Friday, August 23, 2019 Last Updated 9 Min 17 Sec ago Malayalam Edition
Todays E paper
Ads by Google
Friday 25 Jan 2019 10.01 PM

മലയാള സമാന്തര മാസികാചരിത്രം

uploads/news/2019/01/283226/book.jpg

സാംസ്‌കാരിക തലങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ്‌ ചരിത്ര നിര്‍മിതിക്ക്‌ തുനിയുന്ന പണ്ഡിതരുടെയും എഴുത്തുകാരുടെയും എണ്ണം നാമമാത്രമാകുന്ന കാലത്താണ്‌ പത്രപ്രവര്‍ത്തകന്‍ കൂടിയായ പ്രദീപ്‌ പനങ്ങാടിന്റെ 'മലയാള സമാന്തര മാസികാചരിത്രം' എന്ന പുസ്‌തകം പ്രസക്‌തമാവുന്നത്‌. സാംസ്‌കാരിക ചരിത്രത്തെ വ്യത്യസ്‌ത രീതികള്‍ ഉപയോഗിച്ച്‌ പഠിക്കുന്നതും വിശകലനം ചെയ്യുന്നതുമായ ഗ്രന്ഥങ്ങള്‍ വളരെ കുറച്ചു മാത്രമായിരുന്ന സാഹചര്യത്തിലാണ്‌ സംസ്‌ഥാന ഭാഷാ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌് ഈ ഗ്രന്ഥം പുറത്തിറക്കുന്നത്‌.
മലയാളത്തിലെ സമാന്തര മാസികകളുടെ ചരിത്രം പറയുകയാണ്‌ ഈ പുസ്‌തകത്തില്‍ പ്രദീപ്‌. കേരളത്തിന്റെ വര്‍ത്തമാനകാല ജീവിതത്തെ നിര്‍ണയിക്കുന്ന മൂല്യങ്ങളെ രൂപപ്പെടുത്തുന്നതിലും മലയാളിയുടെ സാംസ്‌കാരിക ജീവിതത്തെ വളര്‍ത്തുന്നതിലും ഗണ്യമായ സംഭാവനകള്‍ നല്‍കിയ സമാന്തര മാസികകളുടെ സാംസ്‌കാരിക സ്വാധീനവും സാമൂഹിക പശ്‌ചാത്തലവും സമഗ്രമായി വിലയിരുത്തുന്നു. ഇവയോടൊപ്പം നാല്‌ പതിറ്റാണ്ടുകള്‍ക്കിടയില്‍ ഇറങ്ങിയ മാസികകളെ അടയാളപ്പെടുത്താനും ശ്രമിക്കുന്നു. മാസികകളിലൂടെ ഉയര്‍ന്നുവന്ന ആശയങ്ങള്‍, എഴുത്തുകാര്‍, സാഹിത്യ സാംസ്‌കാരിക സമീപനങ്ങള്‍ എന്നിങ്ങനെ വിവിധ വശങ്ങളും ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ചെറുമാസികകളുടെ സാംസ്‌കാരിക ജീവിതത്തിന്റെ ചരിത്രപരമായ വിശകലനം ഈ പുസ്‌തകം മുന്നോട്ടു വയ്‌ക്കുന്നു. സാംസ്‌കാരിക നിര്‍മിതിയില്‍ ചെറുമാസികകള്‍ വഹിച്ച പങ്കിനെ മുന്‍നിര്‍ത്തി വിശദീകരിക്കുന്ന പുസ്‌തകങ്ങള്‍ എന്നും മലയാള ഭാഷയ്‌ക്ക് മുതല്‍കൂട്ടാണ്‌. സത്യസന്ധമായ അന്വേഷണത്തിലൂടെ രൂപപ്പെട്ട ഗ്രന്ഥം സുവര്‍ണമയമായ ഒരധ്യായത്തിന്റെ ചൈതന്യം അനുവാചകരില്‍ പുനഃസൃഷ്‌ടിക്കുന്നു. ആ ചൈതന്യം വീണ്ടെടുക്കണമെന്ന ആഗ്രഹം അവരുടെ ഹൃദയങ്ങളില്‍ ഉടലെടുക്കുന്നു. രചനാത്മകമായ ഈ ദൗത്യമാണ്‌ പ്രദീപ്‌ പനങ്ങാട്‌ നമ്മുടെ കാലഘട്ടത്തിനെ ജീര്‍ണതയില്‍ നിന്ന്‌ മോചിപ്പിക്കുന്നതിനുവേണ്ടി ഏറ്റെടുത്തിരിക്കുന്നത്‌.
പ്രക്ഷോഭ ബുദ്ധിയില്‍ നിന്നാണ്‌ കൊച്ചുമാസിക എന്ന പ്രസ്‌ഥാനം ആരംഭിക്കുന്നത്‌. നിലവിലിരുന്നതിന്റെ നേര്‍ക്ക്‌ അതൃപ്‌തി, മാറ്റം വരുത്താനുള്ള വെമ്പല്‍, പുതിയ ഭാവുകത്വമോ വീക്ഷണമോ സൃഷ്‌ടിക്കാനുള്ള ത്വര എന്നിങ്ങനെയുള്ള പ്രക്ഷോഭ ഭാഗങ്ങള്‍ ഉള്‍ക്കൊണ്ടാണ്‌ പ്രദീപ്‌ പനങ്ങാട്‌ പുസ്‌തകം എഴുതിയതെന്ന്‌ അവതാരികയില്‍ എം.കെ. സാനു അഭിപ്രായപ്പെടുന്നു. കൊച്ചു മാസികകള്‍ അവ നടത്തുന്നവരുടെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ വിളയാടാനുള്ള ഉപകരണമായി മാറി. അവനവനെ പ്രശംസിക്കുക, അവരവരുടെ പരസ്യം നല്‍കുക തുടങ്ങിയ ദുഷ്‌പ്രവണതകള്‍ പല കൊച്ചു മാസികകളേയും പരിഹാസ്യമായി മാറ്റുന്ന കാലത്ത്‌ ഒരു തര്‍ക്കവിഷയത്തിലും സ്‌പര്‍ശിക്കാതെയാണ്‌ മലയാള സമാന്തര മാസികാചരിത്രം പ്രദീപ്‌ പനങ്ങാട്‌ അവതരിപ്പിക്കുന്നത്‌. ഒരു സാംസ്‌കാരിക ചരിത്രകാരന്റെ കഴിവുകളും സിദ്ധികളും പ്രദീപില്‍ ഇണങ്ങിച്ചേരുന്നു. അവ ഫലപ്രദമാക്കുന്നതിന്‌ ആവശ്യമായ ക്ലേശം ഏറ്റെടുത്തുകൊണ്ടാണ്‌ ഈ ഗ്രന്ഥം അദ്ദേഹം രൂപപ്പെടുത്തിയിരിക്കുന്നത്‌. ഈ പുസ്‌തകം വ്യത്യസ്‌തമാകുന്നത്‌ ചെറുമാസികകളുടെ സൈദ്ധാന്തിക തലത്തെ അവഗണിക്കാതെ ചെറുമാസികകളുടെ ചരിത്രവും അവയുടെ പിന്‍കാല വികാസവും വിശദമായ വിശകലനവും നല്‍കി ഈ വിഷയത്തില്‍ ഗൗരവമായ പഠനം നടത്തിയതുകൊണ്ടാവാം.
പുസ്‌തകെത്ത പ്രധാനമായി മൂന്നു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. സമാന്തര മാസികാ പ്രസ്‌ഥാനത്തിന്റെ സ്വഭാവത്തെയും അതിന്റെ ചരിത്രപരമായ രൂപപ്പെടലിനെയും വ്യത്യസ്‌ത ഘട്ടങ്ങളില്‍ നിര്‍വഹിച്ച സാമൂഹിക ധര്‍മങ്ങളെയും കുറിച്ചാണ്‌ ആദ്യ ഭാഗമായ 'അന്വേഷണം' അടയാളപ്പെടുത്തുന്നത്‌്. ഇവ കൂടാതെ മാസികകളിലൂടെ ഉയര്‍ന്നുവന്ന ആശയങ്ങള്‍, എഴുത്തുകാര്‍, സാഹിത്യ സാംസ്‌കാരിക സമീപനങ്ങള്‍ എന്നിവയും ചര്‍ച്ചാവിഷയമാകുന്നു. 1950 മുതല്‍ ധാരാളം മാസികകള്‍ പുറത്തുവന്നതില്‍ പ്രാതിനിധ്യ സ്വഭാവത്തിന്റെ അടിസ്‌ഥാനത്തില്‍ തെരഞ്ഞെടുത്ത പത്തു മാസികകളുടെ ചരിത്രവും അവലോകനവും നിരീക്ഷണങ്ങളുമാണ്‌ രണ്ടാം ഭാഗമായ 'വായന വിചിന്തന'ത്തില്‍. ആധുനികതയോടുള്ള സമീപനം, രൂപഘടനയിലെ വ്യത്യസ്‌തതകള്‍, ആവിഷ്‌കാരത്തിലെ നവീനത തുടങ്ങിയ ഘടകങ്ങളെ ആധാരമാക്കിയാണ്‌ രചന നിര്‍വഹിച്ചിരിക്കുന്നത്‌. സമീക്ഷ, പ്രേരണ, കേരള കവിത, യുഗരശ്‌മി, അക്ഷരം, ജ്വാല, പ്രസക്‌തി, സമസ്യ, രസന, സംക്രമണം എന്നിവയാണ്‌ പ്രധാന പത്തു മാസികകളായി പരിചയപ്പെടുത്തുന്നത്‌. പരമാവധി മാസികകള്‍ കണ്ടെത്താനും രേഖപ്പെടുത്താനും ഈ പുസ്‌തകത്തിലൂടെ പ്രദീപ്‌ ശ്രമിച്ചിട്ടുണ്ട്‌ എന്നതു വ്യക്‌തം.
മാസികകളുടെ പിന്നില്‍ പ്രവര്‍ത്തിച്ചത്‌ കേരളത്തിലെ വ്യത്യസ്‌ത സാംസ്‌കാരിക, സാമൂഹിക മേഖലകളിലെ പ്രമുഖരായിരുന്നു. നിരവധി തലങ്ങളിലെ പ്രതിസന്ധികളും പ്രതിബന്ധങ്ങളും നേരിട്ടാണ്‌ മാസികകളെ വളര്‍ത്തിയെടുക്കാന്‍ അവര്‍ ശ്രമിച്ചത്‌. അത്‌ അനുബന്ധമായി മൂന്നാം ഭാഗമായ 'സമരം സാക്ഷാല്‍ക്കാരം' എന്നതില്‍ ചേര്‍ത്തിരിക്കുന്നു. പുറത്തുവന്ന മാസികകളില്‍ പ്രാതിനിധ്യം അനുസരിച്ചാണ്‌ 10 മാസികകള്‍ തെരഞ്ഞെടുത്തിരിക്കുന്നത്‌. സമാന്തര മാസികാ പ്രസ്‌ഥാനത്തിന്റെ സവിശേഷ സ്വഭാവങ്ങളും ചരിത്രപരമായ തുടര്‍ച്ചയും ഇതില്‍ നടത്തുന്ന നിരീക്ഷണങ്ങളിലൂടെ മനസിലാക്കാം. മലയാള ഭാഷയ്‌ക്കും മാധ്യമചരിത്രത്തിനും എല്ലാ അര്‍ത്ഥത്തിലും മുതല്‍ക്കൂട്ടാണ്‌ ഈ കൃതി.

മലയാള സമാന്തര മാസികാ ചരിത്രം
പ്രദീപ്‌ പനങ്ങാട്‌
കേരള ഭാഷാ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌
പേജ്‌ 330
വില 180

ടീനു തോമസ്‌

Ads by Google
Friday 25 Jan 2019 10.01 PM
YOU MAY BE INTERESTED