ചിരി തന്നെ ജീവിതം

സി.ബിജു

 1. Tini Tom
Tini Tom

ടിനി ടോമിന്റെ കുറിപ്പുകള്‍ രസകരമായ നര്‍മ്മക്കുറിപ്പുകളിലൂടെ ജീവിതം പങ്കുവെയ്‌ക്കുന്ന ആത്മകഥാംശത്തിന്റെ നവരസഭാവങ്ങള്‍.

ക്രിസ്‌മസ്‌ സദ്യയ്‌ക്കും കടല്‍ കടന്നൊരു മാത്തുക്കുട്ടിക്കും ശേഷം ജീവിതത്തിലേക്ക്‌ തിരിച്ചു വരാം. വീട്ടുകാരുടെ 'നല്ല കാര്യങ്ങള്‍' കുറെയൊക്കെ പറഞ്ഞു കഴിഞ്ഞു. അപ്പാപ്പന്റെയും അപ്പച്ചന്റെയും പേരപ്പന്മാരുടെയുമൊക്കെ കഥകള്‍. ഇനി എന്നിലേക്ക്‌ തിരിച്ചു വരാം.

സ്‌കൂള്‍ പ്രായമെത്തിയപ്പോഴേക്കു പുത്തന്‍വേലിക്കര എന്ന ന്യൂഫെന്‍സ്ലാന്‍ഡില്‍ നിന്ന്‌ എറണാകുളത്തേക്ക്‌ ഞാന്‍ കുടിയേറി. ചെറുപ്പം മുതലേ കലാകാരനാവണമെന്ന അടങ്ങാത്ത അഭിവാഞ്‌ഛ എന്റെ മനസ്സിലുണ്ടായിരുന്നു. ആദ്യം താത്‌പര്യം തോന്നിയത്‌ ഉപകരണ സംഗീതത്തിലായിരുന്നു. അങ്ങനെയാണ്‌ ഗിറ്റാറിനും കീബോര്‍ഡിനും ഞാന്‍ ദക്ഷിണ കൊടുത്തത്‌.

ദക്ഷിണ മേടിച്ചപ്പോഴേക്കും ഈ രണ്ടുപകരണങ്ങള്‍ക്കും എന്തെങ്കിലും വശപ്പിശക്‌ തോന്നിയിരിക്കാം. രണ്ടും പകുതിക്ക്‌ നിന്നു. എങ്കിലും രണ്ടിന്റേയും ഒരു ടേസ്‌റ്റ് ഇപ്പോഴും എന്റെയുള്ളില്‍ ഉണ്ടെന്നാണ്‌ എന്റെ വിശ്വാസം. വാദ്യോപകരണങ്ങളോടുള്ള താത്‌പര്യം നിലച്ചപ്പോള്‍ കാലുപകരണങ്ങളോടായി താത്‌പര്യം. അങ്ങനെയാണ്‌ റോളര്‍ സ്‌കേറ്റിംഗിലൂടെ ഒഴുകി നടക്കാന്‍ തീരുമാനിച്ചത്‌. പക്ഷേ ഒഴുകല്‍ മാത്രം നടന്നില്ല. വീഴ്‌ചകള്‍ ധാരാളമുണ്ടായിതാനും. അതിന്റെ പാടുകള്‍ പലതും കൈയിലെയും കാലിലെയും മുട്ടുകളില്‍ അവശേഷിക്കുന്നു. ചോര പൊടിഞ്ഞപ്പോള്‍ താത്‌പര്യവും വഴിമാറി. അങ്ങനെയാണ്‌ ബ്രേക്ക്‌ ഡാന്‍സിലേക്കെത്തിയത്‌. എന്നാല്‍ മുമ്പത്തെപ്പോലെ തന്നെ അതിലും ഞാനൊരു ബ്രേക്ക്‌ എടുത്തു. അതിനു പിന്നിലൊരു കാരണമുണ്ടായിരുന്നു. ഇതിനിടയിലെപ്പോഴോ എന്റെയുള്ളിലൊരു വിപ്ലവകാരി ജന്മമെടുത്തു. നാടിനെ രക്ഷിക്കാന്‍ മുന്നോട്ടിറങ്ങണമെന്നായിരുന്നു മുദ്രാവാക്യം. അതിലേക്ക്‌ എന്നെ നയിച്ചത്‌ കലാഭവനായിരുന്നു.

ബ്ലാക്ക്‌ ബെല്‍റ്റ്‌

എറണാകുളത്ത്‌ അമ്മ വീട്ടിലേക്ക്‌ കുടിയേറിയ കാലം. കലാഭവന്റെ പിറകിലായിരുന്നു അമ്മ വീട്‌. വീട്ടില്‍ നിന്ന്‌ നോക്കിയാല്‍ കലാഭവന്റെ മുറ്റം കാണാം. അവിടുത്തെ കരാട്ടെ ക്ലാസായിരുന്നു എന്നിലെ വിപ്ലവകാരിക്ക്‌ ജന്മമേകിയത്‌. കരാട്ടെ പഠിക്കണമെന്ന അഭിനിവേശം എന്നില്‍ ശക്‌തമായി. എന്നാല്‍ കലാഭവനിലെ ഫീസ്‌ താങ്ങാനുള്ള സാമ്പത്തികം അന്നുണ്ടായിരുന്നില്ല.

എന്നാല്‍ എന്റെ ആഗ്രഹത്തിന്‌ ഈശോമിശിഹാ കൂട്ടു നിന്നു. കലാഭവന്റെ കരാട്ടെ ക്ലാസ്സില്‍ ഒരു പൊട്ടിത്തെറി നടന്നു. അതിന്റെ ഫലമായി ചിലര്‍ കലാഭവനോട്‌ ഗുഡ്‌ബൈ പറഞ്ഞു. ഹാരീസ്‌ ബാബു എന്നൊരാളിന്റെ നേതൃത്വത്തില്‍ പുതിയൊരു കരാട്ടെ ഗ്രൂപ്പിന്‌ തുടക്കമായി-'ഓക്കിനാവാ ഐക്കി'. ഒടക്കി വന്നവര്‍ ഐക്യത്തില്‍ എന്നതിന്റെ ചുരുക്കെഴുത്തായിരുന്നു ഓക്കിനാവാ ഐക്കി. കേട്ടാല്‍ ചൈനീസ്‌ പോലില്ലേ? ബ്ലാക്ക്‌ ബെല്‍റ്റ്‌ എന്ന മോഹം ഞാന്‍ പൊടി തട്ടിയെടുത്തു. കലാഭവന്റെ നേര്‍പകുതിയായിരുന്നു ഓക്കിനാവാ ഐക്കിയുടെ ഫീസ്‌. അതും തവണകളായി കൊടുത്താല്‍ മതി. ഞങ്ങള്‍ കുറച്ചു പേര്‍ അങ്ങനെ ഹാരീസ്‌ ബാബുവിന്റെ ശിഷ്യ രായി.

ഹാരീസിന്റെ വീട്ടില്‍ വച്ചായിരുന്നു ആദ്യദിനങ്ങളിലെ അധ്യാപനം. വെളുപ്പിനത്തെ ബഹളം കൊണ്ട്‌ വീട്ടുകാരും നാട്ടുകാരും സഹികെട്ടു. അവസാനം കരാട്ടെ അറിയാത്ത അവര്‍ കളരിപ്പയറ്റിലൂടെ കീഴടക്കുമെന്ന്‌ തിരിച്ചറിഞ്ഞപ്പോള്‍ നോര്‍ത്തിലെ സെന്റ്‌ അഗസ്‌റ്റിന്‍ സ്‌കൂളിലേക്ക്‌ കരാട്ടെ ക്ലാസ്‌ പറിച്ചു നട്ടു. ഏഴുമണിക്ക്‌ സെക്യൂരിറ്റി എത്തും. അതിനു മുമ്പ്‌ ക്ലാസ്‌ തീര്‍ക്കണം. അതിനാല്‍ വെളുപ്പിനെ നാലുമണിക്ക്‌ തന്നെ അഭ്യാസം തുടങ്ങും. പലചരക്ക്‌ കട നടത്തുന്ന മമ്മാലിക്കയുടെ തൊഴിലാളികളായ ഏലിയാസും മമ്മദും കരാട്ടെ ക്ലാസിലെ സഹപാഠികളായിരുന്നു. ബെസ്‌റ്റ് ബേക്കറി നടത്തുന്ന വിജീഷും തൊഴിലാളിയായ തമിഴന്‍ രാജനും അക്കൂട്ടത്തിലുണ്ടായിരുന്നു.

ബേക്കറിയില്‍ വച്ച്‌ ജോലിയെടുപ്പിച്ച്‌ വിജീഷ്‌ രാജനെ ബുദ്ധിമുട്ടിച്ചിരുന്നു. എന്നാല്‍ കരാട്ടെയില്‍ മിടുക്കന്‍ രാജനായിരുന്നു. രാജന്‍ തന്റെ വൈരാഗ്യം തീര്‍ക്കുന്നത്‌ പഠനത്തിനിടയ്‌ക്ക് നിര്‍ബന്ധമായ പരസ്‌പര ഏറ്റുമുട്ടല്‍ വഴിയായിരുന്നു. ആ തമിഴന്‍ ചെറുക്കന്‍ വിജീഷിനെ കുനിച്ചു നിര്‍ത്തി ഇടിച്ച ഇടിക്ക്‌ കൈയും കണക്കുമില്ല. രാജന്റെ ഇടി മൂലം വിജീഷ്‌ ഒരു പരുവമായി.

കരാട്ടെ ക്ലാസിലേക്കു നോര്‍ത്ത്‌ റയി ല്‍വേ പാളം വഴി ഞങ്ങള്‍ ഒന്നിച്ചായിരുന്നു പോക്ക്‌. അങ്ങനെയൊരു ദിവസം പോകുമ്പോഴാണ്‌ പാളത്തില്‍ രണ്ടുപേര്‍ നിന്നു പരുങ്ങുന്നതു കണ്ടത്‌. ട്രെയിന്‍ ബോംബു വച്ച്‌ തകര്‍ക്കാന്‍ വന്നവര്‍ തന്നെ, ഞങ്ങള്‍ മനസ്സിലുറപ്പിച്ചു. നാടിനെ രക്ഷിക്കണമെന്ന വിപ്ലവ മുദ്രാവാക്യം ഞങ്ങളുടെ മനസ്സില്‍ അലമുറയിട്ടു. പാളത്തിലെ കല്ലെടുത്ത്‌ ഞങ്ങള്‍ ഏറു തുടങ്ങി. അവന്മാര്‍ ജീവനും കൊണ്ട്‌ രക്ഷപെട്ടു. പിന്നീട്‌ ക്ലാസിലെത്തിയപ്പോള്‍ ഏറു കൊണ്ടവര്‍ അവിടെയുണ്ട്‌. മമ്മാലിക്കയുടെ കടയിലെ തൊഴിലാളികളായ ഏലിയാസും മമ്മദും. റയില്‍വേ പാളമായിരുന്നു അവന്മാരുടെ സ്‌ഥിരം കക്കൂസ്‌. ഇരുട്ടിന്റെ മറവില്‍ ഞാനും വിജീഷും തമിഴനും അത്‌ തിരിച്ചറിഞ്ഞതുമില്ല.

സിനിമയില്‍ അഭിനയിക്കുമ്പോള്‍ പഠിച്ച സംഗീതമായാലും കരാട്ടെയായാലും എനിക്ക്‌ ഒരുപാട്‌ ഉപകാരപെട്ടിട്ടുണ്ട്‌. ഐസക്‌ ന്യൂട്ടന്‍ സണ്‍ ഓഫ്‌ ഫിലിപ്പോസ്‌ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ സ്‌റ്റണ്ട്‌ മാസ്‌റ്റര്‍ മാഫിയ ശശി എന്നോട്‌ പറഞ്ഞിട്ടുണ്ട്‌. "നീ നല്ലതു പോലെ ഫൈറ്റ്‌ ചെയ്യുന്നുണ്ടല്ലോ" എന്ന്‌. അതൊക്കെ ഹാരീസ്‌ ബാബുവിന്റെ ക്ലാസില്‍ നിന്ന്‌ കിട്ടിയ നുടുക്ക്‌ വിദ്യകളാണെന്ന്‌ എനിക്കല്ലേ അറിയൂ. അടുത്തത്‌ സംഭവബഹുലമായ സ്‌കൂള്‍ ജീവിതവും കോളേജ്‌ ജീവിതവുമാണ്‌. കാത്തിരിക്കുക.

(തുടരും...)

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 • kiss of love

  ഇരമ്പുന്ന ചുംബനങ്ങള്‍

  1983 ല്‍ ഇന്ത്യയിലെ പത്രങ്ങള്‍ മുഴുവന്‍ ആഘോഷിച്ച ഒരു വാര്‍ത്ത ഒരു ആലിംഗനത്തെക്കുറിച്ചുള്ളതായിരുന്നു. ക്യൂബന്‍ പ്രസിഡന്റായ ഫിഡല്‍കാസ്‌ട്രോ ഇന്ത്യന്‍...

 • Tini Tom

  നസീറും ഗിന്നസും പിന്നെ പക്രുവും

  എന്റെ ജീവിതകഥ പക്രുവിനെപ്പറ്റി പറയാതെ പൂര്‍ത്തീകരിക്കാ ന്‍ പറ്റില്ല. എന്റെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ്‌ പക്രു. അവനെ ആദ്യം പരിചയപ്പെട്ടത്‌...

 • K.V Mohan Kumar I.A.S, Rajalekshmi

  പരസ്‌പര വിശ്വാസമാണ്‌ ദാമ്പത്യത്തിന്റെ കെട്ടുറപ്പ്‌

  ആധുനിക ജീവിതം ദാമ്പത്യത്തിന്റെ പവിത്രത നഷ്‌ടപ്പെടുത്തിയോ?സ്‌നേഹവും വിശ്വാസവും പരിലാളനയും നിറഞ്ഞ ദാമ്പത്യജീവിതത്തിന്റെ നിറം മങ്ങുകയാണോ?പുതിയകാലത്തെ...

Back to Top