Friday, August 16, 2019 Last Updated 4 Min 36 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Apr 2017 03.28 PM

ഒരിക്കല്‍ ഒരു കാഞ്ഞിരപ്പള്ളിക്കാരി

uploads/news/2017/04/102848/weeklycoulm260417.jpg

ആറേഴ് കൊല്ലം മുന്‍പാണ്. റോബിന്‍ ജെഫ്രിയുടെ പൊളിറ്റിക്‌സ്, വുമണ്‍ ആന്‍ഡ് വെല്‍ബീയിംഗ് വായിച്ചത്. ആ പുസ്തകം അതുവരെയുണ്ടായിരുന്ന എന്റെ കാഞ്ഞിരപ്പള്ളിയറിവിനെ കുലുക്കിമറിച്ചു.

കാഞ്ഞിരപ്പള്ളിയിലെ രാഷ്ട്രീയപ്രവര്‍ത്തകയായിരുന്ന അക്കാമ്മ ചെറിയാനെ കേന്ദ്രമാക്കി ചിന്തിക്കാന്‍ ആ ഗ്രന്ഥം എന്നെ പ്രേരിപ്പിച്ചു. കരിപ്പാപ്പറമ്പില്‍ കുടുംബത്തെയും അക്കാമ്മ ചെറിയാനെയും കുറിച്ച് ചില സാമാന്യധാരണകള്‍ മാത്രമാണ് അതുവരെ എനിക്കുണ്ടായിരുന്നത്.

അക്കാമ്മ ചെറിയാനെ ആന കുത്തിി എന്ന പ്രയോഗം മുന്‍പേ കേട്ടിട്ടുണ്ടെങ്കിലും അതിന്റെ രാഷ്ട്രീയ അര്‍ത്ഥാന്തരങ്ങ ള്‍ ബാല്യത്തിലൊന്നും ഞാന്‍ മനസ്സിലാക്കിയിരുന്നില്ല.

കഷ്ടിച്ച് മൂന്നടി പൊക്കത്തില്‍, സാരിയുടുത്ത് ഗാന്ധിത്തൊപ്പി ധരിച്ച ഒരു സ്ത്രീയുടെ പ്രതിമ 28ാം മൈലിനടുത്ത് റോഡില്‍ നിന്നല്പം ഉള്ളിലേക്ക് കയറി അവഗണിക്ക
പ്പെട്ട നിലയില്‍ ഞാന്‍ കണ്ടിട്ടുണ്ട്. അത് അക്കാമ്മ ചെറിയാന്റെ പ്രതിമയാണ്.

കാഞ്ഞിരപ്പള്ളി ജങ്ഷനില്‍ നിന്ന് ആറുമൈല്‍ അകലെ ആരുമൊട്ടുമേ തന്നെ ശ്രദ്ധിക്കപ്പെടാത്തിടത്താണ് ഈ പ്രതിമ. കാഞ്ഞിരപ്പള്ളി എന്ന ദേശം ആ മഹതിയെ എത്രമാത്രം മനസ്സിലാക്കിയിട്ടുണ്ടെന്ന് ഇന്നും എനിക്കത്ര അറിയില്ല.

ഞാന്‍ അഞ്ച് വര്‍ഷം പഠിച്ചത് 1933ല്‍ അക്കാമ്മ ചെറിയാന്‍ ഹെഡ്മിസ്ട്രസ് ആയിരുന്ന സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌ക്കൂളില്‍ ആയിരുന്നെന്ന തിരിച്ചറിവ് തന്നതും റോബിന്‍ ജെഫ്രിയുടെ പുസ്തകമാണ്.

ചരിത്രം ഐച്ഛികമായി പഠിക്കാത്തതുകൊണ്ടോ കാഞ്ഞിരപ്പള്ളിയുടെ പൊതുമണ്ഡലവുമായി എനിക്കത്ര ബന്ധമില്ലാത്തതുകൊണ്ടോ ആകാം ഇങ്ങനെയൊക്കെ സംഭവിച്ചത് എന്നു വേണമെങ്കില്‍ സമാധാനിക്കാം. ഓരോരുത്തര്‍ക്കും സമാധാനം കണ്ടെത്താന്‍ ഒരുപാട് മാര്‍ഗ്ഗങ്ങള്‍!

1938 ല്‍ ശ്രീചിത്തിരതിരുനാള്‍ മഹാരാജാവിന്റെ ആട്ടപ്പിറന്നാള്‍ ദിവസം കൊട്ടാരത്തിലേക്ക് ജാഥ നടത്താന്‍ സ്‌റ്റേറ്റ് കോണ്‍ഗ്രസ് നിശ്ചയിച്ചു. കോണ്‍ഗ്രസ് വോളണ്ടിയര്‍മ്മാരുടെ ക്യാപ്റ്റനായത് അക്കാമ്മ ചെറിയാന്‍ ആണ്.

വളണ്ടിയര്‍മ്മാരെ ആക്രമിക്കാന്‍ തയ്യാറായി നില്‍ക്കുന്ന പട്ടാളക്കാരോട് തന്റെ നെഞ്ചിന് നേരെ ആദ്യം നിറയൊഴിക്കാന്‍ ആവശ്യപ്പെട്ട ആ നേതാവിനെ പിന്നീട് കേരള രാഷ്ട്രീയം മറന്നുകളഞ്ഞു; കാഞ്ഞിരപ്പള്ളി തീര്‍ത്തും തള്ളിക്കളഞ്ഞു. കാഞ്ഞിരപ്പള്ളിക്കാര്‍ എക്കാലവും നെഞ്ചോട് ചേര്‍ക്കേണ്ട പേരാണ് അക്കാമ്മ ചെറിയാന്റെയും സഹോദരി റോസമ്മ ചെറിയാന്റെയും.

പക്ഷേ, ഓര്‍മ്മകള്‍ക്കും ഒരു രാഷ്ട്രീയമുണ്ട്. സാമൂഹികമായി ഓര്‍മ്മിക്കേണ്ടതും ഓര്‍മ്മിക്കേണ്ടാത്തതും ആയ നിര്‍മ്മിതി യാഥാര്‍ത്ഥ്യമാണ്. സ്വാതന്ത്ര്യാനന്തര കേരളത്തില്‍ ദേശീയപ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച പല നേതാക്കളും വിസ്മരിക്കപ്പെടുകയും പ്രായോഗിക രാഷ്ട്രീയത്തില്‍ അപ്രധാനരാകുകയും ചെയ്തു എന്നത് നാം കണ്ടറിഞ്ഞ സത്യം.

1938 ഒകേ്ടാബര്‍ 23 ന് സ്റ്റേറ്റ് കോണ്‍ഗ്രസ് ജാഥ നയിച്ച അക്കാമ്മ ചെറിയാനെ 1952ലെ ആദ്യത്തെ ദേശീയ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍പ്പോലും പരിഗണിച്ചില്ല.

1953ല്‍ പി.ടി.ചാക്കോ രാജി വച്ച് ഒഴിവുണ്ടായ മീനച്ചില്‍ സീറ്റിലേക്കാകട്ടെ ജോര്‍ജ്ജ് തോമസ് കൊട്ടുകാപ്പള്ളി എന്ന ബാങ്കറെ പരിഗണിക്കുകയും ചെയ്തു. സ്ത്രീയുടെ രാഷ്ട്രീയകര്‍തൃത്വത്തോട് വ്യവസ്ഥാപിതമായ രാഷ്ട്രീയപാര്‍ട്ടികള്‍ വച്ച് പുലര്‍ത്തുന്ന പരമ്പരാഗതമായ പ്രയോഗരീതിക്ക് ഉത്തമമാതൃകയാണ് ഈ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം.

1952ല്‍ തന്റെ 43ാമത്തെ വയസ്സില്‍ അക്കാമ്മ ചെറിയാന്‍ വി.വി.വര്‍ക്കി എന്ന പ്ലാന്ററെ വിവാഹം ചെയ്തു. 1953 ലെ ഇലക്ഷന്‍ സമയത്ത് അവര്‍ ഗര്‍ഭിണിയാണ്. എങ്കിലും 1930കള്‍ മുതല്‍ സജീവരാഷ്ട്രീയത്തിലുണ്ടായിരുന്ന അവര്‍ക്ക് 1953 ലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തോട് പൊരുത്തപ്പെടാനായില്ല.

അവര്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. പതുക്കെപ്പതുക്കെ സജീവരാഷ്ട്രീയത്തില്‍ നിന്ന് പിന്മാറുകയും ചെയ്തു. രാഷ്ട്രീയമായ വിട്ടുനില്‍പ്പിന് ശേഷം 1965ല്‍ മത്സരിച്ചുവെങ്കിലും അതിലും വിജയിച്ചില്ല. പിന്നീട്, കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ഏതാണ്ട് പൂര്‍ണ്ണമായി മാറിനില്‍ക്കുകയാണുണ്ടായത്.

ക്രൈസ്തവ മാധ്യമങ്ങളും പള്ളിയും അക്കാമ്മ ചെറിയാന്‍ എന്ന രാഷ്ട്രീയ ഇഛാശക്തി തികഞ്ഞ സ്ത്രീയെ അവരര്‍ഹിക്കുന്ന പ്രാധാന്യത്തോടെ എന്നെങ്കിലും പരിഗണിച്ചിരുന്നോ...? എനിക്കറിയില്ല; ഞാനിന്നും ഇക്കാര്യത്തില്‍ അറിവില്ലാത്തവളാണ്.

സ്വന്തം നാട്ടില്‍ അവര്‍ക്ക് ഉചിതമായ യാതൊരു സ്മാരകങ്ങളും ഇല്ല എന്നത് സത്യമാണ്. 1982ല്‍ അവരുടെ ഇഹലോകവാസം അവസാനിച്ചു. തിരുവനന്തപുരം മുട്ടട ഹോളിക്രോസ് പള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്നു.

1983ല്‍ കൂടെവിടെ സിനിമ പുറത്തുവരുന്നു. അതിലെ ക്യാപ്റ്റന്‍ തോമസിന്റെ ഒരു ഡയലോഗ് ഉണ്ട്. ഞാന്‍ കാഞ്ഞിരപ്പള്ളിക്കാരന്‍ ക്രിസ്ത്യാനിയാ... കാഞ്ഞിരപ്പള്ളിക്കാരന്‍ ക്രിസ്ത്യാനിക്ക് അവന്റെ പെണ്ണിനെ നിലയ്ക്ക് നിര്‍ത്താനറിയാം..

അതേ, പിന്നീട് കേരളത്തിന്റെ സാമൂഹ്യവ്യവഹാരത്തില്‍ ഇത്തരത്തിലുള്ള പുരുഷാധിപത്യ വിളയാട്ട കേന്ദ്രമായി കാഞ്ഞിരപ്പള്ളി പ്രതിഷ്ഠ നേടി. അക്കാമ്മ ചെറിയാനെ പ്പോലുള്ളവര്‍ വിസ്മൃതിയിലുമായി.

Ads by Google
Wednesday 26 Apr 2017 03.28 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW