Tuesday, August 20, 2019 Last Updated 4 Min 41 Sec ago English Edition
Todays E paper
Ads by Google
Friday 02 Mar 2018 05.02 PM

ഉഗ്രമൂര്‍ത്തി ക്ഷിപ്രപ്രസാദിനി പനയന്നാര്‍കാവിലമ്മ

uploads/news/2018/03/196827/JoythiADVT020318.jpg

കേരളത്തിലെ പ്രസിദ്ധ ഭദ്രകാളീ ക്ഷേത്രങ്ങളില്‍ ഏറ്റവും പ്രശസ്തമാണ് പരുമല ശ്രീ വലിയ പനയന്നാര്‍കാവ്. ഐതീഹ്യമാല, ഉണ്ണുനീലിസന്ദേശം എന്നീ വിശിഷ്ട ഗ്രന്ഥങ്ങളില്‍ ഈ ക്ഷേത്രത്തിന്റെ മഹത്വം പ്രതിപാദിക്കപ്പെട്ടിട്ടുള്ളത് സ്മരണീയമാണ്. പരിമളം വിതറുന്ന പരുമലയുടെ പ്രകൃതിഭംഗിയും സാക്ഷാല്‍ ജഗദംബികയുടെ അവതാരമായ ഉഗ്രമൂര്‍ത്തിയായ ശ്രീഭദ്രകാളിയുടെ ചൈതന്യവും ഭക്തജനങ്ങളുടെ അഭീഷ്ടസിദ്ധിയും അന്യനാടുകളില്‍ പോലും പ്രസിദ്ധമാണ്.

ദീര്‍ഘകായമായ കരിമ്പനകള്‍, വിസ്തൃതവും മനോഹരവുമായ കാവുകളും നാഗരാജാക്കന്മാരുടെയും നാഗയക്ഷിയുടെയും സര്‍വ്വരക്ഷാ സ്വരൂപങ്ങളായ പ്രതിഷ്ഠകള്‍ ഇവ ക്ഷേത്രത്തിന് ചുറ്റുപാടുമായി അഞ്ചുകാവുകളിലുണ്ട്. ദ്വാപരയുഗത്തില്‍ ശ്രീപരശുരാമനാല്‍ പ്രതിഷ്ഠിക്കപ്പെട്ടതും സര്‍വ്വശക്തനുമായ ശ്രീപരമേശ്വരന്‍ പടിഞ്ഞാറോട്ട് പമ്പാദര്‍ശനത്തില്‍ വാഴുന്നു. ദാരികവധാവതാരരൂപത്തില്‍ ശക്തിസ്വരൂപിണി ശ്രീഭദ്രകാളി കിഴക്കോട്ട് ദര്‍ശനത്തില്‍, ഇടതുഭാഗത്ത് അത്യപൂര്‍വ്വമായ മഹാമേരുചക്രം (ഈ ഭാഗത്ത് ദര്‍ശനം സാധ്യമല്ല)

ചാന്താട്ടുഭഗവതി കാളി പിന്നില്‍ സപ്തമാതൃക്കള്‍ വടക്കോട്ട് ദര്‍ശനത്തില്‍, അവര്‍ക്കു വലതുവശം പടിഞ്ഞാറോട്ട് വീരഭദ്രന്‍, ഇടതുവശത്ത് ശ്രീഗണനാഥന്‍, അതിന്റെ ഇടതുവശത്ത് തൃശൂലസ്ഥിതമായ ശ്രീശൂലിനി. പൊതുദര്‍ശനം വടക്കോട്ട്. പതിനൊന്ന് ദേവീദേവന്മാരുടെ പ്രതിഷ്ഠകള്‍ ത്രിവാതില്‍ ദര്‍ശനസ്ഥിതമായിട്ടുണ്ട്.

എല്ലാ മലയാളമാസം 1-ാം തീയതികളിലും ഇവിടെ വടക്കേനടയിലുളള മൂന്നു വാതിലുകളും തുറക്കുകയും ഇവിടെയുള്ള എല്ലാ പ്രതിഷ്ഠകളിലും പ്രത്യേക പൂജകളുമുണ്ട്. നാലമ്പലത്തിനുള്ളില്‍ രണ്ടു ശ്രീകോവിലുകള്‍, പതിനാലു പ്രതിഷ്ഠകള്‍, പുറത്ത് തിരുമുറ്റത്ത് ഗുരുതിപ്രിയമായ കരിങ്കാളി, കൊടുങ്കാളി, ഭൂതകാളി, ക്ഷേത്രപാലകന്‍, ബ്രഹ്മരക്ഷസ്സ്, ഗണപതി, ശ്രീധര്‍മ്മശാസ്താവ്, അന്നപൂര്‍ണ്ണേശ്വരി, ക്രിസ്തീയ പുരോഹിതനായ കടമറ്റത്തു കത്തനാരാല്‍ ബന്ധിക്കപ്പെട്ട യക്ഷിയമ്മ, പള്ളിയറ ക്ഷേത്രത്തിലെ കുംഭകലശപ്രിയ ദേവി ദുര്‍ണ്മ. ഇത്രയും ദേവീദേവന്മാരുടെ പ്രഭാവസംഗമ സങ്കേതമാണ് ശ്രീ വലിയ പനയന്നാര്‍കാവ്.

ഒരിക്കലും തുറക്കാത്ത കിഴക്കേനട!


ക്ഷേത്രത്തിലെ പുരാതന പ്രതിഷ്ഠകള്‍ ദ്വാപരയുഗത്തില്‍ ത്രികാലജ്ഞാനികളായ മാമുനി ശ്രേഷ്ഠന്മാര്‍ ദുര്‍വ്വാസാവു മഹര്‍ഷിയും നാരദമഹര്‍ഷിയും പരശുരാമനും ചേര്‍ന്ന് പ്രതിഷ്ഠിക്കുകയുണ്ടായി. കിഴക്കേ നടയില്‍ ശ്രീഭദ്രകാളിയുടെ ഉഗ്രമൂര്‍ത്തി പ്രതിഷ്ഠയ്ക്ക് മുന്നിലിരുന്ന് നാരദമഹര്‍ഷി പുഷ്പാഞ്ജലിക്ക് ഒരുങ്ങി.

ശൂലം, ഖഡ്ഗം, ഗദ, കടംതുടി തുടങ്ങിയ ആയുധങ്ങളുമേന്തി രക്തം ചീന്തുന്ന ഛേദിച്ച ദാരിക ശിരസ്സുമായി പതിനാറ് കൈകളോടും കരിവരന്മാരുടെ ശിരസ്സുകള്‍ കാതില്‍ അണിഞ്ഞു കൊണ്ട്, ദാനവരക്തതുള്ളികള്‍ ചീന്തുന്ന കരാളവക്രതത്തോടും ശോണിമയണിഞ്ഞ അത്യുഗ്രരൂപത്തോടും കൂടിയ പ്രതിഷ്ഠയ്ക്ക് മുന്‍പില്‍ ആവണിപ്പലകമേല്‍ ഇരുന്ന് നാരദമഹര്‍ഷി പുഷ്പാഞ്ജലി അര്‍പ്പിക്കുവാന്‍ മുതിര്‍ന്നു. തീജ്ജ്വാലകള്‍ പാറിച്ചുകൊണ്ട് പാരിലേഴും നടുങ്ങുമാറ് ഉഗ്രഅട്ടഹാസത്തോടെ കോടികോടി കിരണപ്രസരണത്തോടുകൂടി ദേവിപ്രതിഷ്ഠ ഇളകി നൃത്തമാടി. നാരദനെ ശൂലത്താല്‍ ആവണിപ്പലക സഹിതം കോരിയെറിയുകയാണുണ്ടായത്.

ഭയവിഹ്വലരായ ദേവതകളും മഹര്‍ഷിമാരും ഓടിയെത്തി സ്തുതികള്‍ പാടി പ്രദക്ഷിണം വെച്ചു. കോഴി, ആട്, ആന എന്നീ ജന്തുബലികള്‍ നടത്തി. ഒടുവില്‍ ആള്‍ക്കുരുതിയും നടത്തി. ഒഴുകിയ രക്തം തളം കെട്ടി നടയ്ക്ക് കിഴക്കുഭാഗത്ത് കാവില്‍ ഒരു രക്തക്കുളമായി. ഒടുവില്‍ ദേവിയുടെ അരുളിപ്പാടുണ്ടായി. ഈ വിഗ്രഹം സര്‍വ്വായുധങ്ങളുമേന്തി പതിനാറ് കൈകളുമായി നിലനിര്‍ത്തിയാല്‍ ആയോധനതല്‍പ്പരമാകുമെന്നും അതുവഴി ദ്രോഹങ്ങളും നാശങ്ങളും സംഭവിക്കുമെന്നും ഇവിടെ എന്റെ വിഗ്രഹത്തിന് നാല് കൈകള്‍ മാത്രം (കരവാളേന്തിയും, ദാരികന്റെ ശിരസ്സുയര്‍ത്തിയും, വരദാനാഭയ ഹസ്തങ്ങള്‍) മതിയെന്ന തരത്തില്‍ വിഗ്രഹത്തിന് പുതുമ വരുത്തണം. ദേവി കല്‍പ്പന അനുസരിച്ച് ബിംബം പുതുക്കി ഉയര്‍ത്തി നടയ്ക്ക് നേര്‍ ആരും ചെല്ലരുതെന്ന് വിലക്കി മുനീശ്വരന്മാര്‍ കിഴക്കേ നടയുമടച്ചു. അന്നുമുതല്‍ ഈ നട തുറന്നാല്‍ ദേവിയുടെ ഉഗ്രപ്രഭാവം താങ്ങുവാനുള്ള ശേഷി നാടിനില്ല എന്നാണ് സങ്കല്‍പ്പം.

സര്‍പ്പക്കാവുകളും കരിമ്പനകളും


പനയന്നാര്‍കാവില്‍ ക്ഷേത്രത്തിന് ചുറ്റുപാടുമുള്ള സര്‍പ്പക്കാവുകള്‍ സവിശേഷതയാണ്. ഇതില്‍ ക്ഷേത്രത്തിന് പടിഞ്ഞാറ് വശത്തുള്ള കാവാണ് പ്രധാനം. വെട്ടിക്കോട്ട്, മണ്ണാറശ്ശാല, മാണക്കാവ് ഇങ്ങനെ സര്‍പ്പരാജാധിവാസ കേന്ദ്രങ്ങള്‍ പ്രധാനമായും കരുതി വരുന്നതിനാല്‍ മാണക്കാവാണ് പനയന്നാര്‍ക്കാവില്‍ കാണുന്ന പടിഞ്ഞാറേ സര്‍പ്പക്കാവ്. കൂടാതെ നാല് സര്‍പ്പരാജാക്കന്മാരുടെയും നാഗയക്ഷികളുടെയും ചിത്രകൂടങ്ങളുടെയും മനോഹരമായ പ്രതിഷ്ഠകളും മറ്റ് കാവുകളില്‍ നാല് സ്ഥലങ്ങളിലായി ഇവിടെയുണ്ട്.

എല്ലാ വര്‍ഷവും തുലാമാസത്തിലെ ആയില്യം നാളില്‍ അഞ്ചുകാവുകളിലും പൂജയും, നൂറുപാലും, കലശവും നടത്തിവരാറുണ്ട്. ഈ നാളില്‍ മാത്രമേ എല്ലാ കാവുകളിലും ഭക്തജനങ്ങള്‍ക്ക് ദര്‍ശനം സാധ്യമാകൂ. മറ്റു കാവുകളിലും നിത്യപൂജയും മാണക്കാവില്‍ തന്നെ നടത്തി വരുന്നു. ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് പമ്പാനദിക്കര വരെ നിബിഡമായ കരിമ്പനകള്‍ സ്ഥിതി ചെയ്യുന്നു.

uploads/news/2018/03/196827/JoythiADVT020318a.jpg

ക്ഷേത്രശ്രീകോവിലിലെ ചുവര്‍ ചിത്രങ്ങള്‍


ചുവര്‍ ചിത്രങ്ങളാല്‍ പ്രസിദ്ധമായ ചുരുക്കം ചില ക്ഷേത്രങ്ങളില്‍ പ്രധാനമാണ് പനയന്നാര്‍കാവ്. ഇവയുടെ കാലപ്പഴക്കം നിര്‍ണ്ണയിക്കുക പൂര്‍ണ്ണമായി സാധ്യമായിട്ടില്ല. (ചിത്രങ്ങളുടെ സുരക്ഷയ്ക്കായി ദയവായി ഫോട്ടോ എടുക്കുകയോ, സ്പര്‍ശിക്കുകയോ ചെയ്യുവാന്‍ പാടുള്ളതല്ല).

കടമറ്റത്ത് കത്തനാരാല്‍ ബന്ധിക്കപ്പെട്ട യക്ഷി


പ്രഗത്ഭമാന്ത്രികനും ക്രിസ്തീയ വൈദികനുമായ കടമറ്റത്ത് പൗലോസ് കത്തനാരുടെ പിടിയില്‍ നിന്നും പനയനന്നാര്‍ കാവില്‍ എത്തിയ യക്ഷിയെ അനേ്വഷിച്ച് കത്തനാര്‍ പനയന്നാര്‍കാവിലെത്തുകയും യക്ഷിയെ മന്ത്രികവിദ്യായാല്‍ ബന്ധിക്കാന്‍ ശ്രമിക്കവെ ഒരു കരിമ്പനയില്‍ കെട്ടിപിടിച്ച് യക്ഷി രക്ഷയ്ക്കായി ദേവിയോട് അഭ്യര്‍ത്ഥിച്ചു. ഇവള്‍ ദേവകന്യകയാണ്. അതിഭോഗതല്‍പ്പരയായതിനാല്‍ ശപിക്കപ്പെട്ട് യക്ഷിയായി നരഭോജിനിയായതാണ്. ഇപ്പോള്‍ മുതല്‍ ഇവളുടെ ശാപത്തിന് മോചനമായി. അതുകൊണ്ട് നീചത്വമുള്ള യക്ഷിയല്ലാതായി. ഇനി ബന്ധിക്കേണ്ടതില്ല. ദാസിയായി ഇവിടെ കുടികൊള്ളും. പറയുന്നത് പനയന്നാര്‍കാവ് ഭദ്രയാണ് എന്ന അരുളപ്പാട് ഉണ്ടായി. കത്തനാര്‍ ഇത് കേട്ട് സന്തുഷ്ടനായി തിരികെപ്പോയി എന്നാണ് ഐതീഹ്യം. പിന്നീട് യക്ഷിയമ്മയെ ക്ഷേത്രമതിലകത്ത് ആവാഹിച്ച് പ്രതിഷ്ഠിച്ച് ആരാധന നടത്തിവരുന്നു.
ഇന്നും ക്ഷേത്രത്തിന്റെയും ദേവസ്വംതനത് വസ്തുക്കളുടെയും ഉടമസ്ഥാവകാശവും ഭരണവും കൊട്ടാരത്തില്‍ പടിഞ്ഞാറ്റേടത്ത് ആദിശ്ശകുടുംബത്തിലെ തായ്‌വഴി പിന്തുടര്‍ച്ചക്കാരില്‍ മാത്രം നിക്ഷിപ്തമാണ്.

വിശേഷദിവസങ്ങള്‍


മേടമാസത്തിലെ സപ്താഹയജ്ഞവും, വിഷുമഹോത്സവവും, കുംഭമാസത്തിലെ ശിവരാത്രി, ധനുമാസത്തിലെ മണ്ഡലപൂജ, കര്‍ക്കിടകമാസത്തിലെ വാവുബലി, തുലാമാസത്തിലെ കലശവും ആയില്യംപൂജയും, കന്നിമാസത്തിലെ നവാഹയജ്ഞവും വിദ്യാരംഭവും

പ്രധാന വഴിപാടുകള്‍


കൈവട്ടക ഗുരുതി (ദിവസവും രാവിലെ 9 മുതല്‍ 11 വരെ നടത്തപ്പെടുന്നതാണ്). കുത്തിയോട്ടം, കെട്ടിവിതാന ഗുരുതി, വലിയ ഗുരുതി, ഉദയാസ്തമനപൂജ, മഹാചാന്താട്ടം, ചാന്താട്ടം, കുംഭകലശം, അന്നദാനം, നൂറുംപാലും, ഹോമങ്ങള്‍ തുടങ്ങിയ വഴിപാടുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.

ക്ഷേത്രത്തിലേക്ക് എത്തുവാനുള്ള വഴികള്‍


തിരുവല്ല-കായംകുളം സംസ്ഥാന പാതയില്‍ മാന്നാര്‍ പരുമലക്കടവ് ജംഗ്ഷനിലെത്തി പാണ്ടനാട്-ചെങ്ങന്നൂര്‍ റൂട്ടില്‍ ഒന്നരക്കിലോമീറ്റര്‍. ചെങ്ങന്നൂര്‍ പാണ്ടനാട് വഴി തിക്കപ്പുഴ ജംഗ്ഷനില്‍ നിന്നും 500 മീറ്റര്‍ ദൂരം.

അനേ്വഷണങ്ങള്‍ക്ക് : 0479 2311263, 9446560765
www.panayannarkavu.org,
E-mail:advsubhashadisser@gmail.com

Ads by Google
Ads by Google
Loading...
TRENDING NOW