Wednesday, August 14, 2019 Last Updated 30 Min 29 Sec ago English Edition
Todays E paper
Ads by Google
Monday 06 Nov 2017 03.56 PM

സൈനൂദ്ദീന്റെ ഫോട്ടോകോപ്പി

അന്തരിച്ച നടന്‍ സൈനുദ്ദീന്റെ പ്രിയപുത്രന്‍ സിനിലിന്റെ അറിയാക്കഥകള്‍...
uploads/news/2017/11/162812/Weeklyzinil3.jpg

നര്‍മ്മപ്രധാനമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ സൈനുദ്ദീന്റെ ഇളയ മകന്‍ സിനില്‍ അഭിനയത്തിലും മിമിക്രിയിലും ബാപ്പയുടെ പാതയിലാണ്.

മരണം സൈനുദ്ദീനെ തട്ടിയെടുത്തപ്പോള്‍ നിസ്സഹായരായി നില്‍ക്കാതെ പ്രതിബന്ധങ്ങളെ ചിരിച്ചുകൊണ്ട് തരണം ചെയ്ത സിനില്‍ ചെന്നൈക്കൂട്ടം, പറവ എന്നീ ചിത്രങ്ങളിലൂടെ അഭിനയരംഗത്ത് ശ്രദ്ധേയനായി.

ബാപ്പയെക്കുറിച്ചുളള ഓര്‍മ്മകള്‍?


ബാപ്പായ്ക്കും ഉമ്മയ്ക്കും ഞങ്ങള്‍ രണ്ടുമക്കളാണ്. കൂട്ടത്തില്‍ ഞാനാണ് കുസൃതി. ഇളയകുട്ടിയായതുകൊണ്ട് ഉമ്മയെന്നെ ഒരുപാട് ലാളിച്ചിരുന്നു.

ബാപ്പ ഗള്‍ഫ് പ്രോഗ്രാമുകള്‍ക്ക് പോയി മടങ്ങി വരുന്ന ദിവസം ഞാനും ഇക്കായും വീടിന്റെ മുമ്പില്‍ നിന്ന് മാറില്ല, കാരണം ബാപ്പ പോയിട്ട് വരുമ്പോഴൊക്കെ ഞങ്ങള്‍ക്ക് നിറയെ കളിപ്പാട്ടങ്ങള്‍ വാങ്ങിക്കൊണ്ടുവരും.

അങ്ങോട്ട് പോകുമ്പോള്‍ അദ്ദേഹത്തിന്റെ കൈയില്‍ ഒരു പെട്ടിയേ ഉണ്ടാകൂ. തിരിച്ചുവരുമ്പോള്‍ പെട്ടിയുടെ എണ്ണം രണ്ടാകും. അതില്‍ നിറയെ ചോക്‌ലേറ്റുകളും കളിപ്പാട്ടങ്ങളുമാണ്. എന്ത് കൊണ്ടുവന്നാലും എനിക്കും ഇക്കായ്ക്കും രണ്ടെണ്ണം വീതമാണ് കൊണ്ടുവരിക.

ബാപ്പ കൊണ്ടുവരുന്ന കളിപ്പാട്ടങ്ങള്‍ അയല്‍പക്കത്തുള്ള കൂട്ടുകാരെ കാണിക്കാനുള്ള ആവേശത്തിലാണ് ഞങ്ങള്‍ അന്ന് വൈകിട്ട് ഉറങ്ങാന്‍ കിടക്കുന്നത്. നേരം വെളുക്കുമ്പോള്‍ കളിപ്പാട്ടങ്ങള്‍ കാണിക്കാനായി അയലത്തെ വീട്ടിലേക്ക് ഓടും.

എന്റെ ചില കുരുത്തക്കേടുകള്‍ കാണുമ്പോള്‍ ബാപ്പ എപ്പോഴും ഉമ്മയെ വഴക്കു പറയും 'ലൈലാ, നീയാണ് ഇവനെ വഷളാക്കുന്നത്'. അത് കേള്‍ക്കുമ്പോള്‍ ഉമ്മ ചിരിക്കും. ഇപ്പോഴത്തെ പോലെ ട്യൂഷനൊന്നും ഞങ്ങള്‍ പോയിട്ടില്ല. ബാപ്പയാണ് ഞങ്ങെള പഠിപ്പിച്ചിരുന്നത്.

പ്രോഗ്രസ് റിപ്പോര്‍ട്ട് ഒപ്പിടാന്‍ സ്‌കൂളില്‍ വരുന്നതും അദ്ദേഹമാണ്. ആനുവല്‍ഡേ, സ്‌പോര്‍ട്‌സ് ഡേ പോലെയുള്ള വിശേഷാവസരങ്ങളില്‍ സ്‌കൂളില്‍ നടത്തുന്ന പ്രോഗ്രാമുകളില്‍ പങ്കെടുക്കുന്നത് എന്റെ ഹോബിയായിരുന്നു. സമ്മാനം കിട്ടിയാലും ഇല്ലെങ്കിലും എല്ലാ പരിപാടികളിലും പങ്കെടുക്കണമെന്ന് ബാപ്പ പറഞ്ഞിട്ടുണ്ട്.

സ്‌കൂളിലെ മിക്ക പരിപാടികള്‍ക്കും ചീഫ്ഗസ്റ്റായി വരുന്നത് ബാപ്പയാണ്. ചെറുപ്പം മുതല്‍ ഞാന്‍ ടിവിയില്‍ കാണുന്ന എല്ലാവരുടെയും ശബ്ദം അനുകരിക്കുമായിരുന്നു. അത് കാണുമ്പോള്‍ ബാപ്പയുടെ കഴിവ് എനിക്കും പകര്‍ന്നു കിട്ടിയതില്‍ അദ്ദേഹത്തിന് സന്തോഷമായിരുന്നു.

ബാപ്പയുടെ സിനിമകളെല്ലാം തന്നെ എനിക്കിഷ്ടമാണ്. ഒരുകാലത്ത് മിക്ക സിനിമകളും ഷൂട്ട് ചെയ്യുന്നത് ഞങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളിലാകും. ഒരിക്കല്‍ ഞാനും ഉമ്മയും കൂടി ബസില്‍ പോകുമ്പോള്‍ വഴിയില്‍ ഒരാള്‍ക്കൂട്ടം.

uploads/news/2017/11/162812/Weeklyzinil2.jpg

അവിടെ നില്‍ക്കുന്നവരില്‍ ഭൂരിഭാഗവും ഞങ്ങളുടെ അയല്‍വാസികളാണ്. ആ സ്ഥലത്തേയ്ക്ക് ഞാനും ഒന്ന് കണ്ണോടിച്ചു. ഷൂട്ടിംഗാണ്. മുകേഷ്, സിദ്ദിഖ് തുടങ്ങിയ താരങ്ങളെ കാണാനാണ് എല്ലാവരും നില്‍ക്കുന്നത്. ഒന്നുകൂടി നോക്കിയപ്പോള്‍ മുകേഷിനൊപ്പം ബാപ്പയെയും കണ്ടു.

ഉടന്‍ തന്നെ അടുത്തിരിക്കുന്ന ഉമ്മയെ വിളിച്ച് ബാപ്പ നില്‍ക്കുന്നത് ചൂണ്ടിക്കാണിച്ചു. എന്നിട്ട് ഓടുന്ന ബസില്‍ നിന്ന് തല വെളിയിലേക്കിട്ട് ഡാഡീ.... എന്ന് നീട്ടി വിളിച്ചു. ഞാന്‍ ബാപ്പയെ ഡാഡീ എന്നും വിളിക്കാറുണ്ട്. ഇതു കേട്ട് അവിടെ നിന്നവരൊക്കെ എന്നെയും ബാപ്പയെയും മാറിമാറി നോക്കി. ബസ് പോയി മറയുന്നത് വരെ ഞാന്‍ കൈവീശിക്കാണിച്ചുകൊണ്ടേയിരുന്നു.

പുറത്ത് ബാപ്പ സിനിമാനടനാണ്, എന്നാല്‍ വീട്ടില്‍ എന്റെ ഉമ്മയ്ക്ക് നല്ലൊരു ഭര്‍ത്താവും ഞങ്ങള്‍ മക്കള്‍ക്ക് നല്ലൊരച്ഛനുമാണ്. ജര്‍മ്മനിയിലെ ഒരു സ്‌റ്റേജ് ഷോ ചെയ്യാന്‍ പോയ സമയത്താണ് ബാപ്പയ്ക്ക് ശ്വാസംമുട്ടല്‍ വന്നത്. എന്നിട്ടും പ്രോഗ്രാം ഭംഗിയായി ചെയ്തു. കൂടെയുള്ള ആര്‍ക്കും ബാപ്പയുടെ വയ്യായ്ക അറിയാമായിരുന്നില്ല. തിരിച്ച് നാട്ടിലെത്തിയ ഉടന്‍ ഹോസ്പിറ്റലില്‍ പോയി.

ശ്വാസകോശ സംബന്ധമായ അസുഖമായിരുന്നു. രണ്ടരമാസം അവിടെ കിടന്നു. ഞാന്‍ ഏഴാംക്‌ളാസില്‍ പഠിക്കുന്ന സമയത്താണ് ബാപ്പ ഞങ്ങളെ വിട്ടുപോയത്. അദ്ദേഹത്തിന്റെ മരണം വലിയൊരു ഷോക്കായിരുന്നു. ബാപ്പ പോയ ശേഷമുള്ള ജീവിതം അത്ര സുഖകരമായിരുന്നില്ല.

സിനിമാരംഗത്ത് നിന്ന് കുറച്ചുപേര്‍ മരണശേഷം വീട്ടില്‍ വന്നിരുന്നു. അവരെെക്കാണ്ടാവും വിധം സഹായിക്കുകയും ചെയ്തു. തനിച്ചായി പോയി എന്നൊരു തോന്നല്‍ ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. കാരണം ബാപ്പ ഒരു അദൃശ്യ ശക്തിയായി എപ്പോഴും കൂടെയുണ്ട്.

തളര്‍ന്നുപോകുന്ന പല സന്ദര്‍ഭങ്ങളിലും ആ സാമീപ്യം ഞങ്ങള്‍ അടുത്തറിഞ്ഞിട്ടുണ്ട്. ഞങ്ങള്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ ഇനിയും പറയാന്‍ ആഗ്രഹിക്കുന്നില്ല. കഴിഞ്ഞുപോയ കാലത്തെക്കുറിച്ച് ചിന്തിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് എന്റെ വിശ്വാസം.

ബാപ്പ ചെയ്യാതെ പോയ കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനാണ് പടച്ചോന്‍ എന്നെ ഇവിടേക്ക് അയച്ചത്. എന്നെ കാണുന്നവരെല്ലാം എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്,' സൈനുദ്ദീന്റെ ഫോട്ടോകോപ്പിയാണ് സിനില്‍'. അത് കേള്‍ക്കുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷമാണ്. അദ്ദേഹമാണ് എന്റെ റോള്‍ മോഡല്‍.

Monday 06 Nov 2017 03.56 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW