Saturday, August 24, 2019 Last Updated 34 Min 41 Sec ago English Edition
Todays E paper
Ads by Google
Sunday 25 Mar 2018 10.52 PM

ചക്ക പെരുമ

uploads/news/2018/03/203612/cjakka.jpg

കേരളത്തിന്റെ ഔദ്യോഗിക ഫലമാണ്‌ ചക്ക. കഴിഞ്ഞ ദിവസമാണ്‌ ചക്കക്ക്‌ ഈ പദവി ലഭിച്ചത്‌. മരത്തിലുണ്ടാകുന്ന പഴങ്ങളില്‍ ലോകത്തിലെ ഏറ്റവും വലുത്‌ ചക്കപ്പഴമാണ്‌. വലുപ്പത്തില്‍ മാത്രമല്ല പോഷകഗുണത്തിലും ഔഷധഗുണത്തിലും ചക്ക ഒന്നാം സ്‌ഥാനത്തുതന്നെയാണ്‌.
കേരളത്തില്‍ പാഴാക്കപ്പെടുന്ന ഫലങ്ങളില്‍ ഒന്നാംസ്‌ഥാനത്തും ചക്ക തന്നെ. മള്‍ബറി (മോറേസി) കുടുംബക്കാരനാണ്‌ ചക്ക. ചക്കയുടെ ശാസ്‌ത്രനാമം ആര്‍ട്ടോ കാര്‍പ്പസ്‌ ഹെറ്ററോ ഫില്ലസ്‌.

ചക്ക നിസാരക്കാരനല്ല

പ്രതിവര്‍ഷം 30 കോടി മുതല്‍ 60 കോടി ചക്ക വരെയാണ്‌ കേരളത്തില്‍ ഉത്‌പാദിപ്പിക്കുന്നത്‌. ഇതില്‍ 30ശതമാനം വെറുതേ നശിച്ചു പോകുകയാണ്‌. വര്‍ഷം തോറും നശിക്കുന്നത്‌ 600 കോടി രൂപയുടെ ചക്കയാണെന്നാണ്‌ കണക്ക്‌. വാണിജ്യപരമായി ചക്കയെ ഉപയോഗപ്പെടുത്തിയാല്‍ 30000 കോടി രൂപയുടെ വരുമാനം ഉണ്ടാക്കാന്‍ കഴിയുമെന്നാണ്‌ കാര്‍ഷിക വകുപ്പിന്റെ റിപ്പോര്‍ട്ട.്‌
ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കുന്നതിലൂടെ കേരള ബ്രാന്‍ഡ്‌ ചക്കയെ ലോക വിപണിയില്‍ അവതരിപ്പിക്കാനാണ്‌ സംസ്‌ഥാന സര്‍ക്കാരിന്റെ നീക്കം. മൂല്യവര്‍ധിത ഉത്‌പന്നങ്ങളിലൂടെ പ്രതിവര്‍ഷം 1500 കോടി രൂപയുടെ വരുമാനമാണ്‌ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്‌. ചക്കയില്‍നിന്നും അതിന്റെ അനുബന്ധ ഉല്‍പ്പന്നങ്ങളില്‍ നിന്നുമായിരിക്കും ഈ വരുമാനമുണ്ടാക്കുക.
ചക്ക സംസ്‌ഥാനത്തു വന്‍തോതില്‍ ഉണ്ടെങ്കിലും അതിന്റെ ഗുണം പൂര്‍ണമായും ഇതുവരെ ഉപയോഗപ്പെടുത്താനായിട്ടില്ല. സംസ്‌കരണസാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി ചക്കയില്‍നിന്ന്‌ ലാഭം കണ്ടെത്താനുള്ള ഒരുക്കത്തിലാണ്‌ സര്‍ക്കാര്‍. ഔദ്യോഗിക ഫലമാക്കുന്നതിലൂടെ സംസ്‌ഥാനത്ത്‌ പ്ലാവ്‌ നടീലും വര്‍ധിക്കുമെന്നാണു സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്‌.

കേരളത്തില്‍ മാത്രം പ്രകൃതിദത്ത ചക്ക

ആന്ധ്ര, മഹാരാഷ്‌ട്ര, ഗുജറാത്ത്‌, തമിഴ്‌നാട്‌, കര്‍ണാടക, മധ്യപ്രദേശ്‌. ഉത്തര്‍പ്രദേശ്‌, ബീഹാര്‍, ബംഗാള്‍ എന്നിവിടങ്ങളിലെല്ലാം ചക്ക ഉണ്ടെങ്കിലും വിദേശീയര്‍ക്ക്‌ വേണ്ടത്‌ കേരളത്തിലെ ചക്ക മാത്രം. പ്രകൃതിദത്തമാണ്‌ കേരളത്തിലെ ചക്കകളെന്നാണ്‌ വിലയിരുത്തല്‍. മറ്റു സംസ്‌ഥാനങ്ങളില്‍ ചക്ക കൃഷി ചെയ്യുകയാണ്‌.

നാടന്‍ പ്ലാവിനങ്ങളുടെ രക്ഷയ്‌ക്കായി

നാടന്‍ പ്ലാവിനങ്ങളുടെ ജനിതക വിവരങ്ങള്‍ ശേഖരിക്കുന്നതിനായി കേരള കാര്‍ഷിക സര്‍വകലാശാലയും വനംവകുപ്പും ചേര്‍ന്ന്‌ ചില ശ്രമങ്ങള്‍ നടത്തുകയുണ്ടായി. മണ്ണുത്തി കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ഡോ. നാരായണന്‍കുട്ടിയുടെ നേതൃത്വത്തില്‍ കേരളത്തിലെ മുപ്പത്തഞ്ചോളം നാടന്‍ പ്ലാവിനങ്ങള്‍ ശേഖരിച്ച്‌ പ്രത്യേക തോട്ടത്തില്‍ സംരക്ഷിച്ചിട്ടുണ്ട്‌.

കിഴക്കിന്റെ ഓക്ക്‌

പാശ്‌ചാത്യ നാടുകളില്‍ സുലഭമായി കണ്ടുവരുന്ന കടുപ്പമേറിയ മരത്തടിയുള്ള വൃക്ഷമാണ്‌ ഓക്ക്‌. ഓക്കിനു തുല്യമായ തടിയാണ്‌ പ്ലാവിന്റേതും. അതുകൊണ്ട്‌ കിഴക്കിന്റെ ഓക്ക്‌ എന്നൊരു വിളിപ്പേരും പ്ലാവിനുണ്ട്‌.

ചക്കബാര്‍

കുരുകളഞ്ഞ ചക്ക ശര്‍ക്കര, ഏലക്ക എന്നിവ ചേര്‍ത്ത്‌ വരട്ടി എടുത്ത്‌ ചക്കബാര്‍ ഉണ്ടാക്കാം. ഇത്‌ ഹലുവ പോലെ മുറിച്ചെടുത്ത്‌ കഴിക്കാവുന്നതാണ്‌. ഇതു കൊണ്ട്‌ സ്വാദിഷ്‌ടമായ ചക്ക അടയും ഉണ്ടാക്കാം. ചക്കബാറും അരിപ്പൊടിയും 1:2 അനുപാതത്തില്‍ കുഴച്ച്‌ ഇലയില്‍ പൊതിഞ്ഞ്‌ ആവിയില്‍ വേവിച്ചെടുത്താല്‍ ചക്ക അടയായി.

രോഗപ്രതിരോധം

ഏറ്റവും നല്ല രോഗപ്രതിരോധ ആഹാരമാണ്‌ ചക്ക. ദഹനത്തിന്‌ മാത്രമല്ല, കാന്‍സറിനെപ്പോലും ചെറുക്കാനുള്ള കഴിവ്‌ ചക്കച്ചൊളയ്‌ക്കും കുരുവിനുമുണ്ടെന്ന്‌ ശാസ്‌ത്രജ്‌ഞന്മാര്‍ കണ്ടെത്തിയിട്ടുണ്ട്‌.
മൂപ്പെത്താത്ത ചക്ക കഴിക്കുന്നത്‌ വായുകോപം ഇല്ലാതാക്കും. ചക്കപ്പഴം ശോധന, മെലിച്ചില്‍, അതിപിത്തം എന്നിവ തടയുന്നു. മൂത്ര സംബന്ധമായ അസുഖമില്ലാതാക്കാന്‍ ചക്കക്കുരു ഫലപ്രദമാണ്‌.

ചക്കയെക്കുറിച്ചുള്ള പഴഞ്ചൊല്ലുകള്‍

ചക്കയാണോ ചൂഴ്‌ന്നു നോക്കാന്‍.
ചക്കയിട്ടകള്ളന്‍
മെക്കട്ടുകയറുകയോ.
ചക്കയ്‌ക്ക് ചുക്ക്‌
മാങ്ങായ്‌ക്ക് തേങ്ങ.
ചക്കയ്‌ക്കു തക്ക കൂട.
ചക്കയ്‌ക്ക് തേങ്ങ
കടംവാങ്ങിയെങ്കിലും കൂട്ടണം.
ചക്കയ്‌ക്കും മുള്ളുണ്ട്‌,
ഉമ്മത്തിന്‍കായ്‌ക്കും മുള്ളുണ്ട്‌.
ചക്കപോലത്തെ വാക്കും
ചക്കപോലത്തെ നെഞ്ചും.
ചക്ക തിന്നും തോറും
പ്ലാവു വയ്‌ക്കാന്‍ തോന്നും
ചക്ക തിന്നാനും
ശാസിക്കണം.
ചക്ക കട്ട ഏഴിനാണ്‌
പട്ടി കുരയ്‌ക്കുന്നത്‌.
ചക്കക്കൂഞ്ഞിലും
ചന്ദനക്കുരന്നും സമം.

100 ഗ്രാം ചക്കപ്പഴത്തില്‍ അടങ്ങിയിരിക്കുന്നത്‌

പ്രോട്ടീന്‍ 6.6 ഗ്രാം
കൊഴുപ്പ്‌ 0.4 ഗ്രാം
ധാതുക്കള്‍ 1.2 ഗ്രാം
നാര്‌ 1.5 ഗ്രാം
കാര്‍ബോ ഹൈഡ്രേറ്റ്‌സ് 25.8 ഗ്രാം
ഊര്‍ജം 133 കി. (കലോറി)
കാത്സ്യം 50 മി. ഗ്രാം
ഫോസ്‌ഫറസ്‌ 97 മി. ഗ്രാം
ഇരുമ്പ്‌ 1.5 മി.ഗ്രാം

Ads by Google
Sunday 25 Mar 2018 10.52 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW