Saturday, August 24, 2019 Last Updated 46 Min 54 Sec ago English Edition
Todays E paper
Ads by Google
Thursday 12 Apr 2018 03.43 PM

നാരങ്ങയും മെഴുകുതിരിയും ഉരുകിത്തീരുന്ന കുട്ടികള്‍

നിങ്ങളുടെ കുട്ടി മയക്കുമരുന്നിന് അടിമയാണോ? കേരളത്തിലെ സ്‌കൂളുകള്‍ കീഴടക്കുന്ന ലഹരിമാഫിയയുടെ ഇടനാഴികളിലേക്ക് ഒരു അന്വേഷണം...!
uploads/news/2018/04/208386/weeklymayakumarunnu120418.jpg

''ഞരമ്പുകളില്‍ ലഹരിയുടെ കാട്ടുതീ പടര്‍ത്തുന്ന മയക്കുമരുന്നിനെ തിരിച്ചറിയുക എളുപ്പമല്ല. എങ്കിലും ഓരോ വ്യക്തിയെയും സസൂക്ഷ്മം നിരീക്ഷിച്ചാല്‍ അവരിലെ മാറ്റങ്ങള്‍ കണ്ടറിയാം. ''

മയക്കുമരുന്നിന് കാശില്ലാതെ വരുമ്പോഴാണ് കുട്ടികളില്‍ പലരും, മാഫിയയുടെ കാരിയര്‍മാരായി മാറുന്നത്. ദൈവം താമസിക്കുന്നുവെന്ന് വിശ്വസിക്കുന്ന പുസ്തകസഞ്ചിക്കുള്ളില്‍ അവര്‍
ലഹരിയുടെ ചെകുത്താന് പീഠം ഒരുക്കും.
ഒരു തുടം വിഷം...
ഒരു മുഴം കയര്‍... അല്ലെങ്കില്‍... തീവണ്ടിപ്പാളത്തിലെ ഒരിത്തിരി തണുപ്പ്.
മരണത്തിലേക്കുള്ള യാത്ര ലഹരിയുടെ കൈപിടിച്ച് തുടരുകയാണ് കുട്ടികള്‍...

കൊച്ചിയിലാണ്...
വിദേശത്തു ജോലിചെയ്യുന്ന ദമ്പതികളുടെ ഒരേയൊരു മകന്‍. പേര് മിഥുന്‍!
മിടുക്കന്‍.. സത്‌സ്വഭാവി.
മുത്തശിയുടെ സംരക്ഷണയിലാണ് വളര്‍ച്ച. ഒന്നിനും ഒരു കുറവുമില്ല.
മുത്തശിക്കാണെങ്കില്‍ ചെറുമകനെക്കുറിച്ച് ആയിരം നാവാണ്.

''ഒരു കുഴപ്പത്തിനും പോവില്ല എന്റെ കുട്ടി. മറ്റു കുട്ടികളെപ്പോലെ ദുശ്ശീലമോ, ദുശ്ശാഠ്യമോ ഒന്നുമില്ല.
ഭക്ഷണക്കാര്യത്തില്‍പോലും ഒരു നിര്‍ബന്ധവുമില്ല. ആകെ ഇഷ്ടം ചെറുനാരങ്ങയോടാ. എന്നും, ഉറങ്ങുന്നതിനുമുമ്പ്. ഒരു ചെറുനാരങ്ങാ വേണം.
അത്രമാത്രം''

ആ മാര്‍ച്ചില്‍ മകനോടൊപ്പം വേനലവധി ചിലവഴിക്കാന്‍ ആസ്‌ട്രേലിയയില്‍ നിന്നെത്തിയ അമ്മ പ്രിയയ്ക്കും കൗതുകമായി മകന്റെ ഈ നാരങ്ങാ പ്രേമം.
പക്ഷേ, മകനിലുണ്ടായ ചില മാറ്റങ്ങള്‍ പ്രിയ ശ്രദ്ധിച്ചു.
പഴയതുപോലെ അത്ര 'അറ്റാച്ച്ഡ്' അല്ല മകന്‍.

പഴയതുപോലെ കൊഞ്ചലോ, ചിണുങ്ങലോ ശാഠ്യമോ ഒന്നുമില്ല.
ഔപചാരികതയുടെ തണുപ്പുള്ള, ചുരുങ്ങിയ സംസാരങ്ങള്‍ മാത്രം!
ഒരുവര്‍ഷം കൊണ്ട് ഇത്രയ്ക്കും പക്വതവരുമോ?

അതോ മകനെ ഒറ്റയ്ക്കാക്കി തങ്ങള്‍ വിദേശത്തു നില്‍ക്കുന്നതിന്റെ പരിഭവം ആണോ?
ആ ആവലാതി നെഞ്ചില്‍ ഒരു നെരിപ്പോടായി മാറിയപ്പോഴാണ് പ്രിയ മകന്റെ സ്‌കൂളില്‍ ആ അമ്മ എത്തിയത്.
ഞെട്ടിക്കുന്ന ഒരു വിവരം പ്രിയ അറിഞ്ഞത് അവിടെവച്ചാണ്.

സ്‌കൂളിലും മിഥുന്‍ പഴയ മിഥുന്‍ അല്ല. പഠനത്തിലും കലാകായികരംഗങ്ങളിലും ഒക്കെ മുമ്പില്‍ നിന്നിരുന്ന മിഥുന്‍ ഇപ്പോള്‍ ആരോടും കാര്യമായി മിണ്ടാറുപോലുമില്ലത്രേ.
സ്‌കൂളിന് പുറത്തുള്ള ചിലരുമായാണ് മിഥുന്റെ കൂട്ടുകെട്ട്.

ഇടയ്ക്ക് ക്ലാസില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയോട് മിഥുന്‍ അപമര്യാദയായി പെരുമാറി എന്നൊരു പരാതിയും വന്നിരുന്നു.
പക്ഷേ, പെണ്‍കുട്ടി പരാതി നല്‍കാത്തതിനാല്‍ മിഥുന്‍ രക്ഷപ്പെട്ടു.

കരഞ്ഞുകലങ്ങിയ കണ്ണുകളുമായാണ് പ്രിയ, വീട്ടിലേക്ക് തിരികെ കാറോടിച്ചത്. മകനെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ സൂര്യകിരണങ്ങള്‍പോലെ ആയിരുന്നു.
അതിനുമീതെ ആശങ്കയുടെ കാര്‍മേഘങ്ങള്‍ മൂടുന്നു.
ഭര്‍ത്താവിനെ വിളിച്ച് വിവരം പറഞ്ഞാലോ എന്നു പ്രിയ ആലോചിച്ചു.
പിന്നെ, ആ ഉള്ള് കൂടി നീറ്റണ്ടെന്നു വച്ചു.

വീട്ടിലേക്ക് പോവുംവഴി, പ്രിയ സുനന്ദാവര്‍മ്മയുടെ വീട്ടില്‍ക്കയറി.
കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് ആണ് സുനന്ദാവര്‍മ്മ. ടീനേജ് കൗണ്‍സിലിംഗില്‍ സ്‌പെഷ്യലൈസ് ചെയ്തിരിക്കുന്ന ആള്‍.
മകനുണ്ടായ മാറ്റത്തെക്കുറിച്ച്, സുനന്ദാവര്‍മ്മയോട് പ്രിയ കണ്ണീരോടെ വിവരിച്ചു.

ഒടുവില്‍, അവിചാരിതമായി മുറിയില്‍ ഒറ്റയ്ക്കിരിക്കാനുള്ള മകന്റെ ഇഷ്ടത്തെക്കുറിച്ചും 'ചെറുനാരങ്ങാ പ്രേമത്തെ'ക്കുറിച്ചും പറഞ്ഞു.
സുനന്ദാവര്‍മ്മയുടെ മിഴികളില്‍ ഒരു തിളക്കം പ്രിയ കണ്ടു.
''പ്രിയ ഇന്ന് മകന്റെ മുറിയില്‍ രഹസ്യമായി ഒന്നു നിരീക്ഷിക്കണം. ബാക്കി നമുക്ക് നാളെ സംസാരിക്കാം.''

അന്നു രാത്രി.
മകനറിയാതെ അവന്റെ മുറിയില്‍ നോക്കിയ പ്രിയ അമ്പരിപ്പിക്കുന്ന ഒരു കാഴ്ചകണ്ടു. പഞ്ചസാരത്തരി പോലത്തെ എന്തോ ഒന്ന്, മകന്‍ ഒരു സ്പൂണില്‍ വയ്ക്കുന്നു. പിന്നെ, അതിനുമീതെ ഒരു നാരങ്ങാ പിഴിഞ്ഞൊഴിക്കുന്നു.

പിന്നെ, മെഴുകുതിരിനാളത്തിനു മീതെ സ്പൂണ്‍ പിടിച്ച് ചൂടാക്കുന്നു.
എന്നിട്ട് ആ ലായനിയില്‍ സിഗരറ്റ് മുക്കി വലിക്കുന്നു.
ശ്വാസം നിലച്ച മട്ടില്‍ നില്‍ക്കാനേ പ്രിയയ്ക്ക് ആയുള്ളൂ.
തന്റെ മകന്‍ ഉപയോഗിക്കുന്നത് മയക്കുമരുന്നാണെന്ന്, ലോകം ഒരുപാട് കണ്ടിട്ടുള്ള പ്രിയയ്ക്ക് ഒറ്റനിമിഷംകൊണ്ട് മനസിലായി.
പിന്നെ, കാര്യങ്ങള്‍ വേഗത്തിലായി.

ഒരല്‍പ്പം സമ്മര്‍ദ്ദം ചെലുത്തിയും, മകന്റെ മുമ്പില്‍ ആത്മഹത്യാഭീഷണി മുഴക്കിയുമൊക്കെ പ്രിയ മകനെ ആസ്‌ട്രേലിയയിലേക്ക് കടത്തി.
മെല്‍ബണിലെ ഒരു ഡീ- അഡിക്ഷ ന്‍ സെന്ററില്‍ നാല്‍പ്പത്തഞ്ചുദിവസത്തെ ചികിത്സ.
ലഹരിയുടെ കിനാവള്ളിത്തട്ടില്‍ നിന്ന് മിഥുന്‍ പതിയെ മുക്തനായി.
പ്രിയ എന്ന അമ്മ ഒരു പ്രതീകം മാത്രമാണ്.

പൊന്നുമക്കള്‍ ലഹരിയുടെ പുകയില്‍ പിടഞ്ഞുതീരുമ്പോള്‍ കരഞ്ഞുതീരുന്ന അമ്മമാരില്‍ ഒരാള്‍...

സ്വാധീനവും സമ്പത്തുമുള്ളതുകൊണ്ട് പ്രിയയ്ക്ക് കുറേ ശ്രദ്ധിച്ചിട്ടാണെങ്കിലും മകനെ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞു. പക്ഷേ, ഭൂരിഭാഗം അമ്മമാരുടെയും സ്ഥിതി ഇതല്ല.

പലരും, മക്കള്‍ ആത്മഹത്യചെയ്തതിനു ശേഷമോ അതല്ലെങ്കില്‍ അപകടത്തില്‍ മരിച്ചതിനു ശേഷമോ... അല്ലെങ്കില്‍ ഏതെങ്കിലും കേസില്‍ പ്രതിയാക്കപ്പെടുമ്പോഴോ ആണ്, അവര്‍ മയക്കുമരുന്നിന് അടിമകളായിരുന്നുവെന്ന് തിരിച്ചറിയുന്നത്.

ചോരമണം ഇഷ്ടപ്പെടുന്ന കുട്ടി


തിരുവനന്തപുരത്താണ്.
മകന്റെ കൈവെള്ളയില്‍ ബ്ലെയ്ഡുകൊണ്ട് വരഞ്ഞിരിക്കുന്ന മുറിവുകളുമായാണ് മാതാപിതാക്കള്‍ ഡോക്ടറുടെ മുമ്പില്‍ എത്തിയത്.
മകന്‍ തന്നെ ചെയ്യുന്നതാണത്രേ!

സ്വന്തം കൈവെള്ളയില്‍ ബ്ലെയ്ഡുകൊണ്ട് വരഞ്ഞ്, ആ ചോര വാസനിക്കുന്നതാണ് ഇഷ്ടവിനോദം.
ഡോക്ടര്‍ക്ക് പെട്ടെന്നുതന്നെ കാര്യം മനസിലായി.

മയക്കുമരുന്നിന്റെ ഉന്മാദത്തില്‍ കാണിക്കുന്ന സാഹസിക പരീക്ഷണങ്ങള്‍!
ഇന്ന്, സ്വന്തം കൈവെള്ളയില്‍ വരഞ്ഞ് ചോരയുടെ ഗന്ധം ആസ്വദിക്കുന്നവന്‍ നാളെ അച്ഛന്റെയോ അമ്മയുടെയോ കഴുത്ത് കണ്ടിക്കും എന്ന കാര്യത്തി ല്‍ ഡോക്ടര്‍ക്ക് സംശയമില്ലായിരുന്നു.
ഒരുനിമിഷം പോലും വൈകാതെ ഡീ- അഡിക്ഷന്‍ സെന്ററിലേക്ക് റഫര്‍ ചെയ്തു.
ചികിത്സ ഇപ്പോഴും തുടരുകയാണ്!!!

എങ്ങനെ തിരിച്ചറിയാം


മദ്യത്തെയും, പുകയിലയെയും ഒക്കെ ആര്‍ക്കും ഗന്ധംകൊണ്ട് തിരിച്ചറിയാം. എന്നാല്‍ ഞരമ്പുകളില്‍ ലഹരിയുടെ കാട്ടുതീ പടര്‍ത്തുന്ന മയക്കുമരുന്നിനെ തിരിച്ചറിയുക എളുപ്പമല്ല. എങ്കിലും, ഓരോ വ്യക്തിയെയും സസൂക്ഷ്മം നിരീക്ഷിച്ചാല്‍ അവരിലെ മാറ്റങ്ങള്‍ കണ്ടറിയാം. പിന്നെ, അതിന്റെ കാരണം തേടിപ്പോയാല്‍ മതി.

1. ഒറ്റയ്ക്കിരിക്കാനുള്ള ഇഷ്ടം.
2. പൊടുന്നനെ അന്തര്‍മുഖനായി മാറുക.
3. സ്വതവേ ഭീരുക്കളായിരുന്നവര്‍ക്കുണ്ടാകുന്ന അമിതധൈര്യവും അതിസാഹസിക പ്രവര്‍ത്തികളോടുള്ള ഇഷ്ടവും.
4. ഏകാന്തതയെ കൂടുതല്‍ പ്രണയിക്കുന്നത്, ഒറ്റയ്ക്ക് മുറിയടച്ചിരിക്കുന്നത്.
5. കൈവെള്ളയിലും കൈത്തണ്ടയിലും കാണുന്ന - സൂചി കുത്തിയതുപോലുള്ള ചുവന്ന പാടുകള്‍.
6. ഭക്ഷണത്തോടുള്ള വിരക്തി.

മാതാപിതാക്കള്‍ ചെയ്യേണ്ടത്...


ഠ മക്കള്‍ക്കുവേണ്ടി സമയം മാറ്റിവയ്ക്കുക... അവരുടെ സങ്കടങ്ങളും സംശയങ്ങളും പ്രശ്‌നങ്ങളും ക്ഷമയോടെ കേള്‍ക്കുക.
ഠ മക്കളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യാതിരിക്കുക. എന്തിനും ഏതിനും കുറ്റപ്പെടുത്താതിരിക്കുക.
ഠ മകനോ മകളോ മയക്കുമരുന്ന് ഉപയോഗിക്കുന്നു എന്നു കണ്ടാല്‍ ജീവിതം തീര്‍ന്നു എന്നു വിലപിക്കാതെ അതിന്റെ ദോഷഫലങ്ങള്‍ അവരെ പറഞ്ഞു മനസിലാക്കിയും, ചികിത്സയ്ക്ക്
വിധേയരാക്കിയും, സ്‌നേഹത്തോടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുക.

ഒന്നുമാത്രം ഓര്‍ക്കുക...


സ്‌നേഹത്തിനും, ബന്ധങ്ങള്‍ക്കും ഉണ്ടാവുന്ന വിടവുകളിലൂടെയും വിള്ളലുകളിലൂടെയുമാണ് ഒരു വില്ലനായി, ലഹരിയുടെ പുക വീടുകളിലേക്ക് എത്തുന്നത്.
ഒരു തലമുറയുടെ രക്ഷയ്ക്ക് ഇനി വൈകിക്കൂടാ.
ലഹരിയുടെ പുകയില്‍ ഇനി ഒരു കൗമാരവും ഹോമിക്കപ്പെടരുത്. ഒരമ്മയുടെയും ജീവിതം കണ്ണുനീരിന്റെ പെരുമഴക്കാലമായി മാറുകയും അരുത്.

തയ്യാറാക്കിയത്: അനില്‍കുമാര്‍ റാന്നി

Ads by Google
Thursday 12 Apr 2018 03.43 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW