Saturday, August 24, 2019 Last Updated 39 Min 26 Sec ago English Edition
Todays E paper
Ads by Google
ചിരിക്കൂട്ട്/ ആലപ്പി അഷറഫ്
Monday 21 May 2018 11.02 AM

പാലക്കാടന്‍ ദമ്പതികളുടെ ബെഡ്റൂമില്‍ ഗായകന്‍ എം.ജി. ശ്രീകുമാര്‍... തടിയന്‍ വടിയുമായി ഭര്‍ത്താവും സുഹൃത്തും ഭര്‍ത്താവും; ഒരു നാഷണല്‍ അമളി !

uploads/news/2018/05/218759/Chirikkuttu--allappy-ashraf.jpg

തമാശകള്‍ പറയാനും ആസ്വദിക്കാനും ഇഷ്ടമുള്ള വ്യക്തിയാണ് പിന്നണിഗായകനും സംഗീത സംവിധായകനുമായ എം.ജി.ശ്രീകുമാര്‍ എന്ന ഞങ്ങളുടെ ശ്രീക്കുട്ടന്‍. താരനിബിഡമായ പല വേദികളിലും മിമിക്രിക്കാര്‍ തന്റെ ശബ്ദത്തെ അനുകരിക്കുമ്പോള്‍ അതൊക്കെ പൂര്‍ണ്ണമനസോടെ ആസ്വദിക്കാന്‍ ഒരു പ്രത്യേക കഴിവ് ശ്രീക്കുട്ടനുണ്ട്. ശ്രീക്കുട്ടനെ കാണുമ്പോഴൊക്കെ വര്‍ങ്ങള്‍ക്ക് മുമ്പുള്ള ആ കഥ ഓര്‍മകളിലേക്ക് പറന്നുവരും.

ഈ കഥ നടക്കുന്നത് മദ്രാസില്‍ വച്ചാണ്. നുങ്കംപക്കത്ത് ബ്രൗണ്‍സ്‌റ്റോണ്‍ എന്ന ഒരു അപ്പാര്‍ട്ട്‌മെന്റുണ്ട്. പ്രിയദര്‍ശന്‍, സുരേഷ്‌കുമാര്‍, സെവന്‍ ആര്‍ട്‌സ് വിജയകുമാര്‍ അടക്കം ഞങ്ങള്‍ സിനിമക്കാരെല്ലാം അവിടെയാണ് താമസിച്ചിരുന്നത്. മേനകയുടെ വീട് അടുത്തായതിനാല്‍ സുരേഷ്‌കുമാര്‍ ഫ്‌ളാറ്റില്‍ വരുന്നത് വല്ലപ്പോഴുമാണ്. അല്ലാത്തപക്ഷം മദ്രാസില്‍ ഷൂട്ടിനും മറ്റാവശ്യങ്ങള്‍ക്കുമായി വരുന്ന സിനിമാസുഹൃത്തുക്കള്‍ക്ക് താമസിക്കാനായി സുരേഷ് ആ ഫ്‌ളാറ്റിലെ റൂമുകള്‍ വിട്ടുകൊടുത്തിരുന്നു. 9 നിലകളുള്ള ഫ്‌ളാറ്റിന്റെ അഞ്ചാം നിലയിലാണ് പ്രിയന്റെ താമസം. മൂന്നാം നിലയിലുള്ളത് സുരേഷിന്റെയും.

നാട്ടിന്‍പുറങ്ങളില്‍ താമസിക്കുന്നതിന്റെ സുഖമൊന്നും നഗരങ്ങളില്‍ കിട്ടില്ലെന്നാണല്ലോ പൊതുവെ പറയാറുള്ളത്. പക്ഷേ അങ്ങനെയല്ല. താമസിക്കുന്നത് മദ്രാസിലായിരുന്നെങ്കിലും ഞങ്ങളൊക്കെ അവിടെ വളരെ ഒത്തൊരുമയോടെയാണ് കഴിഞ്ഞിരുന്നത്. എത്ര തിരക്കുണ്ടെങ്കിലും ഞങ്ങളെല്ലാം ഒരുമിച്ച് കൂടും. തമാശകളും മറ്റും പറഞ്ഞ് കുറെ നേരം ചിലവഴിച്ച ശേഷമേ ഉറങ്ങാനായി റൂമിലേക്ക് പോകുകയുള്ളൂ. ഇത് പതിവാണ്. അങ്ങനെയിരിക്കെ ഞങ്ങളുടെ ചങ്കായ ശ്രീക്കുട്ടന് നാഷണല്‍ അവാര്‍ഡ് കിട്ടി.

ഡല്‍ഹിയില്‍ നിന്നും നാഷണല്‍ അവാര്‍ഡും വാങ്ങി ശ്രീക്കുട്ടന്‍ നേരെ വന്നത് മദ്രാസിലേക്കായിരുന്നു. അടുത്ത ദിവസം റിക്കോര്‍ഡിംഗ് ഉള്ളതിനാല്‍ സുരേഷിന്റെ ഫ്‌ളാറ്റിലെ റൂമിലായിരുന്നു താമസം ഒരുക്കിയിരുന്നത്. വൈകിട്ട് ആറുമണിയോടെ ശ്രീക്കുട്ടന്‍ സുരേഷിന്റെ ഫ്‌ളാറ്റിലെത്തി. കുളിച്ച് റെഡിയായി ഞങ്ങളുടെ അടുത്തേക്ക് വന്നപ്പോഴേക്കും ഞങ്ങളുടെ പതിവുകൂട്ടായ്മ ആരംഭിച്ചിരുന്നു. ഞങ്ങള്‍ക്കൊപ്പം വന്നിരുന്ന് വിശേഷങ്ങളും മറ്റും പറഞ്ഞപ്പോഴേക്കും 8 മണി കഴിഞ്ഞിരുന്നു. ഭക്ഷണം കഴിക്കാന്‍ ഞങ്ങളെല്ലാം ശ്രീക്കുട്ടനെ വിളിച്ചു. എന്നാല്‍ ശ്രീക്കുട്ടന്റെ രാത്രി ഭക്ഷണം പ്രിയന്റെ വീട്ടിലാണെന്ന് നേരത്തെ തന്നെ അവരിരുവരും പറഞ്ഞുറപ്പിച്ചിരുന്നു. ഒടുവില്‍ സംസാരത്തിന് നാന്ദി കുറിച്ചുകൊണ്ട് ഞങ്ങള്‍ക്ക് ശുഭരാത്രിയും നേര്‍ന്ന് ശ്രീക്കുട്ടന്‍ പ്രിയന്റെ ഫ്‌ളാറ്റിലേക്ക് കയറിപ്പോയി.

uploads/news/2018/05/218759/m.g.-sree-kumar.jpg

പ്രിയന്റെ ഫ്‌ളാറ്റിലിരുന്ന് ഭക്ഷണം കഴിക്കലും വിശേഷങ്ങളുമൊക്കെ പറഞ്ഞുതീര്‍ന്ന് ശ്രീക്കുട്ടന്‍ അവിടെ നിന്ന് ഇറങ്ങുമ്പോള്‍ സമയം 10.30.
അഞ്ചാമത്തെ നിലയിലെ പ്രിയന്റെ ഫ്‌ളാറ്റില്‍ നിന്നും മൂന്നാമത്തെ നിലയിലെ സുരേഷിന്റെ ഫ്‌ളാറ്റിലേക്ക് ഇറങ്ങാന്‍ ലിഫ്റ്റിന്റെ സഹായം എന്തിനെന്ന് വിചാരിച്ച് ശ്രീക്കുട്ടന്‍ പടികളോരോന്നായി ഇറങ്ങിത്തുടങ്ങി.

അപ്പാര്‍ട്ട്‌മെന്റുകളെല്ലാം കാഴ്ചയില്‍ ഒരുപോലെയാണല്ലോ. അതുകൊണ്ട് തന്നെ വളഞ്ഞും പുളഞ്ഞുമുള്ള സ്‌റ്റെപ്പുകളിറങ്ങി വന്ന ശ്രീക്കുട്ടന്‍ മൂന്നാം നിലയാണെന്ന് വിചാരിച്ച് ഇറങ്ങിയത് നാലാം നിലയിലേക്കാണ്. ഇടതുവശത്ത് ആദ്യത്തെ പാതിചാരിയിട്ട ഫ്‌ളാറ്റിന്റെ വാതില്‍ കണ്ട്‌പ്പോള്‍ സുരേഷിന്റെ റൂമാണെന്ന് കരുതി ശ്രീക്കുട്ടന്‍ അങ്ങോട്ടേക്ക് കയറി. എന്നാല്‍ ആ ഫ്‌ളാറ്റിന്റെ യഥാര്‍ത്ഥ അവകാശികള്‍ പാലക്കാട്ടുകാരായ ദമ്പതികളായിരുന്നു. മദ്രാസില്‍ ബിസിനസ് നടത്തുന്ന ഭര്‍ത്താവ് വൈകിട്ടെത്തുമ്പോഴേക്കും 10.30 കഴിയും. ഭര്‍ത്താവ് വരുന്ന സമയമാകുമ്പോഴേക്കും മുന്‍വശത്തെ ഡോര്‍ അയാളുടെ ഭാര്യ തുറന്നിടും. അയാള്‍ വന്നുകഴിഞ്ഞ് റൂമില്‍ പോയി വേഷം മാറി കുളിച്ച് ഭാര്യയുമൊത്ത് ഭക്ഷണം കഴിച്ചിട്ട് ഉറങ്ങും. ഇതാണ് പതിവ്.

ശ്രീക്കുട്ടന്‍ അവരുടെ റൂമില്‍ കയറുമ്പോള്‍ ബിസിനസുകാരന്റെ ഭാര്യ അടുക്കളയില്‍ ചില്ലറ ജോലികളിലായിരുന്നു. ശ്രീക്കുട്ടന്റെ കാലൊച്ച കേട്ട് ഭര്‍ത്താവാണെന്ന് അവര്‍ തെറ്റിദ്ധരിച്ചു കുറെ വര്‍ത്തമാനങ്ങള്‍ പറഞ്ഞു. ഉറക്കത്തിന്റെ ആലസ്യത്തില്‍ ഇതൊന്നും ശ്രീക്കുട്ടന്‍ കേട്ടിരുന്നില്ല. യാത്രാക്ഷീണത്താല്‍ ശ്രീക്കുട്ടന്‍ കട്ടിലില്‍ കിടന്നപാടെ ഉറങ്ങിപ്പോയി. ഈ സമയം ഡൈനിംഗ് ടേബിളില്‍ ഭക്ഷണവും വച്ച് മുന്‍വശത്തെ ഡോറും ആ സ്ത്രീ ലോക്ക് ചെയ്തു. ഭക്ഷണം കഴിക്കാനായി വരേണ്ട സമയം കഴിഞ്ഞിട്ടും അകത്തേക്ക് പോയ ഭര്‍ത്താവിനെ കാണാതായപ്പോള്‍ ബെഡ്‌റൂമിലേക്ക് ചെന്നു. നോക്കിയപ്പോള്‍ കമഴ്ന്നുകിടന്ന് ഉറങ്ങുകയാണ്. ജോലി കഴിഞ്ഞ് വന്ന വരവില്‍ കയറിക്കിടക്കുന്ന ഭര്‍ത്താവിനെ വിളിക്കാനായി അവര്‍ മുന്നോട്ട് ആഞ്ഞു. അപ്പോഴാണ് പുറത്ത് കോളിംഗ് ബെല്‍ മുഴങ്ങിയത്. അസമയത്ത് എത്തിയ അതിഥി ആരാണെന്ന് അറിയാന്‍ വാതില്‍ തുറന്നുനോക്കിയ സ്ത്രീ അമ്പരന്നുനിന്നുപോയി. തൊട്ടുമുന്നില്‍ അതാ നില്‍ക്കുന്നു ഭര്‍ത്താവ്.

എതുക്കെടീ ഡോര്‍ ലോക്ക് സെയ്ഞ്ചത്?എന്ന് അയാള്‍ ചോദിച്ചതും

അയ്യയ്യോ... എന്ന് നിലവിളിച്ചുകൊണ്ട് അവര്‍ അകത്തേക്കോടിയതും ഒരുമിച്ചായിരുന്നു. തൊട്ടുപിന്നാലെ ഭര്‍ത്താവും. ബെഡ്‌റൂമില്‍ വന്ന അയാള്‍ കട്ടിലിലേക്ക് നോക്കിയതും ഞെട്ടിപ്പോയി. ഉള്ളില്‍ ദേഷ്യം തോന്നിയെങ്കിലും അത് പുറത്ത് പ്രകടിപ്പിച്ചില്ല. കാരണം, പാതിരാസമയത്ത് തങ്ങളുടെ ബെഡ്‌റൂമില്‍ വന്ന് കിടക്കുന്ന ആള്‍ അപകടകാരിയാണെന്ന ഭയം രണ്ടുപേര്‍ക്കുമുണ്ടായിരുന്നു.

അതുകൊണ്ട് കട്ടില്‍ കിടക്കുന്ന ഭാഗത്ത്‌നിന്ന് അല്‍പം മാറിനിന്നാണ് അയാള്‍ ശ്രീക്കുട്ടനോട് ആരെടാ നീ എന്ന് ചോദിച്ചത്. എന്നാല്‍ അവരൊട്ടും പ്രതീക്ഷിക്കാത്ത മറുപടിപോലെ ശ്രീക്കുട്ടനില്‍ നിന്നും പോടെ പോടെ എന്ന സ്വരം ഉയര്‍ന്നു. എന്നിട്ടും എഴുന്നേല്‍ക്കാന്‍ കൂട്ടാക്കിയില്ല. ഇരുവരും പേടിച്ച് റൂം അടച്ച് ഫ്‌ളാറ്റിന് പുറത്ത് നിന്നു. ഈ സമയത്താണ് പ്രൊഡക്ഷന്‍ കണ്‍ട്രോളറും പില്‍ക്കാലത്ത് നിര്‍മ്മാതാവുമായിത്തീര്‍ന്ന അപ്പി രാധാകൃഷ്ണന്‍ പ്രിയന്റെ റൂമില്‍ നിന്നും താഴേക്ക് ഇറങ്ങി വന്നത്. ദമ്പതികളുടെ പരിഭ്രാന്തി കണ്ട് അദ്ദേഹം കാര്യം തിരക്കി.

ഞങ്ങളുടെ ബെഡ്‌റൂമില്‍ ആരോ ഒരാള്‍ കിടക്കുന്നു. വിളിച്ചിട്ട് എഴുന്നേല്‍ക്കുന്നില്ല. എന്ന് സ്ത്രീ പറഞ്ഞു. കേട്ടപാടെ ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് രാധാകൃഷ്ണന്‍ താഴേക്ക് പോയി. നിമിഷനേരത്തിനുള്ളില്‍ ഒരു തടിയന്‍ വടിയെടുത്തുകൊണ്ട് തിരിച്ചുവന്നു. റൂമില്‍ കിടക്കുന്ന വ്യക്തി അക്രമാസക്തനായാല്‍ അയാളെ നേരിടാന്‍ വേണ്ടിയാണ് വടി ഒപ്പം കരുതിയത്. റൂംതുറന്ന് രാധാകൃഷ്ണന്‍ പതിയെ ബെഡ്‌റൂമിലേക്ക് പോയി. കൈയിലുള്ള വടി പിന്നിലൊളിപ്പിച്ച് കമിഴ്ന്നുകിടന്ന വ്യക്തിയുടെ അടുത്തുചെന്ന് രാധാകൃഷ്ണന്‍ ഒന്ന് നോക്കി.

ടോ എന്ന് ഉച്ചത്തില്‍ വിളിച്ചപ്പോഴും പോടെ പോടെ എന്ന ശ്രീക്കുട്ടന്റെ പതിവ് പല്ലവി വീണ്ടും. എന്നാല്‍ പരിചിതമായ സ്വരം കേട്ട് രാധാകൃഷ്ണന്‍ കട്ടിലില്‍ കിടക്കുന്ന ആളെ സൂക്ഷിച്ചുനോക്കി. അയ്യോ, ഇത് നമ്മുടെ ഗായകന്‍ എം.ജി. ശ്രീകുമാറല്ലേ.. തമിഴനായ ബിസിനസുകാരനാകട്ടെ, ആളെ പിടികിട്ടിയില്ല. ഇദ്ദേഹം മലയാള സിനിമയിലെ ഗായകനാണ്. നാഷണല്‍ അവാര്‍ഡ് വാങ്ങി ഡല്‍ഹിയില്‍ നിന്നും ഇന്ന് ഇങ്ങോട്ടേക്ക് വന്നതേയള്ളൂ. ശ്രീക്കുട്ടന് റൂം മാറിപ്പോയതാണ് എന്നൊക്കെ രാധാകൃഷ്ണന്‍ അയാളെ പറഞ്ഞു മനസിലാക്കിയപ്പോഴേക്കും പാതിരാ കഴിഞ്ഞിരുന്നു.

എന്നാല്‍ ബിസിനസുകാരന്റെ ഭാര്യ മലയാളിയായതുകൊണ്ടും ശ്രീക്കുട്ടന്റെ പാട്ടുകള്‍ കേട്ടിട്ടുള്ളതുകൊണ്ടും ഒരുവിധം രക്ഷപെട്ടു എന്നുപറയുന്നതാണ് നല്ലത്. സുഖനിദ്രയില്‍ നിന്ന് ഉണര്‍ന്നപ്പോഴാണ് ശ്രീക്കുട്ടന്‍ തനിക്ക് ഫ്‌ളാറ്റ് മാറിപ്പോയ കാര്യം അറിയുന്നത്. ഒടുവില്‍ അവരുണ്ടാക്കിക്കൊടുത്ത കാപ്പിയും കുടിച്ചിട്ട് ചില്ലറ തമാശകളും പറഞ്ഞിട്ടാണ് നാഷണല്‍ അവാര്‍ഡ് ജേതാവ് അവിടെ നിന്നും സുരേഷിന്റെ ഫ്‌ളാറ്റിലേക്ക് തിരിച്ച് പോയത്.

Ads by Google
ചിരിക്കൂട്ട്/ ആലപ്പി അഷറഫ്
Monday 21 May 2018 11.02 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW