Monday, August 19, 2019 Last Updated 7 Min 38 Sec ago English Edition
Todays E paper
Ads by Google
Thursday 10 May 2018 04.08 PM

മുടിയഴക് വിരിയട്ടെ

''മനോഹരമായ ഇടതൂര്‍ന്നു വളരുന്ന കറുത്ത മുടിയാണ് ഏതൊരാളുടെയും ആഗ്രഹം. ആരോഗ്യമുള്ള മുടി സൗന്ദര്യത്തിന്റെ മാറ്റുകൂട്ടുന്നു. പക്ഷേ, ആ സൗന്ദര്യ സംരക്ഷണത്തിലെ പ്രധാന വെല്ലുവിളിയാണ് മുടികൊഴിച്ചില്‍''
uploads/news/2018/05/215809/haircareing100518a.jpg

രാവിലെ ഉണര്‍ന്നു മുഖം കഴുകിയപ്പോള്‍ വാഷ് ബേസിനിലാണ് ആദ്യം കണ്ടത്. പിറ്റേന്ന് മുടി ചീകുമ്പോള്‍ ചീപ്പില്‍ കുടുങ്ങി അറ്റം പിളര്‍ന്ന് രണ്ടെണ്ണം. ദിവസങ്ങള്‍ കഴിയുന്തോറും ബാത്ത്‌റൂമിലും കിടക്കയിലും നെഞ്ചിടിപ്പ് ഉയര്‍ത്തി മുടിയിഴകള്‍.

കൃഷ്ണമണി പോലെ കാത്തുസൂക്ഷിച്ച മുടിയുടെ അനുസരണയില്ലാത്ത കൊഴിഞ്ഞുപോക്ക് ഇങ്ങനെ എത്രയെത്ര ചെറുപ്പക്കാരുടെ ഉറക്കം കെടുത്തുന്നുണ്ടാവും!

മനോഹരമായ ഇടതൂര്‍ന്നു വളരുന്ന കറുത്ത മുടിയാണ് ഏതൊരാളുടെയും ആഗ്രഹം. ആരോഗ്യമുള്ള മുടി സൗന്ദര്യത്തിന്റെ മാറ്റുകൂട്ടുന്നു. പക്ഷേ, ആ സൗന്ദര്യ സംരക്ഷണത്തിലെ പ്രധാന വെല്ലുവിളിയാണ് മുടികൊഴിച്ചില്‍. സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ അലട്ടുന്ന മുടികൊഴിച്ചില്‍ സൗന്ദര്യ പ്രശ്‌നങ്ങളില്‍ ഒന്നാം സ്ഥാനത്താണ്.

കൊഴിയുന്ന മുടിയഴക്


മനുഷ്യ ശരീരത്തിലെ പരമാവധി മുടിയുടെ നീളം ജനിതക ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. മനുഷ്യരില്‍ ശരാശരി ഒരു ലക്ഷം മുടിയിഴകളാണുള്ളത്. അതില്‍ നിന്നും 100 മുതല്‍ 150 മുടികള്‍വരെ ദിവസവും കൊഴിയുന്നു. ഇത് സ്വാഭാവികമാണ്. എന്നാല്‍ ഇതില്‍ അധികം മുടി കൊഴിയുന്നത് രോഗലക്ഷണമായി കണക്കാക്കാം.

മുടി കെട്ടിവയ്ക്കുമ്പോള്‍ കട്ടികുറയുന്നതായി അനുഭവപ്പെടുക, വട്ടത്തില്‍ മുടികൊഴിയുക, തലയിണയിലോ നിലത്തോ സാധാരണയിലും അധികം മുടി കാണുക തുടങ്ങിയവയൊക്കെ മുടികൊഴിച്ചില്‍ ആരംഭിച്ചതിന്റെ ലക്ഷണമായി കണക്കാക്കാവുന്നതാണ്.

മുടികൊഴിയുന്നതിന് പിന്നില്‍


പാരമ്പര്യം, ചര്‍മ്മരോഗങ്ങള്‍, ശാരീരിക - മാനസിക അസുഖങ്ങള്‍, പോഷകങ്ങളുടെ കുറവ്, മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ ഇവയൊക്കെയാണ് മുടികൊഴിച്ചിലിനുള്ള പ്രധാന കാരണങ്ങള്‍ . ഇതില്‍ കൂടുതലും കാണപ്പെടുന്നത് പരമ്പരാഗതം അല്ലെങ്കില്‍ ജനിതകമായുള്ള കാരണങ്ങളാലുള്ള മുടികൊഴിച്ചിലാണ്.

ഇതിനെ പാറ്റേണ്‍ഡ് ഹെയര്‍ ലോസ് (പിഎച്ച് എല്‍) അല്ലെങ്കില്‍ കഷണ്ടി എന്ന് വിളിക്കും. കഷണ്ടി പ്രായമായവരിലാണ് കാണാറുള്ളത്. എന്നാല്‍ ഇന്ന് കൗമാരപ്രായം മുതല്‍ കഷണ്ടിയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നു.

കഷണ്ടി വ്യാപിക്കുന്നതിന്റെ രീതിയും വേഗതയും നിര്‍ണയിക്കുന്നത് വ്യക്തിയുടെ ജനിതക അവസ്ഥയാണ്. ഇതില്‍ ഓരോ ഹെയര്‍ സൈക്കിളിലും മുടിയുടെ നീളവും കട്ടിയും കുറഞ്ഞ് കുറഞ്ഞ് വരും. ഇതിനെ 'മിനിയേച്ചറൈസേഷന്‍' എന്നു പറയും.

പുരുഷന്മാരില്‍ വശങ്ങളിലും പിന്നിലുമുള്ള മുടിയിഴകള്‍ കൊഴിയുകയാണ് പതിവ്. പുരുഷന്മാര്‍ക്ക് കഷണ്ടിയുടെ ആദ്യ ലക്ഷണം തലയുടെ ഇരുഭാഗത്തും നെറ്റി കയറുന്നതാണ്. അതിനുശേഷം മൂര്‍ദ്ധാവില്‍ മുടിയുടെ കട്ടി കുറഞ്ഞു വരും. കഷണ്ടി പുരോഗമിക്കുന്നതിനനുസരിച്ച് തലയ്ക്ക് മുന്നിലും പിന്നിലുമുള്ള മുടികൊഴിച്ചില്‍ വ്യാപിച്ച് പൂര്‍ണ കഷണ്ടിയാവുന്നു.

uploads/news/2018/05/215809/haircareing100518.jpg

പിആര്‍പി തെറാപ്പി


സ്ത്രീകളിലാകുമ്പോള്‍ ഇങ്ങനെയൊരു പാറ്റേണ്‍ സാധാരണ കാണാറില്ല. മൊത്തത്തില്‍ മുടിയുടെ കട്ടി കുറഞ്ഞു വരിക, നടുവെടുക്കുമ്പോഴുള്ള പാളിയുടെ വീതി കൂടി വരിക, മുകളില്‍ നിന്നും നോക്കുമ്പോള്‍ തലയോട്ടി എളുപ്പം കാണുക എന്നിവയാണ് സ്ത്രീകളില്‍ ഇതിന്റെ ലക്ഷണങ്ങള്‍.

കൂടുതല്‍ മുടി കൊഴിച്ചില്‍ തടയാനും ഒരു പരിധി വരെ മുടിയിലുണ്ടായ മാറ്റങ്ങള്‍ പൂര്‍വസ്ഥിതിയില്‍ ആക്കുവാന്‍ കഴിവുള്ള മരുന്നുകള്‍ (ലേപനങ്ങളും ഗുളികകളും) ഇപ്പോള്‍ ലഭ്യമാണ്. പിആര്‍പി തെറാപ്പി അഥവാ പ്ലേറ്റലറ്റ് റിച്ച് പ്ലാസ്മ ചികിത്സ, സ്വന്തം രക്തത്തിലെ പ്ലേറ്റ്‌ലറ്റിന്റെ വളര്‍ച്ചാ ഘടകങ്ങള്‍ ഉപയോഗിച്ചുള്ള ചികിത്സ (പിഎച്ച്എല്‍- പാറ്റേണ്‍ഡ് ഹെയ ര്‍ ലോസ്റ്റില്‍) ഉപകരിക്കുമെന്ന് ചില പഠനങ്ങള്‍ പറയുന്നു.

പിന്‍വശത്തെ മുടികളെ പിഎച്ച്എല്‍ ബാധിക്കാറില്ലെന്നത് ട്രാന്‍സ്പ്ലാന്റേഷന്‍ അത് അനുയോജ്യമാക്കുന്നു. പിഎച്ച് എല്‍ ഒരു പുരോഗമിക്കുന്ന അവസ്ഥയാണ്. അതിനാല്‍ മെഡിക്കല്‍ ചികിത്സയെടുക്കും തോറുംകാലം ഇതിന്റെ പുരോഗമനം തടയാന്‍ കഴിയും. ചികിത്സ നിര്‍ത്തിയാല്‍ ഇത് പൂര്‍വ്വ സ്ഥിതിയിലേക്ക് വന്നു ചേരും.

മുടിക്ക് വേണം പോഷകങ്ങള്‍


ഇതുപോലെ സാധാരണയായ ഒരു മുടി കൊഴിച്ചിലാണ് അക്യൂട്ട് ടിലോജന്‍ എഫ്‌ലൂവിയം. കടുത്ത പനി, സര്‍ജറി, പ്രസവം, കടുത്ത മാനസിക സമ്മര്‍ദം എന്നിവയുണ്ടായി 3-4 മാസത്തിനു ശേഷം മുടി കൊഴിച്ചിലുണ്ടാകാം.

ഇലകള്‍ കൊഴിഞ്ഞു പുതിയ ഇലകള്‍ വരുന്നതു പോലെ ഓരോ മുടിയും പല ഘട്ടങ്ങളിലൂടെ കടന്ന് 3-5 വര്‍ഷത്തിനുള്ളില്‍ കൊഴിഞ്ഞ് പുതിയ മുടിയായി വളരും. സാധാരണ തലയില്‍ ഏകദേശം 90 ശതമാനം മുടികള്‍ വളര്‍ച്ചാ ഘട്ടത്തിലും 10 ശതമാനം മുടികള്‍ കൊഴിയുന്ന ഘട്ടത്തിലുമാണ് ഉണ്ടകാറുള്ളത്.

എന്നാല്‍ ടിലോജന്‍ എഫ്‌ലൂവിയത്തില്‍ 70 ശതമാനം മുടികള്‍ വളര്‍ച്ചാ ഘട്ടത്തിലും 30 ശതമാനം മുടികള്‍ കൊഴിയുന്ന ഘട്ടത്തിലുമാണ്. ഇതുമൂലം മുടികള്‍ കൊഴിയുന്നത് നമുക്ക് അറിയാവുന്ന ഒരു അളവിലേക്ക് എത്തും.

പെട്ടെന്നുള്ള മുടികൊഴിച്ചില്‍ മൊട്ടയാക്കുമോ എന്ന ഭീതി പോലും പലരിലും ഉണ്ടാകാറുണ്ട്. എന്നാല്‍ അങ്ങനെ ഭയപ്പെടേണ്ട കാര്യമില്ല. നല്ല ഭക്ഷണരീതിയും ആവശ്യത്തിനുള്ള പ്രോട്ടീന്‍സും കഴിച്ചാല്‍ കൊഴിഞ്ഞു പോയ മുടി വീണ്ടും വളര്‍ന്നു വരും.

ചികിത്സ ഫലപ്രദമാകാന്‍


പല അസുഖങ്ങളുടെ ഭാഗമായി നൂറ് മാസത്തിലധികം നീണ്ടുനില്‍ക്കുന്ന മുടി കൊഴിച്ചില്‍ കാണാറുണ്ട്്. തൈറോയിഡ് രോഗങ്ങള്‍, ധാതുക്കളുടെ പ്രത്യേകിച്ച് ഇരുമ്പ്, സിങ്ക്, രക്തം എന്നിവയുടെ കുറവ്, ഡയറ്റിങ്, എസ്എല്‍ഇ രോഗം എന്നിവയാണ് സാധാരണ കാരണങ്ങള്‍. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ വേണ്ട ടെസ്റ്റുകളും അനുബന്ധ രോഗങ്ങളുടെ ചികിത്സയും ചെയ്യേണ്ടതുണ്ട്.

ഏതുതരം മുടികൊഴിച്ചിലാണെങ്കിലും ചികിത്സ തുടങ്ങി 3 -4 മാസങ്ങള്‍ക്ക് ശേഷമേ കണ്ടാല്‍ മനസിലാകുന്ന ഒരു വ്യത്യാസം കണ്ടെത്താനാകൂ. കാരണം ഒരു മുടിയുടെ വളര്‍ച്ച ഒരു ദിവസം ശരാശരി 0.3 മില്ലി മീറ്റര്‍ എന്ന തോതിലാണ്. ചികിത്സ ഫലപ്രദമാണോ എന്നു തീരുമാനിക്കുന്നത് ചുരുങ്ങിയത് 4-6 മാസം ചെയ്തതിനു ശേഷമേ പറയാനാകൂ.

ഡോ. ഫിബിന്‍ തന്‍വീര്‍
കണ്‍സള്‍ട്ടന്റ്: ഡര്‍മറ്റോളജി ആന്‍ഡ് കോസ്‌മെറ്റോളജി
(ട്രെയ്ന്‍ഡ് ഇന്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്റ്)
സ്റ്റാര്‍കെയര്‍ ഹോസ്പിറ്റല്‍, കോഴിക്കോട്

Ads by Google
Ads by Google
Loading...
TRENDING NOW