Thursday, August 22, 2019 Last Updated 14 Min 32 Sec ago English Edition
Todays E paper
Ads by Google
ശ്രീപാര്‍വതി
ശ്രീപാര്‍വതി
Saturday 26 May 2018 10.43 AM

പ്രേക്ഷകനെ പെരുമഴയത്ത് തനിച്ചു നിര്‍ത്തി 'മഴയത്ത്'

സിനിമ കണ്ടിറങ്ങുമ്പോഴേക്കും മഴ ഒന്നൊഴിഞ്ഞിരുന്നു. പക്ഷെ പുറത്തേക്കിറങ്ങിയ പ്രേക്ഷകരുടെ ഉള്ളില്‍ പെരുമഴയായിരുന്നു എന്നുറപ്പ്. അപ്രതീക്ഷിതമായി പകച്ചു പോയ മനുഷ്യരുടെ കലമ്പലുകളായിരുന്നു അത്.
mazhayathu

ഈയിടെ ഡ്യൂല്‍ എന്ന ഇംഗ്ലീഷ് സിനിമ കണ്ടു. 1971ല്‍ പുറത്തിറങ്ങിയ സ്പില്‍ബെര്‍ഗ് ചിത്രം. കാണാനുണ്ടായ കാരണം ഈ അടുത്ത കാലത്തിറങ്ങിയ ഒരു മലയാള ചിത്രമാണ്, വര്‍ഷങ്ങള്‍ കടന്നു പോയിട്ടും ഒരു മാറ്റവുമില്ലാതെ, കാലപരിഗണനപോലുമില്ലാതെ ആ ഇംഗ്ലീഷ് ചിത്രം മലയാളത്തിലാക്കിയിരിക്കുന്നു. പക്ഷെ ഡ്യൂല്‍ അമ്പരപ്പിച്ചു, ഒരിക്കലും ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങള്‍ പ്രേക്ഷകനു വിട്ടുകൊടുത്ത് സിനിമ പിന്‍വാങ്ങുന്നു.

ഇതിപ്പോള്‍ ഇവിടെ ഓര്‍ക്കാനുള്ള കാരണം സുവീരന്റെ 'മഴയത്ത്' എന്ന സിനിമയാണ്. ഉത്തരങ്ങള്‍ ചിന്തിക്കേണ്ടതും കണ്ടെത്തേണ്ടതും പ്രേക്ഷകന്റെ മാത്രം ബാധ്യതയാക്കിക്കൊണ്ട് സിനിമ പെട്ടെന്നങ്ങു നിന്നുപോകുമ്പോള്‍ കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകന്‍ പകച്ചു പോകും. ഉത്തരങ്ങള്‍ കിട്ടാതെ സിനിമ അവസാനിക്കുമ്പോള്‍ മുതല്‍ അവന്‍ അസ്വസ്ഥനാകാനും സ്വയം ചോദ്യം ചെയ്യാനും തുടങ്ങും. അത് തന്നെയാണ് ഒരു സംവിധായകന്റെ കലാപരത. 'മഴയത്ത്' നല്‍കുന്നതും അത് തന്നെ.

mazhayathu

ഡിഗ്രി പൂര്‍ണമാക്കാനാകാതെ പാതിവഴിയില്‍ അനിത ഇറങ്ങിപ്പോരുന്നത് അയാളോടുള്ള പ്രണയം മൂത്താണ്. പക്ഷെ വേണുഗോപാല്‍ എന്ന അവളുടെ ഭര്‍ത്താവ് ഇപ്പോഴും കാലം കടന്നു ചിന്തിക്കാത്ത പഴയ ആണ്‍ ധാര്‍ഷ്ട്യങ്ങള്‍ എല്ലാമുള്ള വെറും സാധാരണക്കാരനാണ്. ഭാര്യ ജോലിക്കു പോകുന്നത് ഇഷ്ടമല്ലാത്ത, ഭാര്യയുടെ തന്നിഷ്ടക്കാരിയായ കൂട്ടുകാരിയെ സഹിക്കാനാകാത്ത അയാള്‍ക്ക് പക്ഷേ മകള്‍ ജീവനാണ്. അവരുടെ ജീവിതമാണ് സിനിമയുടെ രണ്ടാം പകുതി എത്തുമ്പോഴേക്കും കാറും കോളും നിറഞ്ഞു പെരുമഴയത്താക്കപ്പെടുന്നത്.

ഒരു മകളുടെ ഏറ്റവും ആദ്യത്തെ ഇഷ്ടം എപ്പോഴും അച്ഛനാകും. അച്ഛനും മകളും തമ്മിലുള്ള ബന്ധം അങ്ങനെയാണ്. അവളെ ഒരിക്കലും ചതിക്കില്ലെന്ന് അവള്‍ക്ക് ഏറ്റവും ഉറപ്പുള്ള പുരുഷനും അയാള്‍ മാത്രമാണ്. വേണുഗോപാല്‍ ഒരു സ്ത്രീ വിരുദ്ധനല്ല, നല്ല ഒരു ഭര്‍ത്താവ് എന്നതിനപ്പുറം അയാള്‍ നല്ലൊരു മനുഷ്യനും നല്ലൊരു അച്ഛനുമാണ്. പക്ഷെ ആ നന്മ ഒരു തോന്നല്‍ മാത്രമായിരുന്നോ? ആ തോന്നലിന്റെ അപ്പുറം അയാളില്‍ ഒരു ചെകുത്താന്‍ എപ്പോഴെങ്കിലും ഉണര്‍ന്നിരുന്നോ? അയാളെ സംശയത്തോടെ നോക്കുന്ന പലരെയും പോലെ പലപ്പോഴും വേണുഗോപാലിനെ സംശയത്തോടേയേ നോക്കാന്‍ തോന്നിയുള്ളൂ. മലയാളിയുടെ മനസ്സിന്റെ സദാചാര കപടതയായിരിക്കാം. അച്ഛനെയും മകളെയും ഒരുമിച്ചു കണ്ടാല്‍ പോലും ചോദ്യം ചെയ്യലുകള്‍ പുത്തരിയല്ലാത്ത നാട്ടില്‍ അങ്ങനെ സംശയിക്കാതെയിരിക്കല്‍ അത്ര എളുപ്പമല്ലല്ലോ.

ഒരു കാട്ടില്‍ മഴ പെയ്യുമ്പോള്‍ ആന എന്ത് ചെയ്യും? ആനയ്ക്ക് ഒന്നും ചെയ്യാനില്ല നിന്ന് മഴ കൊള്ളുകയല്ലാതെ. ആനയ്ക്ക് വേറെ അവസരങ്ങളില്ല. അതുപോലെ ഈ മഴ കൊള്ളാതെ, ഹൃദയം നനയാതെ സിനിമ കണ്ടു തീരാനാകില്ല. തീയേറ്ററില്‍ ചെല്ലുമ്പോള്‍ നല്ല മഴയുണ്ടായിരുന്നു. അപ്രതീക്ഷിതമായി പെയ്ത ആ മഴ നനഞ്ഞാണ് 'മഴയത്ത്' കാണാനായി കയറിയതും. മഴയില്‍ കുടയില്ലാതെ ആ ഉച്ചയ്ക്ക് പെട്ട് പോയത് തീയേറ്ററിന്റെ പുറത്തായിരുന്നില്ല എന്ന് സിനിമ കണ്ടപ്പോള്‍ മനസ്സിലായി. ആദ്യ പകുതിയില്‍ മഴ തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളൂ. പക്ഷെ അപ്പോള്‍ പെയ്തു തുടങ്ങിയ മഴ വേണുഗോപാലിന്റെയും കുടുംബത്തെയും നനച്ചു, പ്രേക്ഷകന്റെ ചങ്കിലേയ്ക്ക് പെരുമഴയായി തുടങ്ങി , ഇപ്പോള്‍ തീയേറ്റര്‍ വിട്ടിട്ട് മണിക്കൂറുകള്‍ ആയപ്പോഴും ആ മഴ നിര്‍ത്താതെ പെയ്യുകയാണ്. അവരുടെ ജീവിതം തകര്‍ത്തു കളഞ്ഞ മഴ, അതിന്റെ കാരണമറിയാതെ പെരുമഴയത്തു പ്രേക്ഷകനെ ഇങ്ങനെ നനച്ചു നിര്‍ത്തുകയാണ്.

mazhayathu

പുതിയ കാലത്തിന്റെ സിനിമയാണ് മഴയത്ത്. പുരുഷന് നേരെ ഏതു സമയത്തും എവിടെനിന്നും ഉയരുന്ന സംശയത്തിന്റെ കണ്ണുകള്‍ നമ്മെ നോവിക്കും. അത് സ്വാഭാവികമാണ്. പക്ഷെ സ്വന്തം ഭാര്യകൂടി കൈവിടുന്ന പുരുഷന്‍ പിന്നെ ഭ്രാന്തനാവുകയല്ലാതെ എന്ത് ചെയ്യാന്‍! ചെറിയ അലോസരങ്ങളുണ്ടായിരുന്നെങ്കിലും വേണുഗോപാലിന് ഭാര്യയോട് പ്രണയമുണ്ടായിരുന്നു. പക്ഷെ അച്ഛന്‍ പുരുഷന്‍ എന്ന ലിംഗമായതു കൊണ്ടുമാത്രം മകള്‍ അയാള്‍ക്ക് ആരായിരുന്നു എന്ന ചോദ്യമാണ് രണ്ടാം പകുതി മുതല്‍ സിനിമ ഉയര്‍ത്തിയത്. ഇപ്പോഴും സംശയത്തിന്റെ മുള്‍വേലികള്‍ കടന്നു അയാള്‍ക്ക് പുറത്തു വരാനായിട്ടില്ല, എന്നിട്ടും ഈ സിനിമ എങ്ങനെ മഴയില്‍ നനച്ചു നിര്‍ത്തി അവസാനിപ്പിച്ചു? അതുതന്നെയാണ് മഴയത്ത് സംവിധായകന്റെ സിനിമയാണെന്ന് പറയാനുള്ള കാരണവും.

സ്പൂണ്‍ ഫീഡിങ് ആവശ്യപ്പെടുന്ന മലയാളി പ്രേക്ഷകനുള്ള സിനിമയല്ല മഴയത്ത്. പക്ഷെ പറഞ്ഞതിനേക്കാള്‍ ഭംഗി പറയാത്തതിനാണെന്ന കീറ്റ്‌സിന്റെ വരികളെ ഓര്‍മ്മിപ്പിച്ചുകൊണ്ട് അപൂര്‍ണതയുടെ ഭംഗി ആസ്വദിക്കാനാവും. വായിച്ചു കഴിഞ്ഞിട്ടും മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒരു പുസ്തകം പോലെ, കണ്ടുകഴിഞ്ഞാലും വേണുഗോപാലിന്റെ അച്ഛന്‍, അയാളുടെ കഥാപാത്രത്തിന്റെ പ്രത്യേകത കൊണ്ട് മനസ്സില്‍ നിന്നും ഇറങ്ങി പോകാതിരിക്കും. തമിഴ് സിനിമയില്‍നിന്നും മലയാളത്തിലേയ്ക്ക് ആദ്യമായി എത്തിയ നികേഷ് റാമിന്റെ വേണുഗോപാല്‍ എന്ന വേഷം മികച്ചതുതന്നെയാണ്. പലപ്പോഴും അപര്‍ണയുടെയും നന്ദന വര്‍മ്മയുടെയും അഭിനയത്തിനു മുന്നില്‍ നിറം മങ്ങുന്നുണ്ടെങ്കിലും. ശാന്തികൃഷ്ണ, മനോജ് കെ ജയന്‍ എന്നിവര്‍ അത്ര ചെറുതല്ലാത്ത വേഷങ്ങളിലും എത്തുന്നുണ്ട്.

എബിസിഡി എന്ന ചിത്രത്തില്‍ നിന്നും സുവീരന്റെ 'മഴയത്ത്' എന്ന ചിത്രത്തിലേക്ക് എത്തുമ്പോള്‍ അപര്‍ണ ഗോപിനാഥ് ഒരുപാട് വളര്‍ന്നിരിക്കുന്നു. ചാര്‍ലിയിലെ സഹനടിയില്‍ നിന്നും നായികയിലേക്കുള്ള ദൂരം അവര്‍ താണ്ടിയത് അതിശയിപ്പിക്കുന്നില്ല. കഴിവുറ്റ ഒരു നടി അപര്‍ണയിലുണ്ടെന്നത് അനിത തെളിയിക്കുന്നു. നന്ദനയുടെ ഉമ്മി എന്ന കുട്ടി കഥാപാത്രം ചിത്രത്തിലെ മറ്റെല്ലാവരെയെയുംകാള്‍ മികച്ചു നില്‍ക്കുന്നു. അച്ഛനോടുള്ള സ്‌നേഹവും അമ്മയോടുള്ള കരുതലും നന്ദന എത്ര പക്വതയോടെയാണ് കൈകാര്യം ചെയ്യുന്നത്. ഓരോ സീനിലും ഓരോ മുഖമായിരുന്നു ആ കുട്ടിയ്‌ക്കെന്നു തോന്നിപ്പോയി. അച്ഛനോടുള്ള കളിചിരിയില്‍ അലിഞ്ഞു നടക്കുന്ന ഉമ്മിയില്‍ നിന്നും അമ്മയുടെ മുഖത്ത് നോക്കി അവരുടെ ചങ്കു തകര്‍ക്കുന്ന ചോദ്യം ചോദിച്ച ഉമ്മി ആകെ അടിമുടി മാറിപ്പോയിരുന്നു. ജീവിതം തകരാന്‍ പോകുന്നുവെന്ന തോന്നല്‍ ഉണ്ടായ നിമിഷം മുതല്‍ അവള്‍ പിന്നെ മഴയില്‍ പെട്ടതുപോലെ നനഞ്ഞൊട്ടി, ഹൃദയം കുതിര്‍ന്ന് പെരുമഴയത്തു തനിച്ചാക്കപ്പെട്ടു .

സിനിമ കണ്ടിറങ്ങുമ്പോഴേക്കും മഴ ഒന്നൊഴിഞ്ഞിരുന്നു. പക്ഷെ പുറത്തേക്കിറങ്ങിയ പ്രേക്ഷകരുടെ ഉള്ളില്‍ പെരുമഴയായിരുന്നു എന്നുറപ്പ്. അപ്രതീക്ഷിതമായി പകച്ചു പോയ മനുഷ്യരുടെ കലമ്പലുകളായിരുന്നു അത്.

അവസാന വാക്ക് : അച്ഛനെ സ്‌നേഹിക്കുന്ന മകളും മകളെ സ്‌നേഹിക്കുന്ന അച്ഛനും രണ്ടാളെയും സ്‌നേഹിക്കുന്ന അമ്മയും ഉറപ്പായും കണ്ടിരിക്കേണ്ട ചിത്രം!

Ads by Google
ശ്രീപാര്‍വതി
ശ്രീപാര്‍വതി
Saturday 26 May 2018 10.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW