Saturday, August 24, 2019 Last Updated 32 Min 31 Sec ago English Edition
Todays E paper
Ads by Google

സെക്കന്‍ഡ് ഷോ

E.V. Shibu
E.V. Shibu
Wednesday 22 Nov 2017 01.34 PM

തീരന്‍: സ്‌റ്റൈലും ത്രില്ലും

പുതിയതായി എന്ത് പറയാന്‍ ഉള്ളത് അല്ലെങ്കില്‍ പറയുന്ന രീതിയ്ക്ക് എന്താണു പുതുമ എന്നതാണ് ആക്ഷന്‍ ത്രില്ലറുകളെ ക്ലിക്ക് ആക്കുന്നത്. കാര്‍ത്തി നായകനായ 'തീരന്‍ അധികാരം ഒന്‍ട്ര്' എന്ന ആക്ഷന്‍ ഫ്‌ളിക്കിനെ ത്രസിപ്പിക്കുന്ന ത്രില്ലറാക്കുന്നതും ആ പുതുമയുടെ പാക്കേജാണ്.
uploads/news/2017/11/167781/theeranmoverews221117.jpg

തിയറ്ററിലെത്തുന്ന ജനം കാണാന്‍ മടിക്കാത്തതും എന്നാല്‍ ആവര്‍ത്തനം കൊണ്ട് സിനിമാക്കാര്‍ മടുപ്പിക്കുന്നതുമാണ് ആക്ഷന്‍ ത്രില്ലറുകള്‍.

പുതിയതായി എന്ത് പറയാന്‍ ഉള്ളത് അല്ലെങ്കില്‍ പറയുന്ന രീതിയ്ക്ക് എന്താണു പുതുമ എന്നതാണ് ആക്ഷന്‍ ത്രില്ലറുകളെ ക്ലിക്ക് ആക്കുന്നത്. കാര്‍ത്തി നായകനായ 'തീരന്‍ അധികാരം ഒന്‍ട്ര്' എന്ന ആക്ഷന്‍ ഫ്‌ളിക്കിനെ ത്രസിപ്പിക്കുന്ന ത്രില്ലറാക്കുന്നതും ആ പുതുമയുടെ പാക്കേജാണ്.

തമിഴില്‍ സൂപ്പര്‍സ്റ്റാര്‍ സിനിമകളുടെ മാസ് സിനിമകള്‍ക്ക് സമാന്തരമായി നിലവാരമുള്ള നിരവധി ത്രില്ലറുകള്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ വിവിധ ജോണറുകളിലായി പുറത്തിറങ്ങിട്ടുണ്ട്. അതില്‍ ശ്രദ്ധേയമാണ് എച്ച്. വിനോദ് സംവിധാനം ചെയ്ത സതുരംഗവേട്ടൈ.

വിനോദിന്റെ രണ്ടാം സിനിമയാണ് തീരന്‍ അധികാരം ഒണ്‍ട്ര്. മസാലയും ആക്ഷനും പ്രണയവും പ്രതികാരവും ശരിക്കും മിക്‌സ് ചെയ്തിട്ടുണ്ടെങ്കിലും ഒരു ടിപ്പിക്കല്‍ തമിഴ് പോലീസ് സ്‌റ്റോറിയല്ല തീരന്‍. സിനിമാറ്റിക്കും ഡ്രാമാറ്റിക്കുമാണെങ്കിലും റിയലിസ്റ്റിക്കായ ഒരു പ്ലോട്ടുണ്ട് തീരന്.

സിങ്കം സ്‌റ്റൈല്‍ പോലീസ് സ്‌റ്റോറികള്‍ക്കും ഗൗതം മേനോന്‍ സിനിമകള്‍ക്കും ഇടയിലൊരു ലൈനിലാണ് തീരന്റെ ഇടം. ഒരേസമയം റിയലിസ്റ്റിക്കും അതേസമയം മാസ് എലമെന്റുകളും കലര്‍ത്തി, മിക്‌സിങ് കൃത്യമായ ആഖ്യാനത്തില്‍ പുതുമയുള്ള ഒരു പക്കാ എന്റര്‍ടെയ്‌നര്‍.

uploads/news/2017/11/167781/theeranmoverews221117a.jpg

കൃത്യമായ റിസര്‍ച്ച് വര്‍ക്ക്, സ്‌റ്റൈലും സബ്‌സ്റ്റന്‍സുമുള്ള അവതരണം, പ്രതിനായകരുടെ പശ്ചാത്തലത്തിലെ ക്രൂരമായ പുതുമ ഇവയെല്ലാമാണ് സിനിമയ്ക്കു ഫ്രഷ് ലുക്ക് സമ്മാനിക്കുന്നത്. ഗൂഢമായ, ക്രൂരമായ ഒരു ഹൈവേ കൊള്ളസംഘത്തെ തേടിയുള്ള അന്വേഷണം. തമിഴ്‌നാടിനെ രണ്ടുപതിറ്റാണ്ടുകള്‍ക്കു മുമ്പ് ഞെട്ടിച്ച യഥാര്‍ഥസംഭവത്തെക്കുറിച്ചുള്ള അന്വേഷണമാണ് സിനിമ.

സിനിമാറ്റിക്കായിട്ടുള്ള സ്വാതന്ത്ര്യം ആവോളമെടുത്തിട്ടുണ്ടെങ്കിലും അസംഭവ്യം എന്ന് തോന്നാത്തതരത്തില്‍ തന്നെയാണ് അവതരണം. എന്നാലും രണ്ടേമുക്കാല്‍ മണിക്കൂറുള്ള സിനിമയില്‍ പതിവു തമിഴ് പോലീസ് കഥയിലെ പ്രണയവും കുടുംബവും ആവര്‍ത്തിച്ചുവരുന്നത് ക്ലീഷേയായി കുറച്ചധികം സമയം കളയുന്നുണ്ട്. സിനിമയ്ക്ക് ചിലയിടങ്ങളില്‍ ഒരു നേരമ്പോക്ക് മൂഡ് സൃഷ്ടിക്കുന്നുണ്ടെങ്കിലും കുറച്ച് എഡിറ്റിങ് ആവശ്യപ്പെടുന്നുണ്ട്.

ഉത്തരേന്ത്യ കേന്ദ്രീകരിച്ച കൊടും ക്രിമിനലുകളായ ഭവാരിയ സംഘത്തിലെ രണ്ടുപേരെ വേട്ടയാടിപ്പിടിച്ചത് തമിഴ്‌നാട് പോലീസിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട അധ്യായങ്ങളൊന്നാണ്. 2015ല്‍ എ.ഐ.എ.ഡി.എം.കെയുടെ നിയമസഭാംഗം സുന്ദരസനത്തെ കൊള്ളക്കാര്‍ വീടുകയറി കൊലപ്പെടുത്തിതോടെയാണ് പോലീസ് ഈ സംഘത്തെ വേട്ടയാടാന്‍ തുടങ്ങുന്നത്.

തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ ദേശീയപാതയ്ക്കരുകിലുള്ള വീടുകളില്‍ കടന്നുകയറി വീട്ടുകാരെ തലയ്ക്കടിച്ചുകൊലപ്പെടുത്തുകയും കവര്‍ച്ച നടത്തുകയും ചെയ്യുന്ന സംഘം ഒരു തെളിവുപോലും അവശേഷിപ്പിക്കാതെ കടന്നുകളയുകയുമാണ് ചെയ്തിരുന്നത്.

കുപ്രസിദ്ധമായ ഈ സംഘത്തെ പിടികൂടിയ പോലീസ് പദ്ധതി വളരെ വിശാലമായി തന്നെ സിനിമാറ്റിക്കായി അവതരിപ്പിക്കുകയാണ് എച്ച്. വിനോദിന്റെ സിനിമ. പലരംഗങ്ങളും സമീപകാലത്ത് കണ്ട ഏറ്റവും ത്രില്ലിങ് എന്ന വിശേഷിപ്പിക്കേണ്ട ചിത്രീകരണമികവാണ് കാഴ്ചവച്ചിട്ടുള്ളത്. പ്രത്യേകിച്ച് ഇടവേളയിലെ ഹൈ-വോള്‍ട്ടേജ് സീനുകള്‍. രണ്ടാംപകുതിയില്‍ ഏറെയും രാജസ്ഥാന്‍ മരുഭൂമിയിലാണ് ചിത്രീകരിച്ചിട്ടുള്ളത്.

uploads/news/2017/11/167781/theeranmoverews221117c.jpg

അതുകൊണ്ടുതന്നെ പതിവു ചിത്രീകരണരീതികളില്‍ നിന്നൊക്കെ കുറച്ചു വേറിട്ട പശ്ചാത്തല അനുഭവം ധീരന്‍ നല്‍കുന്നുണ്ട്. സൂപ്പര്‍പോലീസ് എന്ന ക്ലീഷേയില്‍ കാര്‍ത്തി വരുന്നുണ്ടെങ്കിലും അത് ഏതാനും രംഗങ്ങളില്‍ മാത്രമൊതുക്കിനിര്‍ത്തി തിരക്കഥയുടേയും അവതരണത്തിന്റേയും മെറിറ്റ് കൊണ്ട് അതിനെ അപ്രസക്തമാക്കാനും സിനിമ ശ്രദ്ധിക്കുന്നുണ്ട്.

പഴയ പോലീസ് റെക്കോഡുകള്‍ നശിപ്പിച്ചുകളയുമ്പോള്‍ ഹൈവേ റോബറി കേസിന്റെ ഫയലുകള്‍ ശ്രദ്ധയില്‍പെടുന്ന ഒരു യുവ പോലീസ് ഓഫീസര്‍ തീരന്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ (കാര്‍ത്തി) ജീവിതത്തെക്കുറിച്ച് അറിയുന്നതായാണ് സിനിമയുടെ അവതരണം(ഒരുപക്ഷേ സിനിമയുടെ ഏറ്റവും ദുര്‍ബലമായ ഘടകവും ഈ ഫ്‌ളാഷ് ബാക്ക് പോയിന്റിലുള്ള കാഴ്ചയാകാം.) എന്നാല്‍ തുടര്‍ച്ചയായ ഹൈവേ കവര്‍ച്ചകളെത്തുടര്‍ന്നുള്ള അന്വേഷണത്തിലേക്കു സിനിമ കയറുമ്പോള്‍ അതു ഹൈ ടെമ്പായിലാണ്.

വിഷൈ്വലൈസേനഷനിലും നരേഷനിലും പുതിയ രീതികളും സമവാക്യങ്ങളും തേടുന്ന സിനിമ ബ്രിട്ടീഷ് ഇന്ത്യ മുതലുള്ള ഇന്ത്യയിലെ തിരുട്ടുഗ്രാമങ്ങളെക്കുറിച്ച്, കവര്‍ച്ചാഗോത്രങ്ങളെക്കുറിച്ച് ഗ്രാഫിക്‌സിന്റേയും ആനിമേഷന്റെയും വരകളുടേയും സഹായത്തോടെ കഥപറയുന്നതടക്കമുള്ള പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്.

പരീക്ഷണം സിനിമയിലെ സംഭവങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിനൊപ്പം മടുപ്പുളവാക്കാതിരിക്കാനുള്ള ആഖ്യാനത്തിനും തുണയാകുന്നുണ്ട്. യഥാസംഭവങ്ങളെ ആസ്പദമാക്കിയുള്ള ജനപ്രിയ ത്രില്ലറുകള്‍ ഇന്ത്യന്‍ സിനിമകളില്‍തന്നെ അപൂര്‍വമാണെന്നതും ഈ കാര്‍ത്തിചിത്രത്തിന്റെ മൂല്യം കൂട്ടുന്നുണ്ട്.

നിരവധി തട്ടിക്കൂട്ട് ആക്ഷന്‍ സിനിമകള്‍ക്കുശേഷമാണ് കാര്‍ത്തിയുടേതായി നിലവാരമുള്ള ഒരു സിനിമ എത്തുന്നത്. തുടക്കം മുതല്‍ അവസാനം വരെ ഒരു പവര്‍ പാക്ക്ഡ് പ്രകടനത്തിന് കാര്‍ത്തിക്കു സാധിച്ചിട്ടുണ്ട്.

uploads/news/2017/11/167781/theeranmoverews221117b.jpg

തെലുങ്കുസിനിമകളിലൂടെ ശ്രദ്ധേയയായ രാകുല്‍ പ്രീത് സിങ്ങാണു നായിക. പ്രതിനായകനായി അഭിമന്യൂ സിങ്ങും. പ്രതിനായകരുടെ ശക്തരായ സംഘം ത്രില്ലര്‍ എലമെന്റിന് കരുത്തുപകരുന്നുണ്ട്.

ഊര്‍ജ്വസ്വലമെന്നും ഉജ്ജ്വലമെന്നും വിശേഷിപ്പിക്കേണ്ട ജിബ്രാന്റെ പശ്ചാത്തലസംഗീതവും മായ എന്ന ഹൊറര്‍ ചിത്രത്തിലൂടെ ശ്രദ്ധേയനായ ഛാായഗ്രഹകന്‍ സത്യന്‍ സൂര്യന്റെ ദൃശ്യങ്ങളും സിനിമയുടെ എടുത്തുപറയേണ്ട പ്ലസ് പോയിന്റുകളാണ്. ശിവാനന്ദീശ്വരന്റെ എഡിറ്റിങ്ങും സിനിമയ്ക്ക് സ്‌റൈലിഷ് ആയ വേഗം നല്‍കുന്നുണ്ട്.

പ്രണയ,കുടുംബരംങ്ങളിലൊഴികെ അതിവേഗത്തില്‍ നീങ്ങുന്ന സിനിമ പല രംഗങ്ങളിലും ഹൃദയമിടിപ്പു കൂട്ടുന്നുണ്ട്. സെന്‍സും സെന്‍സിബിലിറ്റിയുമുള്ള ആക്ഷന്‍ത്രില്ലര്‍ ചിത്രങ്ങള്‍ തേടുന്നവര്‍ക്ക് തീരന്‍ സംതൃപ്തി നല്‍കുമെന്നതില്‍ തര്‍ക്കമില്ല.

evshibu1@gmail.com

Ads by Google

സെക്കന്‍ഡ് ഷോ

E.V. Shibu
E.V. Shibu
Wednesday 22 Nov 2017 01.34 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW