Saturday, August 24, 2019 Last Updated 25 Min 18 Sec ago English Edition
Todays E paper
Ads by Google
Friday 14 Jul 2017 01.52 AM

അങ്കമാലിയിലെ പ്രധാനമന്ത്രി!

uploads/news/2017/07/127435/bft2.jpg

'കിലുക്കം' എന്ന സിനിമയിലെ രേവതിയുടെ കഥാപാത്രം നായകനായ മോഹന്‍ലാലിനോടു പറയുന്നത്‌ 'അങ്കമാലിയിലെ പ്രധാനമന്ത്രി എന്റെ അമ്മാവനാണ്‌' എന്നാണ്‌!
എന്നാല്‍, ബ്രിട്ടീഷുകാര്‍ ഇവിടെനിന്നു പോയതിനുശേഷം ചരിത്രഗതി മാറിയിരുന്നെങ്കില്‍ യു.എസ്‌.എയും ബ്രിട്ടനും ജപ്പാനും ബര്‍മയുമൊക്കെപ്പോലെ തിരുവിതാംകൂറും ഒരു സ്വതന്ത്ര രാജ്യമാകുമായിരുന്നു! തിരുവിതാംകൂറിന്റെ വ്യാപ്‌തി കന്യാകുമാരി മുതല്‍ അങ്കമാലി വരെ ഉണ്ടായിരുന്നതിനാലും പ്രജാസഭ പോലെയുള്ള സംവിധാനങ്ങള്‍ അന്നേ നിലനിന്നിരുന്നതിനാലും അങ്കമാലിയില്‍ പ്രധാനമന്ത്രി ഉണ്ടാകാനുള്ള സാധ്യത നിലനിന്നിരുന്നു! തിരുവിതാംകൂറിന്റെ ഒരേയൊരു 'നാഷണല്‍ ഹൈവേ' അനന്തപുരിയില്‍നിന്ന്‌ അങ്കമാലി വരെയുള്ള എം.സി. റോഡ്‌ എന്ന 'മെയിന്‍ സെന്‍ട്രല്‍ റോഡ്‌' ആയിരുന്നു എന്നത്‌ മറ്റൊരു കാര്യം.
ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുമെന്ന്‌ ഉറപ്പായപ്പോള്‍ കേരളപ്പിറവിക്കു തൊട്ടുമുമ്പ്‌ 'സ്വതന്ത്ര തിരുവിതാംകൂര്‍' എന്നൊരു മലയാളിസ്വര്‍ഗരാജ്യം അവസാനത്തെ ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍ പ്രഖ്യാപിക്കുകയായിരുന്നു. കൃത്യമായിപ്പറഞ്ഞാല്‍, 1947 ജൂണ്‍ 11-ന്‌. 'അമേരിക്കന്‍ മോഡല്‍' എന്നായിരുന്നു ഓമനപ്പേര്‌.
അപ്പോഴേക്കും കൊച്ചിരാജ്യവും ബ്രിട്ടീഷ്‌ മലബാറും ഇല്ലാതായിക്കഴിഞ്ഞിരുന്നു.
ഒരു പഞ്ചാംഗം മാത്രം ഉപഹാരമായി കിട്ടിയാല്‍ മതിയെന്നു പറഞ്ഞായിരുന്നല്ലോ അവസാനത്തെ കൊച്ചിരാജാവായ പരീക്ഷിത്‌ തമ്പുരാന്‍ എന്ന രാമവര്‍മ്മ സ്‌ഥാനമൊഴിഞ്ഞത്‌. എന്നാല്‍, തിരുവിതാംകൂര്‍ മഹാരാജാവും ദിവാന്‍ സി.പിയും അധികാരകേന്ദ്രങ്ങളായി നിലനിന്നു. വഞ്ചിരാജ്യം, ധര്‍മരാജ്യം, വേണാട്‌, തൃപ്പാപ്പൂര്‍ സ്വരൂപം എന്നൊക്കെ അറിയപ്പെട്ടിരുന്ന തിരുവിതാംകൂറിലെ രാജാക്കന്മാര്‍ മഹാവിഷ്‌ണുവിന്റെ അവതാരമാണെന്നും തിരുമനസിലെ കാല്‍ തൊട്ടുവന്ദിച്ചാല്‍ പുണ്യമുണ്ടാകുമെന്നുമായിരുന്നു വിശ്വാസം. മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ്‌ രാജ്യം വിപുലമാക്കി ശ്രീപത്മനാഭന്‌ അടിയറ വച്ച്‌ 'തൃപ്പടിദാനം' നടത്തിയതോടെയാണ്‌ നാടും നാട്ടുകാരും ശ്രീപത്മനാഭനു സ്വന്തമായത്‌. അതോടെ സര്‍ക്കാര്‍ ശമ്പളം എന്നാല്‍ 'ശ്രീപത്മനാഭന്റെ നാലു ചക്രം' എന്നതായി. ഈ ശമ്പളം വാങ്ങുന്നത്‌ ബഹുമതിയായി. 'ശ്രീപപ്പനാവന്റെ നാലു ചക്രം വാങ്ങുന്ന' യുവാവിന്‌ വിവാഹമാര്‍ക്കറ്റില്‍ വലിയ ഡിമാന്‍ഡായിരുന്നു. അങ്ങനെയിരിക്കെയാണ്‌ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുന്ന ദിവസം മുതല്‍ തിരുവിതാംകൂര്‍ ഒരു സ്വതന്ത്ര രാജ്യമായിത്തീരുന്നതാണെന്ന്‌ സര്‍ സി.പി. പ്രഖ്യാപിച്ചത്‌. തിരുവിതാംകൂറിലെ പൊന്നുതമ്പുരാക്കന്‍മാരോടുള്ള നാട്ടുകാരുടെ ആത്മബന്ധം മുതലെടുക്കാനായിരുന്നു ദിവാന്റെ പ്ലാന്‍. ദിവാന്‍ ഭരണത്തിനെതിരേ ശക്‌തമായ പ്രക്ഷോഭങ്ങള്‍ നടക്കുന്ന സമയമായിരുന്നു അത്‌. സി.പിയുടെ പ്രഖ്യാപനം കേട്ട നാട്ടുകാരിലേറെപ്പേരും ഞെട്ടി. സമരങ്ങള്‍ ശക്‌തമായി. തിരുവനന്തപുരം പേട്ടയില്‍ സമരക്കാര്‍ക്കു നേരേ സി.പിയുടെ പോലീസ്‌ വെടിവച്ചു. വെടിവയ്‌പ്പില്‍ മൂന്നുപേര്‍ മരിച്ചു! പുന്നപ്രയിലും വയലാറിലും വെടിപൊട്ടി. 'അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍' എന്ന മദ്രാവാക്യം നാടെങ്ങും മുഴങ്ങി. ഇതൊക്കെയായിട്ടും ഇന്ത്യയില്‍ ലയിക്കാനില്ല എന്ന നിലപാടിലായിരുന്നു ദിവാന്‍.
ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോകാന്‍ തീരുമാനിച്ച സ്‌ഥിതിക്ക്‌ തിരുവിതാംകൂര്‍ പണ്ടത്തെപ്പോലെ വേറൊരു രാജ്യമായി നിന്നാല്‍ എന്താണു കുഴപ്പം- എന്നായിരുന്നു അദ്ദേഹം ചോദിച്ചത്‌.
ഇന്ത്യന്‍ യൂണിയനില്‍ ലയിക്കാതെ നില്‍ക്കാമെന്ന്‌ ഹൈദരാബാദിലെ നൈസാമും ഭോപ്പാലിലെ നവാബും കൂടി പറഞ്ഞതോടെ സി.പിക്കു സന്തോഷമായി. നാട്ടില്‍ സമരം മുറുകിയപ്പോള്‍ ഭോപ്പാല്‍ നവാബ്‌ തിരുവനന്തപുരത്തേക്കു വിമാനത്തില്‍ പറന്നുവന്ന്‌ സി.പിയെ കണ്ടു. പുതിയ രാജ്യത്തെക്കുറിച്ചു പ്രചാരണം നടത്താന്‍ ഒരു ലക്ഷം രൂപയാണ്‌ ഭോപ്പാല്‍ രാജാവിനു സി.പി. കൊടുത്തതെന്നു ചരിത്രം. (അന്നത്തെ ഒരു ലക്ഷം രൂപയാണേ!) സ്വതന്ത്ര തിരുവിതാംകൂറിനു പിന്തുണകിട്ടാന്‍ ദിവാന്‍തന്നെ നാട്ടിലൊക്കെ യോഗങ്ങളും സംഘടിപ്പിച്ചു. ചില നേതാക്കളെ വശത്താക്കുകയും ചെയ്‌തു. 'സ്വതന്ത്ര തിരുവിതാംകൂര്‍' രാജ്യത്തിന്റെ ലക്ഷ്യങ്ങള്‍ വ്യക്‌തമാക്കി റേഡിയോ പ്രക്ഷേപണം പോലും നടത്തി! 'റേഡിയോ ഓഫ്‌ സ്വതന്ത്ര തിരുവിതാംകൂര്‍' എന്നു കരുതാം! 'ആള്‍ ഇന്ത്യ റേഡിയോ' പോലെ!
എന്തായാലും ദിവാനെതിരേ സ്‌റ്റേറ്റ്‌ കോണ്‍ഗ്രസ്‌ അടക്കമുള്ള കക്ഷികള്‍ സമരം ശക്‌തമാക്കി. രാമസ്വാമി അയ്യരെ കെ.സി.എസ്‌. മണി എന്നൊരു അമ്പലപ്പുഴക്കാരന്‍ സമരപ്പോരാളി വെട്ടിപ്പരുക്കേല്‍പ്പിച്ചതോടെ കാര്യങ്ങള്‍ മറ്റൊരു വഴിക്കായി. ദിവാന്‍ ആരുമറിയാതെ സ്വന്തം നാടായ മൈലാപ്പൂരിലേക്കു വിമാനം കയറി. തിരുവിതാംകൂര്‍കാര്‍ക്ക്‌ 'വാഗ്‌ദത്തരാജ്യവൂം' നഷ്‌ടമായി! പിന്നെ ചരിത്രത്തിന്റെ ഗതി നല്ല സ്‌പീഡിലായിരുന്നു. തിരുവിതാംകൂറിനെ ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ക്കാനുള്ള തന്റെ തീരുമാനം ഗവര്‍ണര്‍ ജനറലായ മൗണ്ട്‌ബാറ്റണ്‍ പ്രഭുവിനെ മഹാരാജാവ്‌ അറിയിച്ചു. ചെങ്കോലും കിരീടവുമുള്ള ഒരു രാജാവ്‌ ജനാധിപത്യഭരണക്രമം സ്വന്തം രാജ്യത്തു നടപ്പിലാക്കാന്‍ ഇന്ത്യയിലാദ്യമായി അനുമതി നല്‍കി. കാലം ഐക്യകേരളത്തിന്റെ ഭൂപടം വരച്ചു. ഗാന്ധിജിയും സര്‍ദാര്‍ പട്ടേലുമൊക്കെ അദ്ദേഹത്തെ അനുമോദിച്ച്‌ ടെലഗ്രാം ചെയ്‌തു! ചിത്തിര തിരുനാള്‍ മഹാരാജാവ്‌ 'രാജപ്രമുഖനായി' ചരിത്രത്തില്‍ സ്‌ഥാനംനേടി.
നമ്മള്‍ കഷ്‌ടപ്പെട്ടുണ്ടാക്കുന്ന കപ്പയും മാങ്ങയും നെല്ലും റബറും ഏലവും ഇഞ്ചിയും കയറുമൊക്കെ നമ്മള്‍തന്നെ മറ്റു രാജ്യങ്ങള്‍ക്കു വിറ്റ്‌ കാശുണ്ടാക്കുക എന്ന വിപ്ലവകരമായ സംവിധാനമായിരുന്നു 'സ്വതന്ത്ര തിരുവിതാംകൂര്‍' എന്ന രാജ്യത്തില്‍ നടപ്പാകുമായിരുന്നത്‌! അങ്ങനെ നമ്മള്‍ സ്വയംപര്യാപ്‌തരാകുമായിരുന്നു! ഏറെക്കാലം കഴിഞ്ഞ്‌ ഇവിടത്തെ നക്‌സലൈറ്റുകള്‍ പറഞ്ഞിരുന്നതും ഇതൊക്കെത്തന്നെയായിരുന്നു! ഫ്രീ ട്രേഡിലൂടെ നമ്മള്‍ നാലു കാശുണ്ടാക്കുക! നമ്മുടെ കാര്യം നമ്മള്‍ നോക്കുക!
സി.പിയെപ്പോലെ പറയാന്‍ കൊച്ചിയിലും മലബാറിലും രാജാവും ദിവാനുമൊന്നുമില്ലാതിരുന്നത്‌ നന്നായി. അല്ലെങ്കില്‍ 'സ്വതന്ത്ര കൊച്ചി രാജ്യവും' 'സ്വതന്ത്ര മലബാര്‍ രാജ്യവും' ഒക്കെയുണ്ടാകുമായിരുന്നു! അമ്പലപ്പുഴയും കായംകുളവും പോലുള്ള പഴയ രാജ്യങ്ങള്‍കൂടി സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരുന്നെങ്കില്‍ കൊച്ചുകേരളം വിവിധ രാഷ്‌ട്രങ്ങളുടെ കൊടികള്‍കൊണ്ട്‌ നിറയുമായിരുന്നു!
അങ്കമാലിയില്‍ മാത്രമല്ല കായംകുളത്തും കോലത്തുനാട്ടിലും പ്രധാനമന്ത്രിയും പ്രസിഡന്റും കാലാള്‍പ്പടയും നയതന്ത്ര വിദഗ്‌ധരും കാര്യാലയങ്ങളുമൊക്കെ ഉണ്ടാകുമായിരുന്നു!
പണ്ട്‌, എത്രയെത്ര രാജ്യങ്ങള്‍ കടന്നുവേണമായിരുന്നു കന്യാകുമാരിയില്‍നിന്ന്‌ ഗോകര്‍ണം വരെ ചെല്ലാന്‍! കരുനാഗപ്പള്ളി, കായംകുളം, കാര്‍ത്തികപ്പള്ളി, പുറക്കാട്‌, പന്തളം, തെക്കുംകൂര്‍, വടക്കുംകൂര്‍, പൂഞ്ഞാര്‍, കരപ്പുറം (ചേര്‍ത്തല), ചേരാനല്ലൂര്‍ (അഞ്ചിക്കൈമള്‍മാര്‍), ഇടപ്പള്ളി, കൊടുങ്ങല്ലൂര്‍, പറവൂര്‍, അയിരൂര്‍, തലപ്പള്ളി, വള്ളുവനാട്‌, പാലക്കാട്‌, കൊല്ലങ്കോട്‌, കവളപ്പാറ (മൂപ്പില്‍നായര്‍), വെട്ടത്തുനാട്‌, കുറമ്പുറനാട്‌, കടത്തനാട്‌, കോട്ടയം (പഴശി), കണ്ണൂര്‍ (ആലിരാജാവ്‌), തലശേരി, കണ്ണൂര്‍, നീലേശ്വരം, കുമ്പള! ഈ ലിസ്‌റ്റ് തീരുന്നില്ല!
ഈ രാജ്യങ്ങളിലെ രാജാക്കന്മാരുടെ പരസ്‌പരമുള്ള അസൂയയും പകയും 1498-ല്‍ വന്നിറങ്ങിയ വാസ്‌കോഡിഗാമയ്‌ക്കും മറ്റും ഗുണം ചെയ്‌തു. ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും ഡച്ചുകാരും സ്‌ഥാനമുറപ്പിച്ചതും അതുകൊണ്ടുതന്നെ.
സാമൂതിരിയുമായി പിണങ്ങിയ ഗാമയെ കൊച്ചിരാജാവാണു സ്വീകരിച്ചത്‌! സാമൂതിരിയോടുള്ള എതിര്‍പ്പുകൊണ്ട്‌ കോലത്തിരിയും ഗാമയെ സഹായിച്ചു! കൊല്ലത്തെയും പുറക്കാട്ടെയും രാജാക്കന്മാര്‍ പോര്‍ട്ടുഗീസുകാരെ സല്‍ക്കരിച്ചു! ഇത്തരം പിന്തുണമൂലം പോര്‍ട്ടുഗീസുകാര്‍ ഒന്നര നൂറ്റാണ്ട്‌ കേരളം ഭരിച്ചു! ബ്രിട്ടീഷുകാരുടെ കാര്യം പറയേണ്ടതുമില്ല!
കേരളത്തിലെ ഏക നമ്പൂതിരി രാജ്യം ചെമ്പകശേരിയും മുസ്ലിം രാജവംശം അറയ്‌ക്കലേതുമായിരുന്നു. കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍ രാജ്യം മധുരയില്‍നിന്നുവന്ന പാണ്ഡ്യരാജാക്കന്മാര്‍ തെക്കുംകൂര്‍, വടക്കുംകൂര്‍ രാജാക്കന്മാരോട്‌ വിലയ്‌ക്കുവാങ്ങി സ്‌ഥാപിച്ചതുമാണ്‌.
കേരളം പല രാജ്യങ്ങളായി തിരിഞ്ഞുകിടന്നത്‌ പലതുകൊണ്ടും സൗകര്യമായി കരുതിയിരുന്നവരുണ്ട്‌. ഒരു രാജ്യത്തുനിന്ന്‌ മറ്റൊരു രാജ്യത്തേക്കു രക്ഷപ്പെടാന്‍ ഒന്നോടിയാലോ ഒരു വള്ളം കയറിയാലോ മതിയായിരുന്നു!
ഷൊര്‍ണൂരില്‍ നിന്നു കൊച്ചിയിലേക്ക്‌ തീവണ്ടിപ്പാളമിടാന്‍ പണ്ട്‌, കൊച്ചിരാജാവിന്‌ തിരുവിതാംകൂര്‍ രാജാവിന്റെ അനുവാദം വേണമായിരുന്നു. അങ്കമാലി തിരുവിതാംകൂര്‍ രാജ്യത്തായിരുന്നുവല്ലോ. കൊച്ചിരാജാവായിരുന്ന ശക്‌തന്‍ തമ്പുരാന്‍ പലവട്ടം തിരുവിതാംകൂറിലെ വൈക്കം ക്ഷേത്രത്തിലും ആലുവായിലും വേഷം മാറിവന്ന്‌ തൊഴുതുമടങ്ങിയിട്ടുണ്ടെന്നു കഥകളുണ്ട്‌.
വൈക്കത്ത്‌ സര്‍ക്കാരിനെതിരേ പ്രസംഗിച്ചിട്ട്‌ 'വിദേശരാജ്യമായ' എറണാകുളത്തേക്ക്‌ വണ്ടി കയറുന്നവരെക്കുറിച്ച്‌ ബഷീര്‍ സൂചിപ്പിച്ചിട്ടുണ്ട്‌. സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ളയെ 'നാടുകടത്തി' എന്നു പറയാറുണ്ടെങ്കിലും മലയാളം പറയുന്ന രാജ്യത്തായിരുന്നു -കണ്ണൂരില്‍-അദ്ദേഹം കഴിഞ്ഞിരുന്നത്‌.

സൂക്ഷിച്ചോ! യൂറോപ്പ്‌ പിടിക്കും!

മാര്‍ത്താണ്ഡവര്‍മ്മ വേണാട്‌ ഭരിച്ചകാലം.
കായംകുളംരാജ്യം ആക്രമിച്ച്‌ വേണാടിനോടു ചേര്‍ക്കാന്‍ അദ്ദേഹം നിശ്‌ചയിച്ചപ്പോള്‍ ഡച്ചുകാര്‍ തടഞ്ഞു. ഡച്ച്‌ ഗവര്‍ണറോട്‌ രാജാവ്‌ പറഞ്ഞത്‌ ഇങ്ങനെ:
''ഞങ്ങള്‍ ഇവിടത്തെ മുക്കുവന്മാരുമായി വള്ളങ്ങളില്‍വന്ന്‌ യൂറോപ്പ്‌ ആക്രമിക്കണമെന്നു വിചാരിക്കുകയാണ്‌!''
ഇതുകേട്ട്‌ കോപിച്ച ഡച്ചുകാര്‍ യുദ്ധം പ്രഖ്യാപിച്ചു. 'കുളച്ചല്‍ യുദ്ധം ' എന്നു പ്രസിദ്ധമായ ഈ പോരില്‍ ഡച്ചുകാര്‍ തോറ്റു. ഡച്ച്‌ കപ്പിത്താനായ ഡിലനായിയെ മാര്‍ത്താണ്ഡവര്‍മ്മ പിടികൂടി. ഒരു നാട്ടുരാജാവ്‌ ഒരു യൂറോപ്യന്‍ സേനാനായകനെ ചരിത്രത്തിലാദ്യമായി കീഴടക്കുകയായിരുന്നു. യൂറോപ്യന്‍മാരെ പേടിയില്ലെന്ന്‌ മഹാരാജാവ്‌ പറഞ്ഞത്‌ വെറുതേയായില്ല.
വാളും കുന്തവുമായി മാത്രം യുദ്ധം ചെയ്‌തിരുന്ന മലയാളി ഭടന്മാരെ തോക്ക്‌ എന്ന അത്ഭുതവസ്‌തു ഉപയോഗിക്കാന്‍ പഠിപ്പിച്ചത്‌ 'വലിയ കപ്പിത്താന്‍' എന്നു പേരെടുത്ത ഡിലനായിയായിരുന്നു.

Ads by Google
Friday 14 Jul 2017 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW