Thursday, August 22, 2019 Last Updated 34 Min 11 Sec ago English Edition
Todays E paper
Ads by Google
Sunday 02 Jul 2017 02.15 AM

കാടിന്റെ കണ്ണീര്‍

uploads/news/2017/07/123683/sun1.jpg

കാടിന്റെ കണ്ണീരായിരിക്കാം അന്ന്‌ അവിടെ പെയ്‌ത മഴ. അല്ലെന്ന്‌ വിചാരിക്കാന്‍ അവിടെ കൂടിയ ആര്‍ക്കും ആവില്ല. അതു തിരുത്താന്‍ മഴയുടെ, കാടിന്റെ ഭാവങ്ങളറിയാവുന്ന കണ്ണനില്ല. മഴയ്‌ക്കപ്പുറത്ത്‌ ഓര്‍മകള്‍ക്ക്‌ നിറച്ച കണ്ണുകള്‍ക്ക്‌ മുന്‍പില്‍ നിശ്‌ചലനായി അയാള്‍... അവരുടെ താടിക്കണ്ണന്‍.
ആ പേരിന്റെ പേരില്‍ തേക്കടി തടാകത്തിലെ വെള്ളത്തുള്ളികള്‍ക്ക്‌ ഒരായിരം കഥകള്‍ പറയാനുണ്ടാകും. ആ കഥകളിലെല്ലാം അയാളുണ്ടാവും. ഏത്‌ ഇരുട്ടിലും ആ വെള്ളത്തുള്ളികളോട്‌ കിന്നരിച്ചിരുന്ന, അവയുടെ നടുവിലെ മരക്കുറ്റികളുടെ എണ്ണമറിയാവുന്ന, അതില്‍ കൂടു കൂട്ടുന്ന ദേശാടനക്കിളികളുടെ പേരറിയാവുന്നയാള്‍... കണ്ണന്റെ കഥ അവര്‍ക്ക്‌ അറിയാവുന്നത്ര ആര്‍ക്കറിയാം... ആരായിരുന്നു കണ്ണന്‍... ഒറ്റവാക്കില്‍ ഇത്രയു പറയാം. കാടിനെ സ്‌നേഹിച്ച്‌ കാടിനുള്ളില്‍ മരിച്ചു വീണയാള്‍. ഏതു കാര്യത്തോടും "ഇല്ല" എന്ന വാക്കു പറയാത്ത മനുഷ്യന്‍.
ഇതു മാത്രമായിരുന്നോ കണ്ണന്‍. ആ ചോദ്യം ബാക്കിയാണ്‌. കാട്‌ അത്ഭുതങ്ങളുടെ ലോകമാണ്‌. അതിനെ സ്‌നേഹിക്കുന്നവര്‍ക്ക്‌ വിസ്‌മയങ്ങള്‍ സമ്മാനിക്കുന്ന എന്തെങ്കിലും ബാക്കി വച്ചിട്ടുണ്ടാവും. ചിലപ്പോള്‍ ചിത്രങ്ങള്‍... അല്ലെങ്കില്‍ കാഴ്‌ചകള്‍ അതു പോലെയാണ്‌ കണ്ണന്‍... ഒരു മുത്തശിക്കഥയായി മാറണ്ടേതല്ല ആ കഥ... നാളെ തേക്കടിയുടെ ചരിത്രം പറയുമ്പോള്‍ ചിതലരിച്ച താളുകള്‍ ഒടുങ്ങേണ്ടതുമല്ല ആ ജീവിതം.

കാറ്റത്തു പറന്ന മിഠായി കടലാസുകള്‍


തേക്കടിയില്‍ മരങ്ങളില്‍ ചാരി ഒരുപക്ഷേ ഏറ്റവും കൂടുതല്‍ ഏകനായിരുന്നത്‌ കണ്ണനാവും. അവരോട്‌ ഒരു പക്ഷേ കഥകളും സ്വപ്‌നങ്ങളും പങ്കു വച്ചിട്ടുള്ളത്‌ അയാളാവും. അവയിലെ ഇല പൊഴിയുന്നതും ദു:ഖത്തോടെയും തള്ളിര്‍ക്കുന്നത്‌ ചെറുചിരിയോടെയും ആസ്വദിച്ച്‌ കണ്ടിരുന്നതും അയാളാവും. ഒരു കൈനോട്ടക്കാരന്റെ ഭാവനയില്‍ പറഞ്ഞാല്‍ പെരിയാര്‍ കടുവാ സങ്കേതത്തെ കൈവെള്ളയില്‍ അറിയാവുന്ന മനുഷ്യന്‍.
കാടിനുള്ളില്‍ കയറിയാല്‍ അയാള്‍ക്ക്‌ ബന്ധുക്കളേറെയാവും. അതിലെ വഴികളും വരകളും മനപാഠം. പുല്‍ച്ചാടിമുതല്‍, ആനയുംകാട്ടുപോത്തുമെല്ലാം അയാളോട്‌ കഥകള്‍ പറയാനെത്തും. അതു പകര്‍ത്താന്‍ വൈല്‍ഡ്‌ ലൈഫ്‌ ഫോട്ടോഗ്രാഫര്‍മാര്‍, അവയെക്കുറിച്ച്‌ പഠിക്കാന്‍ ഗവേഷകര്‍, എല്ലാവരും. അവര്‍ക്ക്‌ ഓര്‍മകള്‍ ഒരുപാടുണ്ട്‌.
വര്‍ഷങ്ങള്‍ക്ക്‌ മുമ്പുള്ള ഒരു ഓര്‍മ മരം കുലുക്കിയാല്‍ ആദ്യം പൊഴിഞ്ഞു വീഴുന്നത്‌ ഇതാവുംകണ്ണനും തേക്കടിയിലെ അന്നത്തെ ഡി.എഫ്‌.ഒ. ആയിരുന്ന ജോസഫും കാടിനുള്ളിലൂടെ ഒരുമിച്ച്‌ നടക്കുമ്പോഴാണ്‌ ഒരു മിഠായി കടലാസ്‌ പറന്നെത്തിയത്‌. ആ മിഠായി കടലാസ്‌ കണ്ണന്‍ പോക്കറ്റിലിട്ടു. നടക്കുന്ന വഴിയില്‍ ഒരുപാട്‌ മിഠായി കടലാസുകള്‍ പിന്നെയും കണ്ടും, ട്രക്കിങ്ങിനു വന്നവര്‍ ആരോ വഴിയില്‍ ഉപക്ഷേിച്ചിട്ടു പോയതാവാം. അവയും കണ്ണന്റെ പോക്കറ്റിലെത്തി.
തിരികെ തേക്കടി തടാകത്തിന്‌ അരികിലെത്തിയപ്പോള്‍ കണ്ണന്‍ ആദ്യം ചെയ്‌തത്‌ ആ മിഠായി കടലാസുകള്‍ രണ്ടു കല്ലുകള്‍ കൂട്ടിയുരസിയുണ്ടാക്കിയ തീയില്‍ കത്തിച്ചു കളയുകയായിരുന്നു. അത്‌ എന്തിനാണന്ന ചോദ്യത്തിനോ ഉത്തരത്തിനോ മറുപടിയില്ല. ഒരു മിഠായി കടലാസ്‌ പോലും കാടിന്‌ ദോഷമാണന്ന്‌ അയാള്‍ കരുതിയിരുന്നു. കാടിനെക്കുറിച്ച്‌ അത്ര ശ്രദ്ധാലുവായിരുന്നു. ഇത്‌ ഒരു മിത്താണന്ന്‌ തോന്നിയെങ്കില്‍ ആ മിത്തായിരുന്നു കണ്ണന്‍.

ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ ചിത്രം

കഥയല്ല, കാര്യം നടക്കുന്നത്‌ എണ്‍പതുകളിലാണ്‌. അന്ന്‌ തേക്കടിയില്‍ ഫോറസ്‌റ്റ് ഗാര്‍ഡുകള്‍ വളരെ കുറച്ചു പേര്‍ മാത്രം.
തമിഴ്‌നാട്ടില്‍നിന്ന്‌ പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക്‌ വേട്ടക്കാര്‍ കയറിയിരിക്കുന്നു. വിവരമെത്തുന്നത്‌ അര്‍ധരാത്രി. വാക്കിടോക്കിയില്‍ വന്ന സന്ദേശത്തിനു പുറകെ പോകാന്‍ ഉദ്യോഗസ്‌ഥര്‍ തയാര്‍. പക്ഷേ ബോട്ടിനു ലൈറ്റില്ല. ആര്‌ ഓടിക്കും. കാടിനുള്ളില്‍ ദിവസങ്ങള്‍ താണ്ടിവന്ന കണ്ണനും കേട്ടു സന്ദേശം. താത്‌കാലിക വാച്ചറും ബോട്ട്‌ ഡ്രൈവറുമായ കണ്ണന്‍ പറഞ്ഞു. "സാര്‍ ഞാന്‍ തയാര്‍". മരക്കുറ്റികള്‍ നിറഞ്ഞ തേക്കടി തടാകത്തിലൂടെ കണ്ണന്‍ രാത്രി ടോര്‍ച്ച്‌ വെട്ടത്തില്‍ ബോട്ടോടിച്ചു. കാട്ടിലിറങ്ങിയ അവര്‍ക്ക്‌ കാവലാളായി മുമ്പില്‍ നിന്നു. വേട്ടയ്‌ക്കെത്തിയവരെ കണ്ടെത്തിയത്‌ വെളുപ്പിനെ മൂന്നുമണിക്ക്‌. അതും കണ്ണന്റെ ടോര്‍ച്ച്‌ വെളിച്ചത്തില്‍. പിന്നെ നടന്നത്‌ ഇംഗ്ലീഷ്‌ സിനിമകളെ വെല്ലുന്ന വെടിവയ്‌പ്.. സ്‌റ്റണ്ട്‌... അങ്ങനെ എത്രയോ രാത്രികള്‍.. കാട്ടിലേക്ക്‌ പോകാനാണെങ്കില്‍ കണ്ണന്‌ 'ഇല്ല'എന്നവാക്കുണ്ടാകാറില്ല

ചില്ലിക്കൊമ്പന്‌ പിന്നാലെ

തൊണ്ണൂറുകളിലാണ്‌ തേക്കടി വനത്തിനുള്ളില്‍ ആനകള്‍ വ്യാപകമായി കൊല്ലപെടുന്നുവെന്ന്‌ കണ്ടെത്തുന്നത്‌. സംഭവം വലിയ വിവാദത്തില്‍. അതിന്‌ ഉത്തരം തേടിയുള്ള യാത്രയ്‌ക്ക് കാടിനുള്ളില്‍ ചലനം അറിയാവുന്ന കണ്ണനെയല്ലാതെ മറ്റാരും ഉദ്യോഗസ്‌ഥര്‍ക്കു മുന്‍പിലുണ്ടായിരുന്നില്ല.
കാട്ടില്‍ ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കണ്ണന്‍ ചില്ലിക്കൊമ്പനെ കണ്ടെത്തി.
അവനാണ്‌ കൂട്ടത്തിലുള്ള ആനകളെ കുത്തിമലര്‍ത്തുന്നതെന്ന്‌. വിവരം വകുപ്പിന്‌ കൈമാറി. മറുപടി ആനയുടെ നീക്കങ്ങള്‍ അറിയിക്കാനായിരുന്നു. പിന്നീട്‌ ചില്ലിക്കൊമ്പന്റെ യാത്ര വനം വകുപ്പ്‌ അറിഞ്ഞത്‌ കണ്ണനിലൂടെയും. കൊലയാനയുടെ പുറകെ ആഴ്‌ചകള്‍. പക്ഷേ, മറ്റുള്ളവര്‍ക്ക്‌ അവന്‍ കൊലയാനയായിരുന്നെങ്കിലും കണ്ണന്‌ അവന്‍ കാടിന്റെ മകനായിരുന്നു.

ചിത്രങ്ങള്‍ക്ക്‌ പിന്നിലെ അദ്യശ്യ സാന്നിധ്യം

കാടിനുള്ളില്‍ കണ്ണന്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിച്ചിരുന്നത്‌ എന്തിനെയാണ്‌? ആനകളെയാണന്ന്‌ കണ്ണനെ അറിയാവുന്നവര്‍ പറയും. പച്ചക്കാനത്തിനു സമീപം കാലിനു മുറിവേറ്റ കാട്ടാനയെ മകനെ പോലെ പരിചരിക്കുന്ന കണ്ണന്റെ ചിത്രം ഇപ്പോഴും വൈല്‍ഡ്‌ ലൈഫ്‌ ഫോട്ടോഗ്രാഫര്‍ ബാലന്‍ മാധവന്റെ മുന്നിലുണ്ട്‌. കാടിന്റെ ഓരോ ചലനങ്ങളും കണ്ണന്‌ അറിയാമായിരുന്നു.
താന്‍ തേക്കടിയില്‍ നിന്നെടുത്ത ചിത്രങ്ങളില്‍ കണ്ണന്റെ അദ്യശ്യ സാന്നിധ്യമുള്ളവയായിരുന്നുവെന്ന്‌ ബാലന്‍ പറയും.ഒരിക്കല്‍ മുല്ലക്കുടിക്ക്‌ സമീപത്തു തേക്കടി തടാകത്തിനോടു ചേര്‍ന്ന്‌ ഒരു കാട്ടാന. ക്യാമറ ഒരുക്കി കാത്തിരുന്നു. "സാര്‍, അവള്‍ ഇപ്പോള്‍ തിരിയും. നോക്കിയിരുന്നോ". കണ്ണന്‍ പറഞ്ഞു തീര്‍ന്നില്ല, അവള്‍ തിരിഞ്ഞ്‌ ഞങ്ങളെ നോക്കി ഒന്നു ചിന്നം വിളിച്ചശേഷം തടാകത്തിലേക്കിറങ്ങി. എങ്ങനെ ഇതു മനസിലാക്കി എന്ന ചോദ്യത്തിന്‌ ഒരു ചെറിയ പുഞ്ചിരിയായിരുന്നു മറുപടി. ആ ചിരിയില്‍ എല്ലാമുണ്ടായിരുന്നു.
അയാള്‍ തേക്കടി എവിടെയങ്കിലുമുണ്ടെങ്കില്‍ കാട്ടില്‍ കയറാന്‍ ഒരു ധൈര്യമുണ്ടായിരുന്നു. ഏതു പ്രതിസന്ധി ഘട്ടത്തിലും 'കണ്ണാ' എന്ന വിളിക്കപ്പുറത്ത്‌ അയാളുണ്ടാവും. ബാലന്റെ മാത്രമല്ല , ഉദ്യോഗസ്‌ഥര്‍ക്ക്‌, കാടിനെക്കുറിച്ച്‌ പഠിക്കാനെത്തുന്ന ഗവേഷകര്‍ക്ക്‌, കാടിനെ അറിയാനെത്തുന്ന സഞ്ചാരികള്‍ക്ക്‌, എല്ലാം കണ്ണന്‍ ധൈര്യമായിരുന്നു. ബി.ബി.സി. വൈല്‍ഡ്‌ലൈഫ്‌ ഫോട്ടോഗ്രാഫി മത്സരത്തിന്റെ ഡയറക്‌ടര്‍ ജെമ്മാ വാര്‍ഡ്‌, രാജവെമ്പാലയുടെ ഇണചേരല്‍ ചിത്രീകരിക്കാന്‍ എത്തിയ ടോ വിറ്റേക്കര്‍ തുടങ്ങിയവരൊക്കെ കണ്ണന്റെ സഹായം കിട്ടിയവരാണ്‌.
ജോലിക്കിടെ കാട്ടുപോത്തിന്റെ കുത്തേറ്റു വീണ ഫോറസ്‌റ്റ് വാച്ചര്‍ കുട്ടനെ ചുമലിലേറ്റി രണ്ടു കിലോമീറ്റര്‍ നടന്ന കണ്ണനെ അവര്‍ക്കല്ലേ അറിയൂ. തേക്കടി ദുരന്ത സമയത്ത്‌ ഉറക്കമില്ലാതെ രക്ഷാപ്രവര്‍ത്തനത്തിന്‌ നടന്ന കണ്ണന്‍. 20 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ കണ്ണനെ അവസാനം അവശ നിലയില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പണി സമയത്ത്‌ ബംഗാളില്‍ നിന്നെത്തിയ ദേവു സ്വാമിയുടെ കൊച്ചുമകനായിരുന്നു കണ്ണന്‍.
തേക്കടിയിലെ ആദ്യ റേഞ്ചറായിരുന്ന വുഡ്‌ സായ്‌പിന്റെ സഹായിയായിരുന്നു പിതാവ്‌ ഗോപാലന്‍. ആ ബന്ധമാണ്‌ കണ്ണനെ കാട്ടിലേക്കെത്തിച്ചത്‌. വ്യക്‌തിപരമായ നേട്ടങ്ങളൊന്നും മോഹിച്ചല്ലായിരുന്നു പ്രവര്‍ത്തിച്ചിരുന്നതെങ്കിലും പല പുരസ്‌കാരങ്ങളും കണ്ണനെ തേടിയെത്തി. കടുവാ സംരക്ഷണത്തിനുള്ള ഭാഘ്‌സേവക്‌ അവാര്‍ഡ്‌, സാങ്ങ്‌ച്വറി ഏഷ്യാ അവാര്‍ഡ്‌, പ്രകതൃതി സംരക്ഷണത്തിനുള്ള മാധവന്‍ പിള്ള ഫൗണ്ടേഷന്‍ അവാര്‍ഡ്‌. ഗ്രീന്‍ ഇന്ത്യന്‍സ്‌ അവാര്‍ഡ്‌, കാഞ്ഞിരപ്പള്ളി ലയണ്‍സ്‌ ക്ലബ്ബിന്റെ അവാര്‍ഡ്‌, കുമളി വൈ.എം.സി.എയുടെ അവാര്‍ഡ്‌ എന്നിവ കണ്ണന്‍ ഏറ്റുവാങ്ങി.
പെരിയാര്‍ വന്യജീവി സങ്കേതത്തിലെ തേക്കടി റേഞ്ചില്‍ പച്ചക്കാട്‌ സെക്ഷനിലായിരുന്നു കണ്ണന്‍ ഏറെ സമയവും ജോലി ചെയ്‌തത്‌. കാടിനോട്‌ അയാള്‍ക്ക്‌ പ്രണയമായിരുന്നു. അയാളൊടൊപ്പം കാടിനുള്ളില്‍ കയറുന്നവരെയും അയാള്‍ കാടിനെ പ്രണയിക്കാന്‍ പഠിപ്പിച്ചു. അതിനെ പ്രണയിക്കാന്‍ മനസുള്ളവരെ മാത്രം കൂടെ കുട്ടി. അതിനെ ദ്രോഹിക്കാന്‍ വരുന്നവര്‍ മാത്രമായിരുന്നു അയാളുടെ ശത്രുക്കള്‍.
ചള്‍സ്‌ രാജകുമാരന്‍ കേരളം സന്ദര്‍ശിച്ചപ്പോള്‍ പരിസ്‌ഥിതി സംരക്ഷണത്തിനു മുന്നില്‍ നില്‍കുന്ന ഏതാനും പേരുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ആഗ്രഹം എന്താണെന്നു ചാള്‍സ്‌ ചോദിച്ചപ്പോള്‍ കാട്ടില്‍ വച്ചു മരിക്കണമെന്നായിരുന്നു കണ്ണന്റെ മറുപടി.ആഗ്രഹം പോലെ, താന്‍ ഏറ്റവും സ്‌നേഹിച്ച പച്ചക്കാട്ടിലായിരുന്നു കണ്ണന്റെ മരണവും.
ഒടുവില്‍ ആ മഴയ്‌ക്കൊപ്പം കാടിന്റെ മടിത്തട്ടിലേക്ക്‌ കണ്ണന്‍ വീണു. ആ മണ്ണിനെ വാരിപ്പിടിച്ച്‌ അവസാനശ്വാസവും... ബാലന്റെ വാക്കുകള്‍ കടമെടുക്കാം... അയാള്‍ തേക്കടിയിലുണ്ടായിരുന്നെങ്കില്‍ ഒരു ധൈര്യമായിരുന്നു. കാടു കാക്കുമെന്ന്‌...

എം.എസ്‌. സന്ദീപ്‌

Ads by Google
Sunday 02 Jul 2017 02.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW