Tuesday, August 20, 2019 Last Updated 53 Min 24 Sec ago English Edition
Todays E paper
Ads by Google
അഡ്വ. എം.എസ് അനില്‍കുമാര്‍
അഡ്വ. എം.എസ് അനില്‍കുമാര്‍
Wednesday 25 Apr 2018 03.19 PM

അഞ്ചു വര്‍ഷത്തെ പ്രണയത്തിനുശേഷമാണ് വിവേകും ദിയയും വിവാഹിതരായത്. കുഞ്ഞില്ലാത്ത ദുഃഖത്തിനിടെ ഈ ഐ.ടി ദമ്പതികളുടെ ഇടയിലേക്ക് കടന്നുവന്ന സുന്ദരി ജീവിതം തകര്‍ത്തത് ഇങ്ങനെ...

''വിവേകേട്ടന്റെ ഓഫീസില്‍ ജൂലി എന്നൊരു പെണ്‍കുട്ടി വന്നു. അവള്‍ ആളത്ര ശരിയല്ലെന്നും അദ്ദേഹത്തിനോട് പ്രത്യേക താല്‍പര്യമുളളതു പോലെയാണ് പെരുമാറുന്നതെന്നും ആദ്യമൊക്കെ തമാശ മട്ടില്‍ പറഞ്ഞിരുന്നു. ''
uploads/news/2018/04/211919/Weeklyfmalycourt250418.jpg

ടെക്‌നോപാര്‍ക്ക് ജീവനക്കാരിയായ ദിയ കുറച്ചുനാള്‍ മുമ്പ് എന്നെ കാണാന്‍ വന്നു. കണ്ണീരില്‍ കുതിര്‍ന്ന ഒരു ജീവിതകഥയാണ് അവള്‍ പങ്കുവച്ചത്.

''അഞ്ചുവര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഞാനും വിവേകേട്ടനും വിവാഹിതരായത്. അദ്ദേഹം സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായിരുന്നു. വിവാഹത്തിനു മുമ്പും ശേഷവും ഞങ്ങള്‍ക്കിടയിലെ സ്‌നേഹത്തിന് ഒരു കുറവും സംഭവിച്ചില്ല.

എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഞങ്ങള്‍ക്കൊരു കുഞ്ഞ് ജനിച്ചില്ല. ആ വിഷമം മറക്കാന്‍ പരസ്പരം കൂടുതല്‍ സ്‌നേഹിച്ചു. അതുകണ്ട് പലര്‍ക്കും അസൂയ തോന്നിയിട്ടുണ്ട്. എല്ലാ അവധിദിവസങ്ങളും ഞങ്ങള്‍ക്ക് ആഘോഷമായിരുന്നു.

എന്നിട്ടും... എപ്പോഴോ അദ്ദേഹത്തിന്റെ മനസ് എന്നില്‍ നിന്ന് അകന്നു. അത് എന്തുകൊണ്ടാണെന്ന് അറിയില്ല. അദ്ദേഹത്തിനൊരു കുഞ്ഞിനെ സമ്മാനിക്കാന്‍ കഴിയാത്തതാണോ അകല്‍ച്ചയുടെ കാരണമെന്ന് ഞാന്‍ ആലോചിക്കാറുണ്ട്.''

ഇത്രയും പറഞ്ഞപ്പോഴേക്കും ദിയയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. പിന്നെ അല്‍പ്പ നിമിഷങ്ങള്‍ക്കു ശേഷമാണ് സംഭാഷണം തുടര്‍ന്നത്:

''ഇടയ്ക്ക് അദ്ദേഹത്തിന്റെ ഓഫീസില്‍ ജൂലി എന്നൊരു പെണ്‍കുട്ടി വന്നു. അവള്‍ ആളത്ര ശരിയല്ലെന്നും അദ്ദേഹത്തിനോട് പ്രത്യേക താല്‍പര്യമുളളതുപോലെയാണ് പെരുമാറുന്നതെന്നും ആദ്യമൊക്കെ തമാശ മട്ടില്‍ വിവേകേട്ടന്‍ പറഞ്ഞിരുന്നു.

ഞാന്‍ അതത്ര കാര്യമാക്കിയില്ല. ആരൊക്കെ പുറകെ നടന്നാലും ഏട്ടന് വഴിതെറ്റില്ലെന്നായിരുന്നു എന്റെ വിശ്വാസം. പക്ഷേ പെട്ടെന്നാണ് ആ വിശ്വാസം തകര്‍ന്നടിഞ്ഞ് ഇല്ലാതായത്.

ഒരുദിവസം രാവിലെ എറണാകുളത്ത് മീറ്റിങ്ങുണ്ടെന്നു പറഞ്ഞ് വിവേകേട്ടന്‍ നേരത്തെ എഴുന്നേറ്റു. അദ്ദേഹം കുളിക്കാന്‍ കയറിയപ്പോഴാണ് ഫോണ്‍ റിങ് ചെയ്തത്. അടുക്കളയില്‍ നിന്ന് ഞാന്‍ ഓടിയെത്തിയപ്പോഴേക്കും കോള്‍ കട്ടായി.

നോക്കിയപ്പോള്‍ പരിചയമില്ലാത്ത ഒരു നമ്പര്‍. ഏട്ടന്‍ കുളികഴിഞ്ഞിറങ്ങുമ്പോള്‍ പറയാമെന്നു കരുതി ഞാന്‍ അടുക്കളയിലേക്കു നടക്കുമ്പോഴാണ് ഫോണിലേക്കൊരു മെസേജ് വന്നത്.

'ഗുഡ് മോര്‍ണിംഗ് ചേട്ടാ... ഞാന്‍ റെഡിയായി നില്‍ക്കുവാ... ചേട്ടന്‍ റെഡിയായോ? ഇറങ്ങുമ്പോള്‍ എന്നെ വിളിക്കണം.'
ഫോണ്‍ അതുപോലെതന്നെ ഞാന്‍ ടേബിളില്‍ വച്ചു.

പിന്നെ, ഏട്ടന്‍ ബാത്‌റൂമില്‍നിന്ന് ഇറങ്ങിയപ്പോള്‍, മീറ്റിങ്ങിന് ആരൊക്കെയാണു പോകുന്നതെന്നു ഞാന്‍ ചോദിച്ചു.
''ഞാനും ബോസും കൂടിയാ പോകുന്നത്. ചിലപ്പോള്‍ അല്‍പ്പം ലേറ്റായേക്കും.''
ഇത്രയും പറഞ്ഞിട്ട് അദ്ദേഹം തിരക്കിട്ട് ഇറങ്ങി.

ഞാന്‍ വായിച്ച മെസേജും അദ്ദേഹം പറഞ്ഞ വാക്കുകളും തമ്മിലുളള വൈരുദ്ധ്യം എന്നെ വല്ലാതെ അലട്ടി.
ഏട്ടന്‍ എന്നില്‍നിന്ന് എന്തൊക്കെയോ മറച്ചുവയ്ക്കുന്നതായി എനിക്കു മനസിലായി.

അന്നു പലപ്രാവശ്യം ഫോണില്‍ ബന്ധപ്പെട്ടാന്‍ ശ്രമിച്ചെങ്കിലും വിവേകേട്ടനെ ലൈനില്‍ കിട്ടിയില്ല. തിരിച്ചു വിളിച്ചതുമില്ല. ജോലിയില്‍ ശ്രദ്ധിക്കാനാവാതെ അന്ന് ഉച്ചയ്ക്കുശേഷം ഞാന്‍ ലീവെടുത്തു.

രാത്രി എട്ടുമണിയോടെയാണ് അദ്ദേഹം വീട്ടിലെത്തിയത്. ഭക്ഷണം കഴിച്ച് കിടന്നതല്ലാതെ യാത്രയെക്കുറിച്ചോ മീറ്റിങ്ങിനെക്കുറിച്ചോ അദ്ദേഹം ഒന്നും പറഞ്ഞില്ല. മുമ്പ് എവിടെപ്പോയിട്ടു വന്നാലും വിശദമായ കാര്യങ്ങള്‍ പറയുന്ന പതിവുണ്ടായിരുന്നു.

അദ്ദേഹം ഉറങ്ങിയപ്പോള്‍ ഞാന്‍ ഫോണ്‍ എടുത്ത് പരിശോധിച്ചു. അതില്‍ ഒരു ഭാര്യയും കാണാനാഗ്രഹിക്കാത്ത തരത്തിലുളള മെസേജുകള്‍ കാണാനിടയായി. ഞാന്‍ തകര്‍ന്നുപോയി.

ആ രാത്രി എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. കുറെക്കാലമായി ഞങ്ങള്‍ക്കിടയില്‍ ഉണ്ടായി വന്ന അകലത്തെക്കുറിച്ചോര്‍ത്ത് ഞാന്‍ ഒരുപാട് കരഞ്ഞു.

പിറ്റേദിവസം രാവിലെ അദ്ദേഹത്തിനു ചായകൊടുത്തിട്ട് തലേന്നത്തെ യാത്രയെക്കുറിച്ചു ഞാന്‍ ചോദിച്ചു. അദ്ദേഹം ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും രാവിലെ കണ്ട മെസേജ് മുതല്‍ ഓരോന്നായി ഞാന്‍ പറഞ്ഞു. അവസാനം എല്ലാം അദ്ദേഹത്തിനു സമ്മതിക്കേണ്ടി വന്നു.

പിന്നെ അവിടെ നില്‍ക്കേണ്ട ആവശ്യമില്ലെന്ന് എനിക്കു തോന്നി. ഞാന്‍ ബാഗുമായി ഇറങ്ങിയപ്പോള്‍, കുറ്റബോധം കൊണ്ടാവാം, അദ്ദേഹം എന്നെ തടഞ്ഞില്ല.

ഞാന്‍ ജീവനുതുല്യം സ്‌നേഹിച്ചിട്ടും എന്നെ മനസിലാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ലല്ലോ. അങ്ങനെയുളള ഒരാളുമായി ഇനി മുന്നോട്ടു ജീവിക്കാന്‍ വയ്യ. മാത്രമല്ല, അദ്ദേഹത്തിനൊരു കുഞ്ഞിനെ കൊടുക്കാനും എനിക്കാവില്ല.''

സ്വന്തം വേദനകള്‍ പറഞ്ഞിട്ട് ദിയ പൊട്ടിക്കരഞ്ഞു. വിവേകിനെയും ദിയയെയും ഒന്നിച്ചിരുത്തി സംസാരിക്കാന്‍ ഞാന്‍ ശ്രമിച്ചുനോക്കിയെങ്കിലും ഇരുകക്ഷികളും അതിനു തയ്യാറായില്ല. കേസ് ഇപ്പോഴും കോടതിയില്‍ നടക്കുന്നു.

Ads by Google
അഡ്വ. എം.എസ് അനില്‍കുമാര്‍
അഡ്വ. എം.എസ് അനില്‍കുമാര്‍
Wednesday 25 Apr 2018 03.19 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW