Wednesday, August 14, 2019 Last Updated 10 Min 5 Sec ago English Edition
Todays E paper
Ads by Google
ഡോ. സിജോ അലക്‌സ്, കണ്‍സല്‍ട്ടന്റ് സൈക്യാട്രിസ്റ്റ്
ഡോ. സിജോ അലക്‌സ്, കണ്‍സല്‍ട്ടന്റ് സൈക്യാട്രിസ്റ്റ്
Friday 13 Apr 2018 04.09 PM

വിദ്യാര്‍ത്ഥിനികളെ വാത്സല്യത്തോടെ മാത്രം കണ്ടിരുന്ന ഗോപന്‍ മാഷിന്റെ സ്വഭാവമാറ്റം എല്ലാവരേയും ഞെട്ടിച്ചു.. രണ്ടാഴ്ച മുന്‍പ് സംഭവിച്ച അപകടം ആ അധ്യാപകന്റെ മനോനില തെറ്റിച്ചത് എങ്ങനെ?

''അവിടെക്കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. കുട്ടികളെ നുള്ളിനോവിക്കാത്ത ഗോപന്‍സാര്‍ ഒരു വിദ്യാര്‍ത്ഥിനിയെ തലങ്ങും വിലങ്ങും അടിക്കുന്നു!''
uploads/news/2018/04/208679/Weeklymanolokam130418a.jpg

നാട്ടിലെ അറിയപ്പെടുന്ന ഒരദ്ധ്യാപകനെ അയാളുടെ മകനും സ്‌കൂള്‍ അധികൃതരും ചേര്‍ന്നാണ് എന്റെയടുത്തു കൊണ്ടുവന്നത്. എല്ലാവര്‍ക്കും ബഹുമാന്യനായിരുന്ന ഗോപന്‍സാറില്‍ കുറച്ചുനാളായി കാണുന്ന സ്വഭാവമാറ്റത്തിനു പരിഹാരം തേടിയായിരുന്നു അവരുടെ വരവ്.

''ഇടുക്കിയിലെ അറിയപ്പെടുന്ന സ്‌കൂളാണു ഞങ്ങളുടേത്. വിദ്യാര്‍ത്ഥികള്‍ക്കെല്ലാം ഗോപന്‍ സാറിനെ വലിയ ഇഷ്ടമാണ്. വഴക്കുപറയുകയോ അടിക്കുകയോ ചെയ്യാതെ കുട്ടികളെ പഠിപ്പിക്കാനുള്ള പ്രത്യേക കഴിവ് അദ്ദേഹത്തിനുണ്ട്.

പ്രശ്‌നമുണ്ടാക്കുന്നവരെ ഗോപന്‍സാര്‍ ഉപദേശിച്ച് നന്നാക്കിയെടുക്കും. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവരെ വീട്ടില്‍ വിളിച്ചുവരുത്തി ക്ലാസെടുക്കുകയും ചെയ്തിരുന്നു.

രണ്ടാണ്‍മക്കളാണു സാറിനുള്ളത്. അതുകൊണ്ട് പെണ്‍കുട്ടികേളാടൊരു പ്രത്യേക വാത്സല്യമുണ്ട്.
അടുത്ത കാലത്തായി അദ്ദേഹത്തിന്റെ മറ്റൊരു മുഖം ഞങ്ങള്‍ക്ക് കാണേണ്ടിവന്നു.

ക്രിസ്മസ് അവധി കഴിഞ്ഞ് സ്‌കൂള്‍ തുറന്ന ദിവസം പത്തുമണിയായിട്ടും ഗോപന്‍ സാറിനെ കണ്ടില്ല. ഫോണില്‍ വിളിച്ചിട്ടു കിട്ടിയതുമില്ല. കുറച്ചുകഴിഞ്ഞപ്പോള്‍ ഒരു പെണ്‍കുട്ടിയുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടു.

അധ്യാപകരും കുട്ടികളുമെല്ലാം ഓടിച്ചെന്നപ്പോള്‍ അവിടെക്കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. കുട്ടികളെ നുള്ളിനോവിക്കാത്ത ഗോപന്‍സാര്‍ ഒരു വിദ്യാര്‍ത്ഥിനിയെ തലങ്ങും വിലങ്ങും അടിക്കുന്നു!

സാറിനെ പിടിച്ചുമാറ്റാന്‍ നോക്കിയെങ്കിലും അദ്ദേഹം ഞങ്ങളെ തള്ളിമാറ്റി. ഒടുവില്‍ സര്‍വശക്തിയുമെടുത്ത് എല്ലാവരും ചേര്‍ന്ന് അദ്ദേഹത്തെ പിടിച്ചു മാറ്റി. പെണ്‍കുട്ടിയെയും കൊണ്ട് ടീച്ചര്‍മാര്‍ ഓഫീസ്‌റൂമിലേക്ക് പോയി.

സാറിന്റെ ആ പെരുമാറ്റം മറ്റദ്ധ്യാപകരെയും ഭയപ്പെടുത്തി. അല്‍പ്പം ശാന്തനായപ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തോടു ചോദിച്ചു:
''എന്തിനാ ഗോപന്‍സാറേ ആ കുട്ടിയെ തല്ലിയത്? നിങ്ങള്‍ ആരെയും ശിക്ഷിക്കാത്ത അദ്ധ്യാപകനല്ലേ?''

ഉടന്‍ മറുപടി വന്നു:
''അവളെ എനിക്കിഷ്ടമല്ല, ഇപ്പോള്‍ത്തന്നെ ടി.സി കൊടുത്ത് പറഞ്ഞുവിട്ടേക്ക്. ഇനിയവളെ ഇവിടെ വേണ്ട. അവള് മാത്രമല്ല, ഒരു പെണ്‍കുട്ടിയും ഇവിടെ പഠിക്കണ്ട.''

പ്രിന്‍സിപ്പലായ എന്നോട് അദ്ദേഹം കല്‍പ്പിച്ചപ്പോള്‍ എനിക്കും ദേഷ്യം വന്നു. അന്ന് അദ്ദേഹത്തെക്കൊണ്ട് ക്ലാസ് എടുപ്പിച്ചില്ല. അടുത്ത ദിവസം അദ്ധ്യാപകരില്‍ പലരും അദ്ദേഹത്തോടു സംസാരിക്കാന്‍ തുനിഞ്ഞു. പക്ഷേ അദ്ദേഹത്തിന്റേത് മോശമായ പ്രതികരണമായിരുന്നു.

അന്ന് ഉച്ചയോടടുത്തപ്പോള്‍ ഞങ്ങള്‍ വിചിത്രമായ മറ്റൊരുകാഴ്ച കണ്ടു. തന്റെ ക്ലാസിലെ പെണ്‍കുട്ടികളെ മുഴുവന്‍ പുറത്തിരുത്തിയിട്ട് ആണ്‍കുട്ടികളെ മാത്രം പഠിപ്പിക്കുകയാണ് ഗോപന്‍സാര്‍!

പ്രശ്‌നം ഗുരുതരമാണെന്നു ബോദ്ധ്യപ്പെട്ടപ്പോള്‍ ഗോപനൊഴികെയുള്ള അധ്യാപകരുടെ മീറ്റിങ് വിളിച്ചുകൂട്ടി. ഉച്ചകഴിഞ്ഞ് ഞങ്ങള്‍ ഗോപന്റെ വീട്ടില്‍ ചെന്ന് നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു. എല്ലാം കേട്ടിട്ടും അദ്ദേഹത്തിന്റെ ഭാര്യ ഒരക്ഷരം മിണ്ടിയില്ല.

പിന്നീട് ബാംഗ്ലൂരില്‍ എന്‍ജിനീയറിങ്ങിനു പഠിക്കുന്ന, ഗോപന്റെ മകന്‍ ഗോകുലിനെ ഞങ്ങള്‍ വിളിച്ചുവരുത്തി.
''സ്‌കൂളില്‍ പെണ്‍കുട്ടികളോടു കാട്ടുന്ന അവഗണനയാണ് വീട്ടില്‍ അച്ഛന്‍ അമ്മയോടും കാണിക്കുന്നത്.''
അവന്‍ പറഞ്ഞു.

ഗോപന്‍സാറിന്റെ മനോനില അത്യന്തം തകരാറിലാണെന്ന് അതോടെ മനസിലായി. എങ്കിലും അദ്ദേഹത്തെ പറഞ്ഞുവിടാനുള്ള മനസ് മാനേജ്‌മെന്റിനുണ്ടായില്ല. അതുകൊണ്ട് മൂന്നുമാസത്തെ ലീവ് കൊടുത്തിരിക്കുകയാണ്.''

ജുബ്ബയും മുണ്ടും ധരിച്ച ക്ഷീണിതനായ ഒരു മനുഷ്യന്‍! അതായിരുന്നു ഗോപന്‍.

അടിമുടി വീക്ഷിച്ചപ്പോള്‍ അയാളുടെ നെറ്റിയില്‍ ഞാനൊരു പാട് കണ്ടു. അതേപ്പറ്റി അന്വേഷിച്ചപ്പോള്‍ കുറച്ചുനാള്‍ മുമ്പ് അയാള്‍ക്ക് ചെറിയൊരു അപകടം പറ്റിയിരുന്നതായി അറിഞ്ഞു.

നടന്നുപോയ ഗോപനെ അമിതവേഗത്തിലെത്തിയ ജീപ്പ് ഇടിച്ചിടുകയായിരുന്നു. തലയുടെ മുന്‍ഭാഗത്ത് പരിക്കേറ്റെങ്കിലും ഒരു ക്ലിനിക്കില്‍ പോയി മരുന്ന് പുരട്ടുകയേ ചെയ്തുള്ളൂ. സ്വഭാവത്തില്‍ മാറ്റമുണ്ടായതിന് രണ്ടാഴ്ച മുമ്പായിരുന്നു ഇത്.

ഉടന്‍തന്നെ ഒരു ന്യൂറോളജിസ്റ്റിന്റെകൂടി സഹായത്തോടെ ഗോപന് ട്രീറ്റ്‌മെന്റ് ആരംഭിച്ചു. എം.ആര്‍.ഐ സ്‌കാന്‍ ചെയ്തപ്പോള്‍ തലയ്ക്ക് ക്ഷതമുണ്ടെന്നു വ്യക്തമായി. അതോടെ 'ഫ്രണ്ട്‌ലോപ് സിന്‍ഡ്രോം' എന്ന അവസ്ഥയിലൂടെയാണ് ഇപ്പോള്‍ ഗോപന്റെ സഞ്ചാരമെന്ന് എനിക്കു മനസിലായി.

മനുഷ്യന്റെ സ്വഭാവവും പെരുമാറ്റവുമൊക്കെ നിയന്ത്രിക്കുന്ന ഭാഗത്തെ തകരാറാണിത്. അത് പരിഹരിക്കാനായി ഞാന്‍ ആന്റിസൈക്കോട്ടിക് മരുന്നുകള്‍ നല്‍കി. ആറാഴ്ചത്തെ ചികിത്സകൊണ്ട് ഗോപന്റെ പെരുമാറ്റത്തില്‍ ഗുണപരമായ മാറ്റം കണ്ടു.

എങ്കിലും ദീര്‍ഘകാലത്തേക്ക് മരുന്നുകള്‍ തുടരേണ്ടി വരും. നല്ലപാഠങ്ങള്‍ പഠിപ്പിച്ചുതന്ന ഗോപന്‍സാറിന്റെ തിരിച്ചുവരവു കാത്ത് കുട്ടികളും അധ്യാപകരും പ്രതീക്ഷയോടെ ഇരിക്കുകയാണ്.

Ads by Google
ഡോ. സിജോ അലക്‌സ്, കണ്‍സല്‍ട്ടന്റ് സൈക്യാട്രിസ്റ്റ്
ഡോ. സിജോ അലക്‌സ്, കണ്‍സല്‍ട്ടന്റ് സൈക്യാട്രിസ്റ്റ്
Friday 13 Apr 2018 04.09 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW