Saturday, August 24, 2019 Last Updated 41 Min 49 Sec ago English Edition
Todays E paper
Ads by Google
Sunday 05 Jun 2016 07.19 PM

'പച്ച' യായ മാഷ്‌

uploads/news/2016/06/1017/d0405sun.jpg

'ഇതെന്താ ഈ നിറത്തിലുള്ള വസ്‌ത്രം മാത്രം ധരിക്കുന്നത്‌'എന്നു ചോദിച്ചാല്‍ ശോഭീന്ദ്രന്‍ മാഷ്‌ ഒന്നുചിരിക്കും. നരച്ച നീളമുള്ള താടി തടവികൊണ്ടുള്ള ചിരി. ആചിരിയിലുണ്ട്‌ എല്ലാം... പ്രകൃതിയെ ജീവവായുപോലെ സ്‌നേഹിക്കുന്ന ഒരുമനുഷ്യന്‌ ഇങ്ങനെയല്ലാതെ ആകാന്‍ കഴിയുമോ...? ഹരിതാഭം വിടര്‍ത്തുന്ന ഷര്‍ട്ടും പാന്റ്‌സുമാണ്‌ മാഷിന്റെ കാലങ്ങളായുള്ള വേഷം. ശോഭീന്ദ്രന്‍ മാഷ്‌ എന്ന്‌ കേള്‍ക്കുമ്പോഴേ മനസിലേക്കു ഓടിയെത്തുന്ന ചിത്രം.
സുഹൃത്തായ പട്ടാളക്കാരന്‍ സമ്മാനിച്ചതാണിത്‌. അതിനുശേഷം ഈ കുപ്പായത്തോട്‌ എന്തെന്നില്ലാത്ത ഇഷ്‌ടം. ആദ്യം ഒന്നേ ഉണ്ടായിരുന്നുള്ളു.. പക്ഷെ ഇപ്പോള്‍ വിദ്യാര്‍ഥികള്‍ തന്നെ സമ്മാനിച്ച ഇതേ നിറത്തിലുള്ള വസ്‌ത്രങ്ങളുണ്ട്‌. വസ്‌ത്രത്തില്‍ മാത്രമല്ല, ഗ്രീന്‍ ടീ മാത്രമേ അദ്ദേഹം കഴിക്കാറുള്ളു. പുറത്തുനിന്നും ഭക്ഷണം കഴിക്കുന്നതും കുറവ്‌.
അതുകൊണ്ടുതന്നെ പരിസ്‌ഥിതി സ്‌നേഹികള്‍ക്ക്‌ മാഷെ കാണുമ്പോള്‍ തന്നെ ഒരു ഊര്‍ജമാണ്‌. അതു തന്നെയാണ്‌ അവരെ ഒരുമിപ്പിക്കുന്നതും. പരിസ്‌ഥിതിയെ തകര്‍ക്കുന്ന കരാള ഹസ്‌തങ്ങള്‍ക്കെതിരേ ശബ്‌ദമുയര്‍ത്താന്‍ അവരെ പ്രേരിപ്പിക്കുന്നതും ശോഭീന്ദ്രന്‍മാഷാണ്‌. അവര്‍ക്കു അദ്ദേഹം കഴിഞ്ഞേയുള്ളൂ ആരും. അദ്ദേഹത്തിനാവട്ടൈ എല്ലാവക്കും അപ്പുറത്തായി പരിസ്‌ഥിതിയും.
ശോഭീന്ദ്രന്‍മാഷെക്കുറിച്ച്‌ അറിയാത്തവരാരുമില്ല. പരിസ്‌ഥിതിദിനത്തില്‍ മാത്രം ഓര്‍മിക്കപ്പെടേണ്ടതല്ല ആ വ്യക്‌തിത്വം. വിദ്യാര്‍ഥികളെ ഒപ്പം കൂട്ടി വയനാടന്‍ ചുരമിറങ്ങി പ്രകൃതിയെ സ്‌നേഹിക്കാന്‍ എല്ലാവര്‍ക്കും അവസരമൊരുക്കികൊടുത്ത മാഷിന്‌ ഇന്ന്‌ അത്ര സന്തോഷമില്ല. കാരണം വര്‍ഷങ്ങളായി താന്‍ സംഘടിപ്പിക്കാറുള്ള മഴയാത്ര ഇപ്പോള്‍ മാറ്റിവെക്കേണ്ടിവന്നിരിക്കുന്നു. ഒരുമാസത്തേക്ക്‌ നീട്ടിവക്കേണ്ടിവന്നതാണെങ്കിലും അത്‌ മാഷിനുണ്ടാക്കിയ നൊമ്പരം ചെറുതല്ല.. മഴയില്ലാത്ത അവസ്‌ഥയില്‍ എന്ത്‌ മഴയാത്ര..അദ്ദേഹം ചോദിക്കുന്നു. മഴ ശക്‌തിപ്രാപിക്കട്ടെ അതിനുശേഷം മതി യാത്ര. എങ്കിലല്ലെ രസമുള്ളൂ. തുടക്കത്തില്‍ 600 വിദ്യാര്‍ഥികളാണ്‌ മഴയാത്രയില്‍ പങ്കെടുത്തതെങ്കില്‍ ഇപ്പോഴത്‌ 12000 കവിഞ്ഞു. അടുത്തവര്‍ഷം ഇതിലൂം കൂടും കാരണം യുവത്വത്തിന്‌ പ്രകൃതിയെ അടുത്തറിയണമെന്നുണ്ട്‌. പക്ഷെ വഴികാട്ടിയായി ആരെങ്കിലും വേണ്ടെ... മാഷ്‌ ചോദിക്കുന്നു.

*** *** ***
2002 ല്‍ ഗുരുവായൂരപ്പന്‍ കോളജിന്റെ പടിയിറങ്ങുമ്പോള്‍ ശോഭീന്ദ്രന്‍ മാഷിന്‌ കുട്ടികള്‍ സമര്‍പ്പിച്ചത്‌ ഒരു ബൃഹദ്‌ ശില്‍പമായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ക്യാമ്പസ്‌ ശില്‍പം. മുപ്പതടി വലുപ്പമുള്ള ഒരു ശില്‍പം. ഇരിക്കുന്ന ഒരു പെണ്‍കുട്ടി. അവളുടെ മടിത്തട്ട്‌ ഒരു സ്‌റ്റേറ്റ്‌ ആണ്‌. ഉള്‍വശം ഒരു ആര്‍ട്ട്‌ ഗാലറി. സാമൂതിരി രാജയാണ്‌ അത്‌ അനാഛാദനം ചെയ്‌തത്‌. ഇങ്ങനെയൊരു മൊമന്റോ ഇന്ത്യയിലൊരിടത്തും ഒരു കോളേജും ഒരു മാഷിനും നല്‍കിയിട്ടുണ്ടാവില്ല. അത്രമേല്‍ സ്‌നേഹിച്ചിരുന്നു അദ്ദേഹം കുട്ടികളെ. കുട്ടികള്‍ തിരിച്ചും. ചിത്രങ്ങളെയും ശില്‍പങ്ങളെയും ആത്മാവിന്റെ ഭാഗമായി ഉള്‍ക്കൊള്ളാവുന്ന ഗുരുവായൂരപ്പന്‍ കോളേജില്‍ ഒരു ബുദ്ധപ്രതിമയുണ്ട്‌. കോളേജിലെ ചെറിയ ഉരുളന്‍ കല്ലുകള്‍ പെറുക്കിയെടുത്തുണ്ടാക്കിയ ശില്‍പമാണത്‌. കുട്ടികളാണ്‌ കല്ലുകള്‍ പെറുക്കിയെടുത്ത്‌ ശില്‍പിയുടെ കൈയില്‍ കൊടുത്തത്‌. രണ്ടുവര്‍ഷം മുന്‍പ്‌ ആരോ ബുദ്ധശിരസ്‌ ഛേദിച്ചു. അത്‌ പുനര്‍നിര്‍മ്മിക്കും വരെ അതിനുമുമ്പില്‍ ശോഭീന്ദ്രന്‍മാഷ്‌ സമരം നടത്തി. സാത്വികമായ ആ ഗാന്ധിയന്‍ സമരം വിജയിച്ചു. ബുദ്ധന്‌ ശിരസ്‌ തിരിച്ചുംകിട്ടി...

*** *** ***
ശാന്തമായി പ്രകൃതിയെകുറിച്ചും മനുഷ്യനെകുറിച്ചും മാത്രം പറയുന്ന അദ്ദേഹം പക്ഷെ ഇപ്പോള്‍ ആ ശാന്തത വെടിഞ്ഞിരിക്കുകയാണ്‌. കാരണം ചോച്ചപ്പോള്‍ വളരെ ദേഷ്യത്തോടെ അദ്ദേഹം പറഞ്ഞു. ഇനി ആതിരപ്പള്ളിയെ കൂടി ഇല്ലാതാക്കാനുള്ള ശ്രമമല്ലെ.. സ്വന്തം കണ്ണ്‌ കുത്തിപ്പൊട്ടിക്കുന്നതിന്‌ തൃല്യമാണിത്‌. ആവോളം ചൂഷണം ചെയ്‌തുകഴിഞ്ഞു. ഇനിയെങ്കിലും മതിയാക്കികൂടെ.. വരുന്ന തലമുറയോട്‌ നമ്മള്‍ ചെയ്ുന്ന എറ്റയവും വലിയ അനീതിയായിരിക്കുമിത്‌.അവര്‍ക്ക്‌ കാണാനുള്ള മനോഹരമായ കാഴ്‌ച ഇല്ലാതാക്കണോ.സര്‍ക്കാര്‍ കാലെടുത്തുവച്ചപ്പോഴേ ഇത്തരം സെന്‍സിറ്റീവായ വിഷയത്തില്‍ ഇടപെട്ടത്‌ ശരിയായില്ല. ചര്‍ച്ചകളാണ്‌ ഈ വിഷയത്തില്‍ വേണ്ടത്‌..അദ്ദേഹം പറയുന്നു.

*** *** ***
കുട്ടികളെ മഴനനയിച്ച്‌ യാത്രചെയ്യുമ്പോള്‍ പലരും നെറ്റിചുളിക്കാറുണ്ട്‌. പക്ഷെ ഓരോവര്‍ഷവും യാത്രക്കെത്തുന്ന വിദ്യാര്‍ഥികളാണ്‌ വിമര്‍ശകര്‍ക്കുള്ള മറുപടി. ചുരത്തിനുമുകളില്‍ ഓറിയന്‍ഡല്‍ മാനേജ്‌ മെന്റ്‌ സ്‌കൂളില്‍നിന്നു രാവിലെ പത്തിന്‌ ആരംഭിക്കുന്നയാത്ര അവസാനിക്കുന്നത്‌ മൂന്നുമണിക്കാണ്‌. ചുരം യാത്രയുടെ രസം പിടിച്ചതോടെ കുറ്റ്യാടിയിലും, ജില്ലയിലെ മറ്റുഭാഗങ്ങളിലും ചെറിയതോതില്‍ കുന്നുകയറ്റം സംഘടിപ്പിച്ചുതുടങ്ങി. എല്ലാവര്‍ഷവും ഇത്തരമൊരു യാത്ര പലഭാഗത്തും സംഘടിപ്പിച്ചുതുടങ്ങിയിട്ടുണ്ട്‌.
അതിന്‌ അധ്യാപകരുടെ പുര്‍ണപിന്തുണയുമുണ്ട്‌. മുമ്പ്‌ ചുരത്തിനുമുകളില്‍നിന്ന്‌ മാഷും വിദ്യാര്‍ഥികളും വലിയ വിത്തുകള്‍ താഴേക്ക്‌ വലിച്ചെറിയാറുണ്ടായിരുന്നു. ആ വിത്തുകള്‍ ചുരത്തിലെ ഇടവഴികളില്‍ കിടന്ന്‌ മുളച്ചുപൊന്തി ഇപ്പോള്‍ വലിയ മരങ്ങള്‍ ആയിട്ടുണ്ടാകും. മാങ്ങ അണ്ടി, കശുമാവിന്‍ അണ്ടി, എന്നിവയെല്ലാം ചുരത്തിന്‍ നിന്നും ജീവ വായുതേടി താഴേക്കു പറക്കുന്ന കാഴ്‌ച ഇപ്പോഴും വിദ്യാര്‍ഥികളുടെ മനസിലുണ്ട്‌. ഒരു പക്ഷെ ആ മരങ്ങളായിരിക്കാം ചുരത്തിലെ മഴയാത്രയ്‌ക്ക് അനുഗ്രഹം ചൊരിയുന്നതും.

*** *** ***
ഇപ്പോഴത്തെ ചൂട്‌ കൂടുന്നതിന്റെ കാണമെന്താണെന്നു ചോദിച്ചാല്‍ ശോഭീന്ദ്രന്‍ മാഷ്‌ പറയും.'ഇതൊന്നുമല്ല ഇതിലും വിലയതുവരാന്‍ പോകുന്നതേയുള്ളൂ' ഓസോണ്‍ പാളികളില്‍ സുഷിരങ്ങള്‍ വീണുകഴിഞ്ഞു. ഇനി എന്തുചെയ്യുമെന്നകാര്യം ഓരോരുത്തരം ചിന്തിക്കണം. മഴയും ചൂടും കാലം തെറ്റികഴിഞ്ഞാല്‍ മനുഷ്യനെ കാത്തിരിക്കുന്നത്‌ വലിയ വിപത്താണ്‌. കൃഷി നശിക്കും അതുവഴി ഉല്‍പാദനം കുറയും. പിന്നെ ജീവന്‌ എന്തുവില. വളരെ കുറച്ചു പേരെ പരിസ്‌ഥിതിക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ ഉള്ളൂവെന്നതാണ്‌ പ്രകൃതിയെ തകര്‍ക്കാന്‍ മുന്നിട്ടിറങ്ങുന്നവര്‍ക്ക്‌ തുണയാകുന്നത്‌.അതല്ലെന്നു ബോധ്യപ്പെടുത്താന്‍ നമുക്ക്‌ കഴിയണം. എന്നാല്‍ മാത്രമേ നമ്മുടെ ഭാവിതലമുറയ്‌ക്ക് നിലനില്‍പ്പുള്ളു. അതിനായി പ്രവര്‍ത്തിക്കാന്‍ നമുക്ക്‌ കഴിയണം.

*** *** ***
നാഷണല്‍ സര്‍വീസ്‌ സ്‌കീമിന്റെ പ്രോഗ്രാം ഓഫീസറായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതോടെ സാമൂഹിക പരിസ്‌ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക്‌ എറെ സമയം ചിലവഴിക്കാന്‍ ശോഭീന്ദ്രന്‍ മാഷിന്‌ സാധിച്ചു. ഏറ്റവും മികച്ച പ്രോഗ്രാം ഓഫീസറെന്ന ബഹുമതി കൂടാതെ സംസ്‌ഥാന സര്‍ക്കാരിന്റെ വനമിത്ര അവാര്‍ഡും കേന്ദ്ര സര്‍ക്കാരിന്റെ വൃക്ഷമിത്ര അവാര്‍ഡും ശോഭീന്ദ്രന്‍ മാഷിന്‌ ലഭിച്ചു.
സംസ്‌ഥാന വൈല്‍ഡ്‌ ലൈഫ്‌ ബോര്‍ഡ്‌ അംഗമാണ്‌. നാഷണല്‍ ഫോറസ്‌റ്റേഷന്‍ ആന്‍ഡ്‌ ഇക്കോ ഡവലപ്പ്‌മെന്റ്‌ ബോര്‍ഡിന്റെ മാനേജ്‌മെന്റ്‌ അഡ്വൈസറി കമ്മിറ്റിയംഗവുമാണ്‌. കോഴിക്കോട്‌ കക്കോടി ഗ്രാമത്തില്‍ ജനിച്ച ഈ പച്ചമനുഷ്യന്‍ പരിസ്‌ഥിതി പ്രശ്‌നങ്ങള്‍ എവിടെയുണ്ടായാലും അവിടെ ഓടിയെത്തുന്നു. കാഴ്‌ചക്കാരനായല്ല..കാഴ്‌ചയില്‍ നിന്നും പ്രകുതിയെമറയ്‌ക്കാതിരിക്കാന്‍ വേണ്ടി.. ആ ഒറ്റയാള്‍ പോരാട്ടം ഇന്നും തുടരുന്നു.

ഇ. അനീഷ്‌ നായര്‍

Ads by Google
Sunday 05 Jun 2016 07.19 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW