Saturday, August 24, 2019 Last Updated 50 Min 51 Sec ago English Edition
Todays E paper
Ads by Google
Tuesday 06 Mar 2018 08.00 AM

ഇല്ല, ആ മണികിലുക്കം നിലയ്ക്കില്ല: സ്നേഹമുള്ള ചാലക്കുടിക്കാര​ന്റെ ഒാര്‍മ്മകള്‍ക്ക് രണ്ടു വയസ്സ്

uploads/news/2018/03/197899/kalabhavan-mani.jpg

സകലകലാവല്ലഭന്‍ എന്ന വിശേഷണത്തോട് കലാഭവന്‍ മണിയുടെ പേര് നിസ്സംശയം ചേരും. സിനിമ ലോകത്തിന് മാത്രമായിരുന്നില്ല ചാലക്കുടിക്കാരുടെ കൂടി സ്വന്തം ചങ്ങാതിയായിരുന്നു മണി. ആ മണിക്കിലുക്കം നിലച്ചിട്ട് ഇന്ന് രണ്ട് വര്‍ഷം. തന്റെ വഴികള്‍ തിരിച്ചറിയുകയും കടന്നു വന്ന വഴികള്‍ മറക്കാതെയിരിക്കുകയും ചെയ്ത കലാകാരനായിരുന്നു അദ്ദേഹം. സ്വതസിദ്ധമായ അഭിനയത്തിലൂടെയും ചിരിയിലൂടെയും മലയാളിയുടെ പ്രിയങ്കരനായി മാറാന്‍ മണിക്ക് അധികകാലം വേണ്ടി വന്നിരുന്നില്ല. മരണം അദ്ദേഹത്തെ തട്ടിയെടുത്തപ്പോഴും ദുരൂഹതകള്‍ മാത്രം ബാക്കിയാകുകയാണ്. എങ്കിലും ആരാധകരുടെ മനസ്സില്‍ ആ മണികിലുക്കം ഒരിക്കലും നിലയ്ക്കില്ല.

ചാലക്കുടി ചേന്നത്തുനാട് കുന്നിശ്ശേരി വീട്ടില്‍ പരേതരായ രാമന്റെയും അമ്മിണിയുടെയും മകനായി 1971-ലെ പുതുവത്സരദിനത്തിലായിരുന്നു മണിയുടെ ജനനം. രാമന്‍-അമ്മിണി ദമ്പതികളുടെ ഏഴ് മക്കളില്‍ ആറാമനായിരുന്നു മണി. പരേതനായ വേലായുധന്‍, രാമകൃഷ്ണന്‍, ശാന്ത, തങ്കമണി, ലീല, അമ്മിണി എന്നിവരായിരുന്നു സഹോദരങ്ങള്‍. കടുത്ത ദാരിദ്ര്യത്തിലാണ് മണി തന്റെ ബാല്യകാലം ചെലവഴിച്ചത്. സ്‌കൂള്‍ പഠനകാലത്ത് പഠനമൊഴികെ എല്ലാ വിഷയത്തിലും മണി മുന്നിലായിരുന്നു. പഠനവൈകല്യത്തെത്തുടര്‍ന്ന് അദ്ദേഹം പത്താം ക്ലാസില്‍ പഠനം നിര്‍ത്തി. തുടര്‍ന്ന് തെങ്ങുകയറ്റക്കാരനായും മണല്‍വാരല്‍ തൊഴിലാളിയായും അദ്ദേഹം ഉപജീവനമാര്‍ഗ്ഗം കണ്ടെത്തി. ഇടയ്ക്ക് പൊതുപ്രവര്‍ത്തകനായും അദ്ദേഹം കടന്നുവന്നു. പിന്നീട്, ചാലക്കുടി ടൗണില്‍ ഒരു ഓട്ടോറിക്ഷ ഡ്രൈവറായി മണി ജോലി നോക്കി. ഇതിനിടയിലാണ് അദ്ദേഹം കലാഭവന്‍ മിമിക്‌സ് ട്രൂപ്പില്‍ ചേരുന്നത്. ജയറാം, ദിലീപ്, നാദിര്‍ഷാ, സലിം കുമാര്‍ തുടങ്ങിയ പില്‍ക്കാലത്തെ പ്രശസ്തര്‍ പലരും കലാഭവനില്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായിരുന്നു. ഇന്ത്യയ്ക്കകത്തും പുറത്തും ഇവര്‍ ഒരുപാട് വേദികളില്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.

സിബി മലയില്‍ സംവിധാനം ചെയ്ത 1995 ല്‍ പുറത്തിറങ്ങിയ അക്ഷരമായിരുന്നു ആദ്യ സിനിമ. ജീവിതത്തില്‍ ഓട്ടോക്കാരനായ മണി ആദ്യമായി വെളളിത്തിരയിലെത്തിയപ്പോഴും അഭിനയിച്ചത് ഓട്ടോക്കാരനായിട്ടായിരുന്നുവെന്നത് ശ്രദ്ധേയമാണ്. മണിയുടെ ശ്രദ്ധിക്കപ്പെട്ട വേഷം സുന്ദര്‍ദാസ് സംവിധാനം ചെയ്ത സല്ലാപത്തിലെ(1996) ചെത്തുകാരന്‍ തൊഴിലാളിയുടേതായിരുന്നു. തുടക്കത്തില്‍ സഹനടനായി ശ്രദ്ധ നേടിയ ശേഷം പിന്നീടു നായക വേഷങ്ങളിലേക്ക് ചേക്കേറുകയായിരുന്നു. വലിയ നടനായപ്പോഴും മണി തന്റെ ഓട്ടോ കൂടെ കൂട്ടിയിരുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍, സല്ലാപം, അനന്തഭദ്രം, ആമേന്‍, സമ്മര്‍ ഇന്‍ ബത്ലഹേം,ആയിരത്തിലൊരുവന്‍ തുടങ്ങിയ ചിത്രങ്ങള്‍ മണിയുടെ വ്യത്യസ്തമായ ഒരു മുഖമാണ് പ്രേക്ഷകര്‍ക്ക് കാണിച്ചു തന്നത്.

അനന്തഭദ്രത്തിലെ ചെമ്പനും, ആമേനിലെ ലൂയിപാപ്പനും, ആദാമിന്റെ മകന്‍ അബുവിലെ ജോണ്‍സണ്‍, കരുമാടിക്കുട്ടനിലെ കുട്ടനും, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും ചിത്രത്തിലെ രാമുവും മണിയുടെ എന്നെന്നും ഓര്‍ക്കാവുന്ന കഥാപാത്രങ്ങളാണ്. മണിയിലെ അഭിനേതാവെന്തെന്ന് അടയാളപ്പെടുത്തിയ ചിത്രമായിരുന്നു വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും. ഈ ചിത്രത്തിലെ അഭിനയത്തിന് മണിയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചു പ്രത്യേക ജൂറി പുരസ്‌കാരമാണ് മണിയെ തേടിയെത്തിയത്. തമിഴ് സിനിമയിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. മലയാള സിനിമ അവഗണിച്ചപ്പോഴും മണിയെ ദക്ഷിണേന്ത്യന്‍ സിനിമാ ലോകം കൈവിട്ടില്ല. കോളിവുഡിലെ തേരോട്ടത്തിന് പിന്നാലെ ടോളീവുഡും മണിയെ തേടിയെത്തി. നാല് ചിത്രങ്ങളാണ് തെലുങ്കില്‍ മണി അഭിനയിച്ചത്. അതിനും കാരണമായത് ജെമിനിയാണ്. ജെമിനിയുടെ തെലുങ്ക് പതിപ്പിലും മണിയായിരുന്നു. പിന്നീട് മൂന്ന് സിനിമകളില്‍ കലാലഭവന്‍ മണി വില്ലന്‍ കഥാപാത്രങ്ങളെ അഭ്രപാളിയില്‍ തിളക്കമുള്ളതാക്കി മാറ്റി. 2002ല്‍ ജെമിനി എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തിന് ഫിലിം ഫെയറിന്റെ മികച്ച വില്ലന്‍ വേഷത്തിനുള്ള പുരസ്‌കാരം ലഭിച്ചു. 2009ലെ നെഹ്രുട്രോഫി വള്ളംകളിയില്‍ കാരിച്ചാല്‍ ചുണ്ടന്റെ അമരക്കാരനായും ഇദ്ദേഹം ശ്രദ്ധേയനായി.

uploads/news/2018/03/197899/kalabhavan-1.jpg

നാടന്‍ പാട്ടുകളുടെ അവതരണം, ആലാപനം എന്നിവയില്‍ മണിയോളം മറ്റൊരു കലാകാരനും സാധ്യമായിട്ടില്ല. സിനിമാ പാട്ടുകളില്‍ നിന്നും സാധാരണ മലയാളിയുടെ ഇഷ്ടം നാടന്‍ പാട്ടുകളിലേക്ക് കലാഭവന്‍ മണി പറിച്ചു നട്ടു. മണിയുടെ കണ്ണിമാങ്ങ പ്രായവും, ചാലക്കുടി ചന്തയും, ഓടപ്പഴവുമൊക്കെ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ജീവിതത്തില്‍ നിന്നുള്ള ബിംബങ്ങള്‍ക്കൊണ്ടും അനുഭവങ്ങള്‍ക്കൊണ്ടും സമൃദ്ധമായിരുന്നു. മലയാളി മറന്നുപോയ നാടന്‍പാട്ടുകള്‍ അവര്‍ പോലും അറിയാതെ താളത്തില്‍ ചുണ്ടുകളിലേക്ക് തിരികെ കൊണ്ടുവരാന്‍ മണിയോളം ശ്രമിച്ച കലാകാരന്‍ വേറെയില്ല. സിനിമയില്‍ നൂറോളം പാട്ടുകള്‍ പാടുകയും രണ്ട് സിനിമയ്ക്ക് സംഗീതം ചെയ്തെങ്കിലും തന്റെ നാടന്‍പാട്ടുകള്‍ തന്നെയാണ് താന്‍ എന്നും നെഞ്ചോട് ചേര്‍ത്തിരുന്നതെന്ന് മണി പല വേദികളിലായി പറഞ്ഞിട്ടുണ്ട്. കലാഭവന്‍ മണി നാടന്‍പാട്ട് പാടുന്നത് വ്യത്യസ്തമായി ആയിരുന്നു. പാടുന്ന പാട്ടുകളിലൂടെയും പറയുന്ന കാര്യങ്ങളിലൂടെയും സിനിമാ ലോകത്തെകുറിച്ചും ജീവിതത്തെ കുറിച്ചും കുറേ കാര്യങ്ങള്‍ പറയാതെ പറഞ്ഞായിരുന്നു ആ പാട്ടുകള്‍.

ചലച്ചിത്രരംഗത്തും മറ്റും സജീവമായി നില്‍ക്കുമ്പോഴാണ് 2016 മാര്‍ച്ച് 6-ന് തികച്ചും അപ്രതീക്ഷിതമായി മണി മരണത്തിന് കീഴടങ്ങിയത്. മരിയ്ക്കുമ്പോള്‍ 45 വയസ്സേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. കരള്‍ രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലിരിയ്‌ക്കേ ആയിരുന്നു അന്ത്യം. അതേ സമയം അദ്ദേഹത്തിന്റെ ശരീരത്തില്‍ മാരകമായ വിഷാംശം കണ്ടെത്തുകയും ചെയ്തു. തന്മൂലം വിഷമദ്യം കുടിച്ചിട്ടാകാം അദ്ദേഹം മരിച്ചതെന്ന് ചിലര്‍ സംശയം പ്രകടിപ്പിയ്ക്കുന്നു. അതേ സമയം, മണിയെ സുഹൃത്തുക്കള്‍ കൊന്നതാണെന്ന് അദ്ദേഹത്തിന്റെ അനുജനും നര്‍ത്തകനുമായ രാമകൃഷ്ണന്‍ പറയുകയുണ്ടായി. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് 2017 ഏപ്രില്‍ 17-ന് സി.ബി.ഐ. മരണം സംബന്ധിച്ച അന്വേഷണം ഏറ്റെടുത്തു. രണ്ട് സി.ബി.ഐ. ഉദ്യേഗസ്ഥര്‍ക്കാണ് ചുമതല. ഇവര്‍ ചാലക്കുടിയിലെത്തി അന്വേഷണം നടത്തുന്നുണ്ട്. എന്നാല്‍ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.

Ads by Google
Tuesday 06 Mar 2018 08.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW