കുട്ടികളിലെ വായനാശീലം

സോന വര്‍ഗ്ഗീസ്‌

mangalam malayalam online newspaper

വായനാശീലം നമുക്ക്‌ അറിവിന്റെ മഹാസാഗരത്തെയാണ്‌ തുറന്നുതരുന്നത്‌. കഥകളിലൂടെയും കവിതയിലൂടെയും സ്വായത്തമാക്കുന്ന അറിവ്‌ നമ്മുടെ ജീവിതത്തില്‍ പ്രകാശം വര്‍ദ്ധിപ്പിക്കും.

വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും
വായിച്ചാല്‍ വിളയും വായിച്ചില്ലെങ്കില്‍ വളയും
(കുഞ്ഞുണ്ണിമാഷ്‌)

മുത്തശ്ശി പറയുന്ന കഥകള്‍ കേട്ടുറങ്ങാനാണ്‌ ഉണ്ണിമോന്‌ താല്‍പ്പര്യം. ഒന്നാംക്ലാസില്‍ പഠിക്കുന്ന ഉണ്ണി വൈകുന്നേരം ഓടിയെത്തുന്നത്‌ മുത്തശ്ശിയുടെ കഥ കേള്‍ക്കാനാണ്‌. അവന്റെ വരവു കാണുമ്പോഴേ മുത്തശ്ശി പുതിയ പുതിയ കഥകളുണ്ടാക്കാനുള്ള തിരക്കിലാണ്‌. മുത്തശ്ശി പണ്ടെങ്ങോ വായിച്ചെടുത്ത കഥകളെല്ലാം ഉണ്ണിക്ക്‌ പറഞ്ഞുകൊടുക്കും. എന്നാല്‍ ഉണ്ണിമോനുള്ള ഒരു ദുശ്ശീലമുണ്ട്‌ പേപ്പറുകളും ബുക്കുകളും എന്തെന്ന്‌ നോക്കുകപോലും ചെയ്യാതെ കീറിക്കളയും. ഇത്‌ മുത്തശ്ശിയെ ഏറെ വേദനിപ്പിക്കുന്നു. കീറിക്കളയുന്ന ഓരോ പേപ്പറിലെയും അറിവ്‌ മുത്തശ്ശിക്ക്‌ നന്നായറിയാം. മുത്തശ്ശി ഒരു കാര്യം ഉറപ്പിച്ചു. ഉണ്ണിമോനെ വായനയുടെ ലോകത്തേക്ക്‌ എത്തിക്കുന്നതിന്‌ എന്തൊക്കെ ചെയ്യാമെന്ന്‌. ഉണ്ണിമോനെപ്പോലെ വായനയെ ഇഷ്‌ടപ്പെടാത്ത ഒരുപാട്‌ കുട്ടികള്‍ നമുക്കിടയിലുണ്ട്‌.

ബാലകഥകള്‍

കുട്ടികള്‍ ഏറെയിഷ്‌ടപ്പെടുന്നത്‌ ചെറുകഥകളാണ്‌. രാജകുമാരിയെ രക്ഷിക്കാന്‍ വരുന്ന രാജകുമാരന്റെ കഥകള്‍, ഭൂതത്തെ കുപ്പിയിലടച്ച മുക്കുവന്റെ കഥ ഇവയൊക്കെ കുട്ടികളെ ഏറെ രസിപ്പിക്കുന്നു. ഇത്തരത്തിലുള്ള കഥകള്‍ ആദ്യം വായിച്ചുകൊടുക്കുകയും അതില്‍ക്കൂടി വായിക്കാനുള്ള പരിശീലനം നല്‍കാനും മാതാപിതാക്കള്‍ക്കാകണം. ഇത്തരം കഥകള്‍ തേടിയെടുക്കാന്‍ കുട്ടികളെ സഹായിക്കണം.

കുട്ടിക്കവിതകള്‍

'കുഞ്ഞുണ്ണിമാഷിനെ'പ്പോലെയുള്ള കവികള്‍ കുട്ടികള്‍ക്കുവേണ്ടി മാത്രം കുട്ടിക്കവിതകള്‍ എഴുതാറുണ്ട്‌. അര്‍ഥം നിറഞ്ഞുനില്‍ക്കുന്ന കവിതകള്‍ ചൊല്ലിക്കൊടുക്കാന്‍ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കുമാകാം. നാലുവരിക്കവിതകള്‍ കുട്ടികള്‍ എളുപ്പത്തില്‍ മനസിലാക്കുമെന്നതില്‍ സംശയം വേണ്ട.

വായനശാലകള്‍

കുട്ടികളെ വായനയുടെ ലോകത്തേക്ക്‌ കൈപിടിച്ചുയര്‍ത്തുന്ന ഒന്നാണ്‌ വായനശാലകള്‍. പുതിയ തലമുറയ്‌ക്ക് വായനശാലകള്‍ എന്തെന്നുപോലും അറിയില്ല. പഴയതലമുറയുടെ ഒത്തുചേരലുകളില്‍ മുഖ്യസ്‌ഥാനം വഹിച്ചിരുന്നത്‌ വായനശാലകളാണ്‌. ടെലിവിഷന്‍ എത്തുന്നതിനുമുമ്പ്‌ വാര്‍ത്തകള്‍ക്കായി ആശ്രയിച്ചിരുന്നത്‌ റേഡിയോയെയാണ്‌. പാട്ടുകളും മറ്റ്‌ കാലിക പ്രസക്‌തിയാര്‍ന്ന വിഷയങ്ങളും ചര്‍ച്ചചെയ്‌ത റേഡിയോ വായനശാലകളുടെ ഒരു പ്രത്യേകത തന്നെയായിരുന്നു. അങ്ങനെയൊരു കാലത്തേക്ക്‌ തിരിച്ചുപോകാന്‍ സാധിക്കുകയാണെങ്കില്‍ വായനയുടെ ലോകത്ത്‌ കടന്നുവരാന്‍ ഇന്നത്തെ കുട്ടികള്‍ക്കുമാകുമായിരുന്നു.

ഇന്ന്‌ അസൈന്‍മെന്റുകള്‍ക്കും പ്രോജക്‌ടുകള്‍ക്കും മാത്രമായി കോളജ്‌ ലൈബ്രറികള്‍ തിരഞ്ഞെടുക്കുന്നു. ഒഴിവുസമയങ്ങളില്‍ ലൈബ്രറികളിലെത്തി ബുക്കുകളും പത്രങ്ങളും വായിക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കണം. യുവതലമുറ വൈകുന്നേരമാകുന്നതോടെ ക്ലബുകളില്‍ അഭയം തേടുന്നത്‌ കാണാം. ക്ലബ്ബുകളില്‍നിന്ന്‌ മാറി വായനശാലകളിലേക്ക്‌ എത്തുകയാണെങ്കില്‍ വായനയുടെ ലോകം ഒരിക്കലും അന്യമാകുകയില്ല.

ചെറുകഥകളും നോവലുകളും

കുട്ടികളുടെ പ്രായത്തിനനുസരിച്ച്‌ പുസ്‌തകങ്ങള്‍ തിരഞ്ഞെടുത്തുകൊടുക്കണം. ചെറുകഥകള്‍, നോവലുകള്‍ ഇവ വായിക്കാന്‍ കുട്ടികളെ സജ്‌ജരാക്കണം. വായനയുടെ ലോകത്തെ അത്ഭുതങ്ങള്‍ കുട്ടികള്‍ മനസിലാക്കിയാല്‍ ചെറുകഥകളും നോവലുകളും സ്വയം വായിച്ചു മനസിലാക്കാന്‍ കുട്ടികള്‍ക്കു സാധിക്കും.

പത്രം

കുട്ടികളെ ചെറുപ്പം മുതല്‍ പത്രവായനയില്‍ തല്‍പ്പരരാക്കുവാന്‍ ശ്രദ്ധിക്കണം. ഓരോ ദിവസവും പത്രത്തില്‍നിന്നു ലഭിക്കുന്ന അറിവ്‌ അമൂല്യമെന്ന്‌ പറഞ്ഞു മനസിലാക്കണം. കുട്ടികളോടൊപ്പം മാതാപിതാക്കള്‍ക്കും പത്രവായനയില്‍ പങ്കാളികളാകാം. പ്രധാന നാട്ടുവാര്‍ത്തകള്‍ എഴുതി സൂക്ഷിക്കാം. പത്രത്തില്‍ വരുന്ന പ്രധാന സംഭവങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട്‌ ആല്‍ബം തയാറാക്കാം. ഇതിനെല്ലാം മാതാപിതാക്കളുടെ സഹായമാവശ്യമാണ്‌.

ഗുഡ്‌ ബൈ ഇന്റര്‍നെറ്റ്‌

ആധുനികയുഗത്തില്‍ ഇന്റര്‍നെറ്റ്‌ നല്‍കുന്ന അറിവ്‌ അമൂല്യമെന്ന്‌ ധരിക്കുന്നവരാണ്‌ നമുക്കിടയിലേറെയും. എന്നാല്‍ ഈ അറിവ്‌ നമ്മെ എത്ര അലസന്‍മാരാക്കുന്നു എന്ന കാര്യം നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. കുട്ടികള്‍ വളര്‍ന്നു വരുന്നതിനുമുമ്പ്‌ അവരുടെ കൈയില്‍ മൊബൈല്‍ കൊടുക്കുക. കമ്പ്യൂട്ടറിന്റെ മുമ്പില്‍ ഇരുത്തുക എന്നിവ ചെയ്യുമ്പോള്‍ യുവതലമുറയുടെ മസ്‌തിഷ്‌ക്കത്തില്‍ ഉണ്ടാകുന്ന ദോഷങ്ങളെക്കുറിച്ച്‌ നാം ബോധവാന്‍മാരാകുന്നില്ല. നെറ്റില്‍ സേര്‍ച്ച്‌ ചെയ്‌ത് വിവരങ്ങള്‍ ശേഖരിക്കുക, പത്രം വായിക്കുക, പുതിയ പുസ്‌തകങ്ങളെ പരിചയപ്പെടുക എന്നിവയിലൂടെ കുട്ടികള്‍ അലസന്‍മാരാകാനുള്ള വഴിയാണ്‌ നാം തുറന്നുകൊടുക്കുന്നത്‌.

വീട്ടില്‍ പത്രങ്ങള്‍ വരുത്തി ആ പത്രങ്ങള്‍ വായിക്കാനും താരതമ്യം ചെയ്യാനും കുട്ടികളെ പരിശീലിപ്പിക്കേണ്ടത്‌ മാതാപിതാക്കളുടെ കടമയാണ്‌.
മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കുകവഴി കുട്ടികള്‍ വായനയുടെ ലോകത്തെ നല്ല ചങ്ങാതികളാക്കി മാറ്റാന്‍ സാധിക്കും. പഠിക്കുന്ന പുസ്‌തകങ്ങള്‍ നല്‍കുന്ന അറിവിനുമപ്പുറമുള്ള ലോകമാണ്‌ കുട്ടികളെ തേടിയെത്തുന്നത്‌. പുതിയ പുസ്‌തകങ്ങള്‍ തേടിപ്പോകാന്‍ യുവതലമുറയ്‌ക്ക് കഴിയണം. ബുക്ക്‌ ഫെസ്‌റ്റുകള്‍ നടത്തുമ്പോള്‍ പ്രായമായവര്‍ ഓരോ ബുക്കും തേടിയെത്തുന്നത്‌ നാം കാണുന്ന കാഴ്‌ചയാണ്‌. ബുക്കുകള്‍ വാങ്ങി അലമാരയില്‍ സൂക്ഷിക്കുക എന്നതിനപ്പുറം ആ ബുക്കുകളിലെ ജ്‌ഞാനം പരമാവധി നേടുവാന്‍ നമുക്കാകണം.

മുത്തശ്ശിയും ഉണ്ണിമോനും നല്ല വായനക്കാരാകുമ്പോള്‍ ഒരിക്കല്‍ നമുക്കും ശ്രമിച്ചു തുടങ്ങിക്കൂടെ വായിച്ചു തുടങ്ങാന്‍. പ്രേരിപ്പിക്കാന്‍ മുത്തശ്ശിയില്ലാത്ത വീടുകളില്‍ മാതാപിതാക്കള്‍ക്കാകണം. സ്‌കൂളിലെത്തിയാല്‍ കുട്ടികളെ വായനയുടെ ലോകത്തേക്ക്‌ എത്തിക്കുവാന്‍ അധ്യാപകര്‍ക്കുമാകണം. 'വായന മരിക്കുകയല്ല' ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ്‌ എന്നു പറയുവാന്‍ ഇനി നിങ്ങള്‍ക്കാകില്ലേ കൂട്ടുകാരെ...

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Back to Top
session_write_close(); mysql_close();