവ്യ ബെഡ്‌റൂമിലും. മുന്‍ വശത്തെ മറ്റൊരു മുറിയില്‍ ജസ്‌മോന്‍ കിടക്കുന്നു. തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ചതു കൂടാതെ മൃതദേഹത്തിന്റെ കൈയിലെ ഞരമ്പുകളും മുറിച്ചിട്ടുണ്ട്.

മുമ്പെങ്ങും കേട്ടുകേഴ്‌വിയില്ലാത്ത വിചിത്രമായ ശൈലി - മരണം ഉറപ്പിക്കാന്‍ ഞരമ്പുകൂടി മുറിച്ചിരിക്കുന്നു!
ബെഡ്‌റൂമിലെ സ്റ്റീല്‍ അലമാര തുറന്നുകിടക്കുന്നു. വസ്ത്രങ്ങള്‍ വാരിവലിച്ചിട്ടിരിക്കുന്നു. പക്ഷേ പണവും സ്വര്‍ണവുമൊന്നും കാര്യമായി അപഹരിക്കപ്പെട്ടിട്ടില്ല.

കൊലപാതകി ബാക്കിവച്ചു പോയ ഒരു പഴുതുതേടി വീടിനു ചുറ്റും നടക്കുകയാണു ഞങ്ങള്‍. വിരലടയാള വിദഗ്ധന്‍ യോഗേന്ദ്ര സുഖിയ, ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയുടെ ബയോളജി വിഭാഗം മേധാവി പരമേശ്വരന്‍ നായര്‍, ഡോഗ് സ്‌ക്വാഡ്, പോലീസ് ഫോട്ടോഗ്രാഫര്‍ തുടങ്ങിയവരെല്ലാം ഒരു തുമ്പിനു വേണ്ടി അരിച്ചു പെറുക്കി. പക്ഷേ, ഒരു ഫലവുമുണ്ടായില്ല...

2000 ഡിസംബര്‍ 30 ശനിയാഴ്ച രാത്രിയിലാണു കൊലപാതകം നടന്നത്. സംഭവം അറിയുന്നതാകട്ടെ ഞായറാഴ്ച രാത്രിയിലാണ്. ഒരു കുടുംബം ഒന്നാകെ ഇല്ലാതായതുകൊണ്ടു വിവരം പുറംലോകമറിയാന്‍ വൈകി. മുപ്പത്തിയാറു മണിക്കൂര്‍ പിന്നിട്ടതുകൊണ്ടു മൃതദേഹങ്ങളില്‍നിന്നു ദുര്‍ഗന്ധം വമിക്കുന്നുമുണ്ട്.

അഗസ്റ്റിന്റെ ഭാര്യാസഹോദരന്‍ രാജു എന്ന ജോസാണു മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയും കുശലാന്വേഷണത്തിനായി ഫോണ്‍ വിളിച്ചിട്ടും എടുക്കാതിരുന്നതിനാല്‍ രാജു നേരിട്ടു വന്ന് അന്വേഷിച്ചപ്പോഴാണു കൂട്ടക്കൊലയുടെ വിവരം പുറംലോകത്തെത്തുന്നത്.

കരുത്തുറ്റ കഥാപാത്രങ്ങളെ സിനിമയില്‍ അവതരിപ്പിച്ചിട്ടുള്ള എസ്.പി പി.സി ജോര്‍ജ് തന്റെ സഹോദരിയുടേയും മക്കളുടേയും കൊച്ചുമക്കളുടേയും ദാരുണമായി കൊല്ലപ്പെട്ട ദൃശ്യം നേരില്‍ക്കണ്ട് ആകെ തകര്‍ന്നു നില്‍ക്കുകയാണ്.

ഡി.ജി.പി മുഷാഹരിയുടെ നിര്‍ദേശപ്രകാരം ഞാനുള്‍പ്പെട്ട പ്രത്യേക അന്വേഷണസംഘം കേസ് ഏറ്റെടുത്തു. ഹെഡ്‌കോണ്‍സ്റ്റബിള്‍മാരായ ഗോപാലകൃഷ്ണന്‍, വില്‍ഫ്രഡ്, മധു, ഷംസുദ്ദീന്‍ എന്നിവരും ഡ്രൈവര്‍ സോമനും സംഘത്തിലുണ്ടായിരുന്നു.

അഗസ്റ്റിനും കുടുംബവുമായി മുന്‍വൈരാഗ്യമുണ്ടാവാന്‍ സാധ്യതയുള്ളവരെയാണു ഞങ്ങള്‍ ആദ്യം പരിഗണിച്ചത്. അഗസ്റ്റിന്‍ നടത്തുന്ന കടകളേച്ചൊല്ലിയും കുടുംബ ഓഹരിയേപ്പറ്റിയും സഹോദരങ്ങളായ ജോര്‍ജ്, ജോസ് എന്നിവരുമായി തര്‍ക്കം നിലവിലുണ്ടായിരുന്നു. രണ്ടു വര്‍ഷത്തോളമായി സഹോദരങ്ങളുമായി സഹകരണത്തിലായിരുന്നില്ല അഗസ്റ്റിന്‍.

സ്വത്തു ഭാഗം വെച്ചപ്പോള്‍ അപ്പന്‍ തൊമ്മി കുടുംബവീട് അഗസ്റ്റിനും തൊട്ടടുത്തുള്ള വസ്തു ജോസിനും ജോര്‍ജിനുമായി നല്‍കി. ടൗണിലെ ഓരോ കടയും ഓരോരുത്തര്‍ക്കു വീതം വെച്ചു. ടൗണില്‍ തന്നെയുളള എഴുപത് സെന്റ് വസ്തു വിറ്റു കുടുംബത്തിലെ പെണ്‍മക്കള്‍ക്ക് പതിനായിരം രൂപ വീതം കൊടുക്കണം. ബാക്കി വരുന്ന തുക മൂന്ന് ആണ്‍മക്കളും തുല്യമായി വീതിച്ചെടുക്കണം - അങ്ങനെയായിരുന്നു ധാരണ.

അപ്പന്‍ മരിച്ച് 41-ാം ദിവസമുള്ള മരണാനന്തര ചടങ്ങിന്റെ തലേദിവസം ജോസും ജോര്‍ജും അഗസ്റ്റിനോടു ഭാഗപത്രം നടപ്പാക്കാന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ അഗസ്റ്റിന്‍ അതിനു തയാറായില്ല. ജോസും ജോര്‍ജും അറിയാത്ത പുതിയൊരു മരണമൊഴി അപ്പന്റേതായി അവരെ അറിയിക്കുകയും ചെയ്തു അഗസ്റ്റിന്‍.

''അമ്മച്ചിയുടെയും കൊച്ചുറാണിയുടെയും സംരക്ഷണം നിന്റെ ചുമതലയിലല്ലേ... ടൗണിലെ വസ്തു വിറ്റ് പെണ്‍മക്കള്‍ക്കു കൊടുക്കാനുള്ളതു കിഴിച്ചു ബാക്കി മുഴുവന്‍ നീയെടുത്തോളൂ...'' എന്നായിരുന്നു ആ മൊഴി.

ജോസും ജോര്‍ജും ഞെട്ടിപ്പോയി. ഒരിക്കലും അപ്പനങ്ങനെ പറയില്ലെന്ന് അവര്‍ തീര്‍ത്തു പറഞ്ഞു. അഗസ്റ്റിന്‍ തന്റെ വാദഗതിയില്‍ ഉറച്ചുനിന്നു. ഇത് മരണാനന്തര ചടങ്ങിനിടെത്തന്നെ സഹോദരങ്ങള്‍ തമ്മില്‍ വഴക്കിനു കാരണമായി. ജോസും ജോര്‍ജ്ജും അവിടെനിന്നു ഭാര്യയേയും മക്കളേയും വിളിച്ചുകൊണ്ട് ആ രാത്രിതന്നെ കുടുംബവീട്ടില്‍ നിന്നിറങ്ങിപ്പോയി.

പക്ഷേ, പിറ്റേദിവസം പള്ളിയിലെ ചടങ്ങിനെത്തിയ കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും ജോസ് ഒരു ലഘുലേഖ വിതരണം ചെയ്തു. ചെറുപ്പം മുതല്‍ക്കേ താന്‍ അപ്പനോടൊപ്പം നിന്നു കഷ്ടപ്പെട്ടതൊക്കെ ആ നോട്ടീസില്‍ വിവരിച്ചിരുന്നു. കുടുംബത്തിന്റെ സാമ്പത്തികവളര്‍ച്ചയ്ക്കു പിന്നില്‍ തന്റെ വിയര്‍പ്പുമുണ്ടായിരുന്നെന്നും സഹോദരിമാരെ വിവാഹം കഴിച്ചതിനു തന്റെ സംഭാവനയും അധ്വാനവും ഉണ്ടായിരുന്നെന്നും ജോസ് ആ നോട്ടീസില്‍ വിശദീകരിച്ചു.

ലഘുലേഖ പുറത്തിറങ്ങിയതോടെ അഗസ്റ്റിന്‍ സഹോദരങ്ങളുമായി കടുത്ത ശത്രുതയിലായി. തമ്മില്‍ കണ്ടാല്‍ സംസാരിക്കുകയോ വീട്ടില്‍ കയറുകയോ ഇല്ല.

അമ്മ ക്ലാര മാത്രം വല്ലപ്പോഴും ജോസിന്റെയും ജോര്‍ജിന്റെയും വീട് സന്ദര്‍ശിച്ചെങ്കിലായി. ഒരു ബന്ധുവിന്റെ വിവാഹസമയത്ത് ബന്ധുക്കളും നാട്ടുകാരും കേള്‍ക്കെ ജോസ് പരസ്യമായി പ്രസ്താവിക്കുകയും ചെയ്തു:

''അഗസ്റ്റിനും കുടുംബവും ജീവനോടിരിക്കുമ്പോള്‍ ഞങ്ങ ളാ വീട്ടില്‍ കയറില്ല...''
കൂട്ടക്കൊലപാതകത്തിനു ശേഷം നാട്ടുകാര്‍ ഈ വിവരം പോലീസിനു കൈമാറി. മാധ്യമങ്ങള്‍ 'കൂട്ടക്കൊലയില്‍ സഹോദരങ്ങള്‍ക്കു പങ്ക്' എന്നയര്‍ഥത്തില്‍ വാര്‍ത്തകള്‍ നല്‍കി. ജോസിന്റെയും ജോര്‍ജിന്റെയും നേര്‍ക്കു പോലീസ് അന്വേഷണവും തിരിഞ്ഞു. പക്ഷേ, അതിന് അധികം ആയുസുണ്ടായില്ല. അഗസ്റ്റിന്റെ വീട്ടിലെ തമിഴ് വീട്ടുവേലക്കാരിയായ അമൃതയുടെയും പാലാക്കാരി ചേട്ടത്തിയുടെയും മൊഴിയിലൂടെ അന്വേഷണം തകിടം മറിഞ്ഞു...

(തുടരും)

തയാറാക്കിയത്: എം.കെ ബിജു മുഹമ്മദ്

Ads by Google
ജോര്‍ജ്ജ് ജോസഫ് (റിട്ട. എസ്.പി.)
Tuesday 29 May 2018 10.46 AM
Ads by Google
Loading...
TRENDING NOW